ആത്മകഥാപരമായ ഈ വിവരണം മനോഹരമാണ്. അതു വായനക്കാരെ തങ്ങളുടെ ബാല്യ-കൗമാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
സീൻ - 1
കപീഷ്, ഡിങ്കൻ, മായാവി...
പോലീസ് ക്വാർട്ടേഴ്സ് ബാല്യത്തിൽ ഇവരായിരുന്നു എന്റെ ഹീറോസ്. ഇവരെല്ലാം ചിത്രകഥകളിൽ എന്നും ജയിച്ചു നിൽക്കുന്നവരായിരുന്നു. ഓരോ പതിനഞ്ചു ദിവസം കഴിയുമ്പോഴും അച്ഛൻ 'പൂമ്പാറ്റ ' വീട്ടിൽ കൊണ്ടുവന്നിരുന്നു.
(മലയാള ബാല സാഹിത്യ ശാഖയ്ക്ക് മികച്ച സംഭാവനകളും വ്യാപകമായ ഉത്തേജനവും നൽകിയ, കുട്ടികൾക്കായുള്ള ആനുകാലിക പ്രസിദ്ധീകരണമായിരുന്നു പൂമ്പാറ്റ. മഹാകവി കുമാരനാശാൻ ആണ് ഈ പ്രസിദ്ധീകരണത്തിന് പൂമ്പാറ്റ എന്ന പേര് നൽകിയത്. 1964-ൽ ആണ് പി. അച്ചുതവാര്യർ ഇത് സ്ഥാപിച്ചത്. കൊച്ചിയിലെ പൈ & കമ്പനി ഏറ്റെടുത്തപ്പോഴാണ് പൂമ്പാറ്റയ്ക്ക് വലിയ പ്രചാരം ഉണ്ടായത്.)
(കുഞ്ഞിലേ അമ്പിളിഅമ്മാവൻ എന്നൊരു ചരിത്ര ചിത്ര കഥാ പുസ്തകം അച്ഛൻ കൊണ്ടുവന്നിരുന്നത് കണ്ടിട്ടുണ്ട്, പിന്നീട് അത് കണ്ടിട്ടില്ല.)
പൂമ്പാറ്റ ആരാദ്യം വായിക്കും എന്ന മത്സരം നടക്കും... ഞാനും അനിയത്തിയും തമ്മിലാണ്. അതൊരു യുദ്ധമായിത്തന്നെ പരിണമിക്കും. പൂമ്പാറ്റയിൽ, വേട്ടക്കാരൻ ദോപ്പയ്യ, ബന്ദില, പീലു, മോട്ടു മുയൽ എന്നിവർ അടങ്ങുന്ന കപീഷ് കഥകൾ ആർത്തിയോടെ വായിച്ചു കഴിഞ്ഞാൽ, പിന്നെ ചന്ദ്രൻ സാറിന്റെ ഭാര്യ ദേവി ചേച്ചിയുടെ അടുത്ത് ചെന്ന് 'ബാലരമ'യ്ക്കായി തെണ്ടും. അവർ വരുത്തുന്നത് ബാലരമയാണ്. ബാലരമയിലെ മായാവിയുടെ ഹീറോയിസം ആവോളം ഏറ്റുവാങ്ങും. അപ്പോഴൊക്കെ അതിലെ രാജുവും രാധയും ഞാനും എന്റെ അനിയത്തിയുമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പിന്നെ, നേരെ പ്രഭാകരൻ സാറിന്റെ ഭാര്യ ഉഷേച്ചിയുടെ അടുത്തേക്കാണ്.
"ഉഷേച്ചി...ആ ബാലമംഗളം ഒന്ന് തര്വോ ... "
ഉഷേച്ചി ബാലമംഗളം വീട്ടിലേക്കു കൊണ്ടുപോകാൻ സമ്മതിക്കില്ല. അവിടെത്തന്നെയിരുന്നു വായിക്കാൻ പറയും. അങ്ങനെ ഒറ്റയിരുപ്പിന് ഡിങ്കന്റെ ഹീറോയിസവും ബാലമംഗള കഥകളും വായിച്ചു തീർക്കും.
ആ സമയം പ്രഭാകരൻ സാറിന്റെ പെങ്ങൾ പപ്പേച്ചി പണിയൊന്നുമില്ലാതെ ഫ്രീ ആയിട്ട് ഇരിക്യാണെങ്കിൽ അവരെക്കൊണ്ട് ആയിടെ അവർ ചാവക്കാട് ദർശനയിൽ നിന്നോ ഗുരുവായൂർ ജയശ്രീയിൽ നിന്നോ കണ്ട സിനിമയുടെ കഥ മുഴുവൻ പറയിപ്പിക്കും.
