ഭാഗം 7
മൾട്ടി കളർ ലേസർ, വീഡിയോ പ്രൊജക്ഷനുകൾ, അണ്ടർവാട്ടർ ഫ്ലേംസ്, വാട്ടർ ജെറ്റുകൾ, സറൗണ്ട് സൗണ്ട് എന്നിവയ്ക്ക് പുറമേ, ലൈറ്റുകളും ലൈവ് അഭിനേതാക്കളും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു അവതരണമാണ് ഈ പ്രദർശനം. സംഗീതത്തിൻ്റെ ചുവട് പിടിച്ച്, സപ്തസ്വരങ്ങളുടെ താളലയങ്ങൾ വെള്ളത്തിലൂടെ അവതരിപ്പിച്ചതിനെ തുടർന്ന് വരുണൻ, അഗ്നിദേവൻ, വായുദേവൻ, സൂര്യൻ, ഇന്ദ്രൻ എന്നീ ദേവന്മാരുടെ പ്രവൃർത്തികളെ ആസ്പദമാക്കിയുള്ള മഹത്തരമായ സന്ദേശങ്ങളുടെ മനോഹരമായ പ്രദർശനം ഞങ്ങളെ അമ്പരപ്പെടുത്തി.
ജലധാരയ്ക്ക് ചുറ്റും 2870 പടികളുണ്ട്. 300 അടി നീളമുള്ള ജലധാരയുടെ മധ്യഭാഗത്തായി എട്ട് ഇതളുകളുള്ള താമരയുടെ ആകൃതിയിലുള്ള ഒരു യജ്ഞകുണ്ഡം ഉണ്ട്.
7.15 pm നുള്ള പ്രദർശനം കണ്ടിറങ്ങിയ ഞങ്ങൾ ഒരു സ്ഥലത്ത് ചെരുപ്പുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അക്ഷർധാം മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു. വളരെയേറെ ആകർഷണീയവും മനോഹരവുമായ കാഴ്ചകൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. സ്വാമിനാരായൺ അക്ഷർധാം സമുച്ചയത്തിൻ്റെ പ്രധാന ആകർഷണം, അക്ഷർധാം മന്ദിറാണ്. ഇതിന് 141 അടി ഉയരവും316 അടി വീതിയും 356 അടി നീളവും ഉണ്ട്.
സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, നർത്തകർ, ദേവതകൾ, സംഗീതജ്ഞർ എന്നിവകളാൽ സങ്കീർണ്ണമായ കൊത്തുപണികൾ നിറഞ്ഞതാണ്. മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച 234 തൂണുകൾ, ഒൻപത് താഴികക്കുടങ്ങൾ, സ്വാമികൾ, ഭക്തർ, ആചാര്യന്മാർ എന്നിവരും 20000 മൂർത്തികൾ എന്നിവയും മന്ദിറിൽ ഉൾക്കൊള്ളുന്നു.
മന്ദിറിൻ്റെ അടിത്തട്ടിൽ ഗജേന്ദ്ര പീഠം ഉണ്ട്. ക്ഷേത്രത്തിലെ മധ്യഭാഗത്തുള്ള താഴികക്കുടത്തിന് കീഴിൽ അഭയമുദ്രയിൽ ഇരിക്കുന്ന സ്വാമിനാരായണൻ്റെ 11അടി ഉയരമുള്ള പ്രതിമ സമർപ്പിച്ചിരിക്കുന്നു. ഈ മൂർത്തിക്ക് ചുറ്റും വിശ്വാസത്തിൻ്റെ ഗുരു പരമ്പരയുടെ ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
സീതാരാമൻ,രാധാകൃഷ്ണൻ, ശിവൻ പാർവ്വതി, ലക്ഷ്മി നാരായണൻ എന്നിവരുടെ മൂർത്തികളും ഈ ക്ഷേത്രത്ത് ലുണ്ട്. മന്ദിരത്തിൽ നിന്നുമിറങ്ങി ചെരുപ്പുകൾ ധരിച്ചുകൊണ്ട് ഞങ്ങൾ പുറത്തേക്ക് നടന്നു.
