ഭാഗം 1
ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ അവൾ ഓടുകയായിരുന്നു. പിറകിൽ കടിച്ചു കീറാൻ പാകത്തിൽ കൂറ്റൻ ചെന്നായ്ക്കൾ! ഓടിയോടിയവൾ തളർന്നു. തൊണ്ട വല്ലാതെ വരളുന്നു. അടുത്തെങ്ങും ഒരു പച്ച പുൽനാമ്പുപോലുമില്ല. പിറകിലേക്ക് പിൻതിരിഞ്ഞു നോക്കാൻ വല്ലാത്ത ഭയം തോന്നി.
നിർത്താതെ വീണ്ടും ഓടി. ഓട്ടത്തിനിടയിൽ കാൽ ഒരു പാറയിൽ തട്ടി. മുന്നിൽ അഗാധമായ ഗർത്തം കൊക്കയുടെ അടി വാരത്തിലേക്കവൾ ഊർന്നു പോവുകയായിരുന്നു . ''അമ്മേ.....'' ഒരു നിലവിളിയോടെ കൃഷ്ണ ഞെട്ടിയുണർന്നു . അവളുടെ നിലവിളി കേട്ടാണ് ശങ്കർ മുറിയിലേക്ക് ഓടിയെത്തിയത്. എല്ലായിടവും മിഴികൾ പായിച്ചുകൊണ്ട് ബെഡ്ഡിൽ എഴുന്നേറ്റിരുന്ന് കിതയ്ക്കുകയാണ് അവൾ."എന്തു പറ്റി കൃഷ്ണ വല്ല സ്വപ്നവും കണ്ട് പേടിച്ചുവോ..?" അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ കാൽമുട്ടുകൾക്കിടയിലേക്കവൾ മുഖം പൂഴ്ത്തി.
ശങ്കർ ദേവ്; ഒരു സൈക്യാട്രിസ്റ്റ് ആണ്. എറണാകുളത്ത് സ്ഥിരതാമസക്കാരനായ അയാൾക്ക് സ്വന്തമായി ഒരു ഹോസ്പിറ്റലും ഉണ്ട് . മനസ്സിന്റെ താളം തെറ്റി എത്തുന്ന ആർക്കും അവിടെ ആശ്വാസവും സമാധാനവും ലഭിക്കും. ഒരു ആസ്പത്രി എന്ന് പറഞ്ഞു കൂടാ, വീടുപോലെ തന്നെയാണ്. അവിടെ എത്തുന്ന രോഗികൾക്ക് എല്ലാം തന്നെ സർവ്വസ്വാതന്ത്ര്യവും അയാൾ അനുവദിച്ചിരുന്നു.
പക്ഷെ 'കൃഷ്ണ' അവിടെ എത്തിയത് വളരെ ആകസ്മികമായിട്ടായിരുന്നു. അവളവിടെ എത്തിയിട്ട് ഈ വരുന്ന ഏപ്രിൽ 16 ന് മൂന്നുവർഷം തികയും. എന്നത്തേയും പോലെ വീട്ടിലേക്ക് പോവുകയായിരുന്ന ശങ്കർ അന്ന് പതിവിനും വിപരീതമായാണ് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്. രാത്രിയുടെ മനോഹാരിതയിൽ ഒരു മൂളിപ്പാട്ടും പാടി ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ആ കാഴ്ച കണ്ണിൽ പെട്ടത്. പത്തിരുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി റോഡിൽ അലസമായി നിൽക്കുന്നു. ഏതോ പോക്ക് കേസാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ഇത്തിരി പുച്ഛത്തോടെ വണ്ടി മുന്നോട്ടെടുത്ത്. റിവേഴ്സ് മിററിലൂടെ നോക്കിയപ്പോൾ ആ പെൺകുട്ടി ബാലൻസ് നഷ്ടപ്പെട്ടതുപോലെ റോഡിലേക്കു പതിച്ചു. വണ്ടി നിർത്തി ഒരു കുതിപ്പിന് അവൾക്കരികിലെത്തിയപ്പോഴേക്കും പാതി ബോധവും മറഞ്ഞിരുന്നു. വണ്ടിയിലേക്കെടുത്തു കിടത്തി തിരികെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിക്കുമ്പോൾ ഉള്ളിൽ നിറയെ പ്രാർത്ഥനയായിരുന്നു. അവൾക്കൊന്നും സംഭവിക്കാതിരിക്കാൻ! ആവശ്യമായ ട്രീറ്റ്മെന്റ് നൽകി ബോധം വന്നപ്പോൾ ആകെ അവൾ പറഞ്ഞത് കൃഷ്ണ എന്ന പേരു മാത്രമായിരുന്നു. എവിടെയാണോ, എന്താണെന്നോ,അറിയാതെ... അതിനിടയിൽ പത്രത്തിൽ ന്യൂസ് കൊടുത്തുവെങ്കിലും. ആരും ഇതുവരെ അന്വേഷിച്ചു വന്നില്ല . അതുകൊണ്ട് തന്നെ ഒരു അനിയത്തി കുട്ടിയെ നോക്കുന്നതു പോലെയായിരുന്നു അയാളവളെ പരിചരിച്ചിരുന്നത്.
