ഭാഗം 5
എല്ലാം കേട്ട് അടി കിട്ടിയ മട്ടിൽ നിൽപ്പായിരുന്നു ശ്രീ; നന്ദേട്ടന് ആക്സിഡൻ്റ് പറ്റിയതറിഞ്ഞ് താനും, ഉണ്ണീട്ടനും മദ്രാസിലേക്ക് പുറപ്പെട്ടതും. അവിടെ എത്തിയപ്പോൾ, ആളിനി ജീവിച്ചിരുന്നിട്ടും വല്യ കാര്യമില്ലെന്നും ഡോക്ടർ പറഞ്ഞത് ഞാനോർത്തു.
ഇടയ്ക്ക് ചെറിയൊരു ബോധം വന്നപ്പോൾ തന്‍റെ ഹൃദയം ഗൗരിക്ക് നൽകണമെന്ന് പറഞ്ഞതോർക്കുന്നു. അതാരാണെന്ന് പറയുന്നതിനു മുന്നേ,അദ്ദേഹത്തിന്‍റെ ശ്വാസം നിലച്ചു. ഇപ്പോൾ മനസിലാകുന്നു ആ, ഹൃദയത്തിന്‍റെ ഉടമ ആരാണെന്ന്. നന്ദേട്ടന്‍റെ മരണവും മറ്റുമായി നാട്ടിലേക്ക് വന്നപ്പോൾ ആ ഹൃദയം സ്വീകരിച്ച ആളെ കാണണമെന്ന ആഗ്രഹം അതിയായി ഉണ്ടായിരുന്നു. പക്ഷെ അവർ മദ്രാസ് വിട്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോഴെല്ലാം മനസിലാകുന്നു. ആദ്യ കാഴ്ചയിൽ ഗൗരിക്കുണ്ടായ ഷോക്ക്, ഓർമ്മയില്ലെങ്കിലും അവളുടെ ഉപബോധമനസ്സിൽ നന്ദേട്ടൻ ഇപ്പോഴും ഉണ്ട്. അത് ഉൾക്കൊള്ളാൻ പലപ്പോഴുമവൾക്ക് കഴിയാതെ വരുന്നുണ്ട്. ആശങ്കയോടെ, ഞാനദ്ദേഹത്തോട് ചോദിച്ചു.
"അപ്പോൾ ഗൗരിയുടെ ശസ്ത്രക്രിയ?''
''ആ കഴിഞ്ഞു, നന്ദൻ മരിക്കുന്നതിനുമുന്നേ... അവന്‍റെ ഹൃദയമാണ് ഞങ്ങളുടെ മോളുടെ ഉള്ളിൽ തുടിക്കുന്നത്. അതവൾക്കറിയില്ല. ഓർമ്മകളെ വീണ്ടും ഉണർത്തേണ്ടതില്ലെന്ന് കര്തി ഞങ്ങളത് മനപ്പൂർവ്വം ഒളിച്ചു. അവളുടെ ഓർമ്മ നഷ്ടപ്പെട്ട സമയമായിരുന്നു. എല്ലാം നടന്നത്. മൂടിക്കെട്ടി വെച്ച മനസ്സിനെ ഇത്തിരി തുറന്നു വിട്ട ആശ്വാസത്തിൽ കൃഷ്ണദാസ് സെറ്റിയിൽ ചാരി കണ്ണടച്ചു.
എന്ത് ചെയ്യേണ്ടു, അല്ലെങ്കിൽ എന്ത് പറയേണ്ടു എന്ന അങ്കലാപ്പിലായിരുന്നു അപ്പോൾ ഞാൻ.
''അങ്കിൾ" എൻ്റെ വിളിയിൽ അദ്ദേഹം പതിയെ കണ്ണുതുറന്ന് എന്താണെന്നർത്ഥത്തിൽ എന്നെ നോക്കി. എനിക്ക് ഗൗരിയുടെ മുറിയൊന്ന് കണ്ടാൽ കൊള്ളാമായിരുന്നു.
ഒരു എതിർപ്പും കൂടാതെ അദ്ദേഹം ഗൗരിയുടെ മുറിയിലേക്കെന്നെ കൊണ്ടുപോയി.
എല്ലാം നല്ല അടുക്കും ചിട്ടയോടെയും വച്ചിരിക്കുന്നു.
