mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ullam - long story

ഭാഗം 1

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ അവൾ ഓടുകയായിരുന്നു. പിറകിൽ കടിച്ചു കീറാൻ പാകത്തിൽ കൂറ്റൻ ചെന്നായ്ക്കൾ! ഓടിയോടിയവൾ തളർന്നു. തൊണ്ട വല്ലാതെ വരളുന്നു. അടുത്തെങ്ങും ഒരു പച്ച പുൽനാമ്പുപോലുമില്ല. പിറകിലേക്ക് പിൻതിരിഞ്ഞു നോക്കാൻ വല്ലാത്ത ഭയം തോന്നി.

നിർത്താതെ വീണ്ടും ഓടി. ഓട്ടത്തിനിടയിൽ കാൽ ഒരു പാറയിൽ തട്ടി. മുന്നിൽ അഗാധമായ ഗർത്തം കൊക്കയുടെ അടി വാരത്തിലേക്കവൾ ഊർന്നു പോവുകയായിരുന്നു . ''അമ്മേ.....'' ഒരു നിലവിളിയോടെ കൃഷ്ണ ഞെട്ടിയുണർന്നു . അവളുടെ നിലവിളി കേട്ടാണ് ശങ്കർ മുറിയിലേക്ക് ഓടിയെത്തിയത്. എല്ലായിടവും മിഴികൾ പായിച്ചുകൊണ്ട് ബെഡ്ഡിൽ എഴുന്നേറ്റിരുന്ന് കിതയ്ക്കുകയാണ് അവൾ."എന്തു പറ്റി കൃഷ്ണ വല്ല സ്വപ്നവും കണ്ട് പേടിച്ചുവോ..?" അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ കാൽമുട്ടുകൾക്കിടയിലേക്കവൾ മുഖം പൂഴ്ത്തി.

ശങ്കർ ദേവ്; ഒരു സൈക്യാട്രിസ്റ്റ് ആണ്. എറണാകുളത്ത് സ്ഥിരതാമസക്കാരനായ അയാൾക്ക് സ്വന്തമായി ഒരു ഹോസ്പിറ്റലും ഉണ്ട് . മനസ്സിന്റെ താളം തെറ്റി എത്തുന്ന ആർക്കും അവിടെ ആശ്വാസവും സമാധാനവും ലഭിക്കും. ഒരു ആസ്പത്രി എന്ന് പറഞ്ഞു കൂടാ, വീടുപോലെ തന്നെയാണ്. അവിടെ എത്തുന്ന രോഗികൾക്ക് എല്ലാം തന്നെ സർവ്വസ്വാതന്ത്ര്യവും അയാൾ അനുവദിച്ചിരുന്നു.

പക്ഷെ 'കൃഷ്ണ' അവിടെ എത്തിയത് വളരെ ആകസ്മികമായിട്ടായിരുന്നു. അവളവിടെ എത്തിയിട്ട് ഈ വരുന്ന ഏപ്രിൽ 16 ന് മൂന്നുവർഷം തികയും. എന്നത്തേയും പോലെ വീട്ടിലേക്ക് പോവുകയായിരുന്ന ശങ്കർ അന്ന് പതിവിനും വിപരീതമായാണ് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്. രാത്രിയുടെ മനോഹാരിതയിൽ ഒരു മൂളിപ്പാട്ടും പാടി ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ആ കാഴ്ച കണ്ണിൽ പെട്ടത്. പത്തിരുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി റോഡിൽ അലസമായി നിൽക്കുന്നു. ഏതോ പോക്ക് കേസാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഇത്തിരി പുച്ഛത്തോടെ വണ്ടി മുന്നോട്ടെടുത്ത്. റിവേഴ്സ് മിററിലൂടെ നോക്കിയപ്പോൾ ആ പെൺകുട്ടി ബാലൻസ് നഷ്ടപ്പെട്ടതുപോലെ റോഡിലേക്കു പതിച്ചു. വണ്ടി നിർത്തി ഒരു കുതിപ്പിന് അവൾക്കരികിലെത്തിയപ്പോഴേക്കും പാതി ബോധവും മറഞ്ഞിരുന്നു. വണ്ടിയിലേക്കെടുത്തു കിടത്തി തിരികെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിക്കുമ്പോൾ ഉള്ളിൽ നിറയെ പ്രാർത്ഥനയായിരുന്നു. അവൾക്കൊന്നും സംഭവിക്കാതിരിക്കാൻ! ആവശ്യമായ ട്രീറ്റ്മെന്റ് നൽകി ബോധം വന്നപ്പോൾ ആകെ അവൾ പറഞ്ഞത് കൃഷ്ണ എന്ന പേരു മാത്രമായിരുന്നു. എവിടെയാണോ, എന്താണെന്നോ,അറിയാതെ... അതിനിടയിൽ പത്രത്തിൽ ന്യൂസ് കൊടുത്തുവെങ്കിലും. ആരും ഇതുവരെ അന്വേഷിച്ചു വന്നില്ല . അതുകൊണ്ട് തന്നെ ഒരു അനിയത്തി കുട്ടിയെ നോക്കുന്നതു പോലെയായിരുന്നു അയാളവളെ പരിചരിച്ചിരുന്നത്.

ഉച്ചയാകാറായപ്പോഴാണ് ശ്രീറാം; എറണാകുളത്തെത്തിയത്. വല്ലാത്ത വിശപ്പ്! രാവിലെ ഒരു ഗ്ളാസ് ചായ കുടിച്ച് ഇറങ്ങിയതാണ് അതും വേണ്ടെന്നു വെച്ചതാണ്. ഏടത്തി പിറകെ നടന്ന് സ്വൈര്യം കെടുത്തിയതുകൊണ്ടാണ് അതെങ്കിലും കുടിച്ചത്. അടുത്തെവിടെയും ഹോട്ടലും കാണുന്നില്ല. ഏതായാലും ശങ്കുവിനെ കണ്ടിട്ട് ബാക്കി കാര്യം.

ശ്രീ നിലയത്തിൽ അമ്മിണിയമ്മക്ക് മൂന്ന് ആൺമക്കളാണ്. ഭർത്താവ് പഴയൊരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അദ്ദേഹം മരിച്ചു പോയി. മൂത്തയാൾ ഉണ്ണികൃഷ്ണൻ, അയാളുടെ ഭാര്യ സുധ. കോളേജിൽ പഠിക്കുന്ന സമയത്ത് സ്നേഹിച്ച് വിവാഹിതരായതാണ് രണ്ടു പേരും. ഒരു പെങ്ങളില്ലാത്തതുകൊണ്ട് ശ്രീക്കും, നന്ദനും ഏടത്തിയെ വലിയ കാര്യമായിരുന്നു. ശ്രീയും, നന്ദനും ഇരട്ടകളാണ്. നന്ദൻ മദ്രാസിൽ ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിൽ ജോലിചെയ്യുന്നു . കാഴ്ചയിൽ ഒരുപോലെയാണെങ്കിലും സ്വഭാവത്തിൽ രണ്ടു പേരും വളരെ വ്യത്യസ്തരായിരുന്നു. നന്ദൻ ശാന്ത സ്വഭാവക്കാരനായിരുന്നു. ആര് എത്ര ക്ഷോഭിച്ചു പറഞ്ഞാലും പുഞ്ചിരിച്ചു കൊണ്ടുമാത്രമെ പ്രതികരിക്കാറുള്ളു. മദ്രാസിൽ നിന്നും മാസവസാനം അയാൾ നാട്ടിലേക്കു വരും. അമ്മയേയും, സഹോദരങ്ങളെയും കാണാൻ. പക്ഷെ ആ കൂടിക്കാഴ്ചകൾ നീട്ടികൊണ്ടുപോകാൻ ദൈവം അവരെ അനുവദിച്ചില്ല . കഴിഞ്ഞ ഡിസംബറിൽ ഒരു ആക്സിഡന്റിൽ നന്ദന്റെ ജീവൻ തന്നെ അപഹരിക്കപ്പെട്ടു. എല്ലാവർക്കും അതൊരു ഷോക്കായിരുന്നു പ്രത്യേകിച്ച് ശ്രീക്ക്. അവൻ മരിച്ചു പോയെന്ന് വിശ്വസിക്കാൻ അവരുടെ മനസനുവദിക്കാത്തതു കൊണ്ട് എവിടെയും ഒരു ഫോട്ടോ പോലും തൂക്കിയിട്ടതും ഇല്ല.

ശ്രീ; നന്ദനെ പോലെയാണെങ്കിലും, സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു . ഏത് കാര്യത്തിലും സ്വന്തമായി ഒരു അഭിപ്രായവും, വ്യക്തിത്വവും കാത്തു സൂക്ഷിച്ചിരുന്നു അയാൾ. മാത്രല്ല വളരെ പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും . അതു കാണുമ്പോൾ സുധ പറയും:
"ചെക്കന് മൂക്കത്താ ശുണ്ഠി ,കെട്ടി കൊണ്ടു വരുന്ന പെണ്ണ് ഇതൊന്നും സയിക്കണമെന്നില്ല".

അപ്പോൾ ശ്രീ,പുഞ്ചിരിയോടെ പറയും. "ഏടത്തി എന്റെ ഉണ്ണീട്ടനെ സയിക്കുന്നില്ലേ...? അതുപോലെ, എന്നെ സയിക്കാനും ഒരു പെണ്ണുണ്ടാവും." അതുകേൾക്കുമ്പോൾ സുധ പുഞ്ചിരിക്കും .  

കാർ പാർക്കു ചെയ്ത് നേരെ ശങ്കറിന്റെ ഓഫീസിലേക്കു ചെല്ലുമ്പോൾ അവൻ ആർക്കോ ഫോൺ ചെയ്യുകയായിരുന്നു . മൂന്നാലു വർഷമായി രണ്ടുപേരും തമ്മിൽ കണ്ടിട്ട് . ഒരു ട്രെയിനിംങുമായി ബദ്ധപ്പെട്ട് ഡെറാഡൂണിലായിരുന്നു ശ്രീ; കഴിഞ്ഞ മൂന്നു വർഷക്കാലം. മിനിഞ്ഞാന്നായിരുന്നു നാട്ടിൽ തിരിച്ചെത്തിയത് . കോളേജിൽ പഠിക്കുമ്പോഴാണ് രണ്ടുപേരും ചങ്ങാതിമാരായത് . രണ്ടുപേരുടെയും ജോലികൾ തമ്മിൽ ഒരുപാട് അന്തരമുണ്ടായിരുന്നുവെങ്കിലും അതൊന്നും അവരുടെ സൗഹൃദത്തിന് തടസമായില്ല. മനസ്സിന് താങ്ങാൻ കഴിയാത്ത വിധം വിഷമം വരുമ്പോൾ ശ്രീ ഓടിയെത്തുന്നത് അവനരികിലാണ്.