പറഞ്ഞില്ലെങ്കിൽ വളഞ്ഞു നടക്കുന്ന ആ പാവത്തിന്റെ മുതുകിൽ കേറി ഞാൻ കസർത്ത് കാട്ടി കഥ പറയിപ്പിക്കും. ഉഷേച്ചി ആ സമയം ചിരിച്ചു വീഴും.
സീൻ - 2
ഇങ്ങനെ കപീഷും ഡിങ്കനും മായാവിയും നിറഞ്ഞ ഹീറോകളിൽ നിന്ന് പതുക്കെ മനസ്സും ശരീരവും വളരാൻ തുടങ്ങുന്നത്, സമ്മർ വെക്കേഷനിൽ മാമന്റെ വീട്ടിൽ നിൽക്കുമ്പോഴാണ്. അവിടെ സംഗീതവും സാഹിത്യവും മാത്രമാണ്.
രണ്ട് മാമൻമാർ. സാജൻ, ധനീഷ്.
രണ്ടുപേരും സാഹിത്യത്തിലും സംഗീതത്തിലും. അപാരമായ അനുരാഗമുള്ളവർ.
കേരള ശബ്ദം, കലാകൗമുദി, മലയാളം -മാതൃഭൂമി ആഴ്ച്ചപ്പതിപ്പുകൾ, ഇന്ത്യ ടുഡേ, ചിത്രഭൂമി, നാന, ബോബനും മോളിയും എല്ലാം ഞാൻ ആദ്യം വായിച്ചു വളരുന്നത് മാമന്റെ വീട്ടിൽ നിന്നാണ്.
സാജമാമനാണ് ഇതൊക്കെ വരുത്തുന്നതും. കൂടാതെ ഫിലോസഫി ബിരുദധാരിയായ അദ്ദേഹം അന്നും ഇന്നും ഗുരു നിത്യചൈതന്യയതിയേയും, എം. എൻ. വിജയനേയും രമണ മഹർഷിയേയും എല്ലാം വായിച്ചു പോരുന്നു.
സീൻ - 3
"പൊർക്കളേങ്ങാട് ഗ്രാമീണ വായനശാലയിലുള്ള എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചു തീർന്നു...." എന്ന് സാജുമാമൻ പറഞ്ഞ ദിവസമാണ്, "പൊർക്കളേങ്ങാട് ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങൾ മുഴുവൻ വായിച്ചു തീർക്കണം " എന്ന തീരുമാനം ഞാനെടുത്തത്.
അപ്പോഴേക്കും സംഗീതവും സാഹിത്യവുംകൊണ്ട് നാട്ടിൽ പിടിച്ചുനിൽക്കാൻ ആവില്ലെന്ന് ബോധ്യമായതോടെ നാടും, ചീരംകുളം ക്ഷേത്ര പരിസരത്തുള്ള അലൈസ് ക്ലബ്ബു മെല്ലാം വിട്ട് സാജമാമൻ മസ്കറ്റിലേയ്ക്ക് വിമാനം കയറി പോയിരുന്നു
സീൻ - 4
മാമന്റെ അസാന്നിധ്യത്തിലും, മാമൻ വായിച്ച പുസ്തകങ്ങളും, മാമന്റെ മണമുള്ള അദ്ദേഹത്തിന്റെ മുറിയും, പൂട്ടിവെച്ച ഹീറോ സൈക്കിളും, എന്റെ കപീഷ്, മായാവി, ഡിങ്കൻ എന്ന ഹീറോ ലിസ്റ്റിലേയ്ക്ക് സാജമാമനെക്കൂടി ചേർത്തുവെച്ചു.
അഭ്യസ്തവിദ്യനും സംസ്കാര സമ്പന്നനും സംഗീതാഭിരുചിയുമുള്ള ഒരു മാതുലന്റെ സ്വാധീനം അനന്തരവനിൽ പ്രതിഫലിക്കുന്ന സ്വാഭാവിക പരിണാമം എന്നിലും സംഭവിച്ചു എന്ന് വേണം കരുതാൻ. തന്നെ വിലയിരുത്തുന്നതിൽ വീഴ്ചയും സാജമാമനിലുള്ള എന്റെ ആരാധനയും കണ്ട് അച്ഛൻ വരെ പരിഭവം പറഞ്ഞു തുടങ്ങി. "അച്ഛനായ ഞാനല്ല, അമ്മാവനായ സാജനാണ് ഇവന്റെ വേദവാക്യം "എന്ന്.
