ഭാഗം - 2
ഉഴവൂരിന്റെ കിഴക്കനതിർത്തിയിൽ കോട്ടകെട്ടിയപോലെ നീണ്ടു കിടക്കുന്ന നെടുമലക്കുന്ന്.കുന്നിനു പടിഞ്ഞാറു വശം ഉഴവൂർ ഗ്രാമം. കുന്നിന്റെ കിഴക്കൻ അടിവാരം രാമപുരം പഞ്ചായത്തിന്റെ ഭാഗമായ ഇടക്കോലി ഗ്രാമം. നെടുമലക്കുന്നിന് എതിരെ കിഴക്കു വശത്ത് ഉയർന്നു നില്ക്കുന്ന കൊണ്ടാട് മല. നെടുമലക്കുന്നിന്റെ തെക്കുഭാഗം കരൂർ പഞ്ചായത്തിലാണ്. അങ്ങനെ ഉഴവൂരിന്റെ തെക്കുകിഴക്കേ മൂലയിലായിരുന്നു നടുപ്പറമ്പിൽ കുടുംബം.
വലിയ തറവാടിത്തമൊന്നുമില്ലെങ്കിലും അന്തസ്സായി കൃഷിചെയ്ത് ജിവിച്ച കാരണവന്മാർ. പറമ്പിലെ തെങ്ങുകളും കാമുകും പ്ലാവും മാവും മുരിങ്ങയും നാരകവും കുപ്പയിൽ മുളച്ചു പൊങ്ങുന്ന മത്തനും കുമ്പളയും വെള്ളിരിയും പാവലും കാന്താരിയും കുടുംബത്തിന് കഴിയാനുള്ള വക നല്കിക്കൊണ്ടിരുന്നു.
ചുറ്റും താമസിച്ചിരുന്ന അധ്വാന ശീലരായ കൃസ്ത്യാനികൾ കപ്പയിടാനും ഇഞ്ചി നടാനും പറമ്പുപയോഗിച്ചിരുന്നതുകൊണ്ട്
വിളകളുടെ മൂന്നിലൊന്ന് വാരമായും ലഭിച്ചിരുന്നു. കുടുംബത്തിലെ ആണുങ്ങളൊക്കെ നാടിന്റെ സാമൂഹിക ജീവിതവുമായി ഇണങ്ങിച്ചേന്ന്, സഹകരിച്ച് ജീവിച്ചിരുന്നു.
അവിടുത്തെ കാരണവത്തിനാണ്, വിധവയായ നാണിയമ്മ. നാണിയമ്മയ്ക്ക് മൂന്ന് ആൺമക്കളും ഒരു മകളും. മകൾ ജാനകിയമ്മയാണ് നാരായണൻ നായരുടെ ഭാര്യ. ആണുങ്ങൾ ഗോപാലൻ, കുട്ടപ്പൻ, ചന്ദ്രൻ. കുട്ടപ്പൻ നല്ല പ്രായത്തിലെ അസുഖം വന്നു മരിച്ചു പോയി. ഗോപാലൻ നായർ വടക്ക് കൂടപ്പുലം കരയിൽ ചെമ്പ്രത്താത്ത് തറവാട്ടിലാണ് താമസം. നാണിയമ്മയുടെ ഒരേയൊരാശ്രയമായിരുന്ന ആൺതരിയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്.
പ്രായം കൊണ്ടും വിട്ടുമാറാത്ത ശ്വാസകോശരോഗംകൊണ്ടും ആവയാണ് നാണിയമ്മ. ചന്ദ്രൻ നായർ മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയും മകനും അവരുടെ തറവാട്ടിലേക്ക് തിരിച്ചു പോയി.
നാണിയമ്മ തനിച്ചായി. വല്ലപ്പോഴും കൂടപ്പുലത്തു താമസിക്കുന്ന മകൻ ഗോപാലൻ നായർ വന്ന് തേങ്ങ ഇടീക്കുകയും നാണിയമ്മയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. മകളായ ജാനകിയമ്മ അടുത്തുതന്നെ താമസിച്ചിരുന്നതിനാൽ
അത്യാവശ്യത്തിന് വിളിക്കാനൊരു ആളുണ്ടെന്നു മാത്രം. ഒരുദിവസം ഗോപാലൻ നായർ വന്നു വിളിക്കുമ്പോൾ അമ്മ വിളി കേട്ടില്ല. ആ അമ്മ എപ്പോഴോ മരിച്ചു കഴിഞ്ഞിരുന്നു.
നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മയ്ക്ക് എട്ടു മക്കൾ. ആറ് പെണ്ണും രണ്ട് ആണും. പെണ്ണുങ്ങൾ കമലാക്ഷി, ഭാരതി, രുഗ്മിണി, സരോജിനി, സുമതി, അമ്മുക്കുട്ടി.