കഴിഞ്ഞ തവണ കണ്ടതിനേക്കാളും അവൻ കുറച്ച് കൂടി തടിച്ചിട്ടുണ്ടെന്ന് ശ്രീക്ക് തോന്നി.
''എടോ...പട്ടരേ... " ശ്രീ; ഉറക്കെ വിളിച്ചു. അപ്പോഴാണ് ശങ്കർ അവനെ കണ്ടത് .
"അല്ല ആരിത് ശ്രീരാമചന്ദ്രനോ?നാട്ടിൽ എപ്പൊ എത്തി. വന്നിട്ട് വിളിച്ചില്ലല്ലോ...?''
ഇത്തിരി പരിഭവത്തോടെ പറഞ്ഞ് ശങ്കർ അവനെ വന്ന് കെട്ടി പിടിച്ചു. ഭക്ഷണത്തിൽ ഫുൾ വെജിറ്റേറിയനായിരുന്നതുകൊണ്ട് കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ പേരായിരുന്നു 'പട്ടർ 'പദവി.

"എന്താടാ നിനക്കൊരു ഉഷാറില്ലാത്തത്. എന്തു പറ്റി, എന്തെങ്കിലും പ്രശ്നമുണ്ടോ...?'' ശങ്കറിനുള്ളിലെ മനോരോഗവിദഗ്ദൻ മെല്ലെ ഉണർന്നു .

"ശരിയാ...നീ പറഞ്ഞത് . ചെറിയൊരു പ്രശ്നത്തിലാണ് ഞാൻ അതിന് പരിഹാരം തേടി വന്നതാണ്. എല്ലാം ഞാൻ നിന്നോട് പറയാം. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ,എല്ലാം നന്നായി പോകുന്നില്ലേ...?"
''പിന്നെ...എല്ലാം നന്നായി തന്നെ നടക്കുന്നു. ആ...ചെറിയൊരു സംഭവം ഉണ്ടായി".
"എന്താണ് പട്ടരേ...നിന്റെ കെട്ട് കഴിഞ്ഞോ...? നമ്മളൊന്നും അറിയാതെ...!"
ശ്രീ കളിയായി ചോദിച്ചു.
"അതീ...ജന്മം ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ! പിന്നെയും എന്തിനാണ്...''
''ഓ...സോറി...സോറി...അത് വിട്ടേക്ക്. എന്താണ് ഞാനറിയാതെ ഇവിടെ നടന്ന സംഭവം".

മൂഡ് മാറാൻ പോവുകയായിരുന്ന ശങ്കർ പെട്ടെന്ന് ആഹ്ളാദവാനായീ ''ആ...അതില്ലെ രണ്ടു മൂന്നു വർഷായി ഒരു കുട്ടി ഇവിടെ വന്നിട്ട്. ഓ...സോറി വന്നതല്ല റോഡിൽ അനാഥയായി കിടക്കുന്നതു കണ്ട് ഞാനിങ്ങോട്ട് കൊണ്ടുവന്നതാ... കാര്യമായൊരു പ്രശ്നവും ഇല്ല. പക്ഷേ ഓർമ്മ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. പേരു ചോദിച്ചപ്പോൾ 'കൃഷ്ണ' എന്നുമാത്രം പറഞ്ഞു. പിന്നെ ഈ നിമിഷം വരെ അതൊന്നും മിണ്ടിയിട്ടില്ല . കാണാൻ നല്ല ചന്തമൊക്കെയുണ്ട് . പക്ഷെ ഒന്നും മിണ്ടില്ല".

ശ്രീ ;ആകാംക്ഷയോടെ അവൻ പറയുന്നത് കേൾക്കുകയായിരുന്നു. പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ഒരു നഴ്സ് വന്നറിയിച്ചു.
"ഡോക്ടർ; ആ..കൃഷ്ണ ഈ സമയം വരെയായിട്ടും ഒന്നും കഴിച്ചിട്ടില്ല. നിർബദ്ധിക്കുമ്പോൾ വല്ലാത്തൊരു നോട്ടം നോക്കുന്നു. ഡോക്ടർ തന്നെ വന്ന് ഒന്ന് പറയ്."

ചില ദിവസങ്ങളിൽ അവളങ്ങനെ വാശി കാണിക്കാറുണ്ടെങ്കിലും , അതൊക്കെ തണുക്കുന്നത് ശങ്കറിന്റെ സ്നേഹത്തിനു മുന്നിലാണ്. അതറിയാവുന്നതുകൊണ്ട്
ശങ്കർ കസേരയിൽ നിന്നും എഴുന്നേറ്റു. ''അല്ല...,നീയെന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞല്ലോ?എന്താത്..?"
"അത് ഞാൻ പറയാം ഇപ്പോ നീ പോയി ആ കുട്ടിയെ കാണു''.
"ശരി,എന്നാ താനും വാ...''
''എന്തിന് നീ പോയേച്ചും വാ...ഞാനിവിടെ ഇരിക്കാം".
''വേണ്ട താനും വാ...''
അവന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശ്രീയും അവനൊപ്പം ചെന്നത്.

തുടരും...


ഭാഗം 2

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന അവളെ ശ്രീ; അലസമായാണ് നോക്കിയത് എണ്ണമയമില്ലാത്ത മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. ശങ്കർ മെല്ലെ വിളിച്ചു.


"കൃഷ്ണ,ഒന്നിങ്ങു നോക്കൂ. ആരാ...വന്നിരിക്കുന്നതെന്ന്,കണ്ടോ...? എന്റെ സുഹൃത്ത്. ഒന്ന് നോക്കെടോ...? സുന്ദരിക്കുട്ടിക്ക് ഇത്ര വാശി പാടില്ല". അങ്ങനെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞാണ് അവസാനമവൾ മുഖം തിരിച്ചു നോക്കിയത്. വിളറി വെളുത്ത് നെറ്റിയിലേക്കും, മുഖത്തുമായി ചിതറിയ മുടിയിഴകൾ മാറ്റാതെ ശങ്കറിനെ തന്നെ തുറിച്ചു നോക്കുന്ന ആ പെൺകുട്ടിയെ കണ്ട് ശ്രീ യൊന്ന് ഞെട്ടി. ഈശ്വരാ!ഞാനെന്താണീ, കാണുന്നത്. എന്ന നിലവിളി കേട്ടാണ് ശങ്കു തിരിഞ്ഞു നോക്കിയത് . ''എന്താ... എന്താ ശ്രീ..., എന്തു പറ്റി,ഇതാ  ഞാൻ പറഞ്ഞ കൃഷ്ണ!നിനക്കറിയോ..?''
അറിയാമെന്നോ, അറിയില്ലെന്നോ പറയാതെ ശ്രീറാം നിന്ന് കിതയ്ക്കുകയായിരുന്നു.

"എന്താടാ...എന്താ..പറ്റീത്''
കാര്യമറിയാതെ ശങ്കു അവന്റെ ചുമലിൽ പിടിച്ചുലച്ചു.
മനസ്സ് ഒട്ടൊന്ന് ശാന്തമാക്കിയതിനുശേഷം ശ്രീ വായ തുറന്നു. ഗൗരീ... ഗൗരി...!'ഗൗരി കൃഷ്ണ' ഞാൻ ആരെ തേടിയാണോ ഇറങ്ങിയത് ആ...ആളാണിത്''.

"എന്താ...ശ്രീ...നീയ്യീ പറയണേ...!"
"സത്യാടാ...ഞാൻ പറഞ്ഞത്. ഇത് ഗൗരി തന്നെയാ...എന്റെ സ്റ്റുഡന്റ്. അവൾക്ക് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. ഗൗരീ...നീയെന്നെയോർക്കുന്നോ..? ഞാൻ ശ്രീയാ... നിന്റെ മാഷ്... ഓർക്കുന്നോ എന്നെ നീ ". ഒന്നനങ്ങുക പോലും ചെയ്യാതെ അവന്റെ മുഖത്തേക്കുറ്റു നോക്കി നിൽക്കുകയായിരുന്നു ഗൗരി. ഹൃദയം അകാരണമായി തുടിക്കുന്നതവളറിഞ്ഞു. കാഴ്ച മറയുന്നതു പോലെ, ബാലൻസ് നഷ്ടപ്പെടാനൊരുങ്ങുകയാണോ...? ഒരു ആശ്രയത്തിന് എന്നോണം ജനലഴികളിൽ വിരലുകൾ മുറുകി കൊണ്ടിരുന്നു. പക്ഷെ അത് പരാജയപ്പെട്ടു. വിരലുകൾ ഊർന്ന് അവളുടെ ശരീരം മുഴുവൻ താഴേക്ക് പതിക്കുന്നതിനു മുന്നേ ശ്രീയവളെ ചേർത്തു പിടിച്ചു.

"ശങ്കൂ...ഗൗരി'' നിലവിളിയോടെ ശ്രീറാം ശങ്കുവിനെ വിളിച്ചു.
"പേടിക്കേണ്ട ,ചെറിയ ഷോക്കിൽ ബോധം മറഞ്ഞതാണ്. കുറച്ചു സമയം ഉറങ്ങട്ടെ. എഴുന്നേൽക്കുമ്പോ ചിലപ്പോൾ എല്ലാം ഓർമ്മയിൽ തെളിയും. വാ...അതുവരെ നമുക്കാ വരാന്തയിൽ പോയി ഇരിക്കാം".
മനസില്ലാ മനസ്സോടെ ശങ്കുവിനൊപ്പം നടക്കുമ്പോൾ ഒന്നു രണ്ടുവട്ടമവൻ തിരിഞ്ഞു നോക്കി. അതുകണ്ട് ശങ്കു പറഞ്ഞു.
"നിനക്കവളെ ഒത്തിരി ഇഷ്ടമായിരുന്നു അല്ലേ...? പേടിക്കേണ്ടെടാ... എല്ലാം നേരെയാവും. അതിനു മുമ്പ് എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത്. കണ്ണൂരിൽ നിന്നും അവളൊറ്റയ്ക്ക് ഇവിടെ വരെ എത്തണമെങ്കിൽ അതിനും തക്കതായ എന്തോ റീസൺ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്.

