മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

fort

Shaila Babu

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ കാണുകയെന്നത് എൻ്റെ ചെറുപ്പം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നു. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ചരിത്ര പ്രധാനവും ആകർഷണീയവുമായ റിപ്പബ്ലിക് പരേഡ്, നേരിൽ കാണുകയെന്നുള്ളതും ചിരകാലാഭിലാഷങ്ങളിൽ ഒന്നായിരുന്നു.

സേഫ് വിങ്സ് ട്രാവൽ ആൻഡ് ടൂറിസം കമ്പനി ക്രമീകരിച്ച ഒരു ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും രണ്ട് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കാനഡയിൽ താമസിക്കുമ്പോൾത്തന്നെ അവിടെവച്ച്, അഡ്വാൻസ് കൊടുത്ത് ബുക്ക് ചെയ്യുകയും ചെയ്തു. 

2024 ജനുവരി 23 ന് രാവിലെ 6 മണക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 30 പേരടങ്ങുന്ന ഒരു സംഘത്തിനോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.

അതിശയിപ്പിക്കുന്ന ആകാശ വിസ്മയങ്ങളിലൂടെ മൂന്നര മണിക്കൂർ കടന്നുപോയി. ദിവ്യ മൽഹോത്ര എന്ന വനിതാ പൈലറ്റിൻ്റെ നിയന്ത്രണത്തിൽ യഥാസമയം ഒൻപതര മണിക്ക് തന്നെ സുരക്ഷിതരായി ഞങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി.

സേഫ് വിങ്സ് കമ്പനിയുടെ ടൂർ ഗൈഡ് ആയ മിസ്റ്റർ ജോസഫ് ഞങ്ങളേയും കാത്ത് അവിടെയുണ്ടായിരുന്നു. പൂച്ചെണ്ട് നൽകി ഞങ്ങളെ സ്വാഗതം ചെയ്യുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് സ്വീകരിക്കുകയും ചെയ്തു.

ഞങ്ങളോടൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന 23 പേർ കൊച്ചി എയർപോർട്ടിൽ നിന്നുമായിരുന്നു യാത്ര തിരിച്ചത്. വൈകിയതിനാൽ ഒന്നരമണിക്കാണ് അവർ യാത്ര ചെയ്തിരുന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്.

theen moorthi bhavan

അവരെത്തുന്നത് വരെയുള്ള സമയം, ഡൽഹിയിലുള്ള തീൻമൂർത്തിഭവൻ സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. പത്ത് മിനിറ്റിനുള്ളിൽ എത്തിയ മഞ്ഞനിറത്തിലുള്ള വലിയൊരു ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ കയറി. 

തിരക്കേറിയ വീഥിയിലൂടെ ഞങ്ങളേയും കൊണ്ട് ആ വാഹനം മുന്നോട്ട് നീങ്ങി. തീൻ മൂർത്തിമാർഗ്ഗ് എന്ന റോഡിലൂടെ 'പ്രധാന മന്ത്രി സംഗ്രഹാലയ' എന്നും അറിയപ്പെട്ടിരുന്ന തീൻ മൂർത്തി ഭവനിൽ പത്തര മണിയോടെ ഞങ്ങൾ എത്തിച്ചേർന്നു.

സ്ഥലത്തെക്കുറിച്ചുള്ള പ്രാധാന്യം എല്ലാവരോടുമായി ജോസഫ് സാർ വിവരിച്ചു. ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ ഔദ്യോഗിക വസതി ആയി, സ്വതന്ത്ര ഇന്ത്യ ഉപയോഗിച്ചിരുന്നത് ഈ തീൻമൂർത്തി ഭവനാണ്. 

ബ്രിട്ടീഷുകാർക്കൊപ്പം ഇസ്രായേലിനെതിരെ യുദ്ധം ചെയ്ത മൂന്ന് നാട്ടുരാജാക്കന്മാരുടെ സ്മരണയ്ക്കായാണ് 'മൂന്ന് മൂർത്തി'കൾ എന്ന അർത്ഥത്തിൽ 'തീൻമൂർത്തി ഭവൻ' എന്ന പേര് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയായ നെഹ്റു മുതൽ നിലവിൽ നരേന്ദ്രമോദി വരെയുള്ള ഓരോരുത്തരുടെയും നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വളരെ മനോഹരമായും ചിട്ടയായും ഇവിടം സജ്ജീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിക്കും ആദരാഞ്ജലിയായി നിർമിച്ച ഒരു മ്യൂസിയം കൂടിയാണിത്. രാഷ്ട്രത്തിന്റെ വികസനത്തിന് ഓരോരുത്തരും നൽകിയ സംഭാവനകളുടെ വിവരണങ്ങൾ ഇവിടെ രേഖപ്പടുത്തിയിരിക്കുന്നു. 

നവീകരിച്ച കെട്ടിടങ്ങളും പുതുതായി വികസിപ്പിച്ച പുതിയ ഗാലറികളുമുള്ള തീൻ മൂർത്തി അവന്യൂവിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഓരോ പ്രധാനമന്ത്രിക്കും സമർപ്പിച്ചിരിക്കുന്ന ഗാലറികളിൽ, രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അവരുടെ സുപ്രധാന സംഭാവനകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഭരണഘടനയുടേയും അതിൻ്റെ നിർമാണത്തിൻ്റേയും അവിസ്മരണീയമായ സംവാദങ്ങളുടെയും ഗാലറികളും അവിടെയുണ്ട്.

ചരിത്രങ്ങളുറങ്ങുന്ന മ്യൂസിയത്തിൽ നിന്നും പന്ത്രണ്ടര മണിയോടുകൂടി ഞങ്ങൾ ഇറങ്ങി.  ഭക്ഷണം കഴിക്കാനായി  ആന്ധ്രപ്രദേശ് ഗവൺമെന്റിന്റെ ആന്ധ്രഭവൻ കാന്റീനിലെത്തി. അവിടെ വച്ച് കൊച്ചിയിൽ നിന്നെത്തിയ സംഘവും ഞങ്ങളോടൊപ്പം വന്നുചേർന്നു. ഹോട്ടലിനുള്ളിലെ അമിതമായ തിരക്ക് മൂലം പതിനഞ്ച് മിനിറ്റോളം കാത്തുനിന്നതിന് ശേഷമാണ് ഞങ്ങൾക്ക് സീറ്റ് ലഭിച്ചത്. രുചികരമായ താലി ഫുഡ് കഴിച്ചതിന് ശേഷം അവിടെ നിന്നും ഞങ്ങൾ യാത്ര തുടർന്നു. 

റോഡിനിരുവശത്തും സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങളെപ്പറ്റി ജോസഫ് സാർ വിവരിച്ചുകൊണ്ടിരുന്നു. യാത്രയ്ക്കിടയിൽ വിദേശകാര്യമന്ത്രാലയം, നാഷണൽ മ്യൂസിയം, പരേഡ് റോഡ്, ലെ മെറിഡിയൻ ഫൈവ് സ്റ്റാർ ഹോട്ടൽ, പട്യാല കോടതി, പ്രകൃതി മൈതാന്‍ റോഡ്, ഇന്ദ്രപ്രസ്ഥ റോഡ് എന്നിവയും കാണുവാൻ ഞങ്ങൾക്ക് സാധിച്ചു. 

'യമുന എക്സ്പ്രസ് വേ'യിലൂടെ വാഹനം ആഗ്ര ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. കൊച്ചിയിൽ നിന്നെത്തിയ സംഘം സഞ്ചരിച്ചിരുന്നത് മറ്റൊരു ബസ്സിലായിരുന്നു.

ആഗ്ര കോട്ട യൂണിസെഫിന്റെ പൈതൃക പട്ടികയിൽ ഇടം നേടിയത് മൂലം ഉണ്ടായ തിരക്കിന് പരിഹാരമായി നിർമ്മിച്ചതാണ് യമുന എക്സ്പ്രസ് വേ. 

രാത്രിയിൽ തങ്ങുന്ന ഹോട്ടലിലേക്കുള്ള യാത്രയുടെ ഇടവേളയിൽ എക്സ്പ്രസ് വേ ടോൾ നമ്പർ ഒന്നായ ശിവദാബയിൽ വണ്ടി നിർത്തി എല്ലാവരും  ചായ കുടിച്ചു. 

പത്ത് മണിയോടെ മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തി ചെക്കിൻ ചെയ്തു. അവിടുത്തെ കാൻ്റീനിൽ നിന്നും വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചതിന് ശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. 