ആണുങ്ങൾ രാമചന്ദ്രൻ, കൃഷ്ണൻ കുട്ടി. നാരായണൻ നായരുടെ കുടുംബത്തിന് ഒന്നൊന്നര ഏക്കർ ഭൂമിയുണ്ടെന്നല്ലാതെ പ്രത്യേക വരുമാനമാർഗ്ഗങ്ങളില്ല. ഉള്ള സ്ഥലത്ത് കപ്പയിട്ടും ഇഞ്ചി നട്ടും ഭക്ഷ്യ വിളകളായ ചേമ്പും കാച്ചിലും ചെറുകിഴങ്ങും ചേനയും വാഴയും പച്ചക്കറികളും കൃഷിചെയ്തും കഷ്ടിച്ച് കഴിഞ്ഞുകൂടുന്ന കാലം.
രാമചന്ദ്രന് മുമ്പേ പിറന്ന മൂന്ന് സഹോദരിമാരുടെ വിവാഹം നടത്തിയെങ്കിലും കുടുംബത്തെ കടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.കടബാദ്ധ്യതകൾ തീർക്കുന്നതിനു വേണ്ടി നാരായണൻ നായർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. അതിനിടയിൽ മൂന്നാമത്തെ മകളുടെ ഭർത്താവ് രാമകൃഷ്ണനുമൊത്ത് നാരായണൻ നായർ പൊൻകുന്നത്തൊരു ജന്മിയുടെ വീട്ടുകാര്യസ്ഥനായി പണിചെയ്യാൻ തുടങ്ങി. പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തിൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
തകർന്നു നില്ക്കുന്ന ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം രാമചന്ദ്രനിലായി. അവിവാഹിതയായ മൂന് നുസഹോദരിമാർ. പഠിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ഇളയ സഹോദരങ്ങൾ. വിവാഹം കഴിയാത്ത മുതിർന്ന സഹോദരി പണിക്കുപോകേണ്ട ഗതികേട് നിസ്സഹായതയോടെ നോക്കിനില്ക്കേണ്ടി വന്നു രാമചന്ദ്രന്. എന്തെങ്കിലും പണി ചെയ്ത് പണമുണ്ടാക്കാതെ കുടുംബം മുന്നോട്ടു പോകില്ല, എന്ന് ഉറപ്പായി.
എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുമ്പോഴാണ് മാർക്സിസ്റ്റ് ചിന്താധാരയിൽ രാമചന്ദ്രൻ ആകൃഷ്ടനാവുന്നത്. ഒരു കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിനു മാത്രമേ തങ്ങളെപ്പോലെയുള്ള ജനകോടികൾക്ക് ജീവിക്കുവാൻ സഹായിക്കുന്ന ഭരണം നിർവഹിക്കാൻ കഴിയൂ എന്ന് വിശ്വസിച്ച് പാർട്ടി പ്രവർത്തനത്തിലേക്ക് ഭാഗികമായി തിരിയാൻ തുടങ്ങി.
സ്ഥിരമായ ഒരു വരുമാനമാർഗം ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. പലരുടെയും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് ഉഴവൂരെ ചാത്തക്കുളം ക്ഷേത്രത്തിനടുത്ത് ഒരു ചായക്കട നടത്താൻ തീരുമാനിച്ചു. കമുകും പനയോലയും കൊണ്ടു നിർമിച്ച ഒരു താത്കാലിക ഷെഡിൽ ചായക്കട പ്രവർത്തനം തുടങ്ങി. ആദ്യനാളുകളിൽ നല്ല കച്ചവടവും ലാഭവും കിട്ടി. സഹായത്തിനായി അനുജൻ കൃഷ്ണൻ കുട്ടിയും കടയിൽ നിന്നു.
കട ഭംഗിയായി മുന്നേറുമ്പോൾ പാർട്ടി പ്രവർത്തനവും ഊർജസ്വലമാക്കാൻ തീരുമാനിച്ചു. കാലക്രമേണ പാർട്ടി പ്രവർത്തനം പുരോഗമിക്കുകയും ചായക്കട അടച്ചുപൂട്ടലിലേക്ക് എത്തിച്ചേരുകയും ചെയ്തു!
ചായക്കടയിലെ പറ്റുപടിക്കാർ വലിയ കുടിശ്ശിക ഉണ്ടാക്കിയതാണ് മുന്നോട്ടു നീങ്ങാൻ കഴിയാതെ വന്നതിനു കാരണം. ഇത്രയും നാൾ കഷ്ടപ്പെട്ടതിന്റെ ഫലം നാട്ടിലെ പല തട്ടിപ്പുകാരുടെ രക്തവും മാംസവും ആയി മാറി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അന്ന് പുതുതായി കച്ചവടം തുടങ്ങുന്ന മിക്കവാറും ആളുകൾ കട പൂട്ടാൻ കാരണം കടം കൊടുത്തത് തിരിച്ചു കിട്ടാത്തതിനാലാണ്.
(തുടരും)