''ആ....ഞാൻ പറയാം.എല്ലാം ഞാൻ പറയാം. ഗൗരിയെ പരിചയപ്പെട്ടതു മുതൽ അവളെ കാണാതായതുവരെയുള്ള കാര്യങ്ങൾ എല്ലാം ഞാൻ പറയാം.
നിനക്കറിയാലോ...? അദ്ധ്യാപനം എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യാന്ന്. പോരാത്തതിന് ആർമി എഡ്യൂക്കേഷൻ കോറിൽ അപേക്ഷിച്ച് ഇരിക്കുന്ന സമയവും ഒരു ജോലിയും ഇല്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ്. ബ്രണ്ണൻ കോളേജിൽ എംഎ മലയാളം പഠിപ്പിക്കാൻ ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ടെന്നറിഞ്ഞത് ഞാൻ കേറിയങ്ങ് ജോയിൻ ചെയ്തത്".
"അതൊക്കെ എനിക്കറിയാവുന്ന കാര്യല്ലേ...?നീ...കാര്യത്തിലേക്കു വരൂ..."
അതിൽ കൂടുതലറിയാൻ ശങ്കുവിന് തിടുക്കമായി.

"ആ.. അതു തന്നയാ..പറഞ്ഞു വരുന്നത്.
അച്ഛന്റെ ആണ്ടും മറ്റുമായി കോളേജ് തുറന്നപാടെ എനിക്ക് ക്ളാസിലെത്താൻ പറ്റിയിരുന്നില്ല. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് ജോയിൻ ചെയ്തത്. ക്ളാസിൽ അദ്ധ്യാപകരില്ലെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ...? അതുപോലെ ഞാനും ക്ളാസിലേക്ക് പുറപ്പെട്ടു. ദൂരെ നിന്നു തന്നെ കേട്ടു ബഹളം. എന്നാൽ പൊടുന്നനെ ആ ബഹളത്തിന് ഒരു മയം വന്നതു പോലെ എനിക്കു തോന്നിയത്. ആകാംക്ഷയോടെ ഞാൻ ക്ലാസ് റൂം ലക്ഷ്യം വെച്ചു. അതിനിടയിൽ ഒരു പെൺകുട്ടിയുടെ മനോഹരമയ ശബ്ദത്തിൽ ഒരു ചെറു കവിത എൻ്റെ കാതുകളെ തഴുകിയലഞ്ഞു. ക്ളാസിനു മുന്നിൽ എത്തിയ എന്നെ ആ പെൺകുട്ടി കണ്ടില്ലെന്നു വേണം പറയാൻ. പുറത്തേക്ക് നോക്കിയിരുന്ന ഒരു പയ്യനാണ് എന്നെയാദ്യം കണ്ടത് . കവിതയേയും, കവിത ചൊല്ലിയ ആളേയും അഭിനന്ദിക്കുന്നതിനു വേണ്ടി അവൾക്കരികിലേക്ക് നീങ്ങിയപ്പോഴാണ് ആ കുട്ടിയെന്നെ കണ്ടത്. അസ്പഷ്ടമായി അവളെന്തോ പറഞ്ഞതും കുഴഞ്ഞ് താഴേക്ക് വീണതും ഒന്നിച്ചായിരുന്നു. കുട്ടികൾ ചുറ്റിലും കൂടിയതും, പ്രിൻസിപ്പലിനെ വിവരമറിയിച്ചതും, ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് എത്തി അവളെ കൊണ്ടു പോയതും, കൂടെ ഞാനും പോയതും ഒരു സ്വപ്നത്തിലെന്ന പോലെ ഞാനറിയുന്നുണ്ടായിരുന്നു. ആദ്യ ദിവസം, മോഹിച്ചു വന്ന ജോലി, എനിക്ക് എല്ലാം കൂടെയങ്ങ് വല്ലാത്ത സങ്കടമായി."

''അപ്പോൾ ഈ കുഴഞ്ഞു വീഴ്ച ഇന്ന് മാത്രല്ല..ല്ലേ... അന്നും ഉണ്ടായിരുന്നുവെന്നു വേണം പറയാൻ"
അതേയെന്നർത്ഥത്തിൽ ശ്രീ.. തലകുലക്കി.
''ആ...എന്നിട്ട്...ബാക്കി കേക്കട്ട് ...''
ശങ്കു ആകാംക്ഷയോടെ ശ്രീ യുടെ മുഖത്തേക്കു മിഴികളൂന്നി.

'എഞ്ചിനീയർ കൃഷ്ണദാസിന്റെയും, സ്കൂൾ അദ്ധ്യാപികയായ ഗായത്രിയുടെ മകളാണ്. അവൾക്കു താഴെ ഒരനിയൻ സ്കൂളിൽ പഠിക്കുന്നു. കുറേമാസങ്ങൾ മുമ്പു വരെ അവരുടെ കുടുംബം മദ്രാസിലായിരുന്നു. അവിടെ നിന്ന് ട്രാൻസഫർ വാങ്ങി നാട്ടിലേക്കു വന്നതാണ്. ആരോടും അധികം അടുപ്പം കാണിക്കാതെ മാറിയിരുന്ന് ചിന്തിച്ചു കൂട്ടുന്ന ഗൗരിയെ ഞാൻ പ്രത്യേകം നോട്ട് ചെയ്യാൻ തുടങ്ങി. സുഹൃത്തെന്നു പറയാൻ അവളുടെ അമ്മാവന്റെ മകൾ പ്രീയ മാത്രം. നിനക്കറിയാലോ...? എനിക്ക് ഇങ്ങനെ വളവളാന്ന് സംസാരിക്കുന്നതാണ് ഇഷ്ടമെന്ന്, ക്ളാസിൽ ആൺകുട്ടികളും, പെൺകുട്ടികളുമായി ഒട്ടു മുക്കാൽ പേരും എന്റെയടുത്ത് വളരെ ഫ്രീയാണ്. പക്ഷെ ഈ പെണ്ണ് മാത്രം. മദ്രാസിലൊക്കെ വളർന്നതിന്റെ ഹുങ്കാണെന്ന് മനസിൽ കര്തി മനപ്പൂർവ്വം ഞാനും അവളെ അവഗണിച്ചു തുടങ്ങി. എന്നാൽ ഒരു ദിവസം രാവിലെ കോളേജിൽ എത്തിയപ്പോൾ കണ്ടത് എന്റെ കാഴ്ചയെ അമ്പരിപ്പിക്കുന്നതായിരുന്നു.
"ന്താത്..."
ശങ്കു ഉദ്യോഗത്തോടെ അവന്റെ കൈകളിൽ പിടിച്ചു .
"ഞാൻ പറയാം, നീയൊന്നടങ്ങ് ''. ചിരിയോടെ ശ്രീ...ബാക്കി തുടർന്നു. ആദ്യദിനം  ക്ലാസിലേക്ക് കയറിയപ്പോൾ ഒരു പയ്യനാണ് എന്നെയാദ്യം കണ്ടതെന്ന് പറഞ്ഞല്ലോ? അവൻ്റെ പേര് സുജിത്ത്.
പ്രിൻസിപ്പലിന്റെ മരുമകനാണ്. അച്ഛനും , അമ്മയും വിദേശത്ത്. പണത്തിനൊന്നും ഒരു കുറവും ഇല്ല അതുപോലെ അഹങ്കാരത്തിനും. കോളേജിലെ റോമിയോ ആണെന്ന് സ്വയം കര്തി നടക്കുന്നവൻ. അത് പാതിയും ശരിയാണെട്ടോ. ഗൗരിയും, പ്രീയയും ഒഴികെ ബാക്കിയെല്ലാ തരുണിമണികളും അവന്റെ പിറകെയാണ്. അതിനവന് നല്ല അമർഷവും ഉണ്ടായിരുന്നിരിക്കണം. അന്ന് ഞാൻ കണ്ട കാഴ്ചയും അതുമായി ബന്ധപ്പെട്ടായിരുന്നു.

തുടരും....


ഭാഗം 3

ക്ളാസിനു പുറത്തു വെച്ചേ പതിവിനും വിപരീതമായി ഗൗരിയുടെ ശബ്ദം ഉയർന്നു കേട്ടു. കൂടെ സുജിത്തിന്റെയും, 


''ഇത് ഗൗരിയാണ്. എല്ലാ പെമ്പിള്ളേരുടെ അടുത്തും ഇറക്കുന്നതുപോലെ എന്റെയടുത്ത് വേലയിറക്കരുത്''. "ഓ...ഇറക്കിയാ നീ...എന്നാ...ചെയ്യുമെടീ...! ഒരു ഉണ്ണിയാർച്ച വന്നിരിക്കുന്നു. ഒന്നു പോടീ..."
"ഗൗരീ... വേണ്ട മോളേ... വിട്ടേക്ക്ഇ,വനോടൊന്നും വർത്തമാനത്തിന് നിന്നിട്ട് കാര്യംല്ല''.
പ്രീയയുടെ അനുനയമൊന്നും അവിടെ വില പോയില്ല.
"നീ...മിണ്ടാതിരിക്ക് പ്രീയേ... ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടേ കാര്യമുള്ളു. കുറച്ച് നാളായീ, ഫോണിലേക്ക് ഒരു മാതിരി മെസേജ് വിടുന്നു. ഇവനാണെന്നറിഞ്ഞപ്പോഴേ ഞാൻ വിലക്കി കൊണ്ടിരുന്നതാ... അപ്പൊ കേട്ടില്ല. വാങ്ങിച്ചു കെട്ടിയേ അടങ്ങുവെന്ന വാശി''
"ഓ...പിന്നെ ഒരു ശീലാവതി! മദ്രാസിലെ ചരിത്രമൊന്നും ഞങ്ങളറിഞ്ഞില്ലെന്ന് കര്തണ്ട"
"എന്താടാ...നീ യറിഞ്ഞ ചരിത്രം, പറയെടാ"
അതുമിതുമൊക്കെ പറഞ്ഞ് അസഭ്യ മായ വാക്കുകളായിരുന്നു പിന്നെയവന്റെ വായിൽ നിന്നും പുറത്തു ചാടിയത്. അത് മുഴുമിപ്പിക്കുന്നതിനുമുന്നേ ഗൗരിയുടെ കൈത്തലം അവന്റെ കവിളിൽ പതിഞ്ഞു.
"എടീ...നീയെന്നെ അടിച്ചോ...!"
ജിത്തു അലറി.
"ആ ഇനിയും അടിക്കും ഇമ്മാതിരി വർത്തമാനമാണ് നിന്റെ വായീന്ന് വരുന്നെങ്കിൽ... തീർച്ചയായും ഇനീം അടിക്കും.''
ഗൗരി നിന്നു ചീറി.
''നിനക്കു ഞാൻ കാട്ടിത്തരാടീ" അതും പറഞ്ഞ് കയ്യ് ഉയർത്തിയതായിരുന്നു.