ബ്രേക്ഫാസ്റ്റിന് ശേഷം ചെക്കൗട്ട് ചെയ്ത് എട്ടര മണിക്ക് തന്നെ  ഹോട്ടലിൽ നിന്നും ഞങ്ങൾ ഇറങ്ങി, ആഗ്രഫോർട്ട് സന്ദർശിക്കാനായി പോയി. 

നല്ല മൂടൽമഞ്ഞ് ആയിരുന്നതിനാൽ വഴിയോരക്കാഴ്ചകളൊന്നും വ്യക്തമായിരുന്നില്ല. കമ്പനിയുടെ ഗൈഡ് ഒപ്പമുണ്ടായിരുന്നെങ്കിലും ആഗ്രഫോർട്ട് സന്ദർശിക്കണമെങ്കിൽ അവിടുത്തെ ലോക്കൽ ഗൈഡുകളിൽ ആരെങ്കിലും കൂടെയുണ്ടാവണമെന്നുള്ളത് നിർബന്ധമായിരുന്നു.

അപ്രകാരം വിളിച്ച ഗൈഡിലൊരാൾ കോട്ടയ്ക്കകം സന്ദർശിക്കാൻ ഞങ്ങളോടൊപ്പം വന്നു. അയാൾ ഹിന്ദിയിലും ജോസഫ് സാർ മലയാളത്തിലും കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു.

ഇന്ത്യയിലെ ആഗ്രനഗരത്തിലെ ഒരു ചരിത്രകോട്ടയാണിത്.  1638 ൽ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറുന്നത് വരെ മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്നു ഇത്. 'മതിലുകളുള്ള നഗരം' എന്നും ഈ കോട്ടയെ വിശേഷിപ്പിക്കാവുന്നതാണ്.

ഡൽഹിയിൽ നിന്ന് 200 km തെക്ക്, യമുനാനദിയുടെ വലത് കരയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണിത്. മുഗൾവംശത്തിൻ്റെ ഭരണകാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്. 

ലോകമഹാത്ഭുതമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

പൂന്തോട്ടങ്ങളാലും പാർക്കുകളാലും പ്രശസ്ത സ്മാരകമായ താജ്മഹലുമായി ഈ കോട്ടയെ ബന്ധിപ്പിച്ചിരിക്കുന്നു. ആഗ്രയിലെ ചരിത്രപ്രധാനമായ ഈ കോട്ട, ആഗ്രയുടെ 'റെഡ്ഫോർട്ട്' എന്നും അറിയപ്പെടുന്നു. ഏകദേശം എട്ട് വർഷം കൊണ്ടാണ് ഈ കോട്ടയുടെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഒന്നര മൈൽ ചുറ്റളവുള്ള, എഴുപതടി ഉയരത്തിൽ ഒരു കിടങ്ങാൽ ചുറ്റപ്പെട്ട ചുവരുകൾക്ക് ഏകദേശം ചന്ദ്രക്കലയുടെ ആകൃതിയാണുള്ളത്. ചുവരുകളിൽ രണ്ട് പ്രവേശന പോയിൻ്റുകളുണ്ട്. തെക്ക് അഭിമുഖമായുള്ള അമർസിംഗ് ഗേറ്റ്, ഇപ്പോൾ കോട്ട സമുച്ചയത്തിനകത്തോ പുറത്തോ ഉള്ള ഒരേയൊരു മാർഗം ഇതാണ്. 

പടിഞ്ഞാറ് അഭിമുഖമായുള്ള ഡൽഹി ഗേറ്റ്, സങ്കീർണമായ മാർബിൾ ഇൻലേകൾ കൊണ്ട് അലങ്കരിച്ച യഥാർത്ഥ പ്രവേശന കവാടം. പിന്നീട് ഷാജഹാനും ജഹാംഗീറും പലഘടനകളും ചുവരുകൾക്കുള്ളിൽ കൂട്ടിച്ചേർക്കപ്പെട്ടു.

കോട്ടയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ജഹാംഗീറിൻ്റെ കൊട്ടാരം. സമുച്ചയത്തിലെ ഏറ്റവും വലിയ വസതിയാണിത്. ഷാജഹാൻ പണികഴിപ്പിച്ച പേൾ മസ്ജിദ് പൂർണമായും വെളുത്ത മാർബിളിൽ നിർമിച്ച ശാന്തവും തികച്ചും ആനുപാതികവുമായ ഒരു ഘടനയുമാണ്. 

ഔറംഗസീബ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് പ്രശസ്തമായ മയൂര സിംഹാസനം അവിടെ സൂക്ഷിച്ചിരുന്നു.

(തുടരും)


idanaazhi

Shaila Babu

ഭാഗം 4

1902 ൽ എഡ്വേർഡ് ഏഴാമൻ്റെ കിരീടധാരണത്തിനായി ഇംഗ്ലണ്ടിലേക്കുള്ള തൻ്റെ യാത്രയിൽ കുടിക്കാൻ ഗംഗാജലം കൊണ്ടുപോകാൻ സവായ് മധോസിംഗ് രണ്ടാമൻ രാജാവ് ഈ പാത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടത്രേ. അതിനാൽ പാത്രങ്ങൾക്ക് ഗംഗാജലിസ്(ഗംഗാജലപാത്രങ്ങൾ) എന്ന് പേരിട്ടു. 

ചന്ദ്രമഹലിലേക്ക് പ്രവേശനം നൽകുന്ന അകത്തെ മുറ്റമാണ് പ്രീതം നിവാസ് ചൗക്ക്. ഇവിടെ നാല് ഋതുക്കളേയും ഹിന്ദു ദൈവങ്ങളേയും പ്രതിനിധീകരിക്കുന്ന തീമുകൾ കൊണ്ട് അലങ്കരിച്ച നാല് ചെറിയ ഗേറ്റുകൾ കാണാം.

ശരത്കാലത്തേയും മഹാവിഷ്ണുവിനേയും പ്രതിനിധീകരിക്കുന്ന വടക്കു കിഴക്കൻ മയിൽ കവാടവും വേനൽകാലത്തേയും, ശിവ- പാർവ്വതിയേയും സൂചിപ്പിക്കുന്ന തെക്കുകിഴക്കൻ താമര കവാടവും പച്ചനിറത്തിൽ വസന്തത്തെ സൂചിപ്പിക്കുന്നതും ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നതമായ ഗ്രീൻ ഗേറ്റ് അല്ലെങ്കിൽ തിരമാലകൾ എന്നർത്ഥമുള്ള ലെഹെരിയ വടക്കുപടിഞ്ഞാറും അവസാനമായി ശീതകാലത്തെ പ്രതിനീധികരിക്കുന്നതും ദേവിക്ക് സമപ്പിച്ചിരിക്കുന്നതുമായ റോസ് ഗേറ്റ് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്നു.

സിറ്റിപാലസ് സമുച്ചയത്തിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണ് ചന്ദ്രമഹൽ. ഇതിന് ഏഴ് നിലകളുണ്ട്. 

ആദ്യത്തെ രണ്ട് നിലകൾ സുഖ് നിവാസ് (ആനന്ദത്തിൻ്റെ വീട്) എന്നറിയപ്പെടുന്നു. തുടർന്ന് നിറങ്ങളിൽ ഗ്ലാസ് വർക്കുകളുള്ള ശോഭ നിവാസ്, ശേഷം നീലയും വെള്ളയും അലങ്കാരങ്ങളുള്ള ഛവി നിവാസും ഉൾപ്പെടുന്നു.

അവസാനത്തെ രണ്ട് നിലകൾ ശ്രീനിവാസും മുകുത് മന്ദിറും ഈ കൊട്ടാരത്തിൻ്റെ മകുടോദാഹരണങ്ങളാണ്. ബംഗാൽദാർ മേൽക്കൂരയുള്ള മുകുന്ദ് മന്ദിറിൽ ജയ്പൂറിൻ്റെ രാജകീയചിഹ്നമായ പതാക എല്ലായിപ്പോഴും ഉയർത്തിയിട്ടുണ്ട്.

വിദേശ അതിഥികളെ സ്വീകരിക്കുന്നതിനായി നിർമ്മിച്ച മുബാറക് മഹൽ സങ്കിർണ്ണവും സുതാര്യവുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ഇപ്പോൾ അതിൽ മ്യൂസിയം ഓഫീസുകളും ഒന്നാം നിലയിൽ ഒരു ലൈബ്രറിയും താഴത്തെ നിലയിൽ ടെക്സ്റ്റൈൽഗാലറിയും ഉണ്ട്.

