ഭാഗം 4
തരിച്ചു നിൽക്കുകയായിരുന്ന കൃഷ്ണദാസ് സാറിനു മുന്നിൽ ഞാനെന്നെ പരിചയപ്പെടുത്തി. ''സാർ..., ഞാൻ ശ്രീറാം ഗൗരിയെ പഠിപ്പിച്ചിട്ടുണ്ട് ഇതെന്റെ ഏട്ടൻ ഉണ്ണികൃഷ്ണൻ. ഒന്നിനും മറുപടി പറയാതെ അന്തിച്ചു നിൽക്കുകയായിരുന്ന അയാളൊരു സ്വപ്നത്തിലെന്ന പോലെയാണ് ശ്രീക്കും, ഉണ്ണിക്കും കൈ കൊടുത്തത്.
"ഞങ്ങൾ വന്നത് ഇവിടത്തെ കുട്ടിയെ ശ്രീക്ക് തര്വോന്ന് ചോയിക്കാനാ...!''
ഏട്ടൻ വന്നകാര്യം അറിയിച്ചു. അതിനു മറുപടി പറയാതെ അദ്ദേഹം തളർന്ന് സെറ്റിയിലേക്ക് ഇരിക്കുകയാണ് ചെയ്യ്തത്. അത് കണ്ടപ്പോൾ മനമൊന്ന് പിടയാതിരുന്നില്ല. അവളുടെ വിവാഹം കഴിഞ്ഞു പോയിട്ടുണ്ടാവും അതായിരിക്കും അദ്ദേഹത്തിനിത്ര വിഷമം. ഞങ്ങളുടെ മനസ്സു വായിച്ചതു പോലെ അദ്ദേഹം പറഞ്ഞു .
"നിങ്ങളൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. അവളെ കാണാതായിട്ട് വർഷം രണ്ട് കഴിഞ്ഞു. പതിവുപോലെ കോളേജിൽ പോകുന്നതു പോലെ ഇറങ്ങിയതാണ് പക്ഷേ... അന്വേഷിക്കാത്ത ഇടമില്ല. അവളിന്ന് ജീവനോടെയുണ്ടോ എന്ന് പോലും വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുന്നേ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അവളെ കാണാതായതു മുതൽ ഗായത്രി തളർന്നു കിടപ്പിലായി!''
''പത്രത്തിലൊന്നും കൊടുത്തില്ലേ...'' ഉണ്ണി ചോദിച്ചു .
"ആ...കൊടുത്തിരുന്നു, പക്ഷെ അതിനൊന്നും ഫലമുണ്ടായില്ല. ഒരു തവണ അവളുടെ മനസ്സ് തകർന്നതാ... ഇനിയും ഞങ്ങൾക്കത് താങ്ങാൻ വയ്യ. ഗായത്രിയുടെ വയ്യായ്കയോടെ ഞാനും തളർന്നു പോയി. ഞങ്ങളെ ഇവിടെ സഹായിക്കാൻ വേറെയാരും ഇല്ലായിരുന്നു. പിന്നെയുള്ളത് ഗായൂന്റെ അനിയത്തി പത്മയും, ഭർത്താവുമാണ്. അവരാണെങ്കിൽ ഞങ്ങളെക്കാളും കഷ്ടത്തിലും. സഹായിക്കാൻ മൂത്ത ഒരാൺകുട്ടി ഉണ്ടായിരുന്നെങ്കിൽ... എന്ന് ആശിച്ചു പോയ നാളുകൾ". അതും പറഞ്ഞ് അദ്ദേഹം തേങ്ങി. അതുകണ്ടപ്പോൾ എന്റെയും, ഏട്ടന്റെയും കണ്ണു നിറഞ്ഞു. ഞാനദ്ദേഹത്തെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
"ഗൗരിയെ ഞാൻ കണ്ടെത്തും അങ്കിൾ" ആ സമയത്ത് അങ്ങനെ വിളിക്കാനാണെനിക്ക് തോന്നിയത്. "എന്നിട്ട് ഈ കൈകളിൽ ഭദ്രമായിഏൽപ്പിക്കും. ഇതിപ്പോൾ എന്റെ ആവശ്യം കൂടിയാണ്.'' പിന്നെ ഒന്നും മിണ്ടാതെ ഞങ്ങളാ പടിയിറങ്ങി.
തിരികെ വരാൻ നേരം, അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചെവിയിൽ ചിലമ്പൊലി തീർത്തു കൊണ്ടിരുന്നു . "ഒരിക്കൽ അവളുടെ മനസ്സു തകർന്നതാ.......ഇനിയും" എന്താണെന്ന് ചോദിച്ചില്ല. അതെന്താണെന്നറിയാനുള്ള ആകാംക്ഷ .
"ഏട്ടാ...ഞാനിപ്പൊ വരാം".