സുജിത്ത് അതിനു മുന്നേ ഞാൻ ക്ളാസിലേക്കു കയറി ഇല്ലെങ്കിൽ അവിടെ പലതും കാണേണ്ടി വന്നേനെ.
"കാര്യങ്ങൾ കുറച്ചൊക്കെ പിടികിട്ടിയെങ്കിലും അവരുടെ വായിന്നു പോരട്ടേയെന്ന് കര്തി ഞാൻ വെർതെ ചോദിച്ചു എന്തായിവിടെ പ്രശ്നമെന്ന്. ആരും ഒന്നും മിണ്ടിയില്ല. അവസാനം ഗൗരി തന്നെ വാ....തുറന്നു."
''ഒന്നുമില്ലെന്റെ മാഷേ; സുജിത്തിനൊരു സംശയം."
അവളൊരു മിണ്ടാപൂച്ചയല്ലെന്നും, ഉറങ്ങികിടക്കുന്നൊരു പുലികുട്ടിയാണെന്നും ആ ഒരു സംഭവത്തിനുശേഷം എനിക്കു മനസ്സിലായി. അതിനു ശേഷം ഗൗരി എന്റെ മനസിലും സ്ഥാനം പിടിക്കുകയായിരുന്നു .
കാര്യമൊന്നുമില്ലെങ്കിലും, എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഞാനവളോട് സംസാരിക്കാൻ തുടങ്ങി. ആദ്യമൊക്കെ സംസാരത്തിൽ ഒരിത്തിരി സ്പേയിസ് വച്ചെങ്കിലും പതിയെ പതിയെ അതിന് അയവുവരാൻ തുടങ്ങി. എപ്പോഴും കാണുന്ന വിഷാദ മുഖത്തിൽ നിന്നും മാറി മുഖത്ത് ഒരു ചെറുചിരി വരാൻ തുടങ്ങി.
"ഉവ്വ്...ഉവ്വേ...അനുരാഗം മൊട്ടിടാൻ തുടങ്ങിയെന്നർത്ഥം". ശങ്കു,കളിയായി പറഞ്ഞു .
"ഒന്നു പോടാ...അതിനെക്കാളും സുന്ദരമായിരുന്നു ഞങ്ങളുടെ സൗഹൃദം. ആ...സൗഹൃദം അവൾക്ക് ആവശ്യമായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉണ്ടായിട്ടും ഇടയ്ക്കവൾ മൗനമുഖിയാവുന്നതെന്തേ...? എന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴും ഒരു ചിരിയോടെ പറയും''
''ഭ്രാന്ത്...അല്ലാതെന്ത്...''
അതും പറഞ്ഞ് അവളുറക്കെ ചിരിക്കും. അതു കേൾക്കുമ്പോൾ എനിക്കും തോന്നാറുണ്ട്. ശരിക്കുമിനി ഈ...പെണ്ണിന് വട്ടായോന്ന്. ആ ... ചിരിക്കൊടുവിൽ നിറയുന്ന കണ്ണുകൾ ഞാൻ കാണാതെ വളരെ വിദഗ്ധമായി മറച്ചു പിടിക്കാറുമുണ്ട് അവൾ.

ചില രാത്രികളിൽ അവളെ കുറിച്ചോർത്ത് ഉറക്കം പോലും നഷ്ടപ്പെട്ടു. മനസ്സിന്റെ മങ്ങിയ യവനികയ്ക്കുമപ്പുറത്ത് നിന്നും ഗൗരിയുടെ ചിത്രം തെളിഞ്ഞു വരും. ഉറക്കമില്ലാതെ ഏകനായിരിക്കുമ്പോൾ ഏടത്തി അടുത്തു വന്നു ചോദിക്കും.
"എന്താ...ശ്രീക്കുട്ടന് പറ്റീതെന്ന്" പലപ്പോഴുമുള്ള എന്റെ അതിരു കവിഞ്ഞ സംസാരത്തിൽ നിന്നും ഏടത്തിയെന്റെ മനസ്സു വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ...മനസ്സിനെ ഒളിക്കാനൊരു കള്ളം പറയാൻ എനിക്ക് പറ്റിയിട്ടും ഇല്ല. അങ്ങനെയൊരു അവസരത്തിലാണ് ഏടത്തി എന്റെ മുന്നിലൊരു കാര്യം എടുത്തിട്ടത്.
''ഗൗരിയെ...നമ്മക്ക് ഇങ്ങട്ട് കൊണ്ടു വന്നാലോ...? ഉണ്ണീട്ടനെ വിട്ട് നമ്മക്കൊരു കല്ല്യാണാലോചന നടത്താം. അവളെ കുറിച്ചോർത്താണ് എന്റെ ഉറക്കം പോകുന്നതെന്ന ധാരണയിലാണേ ഏടത്തി അക്കാര്യം എട്ത്തിട്ടത്"
ഞാനത് കേട്ടപ്പോ...ചിരിച്ചു പോയീ.
''ന്റെ ഏടത്തീ... നിങ്ങടെ ഒരു കാര്യം. അവളെ എനിക്ക് ഇഷ്ടമാണെന്നുള്ള കാര്യയൊക്കെ ശരി തന്നെ, പക്ഷേ... ഏടത്തിക്ക് അറിഞ്ഞൂടെ... എനിക്ക് വേറൊരു മോഹം കൂടിയുണ്ടെന്ന് അതു കഴിഞ്ഞിട്ട് മാത്രേ ഞാൻ കല്ല്യാണത്തെ കുറിച്ച് ചിന്തിക്കൂ.
''ഊം..ഉം..വിശ്വസിച്ച്'' ഒരു ചിരിയോടെ ഏടത്തി മുറി വിട്ട് പോയി. 

കോളേജ് ജീവിതത്തിനിടയിൽ ദിവസങ്ങൾ കൊഴിഞ്ഞു പോയത് അറിഞ്ഞതേയില്ല. ആകപ്പാടെ ത്രില്ലടിച്ചുള്ള ജീവിതം. കുട്ടികൾക്കൊപ്പം മറ്റൊരു കുട്ടിയുടെ മനസ്സായിരുന്നു എനിക്കും. അതിനിടയിൽ ആണ്. 'ആർമി എഡ്യൂക്കേഷൻ കോറിൽ' സെലക്ഷൻ ലഭിച്ചുവെന്ന മെസേജ് കിട്ടിയത്. സ്വപ്‌നം ആകാശത്തോളം ചിറകടിച്ചു തുടങ്ങിയിരുന്നു. അതിന്റെ ട്രെയിനിങ് മൂന്നു വർഷം നീളുന്നതായിരുന്നു. അതും ഡെറാഡൂണിൽ. ഏടത്തി എടുത്തിട്ട മോഹത്തിന്റെ മൊട്ട് മനസ്സിൽ വിടരാനൊരുങ്ങി നിൽപ്പുണ്ടായിരുന്നു.

"ഗൗരി" ഏതായാലും ട്രെയിനിംങ് കഴിയട്ട്. ഇവിടെ നിന്ന് പോയിട്ട് വേണം ഏടത്തിയെ സോപ്പിട്ട് ഏട്ടനെ കൊണ്ട് ഗൗരിയെ തനിക്ക് കെട്ടിച്ചു തര്വോന്ന് ചോദിക്കാൻ. ട്രെയിനിംങിന്റെ കാര്യം ഗൗരിയോട് പറയണ്ട. തന്നെ കാണാതിരിക്കുമ്പോൾ അവൾക്ക് വിഷമമാവോന്ന് അറിയണല്ലോ...? അതൊരു ദുരന്തത്തിലേക്കുള്ള വഴിയായിരിക്കുമെന്ന് ഞാനോർത്തതില്ല.
കോളേജിൽ പ്രിൻസിപ്പലിനോട് മാത്രം കാര്യം പറഞ്ഞു. വീടും, നാടും വിട്ട് ഞാൻ ഡെറാഡൂണിലേക്ക് പറന്നു. കാലാവസ്ഥ എപ്പോഴും മോശമായിരുന്നു. വീടുമായി ബദ്ധം പുലർത്താൻ പലപ്പോഴും കഴിയാതെ വന്നു. മൊബൈൽ ഫോൺ അലൗഡായിരുന്നില്ല. അതുകൊണ്ട് തന്നെ പല വിശേഷങ്ങളും ഞാനറിയാതെ പോയി. മിനിഞ്ഞാന്ന് രാവിലെ നാട്ടിലെത്തിയപ്പോഴാണ് ഉണ്ണീട്ടന് ഒരു ഉണ്ണിമോൾ പിറന്നതും, ഗൗരി എന്നെ തിരക്കി വന്നതും, പിന്നെ ഒന്നും പറയാതെ പോയതും അറിഞ്ഞത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നപ്പോഴാണ് ഏടത്തി ഗൗരിയുടെ കാര്യം എടുത്തിട്ടത്.
''നീ..വന്ന സ്ഥിതിക്ക് അവളെ പോയൊന്ന് കാണണം. ഒറ്റയ്ക്ക് പോകാൻ മടിയാണെങ്കിൽ ഏട്ടനെ കൂടി കൂട്ടിക്കോ...? അവളുടെ വിവാഹം കഴിഞ്ഞു കാണില്ല. ഏട്ടനെ കൊണ്ട് ചോയിക്കാലോ...?"
ഏടത്തിയുടെ വാക്കുകൾ പ്രതീക്ഷയ്ക്കു മേൽ വർണം വിതറി.