കാഴ്ചക്കാരുടെ പ്രധാന ഹാളാണ് സഭാനിവാസ്. ഒരു ദർബാർ സജ്ജീകരണത്തിലെന്നപോലെ മധ്യഭാഗത്ത് രണ്ട് സിംഹാസനങ്ങളുള്ള ഒരു വലിയ മുറി. ചുറ്റും ഒരു കൂട്ടം കസേരകൾ നിരത്തിയിട്ടിരിക്കുന്നു. 

ചുവരിൽ ജയപൂർ രാജാക്കന്മാരുടെ പെയിൻ്റിംഗുകൾ. ഹോളി ആഘോഷത്തെ ചിത്രീകരിക്കുന്ന വലിയ പെയിൻ്റിംഗുകൾ, വസന്തവും വേനൽക്കാലവും ചിത്രീകരിക്കുന്ന പെയിൻ്റിംഗുകളും കൂടാതെ ഭരണാധികാരികളുടെ നേട്ടങ്ങളെ അടയാളപ്പെടുത്തുന്ന സൈനിക മെഡലുകളും ട്രോഫികളും കാണാം. 

ചുവർച്ചിത്രങ്ങൾ കൊണ്ട് ഹാൾ സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു. സഭാനിവാസിൻ്റെ തെക്ക് ഭാഗത്തായി ഒരു ക്ലോക്ക് ടവർ സ്ഥാപിച്ചിട്ടുണ്ട്. രജപുത്ര കോടതിയിലെ യൂറോപ്യൻ സ്വാധീനത്തിൻ്റെ അടയാളമാണിത്.

മുബാറക് മഹലിൻ്റെ താഴത്തെ നിലയിലുള്ള ടെക്സ്റ്റൈൽ ഗാലറി കയറിക്കണ്ടു. മഹാരാജാക്കന്മാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിവിധ തരത്തിലുള്ള വസ്ത്ര ശേഖരങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

രജപുത്രർ ഉപയോഗിച്ചിരുന്ന  പഴയകാല ആയുധ ശേഖരത്തിൽ നിരവധി വാളുകളും കവചങ്ങളും ഉൾക്കൊള്ളുന്നു. ശേഖരത്തിലെ ഹൈലൈറ്റ്, മഹാരാജ റാം സിഗ് ജി രണ്ടാമൻ്റെ ഉടമസ്ഥതയിലുള്ള ഒരു തുൾവാറാണ്. കുലദേവത, ശിലാമാതാവ്, വേട്ടയാടൽ രംഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മനോഹരമായി ചായം പൂശിയ ഒരു കവചം മഹാരാജ സവായ് പ്രതാപ് സിങ്ങിൻ്റേതാണ്. ഇത് ശേഖരത്തിലെ അതിമനോഹരമായ ഒരു വസ്തുവായി കണക്കാക്കപ്പെടുന്നു.

പെയിൻ്റിംഗ് ഫോട്ടോഗ്രാഫി ഗാലറിയിൽ 18, 19 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന പെയിൻ്റിംഗുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. നിലവിൽ ഏകദേശം 3000 പെയിൻ്റിംഗുകൾ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നു. അതിമനോഹരമായ പെയിൻ്റിംഗുകളും ഫോട്ടോഗ്രാഫികളും എത്ര നേരം നോക്കി നിന്നാലും മതിയാവില്ല.

ഓരോ കെട്ടിടങ്ങളിലും കയറി യിറങ്ങി കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങിയപ്പോഴേക്കും പല റോഡുകളും ക്ലോസ് ചെയ്യാൻ തുടങ്ങിയിരുന്നു. ആളുകൾ ഒഴിഞ്ഞുപോകുവാൻ ഉച്ചഭാഷിണിയിലൂടെ പോലീസ് വിളംബരം ചെയ്തു കൊണ്ടിരുന്നു. 

ജയ്പൂർ സിറ്റി സന്ദർശിക്കുവാനായി ഫ്രഞ്ച് പ്രസിഡൻ്റായ ഇമ്മാനുവേൽ മാക്രോൺ നാല്മണിയോട് കൂടി എത്തുമെന്നുള്ളതിനാൽ സുരക്ഷിതത്തിൻ്റെ ഭാഗമായിട്ടായിരുന്നു പോലീസിൻ്റെ നിയന്ത്രണങ്ങൾ. അടുത്ത ദിവസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ളിക്ക് പരേഡിൽ പങ്കെടുക്കുവാൻ ചീഫ് ഗസ്റ്റായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റ്. വേലികൾ കെട്ടിത്തിരിച്ചും പാതകളടച്ചും മെയിൻ സ്ട്രീറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങളവിടെ നിന്നും നടന്ന് സമീപത്തുള്ള ഹവാമഹലിനടുത്തെത്തി.

kottaram

ചുമപ്പും പിങ്കും നിറത്തിലുള്ള മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരമാണ് ഹവാ മഹൽ. 1799 ൽ സവായ് പ്രതാപ് സിംഗ് രാജാ പണി കഴിപ്പിച്ചതാണ് ഈ കെട്ടിടം. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിൽ ലാറ്റിസ് വർക്കുകൾ കൊണ്ട് അലങ്കരിച്ച 953 ചെറിയ ജാലകങ്ങൾ കാണാം. രാജകീയ സ്ത്രീകൾക്ക് മറ്റുള്ളവർ കാണാതെ തെരുവിലെ ആഘോഷങ്ങളും ഉത്സവങ്ങളും മറ്റും നീരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളായിരുന്നു ഈ ചെറിയ ജാലകങ്ങൾ. 

ഈ വാസ്തുവിദ്യാ സവിശേഷത,  തണുത്ത വായു അകത്തേയ്ക്കും പുറത്തേയ്ക്കും കടന്ന് പോകാൻ അനുവദിക്കുന്നു. അങ്ങനെ വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ നിന്നും പ്രദേശത്തെ സംരക്ഷിക്കുന്നു. അതിനാൽ ഇതിനെ 'കാറ്റിൻ്റെ കൊട്ടാരം' എന്നും വിളിക്കപ്പെടുന്നു. തെരുവിൽ നിന്നു കാണുന്ന കാഴ്ച, കൊട്ടാരത്തിൻ്റെ മുൻഭാഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷേ, കൊട്ടാരത്തിൻ്റെ മുൻഭാഗം ശരിക്കും പിന്നിലാണ്. 

സുരക്ഷാക്രമീകരണം നടക്കുന്നതിനാൽ തെരുവിൽ അധികസമയം നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. 

ഹവാ മഹലിൻ്റെ മനോഹാരിത ഒപ്പിയെടുത്തതിന് ശേഷം അവിടെ നിന്നും പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. തെരുവിൻ്റെ ഇരുവശങ്ങളിലും നിറയെ കടകളാണ്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഷാളുകളും ബാഗുകളും ചെരുപ്പുകളും ചായക്കടകളും തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്നവിധം നിരവധി കടകൾ നിരനിരയായി പ്രവർത്തിക്കുന്നു. 

ഷോപ്പിംഗ് നടത്താൻ കുറച്ച് സമയം അനുവദിച്ചിരുന്നതിനാൽ പലരും പല കടകളിൽ കയറി. ചെരുപ്പും ബെഡ്ഷീറ്റുകളും മറ്റു സാധനങ്ങളും ഒക്കെ വാങ്ങി. ചായക്കടയിൽ നിന്നും രാജസ്ഥാൻ സ്പെഷ്യൽ ചായ കുടിച്ചതിന് ശേഷം ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് വന്ന് കൂടി. 

അവിടെ നിന്നും തിരക്കുള്ള റോഡ് മുറിച്ച്കടന്ന് ഒരു ബസ്സ് സ്റ്റോപ്പിലെത്തി, ബസ്സ് വരാനായി വെയിറ്റ് ചെയ്തു. ദൂരെ എവിടെയോ പാർക്ക് ചെയ്തിരുന്ന ബസ്സ് എത്തി, ഞങ്ങളേയും കയറ്റിക്കൊണ്ട് അവിടെ നിന്നും വളരെ വേഗം മുന്നോട്ട് നീങ്ങി. 

അങ്ങനെ ജയ്പൂരിനോട് യാത്ര പറഞ്ഞ് ഡൽഹിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. യാത്രക്കിടയിൽ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി ലഞ്ച് കഴിച്ചിട്ട് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.

