ഭാഗം 4
1902 ൽ എഡ്വേർഡ് ഏഴാമൻ്റെ കിരീടധാരണത്തിനായി ഇംഗ്ലണ്ടിലേക്കുള്ള തൻ്റെ യാത്രയിൽ കുടിക്കാൻ ഗംഗാജലം കൊണ്ടുപോകാൻ സവായ് മധോസിംഗ് രണ്ടാമൻ രാജാവ് ഈ പാത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടത്രേ. അതിനാൽ പാത്രങ്ങൾക്ക് ഗംഗാജലിസ്(ഗംഗാജലപാത്രങ്ങൾ) എന്ന് പേരിട്ടു.
ചന്ദ്രമഹലിലേക്ക് പ്രവേശനം നൽകുന്ന അകത്തെ മുറ്റമാണ് പ്രീതം നിവാസ് ചൗക്ക്. ഇവിടെ നാല് ഋതുക്കളേയും ഹിന്ദു ദൈവങ്ങളേയും പ്രതിനിധീകരിക്കുന്ന തീമുകൾ കൊണ്ട് അലങ്കരിച്ച നാല് ചെറിയ ഗേറ്റുകൾ കാണാം.
ശരത്കാലത്തേയും മഹാവിഷ്ണുവിനേയും പ്രതിനിധീകരിക്കുന്ന വടക്കു കിഴക്കൻ മയിൽ കവാടവും വേനൽകാലത്തേയും, ശിവ- പാർവ്വതിയേയും സൂചിപ്പിക്കുന്ന തെക്കുകിഴക്കൻ താമര കവാടവും പച്ചനിറത്തിൽ വസന്തത്തെ സൂചിപ്പിക്കുന്നതും ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നതമായ ഗ്രീൻ ഗേറ്റ് അല്ലെങ്കിൽ തിരമാലകൾ എന്നർത്ഥമുള്ള ലെഹെരിയ വടക്കുപടിഞ്ഞാറും അവസാനമായി ശീതകാലത്തെ പ്രതിനീധികരിക്കുന്നതും ദേവിക്ക് സമപ്പിച്ചിരിക്കുന്നതുമായ റോസ് ഗേറ്റ് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്നു.
സിറ്റിപാലസ് സമുച്ചയത്തിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണ് ചന്ദ്രമഹൽ. ഇതിന് ഏഴ് നിലകളുണ്ട്.
ആദ്യത്തെ രണ്ട് നിലകൾ സുഖ് നിവാസ് (ആനന്ദത്തിൻ്റെ വീട്) എന്നറിയപ്പെടുന്നു. തുടർന്ന് നിറങ്ങളിൽ ഗ്ലാസ് വർക്കുകളുള്ള ശോഭ നിവാസ്, ശേഷം നീലയും വെള്ളയും അലങ്കാരങ്ങളുള്ള ഛവി നിവാസും ഉൾപ്പെടുന്നു.
അവസാനത്തെ രണ്ട് നിലകൾ ശ്രീനിവാസും മുകുത് മന്ദിറും ഈ കൊട്ടാരത്തിൻ്റെ മകുടോദാഹരണങ്ങളാണ്. ബംഗാൽദാർ മേൽക്കൂരയുള്ള മുകുന്ദ് മന്ദിറിൽ ജയ്പൂറിൻ്റെ രാജകീയചിഹ്നമായ പതാക എല്ലായിപ്പോഴും ഉയർത്തിയിട്ടുണ്ട്.
വിദേശ അതിഥികളെ സ്വീകരിക്കുന്നതിനായി നിർമ്മിച്ച മുബാറക് മഹൽ സങ്കിർണ്ണവും സുതാര്യവുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഇപ്പോൾ അതിൽ മ്യൂസിയം ഓഫീസുകളും ഒന്നാം നിലയിൽ ഒരു ലൈബ്രറിയും താഴത്തെ നിലയിൽ ടെക്സ്റ്റൈൽഗാലറിയും ഉണ്ട്.
കാഴ്ചക്കാരുടെ പ്രധാന ഹാളാണ് സഭാനിവാസ്. ഒരു ദർബാർ സജ്ജീകരണത്തിലെന്നപോലെ മധ്യഭാഗത്ത് രണ്ട് സിംഹാസനങ്ങളുള്ള ഒരു വലിയ മുറി. ചുറ്റും ഒരു കൂട്ടം കസേരകൾ നിരത്തിയിട്ടിരിക്കുന്നു.