ഏട്ടനോടൊപ്പം ഗൗരിയുടെ വീട് ലക്ഷ്യം വെച്ച് ബൈക്ക് പറത്തുമ്പോൾ ഹൃദയം അകാരണമായി തുടിക്കുന്നതറിഞ്ഞു. കോളിംങ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ഗോകുലായിരുന്നു. എനിക്കവനെ മനസ്സിലായെങ്കിലും, അവന് എന്നെ മനസ്സിലായില്ല .
''ആരാ...?''
സംശയത്തോടെ ഗോകുൽ ചോദിച്ചു.
"കൃഷ്ണദാസ് സാർ''
''ഉണ്ട്, അകത്തേക്കു വരൂ...''
അതും പറഞ്ഞവൻ അകത്തേക്കോടീ.
''അച്ഛാ...ദേ...ആരോ കാണാൻ വന്നിരിക്കുന്നു''.
അകത്തു നിന്നും പുറത്തേക്കു വന്ന കൃഷ്ണദാസ് ശരിക്കും ഞെട്ടി.

തുടരും...
 


ഭാഗം 4

തരിച്ചു നിൽക്കുകയായിരുന്ന കൃഷ്ണദാസ് സാറിനു മുന്നിൽ ഞാനെന്നെ പരിചയപ്പെടുത്തി. ''സാർ..., ഞാൻ ശ്രീറാം ഗൗരിയെ പഠിപ്പിച്ചിട്ടുണ്ട് ഇതെന്റെ ഏട്ടൻ ഉണ്ണികൃഷ്ണൻ. ഒന്നിനും മറുപടി പറയാതെ അന്തിച്ചു നിൽക്കുകയായിരുന്ന അയാളൊരു സ്വപ്നത്തിലെന്ന പോലെയാണ് ശ്രീക്കും, ഉണ്ണിക്കും കൈ കൊടുത്തത്.


"ഞങ്ങൾ വന്നത് ഇവിടത്തെ കുട്ടിയെ ശ്രീക്ക് തര്വോന്ന് ചോയിക്കാനാ...!''
ഏട്ടൻ വന്നകാര്യം അറിയിച്ചു. അതിനു മറുപടി പറയാതെ അദ്ദേഹം തളർന്ന് സെറ്റിയിലേക്ക് ഇരിക്കുകയാണ് ചെയ്യ്തത്. അത് കണ്ടപ്പോൾ മനമൊന്ന് പിടയാതിരുന്നില്ല. അവളുടെ വിവാഹം കഴിഞ്ഞു പോയിട്ടുണ്ടാവും അതായിരിക്കും അദ്ദേഹത്തിനിത്ര വിഷമം. ഞങ്ങളുടെ മനസ്സു വായിച്ചതു പോലെ അദ്ദേഹം പറഞ്ഞു .
"നിങ്ങളൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. അവളെ കാണാതായിട്ട് വർഷം രണ്ട് കഴിഞ്ഞു. പതിവുപോലെ കോളേജിൽ പോകുന്നതു പോലെ ഇറങ്ങിയതാണ് പക്ഷേ... അന്വേഷിക്കാത്ത ഇടമില്ല. അവളിന്ന് ജീവനോടെയുണ്ടോ എന്ന് പോലും വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുന്നേ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. അവളെ കാണാതായതു മുതൽ ഗായത്രി തളർന്നു കിടപ്പിലായി!''
''പത്രത്തിലൊന്നും കൊടുത്തില്ലേ...'' ഉണ്ണി ചോദിച്ചു .
"ആ...കൊടുത്തിരുന്നു, പക്ഷെ അതിനൊന്നും ഫലമുണ്ടായില്ല. ഒരു തവണ അവളുടെ മനസ്സ് തകർന്നതാ... ഇനിയും ഞങ്ങൾക്കത് താങ്ങാൻ വയ്യ. ഗായത്രിയുടെ വയ്യായ്കയോടെ ഞാനും തളർന്നു പോയി. ഞങ്ങളെ ഇവിടെ സഹായിക്കാൻ വേറെയാരും ഇല്ലായിരുന്നു. പിന്നെയുള്ളത് ഗായൂന്റെ അനിയത്തി പത്മയും, ഭർത്താവുമാണ്. അവരാണെങ്കിൽ ഞങ്ങളെക്കാളും കഷ്ടത്തിലും. സഹായിക്കാൻ മൂത്ത  ഒരാൺകുട്ടി ഉണ്ടായിരുന്നെങ്കിൽ... എന്ന് ആശിച്ചു പോയ നാളുകൾ". അതും പറഞ്ഞ് അദ്ദേഹം തേങ്ങി. അതുകണ്ടപ്പോൾ എന്റെയും, ഏട്ടന്റെയും കണ്ണു നിറഞ്ഞു. ഞാനദ്ദേഹത്തെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
"ഗൗരിയെ ഞാൻ കണ്ടെത്തും അങ്കിൾ" ആ സമയത്ത് അങ്ങനെ വിളിക്കാനാണെനിക്ക് തോന്നിയത്. "എന്നിട്ട് ഈ കൈകളിൽ ഭദ്രമായിഏൽപ്പിക്കും. ഇതിപ്പോൾ എന്റെ ആവശ്യം കൂടിയാണ്.'' പിന്നെ ഒന്നും മിണ്ടാതെ ഞങ്ങളാ പടിയിറങ്ങി.

തിരികെ വരാൻ നേരം, അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചെവിയിൽ ചിലമ്പൊലി തീർത്തു കൊണ്ടിരുന്നു . "ഒരിക്കൽ അവളുടെ മനസ്സു തകർന്നതാ.......ഇനിയും" എന്താണെന്ന് ചോദിച്ചില്ല. അതെന്താണെന്നറിയാനുള്ള ആകാംക്ഷ .
"ഏട്ടാ...ഞാനിപ്പൊ വരാം".
''നീ...എവിടെ പോകുന്നു ശ്രീ...''
''ഞാൻ അങ്കിളിനോടൊരു കാര്യം ചോദിച്ചിട്ട് പെട്ടെന്ന് വരാം..."
"ആ...ശരി അധികം വൈകിക്കരുത്"
ശ്രീ... വീണ്ടും തിരികെ വരുന്നതു കണ്ട് കൃഷ്ണദാസ് അന്ധാളിച്ചു . ''എന്താ...മോനേ...എന്തേലും മറന്നുവോ...?''
''അതല്ല അങ്കിൾ എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാംന്നുണ്ട്.''
''എന്താണ്...? അത് വേറൊന്നുമല്ല അങ്കിളേ.. നേരത്തെ സംസാരത്തിടയിൽ ഒരു കാര്യം പറഞ്ഞല്ലോ...? ഗൗരിയുടെ മനസ്സ് ഒരു വട്ടം തകർന്നതാണെന്ന് അത് എന്താണെന്ന് വിരോധമില്ലെങ്കിൽ എന്നോട് പറയ്യോ...?''
''ഓ...അതിനെന്താ കേൾക്കാൻ സമയമുണ്ടെങ്കിൽ...''
''തീർച്ചയായും അങ്കിൾ പറയൂ..."

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അദ്ദേഹം തുടർന്നു.

മദ്രാസിലെ ഗൗരിയുടെ കോളേജ് പഠനത്തോടെയാണ് തുടങ്ങിയത്. മദ്രാസിലെ നമ്പർ വൺ കോളേജിലായിരുന്നു ഗൗരിയെ പഠിക്കാനയച്ചത്. കുസൃതിയും, കുറുമ്പും വേണ്ടുവോളമുള്ള ഒരു കാന്താരി. സർവ്വവിധ സ്വാതന്ത്ര്യവും ഞങ്ങൾ മക്കൾക്ക് രണ്ടുപേർക്കും അനുവദിച്ചു കൊടുത്തിരുന്നു. പാട്ടിലും, ഡാൻസിലും, അഭിനയത്തിലും അവൾ അവളുടേതായ കഴിവ് കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ക്യാമ്പസ് മുഴുവൻ അടക്കി നിർത്താനും അവൾക്കായി. കോളേജ് വാർഷികത്തിന്റെ സമയത്ത് ഡാൻസിനും, ഡ്രാമക്കും മറ്റുമായി പ്രാക്ടീസ് നൽകാൻ പുതിയൊരു സാറ് കോളേജിലേക്ക് വന്നത്. ഒരു ചെറുപ്പക്കാരൻ! 'നന്ദൻ എന്നോ...ശ്രീ.. നന്ദൻ എന്നോ ആണ് പേരെന്ന് തോന്നുന്നു. ഏകദേശം തന്നെ പോലെ തന്നെ അതാ...പെട്ടെന്ന് തന്നെ കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടിയത്". എന്റെ മനസ്സിൽ നന്ദേട്ടന്റെ രൂപം തെളിഞ്ഞു. അങ്കിൾ പറഞ്ഞു വരുന്നത് ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിൽ ജോലി ചെയ്യുന്ന ശ്രീ നന്ദനെ കുറിച്ചാണോ...?കഴിഞ്ഞ ഡിസംബറിൽ ആക്സിഡന്റിൽ മരിച്ച...''

''ആ...ശ്രീക്കറിയോ...നന്ദനെ" മനസ്സിലൊരു കടലിരമ്പിയാർക്കുന്നത് ഞാനറിയാൻ തുടങ്ങി. "ആ....ആ...എന്റെ.....ഏട്ടനാത് ....എന്റെ ഇരട്ട സഹോദരൻ" . വിറയാർന്ന സ്വരത്തിൽ അത് പറഞ്ഞൊപ്പിച്ചപ്പോൾ അങ്കിളെന്നെ അവിശ്വാസത്തോടെ നോക്കി. ബാക്കി പറയണോ വേണ്ടയോ എന്ന ആ പരുങ്ങലിൽ നിന്നും എനിക്ക് മനസ്സിലായി. അത് മനസ്സിലായതുകൊണ്ട് ബാക്കി പറയാൻ ഞാൻ പ്രേരിപ്പിച്ചു.

''നന്ദന്റെ ഏത് രീതിയാണ് അവൾക്കിഷ്ടമായതെന്ന് എനിക്കറിയില്ല. എങ്ങനെയുള്ള ആളായാലും അങ്ങോട്ട് കയ്യറി പരിചയപ്പെടുക എന്നത് അവളുടെ ശീലമായിരുന്നു . വളരെ സൗമ്യനായിരുന്ന അയാളെ ആരും ഇഷ്ടപ്പെട്ടു പോകും. അയാളുടെ പെയിന്റിങ്ങുകളിലെല്ലാം ജീവന്റെ തുടിപ്പുണ്ടെന്നവൾ പറയും . ആ...ഒരു പ്രാക്ടീസിലൂടെ അവർ രണ്ടു പേരും കൂടുതൽ അടുക്കുകയായിരുന്നു. ആ അടുപ്പം ഞങ്ങളിൽ നിന്നും ഇത്തിരി അകലം വരാൻ ഇടയായി. ഒരു ദിവസം പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞവൾ വീണു. വിദഗ്ധമായ ചെക്കപ്പിനൊടുവിൽ ഡോ: പറഞ്ഞ കാര്യം കേട്ട് ഞങ്ങളാകെ തകർന്നു .