ഉച്ചയാകാറായപ്പോഴാണ് ശ്രീറാം; എറണാകുളത്തെത്തിയത്. വല്ലാത്ത വിശപ്പ്! രാവിലെ ഒരു ഗ്ളാസ് ചായ കുടിച്ച് ഇറങ്ങിയതാണ് അതും വേണ്ടെന്നു വെച്ചതാണ്. ഏടത്തി പിറകെ നടന്ന് സ്വൈര്യം കെടുത്തിയതുകൊണ്ടാണ് അതെങ്കിലും കുടിച്ചത്. അടുത്തെവിടെയും ഹോട്ടലും കാണുന്നില്ല. ഏതായാലും ശങ്കുവിനെ കണ്ടിട്ട് ബാക്കി കാര്യം.
ശ്രീ നിലയത്തിൽ അമ്മിണിയമ്മക്ക് മൂന്ന് ആൺമക്കളാണ്. ഭർത്താവ് പഴയൊരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അദ്ദേഹം മരിച്ചു പോയി. മൂത്തയാൾ ഉണ്ണികൃഷ്ണൻ, അയാളുടെ ഭാര്യ സുധ. കോളേജിൽ പഠിക്കുന്ന സമയത്ത് സ്നേഹിച്ച് വിവാഹിതരായതാണ് രണ്ടു പേരും. ഒരു പെങ്ങളില്ലാത്തതുകൊണ്ട് ശ്രീക്കും, നന്ദനും ഏടത്തിയെ വലിയ കാര്യമായിരുന്നു. ശ്രീയും, നന്ദനും ഇരട്ടകളാണ്. നന്ദൻ മദ്രാസിൽ ആർട്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിൽ ജോലിചെയ്യുന്നു . കാഴ്ചയിൽ ഒരുപോലെയാണെങ്കിലും സ്വഭാവത്തിൽ രണ്ടു പേരും വളരെ വ്യത്യസ്തരായിരുന്നു. നന്ദൻ ശാന്ത സ്വഭാവക്കാരനായിരുന്നു. ആര് എത്ര ക്ഷോഭിച്ചു പറഞ്ഞാലും പുഞ്ചിരിച്ചു കൊണ്ടുമാത്രമെ പ്രതികരിക്കാറുള്ളു. മദ്രാസിൽ നിന്നും മാസവസാനം അയാൾ നാട്ടിലേക്കു വരും. അമ്മയേയും, സഹോദരങ്ങളെയും കാണാൻ. പക്ഷെ ആ കൂടിക്കാഴ്ചകൾ നീട്ടികൊണ്ടുപോകാൻ ദൈവം അവരെ അനുവദിച്ചില്ല . കഴിഞ്ഞ ഡിസംബറിൽ ഒരു ആക്സിഡന്റിൽ നന്ദന്റെ ജീവൻ തന്നെ അപഹരിക്കപ്പെട്ടു. എല്ലാവർക്കും അതൊരു ഷോക്കായിരുന്നു പ്രത്യേകിച്ച് ശ്രീക്ക്. അവൻ മരിച്ചു പോയെന്ന് വിശ്വസിക്കാൻ അവരുടെ മനസനുവദിക്കാത്തതു കൊണ്ട് എവിടെയും ഒരു ഫോട്ടോ പോലും തൂക്കിയിട്ടതും ഇല്ല.
