നീലക്കുയിൽ (1954)
954ൽ പി ഭാസ്കരന്റെയും, രാമു കാര്യാട്ടിന്റെയും സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീലക്കുയിൽ. ഇതിന്റെ കഥ ഉറൂബിന്റെ ആയിരുന്നു. ചന്ദ്രതാരയുടെ ബാനറിൽ ടി കെ പരീക്കുട്ടി ആണ് ഈ ചിത്രം നിർമ്മിച്ചത്.
കാലങ്ങൾ കടന്നു പോയാലും നമുക്ക് ഓർത്തിരിക്കാൻ ഒത്തിരി നല്ല ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ട്. ഓർത്തിരിക്കാൻ ഒന്നുമില്ലാതെ ലാഭം കൊയ്യാൻ വേണ്ടി മാത്രമായി ചിത്രങ്ങൾ പുറത്തുവരുന്ന കാലഘട്ടമാണിത്. ഇതിൽനിന്ന് വ്യത്യസ്തമാണ് പഴയകാല ചിത്രങ്ങൾ. അതുപോലെ ഒരു ചിത്രമാണ് 1954ലെ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള വെള്ളി മെഡൽ നേടിയ നീലക്കുയിൽ.
ശ്രീധരൻ നായർ എന്ന ഉന്നത ജാതിക്കാരൻ ആയ അധ്യാപകനും ആയി പ്രണയത്തിലായ നീലി എന്ന താഴ്ന്ന ജാതിയിൽപ്പെട്ട കർഷക പെൺകുട്ടിയുടെ കഥയാണ് നീലക്കുയിൽ. സത്യൻ, മിസ് കുമാരി, പി ഭാസ്കരൻ, പ്രേമമേനോൻ, മാസ്റ്റർ വിപിൻ, മണവാളൻ ജോസഫ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.
തൊട്ടുകൂടായ്മ, സ്ത്രീകളോടുള്ള അനീതി, മുതലാളിത്ത മേധാവിത്വ വ്യവസ്ഥിതി തുടങ്ങിയ സാമൂഹിക തിന്മകൾക്ക് എതിരായ ഒരു തുറന്ന പുസ്തകം ആയിരുന്നു നീലക്കുയിൽ. ശരിക്കും പറഞ്ഞാൽ അന്നത്തെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം ആയിരുന്നു ഈ ചിത്രം.
തിരക്കഥ എഴുതിയ ഉറൂബിന്റെ സംഭാഷണങ്ങൾ അത് ജനഹൃദയങ്ങളിൽ സ്പർശിക്കുക തന്നെ ചെയ്തു. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. ഈണം പകർന്നത് ആകട്ടെ രാഘവൻ മാസ്റ്ററും.
ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒട്ടേറെ മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ.
"എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് ഈ നെഞ്ചിൽ എന്ന്... "
"എങ്ങിനെ നീ മറക്കും കുയിലേ... "
"കടലാസ് വഞ്ചിയിൽ ഏറി... "
"കായലരികത്ത് വലയെറിഞ്ഞപ്പോൾ... "
"കുയിലിനെ തേടി.... "
"മാനെന്നും വിളിക്കില്ല..... "
അങ്ങനെ നീളുന്നു ആ പട്ടിക. മലയാള ഗാന ശേഖരത്തിൽ ഇന്നും മുൻപന്തിയിലാണ് ഈ ഗാനങ്ങൾ.
അധ്യാപകനായ ശ്രീധരൻ നായരും താഴ്ന്ന ജാതിക്കാരിയായ നീലിയും തമ്മിൽ പ്രണയത്തിലാണ്. ഇതിനിടെ നീലി ഗർഭിണിയാകുന്നു. ഉയർന്ന ജാതിക്കാരനായ ശ്രീധരൻ നായർ, നീലിയെ വിവാഹം കഴിക്കാൻ ഭയപ്പെടുന്നു. സമൂഹം തന്നെ എങ്ങനെ നോക്കിക്കാണും എന്ന് അയാൾ ഭയപ്പെട്ടു. സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന നീലി ഒരു കുഞ്ഞിന് ജന്മം നൽകുന്നു. പ്രസവത്തോടെ നീലി മരിക്കുകയും ചെയ്യുന്നു.
ഗ്രാമത്തിലെ പോസ്റ്റുമാൻ ശങ്കരൻ നായർ സമൂഹത്തിന്റെ എതിർപ്പുകളെ അവഗണിച്ച് നീലിയുടെ കുട്ടിയെ ദത്തെടുക്കുന്നു. ഇതിനിടെ ശ്രീധരൻ നായർ, നളിനി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. ശ്രീധരൻ നായരുടെ പൂർവ്വകാലം മനസ്സിലാക്കുന്ന നളിനി, ശങ്കരൻ നായരുടെ പക്കലുള്ള ശ്രീധരൻ നായരുടെ കുഞ്ഞിനെ കുറിച്ച് അറിയുന്നു. ആ കുട്ടിയെ സ്വന്തം കുഞ്ഞായി നളിനിയും, ശ്രീധരൻ നായരും സ്വീകരിക്കുന്നതോടെ ചിത്രം പൂർണ്ണമാകുന്നു.