"ഗൗരിയുടെ ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതിന് പ്രതിവിധിയായി പറഞ്ഞത് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വഴി പുതിയൊരു ഹൃദയം വച്ചുപിടിപ്പിക്കുക മാത്രമാണ് " . ഈ...സമയത്തൊക്കെ ഞങ്ങൾക്ക് ആശ്വാസവുമായി നിന്നത് നന്ദനായിരുന്നു. അവളുടെ മനസ്സിനെ ഒട്ടും വിഷമിപ്പിക്കരുതെന്ന്. ഡോക്ടേഴ്സ് ആവർത്തിച്ചു. അവൾക്ക് അനുയോജ്യമായ ഒരു ഹാർട്ട് ലഭിക്കുകയാണെങ്കിൽ അധികം വൈകിക്കാതെ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്ന് അവരറിയിച്ചു. ഈ കാര്യമൊന്നും ഗൗരിയെ അറീച്ചില്ല. അവളെപ്പോഴത്തെയും പോലെ ആഹ്ളാദവതിയായി മുന്നോട്ട് പോയീ... അതുകൊണ്ട് തന്നെ നന്ദനുമായുള്ള അടുപ്പത്തെ ഞങ്ങൾക്ക് വിലക്കാനും കഴിഞ്ഞില്ല. ആദ്യമൊക്കെ ഇഷ്ടക്കേടുതോന്നിയെങ്കിലും പതിയെ പതിയെ അവനോടുള്ള ഇഷ്ടക്കൂടുതലിലേക്ക് അത് വഴി മാറി .

കഴിഞ്ഞ ക്രിസ്മസ് ലീവിന് നാട്ടിലേക്ക് പോവ്വാണെന്നും അമ്മയോടും, സഹോദരങ്ങളോടും വിവാഹത്തെ കുറിച്ച് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ മനസ്സിലൊരു വിഷമം ഉണ്ടായി. അത് ഞങ്ങളവനോട് ചോദിക്കുകയും ചെയ്യ്തു. അസുഖക്കാരിയായ മകളെ എങ്ങനെ അവനെ ഏൽപ്പിക്കും, അത് കേട്ടപ്പോൾ നന്ദൻ ദേഷ്യപ്പെട്ടു .
"വിവാഹം കഴിഞ്ഞാണ് ഇത് അറിഞ്ഞതെങ്കിലോ...?"
"എന്നാലും"
''സുഖമില്ലെന്നറിഞ്ഞ് അങ്കിളും, ആന്‍റിയും അവളെ വേണ്ടെന്ന് വച്ചോ ഇല്ലല്ലോ...?
അങ്കിൾ പേടിക്കാതിരി എല്ലാം ശരിയാവും''.
"പുറപ്പെടാൻ നേരം ഞങ്ങളോട് യാത്ര ചോദിക്കാൻ ഇവിടെ വന്നിരുന്നു . ആ..., യാത്ര പറച്ചിൽ എന്നത്തേക്കുമായതാണെന്ന് തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വന്നു . അതിന്‍റെ  ഷോക്കിൽ ഗൗരിയുടെ മനോനില ആകെ തെറ്റി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അവളെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത്. ആ ഒരു സംഭവത്തിനുശേഷം അവളുടെ സ്വഭാവം മൊത്തം മാറി. എല്ലാവരോടും വല്ലാത്ത ദേഷ്യം. ഞങ്ങളോടൊക്കെ സംസാരമേ കുറഞ്ഞു. ഏത് സമയവും മുറിയിൽ തന്നെ. ആ മുറിയിലാണെങ്കിൽ ആരും ചെല്ലുന്നതവൾക്ക് ഇഷ്ടമല്ല. നന്ദന്‍റെ  അഭാവം അവളെ അത്രയേറെ മാറ്റി മറിച്ചിരുന്നു. അവരവസാനമായി ചിട്ടപ്പെടുത്തിയെടുത്ത 'ഉൾ' എന്ന ഡാൻസ് പ്രോഗ്രാമിനു ശേഷം ഞങ്ങളുടെ മോള് പിന്നെ ചിലങ്കയണിഞ്ഞിട്ടില്ല.

തുടരും....


ഭാഗം 5

എല്ലാം കേട്ട് അടി കിട്ടിയ മട്ടിൽ നിൽപ്പായിരുന്നു ശ്രീ; നന്ദേട്ടന് ആക്സിഡൻ്റ്  പറ്റിയതറിഞ്ഞ് താനും, ഉണ്ണീട്ടനും മദ്രാസിലേക്ക് പുറപ്പെട്ടതും. അവിടെ എത്തിയപ്പോൾ, ആളിനി ജീവിച്ചിരുന്നിട്ടും വല്യ കാര്യമില്ലെന്നും ഡോക്ടർ പറഞ്ഞത് ഞാനോർത്തു.


ഇടയ്ക്ക് ചെറിയൊരു ബോധം വന്നപ്പോൾ തന്‍റെ  ഹൃദയം ഗൗരിക്ക് നൽകണമെന്ന് പറഞ്ഞതോർക്കുന്നു. അതാരാണെന്ന് പറയുന്നതിനു മുന്നേ,അദ്ദേഹത്തിന്‍റെ  ശ്വാസം നിലച്ചു. ഇപ്പോൾ മനസിലാകുന്നു ആ, ഹൃദയത്തിന്‍റെ  ഉടമ ആരാണെന്ന്. നന്ദേട്ടന്‍റെ  മരണവും മറ്റുമായി നാട്ടിലേക്ക് വന്നപ്പോൾ ആ ഹൃദയം സ്വീകരിച്ച ആളെ കാണണമെന്ന ആഗ്രഹം അതിയായി ഉണ്ടായിരുന്നു. പക്ഷെ അവർ മദ്രാസ് വിട്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോഴെല്ലാം മനസിലാകുന്നു. ആദ്യ കാഴ്ചയിൽ ഗൗരിക്കുണ്ടായ ഷോക്ക്, ഓർമ്മയില്ലെങ്കിലും അവളുടെ ഉപബോധമനസ്സിൽ നന്ദേട്ടൻ ഇപ്പോഴും ഉണ്ട്. അത് ഉൾക്കൊള്ളാൻ പലപ്പോഴുമവൾക്ക് കഴിയാതെ വരുന്നുണ്ട്. ആശങ്കയോടെ, ഞാനദ്ദേഹത്തോട് ചോദിച്ചു.

"അപ്പോൾ ഗൗരിയുടെ ശസ്ത്രക്രിയ?''

''ആ കഴിഞ്ഞു, നന്ദൻ മരിക്കുന്നതിനുമുന്നേ... അവന്‍റെ  ഹൃദയമാണ് ഞങ്ങളുടെ മോളുടെ ഉള്ളിൽ തുടിക്കുന്നത്. അതവൾക്കറിയില്ല. ഓർമ്മകളെ വീണ്ടും ഉണർത്തേണ്ടതില്ലെന്ന് കര്തി ഞങ്ങളത് മനപ്പൂർവ്വം ഒളിച്ചു. അവളുടെ ഓർമ്മ നഷ്ടപ്പെട്ട സമയമായിരുന്നു. എല്ലാം നടന്നത്. മൂടിക്കെട്ടി വെച്ച മനസ്സിനെ ഇത്തിരി തുറന്നു വിട്ട ആശ്വാസത്തിൽ കൃഷ്ണദാസ് സെറ്റിയിൽ ചാരി കണ്ണടച്ചു. 

എന്ത് ചെയ്യേണ്ടു, അല്ലെങ്കിൽ എന്ത് പറയേണ്ടു എന്ന അങ്കലാപ്പിലായിരുന്നു അപ്പോൾ ഞാൻ.

 ''അങ്കിൾ" എൻ്റെ വിളിയിൽ അദ്ദേഹം പതിയെ കണ്ണുതുറന്ന് എന്താണെന്നർത്ഥത്തിൽ എന്നെ നോക്കി. എനിക്ക് ഗൗരിയുടെ മുറിയൊന്ന് കണ്ടാൽ കൊള്ളാമായിരുന്നു.

ഒരു എതിർപ്പും കൂടാതെ അദ്ദേഹം ഗൗരിയുടെ മുറിയിലേക്കെന്നെ കൊണ്ടുപോയി.