സീൻ - 5
ഈ വിധം ഞാൻ സാജമാമന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പൊർക്കളേങ്ങാട് ഗ്രാമീണ വായനശാലയിൽ ഞാൻ എന്റെ അനുജൻ സുമേഷിന്റെ നേതൃത്വത്തിൽ അംഗത്വ കാർഡ് എടുത്തു. അവന്റെ കാർഡും, എന്റെ പേരിലുള്ള അംഗത്വകാർഡും ഉപയോഗിച്ച് ഒരു തവണ ആറു പുസ്തകങ്ങൾ വരെ എടുത്ത് ഒരാഴ്ച്ചയ്ക്കകം വായിച്ചു തീർക്കും. വായനയുടെ ആർത്തി ബാധിച്ച്, ഷിജു എന്ന കൂട്ടുകാരനെക്കൂടി (ഷിജു ഇന്നൊരു പോലീസുകാരനാണ്. അവന് അങ്ങനെ തന്നെ വേണം ) പൊർക്കളേങ്ങാട് വായനശാലയിൽ ചേർത്ത് ഒറ്റത്തവണ 9 പുസ്തകങ്ങൾ എന്ന രീതിയിൽ ഞാൻ വായന തുടങ്ങി...
സാജമാമൻ ഗൾഫിൽ നിന്നും വരുമ്പോൾ
"ഞാനും പൊർക്കളേങ്ങാട് ഗ്രാമീണ വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചു തീർത്തു" എന്ന് പറഞ്ഞു മാമന്റെ മുന്നിൽ ആളാകാനായിരുന്നു എന്റെ ലക്ഷ്യം.
പ്രഭാവർമ്മയുടെയും, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും, മധുസൂദനൻ നായരുടേയും, സുഗതകുമാരിയുടെയും. ഒ.എൻ. വി. യുടെയും, മോഹനവർമയുടെയും, സി. രാധകൃഷ്ണന്റേയും, എം ടി -യുടെയും സാഹിത്യ സമാഹാരങ്ങളും, സി. വി. ബാലകൃഷ്ണൻ, വി. ആർ. സുധീഷ്, പെരുമ്പടവം ശ്രീധരൻ , സീ വി ശ്രീരാമൻ, കോവിലൻ, പമ്മൻ, മോഹനൻ, അശോകൻ ചെരുവിൽ, മുകുന്ദൻ, സേതു, എന്നിവരുടെ ചെറു കഥകൾ, നോവലുകൾ എല്ലാം വായിച്ചു തീർത്തു.
സീൻ - 6
ഇതിനിടയിൽ 1996-ൽ പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിർത്തി. അതേ വർഷം പൂമ്പാറ്റ നിർത്തിയിടത്തുനിന്നും ഞാൻ തുടങ്ങി. കുട്ടികളുടെ ബാലദീപികയിൽ:
എന്റെ ആദ്യത്തെ ബാലകവിത അച്ചടിച്ചു വന്നു... .
പുലരി വന്നു
-------------------
പുലരി വന്നു പൂക്കളേ
പതിയെ നിങ്ങളുണരുവിൻ
പുതുമ തൻ പ്രകാശമോടെ
പരിലസിച്ചു വാഴുവിൻ.
പകലു മുഴുവൻ നിങ്ങളിൽ
പുതു വെളിച്ചം ചാർത്തിടും
പലരും നിങ്ങളഴകിനെ
പുകഴ്ത്തി പാടി പോയിടും.
പൂത്തു നിൽക്കും പൂക്കളെ -
പ്പോലെയാകു കൂട്ടരേ
പാരിതിന്റെ കോണിൽ നിങ്ങൾ
പുതിയ പൂക്കളാകുവിൻ.
(ബാജി കാണിപ്പയ്യുർ)
ബാലകവിയുടെ ആദ്യ കവിത അച്ചടിച്ചു വന്നു. പ്രതിഫലമായി 20 രൂപ മണിയോർഡറും.
സീൻ - 7
ആ 20 രൂപകൊണ്ട് കുന്നംകുളം ഭാവനയിൽനിന്ന് (ബാൽക്കണി ടിക്കറ്റിനു അന്ന് 15 രൂപയാണ് ) കണ്ട 'സല്ലാപം ' എന്ന സിനിമയാണ് തിരക്കഥയെഴുതാൻ പഠിപ്പിച്ചത്. സല്ലാപം സിനിമ കണ്ടുവന്ന് അതിന്റെ തിരക്കഥ അതേപടി ഒരു കടലാസിൽ,...
