mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

ക്ളാസിനു പുറത്തു വെച്ചേ പതിവിനും വിപരീതമായി ഗൗരിയുടെ ശബ്ദം ഉയർന്നു കേട്ടു. കൂടെ സുജിത്തിന്റെയും, 

''ഇത് ഗൗരിയാണ്. എല്ലാ പെമ്പിള്ളേരുടെ അടുത്തും ഇറക്കുന്നതുപോലെ എന്റെയടുത്ത് വേലയിറക്കരുത്''. "ഓ...ഇറക്കിയാ നീ...എന്നാ...ചെയ്യുമെടീ...! ഒരു ഉണ്ണിയാർച്ച വന്നിരിക്കുന്നു. ഒന്നു പോടീ..."
"ഗൗരീ... വേണ്ട മോളേ... വിട്ടേക്ക്ഇ,വനോടൊന്നും വർത്തമാനത്തിന് നിന്നിട്ട് കാര്യംല്ല''.
പ്രീയയുടെ അനുനയമൊന്നും അവിടെ വില പോയില്ല.
"നീ...മിണ്ടാതിരിക്ക് പ്രീയേ... ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടേ കാര്യമുള്ളു. കുറച്ച് നാളായീ, ഫോണിലേക്ക് ഒരു മാതിരി മെസേജ് വിടുന്നു. ഇവനാണെന്നറിഞ്ഞപ്പോഴേ ഞാൻ വിലക്കി കൊണ്ടിരുന്നതാ... അപ്പൊ കേട്ടില്ല. വാങ്ങിച്ചു കെട്ടിയേ അടങ്ങുവെന്ന വാശി''
"ഓ...പിന്നെ ഒരു ശീലാവതി! മദ്രാസിലെ ചരിത്രമൊന്നും ഞങ്ങളറിഞ്ഞില്ലെന്ന് കര്തണ്ട"
"എന്താടാ...നീ യറിഞ്ഞ ചരിത്രം, പറയെടാ"
അതുമിതുമൊക്കെ പറഞ്ഞ് അസഭ്യ മായ വാക്കുകളായിരുന്നു പിന്നെയവന്റെ വായിൽ നിന്നും പുറത്തു ചാടിയത്. അത് മുഴുമിപ്പിക്കുന്നതിനുമുന്നേ ഗൗരിയുടെ കൈത്തലം അവന്റെ കവിളിൽ പതിഞ്ഞു.
"എടീ...നീയെന്നെ അടിച്ചോ...!"
ജിത്തു അലറി.
"ആ ഇനിയും അടിക്കും ഇമ്മാതിരി വർത്തമാനമാണ് നിന്റെ വായീന്ന് വരുന്നെങ്കിൽ... തീർച്ചയായും ഇനീം അടിക്കും.''
ഗൗരി നിന്നു ചീറി.
''നിനക്കു ഞാൻ കാട്ടിത്തരാടീ" അതും പറഞ്ഞ് കയ്യ് ഉയർത്തിയതായിരുന്നു.

