mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
ഭാഗം 6

ഏടത്തിയെപ്പോലെ ഞാനും വെറുതെ മോഹിച്ചു.നന്ദേട്ടൻ ഞങ്ങളെ വിട്ട് പോകാതിരുന്നെങ്കിൽ ,വീണ്ടും മനസ്സ് ഭാരം കൊള്ളുന്നതുപോലെ...ആരോടെങ്കിലും എല്ലാം തുറന്നു പറയാൻ കഴിഞ്ഞെങ്കിൽ.അപ്പോഴാണ് ശങ്കൂ... നിന്നെ ഓർമ്മ വന്നത്. പിന്നെയൊന്നും ആലോചിച്ചില്ല, നേരെ ഇങ്ങോട്ട് പുറപ്പെട്ടു. അതൊരു നിമിത്തമായിരുന്നിരിക്കണം. ഗൗരിയെ കാട്ടിത്തരാൻ നന്ദേട്ടൻ എന്‍റെ  കൂടെ തന്നെ ഉണ്ടായിരുന്നിരിക്കണം". 
എല്ലാം കേട്ട് കണ്ണു തുറിച്ചിരിപ്പിയിരുന്നു ശങ്കുവപ്പോൾ.

''ഡാ...!"
വിളിയോടെ ശ്രീയവന്‍റെ  മണ്ടക്കൊരു കൊട്ട് കൊട്ടി.
"ന്‍റെ  പൊന്നോ..!ഞാൻ പ്രതീക്ഷിച്ചതിനേക്കാളും വളരെ ട്രാജഡിയാണല്ലോടാ..., നീ പറഞ്ഞ കഥ. ഒരു സിനിമയ്ക്കുള്ള സ്കോപ്പുണ്ട്" .

"അതേടാ... നിനക്കിതൊക്കെ കേക്കുമ്പോ അങ്ങനെയൊക്കെ തോന്നും. മനഷ്യനിവിടെ സമാധാനം നഷ്ടപ്പെട്ട്, പണ്ടാരമടങ്ങിയിരിക്കുവാ...''
''ന്‍റെ...ശ്രീരാമാ..., താനൊന്നടങ്ങ് കൃഷ്ണനങ്കിളിന് നീ വാക്കു കൊടുത്ത പോലെ, ഞാൻ വാക്കു തരുന്നു. ഗൗരിയെ ഞാൻ പഴയതു പോലെ നിനക്കു തിരിച്ചു തരുംന്ന്. ഒന്നുമില്ലേലും ഞാനൊരു ഡോക്ടറല്ലേടാ...? ഒന്ന് വിശ്വസിക്ക്".
അതുകേട്ടപ്പോൾ ശ്രീക്ക് കുറച്ച് ആശ്വാസമായി.


ഒരു നീണ്ട മയക്കം വിട്ടുണർന്നതു പോലെ, ഗൗരി കണ്ണു തുറന്നു. ഒന്നും പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല. ഓർക്കാൻ ശ്രമിക്കും തോറും തല വല്ലാതെ വേദനിക്കുന്നു. ആ സമയത്താണ് ശ്രീയും ,ശങ്കുവും മുറിയിലേക്ക് വന്നത് . ''ആഹാ...ഗൗരിയുണർന്നല്ലോ...? എന്തൊരു ഉറക്കായിരുന്നു. ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ...?"
 
ശങ്കുവിനെ എവിടെയും കണ്ടതായി ഗൗരിക്ക് ഓർമ്മ വന്നില്ല. പക്ഷെ പിറകിലായി നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ ഉള്ളമൊന്ന് തുടിച്ചു.
"അല്ല മാഷെന്താ ഇവിടെ...'' ''ആഹാ...നല്ലയാളാ... ഗുരുവായൂരപ്പനേം കാണണം പട്ടര് ഡോക്ടറേം കാണണംന്ന് ശ്രീരാമനോട് വാശി പിടിച്ചിട്ട്, ഇപ്പൊ മാഷെന്താ 'ഇവിടേന്ന്. നല്ല പെട കിട്ടാത്തതിന്‍റെ  കുറവാ. വഴിക്ക് വെച്ച് ബോധം പോയോണ്ടല്ലെ പട്ടരുടെ അടുത്തേക്ക് ആദ്യം വരേണ്ടി വന്നത്". സന്ദർഭത്തിന് യോജിക്കുന്ന വിധത്തിൽ ശങ്കു പറഞ്ഞ നുണ കേട്ട് ശ്രീ പോലും വാ പിളർന്നു പോയി..! സത്യം അതുതന്നെയാണെന്ന് ഗൗരിയും വിശ്വസിച്ച മട്ടാണ്. ഊം പട്ടര് കൊള്ളാലോ....? ശ്രീ മനസ്സിൽ പറഞ്ഞു. ഏതായാലും ഗൗരി വിശ്രമിക്ക് ഞങ്ങളൊന്ന് പുറത്തിറങ്ങിയിട്ട് വരാം. അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ ശങ്കു; ശ്രീയുടെ കൈ വലിച്ച് പുറത്തേക്ക് നടന്നു. "ഹോ...രക്ഷപ്പെട്ടു.ഞാനെന്തൊക്കെയോ ഭയന്നു. നിന്നെയവൾ മറന്നുവോ... എന്നു പോലും!. സാരില്ല ഇനി അവളുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടാകൂ.ഈ   ശ്രീരാമന്‍റെ''

