സീൻ - 1
കപീഷ്, ഡിങ്കൻ, മായാവി...
പോലീസ് ക്വാർട്ടേഴ്സ് ബാല്യത്തിൽ ഇവരായിരുന്നു എന്റെ ഹീറോസ്. ഇവരെല്ലാം ചിത്രകഥകളിൽ എന്നും ജയിച്ചു നിൽക്കുന്നവരായിരുന്നു. ഓരോ പതിനഞ്ചു ദിവസം കഴിയുമ്പോഴും അച്ഛൻ 'പൂമ്പാറ്റ ' വീട്ടിൽ കൊണ്ടുവന്നിരുന്നു.
(മലയാള ബാല സാഹിത്യ ശാഖയ്ക്ക് മികച്ച സംഭാവനകളും വ്യാപകമായ ഉത്തേജനവും നൽകിയ, കുട്ടികൾക്കായുള്ള ആനുകാലിക പ്രസിദ്ധീകരണമായിരുന്നു പൂമ്പാറ്റ. മഹാകവി കുമാരനാശാൻ ആണ് ഈ പ്രസിദ്ധീകരണത്തിന് പൂമ്പാറ്റ എന്ന പേര് നൽകിയത്. 1964-ൽ ആണ് പി. അച്ചുതവാര്യർ ഇത് സ്ഥാപിച്ചത്. കൊച്ചിയിലെ പൈ & കമ്പനി ഏറ്റെടുത്തപ്പോഴാണ് പൂമ്പാറ്റയ്ക്ക് വലിയ പ്രചാരം ഉണ്ടായത്.)
(കുഞ്ഞിലേ അമ്പിളിഅമ്മാവൻ എന്നൊരു ചരിത്ര ചിത്ര കഥാ പുസ്തകം അച്ഛൻ കൊണ്ടുവന്നിരുന്നത് കണ്ടിട്ടുണ്ട്, പിന്നീട് അത് കണ്ടിട്ടില്ല.)
പൂമ്പാറ്റ ആരാദ്യം വായിക്കും എന്ന മത്സരം നടക്കും... ഞാനും അനിയത്തിയും തമ്മിലാണ്. അതൊരു യുദ്ധമായിത്തന്നെ പരിണമിക്കും. പൂമ്പാറ്റയിൽ, വേട്ടക്കാരൻ ദോപ്പയ്യ, ബന്ദില, പീലു, മോട്ടു മുയൽ എന്നിവർ അടങ്ങുന്ന കപീഷ് കഥകൾ ആർത്തിയോടെ വായിച്ചു കഴിഞ്ഞാൽ, പിന്നെ ചന്ദ്രൻ സാറിന്റെ ഭാര്യ ദേവി ചേച്ചിയുടെ അടുത്ത് ചെന്ന് 'ബാലരമ'യ്ക്കായി തെണ്ടും. അവർ വരുത്തുന്നത് ബാലരമയാണ്. ബാലരമയിലെ മായാവിയുടെ ഹീറോയിസം ആവോളം ഏറ്റുവാങ്ങും. അപ്പോഴൊക്കെ അതിലെ രാജുവും രാധയും ഞാനും എന്റെ അനിയത്തിയുമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പിന്നെ, നേരെ പ്രഭാകരൻ സാറിന്റെ ഭാര്യ ഉഷേച്ചിയുടെ അടുത്തേക്കാണ്.
"ഉഷേച്ചി...ആ ബാലമംഗളം ഒന്ന് തര്വോ ... "
ഉഷേച്ചി ബാലമംഗളം വീട്ടിലേക്കു കൊണ്ടുപോകാൻ സമ്മതിക്കില്ല. അവിടെത്തന്നെയിരുന്നു വായിക്കാൻ പറയും. അങ്ങനെ ഒറ്റയിരുപ്പിന് ഡിങ്കന്റെ ഹീറോയിസവും ബാലമംഗള കഥകളും വായിച്ചു തീർക്കും.
ആ സമയം പ്രഭാകരൻ സാറിന്റെ പെങ്ങൾ പപ്പേച്ചി പണിയൊന്നുമില്ലാതെ ഫ്രീ ആയിട്ട് ഇരിക്യാണെങ്കിൽ അവരെക്കൊണ്ട് ആയിടെ അവർ ചാവക്കാട് ദർശനയിൽ നിന്നോ ഗുരുവായൂർ ജയശ്രീയിൽ നിന്നോ കണ്ട സിനിമയുടെ കഥ മുഴുവൻ പറയിപ്പിക്കും.
പറഞ്ഞില്ലെങ്കിൽ വളഞ്ഞു നടക്കുന്ന ആ പാവത്തിന്റെ മുതുകിൽ കേറി ഞാൻ കസർത്ത് കാട്ടി കഥ പറയിപ്പിക്കും. ഉഷേച്ചി ആ സമയം ചിരിച്ചു വീഴും.