1. ഇതാ ഒരു സാധാരണ വ്യക്തി
2024 മെയ് 13.
ഓർമ്മയുള്ള കാലം മുതൽ ഒരു സായന്തനക്കാരനയിരുന്നു ഞാൻ. അല്പം വൈകി ഉണരുക, ഏകദേശം മദ്ധ്യാഹ്നം ആകുമ്പോളേയ്‌ക്കും സജീവമാകുക, സായന്തനങ്ങളിൽ പൂർണമായി വിടരുക, രാത്രിയിൽ കർമ്മോത്സുകനാവുക, ഇരുട്ടു മുറുകുമ്പോൾ, അന്നു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും 'നാളെ ചെയ്യാം' എന്നു കുറ്റബോധത്തോടെ തീരുമാനിക്കുക, വൈകി ഉറങ്ങുക; ഇതായിരുന്നു പതിവ്. വെളുപ്പാംകാലത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ കാലഘട്ടത്തിലാണ്, എന്റെ വീട്ടിൽ ഒരു ടൈംപീസ് വാങ്ങുന്നത്. കാലത്തെ ഉണർന്നു ഞങ്ങൾ പഠിക്കട്ടെ എന്നതായിരുന്നു ഈ ക്രൂരകൃത്യത്തിനു പിന്നിലുള്ള അച്ഛന്റെ ഗൂഢോദ്ദേശം. ഒന്നു രണ്ടു ദിനങ്ങളിൽ, പുതുമയുടെ കൗതുകത്തിൽ അഞ്ചുമണിക്ക് അലാം വച്ച് ഉണരുകയും, പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട്, ടേബിൾലാംപിന്റെ വെളിച്ചത്തിൽ തുറന്നുവച്ച പാഠപുസ്തകത്തിനു മുന്നിൽ, ഉറക്കം തൂങ്ങിയിരിക്കുന്ന എന്നെ ആണ് ഇപ്പോൾ ഓർക്കാൻ കഴിയുന്നത്. ഇപ്പോഴും എന്റെ ശരീരം പ്രഭാതങ്ങളെ ആഹ്ലാദത്തോടെ സ്വീകരിക്കാൻ തയാറായിട്ടില്ല. എങ്കിലും, ഇക്കഴിഞ്ഞ വെളുപ്പിന് നാലു മണി കഴിഞ്ഞപ്പോൾ, ജീവിത മദ്ധ്യാഹ്നം പിന്നിട്ട ഞാൻ, പതിവുള്ളതുപോലെ ഉണർന്നു. പതിവുപോലെ ടോയ്‌ലെറ്റിൽ പോയശേഷം വീണ്ടും കിടന്ന എന്നെ ചിന്തകൾ ഉറങ്ങാൻ അനുവദിച്ചില്ല. ഗതകാലത്തിലെ നിർണ്ണായകമായ പല സന്ദർഭങ്ങളും മനസ്സിലൂടെ കടന്നുപോയി. ചെയ്യണ്ട കാര്യങ്ങൾ അനന്തമായ ഒരു ക്യൂ പോലെ എനിക്കു മുന്നിൽ വായ പൊളിച്ചു നിൽക്കുന്നതായി തോന്നി. മുറിയിലെ തണുപ്പിനെ വകവയ്ക്കാതെ ശരീരത്തിൽ ചെറുതായി വിയർപ്പു പൊടിഞ്ഞു തുടങ്ങിയിരുന്നു. അപ്പോൾ മനസ്സിൽ വളരെ ശക്തമായി ഉരുത്തിരിഞ്ഞു വന്ന പദമായിരുന്നു "ദ്വിജൻ". അലസവും, അനിശ്ചിതവുമായ ഒരു ചര്യയിൽ നിന്നും ഊർജ്ജസ്വലവും, സുനിശ്ചിതവുമായ ഒരു പാത ഒരുക്കുന്ന ദ്വിജാവസ്ഥയിലേക്കുള്ള പറിച്ചുനടീൽ അനിവാര്യയാണെന്ന ചിന്ത വളരെ ശക്തമായിരുന്നു.
ഓരോ ശരീരത്തിലും നടക്കുന്ന അനേകം ജീവരസതന്ത്രപരമായ പ്രവർത്തനങ്ങൾ ശരീരത്തെ നിലനിൽക്കാൻ തയാറാക്കുന്നത് ഒരേ തരത്തിലല്ല. ശരീരവുമായി ചേർന്നു പ്രവർത്തിക്കുന്ന മനസ്സും, മറ്റൊരു മനസ്സുപോലെയല്ല പ്രവർത്തിക്കുന്നത്. അതുകൊണ്ടൊക്കെയാണ് നാം വ്യത്യസ്തരായിരിക്കുന്നത്. ഞാൻ സായന്തനക്കാരനാകുന്നതിന്റെയോ മറ്റൊരാൾ അങ്ങനെ അല്ലാതാകുന്നതിന്റെയോ കാരണം ഈ വ്യത്യാസം കൊണ്ടാണ്. മനസ്സ് ആഗ്രഹിച്ചാലും, ചില കാര്യങ്ങളിൽ ശരീരം വഴങ്ങുകയില്ല. ജീവഘടികാരത്തിന്റെ സൂചികൾ ഒരേ ആവേഗത്തിലല്ല ചലിക്കുന്നത്.
എങ്കിലും പരീക്ഷിക്കുക എന്നതായിരുന്നു എന്റെ തീരുമാനം. രാത്രി പതിനൊന്നര കഴിഞ്ഞിട്ടാണ് ഉറങ്ങാൻ കിടന്നത്. വെളുപ്പിന് നാലു കഴിഞ്ഞപ്പോൾ ഉണരുകയും ചെയ്തു. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും പുലരും വരെ ഉറങ്ങില്ല എന്നും, വേണമെങ്കിൽ ക്ഷീണം തീർക്കാൻ പകൽ അല്പനേരം ഉറങ്ങാം എന്നും തീരുമാനിച്ചു. അങ്ങനെ ആദ്യദിനം അതു പ്രാവർത്തികമാക്കി.
(തുടരും)