ഒരു കുസൃതിയോടെ അവൻ ശ്രീയുടെ  കവിളിൽ നുള്ളി.
''ആ..പിന്നെ ഇതുവരെ നടന്നതൊന്നും, അവളോടെന്നല്ല ആരോടും പറയണ്ട. അങ്കിളിനോട് പ്രത്യേകം പറയണം". അത് നൂറുവട്ടം സമ്മതിക്കുന്ന മട്ടിലായിരുന്നു ശ്രീയുടെ  തലകുലുക്കൽ.
"ഗൗരിയെ കണ്ടുകിട്ടിയെന്ന് നാട്ടിലറിയിക്കണ്ടേ...?"

"വേണ്ട ശങ്കൂ. ഒരു സർപ്രൈസായി അവളെ എനിക്ക് അവർക്കു മുന്നിൽ നിർത്തണം. 
"ആ... അങ്ങനെയാണേൽ അങ്ങനെ. അത് പോട്ടെ എപ്പൊഴാ കണ്ണൂർക്ക്?''
"നാളെ രാവിലെ ,ഇന്നിവിടെ തങ്ങാം ഗൗരിയൊന്ന് റിലാക്സ് ചെയ്യട്ടെ".

''ഓക്കെ...അപ്പൊ ഗുരുവായൂരപ്പനെ കാണുന്നില്ലേ...?''

''കാണണം ഇന്നല്ല, ഞങ്ങടെ കെട്ട് കഴിഞ്ഞിട്ട് ..! " 

"ആ..., അതാണ് അതിന്‍റെയൊരു ഇത്, ശങ്കു കണ്ണിറുക്കി ചിരിച്ചു അക്കൂടെ അവനും ചേർന്നു. പിറ്റേന്ന് കാലത്ത് നാട്ടിലേക്ക് യാത്രയയക്കാൻ നേരം ശങ്കുവിന്‍റെ  കണ്ണു നിറഞ്ഞു.

''ഡാ...ശ്രീരാമാ...ന്‍റെ  അനിയത്തികുട്ടിയെ നന്നായി നോക്കണേ..!''

''അതേറ്റെന്‍റെ  പട്ടരേ... ആ.., പിന്നെ പെണ്ണും പിടക്കോഴിയൊന്നും ഇല്ലല്ലോ..? നേരത്തെ കാലത്തെ ഞങ്ങടെ കല്ല്യാണത്തിന് അങ്ങ് എത്തിയേക്കണം". അത് കേട്ട് ഗൗരി രൂക്ഷമായി അവനെ നോക്കി.
ആ... 
ഒന്നിരുത്തി കണ്ണിറുക്കി ഒരു ചിരിയായിരുന്നു, അതിനവൾക്കവൻ സമ്മാനിച്ച മറുപടി. കാറ് കണ്ണിൽ നിന്നും മറയുന്നതുവരെ ശങ്കു നോക്കി നിന്നു.