''നീ...എവിടെ പോകുന്നു ശ്രീ...''
''ഞാൻ അങ്കിളിനോടൊരു കാര്യം ചോദിച്ചിട്ട് പെട്ടെന്ന് വരാം..."
"ആ...ശരി അധികം വൈകിക്കരുത്"
ശ്രീ... വീണ്ടും തിരികെ വരുന്നതു കണ്ട് കൃഷ്ണദാസ് അന്ധാളിച്ചു . ''എന്താ...മോനേ...എന്തേലും മറന്നുവോ...?''
''അതല്ല അങ്കിൾ എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാംന്നുണ്ട്.''
''എന്താണ്...? അത് വേറൊന്നുമല്ല അങ്കിളേ.. നേരത്തെ സംസാരത്തിടയിൽ ഒരു കാര്യം പറഞ്ഞല്ലോ...? ഗൗരിയുടെ മനസ്സ് ഒരു വട്ടം തകർന്നതാണെന്ന് അത് എന്താണെന്ന് വിരോധമില്ലെങ്കിൽ എന്നോട് പറയ്യോ...?''
''ഓ...അതിനെന്താ കേൾക്കാൻ സമയമുണ്ടെങ്കിൽ...''
''തീർച്ചയായും അങ്കിൾ പറയൂ..."
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അദ്ദേഹം തുടർന്നു.
മദ്രാസിലെ ഗൗരിയുടെ കോളേജ് പഠനത്തോടെയാണ് തുടങ്ങിയത്. മദ്രാസിലെ നമ്പർ വൺ കോളേജിലായിരുന്നു ഗൗരിയെ പഠിക്കാനയച്ചത്. കുസൃതിയും, കുറുമ്പും വേണ്ടുവോളമുള്ള ഒരു കാന്താരി. സർവ്വവിധ സ്വാതന്ത്ര്യവും ഞങ്ങൾ മക്കൾക്ക് രണ്ടുപേർക്കും അനുവദിച്ചു കൊടുത്തിരുന്നു. പാട്ടിലും, ഡാൻസിലും, അഭിനയത്തിലും അവൾ അവളുടേതായ കഴിവ് കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ക്യാമ്പസ് മുഴുവൻ അടക്കി നിർത്താനും അവൾക്കായി. കോളേജ് വാർഷികത്തിന്റെ സമയത്ത് ഡാൻസിനും, ഡ്രാമക്കും മറ്റുമായി പ്രാക്ടീസ് നൽകാൻ പുതിയൊരു സാറ് കോളേജിലേക്ക് വന്നത്. ഒരു ചെറുപ്പക്കാരൻ! 'നന്ദൻ എന്നോ...ശ്രീ.. നന്ദൻ എന്നോ ആണ് പേരെന്ന് തോന്നുന്നു. ഏകദേശം തന്നെ പോലെ തന്നെ അതാ...പെട്ടെന്ന് തന്നെ കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടിയത്". എന്റെ മനസ്സിൽ നന്ദേട്ടന്റെ രൂപം തെളിഞ്ഞു. അങ്കിൾ പറഞ്ഞു വരുന്നത് ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിൽ ജോലി ചെയ്യുന്ന ശ്രീ നന്ദനെ കുറിച്ചാണോ...?കഴിഞ്ഞ ഡിസംബറിൽ ആക്സിഡന്റിൽ മരിച്ച...''
''ആ...ശ്രീക്കറിയോ...നന്ദനെ" മനസ്സിലൊരു കടലിരമ്പിയാർക്കുന്നത് ഞാനറിയാൻ തുടങ്ങി. "ആ....ആ...എന്റെ.....ഏട്ടനാത് ....എന്റെ ഇരട്ട സഹോദരൻ" . വിറയാർന്ന സ്വരത്തിൽ അത് പറഞ്ഞൊപ്പിച്ചപ്പോൾ അങ്കിളെന്നെ അവിശ്വാസത്തോടെ നോക്കി. ബാക്കി പറയണോ വേണ്ടയോ എന്ന ആ പരുങ്ങലിൽ നിന്നും എനിക്ക് മനസ്സിലായി. അത് മനസ്സിലായതുകൊണ്ട് ബാക്കി പറയാൻ ഞാൻ പ്രേരിപ്പിച്ചു.
''നന്ദന്റെ ഏത് രീതിയാണ് അവൾക്കിഷ്ടമായതെന്ന് എനിക്കറിയില്ല. എങ്ങനെയുള്ള ആളായാലും അങ്ങോട്ട് കയ്യറി പരിചയപ്പെടുക എന്നത് അവളുടെ ശീലമായിരുന്നു . വളരെ സൗമ്യനായിരുന്ന അയാളെ ആരും ഇഷ്ടപ്പെട്ടു പോകും. അയാളുടെ പെയിന്റിങ്ങുകളിലെല്ലാം ജീവന്റെ തുടിപ്പുണ്ടെന്നവൾ പറയും . ആ...ഒരു പ്രാക്ടീസിലൂടെ അവർ രണ്ടു പേരും കൂടുതൽ അടുക്കുകയായിരുന്നു. ആ അടുപ്പം ഞങ്ങളിൽ നിന്നും ഇത്തിരി അകലം വരാൻ ഇടയായി. ഒരു ദിവസം പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞവൾ വീണു. വിദഗ്ധമായ ചെക്കപ്പിനൊടുവിൽ ഡോ: പറഞ്ഞ കാര്യം കേട്ട് ഞങ്ങളാകെ തകർന്നു .
"ഗൗരിയുടെ ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതിന് പ്രതിവിധിയായി പറഞ്ഞത് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വഴി പുതിയൊരു ഹൃദയം വച്ചുപിടിപ്പിക്കുക മാത്രമാണ് " . ഈ...സമയത്തൊക്കെ ഞങ്ങൾക്ക് ആശ്വാസവുമായി നിന്നത് നന്ദനായിരുന്നു. അവളുടെ മനസ്സിനെ ഒട്ടും വിഷമിപ്പിക്കരുതെന്ന്. ഡോക്ടേഴ്സ് ആവർത്തിച്ചു. അവൾക്ക് അനുയോജ്യമായ ഒരു ഹാർട്ട് ലഭിക്കുകയാണെങ്കിൽ അധികം വൈകിക്കാതെ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്ന് അവരറിയിച്ചു. ഈ കാര്യമൊന്നും ഗൗരിയെ അറീച്ചില്ല. അവളെപ്പോഴത്തെയും പോലെ ആഹ്ളാദവതിയായി മുന്നോട്ട് പോയീ... അതുകൊണ്ട് തന്നെ നന്ദനുമായുള്ള അടുപ്പത്തെ ഞങ്ങൾക്ക് വിലക്കാനും കഴിഞ്ഞില്ല. ആദ്യമൊക്കെ ഇഷ്ടക്കേടുതോന്നിയെങ്കിലും പതിയെ പതിയെ അവനോടുള്ള ഇഷ്ടക്കൂടുതലിലേക്ക് അത് വഴി മാറി .
കഴിഞ്ഞ ക്രിസ്മസ് ലീവിന് നാട്ടിലേക്ക് പോവ്വാണെന്നും അമ്മയോടും, സഹോദരങ്ങളോടും വിവാഹത്തെ കുറിച്ച് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ മനസ്സിലൊരു വിഷമം ഉണ്ടായി. അത് ഞങ്ങളവനോട് ചോദിക്കുകയും ചെയ്യ്തു. അസുഖക്കാരിയായ മകളെ എങ്ങനെ അവനെ ഏൽപ്പിക്കും, അത് കേട്ടപ്പോൾ നന്ദൻ ദേഷ്യപ്പെട്ടു .
"വിവാഹം കഴിഞ്ഞാണ് ഇത് അറിഞ്ഞതെങ്കിലോ...?"
"എന്നാലും"
''സുഖമില്ലെന്നറിഞ്ഞ് അങ്കിളും, ആന്‍റിയും അവളെ വേണ്ടെന്ന് വച്ചോ ഇല്ലല്ലോ...?
അങ്കിൾ പേടിക്കാതിരി എല്ലാം ശരിയാവും''.
"പുറപ്പെടാൻ നേരം ഞങ്ങളോട് യാത്ര ചോദിക്കാൻ ഇവിടെ വന്നിരുന്നു . ആ..., യാത്ര പറച്ചിൽ എന്നത്തേക്കുമായതാണെന്ന് തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു . അതിന്‍റെ ഷോക്കിൽ ഗൗരിയുടെ മനോനില ആകെ തെറ്റി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അവളെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത്. ആ ഒരു സംഭവത്തിനുശേഷം അവളുടെ സ്വഭാവം മൊത്തം മാറി. എല്ലാവരോടും വല്ലാത്ത ദേഷ്യം. ഞങ്ങളോടൊക്കെ സംസാരമേ കുറഞ്ഞു. ഏത് സമയവും മുറിയിൽ തന്നെ. ആ മുറിയിലാണെങ്കിൽ ആരും ചെല്ലുന്നതവൾക്ക് ഇഷ്ടമല്ല. നന്ദന്‍റെ അഭാവം അവളെ അത്രയേറെ മാറ്റി മറിച്ചിരുന്നു. അവരവസാനമായി ചിട്ടപ്പെടുത്തിയെടുത്ത 'ഉൾ' എന്ന ഡാൻസ് പ്രോഗ്രാമിനു ശേഷം ഞങ്ങളുടെ മോള് പിന്നെ ചിലങ്കയണിഞ്ഞിട്ടില്ല.
തുടരും....