എല്ലാം നല്ല അടുക്കും ചിട്ടയോടെയും വച്ചിരിക്കുന്നു.
"പോലീസുകാർ കേറിയിറങ്ങിയപ്പോൾ എല്ലാം വാരി വലിച്ചിട്ടിരുന്നു. അവരുടെ സ്വഭാവം അറിയാലോ...? ഗോകുലാണെന്ന് തോന്നുന്നു എല്ലാം അടുക്കി വെച്ചത്" ആത്മഗതം പോലെ അദ്ദേഹം പറഞ്ഞു . ''ശ്രീ; എല്ലാം നോക്കൂ.., ഞാൻ സ്വീകരണ മുറിയിലുണ്ടാവും''
ചന്ദനത്തിരിയുടേതോ മറ്റോ ആയ ഒരു സുഗന്ധം ആ മുറിയിൽ തങ്ങി നിന്നിരുന്നു. ഞാനാ മുറിയാകെ ഒന്നു കണ്ണോടിച്ചു .വായിക്കാനുള്ള മേശയും അതിൽ കുറേ പുസ്തകങ്ങളും .അടുക്കി വെച്ച പുസ്തകങ്ങൾ ഓരോന്നെടുത്തു നോക്കിയപ്പോൾ എറ്റവും അടിയിലായി ,ഒരു ഡയറിയിരിക്കുന്നു . മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കരുതെന്നാണ് .ഇവിടെ ഇപ്പൊ എന്ത് സ്വകാര്യം ഞാനതിന്‍റെ  താളുകൾ ഓരോന്നായി മറിച്ചു . പക്ഷേ അതിൽ കാര്യമായിട്ടൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല .അതെടുത്ത സ്ഥലത്ത് തന്നെ തിരികെ വെച്ചു . നിരാശനായി അങ്ങനെ ചുറ്റിലും നോക്കുമ്പോഴാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ കൂട്ടം കണ്ടത് . ഞാനതെടുത്തു , ആ മുറിയിൽ ചെറിയൊരു ഷെൽഫിരിപ്പുണ്ട് അതിന്‍റേതാവാം. അതിലെ നമ്പർ ഒത്തു നോക്കി ഞാനത് തുറന്നു .അത് തുറക്കേണ്ട താമസം, അതിന്‍റെ  ഉൾവശത്തു നിന്നും എന്തൊക്കെയോ...,സാധനങ്ങൾ പുറത്തു ചാടി .ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി . കാരണം അവയൊക്കെ വിവിധ തരത്തിലും നിറത്തിലുമുള്ള പാവകുട്ടികളായിരുന്നു . ഓരോ. അറകൾ തുറന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. കുറേ...ആശംസകാർഡുകൾ ഓരോന്നിലും വടിവൊത്ത അക്ഷരങ്ങളിൽ നന്ദന്‍റെ  പേരെഴുതി സൈൻ ചെയ്തിട്ടുണ്ട്. പിന്നെ കുറേയേറെ പെയിന്‍റി ങ്ങുകൾ എല്ലാം പുതിയതു പോലിരിക്കുന്നു . എറ്റവും അവസാനത്തെ അറ തുറന്നു അതിലെന്തോ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഞാനത് മെല്ലെ തുറന്നു. ക്ളാവു പിടിക്കാനൊരുങ്ങുന്ന 'രണ്ടു ചിലങ്കകൾ'! പെയിന്‍റിൽ ഉൾ എന്നെഴുതിയ ഗൗരിയുടെ ഒരു എണ്ണച്ചായ ചിത്രം. നന്ദേട്ടന്‍റെ  ഒരു ഫോട്ടോ; ഞാനത് സൂക്ഷിച്ചു നോക്കി ഏട്ടനെന്‍റെ  അരികിലുള്ളതു പോലെ! അതൊക്കെ ഭദ്രമായി പൊതിഞ്ഞ് ഞാനവിടെ തന്നെ വച്ചു . എല്ലാം ലോക്കു ചെയ്യ്ത് പുറത്തിറങ്ങിയപ്പോൾ കണ്ടു . തലയ്ക്ക് കൈയൂന്നിയിരിക്കുന്ന അങ്കിളിനെ , എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു . 

''എല്ലാം കണ്ടോ...?''

ഉവ്വെന്ന് ഞാൻ തലയാട്ടി.
''അതിലെ ഒരോ കാര്യങ്ങളും എന്നെ വിസ്മയിപ്പിക്കുന്നു. എല്ലാത്തിനും ഒരു പഴമയുടെ പുതുമ''.

"ശരിയാണ് ശ്രീ...അതൊക്കെ ഗൗരിയുടെ ജീവനായിരുന്നു. ആ ഷെൽഫ് കണ്ടുകാണുമല്ലോ...?അതെല്ലാം നന്ദൻ ഗൗരിക്ക് സമ്മാനിച്ചതായിരുന്നു . എല്ലാമവൾ മറന്നു പോയിരുന്നു . വീണ്ടും ഓർമ്മപ്പെടുത്തേണ്ടെന്നു കര്തി ഞങ്ങളതിന്‍റെ  താക്കോൽ ഒളിച്ചു വെച്ചു. ചോദിച്ചപ്പോൾ അത് നഷ്ടപ്പെട്ടു പോയെന്ന് കള്ളം പറഞ്ഞു. പോലീസുകാർ അന്വേഷണത്തിന് വന്നപ്പോഴാണ് വീണ്ടുമത് പുറത്തെടുത്തത്. പിന്നെയത് അവിടെ തന്നെ വച്ചു''. അദ്ദേഹത്തിന് ആത്മ വിശ്വാസം നൽകി അവിടെ നിന്നിറങ്ങിയ എനിക്ക് ഉണ്ണീട്ടനെ കണ്ടപ്പോൾ സ്വരു കൂട്ടി വെച്ച ആത്മ നിയന്ത്രണം കൈ വിട്ടു പോയി. ഗൗരിയെ കാണാതായ വിഷമം കൊണ്ടാണെന്നു കര്തി അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. പലതും ഏട്ടനോട് തുറന്നു പറഞ്ഞാലോ... എന്ന് വിചാരിച്ചെങ്കിലും അത് വേണ്ടെന്ന് മനസ്സ് വിലക്കി.

മനസിലൊരു കുറ്റബോധം നീറി പിടയുന്നു, തനിക്കവളോട് പോകുന്ന കാര്യം പറയാമായിരുന്നു. സ്നേഹത്തെ അളക്കാൻ ശ്രമിച്ചത് തെറ്റായി പോയി. നന്ദേട്ടനുണ്ടായിരുന്നെങ്കിൽ നന്ദേട്ടന്‍റെ  പെണ്ണായി കടന്നു വരേണ്ടവൾ. ആകപ്പാടെ ഭ്രാന്തെടുക്കുന്നതു പോലെ.,ഗൗരിയുടെ വിശേഷങ്ങളറിയാൻ പിറകെ കൂടിയ ഏടത്തിയോടന്നാദ്യമായി സംസാരിക്കുമ്പോഴെനിക്ക് മടുപ്പ് തോന്നി. എവിടേക്കെങ്കിലും ഇറങ്ങിപോയാലോ എന്നു പോലും ചിന്തിച്ചു .

ആ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. പുലരാനായപ്പോഴാണ് കണ്ണൊന്നടഞ്ഞത്. “ശ്രീക്കുട്ടാ...ശ്രീക്കുട്ടാ...,”ആരോ വിളിക്കുന്നതു പോലെ തോന്നിയത്. കണ്ണുകൾ തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. മുന്നിൽ പുഞ്ചിരിയോടെ നന്ദൻ.

''ഏട്ടാ..!''
ഞാൻ പതിയെ വിളിച്ചു . 

''ശ്രീ..കുട്ടാ, നിന്നോട് ഞാനൊരു കാര്യം പറയാനാ വന്നത് ''.
''എന്താ...ഏട്ടാ..."
''കൃഷ്ണനങ്കിൾ എല്ലാം നിന്നോട് പറഞ്ഞില്ലേ...?എല്ലാം സത്യാണ്. ഗൗരിയെ നീ കണ്ടെത്തണം. നിനക്കതിന് കഴിയും എനിക്കതുറപ്പുണ്ട്. ആ ലക്ഷ്യം നിറവേറുന്നതു വരെ ഞാൻ നിന്‍റെ  കൂടെയുണ്ടാവും. അത്രയും പറഞ്ഞ് ചിരിയോടെ നന്ദേട്ടൻ നടന്നു മറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ശക്തിയായി മുട്ടുന്നതു കേട്ടു. അപ്പോൾ മാത്രമാണ് എന്‍റെ  ഉറക്കം ഞെട്ടിയത്; ഏട്ടാ...,നന്ദേട്ടാ...!എന്ന വിളിയോടെ വാതിൽ തുറന്നപ്പോൾ മുന്നിൽ ഏടത്തിയായിരുന്നു. "ഏടത്തീ..നന്ദേട്ടൻ ...! എവിടെ? എങ്ങോട്ടു പോയി ...?''

''ശ്രീ ക്കുട്ടാ....,നീയെന്താ ഉറക്കപ്പിച്ച് പറയുകയാണോ?''

''അല്ല ഏടത്തീ, ഞാൻ സത്യായിട്ടും, എന്‍റെയടുത്തുണ്ടായിരുന്നു. പിന്നെയിതവിടെ പോയീ...''
അതുകേട്ടപ്പോൾ ഏടത്തിയുടെ കണ്ണു നിറഞ്ഞു .
"ശ്രീക്കുട്ടൻ സ്വപ്നം കണ്ടതാ...അല്ലാതെ നമ്മുടെ നന്ദനെങ്ങനെ വരാനാ...!"
വിഷമത്തോടെ സുധ മുറി വിട്ടിറങ്ങി.

തുടരും...


ഭാഗം 6

ഏടത്തിയെപ്പോലെ ഞാനും വെറുതെ മോഹിച്ചു.നന്ദേട്ടൻ ഞങ്ങളെ വിട്ട് പോകാതിരുന്നെങ്കിൽ ,വീണ്ടും മനസ്സ് ഭാരം കൊള്ളുന്നതുപോലെ...ആരോടെങ്കിലും എല്ലാം തുറന്നു പറയാൻ കഴിഞ്ഞെങ്കിൽ.
അപ്പോഴാണ് ശങ്കൂ... നിന്നെ ഓർമ്മ വന്നത്. പിന്നെയൊന്നും ആലോചിച്ചില്ല, നേരെ ഇങ്ങോട്ട് പുറപ്പെട്ടു. അതൊരു നിമിത്തമായിരുന്നിരിക്കണം. ഗൗരിയെ കാട്ടിത്തരാൻ നന്ദേട്ടൻ എന്‍റെ  കൂടെ തന്നെ ഉണ്ടായിരുന്നിരിക്കണം". 
എല്ലാം കേട്ട് കണ്ണു തുറിച്ചിരിപ്പിയിരുന്നു ശങ്കുവപ്പോൾ.

''ഡാ...!"
വിളിയോടെ ശ്രീയവന്‍റെ  മണ്ടക്കൊരു കൊട്ട് കൊട്ടി.
"ന്‍റെ  പൊന്നോ..!ഞാൻ പ്രതീക്ഷിച്ചതിനേക്കാളും വളരെ ട്രാജഡിയാണല്ലോടാ..., നീ പറഞ്ഞ കഥ. ഒരു സിനിമയ്ക്കുള്ള സ്കോപ്പുണ്ട്" .

"അതേടാ... നിനക്കിതൊക്കെ കേക്കുമ്പോ അങ്ങനെയൊക്കെ തോന്നും. മനഷ്യനിവിടെ സമാധാനം നഷ്ടപ്പെട്ട്, പണ്ടാരമടങ്ങിയിരിക്കുവാ...''
''ന്‍റെ...ശ്രീരാമാ..., താനൊന്നടങ്ങ് കൃഷ്ണനങ്കിളിന് നീ വാക്കു കൊടുത്ത പോലെ, ഞാൻ വാക്കു തരുന്നു. ഗൗരിയെ ഞാൻ പഴയതു പോലെ നിനക്കു തിരിച്ചു തരുംന്ന്. ഒന്നുമില്ലേലും ഞാനൊരു ഡോക്ടറല്ലേടാ...? ഒന്ന് വിശ്വസിക്ക്".
അതുകേട്ടപ്പോൾ ശ്രീക്ക് കുറച്ച് ആശ്വാസമായി.


