ഭാഗം 8
ഗാന്ധിജി ഉപയോഗിച്ചിരുന്ന ഒരുപാട് സാധനങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി കിടന്നിരുന്ന മെത്ത, തലയിണ,ചെരുപ്പ്, കണ്ണാടി, തൊപ്പി തുണിനെയ്തുകൊണ്ടിരുന്ന ചർക്ക, ധാരാളം പുസ്തകങ്ങൾ തുടങ്ങി, അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതെല്ലാം തന്നെ ഈ മ്യൂസിയത്തിലുണ്ട്. സ്വാതന്ത്ര്യ സമരത്തിന് ഗാന്ധിജി പങ്കെടുത്ത പ്രധാനപ്പെട്ട സംഭവങ്ങളുടെ ചരിത്രരേഖകളും അവിടെ സൂക്ഷിച്ചിട്ടുണ്ട്.
അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ട സ്ഥലത്ത് ഒരു സ്തൂപം പണിഞ്ഞ് സൂക്ഷിക്കുന്നു. നിറയെ ഗാന്ധിജിയുടെ ഓർമകളുള്ള, അദ്ദേഹത്തെ എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരിടമാണ് ബിർള ഹൗസ്. ജീവിതം പോലെ തന്നെ നിത്യ പ്രസക്തമായി തുടരുന്ന രക്ത സാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ഇടമാണിത്.
ഉപപ്രധാനമന്ത്രി വല്ലഭായ് പട്ടേലുമായി ചർച്ചയിലായിരുന്ന ഗാന്ധിജി, സമയം വൈകിയതിനാൽ എഴുന്നേറ്റ് അതിവേഗത്തിൽ പ്രാർത്ഥനാമണ്ഡപത്തിലേക്ക് നടന്നു. മണ്ഡപത്തിലെത്താൻ അഞ്ചടി മാത്രം ബാക്കി നിൽക്കേ, ഗോഡ്‌സെ എന്ന 35 വയസ്സുകാരൻ പെട്ടെന്ന് അടുത്തേക്ക് വന്ന് അദ്ദേഹത്തെ വണങ്ങുന്നത് പോലെ കുനിഞ്ഞെഴുന്നേറ്റ് അദ്ദേഹത്തിൻ്റെ ദുർബലമായ ശരിരത്തിലേക്ക് 3 തവണ നിറയൊഴിച്ചു.
കൊല്ലപ്പെടുന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള അദ്ദേഹത്തിൻ്റെ കാല്പാടുകൾ സിമൻ്റിൽ തീർത്തു സൂക്ഷിച്ചിരിക്കുന്നു.
ബിർള ഹൗസ് എല്ലാവർക്കും സന്ദർശിക്കാനാവുന്ന വിധം മ്യൂസിയമാക്കണമെന്ന് ശാഠ്യം പിടിച്ചത് ജവഹർലാൽ നെഹ്റു ആയിരുന്നു.
1928 ൽ നിർമിച്ച 12 കിടപ്പുമുറികളുള്ള വീട് വിൽക്കാൻ ഘനശ്യാംദാസ് ബിർള തയ്യാറായില്ല. 1971 ൽ നീണ്ട ചർച്ചകൾക്കൊടുവിൽ 54 ലക്ഷം രൂപയ്ക്ക് ബിർള ഹൗസ് സർക്കാർ വാങ്ങി. 1975 ലെ സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിസ്മൃതി എന്ന പേരിൽ കെട്ടിടം രാജ്യത്തിന് സമർപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ലളിതമായ ജീവിതരീതികളും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിൻ്റെ കർമ്മധാരയുടെ ചിത്രങ്ങളും ഉപയോഗിച്ചിരുന്ന സാധനങ്ങളും താമസിച്ച മുറിയും പ്രാർത്ഥനാമുറിയും മരിച്ചുവീണ സ്ഥലവും എല്ലാം നേരിൽ കണ്ട് മനസ്സ് നിറച്ചപ്പോൾ ഉണ്ടായ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.