ചുവരിൽ ജയപൂർ രാജാക്കന്മാരുടെ പെയിൻ്റിംഗുകൾ. ഹോളി ആഘോഷത്തെ ചിത്രീകരിക്കുന്ന വലിയ പെയിൻ്റിംഗുകൾ, വസന്തവും വേനൽക്കാലവും ചിത്രീകരിക്കുന്ന പെയിൻ്റിംഗുകളും കൂടാതെ ഭരണാധികാരികളുടെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്ന സൈനിക മെഡലുകളും ട്രോഫികളും കാണാം.
ചുവർച്ചിത്രങ്ങൾ കൊണ്ട് ഹാൾ സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു. സഭാനിവാസിൻ്റെ തെക്ക് ഭാഗത്തായി ഒരു ക്ലോക്ക് ടവർ സ്ഥാപിച്ചിട്ടുണ്ട്. രജപുത്ര കോടതിയിലെ യൂറോപ്യൻ സ്വാധീനത്തിൻ്റെ അടയാളമാണിത്.
മുബാറക് മഹലിൻ്റെ താഴത്തെ നിലയിലുള്ള ടെക്സ്റ്റൈൽ ഗാലറി കയറിക്കണ്ടു. മഹാരാജാക്കന്മാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിവിധ തരത്തിലുള്ള വസ്ത്ര ശേഖരങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
രജപുത്രർ ഉപയോഗിച്ചിരുന്ന പഴയകാല ആയുധ ശേഖരത്തിൽ നിരവധി വാളുകളും കവചങ്ങളും ഉൾക്കൊള്ളുന്നു. ശേഖരത്തിലെ ഹൈലൈറ്റ്, മഹാരാജ റാം സിഗ് ജി രണ്ടാമൻ്റെ ഉടമസ്ഥതയിലുള്ള ഒരു തുൾവാറാണ്. കുലദേവത, ശിലാമാതാവ്, വേട്ടയാടൽ രംഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മനോഹരമായി ചായം പൂശിയ ഒരു കവചം മഹാരാജ സവായ് പ്രതാപ് സിങ്ങിൻ്റേതാണ്. ഇത് ശേഖരത്തിലെ അതിമനോഹരമായ ഒരു വസ്തുവായി കണക്കാക്കപ്പെടുന്നു.
പെയിൻ്റിംഗ് ഫോട്ടോഗ്രാഫി ഗാലറിയിൽ 18, 19 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന പെയിൻ്റിംഗുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. നിലവിൽ ഏകദേശം 3000 പെയിൻ്റിംഗുകൾ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നു. അതിമനോഹരമായ പെയിൻ്റിംഗുകളും ഫോട്ടോഗ്രാഫികളും എത്ര നേരം നോക്കി നിന്നാലും മതിയാവില്ല.
ഓരോ കെട്ടിടങ്ങളിലും കയറി യിറങ്ങി കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങിയപ്പോഴേക്കും പല റോഡുകളും ക്ലോസ് ചെയ്യാൻ തുടങ്ങിയിരുന്നു. ആളുകൾ ഒഴിഞ്ഞുപോകുവാൻ ഉച്ചഭാഷിണിയിലൂടെ പോലീസ് വിളംബരം ചെയ്തു കൊണ്ടിരുന്നു.
ജയ്പൂർ സിറ്റി സന്ദർശിക്കുവാനായി ഫ്രഞ്ച് പ്രസിഡൻ്റായ ഇമ്മാനുവേൽ മാക്രോൺ നാല്മണിയോട് കൂടി എത്തുമെന്നുള്ളതിനാൽ സുരക്ഷിതത്തിൻ്റെ ഭാഗമായിട്ടായിരുന്നു പോലീസിൻ്റെ നിയന്ത്രണങ്ങൾ. അടുത്ത ദിവസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക്ക് പരേഡിൽ പങ്കെടുക്കുവാൻ ചീഫ് ഗസ്റ്റായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റ്. വേലികൾ കെട്ടിത്തിരിച്ചും പാതകളടച്ചും മെയിൻ സ്ട്രീറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങളവിടെ നിന്നും നടന്ന് സമീപത്തുള്ള ഹവാമഹലിനടുത്തെത്തി.
