ഭാഗം - 7
മനോജിന്റെ കല്യാണം
രാമചന്ദ്രൻ നായർ അറിയാവുന്ന ബ്രോക്കർമാരോടൊക്കെ മനോജിന് പെണ്ണന്വേഷിക്കുവാൻ പറഞ്ഞു. ഈ ഉത്സാഹത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറിയൊരു തുകയാണെങ്കിലും സ്ത്രീധനമായി കിട്ടിയാൽ സഹോദരി മഞ്ജുവിന് കൊടുക്കാനുള്ളത് കുറച്ചെങ്കിലും കൊടുത്തു തീർക്കാം!
പക്ഷേ, പണിയില്ലാത്ത പയ്യന് സ്ത്രീധനം കൊടുത്ത്, പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ ആരും തയ്യാറല്ല. ഒരു സർക്കാരു ജോലിയോ, സ്ഥിരവരുമാനമോ ഉള്ള ചെറുക്കാനാണ് ഡിമാന്റ്.
അന്വേഷണങ്ങളുടെ അവസാനം എത്തിയത് പാലായിക്കടുത്ത് മുരിക്കുമ്പുഴ ഭാഗത്തുനിന്നുള്ള, പ്ലസ് ടൂ വരെ പഠിച്ച ദേവു എന്ന പെൺകുട്ടിയിലാണ്. അവര് രണ്ടു ലക്ഷം രൂപയും പത്തു പവന്റെ ആഭരണവും കൊടുത്ത് പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ തയ്യാറായിരുന്നു. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു. കിട്ടിയ സ്ത്രീധനത്തുകയുടെ മുക്കാൻ ഭാഗവും മകൾ മഞ്ജുവിന്റെ ഭർത്താവിന് കൊടുത്തു.
രാമചന്ദ്രൻ നായരുടെ ഈ പ്രവൃത്തിയെ ന്യായീകരിക്കാൻ മനോജിന് കഴിഞ്ഞില്ല. അച്ഛൻ തന്നെ വെച്ച് വിലപേശി കിട്ടിയ ലാഭം മഞ്ജുവിനു കൊടുത്തത്, മനോജിന് ഇഷ്ടമായില്ല. അത് അച്ഛനും മകനും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു.
ഇപ്പോൾ ഈ കല്യാണം വേണ്ടെന്നു പറഞ്ഞാൽ സമൂഹം തന്നെ പഴിക്കും.
ബന്ധുക്കൾ പിണങ്ങും. ആരുടെയും പഴി കേൾക്കാതിരിക്കാൻ കല്യാണത്തിന് ഒരു മരപ്പാവയേപ്പോലെ നിന്നു കൊടുക്കാൻ തീരുമാനിച്ചു.
ഈ മാനസിക പിരിമുറുക്കത്തിന് ഒരയവു കിട്ടും എന്നു വിചാരിച്ച് കൂടുതൽ കുടിച്ചു. ഓട്ടോ ഓടിക്കിട്ടുന്ന രൂപ തികയാതെ വന്നപ്പോൾ കടം വാങ്ങി കുടി തുടർന്നു. എത്ര കുടിച്ചിട്ടും മനസ്സിലെ കനലിന്റെ ചൂട് കുറഞ്ഞില്ല.
കല്യാണം ദിവസം അടുത്തു വരുകയാണ്. കുളിയും ഭക്ഷണവും ഇല്ലാതെ, മുടിയും താടിയും വളർത്തി മനോരോഗിയെപ്പോലെ അലയുന്ന മനോജിനെ , രാമചന്ദ്രൻ നായരുടെ മരുമക്കളായ പ്രകാശനും ബിജുവും ചേർന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി. എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ അവർ കൂടെ നില്ക്കാമെന്ന് ഉറപ്പു നല്കി. മനോജിന് അച്ഛന്റെ സഹോദരിമാരുട മക്കളായി ധാരാളം സഹോദരങ്ങളുണ്ട്. അവരോടൊക്കെ നല്ല സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന യുവാവാണ് മനോജ്. അവർ ചെയ്യരുതെന്നു പറയുന്നത് മനോജ് ചെയ്യുകയുമില്ല.
വളരെ സന്തോഷത്തോടും ആർഭാടത്തോടും കൂടി മനോജിന്റെ കല്യാണം നടന്നു. കല്യാണസമ്മാനമായി നല്ലൊരു തുക ലഭിച്ചതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ അധികം അലട്ടിയതുമില്ല.
പക്ഷേ, ഈ ആർഭാടം കാണിക്കാൻ രാമചന്ദ്രൻ നായർക്ക് വീണ്ടും ഒന്നര ലക്ഷം രൂപയോളം കടം മേടിക്കേണ്ടി വന്നു. ഒടുവിൽ ആരോടൊക്കെ മേടിച്ചു, ആർക്കൊക്കെ കൊടുക്കാനുണ്ട് എന്ന കാര്യം പോലും നിശ്ചയമില്ലാതായി.
കല്യാണത്തിനും ശേഷം ഒരു മാസത്തോളം സന്തോഷത്തോടെ ജീവിതം മുന്നേറി. പതുക്കെപ്പതുക്കെ കടം തന്നവർ തിരികെ ചോദിക്കാൻ തുടങ്ങി. ഓട്ടോ കുറേ നാൾ ഓടാതെ കിടന്നുകൊണ്ട് ചില്ലറ റിപ്പയറിംഗ് കൂടാതെ ഓടിക്കാൻ കഴിയാത്ത നിലയിലാണ്. മനോജിന്റെ കൈയിൽ പണമില്ലാത്ത അവസ്ഥ. വണ്ടി ഇറക്കാതെ വരുമാനത്തിന് വഴിയില്ല. രാമചന്ദ്രൻ നായരുടെ ചായക്കടയുടെ സ്ഥിതിയും വളരെ മോശം. കല്യാണത്തിരക്കിൽ പല ദിവസങ്ങളിലും കടം തുറന്നിരുന്നില്ല. സ്ഥിരം ചായകുടിക്കാൻ എത്തിയിരുന്നു വരാതായി. പലരും വലിയ തുക കടം പറ്റിയവരുമാണ്.
പണത്തിന് മാർഗം കാണാതെ വന്നപ്പോൾ മനോജ് ഒരു ചെയ്യരുതാത്ത കാര്യം ചെയ്തു. ദേവു അണിയിച്ച കല്യാണം മോതിരം പണയം വെച്ചു. അത് ഭാര്യയെ വളരെ നിരാശപ്പെടുത്തി. മനോജ് അവളെ ആശ്വസിപ്പിച്ചു:
" വേറെ വഴികാണാത്തതുകൊണ്ട് ചെയ്തു പോയതാണ്. നാലുദിവസം ഓട്ടോ ഓടിയാൽ തിരിച്ചെടുക്കാവുന്നതേയുള്ളു."
ഈ വിവരം അറിഞ്ഞ രാമചന്ദ്രൻ നായർ പൊട്ടിത്തെറിച്ചു:
"നീയൊക്കെ ഇതേ ചെയ്യൂ. വിറ്റു തുലച്ചിട്ട് ബ്രാണ്ടി കുടിച്ചു കാണും. നീയൊന്നും നന്നാകാൻ പോകുന്നില്ല. അട്ടേപ്പിടിച്ച് മെത്തേക്കിടത്തിയാൽ കിടക്കയിൽ കിടക്കില്ല എന്നാണല്ലോ ചൊല്ല്."
ഭാര്യ കേൾക്കെ വിറ്റു കുടിച്ചവൻ എന്നു പറഞ്ഞത് മനോജിന് സഹിക്കാൻ കഴിഞ്ഞില്ല.
"അച്ഛൻ നശിപ്പിക്കുന്നിടത്തോളം ഞാൻ ചെയ്യുന്നില്ല. എന്നെ വിറ്റു മേടിച്ച സ്ത്രീധനപ്പണത്തിന്റെ പത്തിലൊന്ന് എനിക്ക് തന്നിരുന്നെങ്കിൽ; എനിക്കിതു ചെയ്യേണ്ടി വരില്ലായിരുന്നു. അതുടനെ തന്നെ മകടെ കെട്ടിയോനു കൊണ്ടെക്കൊടുത്തത് ആരെ നന്നാക്കാനാ?"
"വീട്ടിലെ ബാദ്ധ്യത തീർക്കേണ്ടത് നിന്റെ കൂടെ ഉത്തരവാദിത്വമല്ലേ?"
"അതിന് ഞാനിത്രനാളും പണിയെടുത്തതിന്റെ ഫലം അച്ഛനെയല്ലേ ഏൽപ്പിച്ചത്? അതുകൊണ്ടുപോയി പാർട്ടിക്ക് സംഭാവന കൊടുത്തോ?"
പാർട്ടിക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തുന്നത് രാമചന്ദ്രൻ നായക്ക് ന്യായീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പാർട്ടി പ്രവർത്തനം ഒരനുഷ്ഠാനം പോലെയാണ്, പൂജയാണ്, ധ്യാനമാണ്, ധർമമാണ്! ജീവിതത്തിൽ ചെയ്ത ഏറ്റവും അർഥവത്തായ കാര്യം പാർട്ടി പ്രവർത്തനമാണെന്നാണ് ധാരണ. പാർട്ടിക്കാരു മാത്രമാണ് തന്നെ കുറ്റപ്പെടുത്താത്തത്. പാർട്ടി മാത്രമാണ് തന്നെ ആദരിച്ചിട്ടുള്ളത്. അവരാണ് തനിക്ക് നിലയും വിലയും മുണ്ടെന്ന് തിരിച്ചറിഞ്ഞവർ. ഇപ്പോൾ ബ്രാഞ്ചുകമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിരിക്കുകയാണ്.
"അതെയതെ, കുടിച്ചു മുടിയുന്നതിലും എത്രയോ നല്ലതാണ് പാർട്ടിക്കു കൊടുക്കുന്നത്."
തർക്കം കൊണ്ട് പ്രയോജനമില്ലെന്നറിഞ്ഞ രണ്ടു പേരും തത്ക്കാലം നിശ്ശബ്ദരായി.
(തുടരും...)