പച്ചനിറത്തോട്... പച്ചമനുഷ്യരോട് അന്നും എന്നും എനിക്ക് പ്രണയമുണ്ടായിരുന്നു... പച്ച വിരിച്ച പാടത്തിന്റെ വരമ്പിലൂടെ പച്ച പുള്ളിപ്പാവാടയും, പച്ച ബ്ലൗസിലും നിറഞ്ഞെത്തുന്ന " ശാലിനി " പുഷ്കരേട്ടന്റെ രണ്ടാംമകളും, എന്റെ അഞ്ഞൂർ പള്ളി നഴ്സറി സഹപാഠിയുമായവൾ...
ചെറുവത്താനിയിലെ അച്ഛന്റെ അമ്മാവൻ ബാലൻ വൈദ്യരുടെ പച്ചമരുന്ന് മണക്കുന്ന വീട്ടിലേയ്ക്ക് ബാല്യത്തിലെ കരപ്പനും, ചൊറിക്കുമുള്ള മരുന്നിന് അച്ഛമ്മയോടൊപ്പം പോകുമ്പോഴെല്ലാം, ഞാൻ ഒറ്റയ്ക്ക് അവിടത്തെ പച്ചപ്പിന്റെ ഇരുട്ടുള്ള കവുങ്ങിൻ പറമ്പിലേക്കെത്തും. അവിടെ... നിറയെ കായ്ച്ചു നിൽക്കുന്ന കുറെ ചാമ്പക്കമരങ്ങളുണ്ട്.... അതിലെ ചുവന്നു തുടുത്ത ചാമ്പക്കകൾ കാണുമ്പോഴും, തിന്നുമ്പോഴും എനിക്ക് ശാലിനിയുടെ ചുണ്ടുകൾ ഓർമ്മ വരാറുണ്ട്
ടീവീ യുള്ള കുട്ടപ്പേട്ടന്റെ വീട്ടിൽ എല്ലാ ഞാറാഴ്ചത്തേയും മലയാളം സിനിമകാണാൻ ഉന്തി തള്ളിയിരിക്കുന്ന ഞങ്ങൾ കുട്ടികളുടെ കൂട്ടത്തിൽ ശാലിനിയും അവളുടെ ചേച്ചി സജിനിയും, മിനിയും, അഞ്ഞൂരിൽ ആയുധങ്ങൾ ഉണ്ടാക്കുന്ന ആലയുള്ള ശങ്കരേട്ടന്റെ പൗത്രി രേഖയും, നാട്ടിലെ എല്ലാ പാവാടക്കാരികളും ഉണ്ടാവും
അവരായിരുന്നു ഞങ്ങളിൽ ചിലരുടെ ഞാറാഴ്ചത്തെ സിനിമ, അവരുടെയും...
ഞായറാഴ്ചത്തെ സിനിമ കഴിഞ്ഞാൽ സോപ്പിലെ പറമ്പിൽ വീണു കിടക്കുന്ന നിലാവിൽ ഇരുന്ന് ഞങ്ങൾ ചുള്ളന്മാർ നാട്ടിലെ പ്രണയങ്ങളുടെയും, കള്ള കളികളുടെയും ഒരു കണക്കെടുപ്പ്
നടത്തും, ആ കൂട്ടത്തിൽ ചിലപ്പോ, പണിയൊന്നും ഇല്ലെങ്കിൽ ശ്രീനുവേട്ടനുമുണ്ടാകും....
"ശ്രീനുവേട്ടൻ വിറ്റിന്റെ.. ഉസ്താദാണ്, പ്രേതേകിച്ചും ഡബിൾ മീനിങ് തമാശകളുടെ..
തമാശകൾ എന്നു പറയുമ്പോ നല്ല കിണ്ണംകാച്ചി തമാശകൾ (തള്ളുകൾ ) ഞാൻ കേൾക്കുന്നത് അഞ്ഞൂരിലെ ഈ ശ്രീനിയേട്ടനിൽ നിന്നാണ്. കാളിക്കുട്ടിയമ്മയുടെ മകൻ ശ്രീനിവാസൻ...
ശാരദളേമ്മേടെ വീട്ടിലെ കിണറുപണി നടക്കുന്ന സമയം. റിംഗ് വാർക്കുമ്പോൾ കിണറിനടിയിൽ നിന്ന് ശ്രീനിയേട്ടന്റെ തള്ളുകൾ കേട്ട് കിണറിനകത്തുള്ള ആണുങ്ങളും കിണറിനു പുറത്തുള്ള പെണ്ണുങ്ങളും ഞങ്ങളും അന്ന് നടി ജയഭാരതീടെ ഭാവമുള്ള ശാരദളേമ്മയും സുനിപ്പാപ്പനുമെല്ലാം ചിരി.
ശ്രീനിയേട്ടൻ ചിരിക്കുമ്പോ പല്ല് മാത്രമാണ് വെളുത്ത് കാണാൻ പറ്റുക ആള് അത്രക്കും കറുത്തിട്ടാണ്. കറുപ്പെന്നു പറഞ്ഞാൽ ജപ്പാൻ ബ്ലാക്കിന്റെ കറുപ്പ്
ആദ്യം ഗൾഫ്, പിന്നെ കിണറുപണി, വാർക്കപ്പണി പിന്നെ ഓട്ടോറിക്ഷ.. ആ രീതിയിലായിരുന്നു ശ്രീനിയേട്ടന്റെ തൊഴിൽ ജീവിതം.
രണ്ട് പോലീസുകാരാണ് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നത്. ഒന്ന് കുഞ്ഞൻ പോലീസും രണ്ടാമത്തേത് സിദ്ധാർത്ഥൻ പോലീസും. രണ്ടാമത്തേത് എന്റെ അച്ഛനാണ്. കുഞ്ഞൻ പോലീസിന് രൂപത്തിലും ഭാവത്തിലും അച്ഛന്റെ 'പേഴ്സണാലിറ്റി ' ഇല്ലാത്തതിനാൽ നാട്ടിൽ ഒരു ഹീറോ ഇമേജ് ഉണ്ടായിരുന്നില്ല.
പോലീസാണെങ്കിലും ഓണത്തിനും വിഷുവിനും പോലീസ് ക്വാർട്ടേഴ്സിൽ നിന്നും ഞങ്ങളോടൊപ്പം തറവാട്ടിലെത്തുന്ന അച്ഛനെ "സിദ്ധാർത്തേട്ടാ " എന്നു തന്നെ
ബഹുമാനപുരസരം പലരും വിളിച്ചു വന്നു.
അച്ഛന്റെ സ്വരം ശരിക്കും പരുക്കൻ പോലീസുകാരന്റേതായതിനാൽ പലർക്കും പ്രഥമ ശ്രവ്യാ അദ്ദേഹം പറയുന്നത് മനസിലാവാറില്ല. എന്നിട്ടും "മിഴിയോരം നനഞ്ഞൊഴുകും " എന്ന പാട്ട് അച്ഛൻ പലപ്പോഴും സാഹസികമായി പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ഒരിക്കൽ തന്റെ ഒരു ഓട്ടോറിക്ഷായാത്രയിൽ മഴപെയ്തു വഴിയിടിഞ്ഞ സമയം, ശ്രീനുവേട്ടനും ടീമും, അച്ഛൻ സഞ്ചരിച്ച ഓട്ടോ ചളിയിൽ താണപ്പോൾ ഉന്താൻ സഹായിച്ചതാണ്, തുടർന്ന് ശ്രീനിയേട്ടനോട്, അച്ഛൻ
"ടേങ്ക്യൂ ശ്രീനിവാസാ.. "
എന്നു പറഞ്ഞതിന്റെ ടോൺ അനുകരിക്കുന്നിടത്താണ് ചുറ്റുമുള്ള ചിരികൾ പൊട്ടിത്തുടങ്ങിയത്.
1989- ലെ ആ മെയ്‌മാസ ഉച്ചക്ക് മൂവാണ്ടൻമാങ്ങ ഉപ്പുകൂട്ടി തിന്നു ചിരിച്ചവരിൽ അമ്മിണ്ണ്യേടത്തീടെ വിനുവും, അപ്പുവേട്ടന്റെ സുരുവും ഐ. ആർ. എട്ട് ജോർജിന്റെ മോൻ ലിജോനും, ഞാനും, തട്ടാൻ ബാബുവും, കരുവാൻ ശങ്കർജീടെ പേരക്കുട്ടികളായ ഗണേശനും ശിവരാമനും വരെയുണ്ടായിരുന്നു.
"മണ്ണെണ്ണപ്പാട്ടേല് ചില്ലറപൈസ ഇട്ടു കിലുക്ക്യ പോൽത്തെ ശബ്ദാട്രാ ഇമ്മടെ സിദ്ധാർത്തേട്ടന്റെ " എന്നാണ് അച്ഛന്റെ ശബ്ദത്തെക്കുറിച്ച് ശ്രീനിയേട്ടൻ പറയുക.
ഇതും പറഞ്ഞ് ശ്രീനിയേട്ടന്റെ ചേട്ടൻ സുബ്രുവേട്ടന്റെ മൂത്ത മകൻ ബിബീഷാണ് കളിയാക്കൽ പിന്നീട് തുടർന്നത്. അവന്റെ പാപ്പൻ പറഞ്ഞത് ഞാൻ മൂത്തയാളായതു കൊണ്ട് ക്ഷമിച്ചു. പക്ഷെ അവൻ പറഞ്ഞപ്പോ എന്നിലെ ഒരു ഫ്യൂഡൽ മാടമ്പി ശരിക്കും തല പൊക്കുകയും അന്ന് നെഞ്ചുതള്ളി, മിണ്ടുമ്പോൾ ശ്വാസം മുട്ടുന്ന ക്ഷയരോഗത്തിന്റെ പരസ്യത്തിൽ കാണുന്ന കുട്ടികളുടെ ഷേപ്പ് ഉള്ള അവനെ പലതവണ 'സോപ്പി'ലെ പറമ്പിലിട്ട് ഞാൻ ഓല മെടയണപോലെ മെടയുകയും, അവിടത്തെ ആളുകൾ അപ്പിയിടുന്ന തീട്ടമണലിൽ അവന്റെ മുഖം ഉരയ്ക്കുകയും ചെയ്തു.
അവനപ്പോൾ അമ്മിണ്ണ്യേടത്തീടെ വിനൂനോട് പരാതി പറയും. അനന്തരം ഞാനും വിനുവും തോമാപ്ലേടെ പറമ്പിൽ കെടന്ന് പുലിയങ്കം നടത്തും.
വിനുവിന്റെ പ്രത്യേകത അങ്കത്തിനിടയ്ക്ക് അങ്കം കൊഴുക്കാൻ തെറി പറയുന്നതിന് പകരം തമാശയാണ് പറയുക. അതൊരു തന്ത്രമാണ്. അപ്പോൾ പ്രതിയോഗിയും കാഴ്ച്ചക്കാരും ചിരിക്കും. സംഭവം തഞ്ചത്തിൽ പെട്ടെന്ന് 'ഫിനിഷ് ' ആവും.
വിനു വിറ്റടിയിൽ സമർത്ഥനാണ്. ബിബീഷിന്റെ അച്ഛൻ സുബ്രുവേട്ടനും എന്റെ അച്ഛനും വലിയ ചങ്ങാതിമാരായിരുന്നു എന്ന് കേട്ടിട്ടുണ്ട്, പക്ഷേ അച്ഛൻ അന്നും അവനവനു ചേരുന്നവരെ മാത്രമേ ഒപ്പം നിർത്താറുള്ളു എന്നതിനാലാവാം, അല്ലെങ്കിൽ ആ നാട്ടിൽ അക്കാലത്തു നല്ല മാർക്കോടെ പത്താംക്ലാസ്സ് പാസായി പൊലീസുകാരനായി എന്ന ആത്മവിശ്വാസം കൊണ്ടാവാം.
കൈയില്ലാത്ത വെള്ള ബനിയനിൽ കൂലിപ്പണിയുടെ ചേറും,വിയർപ്പും, വരയുള്ള നീളൻ ടൗസറിൽ പൊടിയും നിറഞ്ഞു മെലിഞ്ഞ സുബ്രെട്ടനോട് കാര്യമായി ഒരു സൗഹൃദവും കാണിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല..
പട്ടച്ചാരായം കുടിക്കാൻ പ്രത്യേക താളത്തിൽ തോട്ടുവക്കിലുള്ള ഷാപ്പിലേയ്ക്ക് വരികയും പ്രത്യേക താളത്തിൽ തിരിച്ചു പോവുകയും ചെയ്യുന്ന സുബ്രുവെട്ടന്റെ നടത്തത്തെ 'തീട്ടം ചവിട്ടി സുബ്രു ' എന്നാണ് വിനു വിശേഷിപ്പിക്കുക. ബിബീഷിനെ 'അപ്പൊ പ്രശ്നം സോൾവായില്ലേടാ ആനപ്പല്ലാ ' എന്നും വിളിക്കും. അതോടെ വിനുവിനെ പ്രശ്നം തീർക്കാൻ വിളിക്കുന്നത് ബിബീഷ് നിർത്തി. ബിബീഷിന്റെ അച്ഛമ്മ കാളിക്കുട്ടിയമ്മ കുട്ടിക്കാലത്ത് എന്നെ 'പ്യാരീസ്സേ... പ്യാരീസ്സേ... ' എന്നാണ് വിളിച്ചിരുന്നത്. ബാജിഷേ.... ബാജിഷേ... എന്നാണ് ഉദ്ദേശിക്കുന്നത്.
അക്കാലത്ത് പച്ച നിറത്തിലുള്ള പ്യാരീസ് മിഠായി വളരെ മധുരമുള്ളതും ട്രെൻഡിയുമായിരുന്നു, മിട്ടായികളിൽ ഞാനേറെ ഇഷ്ട്ടപെട്ടതും പാരീസ് മിട്ടായി ആയിരുന്നു, അച്ഛൻ അന്നേ ഇന്നത്തെ ഡയറി മിൽക്ക് ചോക്ലേറ്റ് എനിക്ക് തന്നിട്ടുണ്ട് അന്നതിനും ഒരു പച്ച നിറമുള്ള കവറായിരുന്നു.
കാളിക്കുട്ടിയമ്മയും ഞങ്ങൾ കളിച്ചിരുന്ന പറമ്പുകളും കയറി മേഞ്ഞിരുന്ന മൂവാണ്ടൻ മാവുമൊന്നും ഇപ്പോഴില്ല. എല്ലായിടത്തും പല രൂപത്തിലുള്ള വീടുകൾ മാത്രമാണ്.
അക്കാലത്ത് അഞ്ഞൂരങ്ങാടിയിൽ ' യമുന ടൈലേഴ്സ്' നടത്തിയിരുന്ന, പഞ്ചാരയടിയിൽ മിടുക്കനായിരുന്ന രത്നാകരേട്ടന്റെ അടുത്തുനിന്ന് വിനു ടൈലറിംഗ് പഠിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഒരിക്കൽ കണ്ടപ്പോൾ വിനു ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു. അക്കാലത്ത് പാർക്കാടി പൂരത്തിനും, അഞ്ഞൂർ പള്ളി പെരുന്നാളിനും, മുണ്ടിയംതറ വേലക്കും പുല്ലാംവളപ്പ് പൂയത്തിനുമെല്ലാം പോകുമ്പോൾ കണ്ടുമുട്ടുന്ന പച്ച സാരിയുടുത്ത സുന്ദരികളെ കാണുമ്പോഴെല്ലാം കുഞ്ഞൻ പോലീസിന്റെ മകനും കൂട്ടുകാരനുമായിരുന്ന ദിലീപിനോട് ഞാൻ പറയും
'ടാ... പ്യാരീസ് മിഠായി.. '
പച്ച നിറത്തിലുള്ള സാരിയുടുത്തു ഞാൻ ആദ്യം അടുത്ത് കണ്ട സുന്ദരി ഗ്രെസിചേച്ചിയാണ്. കമലെളേമ്മയുടെ പാടത്തു വന്നിരിക്കാറുള്ള കൊക്കിനെ പോലെ വെളുത്ത നിറവും, അക്കാലത്തു കാവ്യാമാധവന്റെ ശബ്ദവുമുണ്ടായിരുന്ന ഗ്രെസി ചേച്ചി... അവരുടെ മൂത്തമകൾ സോണി... അവളായിരുന്നു അന്ന് ഞങ്ങളുടെ കട്ടയിലെ താരം,..
അവളുടെ മുൻപിൽ ആളാവാനായിരുന്നു ഗണേശൻ അർത്ഥത്തിലെ മമ്മുട്ടിയുടെ ഹെയർ സ്റ്റെയിലിൽ മുടി വെട്ടാൻ അഞ്ഞൂരിൽ നിന്ന് അരുൺ ട്രാവെൽസ് ബസിൽ തൃശൂര് പോയത്...
അഞ്ഞൂർ പള്ളി പെരുന്നാൾ ദിവസം,...
അഞ്ഞൂരങ്ങാടിയിൽ പാന്റ് മാത്രം ധരിച്ചു നടക്കുന്ന പാന്റ് പുണ്യാളൻ ' എന്ന് നാട്ടുകാർ വിളിക്കുന്ന അങ്ങോരുടെ മകൻ കുങ്ഫു ഫ്രാൻസിസിന്റെ ബ്രേക്ക് ഡാൻസ് ഉണ്ടായിരുന്നു. അത് കഴിഞ്ഞ്.... ഞങ്ങൾ കാത്തിരുന്ന സോണിയുടെ ഡാൻസ്...
"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ.... എന്ന ഗാനത്തിന് അവളുടെ ചന്തമുള്ള ചുവടുകൾ, മാലാഖാമാരുടേതു പോലെ തിളങ്ങുന്ന ഉടുപ്പും, തലപ്പാവും. അതിന് ശേഷമായിരുന്നു ഒരു നാടകകൃത്താവണം എന്ന് എന്നിലെ കുട്ടി മോഹിച്ച ആ നാടകം....
"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ". രചന : ബെന്നി. പി. നായരമ്പലം, സംവിധാനം : രാജൻ. പി. ദേവ്. ശരിക്കും സിനിമ പോലുള്ള നാടകമായിരുന്നു അത്. അന്ന് ചെറുപ്പക്കാരനായ ബെന്നി പി നായരമ്പലം പച്ച നിറത്തിൽ പുള്ളിയുള്ള ഫുൾ കൈ ഷർട്ടും, ജീൻസുമിട്ട്, കൂളിംഗ് ഗ്ലാസ്സും വെച്ചു വന്ന രംഗം ഇപ്പോഴും ഓർക്കുന്നു. രസിപ്പിക്കുന്ന ആ എഴുത്തുകാരനോട് അന്നേ ഒരിഷ്ടമുണ്ടായിരുന്നു... അദ്ദേഹം സിനിമയുടെ തിരക്കഥാകൃത്തായപ്പോൾ മന്ത്രമോതിരം തൊട്ടു ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് വരെയുള്ള സിനിമകൾ ഞാൻ പലവട്ടം കാണുകയും ചെയ്തിരുന്നു...
ഇപ്പോൾ അദേഹത്തിന്റെ മകൾ അന്നാബെൻ അഭിനയകലയിൽ മലയാളസിനിമയെ വിസ്മയിപ്പിക്കുന്നു. അങ്ങനെ അഞ്ഞൂർ പള്ളി പെരുന്നാളും കഴിഞ്ഞ് വടക്കേ തലയ്ക്കലെ കോന്തപ്പുവിന്റെ മണിക്കൂറിനു രണ്ടു രൂപ കൊടുക്കുന്ന വാടക സൈക്കിളും ചവിട്ടി കാലം കടന്ന് പോയി.. സോണിയും, ശാലിനിയും, രേഖയും, ലിജിയും, മിനിയും, തുളസിയുമെല്ലാം വിവാഹിതരായി....
ജീവിതത്തിൽ ഇപ്പോൾ പച്ച നിറത്തിന് എന്ത് പ്രസക്തി എന്ന് നമ്മൾ അന്വേഷിക്കേണ്ട കാലമാണ്, ഗ്രേ ഷേഡ്ള്ള മനുഷ്യർ, ചുവപ്പിന്റെ ചോര മണക്കുന്ന സിനിമകൾ, കത്തി മുനയിൽ നിർത്തിയുള്ള പ്രണയങ്ങൾ, ഗ്രീൻ ഷേയ്ഡ്ള്ള ആളുകളും,പച്ചപ്പും സത്യൻ അന്തിക്കാട് സിനിമകളിൽ മാത്രമായി മാറുന്നു.
പച്ച നിറമുള്ള മധുരം....
പച്ച നിറമുള്ള വയൽ കാഴ്ചകൾ..
പച്ചയുടെ പാടവരമ്പിലൂടെ പതിഞ്ഞ പാദസ്വരകിലുക്കമായെത്തുന്ന പ്രണയം...
എല്ലാം ഒരു 89 ഓർമ്മകാലത്തിലേയ്ക്ക് ഒതുങ്ങുമ്പോൾ. ഓർമ്മകൾക്ക് പ്യാരീസ് മിഠായിയുടെ മധുരമാണ്. പ്യാരീസ്സേ... പ്യാരീസ്സേ... എന്ന സ്നേഹം നിറഞ്ഞ വിളിയുടെ അത്രയും മധുരം