ചുമപ്പും പിങ്കും നിറത്തിലുള്ള മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരമാണ് ഹവാ മഹൽ. 1799 ൽ സവായ് പ്രതാപ് സിംഗ് രാജാ പണി കഴിപ്പിച്ചതാണ് ഈ കെട്ടിടം. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ ലാറ്റിസ് വർക്കുകൾ കൊണ്ട് അലങ്കരിച്ച 953 ചെറിയ ജാലകങ്ങൾ കാണാം. രാജകീയ സ്ത്രീകൾക്ക് മറ്റുള്ളവർ കാണാതെ തെരുവിലെ ആഘോഷങ്ങളും ഉത്സവങ്ങളും മറ്റും നീരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളായിരുന്നു ഈ ചെറിയ ജാലകങ്ങൾ.
ഈ വാസ്തുവിദ്യാ സവിശേഷത, തണുത്ത വായു അകത്തേയ്ക്കും പുറത്തേയ്ക്കും കടന്ന് പോകാൻ അനുവദിക്കുന്നു. അങ്ങനെ വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ നിന്നും പ്രദേശത്തെ സംരക്ഷിക്കുന്നു. അതിനാൽ ഇതിനെ 'കാറ്റിൻ്റെ കൊട്ടാരം' എന്നും വിളിക്കപ്പെടുന്നു. തെരുവിൽ നിന്നു കാണുന്ന കാഴ്ച, കൊട്ടാരത്തിൻ്റെ മുൻഭാഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷേ, കൊട്ടാരത്തിൻ്റെ മുൻഭാഗം ശരിക്കും പിന്നിലാണ്.
സുരക്ഷാക്രമീകരണം നടക്കുന്നതിനാൽ തെരുവിൽ അധികസമയം നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല.
ഹവാ മഹലിൻ്റെ മനോഹാരിത ഒപ്പിയെടുത്തതിന് ശേഷം അവിടെ നിന്നും പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. തെരുവിൻ്റെ ഇരുവശങ്ങളിലും നിറയെ കടകളാണ്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഷാളുകളും ബാഗുകളും ചെരുപ്പുകളും ചായക്കടകളും തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്നവിധം നിരവധി കടകൾ നിരനിരയായി പ്രവർത്തിക്കുന്നു.
ഷോപ്പിംഗ് നടത്താൻ കുറച്ച് സമയം അനുവദിച്ചിരുന്നതിനാൽ പലരും പല കടകളിൽ കയറി. ചെരുപ്പും ബെഡ്ഷീറ്റുകളും മറ്റു സാധനങ്ങളും ഒക്കെ വാങ്ങി. ചായക്കടയിൽ നിന്നും രാജസ്ഥാൻ സ്പെഷ്യൽ ചായ കുടിച്ചതിന് ശേഷം ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് വന്ന് കൂടി.
അവിടെ നിന്നും തിരക്കുള്ള റോഡ് മുറിച്ച്കടന്ന് ഒരു ബസ്സ് സ്റ്റോപ്പിലെത്തി, ബസ്സ് വരാനായി വെയിറ്റ് ചെയ്തു. ദൂരെ എവിടെയോ പാർക്ക് ചെയ്തിരുന്ന ബസ്സ് എത്തി, ഞങ്ങളേയും കയറ്റിക്കൊണ്ട് അവിടെ നിന്നും വളരെ വേഗം മുന്നോട്ട് നീങ്ങി.
അങ്ങനെ ജയ്പൂരിനോട് യാത്ര പറഞ്ഞ് ഡൽഹിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. യാത്രക്കിടയിൽ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി ലഞ്ച് കഴിച്ചിട്ട് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.
ജയ്പൂരിൽ നിന്നും ഡൽഹിയിലെത്താൻ ഏകദേശം 6 മണിക്കൂറെങ്കിലും കുറഞ്ഞത് എടുക്കും. അടുത്ത ദിവസം ജനുവരി 26ാം തീയതി റിപ്പബ്ളിക് പരേഡ് കാണാൻ
വെളുപ്പിന് അഞ്ചര മണിക്ക് തന്നെ പോകേണ്ടതിനാൽ എത്രയും വേഗം മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്താൻ എല്ലാവരും ആഗ്രഹിച്ചു. അപ്രതീക്ഷിതമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത് കാരണം പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് ഡൽഹി കരോൾ ബാഗ മെട്രോ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ ഞങ്ങൾ എത്തിച്ചേർന്നത്.
(തുടരും)