ശ്രീ; ഗൗരിയേയും കൊണ്ട് നേരെ ചെന്നത്, അവളുടെ വീട്ടിലേക്കായിരുന്നു. മുറ്റത്തൊരു വണ്ടി വന്നു നിന്ന ശബ്ദം കേട്ടാണ്. കൃഷ്ണദാസ് വാതിൽ തുറന്നത്. അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! ഓടി വന്ന് അദ്ദേഹം അവളെ ചേർത്തണച്ചു. അവൾ തെന്നി മാറാതെ ആ വാൽസല്യത്തിന് കീഴടങ്ങി. ഗൗരിയുടെ കണ്ണുകൾ അമ്മയേയും, ഗോകുലിനേയും തിരഞ്ഞു അത്  മനസിലാക്കിയപോൽ. അയാളവളെ ഗായത്രിയുടെ അരികിലേക്ക് കൊണ്ടു പോയി. അമ്മയെ കണ്ടപ്പോൾ ഗൗരിയുടെ കണ്ണു നിറഞ്ഞു. 
''അങ്കിൾ , എന്നാ ഞാനിനി...'' യാത്ര ചോദിക്കും മട്ടിൽ ശ്രീ; ചോദിച്ചു .

''ഇവളെ ഇവിടെ വിട്ട് പോവാണോ...? കൊണ്ട് പൊക്കോ.ആരും ഒന്നും പറയില്ല".

''ഇല്ല അങ്കിൾ ഞാനങ്കിളിനൊരു വാക്ക് തന്നിട്ടില്ലേ...? അത് ഞാൻ പാലിച്ചു. ബാക്കിയുള്ള കാര്യം കാർന്നോമ്മാർ തമ്മിൽ തീരുമാനിക്കട്ടെ".
''ശരിയാണ് അതാണ് അതിന്‍റെ  ശരി, എല്ലാം മുറ പോലെ നടക്കട്ടെ അല്ലേ..? ഞാനെന്‍റെ  സന്തോഷം കൊണ്ട്; അങ്ങനെ പറഞ്ഞതാണ്."
ആ..., സന്തോഷം അദ്ദേഹത്തിന്‍റെ  വാക്കുകളിൽ തെളിഞ്ഞു കൊണ്ടിരുന്നു. അവരോട് യാത്ര പറഞ്ഞിറുങ്ങുമ്പോൾ ശ്രീ; ഗൗരിയെ പിൻതിരിഞ്ഞു നോക്കി .അവളുടെ ഹൃദയത്തിനുള്ളിൽ നിന്നും നന്ദൻ കൈ വീശുന്നതു പോലെയവനു തോന്നി.

കർക്കിടകം കടന്നെത്തിയ കുഞ്ഞിക്കാറ്റിനോട് ചിങ്ങവെയിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. നീയറിഞ്ഞോ...? ഇന്ന് ഗൗരിയുടെ കല്ല്യാണമാ..കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞിക്കാറ്റത് നാടാകെ പാടി നടന്നു. ആ വാർത്തയറിഞ്ഞ് തുമ്പപ്പെണ്ണ് വെളുവെളുക്കെ ചിരി തൂകി. അതുകണ്ടപ്പോൾ മുക്കുറ്റി പെണ്ണിനും ചിരി പൊട്ടി. ചേമന്തിപ്പൂ താളത്തിൽ തലയാട്ടി, ചെമ്പരത്തിയുടെ കവിളുകൾ ചുവന്നു തുടുത്തു. നാണം കുണുങ്ങി നിന്ന തൊട്ടാവാടിയെ കാറ്റു ചെന്ന് ഇക്കിളിയിടുന്നതു കണ്ടപ്പോൾ മുഖം കറുപ്പിച്ചു നിന്ന കാക്കപ്പൂവിനു പോലും ചിരി പൊട്ടി. തെച്ചി പൊന്തയിലിരുന്ന് കുഞ്ഞിക്കാറ്റ് നോക്കുമ്പോഴതാ.., ഗൗരിയെ വരവേൽക്കാൻ ശ്രീയുടെ നാടും, വീടും ഒരു പോലെ ഉണർന്നിരിക്കുന്നു. വധൂ വരൻമാരെ അകത്തേക്ക് ആനയിക്കുന്നതിനിടയിൽ ഏടത്തി ശ്രീയുടെ കാതിൽ പറഞ്ഞു.
"ഊം...ഒടുക്കം ശ്രീരാമൻ, സീതാദേവിയെ പരിണയിച്ചു".
അതിനു മറുപടി പറയാൻ മുതിർന്നതായിരുന്നു ശ്രീ; അപ്പോഴാണ് ഒരു തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയത്, അതിലെവിടെയോ....നന്ദേട്ടന്‍റെ  ഗന്ധം നിറഞ്ഞതു പോലെയവനു തോന്നി...

അവസാനിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