mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന അവളെ ശ്രീ; അലസമായാണ് നോക്കിയത് എണ്ണമയമില്ലാത്ത മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. ശങ്കർ മെല്ലെ വിളിച്ചു.

"കൃഷ്ണ,ഒന്നിങ്ങു നോക്കൂ. ആരാ...വന്നിരിക്കുന്നതെന്ന്,കണ്ടോ...? എന്റെ സുഹൃത്ത്. ഒന്ന് നോക്കെടോ...? സുന്ദരിക്കുട്ടിക്ക് ഇത്ര വാശി പാടില്ല". അങ്ങനെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞാണ് അവസാനമവൾ മുഖം തിരിച്ചു നോക്കിയത്. വിളറി വെളുത്ത് നെറ്റിയിലേക്കും, മുഖത്തുമായി ചിതറിയ മുടിയിഴകൾ മാറ്റാതെ ശങ്കറിനെ തന്നെ തുറിച്ചു നോക്കുന്ന ആ പെൺകുട്ടിയെ കണ്ട് ശ്രീ യൊന്ന് ഞെട്ടി. ഈശ്വരാ!ഞാനെന്താണീ, കാണുന്നത്. എന്ന നിലവിളി കേട്ടാണ് ശങ്കു തിരിഞ്ഞു നോക്കിയത് . ''എന്താ... എന്താ ശ്രീ..., എന്തു പറ്റി,ഇതാ  ഞാൻ പറഞ്ഞ കൃഷ്ണ!നിനക്കറിയോ..?''
അറിയാമെന്നോ, അറിയില്ലെന്നോ പറയാതെ ശ്രീറാം നിന്ന് കിതയ്ക്കുകയായിരുന്നു.

"എന്താടാ...എന്താ..പറ്റീത്''
കാര്യമറിയാതെ ശങ്കു അവന്റെ ചുമലിൽ പിടിച്ചുലച്ചു.
മനസ്സ് ഒട്ടൊന്ന് ശാന്തമാക്കിയതിനുശേഷം ശ്രീ വായ തുറന്നു. ഗൗരീ... ഗൗരി...!'ഗൗരി കൃഷ്ണ' ഞാൻ ആരെ തേടിയാണോ ഇറങ്ങിയത് ആ...ആളാണിത്''.

"എന്താ...ശ്രീ...നീയ്യീ പറയണേ...!"
"സത്യാടാ...ഞാൻ പറഞ്ഞത്. ഇത് ഗൗരി തന്നെയാ...എന്റെ സ്റ്റുഡന്റ്. അവൾക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. ഗൗരീ...നീയെന്നെയോർക്കുന്നോ..? ഞാൻ ശ്രീയാ... നിന്റെ മാഷ്... ഓർക്കുന്നോ എന്നെ നീ ". ഒന്നനങ്ങുക പോലും ചെയ്യാതെ അവന്റെ മുഖത്തേക്കുറ്റു നോക്കി നിൽക്കുകയായിരുന്നു ഗൗരി. ഹൃദയം അകാരണമായി തുടിക്കുന്നതവളറിഞ്ഞു. കാഴ്ച മറയുന്നതു പോലെ, ബാലൻസ് നഷ്ടപ്പെടാനൊരുങ്ങുകയാണോ...? ഒരു ആശ്രയത്തിന് എന്നോണം ജനലഴികളിൽ വിരലുകൾ മുറുകി കൊണ്ടിരുന്നു. പക്ഷെ അത് പരാജയപ്പെട്ടു. വിരലുകൾ ഊർന്ന് അവളുടെ ശരീരം മുഴുവൻ താഴേക്ക് പതിക്കുന്നതിനു മുന്നേ ശ്രീയവളെ ചേർത്തു പിടിച്ചു.

