ഭാഗം - 3
കഥ ഇതുവരെ: നടുപ്പറമ്പിലെ ചന്ദ്രൻ നായർ കൊലചെയ്യപ്പെട്ടു. നാണിയമ്മ ആശ്രമില്ലാതെ രോഗം വന്നു മരിച്ചു. ചന്ദ്രൻ നായരുടെ മരുമകൻ രാമചന്ദ്രൻ, അമ്മാവനെപ്പോലെ നാടിനു കൊള്ളാവുന്ന വ്യക്തിയായിത്തീരണമെന്ന് ആഗ്രഹിച്ചു. നാടിനെ സഹായിക്കാൻ വേണ്ടി പാർട്ടിയിൽ ചേർന്നു. ജീവിതോപാധിയായി ആരംഭിച്ച ചായക്കടയും പാർട്ടി പ്രവർത്തനം മൂലം തകർന്നു.
എത്ര ശ്രമിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. ഏതു പണിയും ചെയ്യാൻ തയ്യാറാണ്. പക്ഷേ ഒരു പണി തരപ്പെടണ്ടേ? ഒരു പണി തരാമോ എന്ന് ചോദിച്ചു നടക്കാൻ മാനസീകമായ ബുദ്ധിമുട്ടും ഉണ്ട്. ഇനി എന്തു ചെയ്യണം എന്ന് ചിന്ത എത്തിച്ചേർന്നത് ഒരു മലഞ്ചരക്ക് വ്യാപാരം തുടങ്ങുക എന്ന ലക്ഷ്യത്തിലേക്കാണ്. കച്ചവടം തുടങ്ങണമെങ്കിൽ മൂലധനം വേണം. അതിനെന്താണൊരു മാർഗം?
മാർഗം കണ്ടെത്തി. ഉടനെയൊരു കല്യാണം കഴിക്കുക. എങ്ങനെയായാലും ഒരു പതിനായിരം രൂപ സ്ത്രീധനമായി ചോദിക്കാം. അതുകൊണ്ടൊരു കച്ചവടം തുടങ്ങാം. ജീവിക്കുവാനുള്ള വക കിട്ടാതിരിക്കില്ല.
അങ്ങനെയാണ്, പാലായിക്കടുത്ത് നെച്ചിപ്പുഴൂർക്കാരിയായ രത്നമ്മയെ കല്യാണം കഴിക്കുന്നത്. സ്ത്രീധനമായി ഇരുപതിനായിരം ചോദിച്ചു. അവരതു സമ്മതിക്കുകയും ചെയ്തു. പതിനായിരം കല്യാണത്തിനും ബാക്കി കച്ചവടത്തിനും ഉപയോഗിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.
ഭാര്യാ വീടിനടുത്ത് നെച്ചിപ്പുഴൂർ കവലയിൽ കട തുറന്നു. സൗകര്യത്തിനു വേണ്ടി, ഭാര്യയുടെ വീതം ഭൂമിയിൽ ഒരു ഓലപ്പുര കെട്ടി, താമസം അങ്ങോട്ടു മാറി. ഏതാനും മാസങ്ങൾ കച്ചവടം നന്നായി മുന്നോട്ടു നീങ്ങി. കച്ചവടം പുരോഗമിച്ചപ്പോൾ, പാർട്ടി പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കി. പാർട്ടി പരിപാടികൾ മൂലം പലദിവസങ്ങളിലും കട തുറക്കാൻ കഴിയാത്ത സാഹചര്യം വന്നു. കട അടഞ്ഞു കിടക്കുന്നതു കൊണ്ട്, ആളുകൾ ചരക്കുമായി വരാതായി. സ്റ്റോക്ക് എടുത്തു വെച്ചതിനു മുടക്കിയ തുക (റബറിന്റെ വിലയിടിവു മൂലം വില്ക്കാതെ വെച്ചിരിക്കുന്നതുകൊണ്ട്) തിരികെ വരാതായി. കൈയിൽ പണം ഇല്ലാതെ വന്നപ്പോൾ കട അടച്ചിടേണ്ടി വന്നു.
എങ്ങനെയെങ്കിലും കാശുണ്ടാക്കി കച്ചവടം തിരികെപ്പിടിക്കണം. അതിന്
ഭാര്യയുടെ വീതം സ്ഥലം വില്ക്കുക എന്നതായിരുന്നു പോംവഴി.