ശ്രീ; നന്ദനെ പോലെയാണെങ്കിലും, സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു . ഏത് കാര്യത്തിലും സ്വന്തമായി ഒരു അഭിപ്രായവും, വ്യക്തിത്വവും കാത്തു സൂക്ഷിച്ചിരുന്നു അയാൾ. മാത്രല്ല വളരെ പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും . അതു കാണുമ്പോൾ സുധ പറയും:
"ചെക്കന് മൂക്കത്താ ശുണ്ഠി ,കെട്ടി കൊണ്ടു വരുന്ന പെണ്ണ് ഇതൊന്നും സയിക്കണമെന്നില്ല".
അപ്പോൾ ശ്രീ,പുഞ്ചിരിയോടെ പറയും. "ഏടത്തി എന്റെ ഉണ്ണീട്ടനെ സയിക്കുന്നില്ലേ...? അതുപോലെ, എന്നെ സയിക്കാനും ഒരു പെണ്ണുണ്ടാവും." അതുകേൾക്കുമ്പോൾ സുധ പുഞ്ചിരിക്കും .
കാർ പാർക്കു ചെയ്ത് നേരെ ശങ്കറിന്റെ ഓഫീസിലേക്കു ചെല്ലുമ്പോൾ അവൻ ആർക്കോ ഫോൺ ചെയ്യുകയായിരുന്നു . മൂന്നാലു വർഷമായി രണ്ടുപേരും തമ്മിൽ കണ്ടിട്ട് . ഒരു ട്രെയിനിംങുമായി ബദ്ധപ്പെട്ട് ഡെറാഡൂണിലായിരുന്നു ശ്രീ; കഴിഞ്ഞ മൂന്നു വർഷക്കാലം. മിനിഞ്ഞാന്നായിരുന്നു നാട്ടിൽ തിരിച്ചെത്തിയത് . കോളേജിൽ പഠിക്കുമ്പോഴാണ് രണ്ടുപേരും ചങ്ങാതിമാരായത് . രണ്ടുപേരുടെയും ജോലികൾ തമ്മിൽ ഒരുപാട് അന്തരമുണ്ടായിരുന്നുവെങ്കിലും അതൊന്നും അവരുടെ സൗഹൃദത്തിന് തടസമായില്ല. മനസ്സിന് താങ്ങാൻ കഴിയാത്ത വിധം വിഷമം വരുമ്പോൾ ശ്രീ ഓടിയെത്തുന്നത് അവനരികിലാണ്.
കഴിഞ്ഞ തവണ കണ്ടതിനേക്കാളും അവൻ കുറച്ച് കൂടി തടിച്ചിട്ടുണ്ടെന്ന് ശ്രീക്ക് തോന്നി.
''എടോ...പട്ടരേ... " ശ്രീ; ഉറക്കെ വിളിച്ചു. അപ്പോഴാണ് ശങ്കർ അവനെ കണ്ടത് .
"അല്ല ആരിത് ശ്രീരാമചന്ദ്രനോ?നാട്ടിൽ എപ്പൊ എത്തി. വന്നിട്ട് വിളിച്ചില്ലല്ലോ...?''
ഇത്തിരി പരിഭവത്തോടെ പറഞ്ഞ് ശങ്കർ അവനെ വന്ന് കെട്ടി പിടിച്ചു. ഭക്ഷണത്തിൽ ഫുൾ വെജിറ്റേറിയനായിരുന്നതുകൊണ്ട് കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ പേരായിരുന്നു 'പട്ടർ 'പദവി.