ആ പുണ്യപുരുഷൻ്റെ കാലടികൾ പതിഞ്ഞ മണ്ണിലൂടെ ചാരിതാർത്ഥ്യത്തോടെ ഞാനും നടന്നു. ഗാന്ധിജിയുടെ സാന്നിധ്യം ആ മണ്ണിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും ഒരു മണി കഴിഞ്ഞിരുന്നു. കേരളാഹൗസിൽ നിന്നും ഭക്ഷണം കഴിക്കണമെന്ന് പലരും ആവശ്യപ്പെട്ടതിനെത്തുടർന്ന് ഞങ്ങൾ അവിടേക്ക് പോയി.
ഡൽഹിയിലെ കേരള സർക്കാരിൻ്റെ എംബസിയും കേരള സർക്കാരിൻ്റെ ഔദ്യോഗിക സംസ്ഥാന ദൗത്യവുമാണ് കേരള ഹൗസ്'. കേരള സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഈ സമുച്ചയം ന്യൂഡൽഹി നഗരത്തിൻ്റെ ഹൃദയഭാഗത്ത് ജന്തർ മന്തർ റോഡിൽ സ്ഥിതി ചെയ്യുന്നു.
ബഹുമാനപ്പെട്ട ഗവർണർ, മുഖ്യമന്ത്രി, ഹൈക്കോടതി ജഡ്ജിമാർ, മന്ത്രിമാർ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്മാർ, എം.എൽ എമാർ, പൊതുജന ങ്ങൾ എന്നിവർക്ക് മുറികളുടെ ലഭ്യതയെ അടിസ്ഥാനമാക്കി ഗസ്റ്റ് ഹൗസ് സൗകര്യം കേരള ഹൗസ് ഒരുക്കുന്നു.
ആകസ്മികമായ സമയങ്ങളാൽ ഇത് അടിയന്തര സേവനങ്ങളും നൽകുന്നു. കേരളാ ഹൗസിനെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനും സുഗമമായി പ്രവർത്തിക്കുന്നതിനും ലൈസൻ, പ്രോട്ടോക്കോൾ, കാറ്ററിംഗ്, ഹൗസ് കീപ്പിംഗ് തുടങ്ങിയ നിരവധി വിഭാഗങ്ങൾ ഇവിടെയുണ്ട്.
എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കുവാനുള്ള സ്ഥലം ഇല്ലാതിരുന്നതിനാൽ മൂന്ന് നാല് ബാച്ചുകളായി, സ്ഥലം ഒഴിയുന്ന മുറയ്ക്ക് ആളുകൾ കയറി കഴിച്ചുകൊണ്ടിരുന്നു. സാധാരണ രീതിയിലുള്ള വെജിറ്റേറിയൻ ശാപ്പാടായിരുന്നു ഞങ്ങൾ കഴിച്ചത്. എല്ലാവരുംഊണ് കഴിച്ചിറങ്ങുന്നതുവരെ കാൻ്റീൻ്റെ മുറ്റത്ത് നിന്നു കൊണ്ട് പരിസരമെല്ലാം വീക്ഷിച്ചു.
ഇന്ദിരാഗാന്ധി മ്യൂസിയം കാണാനായാണ് പിന്നെ ഞങ്ങൾ പോയത്. ഇന്ത്യയിലെ ആദ്യത്തേയും ഏക വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഒരു മ്യൂസിയമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് കുടുംബത്തോടൊപ്പം ഇന്ദിരാഗാന്ധി താമസിച്ചിരുന്ന വീട്ടിലും അവർ കൊല്ലപ്പെട്ട സ്ഥലത്തുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇന്ദിരാഗാന്ധിയുടേയും മകൻ രാജീവ്ഗാന്ധിയുടേയും ഭൗതികാവശിഷ്ടങ്ങൾ രണ്ട് മുറികളിലായി പ്രദർശിപ്പിച്ചിരിക്കുന്നു.
വിവാദപരമായ മുൻ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധിയുടെ വസതിയിൽ അവരുടെ ജീവിതത്തിനും രാഷ്ട്രീയ ഭാരമുള്ള കുടുംബത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണിത്.
1984-ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട സാരി, ഉപയോഗിച്ചിരുന്ന ബാഗ്, ചെരുപ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്ഗാന്ധി അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശേഷിച്ച ഭാഗങ്ങളും വേറൊരു മുറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വീട്ടിലെ പല മുറികളും അതേപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.