സ്ഥലം വില്പന നടന്നു. തത്ക്കാലം പിടിച്ചുനില്ക്കാമെന്നായി. ഈ ഓട്ടത്തിനും പരക്കം പാച്ചിലിനുമിടയിൽ വീട്ടുകാരേം പെങ്ങന്മാരെയും നോക്കാനോ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനോ കഴിഞ്ഞിരുന്നില്ല. അവരുടെ മനസ്സിൽ ചേട്ടൻ കല്യാണം കഴിഞ്ഞ്, സ്വന്തം കാര്യം നോക്കി പോയി എന്ന് ധാരണ വന്നു.
അത് ഒരകൽച്ചയായി വളർന്നു.
അനുജൻ കൃഷ്ണൻ കുട്ടി, റബർ വെട്ടിന് പോകാൻ തുടങ്ങി. പെങ്ങന്മാർ ചില്ലറ കൂലിപ്പണികൾക്കും ഇറങ്ങേണ്ട ഗതികേടുണ്ടായി. ഇതിനിടയിൽ പണിയെടുക്കുന്നൊരു പെണ്ണിനെ അന്വേഷിച്ച് കുറിഞ്ഞിക്കാരൻ കൃഷ്ണൻ നായർ വന്നു. സഹോദരി സരോജിനിയെ സ്ത്രീധനം ചോദിക്കാതെ കല്യാണം കഴിച്ചുകൊണ്ടുപോകുകയും ചെയ്തു.
അനുജൻ കൃഷ്ണൻ കുട്ടിയുടെ ഉത്തരവാദിത്വത്തിലായി പ്രായമായ അമ്മയും കല്യാണം കഴിയാത്ത രണ്ട് സഹോദരിമാരും. അവരെ സംരക്ഷിക്കുന്നതിനുവേണ്ടി അയാൾ കഠിനാധ്വാനം ചെയ്തു. ഒരു സഹോദരിക്ക് ബുദ്ധി വൈകല്യമുള്ളതുകകൊണ്ട് വിവാഹം നടക്കില്ല. ഏറ്റവും ഇളയ പെങ്ങൾ അമ്മുക്കുട്ടിയെ കുറിഞ്ഞിയിലെ കൃഷ്ണൻ നായരുടെ അനുജൻ ഭരതന്, ഇഷ്ടപ്പെട്ടതുകൊണ്ട്, ആ കല്യാണവും ബാധ്യതയില്ലാതെ നടന്നു.
ഏതുകാര്യത്തിനായാലും ഭാഗ്യം വേണം. ഭാഗ്യം രാമചന്ദ്രനെ തുണച്ചില്ല. മലഞ്ചരക്കു കടയും പൊട്ടി.
തിരികെ അമ്മയുടെ അടുത്തുവന്ന് തന്റെ വീതം തരണമെന്ന് പറഞ്ഞു. അമ്മ വിസമ്മതിച്ചപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി, കാര്യം നേടി. തറവാട്ടിലുള്ള തന്റെ വീതം വിറ്റു കിട്ടിയ രൂപ കൊണ്ട്, കുറിഞ്ഞി ക്കടുത്ത് ഇടിയനായിൽ കുറച്ചു സ്ഥലം വാങ്ങി പുരവെച്ചു. താമസം പുതിയ സ്ഥലത്തായി. വീണ്ടും കൂലിപ്പണി തുടങ്ങി.
കേട്ടു പഠിച്ച പ്രത്യയശാസ്ത്രങ്ങൾ സ്വന്തം ജീവിതത്തിൽ പ്രായോഗികമാകുന്നില്ല. ജീവിച്ചു പോകാൻ പണിയുന്ന, കണ്ടറിഞ്ഞ് സഹായിക്കുന്ന കാരണവരെ ബൂർഷ്വാ എന്നു വിളിക്കുന്നതിൽ അർത്ഥമുണ്ടോ? തന്റെ തൊഴിലാളി സുഹൃത്തുക്കൾ കടം പറ്റി തിരിച്ചു തരാത്തതുകൊണ്ടാണല്ലോ, ചായക്കട തകർന്നത്. നമ്മുടെ നാട്ടിൽ തൊഴിലാളികൾ ഭരണത്തിലെത്തി അസമത്വങ്ങളെ തുടച്ചുനീക്കാൻ കഴിയുമോ? ചിന്തകൾ വീർപ്പുമുട്ടിക്കുന്നു!
( തുടരും)