സുജിത്ത് അതിനു മുന്നേ ഞാൻ ക്ളാസിലേക്കു കയറി ഇല്ലെങ്കിൽ അവിടെ പലതും കാണേണ്ടി വന്നേനെ.
"കാര്യങ്ങൾ കുറച്ചൊക്കെ പിടികിട്ടിയെങ്കിലും അവരുടെ വായിന്നു പോരട്ടേയെന്ന് കര്തി ഞാൻ വെർതെ ചോദിച്ചു എന്തായിവിടെ പ്രശ്നമെന്ന്. ആരും ഒന്നും മിണ്ടിയില്ല. അവസാനം ഗൗരി തന്നെ വാ....തുറന്നു."
''ഒന്നുമില്ലെന്റെ മാഷേ; സുജിത്തിനൊരു സംശയം."
അവളൊരു മിണ്ടാപൂച്ചയല്ലെന്നും, ഉറങ്ങികിടക്കുന്നൊരു പുലികുട്ടിയാണെന്നും ആ ഒരു സംഭവത്തിനുശേഷം എനിക്കു മനസ്സിലായി. അതിനു ശേഷം ഗൗരി എന്റെ മനസിലും സ്ഥാനം പിടിക്കുകയായിരുന്നു .
കാര്യമൊന്നുമില്ലെങ്കിലും, എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഞാനവളോട് സംസാരിക്കാൻ തുടങ്ങി. ആദ്യമൊക്കെ സംസാരത്തിൽ ഒരിത്തിരി സ്പേയിസ് വച്ചെങ്കിലും പതിയെ പതിയെ അതിന് അയവുവരാൻ തുടങ്ങി. എപ്പോഴും കാണുന്ന വിഷാദ മുഖത്തിൽ നിന്നും മാറി മുഖത്ത് ഒരു ചെറുചിരി വരാൻ തുടങ്ങി.
"ഉവ്വ്...ഉവ്വേ...അനുരാഗം മൊട്ടിടാൻ തുടങ്ങിയെന്നർത്ഥം". ശങ്കു,കളിയായി പറഞ്ഞു .
"ഒന്നു പോടാ...അതിനെക്കാളും സുന്ദരമായിരുന്നു ഞങ്ങളുടെ സൗഹൃദം. ആ...സൗഹൃദം അവൾക്ക് ആവശ്യമായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉണ്ടായിട്ടും ഇടയ്ക്കവൾ മൗനമുഖിയാവുന്നതെന്തേ...? എന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഒരു ചിരിയോടെ പറയും''
''ഭ്രാന്ത്...അല്ലാതെന്ത്...''
അതും പറഞ്ഞ് അവളുറക്കെ ചിരിക്കും. അതു കേൾക്കുമ്പോൾ എനിക്കും തോന്നാറുണ്ട്. ശരിക്കുമിനി ഈ...പെണ്ണിന് വട്ടായോന്ന്. ആ ... ചിരിക്കൊടുവിൽ നിറയുന്ന കണ്ണുകൾ ഞാൻ കാണാതെ വളരെ വിദഗ്ധമായി മറച്ചു പിടിക്കാറുമുണ്ട് അവൾ.

ചില രാത്രികളിൽ അവളെ കുറിച്ചോർത്ത് ഉറക്കം പോലും നഷ്ടപ്പെട്ടു. മനസ്സിന്റെ മങ്ങിയ യവനികയ്ക്കുമപ്പുറത്ത് നിന്നും ഗൗരിയുടെ ചിത്രം തെളിഞ്ഞു വരും. ഉറക്കമില്ലാതെ ഏകനായിരിക്കുമ്പോൾ ഏടത്തി അടുത്തു വന്നു ചോദിക്കും.
"എന്താ...ശ്രീക്കുട്ടന് പറ്റീതെന്ന്" പലപ്പോഴുമുള്ള എന്റെ അതിരു കവിഞ്ഞ സംസാരത്തിൽ നിന്നും ഏടത്തിയെന്റെ മനസ്സു വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ...മനസ്സിനെ ഒളിക്കാനൊരു കള്ളം പറയാൻ എനിക്ക് പറ്റിയിട്ടും ഇല്ല. അങ്ങനെയൊരു അവസരത്തിലാണ് ഏടത്തി എന്റെ മുന്നിലൊരു കാര്യം എടുത്തിട്ടത്.
''ഗൗരിയെ...നമ്മക്ക് ഇങ്ങട്ട് കൊണ്ടു വന്നാലോ...? ഉണ്ണീട്ടനെ വിട്ട് നമ്മക്കൊരു കല്ല്യാണാലോചന നടത്താം. അവളെ കുറിച്ചോർത്താണ് എന്റെ ഉറക്കം പോകുന്നതെന്ന ധാരണയിലാണേ ഏടത്തി അക്കാര്യം എട്ത്തിട്ടത്"
ഞാനത് കേട്ടപ്പോ...ചിരിച്ചു പോയീ.
''ന്റെ ഏടത്തീ... നിങ്ങടെ ഒരു കാര്യം. അവളെ എനിക്ക് ഇഷ്ടമാണെന്നുള്ള കാര്യയൊക്കെ ശരി തന്നെ, പക്ഷേ... ഏടത്തിക്ക് അറിഞ്ഞൂടെ... എനിക്ക് വേറൊരു മോഹം കൂടിയുണ്ടെന്ന് അതു കഴിഞ്ഞിട്ട് മാത്രേ ഞാൻ കല്ല്യാണത്തെ കുറിച്ച് ചിന്തിക്കൂ.
''ഊം..ഉം..വിശ്വസിച്ച്'' ഒരു ചിരിയോടെ ഏടത്തി മുറി വിട്ട് പോയി. 