ജയ്പൂരിൽ നിന്നും ഡൽഹിയിലെത്താൻ ഏകദേശം 6 മണിക്കൂറെങ്കിലും കുറഞ്ഞത് എടുക്കും. അടുത്ത ദിവസം ജനുവരി 26ാം തീയതി  റിപ്പബ്ളിക് പരേഡ് കാണാൻ
വെളുപ്പിന് അഞ്ചര മണിക്ക് തന്നെ പോകേണ്ടതിനാൽ എത്രയും വേഗം മുറികൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്താൻ എല്ലാവരും ആഗ്രഹിച്ചു. അപ്രതീക്ഷിതമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത് കാരണം പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് ഡൽഹി കരോൾ ബാഗ മെട്രോ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ ഞങ്ങൾ എത്തിച്ചേർന്നത്.

(തുടരും)


image

ഭാഗം 5

പതിനൊന്ന് മണി കഴിഞ്ഞിരുന്നതിനാൽ ചെക്ക്- ഇൻ ചെയ്തതിന് ശേഷം ഡിന്നർ കഴിച്ചതിന് ശേഷമാണ് ഞങ്ങൾ മുറികളിലേക്ക് പോയത്. കാൻ്റീൻ അടയ്ക്കാതെ, ജോലിക്കാർ ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.

നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കിയിട്ട് കിടന്നുറങ്ങി. 

പരേഡിന് പോകുമ്പോൾ പാലിക്കേണ്ടതായ കാര്യങ്ങൾ ബസ്സിൽ വച്ചും ഹോട്ടൽ കാൻ്റീനിൽ വച്ചും സീനിയർ ഗൈഡ് ആയ ജോസഫ് സാർ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു. 

റിപ്പബ്ളിക് പരേഡ് കാണുവാനുള്ള പാസ്സ്, മിനിസ്ട്രി ഓഫ് ഡിഫൻസിൽ നിന്നും സേഫ് വിങ്സിൻ്റെ പ്രവർത്തകർ ഒരു മാസം മുൻപ് തന്നെ എടുത്തിട്ടുണ്ടായിരുന്നു. എവിടെ പോകാനും ആധാർ കാർഡ് നിർബന്ധമായിരുന്നു. 

അലാറം വച്ച് നാല് മണിക്ക് തന്നെ എഴുന്നേറ്റ്, പ്രഭാതകൃത്യങ്ങൾക്ക് ശേഷം അഞ്ചുമണിയോടു കൂടി എല്ലാവരും താഴെയെത്തി. നല്ല തണുപ്പുണ്ടാണ്ടായിരുന്നതിനാൽ ജാക്കറ്റും തൊപ്പിയും ഗ്ലൗസ്സും മറ്റും ധരിച്ചാണ് എല്ലാവരും പുറപ്പെടാൻ റെഡിയായത്. അവരവരുടെ പാസ്സുകൾ, പേര് വിളിച്ച് എല്ലാവരുടേയും കൈകളിൽ കൊടുത്തതിന് ശേഷം ജോസഫ് സാർ വീണ്ടും ചില നിർദേശങ്ങൾ കൂടി നൽകി. കഠിനമേറിയ സെക്യൂരിറ്റി ചെക്കിംഗ് ആയിരിക്കുമെന്നതിനാൽ മൊബൈൽ ഫോൺ അല്ലാതെ, മറ്റൊരു സാധനവും കുടിക്കാൻ അല്പം വെള്ളം പോലും കയ്യിലെടുക്കുവാൻ അനുവദനീയമല്ലെന്ന് പല പ്രാവശ്യം ഞങ്ങളെ ഓർമപ്പെടുത്തി. 

ആധാർ കാർഡിനൊപ്പം പരേഡ് കാണുവാനുള്ള പാസ്സും മൊബൈൽ ഫോണുമായി ഞങ്ങൾ റെഡിയായി നിന്നു.

കൊല്ലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന വലിയാരാഗ്രഹം സഫലമാകാൻ പോകുന്നതിൻ്റെ സന്തോഷം ഞങ്ങളുടെ ഓരോരുത്തരുടെയും മുഖങ്ങളിൽ പ്രതിഫലിച്ചിരുന്നെങ്കിലും പറഞ്ഞറിയിക്കാൻ വയ്യാത്ത ആശങ്കയും ആകാംക്ഷയും എൻ്റെ മനസ്സിനെ കീഴടക്കി.

ജനലക്ഷങ്ങൾ വന്നുകൂടുന്ന പ്രദേശത്ത് സ്വയം സൂക്ഷിക്കുക എന്ന ആശയവുമായി ഞങ്ങൾ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അഞ്ച് മിനിറ്റ് ദൂരം നടന്ന് കരോൾ ബാഗ എന്ന മെട്രോ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും മെട്രോയിൽ കയറി രാജീവ് ചൗക്ക് സ്റ്റേഷനിൽ ഇറങ്ങുകയും അവിടെ നിന്നുള്ള അണ്ടർ ഗ്രൗണ്ട് മെട്രോയിൽ കയറി, ഉദ്യോഗ്ഭവൻ സ്റ്റേഷനിൽ ഇറങ്ങുകയും വേണമായിരുന്നു. 

വലിയൊരു ഗ്രൂപ്പ് ആയതിനാൽ മെട്രോയിൽ കയറുവാനുള്ള പാസ്സ്, സ്റ്റേഷൻ മാനേജർ ഇഷ്യൂ ചെയ്ത് തന്നു. പാസ്സ് കിട്ടുന്നതിന് വേണ്ടി ഏകദേശം അരമണിക്കൂർ നേരം സ്റ്റേഷനിൽ വെയ്റ്റ് ചെയ്യേണ്ടിവന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങൾ മെട്രോയിൽ കയറി.

ഏകദേശം പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ ഉദ്യോഗ്ഭവൻ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ജനക്കൂട്ടങ്ങൾ ക്കിടയിലൂടെ ഞങ്ങളും നടന്നു. അവരവരുടെ ആൾക്കാർ തമ്മിൽ പിരിയാതിരിക്കാൻ കൈകൾ തമ്മിൽ കോർത്തു പിടിച്ചുകൊണ്ടാണ് ഞങ്ങൾ നടന്നത്. 

അതിരാവിലെയായിട്ടും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. അത് എന്തിനുള്ള ക്യൂവായിരുന്നുവെന്ന് ആദ്യം ഞങ്ങൾക്ക് മനസ്സിലായില്ല. ഞങ്ങളുടെ കൈവശം പാസ്സുണ്ടായിരുന്നതിനാൽ,  ജോസഫ് സാർ വന്ന് സേഫ് വിങ്സിൻ്റെ ഗ്രൂപ്പിലുള്ള ഞങ്ങളെ എല്ലാവരേയും വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു. 

അരകിലോമീറ്റർ കഴിഞ്ഞപ്പോൾ കണ്ട ആറ് ലൈനുകളിലെ ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ സ്ത്രീകൾക്കും പുരുഷമാർക്കും വെവ്വേറെ ക്യൂ ആണെന്ന് മനസ്സിലായതിനാൽ ഞങ്ങൾ സ്ത്രീകളെല്ലാവരും വനിതകളുടെ ക്യൂവിൽ ഇടം പിടിച്ചു. 

പാസ്സും മൊബൈലുമല്ലാതെ, പലരുടെയും കൈവശമുണ്ടായിരുന്ന ബാഗുകളും മറ്റു സാധനങ്ങളും സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി ഒരു സ്ഥലത്ത് കൂട്ടിയിടുന്നത് കണ്ടു. 

ദേഹപരിശോധനയ്ക്ക് ശേഷം ആ കടമ്പ കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നടന്നു ചെന്ന് മറ്റൊരു ക്യൂവിൽ പ്രവേശിച്ചു. രണ്ടാമത്തെ സെക്യൂരിറ്റി ചെക്കിംഗായിരുന്നു അത്. പരിശോധന കഴിഞ്ഞ് പുറത്ത് വന്നപ്പോൾ, ചെക്കിംഗെല്ലാം കഴിഞ്ഞെന്ന് കരുതി സമാധാനിച്ചെങ്കിലും മുന്നോട്ട് നടന്ന് ചെന്ന് മൂന്നാമത്തെ ക്യൂവിൽ അകപ്പെട്ടു. ചെക്കിംഗിൻ്റെ അവസാനഘട്ടവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ശ്വാസം നേരേ വീണത്. 

ജനക്കൂട്ടത്തിനിടയിൽ ഞങ്ങളുടെ ആളുകളൊക്കെ ഇതിനകം എവിടെയൊക്കെയോ ചിതറിപ്പോയിരുന്നു. ഞങ്ങൾ മൂന്ന് നാല് പേർ ഭർത്താക്കന്മാരേയും കാത്ത് കുറേനേരം അവിടെനിന്നു. സ്ത്രികളേക്കാൾ കടുത്ത പരിശോധനകളായിരുന്നു പുരുഷന്മാർക്ക് നേരിടേണ്ടി വന്നത്. മൂന്ന് ഘട്ടം പരിശോധനകളും കഴിഞ്ഞ് അവരെത്താൻ കുറേ സമയമെടുത്തു. 

രാഷ്ട്രപതിഭവൻ മുതൽ ഇൻഡ്യാ ഗേറ്റ് വരെയുള്ള പ്രദേശം റോഡിനപ്പുറവും ഇപ്പുറവുമായി വടക്കും തെക്കുമായി തിരിച്ച് കിലോമീറ്ററുകളോളം ദൂരം പല പല സ്റ്റേഡിയങ്ങളാക്കി സജ്ജീകരിച്ചിരിക്കുന്നു. ഓരോ എൻക്ലോഷറുകളും നമ്പരിട്ട് അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ കണ്ടുപിടിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല. 

പാസ്സിലെഴുതിയിരുന്ന പ്രകാരം വടക്കുഭാഗത്തുള്ള മൂന്നാം നമ്പർ സ്റ്റേഡിയത്തിൻ്റെ ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. അവിടെയെത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ ഒരു സുഹൃത്തും ഭാര്യയും മാത്രമേ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ... ബാക്കിയുള്ളവരെല്ലാം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒൻപതര മണിയോടു കൂടി ഞങ്ങൾ സീറ്റിൽ ചെന്നിരുന്നു. വളരെ മുന്നിൽത്തന്നെ ഇരിക്കാൻ സിറ്റ് കിട്ടിയതിൽ സന്തോഷം തോന്നി. 

ഭാരതത്തിൻ്റെ 75-ാം മത് റിപ്പബ്ളിക് പരേഡ് വളരെ അടുത്തിരുന്ന് നേരിട്ട് കാണാൻ കഴിയുന്നതിൻ്റെ ചാരിതാർത്ഥ്യത്തിനോടൊപ്പം ചരിത്രത്തിന് സാക്ഷിയാകുന്നതിലുള്ള അഭിമാനവും ഉള്ളിൽ താലോലിച്ചുകൊണ്ടിരുന്നു.

ദാഹവും വിശപ്പുമെല്ലാം അവഗണിച്ചുകൊണ്ട് കടന്നു വരുന്ന വേറിട്ട കാഴ്ചകൾക്കായി പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. അല്പ സമയത്തിനുള്ളിൽ ഗൈഡുകളിൽ ഒരാളായ പ്രിൻസ്, ഞങ്ങളുടെ സമീപമുണ്ടായിരുന്ന ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു. 

ഉച്ചഭാഷിണിയിലൂടെ ആമുഖങ്ങളും അറിയിപ്പുകളും ഒഴുകിയെത്തി. പ്രധാന ചടങ്ങുകൾ നടക്കുന്ന ഇൻഡ്യാ ഗേറ്റിന് സമീപമുള്ള സ്റ്റേജിലെ പരിപാടികൾ, മുന്നിൽ സജ്ജീകരിച്ചിരുന്ന വലിയ ടിവിയിൽ ഞങ്ങൾക്ക് കാണാമായിരുന്നു. 

സമയം കടന്നുപോയി. കൃത്യം പത്തര മണിക്ക് പരേഡുകൾ തുടങ്ങുന്നതിൻ്റെ മുന്നോടിയായി ഉയർന്ന ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ടുള്ള പ്രധാന വാഹനങ്ങൾ ഞങ്ങളുടെ മുന്നിൽ കൂടി കടന്നുപോയി. പ്രധാനമന്ത്രിയുടെ വാഹനം വളരെ വേഗത്തിലായിരുന്നു കടന്നുപോയത്. കർത്തവ്യപഥിൽ പരേഡിന് സാക്ഷിയാവാൻ എത്തിയവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

രാവിലെ 10 മണിയോടെ പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. 

തുറന്ന കുതിരവണ്ടിയിൽ രാഷ്ട്രപതിയും ഫ്രഞ്ച് പ്രസിഡൻ്റും ഞങ്ങളുടെ തൊട്ടു മുന്നിൽക്കൂടിയാണ് വേദിയിലേക്ക് പോയത്. തുടർന്ന് കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. 10.15 ഓടെ കർത്തവ്യപഥിൽ എത്തിയ മോദി രാഷ്ട്രപതിയേയും മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡൻ്റിനേയും ചടങ്ങിലേക്ക് സ്വീകരിച്ചു.

തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പരേഡുകളും സംസ്ഥാനങ്ങളുടെ ടാബ്ലോ കളും അരങ്ങേറി. കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യം ഈ പ്രാവശ്യം ഇല്ലാതിരുന്നതിനാൽ വല്ലാത്ത നിരാശ തോന്നി. കേരളത്തെ കൂടാതെ, പഞ്ചാബ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾക്കും ഈ വർഷം അനുമതി ലഭിച്ചിരുന്നില്ല.

മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ഒന്നിച്ച് മാർച്ച് ചെയ്തു. തുടർന്ന് കര, നാവിക, വ്യോമ സേനകളിലെ പ്രത്യേക സംഘങ്ങളുടെ മാർച്ച് നടന്നു. 

(തുടരും)


tour

ഭാഗം 6

ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് പരേഡിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ,  സാംസ്കാരിക- കലാ മേഖലയിൽ നിന്നുള്ള സ്ത്രീകളും പരേഡിൽ അണിനിരന്നു. സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരന്ന റിപ്പബ്ളിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത.

പതിനഞ്ച് വനിതാ പൈലറ്റുമാർ ഇന്ത്യൻ വ്യോമസേനയുടെ ഫ്ളൈപാസ്റ്റിൻ്റെ ഭാഗമായി. കേന്ദ്ര സായുധ പോലീസ് സേനയുടെ സംഘത്തിലും (സി. എപി.എഫ്)
വനിതാ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

പരമ്പരാഗത സൈനിക ബാൻഡുകൾക്ക് പകരം ആദ്യമായി ഇന്ത്യൻ സംഗീതോപകരണങ്ങളായ ശംഖ്, നാദസ്വരം, നാഗദ എന്നിവ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് പരേഡ് വിളംബരം ചെയ്തത്.

ഡൽഹി പോലീസ് സംഘത്തെ മലയാളിയും ഡപ്യൂട്ടി കമ്മീഷണറുമായ ശ്വേത കെ. സുഗതനാണ് നയിച്ചത്. സിആർപിഎഫ്, എസ്. എസ് ബി, ഐ. ടി. ബി. പി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസ പ്രകടനങ്ങളുമായി കാണികളെ വിസ്മയിപ്പിച്ചു.

3000 ത്തോളം അതിഥികൾ ഉൾപ്പെടെ 77000 ത്തോളം പേരാണ് കർത്തവ്യപഥത്തിലെ ആഘോഷങ്ങൾ നേരിൽ കാണാനായി എത്തിയത്. ആകർഷകമായ പരേഡ് രാവിലെ 10.30 മണിക്ക് വിജയ് ചൗക്കിൽ നിന്നും ആരംഭിച്ച് കർത്തവ്യപഥത്തിൽ അവസാനിച്ചു.  രാജ്യത്തിൻ്റെ സൈനികശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നവയായിരുന്നു ഓരോ പ്രകടനങ്ങളും. 

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോണായിരുന്നു വിശിഷ്ടാതിഥി. സന്ദർശക ഗാലറിയിലെ വലിയ ജനക്കൂട്ടത്തിന് പുറമേ പ്രധാനമന്ത്രിക്കൊപ്പം മുൻനിരയിലിരുന്ന് ഫ്രഞ്ച് പ്രസിഡൻ്റും ഏറെ ആവേശത്തോടെയാണ് പ്രൗഡഗംഭീരമായ പരേഡുകൾ വീക്ഷിച്ചത്. 

120 അംഗ ഫ്രഞ്ച് സേനയും പരേഡിൽ അണിനിരന്നത് വേറിട്ട കാഴ്ചയായി. സൈനിക ഗ്രൂപ്പുകളുടെ പരേഡുകൾക്ക് പിന്നാലെ, രാജ്യത്തിൻ്റെ നിരവധി നിശ്ചല ചിത്രങ്ങളും ശ്രദ്ധേയമായി. പരേഡുകൾക്ക് ശേഷം റഫേൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി. 

ഭരണഘടനയിലെ സെക്യൂലർ ആശയങ്ങളിലൂന്നിയ നാനാത്വത്തിൽ ഏകത്വം എന്ന പ്ലോട്ടും പരേഡിൽ അണിനിരന്നു. സ്ത്രീശക്തി വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പ്രകടനങ്ങൾ ഓരോന്നും ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടതും ആസ്വദിച്ചതും. ചിരകാഭിലാഷം സാഫല്യമായതിൻ്റെ സംതൃപ്തിയിലാണ്അവിടെ നിന്നും ഞാൻ തിരിച്ചിറങ്ങിയത്. രാജ്യത്തിൻ്റെ അഭിമാന ദിനത്തിൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ ലഭിച്ച അവസരത്തെ ഒരു വലിയ ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.

താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്താനായി, മെട്രോസ്റ്റേഷനിൽ നിന്നും ലഭിച്ച പാസ്സ് കളയാതെ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. അതുമായി ഉദ്യോഗ്ഭവൻ സ്റ്റേഷനിലെത്തി, മെട്രോയിൽ കയറി രാജീവ് ചൗക്കിൽ ഇറങ്ങി. അവിടെ നിന്നും ട്യൂബ് ട്രയിനിൽ കയറി കരോൾ ബാഗിൽ ഇറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽഹോട്ടലിലെത്തി ലഞ്ച് കഴിച്ചിട്ട് മുറിയിൽ പോയി വിശ്രമിച്ചു. മൂന്ന് മണിയോടു കൂടി സംഘത്തിലുള്ള മറ്റുള്ളവരും ഹോട്ടലിൽ തിരിച്ചെത്തി. 

നേരത്തേ അറിയിച്ചിരുന്ന പ്രകാരം വൈകിട്ട് നാലര മണിക്ക് എല്ലാവരും റെഡിയായി താഴെ വന്നു. കാത്തു കിടന്നിരുന്ന ബസ്സുകളിൽ കയറി അടുത്ത സ്ഥലമായ അക്ഷർധാം ടെമ്പിൾ സന്ദർശിക്കുവാനായി പോയി. റോഡിനിരുവശത്തുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഏകദേശം ഒരു മണിക്കൂറിനകം ഞങ്ങൾ ടെമ്പിളിന് സമീപം എത്തി. 

പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്ത ബസ്സിനുള്ളിൽ നിന്നും ഞങ്ങളിറങ്ങി. മൊബൈൽ ഫോൺ,ക്യാമറകൾ, ബാഗുകൾ തുടങ്ങി യാതൊരു സാധനങ്ങളും അകത്തേക്ക് കൊണ്ടു പോകാൻ അനുവദനീയമല്ലായിരുന്നു. 

അവിടവിടെയായി കാണപ്പെട്ട മനോഹരമായ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ സ്വാമിനാരായൺ അക്ഷർധാം കോപ്ലക്സ് അത്ഭുതത്തോടെ നോക്കിനിന്നു. 

സെക്യൂരിറ്റി ചെക്കിംഗിനായി നീണ്ടു കിടക്കുന്ന നിരകളിൽ ഒരു മനുഷ്യ സാഗരം തന്നെ കാണപ്പെട്ടു. ജയ് രാമാ,ഹരേ രാമാ എന്ന് വിളിച്ചുകൊണ്ട് ക്യൂവിലൂടെ മനുഷ്യർ ഒഴുകി നടന്നു.  

പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ ക്യൂ ആയിരുന്നതിനാൽ നിരകളുടെ അറ്റത്ത് യഥാക്രമം ഞങ്ങളും സ്ഥാനം പിടിച്ചു. നിന്നുകൊടുത്താൽ  തള്ളിക്കൊണ്ടുപോകുന്ന തരത്തിലായിരുന്നു ജനത്തിൻ്റെ ഒഴുക്ക്. ചെറിയ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. രാവിലെ റിപ്പബ്ലിക് പരേഡ് കാണാനെത്തിയ ജനം മുഴുവനും അവിടെയുണ്ടായിരുന്നുവെന്ന് അനുമാനിച്ചു പോവുകയാണ്.

അകത്തേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കർശനമായ പരിശോധനകളെ നേരിടേണ്ടി വന്നതിന്നാൽ പരിശോധന
കഴിഞ്ഞ സ്ത്രീകൾ പുരുഷന്മാർക്ക് വേണ്ടി കുറേയധികനേരം കാത്തുനിൽക്കേണ്ടതായി വന്നു. അക്ഷർധാം ടെമ്പിൾ സന്ദർശിക്കുവാൻ നല്ല തിരക്കായതിനാൽ പരിസരമെല്ലാം വീക്ഷിച്ചു കൊണ്ട് കുറച്ചുനേരം ഞങ്ങൾ അവിടെയെല്ലാം നടന്നു. 

എല്ലാ ദിവസവും രണ്ടു പ്രാവശ്യം നടത്തുന്ന വെള്ളം, ശബ്ദം, പ്രകാശം എന്നിവ ചേരുന്ന ഒരു ലേസർ ഷോ കാണുവാനുള്ള ടിക്കറ്റ് എടുക്കുവാൻ ഞങ്ങളുടെ ഗൈഡിലൊരാൾ പോയതിനാൽ ടെമ്പിളിൻ്റെ മുന്നിൽ ഞങ്ങൾ കാത്തുനിന്നു. 7.15 ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് തന്നെ ടിക്കറ്റ് ലഭിച്ചതിനാൽ ഞങ്ങൾ അവിടേയ്ക്ക് നടന്നു.

ഒരു ഹിന്ദു ക്ഷേത്രമെന്നതിനുപരി, പരമ്പരാഗതവും ആധുനികവുമായ ഹിന്ദു സംസ്കാരത്തിൻ്റേയും ആത്മീയതയുടെയും വാസ്തുവിദ്യയുടെയും ഒരു മകുടോദാഹാരണമാണ് ഈ സമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. 2005 നവംബർ ആറിന് തുറന്ന ഈ സമുച്ചയത്തിൻ്റെ മധ്യഭാഗത്തുള്ള ക്ഷേത്രം വാസ്തു ശാസ്ത്രവും പഞ്ചരാത്ര ശാസ്ത്രവും അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. 

ഉത്തർപ്രദേശിലെ നോയിഡോ എന്ന പട്ടണത്തോട് ചേർന്ന്,  യമുനാനദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഡൽഹി മെട്രോ വഴിയും ഈ സമുച്ചയത്തിനകത്ത് പ്രവേശിക്കാവുന്നതാണ്. അക്ഷർധാം മെട്രോസ്റ്റേഷൻ ഇതിന് സമീപമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഗിന്നസ് വേൾഡ് റിക്കോർഡ് 2007 ൽ അക്ഷർധാമിന് ലഭിക്കുകയുണ്ടായി. 

സ്വാമിനാരായണിൻ്റെ ജീവിതത്തേയും പ്രവർത്തനത്തേയും കുറിച്ചുള്ള വിവരണങ്ങൾ നൽകുന്ന വിവിധ പ്രദർശന ഹാളുകൾ ഇവിടെയുണ്ട്.  ഇതിന് പുറമേ, അഭിഷേക മണ്ഡപം, സഹജ് ആനന്ദ് വാട്ടർ ഷോ, തീമാറ്റിക് ഗാർഡൻ, സഹജാനന്ദ് ദർശൻ, നീലകണ്ഠ ദർശൻ, സംസ്കൃതി എന്നീ പ്രദർശനങ്ങൾ ഉണ്ട്.  അക്ഷർധാം എന്ന വാക്കിൻ്റെ അർത്ഥം, സ്വാമിനാരായണൻ്റെ വാസസ്ഥലം എന്നാണ്.ഭൂമിയിലെ ദൈവത്തിൻ്റെ  താൽക്കാലിക ഭവനമായി അനുയായികൾ ഇതിനെ കണക്കാക്കുന്നു. സമുച്ചയത്തിൻ്റെ മനോഹാരിത ആവോളം ആസ്വദിച്ചിട്ട് സവിശേഷതയേറിയ ജലധാരയിൽ, സംഗീതത്തിൻ്റെ അകമ്പടിയോടെ നടത്തുന്ന വാട്ടർ ഷോ കാണുന്നതിന് വേണ്ടി സൗകര്യപ്രദമായ പടികളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. 

സഹജ് ആനന്ദ്- മൾട്ടി മീഡിയ വാട്ടർ ഷോ എന്നാണ് ഇതറിയപ്പെടുന്നത്. ദിവസവും രാത്രിയിൽ രണ്ട് ഷോകളാണുള്ളത്. ആദ്യത്തെ ഷോയ്ക്ക് തന്നെയാണ് ഞങ്ങൾ ടിക്കറ്റുകൾ എടുത്തത്.

ഇന്ത്യയുടെ ഏറ്റവും വലിയ പടിക്കിണറായ യജ്ഞപുരുഷ് കുണ്ഡ് എന്നറിയപ്പെടുന്ന സംഗീത ജലധാരയുടെ പടികളിൽ പകൽസമയം സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാവുന്നതാണ്. 24 മിനിറ്റ് നേരം ദൈർഘ്യമുള്ള, ഉപനിഷത്തിൽ നിന്നുള്ള ഒരു കഥ, വിവിധ മാധ്യമങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ജീവസ്സുറ്റതാക്കി അവതരിപ്പിക്കുന്നു. 

മൾട്ടികളർ ലേസർ, വീഡിയോ പ്രൊജക്ഷനുകൾ, അണ്ടർവാട്ടർ ഫ്ലേംസ്, വാട്ടർ ജെറ്റുകൾ, സറൗണ്ട് സൗണ്ട് എന്നിവയ്ക്ക് പുറമേ, ലൈറ്റുകളും ലൈവ് അഭിനേതാക്കളും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു അവതരണമാണ് ഈ പ്രദർശനം. 

(തുടരും)


minar

ഭാഗം 7

മൾട്ടി കളർ ലേസർ, വീഡിയോ പ്രൊജക്ഷനുകൾ, അണ്ടർവാട്ടർ ഫ്ലേംസ്, വാട്ടർ ജെറ്റുകൾ, സറൗണ്ട് സൗണ്ട് എന്നിവയ്ക്ക് പുറമേ, ലൈറ്റുകളും ലൈവ് അഭിനേതാക്കളും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു അവതരണമാണ് ഈ പ്രദർശനം. സംഗീതത്തിൻ്റെ ചുവട് പിടിച്ച്, സപ്തസ്വരങ്ങളുടെ താളലയങ്ങൾ വെള്ളത്തിലൂടെ അവതരിപ്പിച്ചതിനെ തുടർന്ന് വരുണൻ, അഗ്നിദേവൻ, വായുദേവൻ, സൂര്യൻ, ഇന്ദ്രൻ എന്നീ ദേവന്മാരുടെ പ്രവൃർത്തികളെ ആസ്പദമാക്കിയുള്ള മഹത്തരമായ സന്ദേശങ്ങളുടെ മനോഹരമായ പ്രദർശനം ഞങ്ങളെ അമ്പരപ്പെടുത്തി.

ജലധാരയ്ക്ക് ചുറ്റും 2870 പടികളുണ്ട്. 300 അടി നീളമുള്ള ജലധാരയുടെ മധ്യഭാഗത്തായി എട്ട് ഇതളുകളുള്ള താമരയുടെ ആകൃതിയിലുള്ള ഒരു യജ്ഞകുണ്ഡം ഉണ്ട്.

7.15 pm നുള്ള പ്രദർശനം കണ്ടിറങ്ങിയ ഞങ്ങൾ ഒരു സ്ഥലത്ത് ചെരുപ്പുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് അക്ഷർധാം മന്ദിരത്തിനുള്ളിൽ പ്രവേശിച്ചു. വളരെയേറെ ആകർഷണീയവും മനോഹരവുമായ കാഴ്ചകൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. സ്വാമിനാരായൺ അക്ഷർധാം സമുച്ചയത്തിൻ്റെ പ്രധാന ആകർഷണം, അക്ഷർധാം മന്ദിറാണ്. ഇതിന് 141 അടി ഉയരവും316 അടി വീതിയും 356 അടി നീളവും ഉണ്ട്. 

സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, നർത്തകർ, ദേവതകൾ, സംഗീതജ്ഞർ എന്നിവകളാൽ സങ്കീർണ്ണമായ കൊത്തുപണികൾ നിറഞ്ഞതാണ്. മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച 234 തൂണുകൾ, ഒൻപത് താഴികക്കുടങ്ങൾ, സ്വാമികൾ, ഭക്തർ, ആചാര്യന്മാർ എന്നിവരും  20000 മൂർത്തികൾ എന്നിവയും മന്ദിറിൽ ഉൾക്കൊള്ളുന്നു. 

മന്ദിറിൻ്റെ അടിത്തട്ടിൽ ഗജേന്ദ്ര പീഠം ഉണ്ട്. ക്ഷേത്രത്തിലെ മധ്യഭാഗത്തുള്ള താഴികക്കുടത്തിന് കീഴിൽ അഭയമുദ്രയിൽ ഇരിക്കുന്ന സ്വാമിനാരായണൻ്റെ 11അടി ഉയരമുള്ള പ്രതിമ സമർപ്പിച്ചിരിക്കുന്നു. ഈ മൂർത്തിക്ക് ചുറ്റും വിശ്വാസത്തിൻ്റെ ഗുരു പരമ്പരയുടെ ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു. 

സീതാരാമൻ,രാധാകൃഷ്ണൻ, ശിവൻ പാർവ്വതി, ലക്ഷ്മി നാരായണൻ എന്നിവരുടെ മൂർത്തികളും ഈ ക്ഷേത്രത്ത് ലുണ്ട്. മന്ദിരത്തിൽ നിന്നുമിറങ്ങി ചെരുപ്പുകൾ ധരിച്ചുകൊണ്ട് ഞങ്ങൾ പുറത്തേക്ക് നടന്നു.

ഫോട്ടോകളും വീഡിയോകളും നിഷേധിച്ചിരുന്നതിലുള്ള നിരാശയോടെ സമുച്ചയത്തിൽ നിന്നും ഇറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാവരും നന്നേ ക്ഷിണിച്ചിരുന്നതിനാൽ അന്നത്തെ പരിപാടികളെല്ലാം മതിയാക്കി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

ടൂറിൻ്റെ അവസാന ദിവസമായ ജനുവരി 27-ാം തീയതി രാവിലെ ബ്രേക്ഫാസ്റ്റിന് ശേഷം ഹോട്ടലിലെ മുറികൾ വെക്കേറ്റ് ചെയ്ത് സാധനങ്ങളുമായി ഞങ്ങൾ ബസ്സിൽ കയറി. ഡൽഹിയിലുള്ള മൂന്ന് നാല് സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം വൈകിട്ട് ആറ് മണിയോടുകൂടി എയർപോർട്ടി ലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഒൻപത് മണിക്കുള്ള തിരുവനന്തപുരം എയർ ഇൻഡ്യ വിമാനത്തിനായിരുന്നു നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള ടിക്കറ്റ് എടുത്തിരുന്നത്.

ഒൻപരമണിക്ക് തന്നെ പുറപ്പെട്ട ഞങ്ങളുടെ ബസ്സുകൾ, അബ്ദുൾ കലാം റോഡിലൂടെയും ജനപഥ് റോഡിലൂടെയും മറ്റും കുത്തബ് മിനാറിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. പാതയുടെ ഇരുവശത്തും കാണപ്പെട്ട ഓരോ കെട്ടിടങ്ങളുടേയും ചരിത്ര പ്രാധാന്യം ബസ്സിനുള്ളിലിരുന്നു കൊണ്ടുതന്നെ ജോസഫ് സാർ പറഞ്ഞു തന്നുകൊണ്ടിരുന്നു. 

തലേ ദിവസം റിപ്പബ്ളിക് പരേഡ് കാണാൻ പോയ അതേ സ്ഥലത്തു കൂടി പോയപ്പോൾ ജനപഥ് റോഡിനിരുവശത്തുമുള്ള ഒഴിഞ്ഞ സ്റ്റേഡിയങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യാഗേറ്റും നാഷണൽ മ്യൂസിയവും പട്യാല കോർട്ട് ഹൗസും ഡൽഹി കത്തീഡ്രലുമൊക്കെ കാണാൻ സാധിച്ചതിൽ അഭിമാനം തോന്നി.

പത്തരമണിയോടുകൂടി കുത്തബ് മിനാറിന് സമീപം ഞങ്ങൾ ഇറങ്ങി. ലോകാത്ഭുതങ്ങളിലൊന്നായ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചുവന്നനിറത്തിലുള്ള ഒരു കൊത്തുപണി ഗോപുരമാണിത്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ. ഇന്തോ- ഇസ്ലാമിക വാസ്തുശില്പകലയ്ക്ക് ഒരു ഉത്തമോദാഹാരണമാണ് ഈ ഗോപുരം.  ദക്ഷിണ ദില്ലിയിലെ മെഹ്‌റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

തയയുയർത്തി നിന്ന് ഗോപുരത്തൻ്റെ കൊടുമുടിയിലേക്ക് അഭിമാനത്തോടെയാണ് ഞാൻ നോക്കി നിന്നത്. ഓൺലൈനിൽ നേരത്തേ തന്നെ  ടിക്കറ്റെടുത്തിരുന്നതി നാൽ അകത്തേക്ക് പ്രവേശിക്കുവാൻ ഞങ്ങൾക്ക് കാത്തുനിൽക്കേണ്ടി വന്നില്ല.

പതിമൂന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഡൽഹിയിൽ നിന്ന് ഏതാനും കി.മീറ്റർ മാറി, നിർമിച്ച ഈ ചുവന്ന മണൽക്കല്ല് ഗോപുരത്തിന് 72.5 മീറ്റർ ഉയരമുണ്ട്. ചുറ്റുമുള്ള പുരാവസ്തു മേഖലയിൽ ശവസംസ്കാര കെട്ടിടങ്ങൾ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, ഇന്തോ- മുസ്ലിം കലയുടെ മാസ്റ്റർപീസ് ആയ അലൈ-ദർവാസെേ ഗേറ്റും കൂടാതെ രണ്ട് പള്ളികളും ഇവിടെയുണ്ട്. 

1192 - ലാണ് ഈ മണൽക്കല്ല് മിനാരത്തിൻ്റെ നിർമാണം ആരംഭിച്ചത്. 13-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഖുത്ബ് അൽ-ദീൻ ഐബക് പണികഴിപ്പിച്ചതും അദ്ദേഹത്തിൻ്റെ പിൻഗാമി ഇൽതുത്മിഷ് പൂർത്തിയാക്കിയതുമാണ്. ഖുവാത്ത് ഉൽ ഇസ്ലാം പള്ളിയിലേക്ക് വിശ്വാസികളെ പ്രാർത്ഥനയ്ക്ക് വിളിക്കുന്ന പരമ്പരാഗത ഉദ്ദേശ്യമാണ് കുത്തബ് മിനാർ നിർവ്വഹിക്കുന്നത്.

12-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി അധികാരം സ്ഥാപിച്ച ഇസ്ലാമിക ഭരണാധികാരികളുടെ വാസ്തുവിദ്യാ, കലാപരമായ നേട്ടങ്ങളുടെ മികച്ച സാക്ഷ്യമാണ് ഇവിടുത്തെ മസ്ജിദുകളുടേയും മറ്റ് ഘടനകളുടേയും സമന്വയം.

72.5 മീറ്റർ ഉയരമുള്ള ഈഗോപുരത്തിൻ്റെ മുകളിലേക്ക് കയറുന്നതിന്  399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിൻ്റെ താഴേത്തട്ടിൻ്റെ വ്യാസം 14.3 മീറ്ററും മുകളിലത്തെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തിവച്ചിട്ടുണ്ട്. 

ഏറ്റവും മുകളിലെ രണ്ടു നിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിൻ്റെ കട്ടകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മുകളിലെ രണ്ട് നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

1980 ൽ വൈദ്യുതിത്തകരാറിനെ ത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരണപ്പെട്ടു. അക്കാരണത്താൽ ഇപ്പോൾ മിനാറിനുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനുമുൻപും മിനാറിൻ്റെ മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കായിട്ടുണ്ട്.

ദില്ലിയിലെ ഇരുമ്പ് സ്തംഭം ഈ സമുച്ചയത്തിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ അലൈ മിനാർ എന്ന പണി തീരാത്ത ഗോപുരവും ഇതിനുള്ളിലുണ്ട്.

കുത്തബ് മിനാറും അതിൻ്റെ സ്മാരക സമുച്ചയവും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലും ആണുള്ളത്. ഖുത്ബ് മിനാർ സമുച്ചയം മുഴുവനും ചുറ്റി നടന്ന് കണ്ടും ഫോട്ടോകൾ എടുത്തും ഒന്നര മണിക്കൂറോളം ഞങ്ങളവിടെ ചിലവഴിച്ചു. അവിടെ  നിന്നുമിറങ്ങി അടുത്ത സ്ഥലം സന്ദർശിക്കുവാനായി ഞങ്ങൾ ബസ്സിൽ കയറി.

ഖുത്ബ് മിനാർ എന്ന വിസ്മയം കണ്ടതിന് ശേഷം, സമീപത്ത് തന്നെയുള്ള ഗാന്ധിസ്മൃതി എന്നറിയപ്പെടുന്ന ബിർള ഹൗസ് സന്ദർശിക്കുവാനാണ് പിന്നെ ഞങ്ങൾ പോയത്. ഡൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൗസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി കൊല്ലപ്പെടുന്നതിന് മുൻപുള്ള 144 ദിവസങ്ങൾ കഴിച്ചു കൂട്ടിയത് ഇവിടെയാണ്. 

ഇത് വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിൻ്റെ കെട്ടിടമായിരുന്നു. 1971 ൽ ഇന്ത്യ സർക്കാർ ഇത് ഏറ്റെടുക്കുകയും 1973 ഓഗസ്റ്റ് 15 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. 

(തുടരും)


tours and travel

ഭാഗം 8

ഗാന്ധിജി ഉപയോഗിച്ചിരുന്ന ഒരുപാട് സാധനങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി കിടന്നിരുന്ന മെത്ത, തലയിണ,ചെരുപ്പ്, കണ്ണാടി, തൊപ്പി തുണിനെയ്തുകൊണ്ടിരുന്ന ചർക്ക, ധാരാളം പുസ്തകങ്ങൾ തുടങ്ങി, അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതെല്ലാം തന്നെ ഈ മ്യൂസിയത്തിലുണ്ട്. സ്വാതന്ത്ര്യ സമരത്തിന് ഗാന്ധിജി പങ്കെടുത്ത പ്രധാനപ്പെട്ട സംഭവങ്ങളുടെ ചരിത്രരേഖകളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. 

അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ട സ്ഥലത്ത് ഒരു സ്തൂപം പണിഞ്ഞ് സൂക്ഷിക്കുന്നു. നിറയെ ഗാന്ധിജിയുടെ  ഓർമകളുള്ള, അദ്ദേഹത്തെ എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരിടമാണ് ബിർള ഹൗസ്. ജീവിതം പോലെ തന്നെ നിത്യ പ്രസക്തമായി തുടരുന്ന രക്ത സാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ഇടമാണിത്.

tour India

ഉപപ്രധാനമന്ത്രി വല്ലഭായ് പട്ടേലുമായി ചർച്ചയിലായിരുന്ന ഗാന്ധിജി, സമയം വൈകിയതിനാൽ എഴുന്നേറ്റ് അതിവേഗത്തിൽ പ്രാർത്ഥനാമണ്ഡപത്തിലേക്ക് നടന്നു. മണ്ഡപത്തിലെത്താൻ അഞ്ചടി മാത്രം ബാക്കി നിൽക്കേ, ഗോഡ്‌സെ എന്ന 35 വയസ്സുകാരൻ പെട്ടെന്ന് അടുത്തേക്ക് വന്ന് അദ്ദേഹത്തെ വണങ്ങുന്നത് പോലെ കുനിഞ്ഞെഴുന്നേറ്റ് അദ്ദേഹത്തിൻ്റെ ദുർബലമായ ശരിരത്തിലേക്ക് 3 തവണ നിറയൊഴിച്ചു. 

കൊല്ലപ്പെടുന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള അദ്ദേഹത്തിൻ്റെ കാല്പാടുകൾ സിമൻ്റിൽ തീർത്തു സൂക്ഷിച്ചിരിക്കുന്നു. 

ബിർള ഹൗസ് എല്ലാവർക്കും സന്ദർശിക്കാനാവുന്ന വിധം മ്യൂസിയമാക്കണമെന്ന് ശാഠ്യം പിടിച്ചത് ജവഹർലാൽ നെഹ്റു ആയിരുന്നു. 

1928 ൽ നിർമിച്ച  12 കിടപ്പുമുറികളുള്ള വീട് വിൽക്കാൻ ഘനശ്യാംദാസ് ബിർള തയ്യാറായില്ല. 1971 ൽ നീണ്ട ചർച്ചകൾക്കൊടുവിൽ 54 ലക്ഷം രൂപയ്ക്ക് ബിർള ഹൗസ് സർക്കാർ വാങ്ങി. 1975 ലെ സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിസ്മൃതി എന്ന പേരിