1990 ജനുവരി 10. ഗൾഫിൽ പോകാൻ മുംബയിൽ എത്തിയ കാലം. മുബൈയിൽ വെച്ച് അങ്ങനെ ഒരു ഇന്റർവ്യൂവിന് ചാൻസ് കിട്ടി. ഗൾഫിലേക്കുള്ള ഇന്റർവ്യൂ ആണ്. പുറത്തു നീണ്ട ക്യൂ കാണാം. മലയാളി ഏജൻസി ആണ് കൊണ്ട് പോകുന്നത് എല്ലാവരുടെയും കയ്യിൽ ചെറിയ പുസ്തകം പോലൊന്നുണ്ട് . മലയാളി ഏജൻസി ആയതു കൊണ്ട് ഇന്റർവ്യൂവിന് വന്നവരൊക്കെ തന്നെ മലയാളികൾ ആണ് . കൈയിൽ ഇരിക്കുന്ന കൊച്ചു പുസ്തകം എസ് എസ് എൽ സി ബുക്കാണ് എന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി. അതിനകത്തെ മിക്കവരുടെയും മാർക്ക് എന്നെ പോലെ 210 ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
എന്റ്റെ കയ്യിലും ഒരെണ്ണം ഉണ്ട് .അറബിയുടെ മുന്നിൽ ചെന്ന് നിന്നിട്ടു ഗഫൂർക്കാ ദോസ്ത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല .അറബി സെർട്ടിപ്പിക്കറ്റ് തൂക്കി നോക്കിയിട്ടേ ഗൾഫിലേക്ക് കേറ്റി വിടൂ . ഇതിനിടയിൽ ഇന്റർവ്യൂ തുടങ്ങി .അകത്തോട്ടു പോയതിനും വേഗത്തിൽ ചിലരെ അറബി തെറി വിളിച്ചു പുറത്തേക്കോടിച്ചു .എന്റെ ഉള്ളൊന്നു കാളി .കണ്ടാൽ എന്നെക്കാൾ കേമന്മാരാണ് ആ ഓടിയവരൊക്കെ .ഒടുവിൽ എന്റെ ഊഴമായി .അകത്തേക്ക് കേറി ചെന്നതും മുൻപിൽ ഇരുന്ന രൂപത്തെ കണ്ടു പേടിച്ചു മുട്ടിടിച്ചു പോയി .ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരറബിയെ നേരിട്ട് കാണുന്നത് .പേർഷ്യന്നു വരുന്ന അറബി എന്നൊക്കെ കേട്ടപ്പോൾ മനസ്സിൽ ഒരു സുന്ദര സുൽത്താന്റെ രൂപമൊക്കെ ഉണ്ടായിരുന്നു .ഇത് ഒരു ഒത്ത കാട്ടറബി .ആറടി നീളമുള്ള വെള്ള നൈറ്റിയും തലയിൽ വെള്ള തട്ടവും !!അത് താഴെ പോകാതിരിക്കാൻ തെങ്ങേൽ കേറുമ്പോൾ കാലിൽ ഇടുന്ന പോലുള്ള ഒരു കയറും പിരിച്ചു വെച്ച്, അജാനുബാഹുവുവായ ആ അറബി പനപോലെ അങ്ങനെ എന്റെ മുന്നിൽ നിൽക്കുകയാണ്.കാണാതെ പഠിച്ചു വന്ന അസ്സലാമു അലൈക്കും ഒക്കെ അപ്പോൾ തന്നെ തൊണ്ടയിൽ കുടുങ്ങി പോയി .അറബി ചെന്ന പാടെ കൈ നീട്ടി എന്റെ സെർട്ടിപ്പീര് വാങ്ങി തുറന്നു നോക്കി .പിന്നെ ഉച്ചത്തിൽ " ഇന്ത സെയിൻ കുല്ല ഓക്കെ തമാം 👏👏ഇന്ത ശകുൽ ഓക്കേ കുല്ല സയ്‌ൻ "എന്നൊരൊറ്റ ഡയലോഗ് ആയിരുന്നു .