കോളേജ് ജീവിതത്തിനിടയിൽ ദിവസങ്ങൾ കൊഴിഞ്ഞു പോയത് അറിഞ്ഞതേയില്ല. ആകപ്പാടെ ത്രില്ലടിച്ചുള്ള ജീവിതം. കുട്ടികൾക്കൊപ്പം മറ്റൊരു കുട്ടിയുടെ മനസ്സായിരുന്നു എനിക്കും. അതിനിടയിൽ ആണ്. 'ആർമി എഡ്യൂക്കേഷൻ കോറിൽ' സെലക്ഷൻ ലഭിച്ചുവെന്ന മെസേജ് കിട്ടിയത്. സ്വപ്‌നം ആകാശത്തോളം ചിറകടിച്ചു തുടങ്ങിയിരുന്നു. അതിന്റെ ട്രെയിനിങ് മൂന്നു വർഷം നീളുന്നതായിരുന്നു. അതും ഡെറാഡൂണിൽ. ഏടത്തി എടുത്തിട്ട മോഹത്തിന്റെ മൊട്ട് മനസ്സിൽ വിടരാനൊരുങ്ങി നിൽപ്പുണ്ടായിരുന്നു.

"ഗൗരി" ഏതായാലും ട്രെയിനിംങ് കഴിയട്ട്. ഇവിടെ നിന്ന് പോയിട്ട് വേണം ഏടത്തിയെ സോപ്പിട്ട് ഏട്ടനെ കൊണ്ട് ഗൗരിയെ തനിക്ക് കെട്ടിച്ചു തര്വോന്ന് ചോദിക്കാൻ. ട്രെയിനിംങിന്റെ കാര്യം ഗൗരിയോട് പറയണ്ട. തന്നെ കാണാതിരിക്കുമ്പോൾ അവൾക്ക് വിഷമമാവോന്ന് അറിയണല്ലോ...? അതൊരു ദുരന്തത്തിലേക്കുള്ള വഴിയായിരിക്കുമെന്ന് ഞാനോർത്തതില്ല.
കോളേജിൽ പ്രിൻസിപ്പലിനോട് മാത്രം കാര്യം പറഞ്ഞു. വീടും, നാടും വിട്ട് ഞാൻ ഡെറാഡൂണിലേക്ക് പറന്നു. കാലാവസ്ഥ എപ്പോഴും മോശമായിരുന്നു. വീടുമായി ബദ്ധം പുലർത്താൻ പലപ്പോഴും കഴിയാതെ വന്നു. മൊബൈൽ ഫോൺ അലൗഡായിരുന്നില്ല. അതുകൊണ്ട് തന്നെ പല വിശേഷങ്ങളും ഞാനറിയാതെ പോയി. മിനിഞ്ഞാന്ന് രാവിലെ നാട്ടിലെത്തിയപ്പോഴാണ് ഉണ്ണീട്ടന് ഒരു ഉണ്ണിമോൾ പിറന്നതും, ഗൗരി എന്നെ തിരക്കി വന്നതും, പിന്നെ ഒന്നും പറയാതെ പോയതും അറിഞ്ഞത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നപ്പോഴാണ് ഏടത്തി ഗൗരിയുടെ കാര്യം എടുത്തിട്ടത്.
''നീ..വന്ന സ്ഥിതിക്ക് അവളെ പോയൊന്ന് കാണണം. ഒറ്റയ്ക്ക് പോകാൻ മടിയാണെങ്കിൽ ഏട്ടനെ കൂടി കൂട്ടിക്കോ...? അവളുടെ വിവാഹം കഴിഞ്ഞു കാണില്ല. ഏട്ടനെ കൊണ്ട് ചോയിക്കാലോ...?"
ഏടത്തിയുടെ വാക്കുകൾ പ്രതീക്ഷയ്ക്കു മേൽ വർണം വിതറി.

ഏട്ടനോടൊപ്പം ഗൗരിയുടെ വീട് ലക്ഷ്യം വെച്ച് ബൈക്ക് പറത്തുമ്പോൾ ഹൃദയം അകാരണമായി തുടിക്കുന്നതറിഞ്ഞു. കോളിംങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ഗോകുലായിരുന്നു. എനിക്കവനെ മനസ്സിലായെങ്കിലും, അവന് എന്നെ മനസ്സിലായില്ല .
''ആരാ...?''
സംശയത്തോടെ ഗോകുൽ ചോദിച്ചു.
"കൃഷ്ണദാസ് സാർ''
''ഉണ്ട്, അകത്തേക്കു വരൂ...''
അതും പറഞ്ഞവൻ അകത്തേക്കോടീ.
''അച്ഛാ...ദേ...ആരോ കാണാൻ വന്നിരിക്കുന്നു''.
അകത്തു നിന്നും പുറത്തേക്കു വന്ന കൃഷ്ണദാസ് ശരിക്കും ഞെട്ടി.

തുടരും...
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