"പോലീസുകാർ കേറിയിറങ്ങിയപ്പോൾ എല്ലാം വാരി വലിച്ചിട്ടിരുന്നു. അവരുടെ സ്വഭാവം അറിയാലോ...? ഗോകുലാണെന്ന് തോന്നുന്നു എല്ലാം അടുക്കി വെച്ചത്" ആത്മഗതം പോലെ അദ്ദേഹം പറഞ്ഞു . ''ശ്രീ; എല്ലാം നോക്കൂ.., ഞാൻ സ്വീകരണ മുറിയിലുണ്ടാവും''
ചന്ദനത്തിരിയുടേതോ മറ്റോ ആയ ഒരു സുഗന്ധം ആ മുറിയിൽ തങ്ങി നിന്നിരുന്നു. ഞാനാ മുറിയാകെ ഒന്നു കണ്ണോടിച്ചു .വായിക്കാനുള്ള മേശയും അതിൽ കുറേ പുസ്തകങ്ങളും .അടുക്കി വെച്ച പുസ്തകങ്ങൾ ഓരോന്നെടുത്തു നോക്കിയപ്പോൾ എറ്റവും അടിയിലായി ,ഒരു ഡയറിയിരിക്കുന്നു . മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കരുതെന്നാണ് .ഇവിടെ ഇപ്പൊ എന്ത് സ്വകാര്യം ഞാനതിന്‍റെ താളുകൾ ഓരോന്നായി മറിച്ചു . പക്ഷേ അതിൽ കാര്യമായിട്ടൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല .അതെടുത്ത സ്ഥലത്ത് തന്നെ തിരികെ വെച്ചു . നിരാശനായി അങ്ങനെ ചുറ്റിലും നോക്കുമ്പോഴാണ് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന താക്കോൽ കൂട്ടം കണ്ടത് . ഞാനതെടുത്തു , ആ മുറിയിൽ ചെറിയൊരു ഷെൽഫിരിപ്പുണ്ട് അതിന്‍റേതാവാം. അതിലെ നമ്പർ ഒത്തു നോക്കി ഞാനത് തുറന്നു .അത് തുറക്കേണ്ട താമസം, അതിന്‍റെ ഉൾവശത്തു നിന്നും എന്തൊക്കെയോ...,സാധനങ്ങൾ പുറത്തു ചാടി .ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി . കാരണം അവയൊക്കെ വിവിധ തരത്തിലും നിറത്തിലുമുള്ള പാവകുട്ടികളായിരുന്നു . ഓരോ. അറകൾ തുറന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. കുറേ...ആശംസകാർഡുകൾ ഓരോന്നിലും വടിവൊത്ത അക്ഷരങ്ങളിൽ നന്ദന്‍റെ പേരെഴുതി സൈൻ ചെയ്തിട്ടുണ്ട്. പിന്നെ കുറേയേറെ പെയിന്‍റി ങ്ങുകൾ എല്ലാം പുതിയതു പോലിരിക്കുന്നു . എറ്റവും അവസാനത്തെ അറ തുറന്നു അതിലെന്തോ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഞാനത് മെല്ലെ തുറന്നു. ക്ളാവു പിടിക്കാനൊരുങ്ങുന്ന 'രണ്ടു ചിലങ്കകൾ'! പെയിന്‍റിൽ ഉൾ എന്നെഴുതിയ ഗൗരിയുടെ ഒരു എണ്ണച്ചായ ചിത്രം. നന്ദേട്ടന്‍റെ ഒരു ഫോട്ടോ; ഞാനത് സൂക്ഷിച്ചു നോക്കി ഏട്ടനെന്‍റെ അരികിലുള്ളതു പോലെ! അതൊക്കെ ഭദ്രമായി പൊതിഞ്ഞ് ഞാനവിടെ തന്നെ വച്ചു . എല്ലാം ലോക്കു ചെയ്യ്ത് പുറത്തിറങ്ങിയപ്പോൾ കണ്ടു . തലയ്ക്ക് കൈയൂന്നിയിരിക്കുന്ന അങ്കിളിനെ , എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു .
''എല്ലാം കണ്ടോ...?''
ഉവ്വെന്ന് ഞാൻ തലയാട്ടി.
''അതിലെ ഒരോ കാര്യങ്ങളും എന്നെ വിസ്മയിപ്പിക്കുന്നു. എല്ലാത്തിനും ഒരു പഴമയുടെ പുതുമ''.