ഫോട്ടോകളും വീഡിയോകളും നിഷേധിച്ചിരുന്നതിലുള്ള നിരാശയോടെ സമുച്ചയത്തിൽ നിന്നും ഇറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാവരും നന്നേ ക്ഷിണിച്ചിരുന്നതിനാൽ അന്നത്തെ പരിപാടികളെല്ലാം മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.
ടൂറിൻ്റെ അവസാന ദിവസമായ ജനുവരി 27-ാം തീയതി രാവിലെ ബ്രേക്ഫാസ്റ്റിന് ശേഷം ഹോട്ടലിലെ മുറികൾ വെക്കേറ്റ് ചെയ്ത് സാധനങ്ങളുമായി ഞങ്ങൾ ബസ്സിൽ കയറി. ഡൽഹിയിലുള്ള മൂന്ന് നാല് സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം വൈകിട്ട് ആറ് മണിയോടുകൂടി എയർപോർട്ടി ലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഒൻപത് മണിക്കുള്ള തിരുവനന്തപുരം എയർ ഇൻഡ്യ വിമാനത്തിനായിരുന്നു നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള ടിക്കറ്റ് എടുത്തിരുന്നത്.
ഒൻപരമണിക്ക് തന്നെ പുറപ്പെട്ട ഞങ്ങളുടെ ബസ്സുകൾ, അബ്ദുൾ കലാം റോഡിലൂടെയും ജനപഥ് റോഡിലൂടെയും മറ്റും കുത്തബ് മിനാറിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പാതയുടെ ഇരുവശത്തും കാണപ്പെട്ട ഓരോ കെട്ടിടങ്ങളുടേയും ചരിത്ര പ്രാധാന്യം ബസ്സിനുള്ളിലിരുന്നു കൊണ്ടുതന്നെ ജോസഫ് സാർ പറഞ്ഞു തന്നുകൊണ്ടിരുന്നു.
തലേ ദിവസം റിപ്പബ്ളിക് പരേഡ് കാണാൻ പോയ അതേ സ്ഥലത്തു കൂടി പോയപ്പോൾ ജനപഥ് റോഡിനിരുവശത്തുമുള്ള ഒഴിഞ്ഞ സ്റ്റേഡിയങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യാഗേറ്റും നാഷണൽ മ്യൂസിയവും പട്യാല കോർട്ട് ഹൗസും ഡൽഹി കത്തീഡ്രലുമൊക്കെ കാണാൻ സാധിച്ചതിൽ അഭിമാനം തോന്നി.
പത്തരമണിയോടുകൂടി കുത്തബ് മിനാറിന് സമീപം ഞങ്ങൾ ഇറങ്ങി. ലോകാത്ഭുതങ്ങളിലൊന്നായ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചുവന്നനിറത്തിലുള്ള ഒരു കൊത്തുപണി ഗോപുരമാണിത്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ. ഇന്തോ- ഇസ്ലാമിക വാസ്തുശില്പകലയ്ക്ക് ഒരു ഉത്തമോദാഹാരണമാണ് ഈ ഗോപുരം. ദക്ഷിണ ദില്ലിയിലെ മെഹ്‌റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തയയുയർത്തി നിന്ന് ഗോപുരത്തൻ്റെ കൊടുമുടിയിലേക്ക് അഭിമാനത്തോടെയാണ് ഞാൻ നോക്കി നിന്നത്. ഓൺലൈനിൽ നേരത്തേ തന്നെ ടിക്കറ്റെടുത്തിരുന്നതി നാൽ അകത്തേക്ക് പ്രവേശിക്കുവാൻ ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നില്ല.
പതിമൂന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഡൽഹിയിൽ നിന്ന് ഏതാനും കി.മീറ്റർ മാറി, നിർമിച്ച ഈ ചുവന്ന മണൽക്കല്ല് ഗോപുരത്തിന് 72.5 മീറ്റർ ഉയരമുണ്ട്. ചുറ്റുമുള്ള പുരാവസ്തു മേഖലയിൽ ശവസംസ്കാര കെട്ടിടങ്ങൾ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, ഇന്തോ- മുസ്ലിം കലയുടെ മാസ്റ്റർപീസ് ആയ അലൈ-ദർവാസെേ ഗേറ്റും കൂടാതെ രണ്ട് പള്ളികളും ഇവിടെയുണ്ട്.
