ഭാഗം 14
ഏതാനും മാസങ്ങൾ ഇഴഞ്ഞു നീങ്ങി. സമയത്തിനൊപ്പം ജീവിതങ്ങളും. ആ സമയത്താണ് കോവിഡ് എന്ന മഹാരോഗം ലോകത്തെ ഞെട്ടിവിറപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത്.
ഓട്ടോ റിക്ഷയുടെ ഓട്ടം ഇല്ലാതായി. കടകളടഞ്ഞു. സർക്കാരിന്റെ കിറ്റുകളല്ലാതെ വരുമാനമാർഗങ്ങൾ ഒന്നും ഇല്ലാതായി. മരുന്ന് മേടിക്കാൻ ഒരു വഴിയും കാണാതെ മനോജ് വിഷമിച്ചു. ജനങ്ങൾ ഒന്നടങ്കം ഭീതിയുടെ നിഴലിലാണ്. നിസ്സഹായതയുടെ നിഴലിൽ മരണത്തിന് കാതോർത്തു കഴിയുന്ന മനുഷ്യർ.
മരുന്നിന് പണമില്ലാത്തതുകൊണ്ട് മനോജ് മരുന്നു കഴിക്കൽ നിർത്തി. പക്ഷേ ഈ വിവരം ആരെയും അറിയിച്ചില്ല.
കിറ്റിന്റെ ബലത്തിൽ ജീവൻ നിലനിർത്തിയ ദിവസങ്ങൾ. പാലും പച്ചക്കറികളും വാങ്ങാൻ കഴിയാതായി. വല്ലപ്പോഴും അത്യാവശ്യക്കാർ വിളിച്ചാലാണ് ഓട്ടോയിക്ക് ഓടാൻ കഴിയുക. പലപ്പൊഴും ഗ്യാസ്സിന്റെ ഉപദ്രവം പോലെ വയറ് കമ്പിക്കും. ഗ്യാസ്സാണെന്നു കരുതി അതിനെ അവഗണിച്ചു.
ഒരുദിവസം ഉച്ചകഴിഞ്ഞ് വെറതെയിരിക്കുമ്പോൾ വയർ വീർക്കാൻ തുടങ്ങി. പതുക്കെ ശ്വാസം മുട്ടലും അനുഭവപ്പെട്ടു. വീട്ടുകാർ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചു. പ്രയാസമുണ്ടെങ്കിലും എങ്ങു പോകേണ്ട, ഇവിടെ കിടന്നാൽ മതി എന്നാണ് മനോജിന്റെ നിലപാട്.
മരുന്ന് മുടക്കിയതുകൊണ്ട് കരൾ വീണ്ടും വീർക്കാൻ തുടങ്ങിയതാണെന്ന് മനോജിനറിയാമായിരുന്നു. ഇനി ആശുപത്രിയിൽ പോയി പണം കളയണ്ട എന്ന നിലപാടാണ് മനോജിന്.
ഭാര്യ ദേവു, സഹോദരി ഭാമയെ വിളിച്ച് വിവരം പറഞ്ഞു. ഭാമ എത്രയും വേഗം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അവിടെയെത്തിച്ചപ്പോൾ, ഡോക്ടർമാർ അഡ്മിറ്റ് ചെയ്തതല്ലാതെ കൂടുഥലൊന്നും പറഞ്ഞില്ല.
വയറിനുള്ളിൽ നിന്ന് വെള്ളം കുത്തിയെടുത്തു കളഞ്ഞപ്പോൾ, ശ്വിസം വിടാം എന്നായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വയറു വീർക്കും. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ വെള്ളം കുത്തിയെടുത്തുകൊണ്ടിരുന്നു.
അവിടെയെത്തി മൂന്നാം ദിവസം നില വളരെ മോശമായി. ബോധം നഷ്ടപ്പെട്ടു. ഡോക്ടർ ഇനി പ്രതീക്ഷയില്ല എന്നറിയിച്ചു. ബനധുക്കളെ വിവരമറിയിച്ചുകൊള്ളാൻ പറഞ്ഞു. രാത്രി രണ്ടു മണിയോടെ മനോജ് മരിച്ചു.
മനോജിന്റെ മരണമറിഞ്ഞ് ഇടിയനായിലേക്കു തിരിച്ച ഓമനച്ചേച്ചി കുറിഞ്ഞിക്കവലയിൽ ബസ്സിറങ്ങി ഒരു ഓട്ടോക്കാരനെ വിളിച്ചു. മനോജിന്റെ വീട്ടിലേക്കാണ് ഓട്ടം എന്നറിയിച്ചപ്പോൾ ഓട്ടോക്കാരൻ പറയാൻ തുടങ്ങി.
"മനോജ് എന്റെ സൃഹൃത്തായിരുന്നു. നല്ല മനസ്സുള്ളവനായിരുന്നു."
"നിങ്ങളൊക്കെ ഒന്നിച്ച് മദ്യപിക്കുമായിരുന്നല്ലേ?"
"വല്ലപ്പോഴും. ഞങ്ങൾ മനോജിനോട് പറഞ്ഞതാണ് അവന്റെ മദ്യപാനം ആപത്താണെന്ന്."
"എന്നിട്ട്?"
"അവന് അച്ഛനോടുള്ള വാശിയായിരുന്നു. കുടിച്ചു കുടിച്ച് ചങ്കുപൊട്ടി അച്ഛന്റെ മുമ്പിൽ മരിച്ചു വീഴുമെന്ന് പറയുമായിരുന്നു."
"വിധി തിരിച്ചായിപ്പോയി. അച്ഛൻ തല തകർന്ന് മകന്റെ മുമ്പിൽ മരിച്ചു വീണു."
"കഷ്ടമായിപ്പോയി!"
"ഇത്തരം വാശികളും വൈരാഗ്യങ്ങളും തിരിച്ചറിവില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിയല്ലേ? മനസ്സിനകത്ത് പൂട്ടിവെച്ചിരിക്കുന്ന വികാരങ്ങളെ തുറന്നു വിടണം. മനുഷ്യ ജീവിതത്തിലും ഗ്ലാസ്നോസ്റ്റ് നടപ്പിലാക്കണം. അടയ്ക്കാനല്ല, തുറക്കാനല്ലേ ശ്രമിക്കേണ്ടത്."
വണ്ടി ഇടിയനായിൽ എത്തിയതുകൊണ്ട് ഓമനച്ചേച്ചി ഇറങ്ങി നടന്നു.
(തുടരും...)