"എന്താടാ നിനക്കൊരു ഉഷാറില്ലാത്തത്. എന്തു പറ്റി, എന്തെങ്കിലും പ്രശ്നമുണ്ടോ...?'' ശങ്കറിനുള്ളിലെ മനോരോഗവിദഗ്ദൻ മെല്ലെ ഉണർന്നു .
"ശരിയാ...നീ പറഞ്ഞത് . ചെറിയൊരു പ്രശ്നത്തിലാണ് ഞാൻ അതിന് പരിഹാരം തേടി വന്നതാണ്. എല്ലാം ഞാൻ നിന്നോട് പറയാം. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ,എല്ലാം നന്നായി പോകുന്നില്ലേ...?"
''പിന്നെ...എല്ലാം നന്നായി തന്നെ നടക്കുന്നു. ആ...ചെറിയൊരു സംഭവം ഉണ്ടായി".
"എന്താണ് പട്ടരേ...നിന്റെ കെട്ട് കഴിഞ്ഞോ...? നമ്മളൊന്നും അറിയാതെ...!"
ശ്രീ കളിയായി ചോദിച്ചു.
"അതീ...ജന്മം ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ! പിന്നെയും എന്തിനാണ്...''
''ഓ...സോറി...സോറി...അത് വിട്ടേക്ക്. എന്താണ് ഞാനറിയാതെ ഇവിടെ നടന്ന സംഭവം".
മൂഡ് മാറാൻ പോവുകയായിരുന്ന ശങ്കർ പെട്ടെന്ന് ആഹ്ളാദവാനായീ ''ആ...അതില്ലെ രണ്ടു മൂന്നു വർഷായി ഒരു കുട്ടി ഇവിടെ വന്നിട്ട്. ഓ...സോറി വന്നതല്ല റോഡിൽ അനാഥയായി കിടക്കുന്നതു കണ്ട് ഞാനിങ്ങോട്ട് കൊണ്ടുവന്നതാ... കാര്യമായൊരു പ്രശ്നവും ഇല്ല. പക്ഷേ ഓർമ്മ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. പേരു ചോദിച്ചപ്പോൾ 'കൃഷ്ണ' എന്നുമാത്രം പറഞ്ഞു. പിന്നെ ഈ നിമിഷം വരെ അതൊന്നും മിണ്ടിയിട്ടില്ല . കാണാൻ നല്ല ചന്തമൊക്കെയുണ്ട് . പക്ഷെ ഒന്നും മിണ്ടില്ല".
ശ്രീ ;ആകാംക്ഷയോടെ അവൻ പറയുന്നത് കേൾക്കുകയായിരുന്നു. പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ഒരു നഴ്സ് വന്നറിയിച്ചു.
"ഡോക്ടർ; ആ..കൃഷ്ണ ഈ സമയം വരെയായിട്ടും ഒന്നും കഴിച്ചിട്ടില്ല. നിർബദ്ധിക്കുമ്പോൾ വല്ലാത്തൊരു നോട്ടം നോക്കുന്നു. ഡോക്ടർ തന്നെ വന്ന് ഒന്ന് പറയ്."
ചില ദിവസങ്ങളിൽ അവളങ്ങനെ വാശി കാണിക്കാറുണ്ടെങ്കിലും , അതൊക്കെ തണുക്കുന്നത് ശങ്കറിന്റെ സ്നേഹത്തിനു മുന്നിലാണ്. അതറിയാവുന്നതുകൊണ്ട്
ശങ്കർ കസേരയിൽ നിന്നും എഴുന്നേറ്റു. ''അല്ല...,നീയെന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞല്ലോ?എന്താത്..?"
"അത് ഞാൻ പറയാം ഇപ്പോ നീ പോയി ആ കുട്ടിയെ കാണു''.
"ശരി,എന്നാ താനും വാ...''
''എന്തിന് നീ പോയേച്ചും വാ...ഞാനിവിടെ ഇരിക്കാം".
''വേണ്ട താനും വാ...''
അവന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശ്രീയും അവനൊപ്പം ചെന്നത്.
തുടരും...