1192 - ലാണ് ഈ മണൽക്കല്ല് മിനാരത്തിൻ്റെ നിർമാണം ആരംഭിച്ചത്. 13-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഖുത്ബ് അൽ-ദീൻ ഐബക് പണികഴിപ്പിച്ചതും അദ്ദേഹത്തിൻ്റെ പിൻഗാമി ഇൽതുത്മിഷ് പൂർത്തിയാക്കിയതുമാണ്. ഖുവാത്ത് ഉൽ ഇസ്ലാം പള്ളിയിലേക്ക് വിശ്വാസികളെ പ്രാർത്ഥനയ്ക്ക് വിളിക്കുന്ന പരമ്പരാഗത ഉദ്ദേശ്യമാണ് കുത്തബ് മിനാർ നിർവ്വഹിക്കുന്നത്.
12-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി അധികാരം സ്ഥാപിച്ച ഇസ്ലാമിക ഭരണാധികാരികളുടെ വാസ്തുവിദ്യാ, കലാപരമായ നേട്ടങ്ങളുടെ മികച്ച സാക്ഷ്യമാണ് ഇവിടുത്തെ മസ്ജിദുകളുടേയും മറ്റ് ഘടനകളുടേയും സമന്വയം.
72.5 മീറ്റർ ഉയരമുള്ള ഈഗോപുരത്തിൻ്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിൻ്റെ താഴേത്തട്ടിൻ്റെ വ്യാസം 14.3 മീറ്ററും മുകളിലത്തെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ഏറ്റവും മുകളിലെ രണ്ടു നിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിൻ്റെ കട്ടകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മുകളിലെ രണ്ട് നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് നിർമിച്ചിട്ടുള്ളത്.
1980 ൽ വൈദ്യുതിത്തകരാറിനെ ത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരണപ്പെട്ടു. അക്കാരണത്താൽ ഇപ്പോൾ മിനാറിനുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനുമുൻപും മിനാറിൻ്റെ മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കായിട്ടുണ്ട്.
ദില്ലിയിലെ ഇരുമ്പ് സ്തംഭം ഈ സമുച്ചയത്തിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ അലൈ മിനാർ എന്ന പണി തീരാത്ത ഗോപുരവും ഇതിനുള്ളിലുണ്ട്.
കുത്തബ് മിനാറും അതിൻ്റെ സ്മാരക സമുച്ചയവും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലും ആണുള്ളത്. ഖുത്ബ് മിനാർ സമുച്ചയം മുഴുവനും ചുറ്റി നടന്ന് കണ്ടും ഫോട്ടോകൾ എടുത്തും ഒന്നര മണിക്കൂറോളം ഞങ്ങളവിടെ ചിലവഴിച്ചു. അവിടെ നിന്നുമിറങ്ങി അടുത്ത സ്ഥലം സന്ദർശിക്കുവാനായി ഞങ്ങൾ ബസ്സിൽ കയറി.
ഖുത്ബ് മിനാർ എന്ന വിസ്മയം കണ്ടതിന് ശേഷം, സമീപത്ത് തന്നെയുള്ള ഗാന്ധിസ്മൃതി എന്നറിയപ്പെടുന്ന ബിർള ഹൗസ് സന്ദർശിക്കുവാനാണ് പിന്നെ ഞങ്ങൾ പോയത്. ഡൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൗസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി കൊല്ലപ്പെടുന്നതിന് മുൻപുള്ള 144 ദിവസങ്ങൾ കഴിച്ചു കൂട്ടിയത് ഇവിടെയാണ്.
ഇത് വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിൻ്റെ കെട്ടിടമായിരുന്നു. 1971 ൽ ഇന്ത്യ സർക്കാർ ഇത് ഏറ്റെടുക്കുകയും 1973 ഓഗസ്റ്റ് 15 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.
(തുടരും)