സീൻ - 1/പകൽ /ക്ഷേത്രം
ക്ഷേത്രത്തിൽ സോപാനം പാടുന്ന തിരുമേനിയുടെ പാട്ടു കേട്ട് മതിമറന്നു നിൽക്കുന്ന രാധ എന്ന പാവാടക്കാരി .. എന്ന രീതിയിൽ തന്നെ,
ക്ലൈമാക്സിൽ പ്രണയം തകർന്ന് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന രാധയെ അവളുടെ മുറചെറുക്കൻ ദിവാകരൻ രക്ഷിക്കുന്നതും നെഞ്ചിൽ ചേർക്കുന്നതും സിനിമ കഴിയുന്നതു വരെ കൃത്യമായി എഴുതിയപ്പോൾ ഇങ്ങനെ എന്റെ സ്വന്തം കഥയ്ക്ക് തിരക്കഥ എഴുതാമെന്ന ആത്മവിശ്വാസമുണ്ടായി.
സീൻ - 8
കാണിപ്പയൂർ, അന്നംകുളങ്ങര ക്ഷേത്രത്തിലെ തിരുമേനി, ഒരു സന്ധ്യ ക്ഷേത്ര ദർശനത്തിന് ചെന്നപ്പോൾ പറഞ്ഞ കഥ ഞാൻ തിരക്കഥയാക്കി എഴുതി.
"ഉത്സവകൊടിയേറ്റം... 75 സീൻ..
ജയറാമും മഞ്ജു വാര്യരും ആയിരുന്നു മനസ്സിലെ നായികാനായകൻമാർ
സീൻ - 9
ആ തിരക്കഥ, കുന്നംകുളത്തെ ആ സമയത്തെ ഫിലിം ഡയറക്ടർ ' മഞ്ഞുകാലവും കഴിഞ്ഞ് ' എന്ന സിനിമ ചെയ്ത ബെന്നി പി. സാരഥി സാറിനെ കാണിച്ചു. (അദ്ദേഹം ഇന്നില്ല ).
"നല്ല തിരക്കഥ.. പരിചയ സാമ്പന്നനായ തിരക്കഥാകൃത്തിന്റെ craft...മോന് ഭാവിയുണ്ട്.. ക്ഷേത്രവും നാലുകെട്ടും ഉള്ള കഥ ചെയ്യാൻ ജയരാജിനേ പറ്റൂ... ജയരാജിനെ കാണാൻ ശ്രമിക്ക്... "
അദ്ദേഹം പറഞ്ഞു വിട്ടു. ബെന്നി സാരഥി സാറിൽ നിന്ന് തിരക്കഥാകൃത്താകാൻ പറ്റും എന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചു എന്നു മാത്രമല്ല, തിരകൾക്കപ്പുറo, മഞ്ഞുകാലവും കഴിഞ്ഞ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തും, കുന്നംകുളം T.T.I.കോളേജിലെ അദ്ധ്യാപകനുമായ വശ്യവചസ് സാറിനെ ഇടയ്ക്കിടെ ചെന്നുകണ്ട് അദ്ദേഹത്തിൽ നിന്ന് എഴുത്തിന്റെ പലതും പഠിക്കുവാനും അക്കാലത്ത് ഞാൻ ശ്രമിച്ചിരുന്നു.
സീൻ - 10
തിരക്കഥയുമായി ജയരാജ് സാറിനെ കാണാനുള്ള വഴിയും ധൈര്യവും അന്ന് എന്നിലെ പയ്യന് ഉണ്ടായിരുന്നില്ല. ഈ പുഴയും കടന്നും, തൂവൽക്കൊട്ടാരവും, കളിവീടും, കുടമാറ്റവുമൊക്കെയായി, കാലം കടന്നു പോകും മുൻപ്...
ഒരിക്കൽ വെള്ളറക്കാട് വീടിനടുത്തുള്ള കോടനാട്ട് മനയിൽ 'മാനസം 'എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ പച്ച ഷർട്ടും പച്ചക്കരയുള്ള മുണ്ടും ധരിച്ച, നായകനായ ദിലീപേട്ടനോട് കുറെ നേരം സംസാരിച്ചിരുന്നു.
സീൻ - 11
കുടമാറ്റത്തിനു മുൻപ് ഒരിക്കൽ അതിന്റെ സംവിധായകൻ സുന്ദർദാസ് സാറിന് ഒരു കത്ത് എഴുതി.
"എന്റെ കയ്യിൽ ഒരു കഥയുണ്ട്. സല്ലാപം പോലെയാണ്. സ്വീകരിക്കുമോ? " എന്നായിരുന്നു കത്ത്...
ആ കത്തിന്, വെള്ളയിൽ നീലവരയുള്ള ലെറ്റർ ലീഫിൽ ഭംഗിയുള്ള കൈപ്പടയിൽ അദ്ദേഹത്തിന്റെ മറുപടി വന്നു.
"കുടമാറ്റം കഴിഞ്ഞ് നമുക്ക് കഥ കേൾക്കാം. നല്ല നല്ല കഥകൾ ഇനിയും ഉണ്ടാവട്ടെ.ആശംസകൾ. " എന്നൊക്കെയായിരുന്നു സാമാന്യം ദീർഘമായ മറുപടി.
ഒരു ഹിറ്റ് ഡയറക്ടറിൽ നിന്നുള്ള എഴുത്ത് തിരക്കഥ എഴുതുവാനുള്ള എന്നിലെ ആത്മവിശ്വാസം കൂട്ടി.
പിന്നീട്, ചാലക്കുടി കൂടപ്പുഴയിലെ അദ്ദേഹത്തിന്റെ 'അശോകവനി ' എന്ന ഗൃഹത്തിലെ സ്ഥിരം സന്ദർശകനായി ഞാൻ മാറി. ഞാൻ ചെല്ലുമ്പോളൊക്കെ ഓരോ കഥ പറയും. അപ്പോൾ അദ്ദേഹം ഒരു ക്ലാസ്സ് തരും. പിന്നീട് ' കോൺവെന്റ് ജംഗ്ഷൻ' എന്നൊരു കഥ പറഞ്ഞപ്പോൾ
"ഇതാണ് നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്ന തിരക്കഥ "
എന്നു പറഞ്ഞു.
തിരക്കഥ എഴുതാൻ പറഞ്ഞു. പക്ഷെ, വീട്ടിലെ സീൻ ഡാർക്ക് ആയിരുന്നതിനാൽ ആ തിരക്കഥ അന്ന് എഴുതി കൊടുക്കാൻ പറ്റിയില്ല.
സീൻ - 12
അങ്ങനെ ദിലീപേട്ടന്റെയും മഞ്ജു വാര്യരുടേയും കല്യാണം കഴിഞ്ഞു. ദിലീപേട്ടന്റെ, സുന്ദർദാസ് സിനിമ ' വർണ്ണക്കാഴ്ച്ചകൾ ' ഇറങ്ങിയ സമയം. ഒരു രാത്രി അഞ്ഞുരിലെ അച്ഛൻവീട്ടിലേയ്ക്ക് ലാൻഡ് ലൈനിൽ ചെറിയമ്മയുടെ ഭർത്താവ് രാജപ്പാപ്പന്റെ കാൾ വരുന്നു...
"ബാജീമോനെ. നിനക്ക് ഗൾഫിൽ പോണോടാ..? ". ഞാൻ : ഗൾഫിലോ.... എന്താ ജോലി...?
ആരാ എന്നെ കൊണ്ടുപോണത് പാപ്പാ ?
രാജപ്പാപ്പൻ: ജോലി നിനക്കിഷ്ടപ്പെടും... ഇഷ്ട്ടം പോലെ സിനിമ കാണാം... മസ്കറ്റിലെ ഒരു വീഡിയോ ലൈബ്രറീല്ക്കാ... കൊണ്ടുപോണത് സാജമാമൻ... "
മനസ്സില് നിറഞ്ഞ ആഹ്ലാദത്തോടെ മറ്റൊന്നും ചിന്തിക്കാതെ ഒറ്റ വാക്കില് മറുപടി പറഞ്ഞു.
" ഞാൻ റെഡിയാ പാപ്പാ.. "
പാപ്പൻ : "എന്നാ നീ മാനസികമായി തയ്യാറെടുത്തോ... ഉടനെ പോവാൻ ".
സീൻ - 13
അങ്ങനെ നല്ല പ്രായത്തിൽ മസ്കറ്റിലെ ഗാല എന്ന സ്ഥലത്ത് സാജമാമന്റെ സ്വന്തം സ്ഥാപനമായ
'Towers International LLC'
എന്ന ടൈറ്റിൽ ഉള്ള വീഡിയോ ലൈബ്രറിയുടെ എല്ലാമെല്ലാമായി ഞാൻ മാറുന്നു. ഇൻഡസ്ട്രിയൽ ഏരിയയായതുകൊണ്ട് കാസെറ്റ് എടുക്കാൻ വരുന്ന ബംഗാളികളോടും, പാക്കിസ്ഥാനികളോടും ശ്രീലങ്കൻകാരോടും പഞ്ചാബികളോടും അറബികളോടും, ബ്രിട്ടീഷ്കാരോടുമൊക്കെ ആശയവിനിമയം ചെയ്ത് ഇംഗ്ലീഷ്, അറബി, ഹിന്ദി..അങ്ങനെ ഭാഷകളൊക്കെ നന്നായി സംസാരിക്കാൻ പഠിച്ചു.
സീൻ - 14
(ഡാർക്ക് സീൻ )
ലേബർ കാർഡ് കിട്ടാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഒമാൻ നാഷണൽ ഡേയ്ക്ക് മുൻപുള്ള ഒരു ദിവസം, നമ്പർ പ്ലേറ്റിൽ നാല് ചുവന്ന നക്ഷത്രമുള്ള ഒരു വെളുത്ത ലാൻന്റ് ക്രൂസർ കാർ ഷോപ്പിന്റെ മുൻപിൽ വന്നു നിന്നു.
"ശുഫ് ബതാക്ക "
ആകാര ഭീകരതയുള്ള അറബികൾ.... ലേബർ കാർഡ് ചോദിച്ചപ്പോൾ ഞാൻ കയ്യിലിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ റിട്ടേൺ ടിക്കറ്റ് കാട്ടി.
"ഉടനെ ലേബർ കാർഡ് കിട്ടും എന്നു അവരോടു പറയാൻ ശ്രമിച്ചു...
അവർ ബലിഷ്ടമായ കൈകളാൽ എന്നെ എടുത്ത് കാറിന്റെ ബാക്കിലിരുത്തി. ആ സമയം എന്റെ അയൽ ഷോപ്പ്കാരൻ പാക്കിസ്ഥാനി
"സാജൻ സേട്ട്.. ബാജി കൊ പോലീസ് പക്ക്ടാ.. ഓർ ലേക്കേ ഗയാ.." എന്ന് അയാളുടെ ലാൻഡ് ഫോണിൽ വിളിച്ച് പറയുന്നത് പകച്ച കണ്ണുകളോടെ ഞാൻ പോലീസിന്റെ ലാൻഡ് ക്രൂസറിൽ ഇരുന്നു കണ്ടു.
സീൻ - 15
ആ വണ്ടി നിന്നത് കുന്നിൻ മുകളിലുള്ള ഒമാന്റെ ആസ്ഥാന ജയിലിന്റെ മുറ്റത്ത്. ഓടിയാൽ എങ്ങും എത്തിപ്പെടാത്ത പ്രദേശം നീല പ്ലേറ്റും, നീല ചായ കപ്പും, കരിമ്പടവും വരി നിന്ന കുറ്റവാളികൾക്കൊപ്പം നിന്ന്, ഒമാൻ റോയൽ പോലീസിൽനിന്നും ഏറ്റു വാങ്ങി ലേബർ പ്രിസണിലേയ്ക്ക് കയറുമ്പോൾ ഞാൻ അച്ഛനെയും, അമ്മയെയും ഓർത്ത് ശരിക്കും പൊട്ടി കരഞ്ഞു...
അച്ഛൻ പോലീസ് ആയിട്ടുപോലും നാട്ടിലെ ലോക്കപ്പ് ശരിക്കും കാണാത്ത ഞാൻ ചെറുപ്രായത്തിൽ അറബിരാജ്യത്തെ ജയിലിൽ കിടക്കേണ്ട അവസ്ഥയോർത്ത് കരഞ്ഞുകൊണ്ടിരുന്നപ്പോൾ അവിടുത്തെ അന്തേവാസികളായ ഇറാനികളും പാക്കിസ്ഥാനികളുമാണ്
"രോ.. മത്ത് ദോസ്ത്.. സബ് ടീക്ക് ഹോ ജായേഗാ.... "എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത്.
സീൻ - 16
ഒമാനിൽ കള്ള് കച്ചവടം ചെയ്തതിന്, ഓടിച്ചിട്ടു പിടിച്ചു കുണ്ടിയ്ക്ക് ചവിട്ടി ഒമാൻ പോലീസ് നീര് വെപ്പിച്ച രണ്ടു പേർ ജയിലിൽ തടവറയിലെ ജയനെപ്പോലെ നടന്നിരുന്നു, പാവറട്ടിക്കാരൻ ഷൈൻ, ചാലക്കുടിക്കാരൻ നെൽസൻ.
അവരെ കൂട്ട് കിട്ടിയപ്പോൾ ജയിൽ എനിക്ക് തൃശൂർ ജില്ലയായി മാറി.
അവിടെ 19 ദിവസങ്ങൾ കിടക്കുമ്പോൾ ആരോ പറയുന്നത് കേട്ടു,
"ഇനി മൊട്ടയടിച്ച് നാട്ടിലേക്ക് കയറ്റി വിടും. ഇവിടെ ശിക്ഷിക്കപ്പെട്ട ആളെ ഇനി ഈ രാജ്യത്ത് ഇറക്കില്ല."
സീൻ - 17
(മുമ്പ് ഒരു ദിവസം )
പരിഭ്രമം മറച്ചുവെച്ച്, ജയിലിലേയ്ക്ക് എന്നെ കാണാൻ വന്ന മാമനോട് ചോദിച്ചപ്പോൾ ഹീറോയെപ്പോലെ വീണ്ടും മാമൻ പറഞ്ഞു.
"ഈ സാജൻ നിന്നെ നാട്ടിലേക്കു കയറ്റിവിടാതെ ഇവിടെത്തന്നെ ഇറക്കും... നോക്കിക്കോ...."
പറഞ്ഞത് മാമനായിരുന്നത് കൊണ്ട് എനിക്ക് വിശ്വാസമുണ്ടായിരുന്നു.
അതുപോലെ മാമൻ സംഭവിപ്പിച്ചു. പത്തൊമ്പതാമത്തെ ദിവസം എന്റെ മസ്കറ്റ് സ്പോൺസർ അഹമ്മദ് ബിൻ അൽ ബലൂചി തന്റെ വെള്ള കാറിൽ എന്നെ ജയിലിനു പുറത്തു കാത്തു നിന്നു. ആ കാറിൽ മാമനോടൊപ്പം യാത്ര ചെയ്ത് ഞാൻ ഗാലയിലിറങ്ങി....
ശരിക്കും ലോക്ക് ഡൌൺ ആയിപ്പോയ ഈ കാലത്ത്, അന്നത്തെ 19 ദിനങ്ങൾ നൽകിയ ഒമാൻ ജയിൽ അനുഭവങ്ങൾ ഞാനോർക്കുന്നു...
സീൻ - 18
വീണ്ടും ഗാലയിലെ towers ഇന്റർനാഷണൽ LLC എന്ന വീഡിയോ ലൈബ്രറിയിലേക്ക് ഞാനെത്തി.
രണ്ട് ദിവസത്തിനുള്ളിൽ ' Account General' എന്ന് തസ്തികാനാമം കൂടിയ, 'sultanate of Oman ' എന്ന രാജ്യത്തിന്റെ മുദ്രയുള്ള, എന്റെ പേരും ചിത്രവും നമ്പറുമുള്ള ലേബർ കാർഡ് സാജമാമൻ എന്റെ കൈകളിലേയ്ക്ക് വെച്ചു തന്നു......
Heroism..... again
"ഇനി ഒമാനിൽ നീയാരേയും ഭയക്കണ്ട." അത് ശരിക്കും മാമന്റെ ഹീറോയിസം തന്നെയായിരുന്നു.
രണ്ട് വർഷത്തിനുള്ളിൽ ദിവസം ഒരു തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്ന രീതിയിൽ ഏകദേശം 1200 - ൽപരം സിനിമകൾ ഷോപ്പിലും താമസിക്കുന്ന മുറിയിലുമായി ഞാൻ കണ്ടുതീർത്തു. അതിൽ പാക്കിസ്ഥാനി നാടകങ്ങളും പെടും.
(റൂവിയിലെ സ്റ്റാർ സിനിമായിൽ പോയി കണ്ട സിനിമകൾ വേറെ..)
സീൻ - 19
എന്റെ ഷോപ്പിൽ നിന്നിരുന്ന സേനബ് എന്ന വെളുത്ത ഉടലുo നീഗ്രോ തലമുടിയുമുള്ള സെൻസിബാരി തടിച്ചിയുമായി ഞാൻ നിരന്തരം തല്ലുകൂടുമായിരുന്നു. അവൾക്കു നൂറു റിയാൽ ശമ്പളം വേണം പക്ഷേ ജോലി ചെയ്യില്ല, എപ്പോഴും sandwich തിന്നാൻ സൂപ്പർ മാർകെറ്റിൽ പോയ്‌കൊണ്ടിരിക്കും.
സഹിക്കാൻ വയ്യാതെ ഞാൻ അവളെ മലയാളത്തിൽ ശാസിക്കുമ്പോൾ, അവൾ മലയാളിയായ അവളുടെ വീട്ടുവേലക്കാരിയിൽ നിന്ന് ഞാൻ പറഞ്ഞ ശാസനാപദങ്ങളുടെ അർത്ഥം മനസ്സിലാക്കി എന്നെ തിരിച്ചു വന്നു പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അത് നിർത്തി.
മാത്രമല്ല മാമനെ വിളിച്ചു പലവട്ടം അവൾ കരഞ്ഞു കൊണ്ട് കംപ്ലയിന്റ് പറഞ്ഞു.
"ഇവൻ ഫയങ്കര പ്രശ്നക്കാരൻ ആണ് ഞാൻ നാളെ മുതൽ ജോലിക്ക് വരില്ല "
അപ്പോൾ മാമൻ എന്നോട് പറഞ്ഞിരുന്നു
"നീ നാട്ടിലെ സ്വഭാവം ഇവിടെ എടുക്കണ്ട ഇത് ഒമാനാ അറബി പെണ്ണുങ്ങളു പരാതി കൊടുത്താ നീ ശരിക്കും അറബി ജയിൽ എന്താന്ന് അറിയും.. "
ഒമാൻ പോലീസിനെ കുറിച്ച് ഓർത്ത് ആ നിമിഷം ഞാൻ ഭയന്നു..
(നടു റോഡിൽ വെച്ച് കുറ്റവാളികളെ വെടി വെച്ച് കൊല്ലുന്ന സ്കോട്ട്ലന്റുയാർഡിൽ നിന്ന് ട്രെയിനിങ്ങു കിട്ടിയി ടീംസാണ് )
സേനബു തലയിൽ നീലിബ്രിങ്ഹാതി എണ്ണയാണ് തേയ്ക്കുന്നത് എന്നും കടുമാങ്ങാ അച്ചാർ ഒറ്റയ്ക്ക് ഉണ്ടാക്കും എന്നൊക്കെ അറിഞ്ഞപ്പോൾ മലയാളി എന്ന നിലയിൽ എനിക്ക് അവളോട് മതിപ്പ് തോന്നിയിരുന്നു,
മാത്രമല്ല നിന്റെ ഈ ചൂടാവുന്ന സ്വഭാവം മാറാൻ കല്യാണം കഴിക്കണം എന്നും അവൾ പറഞ്ഞിരുന്നു. അവരുടെ നാട്ടിൽ 20 വയസ്സിൽ കല്യാണം ആവാന്ന്.
(ചൂടൻമാരൊക്കെ പെണ്ണ് കെട്ടാൻ തുടങ്ങിയാൽ പെണ്ണുങ്ങൾക്കൊക്കെ AC യില്ലാതെ ജീവിക്കാൻ പറ്റുമോ എന്നാണ് അപ്പോൾ ഞാൻ ചിന്തിച്ചത്...)
പിൽക്കാലത്ത് വലിയ വായനക്കാരിയായ അവളിൽ നിന്ന് ഞാൻ കുറെ ഇംഗ്ലീഷ് നോവലുകൾ വാങ്ങി വായിക്കുകയും ചെയ്തു. സിഡ്നി ഷെൽഡന്റെ " IF TOMORROW COMES " ആണ് ആദ്യം അവൾ എനിക്ക് വായിക്കാൻ തന്ന ഇംഗ്ലീഷ് novel.
(ഞാൻ ശരിക്കും ആദ്യം വായിക്കുന്ന ഇംഗ്ലീഷ് നോവൽ Pearl S. Buck -ന്റെ " THE GOOD EARTH " ആണ്. പത്തിൽ പഠിക്കുമ്പോൾ മടിയിൽ ഒരു ഡിക്ഷണറിയും വെച്ച് ഒരു മാസത്തെ കഠിനമായ അധ്വാനമായിരുന്നു അത് )
സീൻ - 20
ഒമാനിൽ സ്വദേശി തൊഴിൽവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ലൈബ്രറികളുടെ നടത്തിപ്പവകാശം വിദേശികൾക്ക് നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ ഞാൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരു ബിബ്ലിയോഫൈലായി മാറാൻ എനിക്ക് പ്രചോദനമായ സാജമാമൻ തന്നെ എന്നെ നല്ലൊരു സിനിഫൈലുമാക്കി മാറ്റിയിരുന്നു. ഇതു രണ്ടും ചേർന്ന ആൾക്ക് നല്ലൊരു ഫിലിംമേക്കർ ആകുവാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ പിന്നീടറിഞ്ഞു.
പുറത്തിറങ്ങുന്ന എന്റെ ഗ്രന്ഥങ്ങളിലും സിനിമകളിലും അതുകൊണ്ടുതന്നെ എന്റെ ഗോഡ്ഫാദറായി സാജമാമൻ എന്ന 'ബ്രാൻഡ് നെയിം ' വാട്ടർ മാർക്ക് ആയി തെളിയേണ്ടതാണ്...