"ശരിയാണ് ശ്രീ...അതൊക്കെ ഗൗരിയുടെ ജീവനായിരുന്നു. ആ ഷെൽഫ് കണ്ടുകാണുമല്ലോ...?അതെല്ലാം നന്ദൻ ഗൗരിക്ക് സമ്മാനിച്ചതായിരുന്നു . എല്ലാമവൾ മറന്നു പോയിരുന്നു . വീണ്ടും ഓർമ്മപ്പെടുത്തേണ്ടെന്നു കര്തി ഞങ്ങളതിന്‍റെ താക്കോൽ ഒളിച്ചു വെച്ചു. ചോദിച്ചപ്പോൾ അത് നഷ്ടപ്പെട്ടു പോയെന്ന് കള്ളം പറഞ്ഞു. പോലീസുകാർ അന്വേഷണത്തിന് വന്നപ്പോഴാണ് വീണ്ടുമത് പുറത്തെടുത്തത്. പിന്നെയത് അവിടെ തന്നെ വച്ചു''. അദ്ദേഹത്തിന് ആത്മ വിശ്വാസം നൽകി അവിടെ നിന്നിറങ്ങിയ എനിക്ക് ഉണ്ണീട്ടനെ കണ്ടപ്പോൾ സ്വരു കൂട്ടി വെച്ച ആത്മ നിയന്ത്രണം കൈ വിട്ടു പോയി. ഗൗരിയെ കാണാതായ വിഷമം കൊണ്ടാണെന്നു കര്തി അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. പലതും ഏട്ടനോട് തുറന്നു പറഞ്ഞാലോ... എന്ന് വിചാരിച്ചെങ്കിലും അത് വേണ്ടെന്ന് മനസ്സ് വിലക്കി.
മനസിലൊരു കുറ്റബോധം നീറി പിടയുന്നു, തനിക്കവളോട് പോകുന്ന കാര്യം പറയാമായിരുന്നു. സ്നേഹത്തെ അളക്കാൻ ശ്രമിച്ചത് തെറ്റായി പോയി. നന്ദേട്ടനുണ്ടായിരുന്നെങ്കിൽ നന്ദേട്ടന്‍റെ പെണ്ണായി കടന്നു വരേണ്ടവൾ. ആകപ്പാടെ ഭ്രാന്തെടുക്കുന്നതു പോലെ.,ഗൗരിയുടെ വിശേഷങ്ങളറിയാൻ പിറകെ കൂടിയ ഏടത്തിയോടന്നാദ്യമായി സംസാരിക്കുമ്പോഴെനിക്ക് മടുപ്പ് തോന്നി. എവിടേക്കെങ്കിലും ഇറങ്ങിപോയാലോ എന്നു പോലും ചിന്തിച്ചു .
ആ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. പുലരാനായപ്പോഴാണ് കണ്ണൊന്നടഞ്ഞത്. “ശ്രീക്കുട്ടാ...ശ്രീക്കുട്ടാ...,”ആരോ വിളിക്കുന്നതു പോലെ തോന്നിയത്. കണ്ണുകൾ തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. മുന്നിൽ പുഞ്ചിരിയോടെ നന്ദൻ.
''ഏട്ടാ..!''
ഞാൻ പതിയെ വിളിച്ചു .
''ശ്രീ..കുട്ടാ, നിന്നോട് ഞാനൊരു കാര്യം പറയാനാ വന്നത് ''.
''എന്താ...ഏട്ടാ..."
''കൃഷ്ണനങ്കിൾ എല്ലാം നിന്നോട് പറഞ്ഞില്ലേ...?എല്ലാം സത്യാണ്. ഗൗരിയെ നീ കണ്ടെത്തണം. നിനക്കതിന് കഴിയും എനിക്കതുറപ്പുണ്ട്. ആ ലക്ഷ്യം നിറവേറുന്നതു വരെ ഞാൻ നിന്‍റെ കൂടെയുണ്ടാവും. അത്രയും പറഞ്ഞ് ചിരിയോടെ നന്ദേട്ടൻ നടന്നു മറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ശക്തിയായി മുട്ടുന്നതു കേട്ടു. അപ്പോൾ മാത്രമാണ് എന്‍റെ ഉറക്കം ഞെട്ടിയത്; ഏട്ടാ...,നന്ദേട്ടാ...!എന്ന വിളിയോടെ വാതിൽ തുറന്നപ്പോൾ മുന്നിൽ ഏടത്തിയായിരുന്നു. "ഏടത്തീ..നന്ദേട്ടൻ ...! എവിടെ? എങ്ങോട്ടു പോയി ...?''
''ശ്രീ ക്കുട്ടാ....,നീയെന്താ ഉറക്കപ്പിച്ച് പറയുകയാണോ?''
''അല്ല ഏടത്തീ, ഞാൻ സത്യായിട്ടും, എന്‍റെയടുത്തുണ്ടായിരുന്നു. പിന്നെയിതവിടെ പോയീ...''
അതുകേട്ടപ്പോൾ ഏടത്തിയുടെ കണ്ണു നിറഞ്ഞു .
"ശ്രീക്കുട്ടൻ സ്വപ്നം കണ്ടതാ...അല്ലാതെ നമ്മുടെ നന്ദനെങ്ങനെ വരാനാ...!"
വിഷമത്തോടെ സുധ മുറി വിട്ടിറങ്ങി.
തുടരും...