"ശങ്കൂ...ഗൗരി'' നിലവിളിയോടെ ശ്രീറാം ശങ്കുവിനെ വിളിച്ചു.
"പേടിക്കേണ്ട ,ചെറിയ ഷോക്കിൽ ബോധം മറഞ്ഞതാണ്. കുറച്ചു സമയം ഉറങ്ങട്ടെ. എഴുന്നേൽക്കുമ്പോ ചിലപ്പോൾ എല്ലാം ഓർമ്മയിൽ തെളിയും. വാ...അതുവരെ നമുക്കാ വരാന്തയിൽ പോയി ഇരിക്കാം".
മനസില്ലാ മനസ്സോടെ ശങ്കുവിനൊപ്പം നടക്കുമ്പോൾ ഒന്നു രണ്ടുവട്ടമവൻ തിരിഞ്ഞു നോക്കി. അതുകണ്ട് ശങ്കു പറഞ്ഞു.
"നിനക്കവളെ ഒത്തിരി ഇഷ്ടമായിരുന്നു അല്ലേ...? പേടിക്കേണ്ടെടാ... എല്ലാം നേരെയാവും. അതിനു മുമ്പ് എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത്. കണ്ണൂരിൽ നിന്നും അവളൊറ്റയ്ക്ക് ഇവിടെ വരെ എത്തണമെങ്കിൽ അതിനും തക്കതായ എന്തോ റീസൺ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്.

''ആ....ഞാൻ പറയാം.എല്ലാം ഞാൻ പറയാം. ഗൗരിയെ പരിചയപ്പെട്ടതു മുതൽ അവളെ കാണാതായതുവരെയുള്ള കാര്യങ്ങൾ എല്ലാം ഞാൻ പറയാം.
നിനക്കറിയാലോ...? അദ്ധ്യാപനം എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യാന്ന്. പോരാത്തതിന് ആർമി എഡ്യൂക്കേഷൻ കോറിൽ അപേക്ഷിച്ച് ഇരിക്കുന്ന സമയവും ഒരു ജോലിയും ഇല്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ്. ബ്രണ്ണൻ കോളേജിൽ എംഎ മലയാളം പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ടെന്നറിഞ്ഞത് ഞാൻ കേറിയങ്ങ് ജോയിൻ ചെയ്തത്".
"അതൊക്കെ എനിക്കറിയാവുന്ന കാര്യല്ലേ...?നീ...കാര്യത്തിലേക്കു വരൂ..."
അതിൽ കൂടുതലറിയാൻ ശങ്കുവിന് തിടുക്കമായി.

"ആ.. അതു തന്നയാ..പറഞ്ഞു വരുന്നത്.
അച്ഛന്റെ ആണ്ടും മറ്റുമായി കോളേജ് തുറന്നപാടെ എനിക്ക് ക്ളാസിലെത്താൻ പറ്റിയിരുന്നില്ല. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് ജോയിൻ ചെയ്തത്. ക്ളാസിൽ അദ്ധ്യാപകരില്ലെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ...? അതുപോലെ ഞാനും ക്ളാസിലേക്ക് പുറപ്പെട്ടു. ദൂരെ നിന്നു തന്നെ കേട്ടു ബഹളം. എന്നാൽ പൊടുന്നനെ ആ ബഹളത്തിന് ഒരു മയം വന്നതു പോലെ എനിക്കു തോന്നിയത്. ആകാംക്ഷയോടെ ഞാൻ ക്ലാസ് റൂം ലക്ഷ്യം വെച്ചു. അതിനിടയിൽ ഒരു പെൺകുട്ടിയുടെ മനോഹരമയ ശബ്ദത്തിൽ ഒരു ചെറു കവിത എൻ്റെ കാതുകളെ തഴുകിയലഞ്ഞു. ക്ളാസിനു മുന്നിൽ എത്തിയ എന്നെ ആ പെൺകുട്ടി കണ്ടില്ലെന്നു വേണം പറയാൻ. പുറത്തേക്ക് നോക്കിയിരുന്ന ഒരു പയ്യനാണ് എന്നെയാദ്യം കണ്ടത് . കവിതയേയും, കവിത ചൊല്ലിയ ആളേയും അഭിനന്ദിക്കുന്നതിനു വേണ്ടി അവൾക്കരികിലേക്ക് നീങ്ങിയപ്പോഴാണ് ആ കുട്ടിയെന്നെ കണ്ടത്. അസ്പഷ്ടമായി അവളെന്തോ പറഞ്ഞതും കുഴഞ്ഞ് താഴേക്ക് വീണതും ഒന്നിച്ചായിരുന്നു. കുട്ടികൾ ചുറ്റിലും കൂടിയതും, പ്രിൻസിപ്പലിനെ വിവരമറിയിച്ചതും, ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് എത്തി അവളെ കൊണ്ടു പോയതും, കൂടെ ഞാനും പോയതും ഒരു സ്വപ്നത്തിലെന്ന പോലെ ഞാനറിയുന്നുണ്ടായിരുന്നു. ആദ്യ ദിവസം, മോഹിച്ചു വന്ന ജോലി, എനിക്ക് എല്ലാം കൂടെയങ്ങ് വല്ലാത്ത സങ്കടമായി."