കറുപ്പിലും വെളുപ്പിലും ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാറ്റത്ത് ആടുന്നത് പോലെ ഒരു വെള്ളത്തുണിയിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന കുറെ കഥാപാത്രങ്ങൾ... ആ കഥാപാത്രങ്ങൾ ഇറങ്ങിച്ചെന്നത് പ്രേക്ഷകന്റെ മനസ്സിലേക്ക് ആയിരുന്നു.
1951 ൽ പുറത്തിറങ്ങിയ ജീവിത നൗക യ്ക്ക് ശേഷം വന്ന മലയാളത്തനിമ നിറഞ്ഞ മറ്റൊരു മലയാള ചിത്രമായിരുന്നു നീലക്കുയിൽ. എ വിൻസന്റ് ആയിരുന്നു ഇതിന്റെ ക്യാമറ ചലിപ്പിച്ചിരുന്നത്.
കാലം കടന്നുപോകുമ്പോൾ ഓരോ തലമുറയ്ക്കും ഓരോരോ കഥകൾ പറയാനുണ്ടാകും. അത് വരാൻ പോകുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആകണം. തങ്ങൾ കടന്നുവന്ന ജീവിത സാഹചര്യങ്ങളെ കാലം അത് എത്ര കടന്നു പോയാലും നാളെയുടെ ഒരു ഓർമ്മക്കുറിപ്പായി അവതരിപ്പിക്കാൻ അവർക്ക് കഴിയണം. സിനിമ ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറുന്നത് അങ്ങനെയാണ്. ആ ഒരു നേർക്കാഴ്ചയാണ് ഈ നീലക്കുയിൽ.
ഇന്നത്തെ തലമുറയിൽ മുകളിൽ പറഞ്ഞതിന് പ്രസക്തിയുണ്ടോ എന്ന് എനിക്കറിയില്ല. ഇന്നലകളില്ലാത്ത ഒരു തലമുറയാണ് ഇന്ന് കടന്നുപോകുന്നത് എന്ന് തോന്നും. കാരണം ഇന്ന് ജീവിതത്തിന്റെ വേഗത ഏറിയിരിക്കുന്നു. അപ്പോൾ പിന്നെ അവിടെ ഓർമ്മകൾക്ക് സ്ഥാനം ഇല്ലാതായിരിക്കുന്നു.
നീലക്കുയിൽ എന്ന സിനിമ അവതരിപ്പിച്ച സാമൂഹിക പ്രമേയം വർഷങ്ങൾക്കുശേഷവും ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ മുന്നിൽ നിന്നത് നീലിയായി നിറഞ്ഞുനിന്ന മിസ് കുമാരിയായിരുന്നു. തന്റെ കഥാപാത്രത്തോട് അവർ വളരെയധികം ഇഴകി ചേർന്നതുപോലെ അവരുടെ അഭിനയം കണ്ടാൽ തോന്നും.
കഥയുടെ ആരംഭത്തിൽ ഓടി നടക്കുന്ന ഒരു നീലക്കുയിൽ ആയി അവരെ തോന്നുമെങ്കിലും പിന്നീട് ഒരു ദുഃഖപുത്രിയായി അവർ മാറുകയാണ്. ഈ നീലക്കുയിലിനെ മലയാളക്കര ചേർത്തു പിടിക്കാനുള്ള കാരണവും അവരുടെ മനോഹരമായ അഭിനയം തന്നെയായിരുന്നു.
ശ്രീധരൻ നായരായി അഭിനയിച്ചത് സത്യനായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് മുന്നിൽ പലപ്പോഴും നിസ്സഹായനായി നിന്നുപോകുന്ന കഥാപാത്രം ആയിരുന്നു ശ്രീധരൻ നായരുടെത്. അതുകൊണ്ടുതന്നെ പലപ്പോഴും തന്റേടിയായ കഥാപാത്രത്തിൽനിന്ന് നിസ്സഹായനായ ഒരു മനുഷ്യനിലേക്ക് ഇറങ്ങി വരേണ്ടി വന്നു.
പിന്നീട് എടുത്തു പറയേണ്ട കഥാപാത്രങ്ങൾ പോസ്റ്റുമാൻ ആയി അഭിനയിച്ച ഭാസ്കരൻ മാഷിന്റെയും, നളിനിയായി വേഷമിട്ട പ്രേമയുടെ കഥാപാത്രവുമാണ്. കഥയുടെ അവസാന ഭാഗത്ത് ഈ രണ്ടു കഥാപാത്രങ്ങൾക്കും വളരെയേറെ പ്രാധാന്യമുണ്ട്.
ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയോടെ വെള്ളിത്തിരയിൽ പറന്നിറങ്ങിയതാണ് ഈ നീലക്കുയിൽ... കാലങ്ങൾ കടന്നു പോയിട്ടും മലയാള സിനിമയുടെ നെറുകയിൽ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ട് ഈ നീലക്കുയിൽ.
തുടരും