ഒരു നീണ്ട മയക്കം വിട്ടുണർന്നതു പോലെ, ഗൗരി കണ്ണു തുറന്നു. ഒന്നും പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞില്ല. ഓർക്കാൻ ശ്രമിക്കും തോറും തല വല്ലാതെ വേദനിക്കുന്നു. ആ സമയത്താണ് ശ്രീയും ,ശങ്കുവും മുറിയിലേക്ക് വന്നത് . ''ആഹാ...ഗൗരിയുണർന്നല്ലോ...? എന്തൊരു ഉറക്കായിരുന്നു. ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ...?"
 
ശങ്കുവിനെ എവിടെയും കണ്ടതായി ഗൗരിക്ക് ഓർമ്മ വന്നില്ല. പക്ഷെ പിറകിലായി നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ ഉള്ളമൊന്ന് തുടിച്ചു.
"അല്ല മാഷെന്താ ഇവിടെ...'' ''ആഹാ...നല്ലയാളാ... ഗുരുവായൂരപ്പനേം കാണണം പട്ടര് ഡോക്ടറേം കാണണംന്ന് ശ്രീരാമനോട് വാശി പിടിച്ചിട്ട്, ഇപ്പൊ മാഷെന്താ 'ഇവിടേന്ന്. നല്ല പെട കിട്ടാത്തതിന്‍റെ  കുറവാ. വഴിക്ക് വെച്ച് ബോധം പോയോണ്ടല്ലെ പട്ടരുടെ അടുത്തേക്ക് ആദ്യം വരേണ്ടി വന്നത്". സന്ദർഭത്തിന് യോജിക്കുന്ന വിധത്തിൽ ശങ്കു പറഞ്ഞ നുണ കേട്ട് ശ്രീ പോലും വാ പിളർന്നു പോയി..! സത്യം അതുതന്നെയാണെന്ന് ഗൗരിയും വിശ്വസിച്ച മട്ടാണ്. ഊം പട്ടര് കൊള്ളാലോ....? ശ്രീ മനസ്സിൽ പറഞ്ഞു. ഏതായാലും ഗൗരി വിശ്രമിക്ക് ഞങ്ങളൊന്ന് പുറത്തിറങ്ങിയിട്ട് വരാം. അവളുടെ അനുവാദത്തിന് കാത്തു നിൽക്കാതെ ശങ്കു; ശ്രീയുടെ കൈ വലിച്ച് പുറത്തേക്ക് നടന്നു. "ഹോ...രക്ഷപ്പെട്ടു.ഞാനെന്തൊക്കെയോ ഭയന്നു. നിന്നെയവൾ മറന്നുവോ... എന്നു പോലും!. സാരില്ല ഇനി അവളുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടാകൂ.ഈ   ശ്രീരാമന്‍റെ''

ഒരു കുസൃതിയോടെ അവൻ ശ്രീയുടെ  കവിളിൽ നുള്ളി.
''ആ..പിന്നെ ഇതുവരെ നടന്നതൊന്നും, അവളോടെന്നല്ല ആരോടും പറയണ്ട. അങ്കിളിനോട് പ്രത്യേകം പറയണം". അത് നൂറുവട്ടം സമ്മതിക്കുന്ന മട്ടിലായിരുന്നു ശ്രീയുടെ  തലകുലുക്കൽ.
"ഗൗരിയെ കണ്ടുകിട്ടിയെന്ന് നാട്ടിലറിയിക്കണ്ടേ...?"

"വേണ്ട ശങ്കൂ. ഒരു സർപ്രൈസായി അവളെ എനിക്ക് അവർക്കു മുന്നിൽ നിർത്തണം. 
"ആ... അങ്ങനെയാണേൽ അങ്ങനെ. അത് പോട്ടെ എപ്പൊഴാ കണ്ണൂർക്ക്?''
"നാളെ രാവിലെ ,ഇന്നിവിടെ തങ്ങാം ഗൗരിയൊന്ന് റിലാക്സ് ചെയ്യട്ടെ".

''ഓക്കെ...അപ്പൊ ഗുരുവായൂരപ്പനെ കാണുന്നില്ലേ...?''

''കാണണം ഇന്നല്ല, ഞങ്ങടെ കെട്ട് കഴിഞ്ഞിട്ട് ..! " 

"ആ..., അതാണ് അതിന്‍റെയൊരു ഇത്, ശങ്കു കണ്ണിറുക്കി ചിരിച്ചു അക്കൂടെ അവനും ചേർന്നു. പിറ്റേന്ന് കാലത്ത് നാട്ടിലേക്ക് യാത്രയയക്കാൻ നേരം ശങ്കുവിന്‍റെ  കണ്ണു നിറഞ്ഞു.

''ഡാ...ശ്രീരാമാ...ന്‍റെ  അനിയത്തികുട്ടിയെ നന്നായി നോക്കണേ..!''

''അതേറ്റെന്‍റെ  പട്ടരേ... ആ.., പിന്നെ പെണ്ണും പിടക്കോഴിയൊന്നും ഇല്ലല്ലോ..? നേരത്തെ കാലത്തെ ഞങ്ങടെ കല്ല്യാണത്തിന് അങ്ങ് എത്തിയേക്കണം". അത് കേട്ട് ഗൗരി രൂക്ഷമായി അവനെ നോക്കി.
ആ... 
ഒന്നിരുത്തി കണ്ണിറുക്കി ഒരു ചിരിയായിരുന്നു, അതിനവൾക്കവൻ സമ്മാനിച്ച മറുപടി. കാറ് കണ്ണിൽ നിന്നും മറയുന്നതുവരെ ശങ്കു നോക്കി നിന്നു.

ശ്രീ; ഗൗരിയേയും കൊണ്ട് നേരെ ചെന്നത്, അവളുടെ വീട്ടിലേക്കായിരുന്നു. മുറ്റത്തൊരു വണ്ടി വന്നു നിന്ന ശബ്ദം കേട്ടാണ്. കൃഷ്ണദാസ് വാതിൽ തുറന്നത്. അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! ഓടി വന്ന് അദ്ദേഹം അവളെ ചേർത്തണച്ചു. അവൾ തെന്നി മാറാതെ ആ വാൽസല്യത്തിന് കീഴടങ്ങി. ഗൗരിയുടെ കണ്ണുകൾ അമ്മയേയും, ഗോകുലിനേയും തിരഞ്ഞു അത്  മനസിലാക്കിയപോൽ. അയാളവളെ ഗായത്രിയുടെ അരികിലേക്ക് കൊണ്ടു പോയി. അമ്മയെ കണ്ടപ്പോൾ ഗൗരിയുടെ കണ്ണു നിറഞ്ഞു. 
''അങ്കിൾ , എന്നാ ഞാനിനി...'' യാത്ര ചോദിക്കും മട്ടിൽ ശ്രീ; ചോദിച്ചു .

''ഇവളെ ഇവിടെ വിട്ട് പോവാണോ...? കൊണ്ട് പൊക്കോ.ആരും ഒന്നും പറയില്ല".

''ഇല്ല അങ്കിൾ ഞാനങ്കിളിനൊരു വാക്ക് തന്നിട്ടില്ലേ...? അത് ഞാൻ പാലിച്ചു. ബാക്കിയുള്ള കാര്യം കാർന്നോമ്മാർ തമ്മിൽ തീരുമാനിക്കട്ടെ".
''ശരിയാണ് അതാണ് അതിന്‍റെ  ശരി, എല്ലാം മുറ പോലെ നടക്കട്ടെ അല്ലേ..? ഞാനെന്‍റെ  സന്തോഷം കൊണ്ട്; അങ്ങനെ പറഞ്ഞതാണ്."
ആ..., സന്തോഷം അദ്ദേഹത്തിന്‍റെ  വാക്കുകളിൽ തെളിഞ്ഞു കൊണ്ടിരുന്നു. അവരോട് യാത്ര പറഞ്ഞിറുങ്ങുമ്പോൾ ശ്രീ; ഗൗരിയെ പിൻതിരിഞ്ഞു നോക്കി .അവളുടെ ഹൃദയത്തിനുള്ളിൽ നിന്നും നന്ദൻ കൈ വീശുന്നതു പോലെയവനു തോന്നി.

കർക്കിടകം കടന്നെത്തിയ കുഞ്ഞിക്കാറ്റിനോട് ചിങ്ങവെയിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. നീയറിഞ്ഞോ...? ഇന്ന് ഗൗരിയുടെ കല്ല്യാണമാ..കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞിക്കാറ്റത് നാടാകെ പാടി നടന്നു. ആ വാർത്തയറിഞ്ഞ് തുമ്പപ്പെണ്ണ് വെളുവെളുക്കെ ചിരി തൂകി. അതുകണ്ടപ്പോൾ മുക്കുറ്റി പെണ്ണിനും ചിരി പൊട്ടി. ചേമന്തിപ്പൂ താളത്തിൽ തലയാട്ടി, ചെമ്പരത്തിയുടെ കവിളുകൾ ചുവന്നു തുടുത്തു. നാണം കുണുങ്ങി നിന്ന തൊട്ടാവാടിയെ കാറ്റു ചെന്ന് ഇക്കിളിയിടുന്നതു കണ്ടപ്പോൾ മുഖം കറുപ്പിച്ചു നിന്ന കാക്കപ്പൂവിനു പോലും ചിരി പൊട്ടി. തെച്ചി പൊന്തയിലിരുന്ന് കുഞ്ഞിക്കാറ്റ് നോക്കുമ്പോഴതാ.., ഗൗരിയെ വരവേൽക്കാൻ ശ്രീയുടെ നാടും, വീടും ഒരു പോലെ ഉണർന്നിരിക്കുന്നു. വധൂ വരൻമാരെ അകത്തേക്ക് ആനയിക്കുന്നതിനിടയിൽ ഏടത്തി ശ്രീയുടെ കാതിൽ പറഞ്ഞു.
"ഊം...ഒടുക്കം ശ്രീരാമൻ, സീതാദേവിയെ പരിണയിച്ചു".
അതിനു മറുപടി പറയാൻ മുതിർന്നതായിരുന്നു ശ്രീ; അപ്പോഴാണ് ഒരു തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയത്, അതിലെവിടെയോ....നന്ദേട്ടന്‍റെ  ഗന്ധം നിറഞ്ഞതു പോലെയവനു തോന്നി...

അവസാനിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