''അപ്പോൾ ഈ കുഴഞ്ഞു വീഴ്ച ഇന്ന് മാത്രല്ല..ല്ലേ... അന്നും ഉണ്ടായിരുന്നുവെന്നു വേണം പറയാൻ"
അതേയെന്നർത്ഥത്തിൽ ശ്രീ.. തലകുലക്കി.
''ആ...എന്നിട്ട്...ബാക്കി കേക്കട്ട് ...''
ശങ്കു ആകാംക്ഷയോടെ ശ്രീ യുടെ മുഖത്തേക്കു മിഴികളൂന്നി.

'എഞ്ചിനീയർ കൃഷ്ണദാസിന്റെയും, സ്കൂൾ അദ്ധ്യാപികയായ ഗായത്രിയുടെ മകളാണ്. അവൾക്കു താഴെ ഒരനിയൻ സ്കൂളിൽ പഠിക്കുന്നു. കുറേമാസങ്ങൾ മുമ്പു വരെ അവരുടെ കുടുംബം മദ്രാസിലായിരുന്നു. അവിടെ നിന്ന് ട്രാൻസഫർ വാങ്ങി നാട്ടിലേക്കു വന്നതാണ്. ആരോടും അധികം അടുപ്പം കാണിക്കാതെ മാറിയിരുന്ന് ചിന്തിച്ചു കൂട്ടുന്ന ഗൗരിയെ ഞാൻ പ്രത്യേകം നോട്ട് ചെയ്യാൻ തുടങ്ങി. സുഹൃത്തെന്നു പറയാൻ അവളുടെ അമ്മാവന്റെ മകൾ പ്രീയ മാത്രം. നിനക്കറിയാലോ...? എനിക്ക് ഇങ്ങനെ വളവളാന്ന് സംസാരിക്കുന്നതാണ് ഇഷ്ടമെന്ന്, ക്ളാസിൽ ആൺകുട്ടികളും, പെൺകുട്ടികളുമായി ഒട്ടു മുക്കാൽ പേരും എന്റെയടുത്ത് വളരെ ഫ്രീയാണ്. പക്ഷെ ഈ പെണ്ണ് മാത്രം. മദ്രാസിലൊക്കെ വളർന്നതിന്റെ ഹുങ്കാണെന്ന് മനസിൽ കര്തി മനപ്പൂർവ്വം ഞാനും അവളെ അവഗണിച്ചു തുടങ്ങി. എന്നാൽ ഒരു ദിവസം രാവിലെ കോളേജിൽ എത്തിയപ്പോൾ കണ്ടത് എന്റെ കാഴ്ചയെ അമ്പരിപ്പിക്കുന്നതായിരുന്നു.
"ന്താത്..."
ശങ്കു ഉദ്യോഗത്തോടെ അവന്റെ കൈകളിൽ പിടിച്ചു .
"ഞാൻ പറയാം, നീയൊന്നടങ്ങ് ''. ചിരിയോടെ ശ്രീ...ബാക്കി തുടർന്നു. ആദ്യദിനം  ക്ലാസിലേക്ക് കയറിയപ്പോൾ ഒരു പയ്യനാണ് എന്നെയാദ്യം കണ്ടതെന്ന് പറഞ്ഞല്ലോ? അവൻ്റെ പേര് സുജിത്ത്.
പ്രിൻസിപ്പലിന്റെ മരുമകനാണ്. അച്ഛനും , അമ്മയും വിദേശത്ത്. പണത്തിനൊന്നും ഒരു കുറവും ഇല്ല അതുപോലെ അഹങ്കാരത്തിനും. കോളേജിലെ റോമിയോ ആണെന്ന് സ്വയം കര്തി നടക്കുന്നവൻ. അത് പാതിയും ശരിയാണെട്ടോ. ഗൗരിയും, പ്രീയയും ഒഴികെ ബാക്കിയെല്ലാ തരുണിമണികളും അവന്റെ പിറകെയാണ്. അതിനവന് നല്ല അമർഷവും ഉണ്ടായിരുന്നിരിക്കണം. അന്ന് ഞാൻ കണ്ട കാഴ്ചയും അതുമായി ബന്ധപ്പെട്ടായിരുന്നു.

തുടരും....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