ഇന്ദിരാഗാന്ധി കിടന്നിരുന്ന കട്ടിലും മെത്തയും തലയിണയും ഡൈനിംഗ് ടേബിളും സ്വീകരണ മുറിയിലെ സോഫയും കസേരകളും,പൂജാമുറിയും പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ലൈബ്രറിയും എല്ലാം നേരിൽ കണ്ടതിൽ നിന്നും വെറുമൊരു സാധാരണ ജീവിതമായിരുന്നു അവർ നയിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.
ദേശീയപ്രസ്ഥാനത്തേയും നെഹ്റു, ഗാന്ധി കുടുംബത്തേയും കുറിച്ചുള്ള ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. വളരെ ലളിതമായി സജ്ജീകരിച്ചിരിക്കുന്ന ഒരു സാധാരണ വീടാണത്.
ഇന്ദിരാഗാന്ധിയും ബാല്യകാലം മുതൽ അവരുടെ ഭർത്താവായ ഫിറോസ് ഗാന്ധി, കൊച്ചുമക്കളായ രാഹുൽ, പ്രിയങ്ക, വരുൺ എന്നിവരോടൊപ്പമുള്ള ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകളും നിരവധിയുണ്ട്. ചില സുന്ദരനിമിഷങ്ങളുടെ അപൂർവം ചില ഫോട്ടോഗ്രാഫുകളും അവിടെ കാണാൻ കഴിഞ്ഞു.
വീടിന് പിറകുവശത്തുള്ള പൂന്തോട്ടത്തിൽ വച്ചായിരുന്നു അവർ കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സ്ഥലം ഒരു ഗ്ലാസ്സ് ഫ്രെയിമിൽ അടച്ചിട്ടിരിക്കുന്നു. ഉണങ്ങിയ ചോരപ്പാടുകൾ ഇപ്പോഴും കാണാവുന്നതാണ്. 1984 ഒക്ടോബർ 31 ന് സ്വന്തം അംഗരക്ഷകൻ്റെ വെടിയേറ്റാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്.
ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ്റെ അടുത്തുള്ള സഫ്ദർജങ് റോഡിലാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒൻപതര മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദർശന സമയം. ചരിത്രത്തിലെ ഒരദ്ധ്യായം അവസാനിച്ച മണ്ണിൽ നിന്നും ഒരു തേങ്ങലോടെയാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.
അവിടെ നിന്നും അഞ്ച് മിനിറ്റോളം നടന്ന് ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. ഞങ്ങളുടെ ട്രിപ്പിൻ്റെ അവസാനത്തെ ലക്ഷ്യസ്ഥലമായ ലോട്ടസ് ടെമ്പിൾ എന്നറിയപ്പെടുന്ന ബാഹായി ടെമ്പിൾ കാണുവാനായാണ് പിന്നെ ഞങ്ങൾ പോയത്.
അരമണിക്കൂറിനുള്ളിൽ ഞങ്ങളവിടെ എത്തി. ധാരാളം പച്ചപ്പുകൾക്ക് നടുവിൽ താമരയുടെ ആകൃതിയിലുള്ള മനോഹരമായ കെട്ടിടം കുറച്ചകലെ വച്ച് തന്നെ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു. അന്നുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ലോട്ടസ് ടെമ്പിളിൻ്റെ നേർക്കാഴ്ചയിൽ ഉള്ളം കുളിരണിഞ്ഞു.
കിലോമീറ്ററുകളോളം ദൂരം കാണപ്പെട്ട ജനങ്ങളുടെ നീണ്ട നിരയുടെ ഒടുവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. പതുക്കെപ്പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ക്യൂ, ഏകദേശം അടുത്തെത്താറായപ്പോൾ ജീവനക്കാർ നൽകിയ നിർദേശമനുസരിച്ച് അവർ തന്നെ നൽകിയ ചാക്കുകളിൽ, ധരിച്ചിരുന്ന ഷൂസുകൾ ഊരി അതിലിട്ട്, മുന്നോട്ട് നടന്നു.
(തുടരും)