അറബിയുടെ തൊട്ടടുത്ത് മലയാളി ഏജന്റ് നിൽപ്പുണ്ട് .അയാൾ ഓടിക്കോ എന്ന് ഇപ്പോൾ പറയും എന്നോർത്ത് ഞാൻ അയാളുടെ മുഖത്ത് നോക്കി നിൽക്കുകയാണ് .പെട്ടെന്ന് അയാൾ എന്നോടായി പറഞ്ഞു .പഹയാ നീ രെക്ഷപെട്ടല്ലോടോ .അറബി അനക്ക് ജോലി തരാമെന്നാണ് പറഞ്ഞെ .ഞാൻ ദൃഢങ്ങ പുളകിതനായി നിൽക്കുമ്പോൾ അടുത്ത ചോദ്യം എത്തി അല്ല മോനെ അനക്ക് മാത്രം എന്താ ഇത്രയും വലിയ മുറം പോലത്തെ സെർട്ടിപിക്കറ്റ് ?? അന്റെ സെർട്ടിപിക്കറ്റ് കണ്ടാ അറബി വീണത് !..നേരത്തെ തൊണ്ടയിൽ കുടുങ്ങിയ അസ്സലാമു അലൈക്കും വാ അലൈക്കും ഇസ്‌ലാം വൃത്തിയായി അറബിയോട് കൈകൂപ്പി പറഞ്ഞിട്ട് ഞാൻ വേഗം എന്നെ രക്ഷിച്ച മുറം പോലത്തെ സർട്ടിഫിക്കറ്റും വാങ്ങി അറബിക്കു മനം മാറ്റം ഉണ്ടാകുന്നതിനു മുൻപ് വേഗം പുറത്തേക്കു എസ്‌കേപ്പ് ആയി.
1987 ............... ടീ എം ജേക്കബ് എന്ന വിദ്യാഭ്യാസ മന്ത്രി എസ് എസ് എൽ സി എന്ന കൊച്ചു പുസ്തകത്തിലെ എല്ലൂരി മാറ്റിയ വർഷം .അതിന്റെ ഫലമായി ജീവിത കാലം മുഴുവൻ ഈ മുറം പോലെയുള്ള ബുക്കും കൊണ്ട് നടക്കേണ്ട ഗതികേടിൽ ആയിരുന്നു ഞാൻ .അങ്ങേരു ജീവിച്ചിരുന്ന കാലത്തു ഈ മുറവുമായി നടക്കുന്നവർ അങ്ങേരെ ഒരു പാട് തുമ്മിച്ചിട്ടുണ്ടാവും ..പക്ഷെ ഇന്ന് ഞാൻ അങ്ങേർക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .മറ്റുള്ളവരെക്കാൾ വലിയ സർട്ടിഫിക്കറ്റ് ആണ് എന്റേതെന്നു തെറ്റിദ്ധരിച്ചാണ് അറബി കുല്ല ഓക്കേ എന്ന് പറഞ്ഞത് ..മാത്രമല്ല കൊച്ചു പുസ്തകക്കാർക്കു 210 മാർക്കാണ് അവരുടെ ബുക്കിൽ ഉണ്ടായിരുന്നതെങ്കിൽ എന്റെ മുറത്തിലെ മാർക്ക് 420 ആയിരുന്നു .അറബിക്ക് ഇതില്പരം എന്ത് വേണം .എസ് എസ് എൽ സി ബുക്കിൽ 600 ൽ ആയിരുന്നു മാർക്കെങ്കിൽ ടീ. എം. ജേക്കബ് എല്ലൂരിയ ഞങ്ങളുടെ എസ്സ് എസ് സി ബുക്കിൽ 1200 -ൽ ആയിരുന്നു മാർക്ക് .ഇടയ്ക്കിടയ്ക്ക് ആ മുറം എടുത്തു പൊടി തട്ടി നെഞ്ചോട് ചേർക്കും അപ്പോഴൊക്കെ ടീ. എം .ജേക്കബിനെയും അനുസ്മരിക്കും !!കഥയിൽ ഇച്ചിരി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ടേ...മാമനോട് ഒന്നും തോന്നല്ലേ മക്കളെ.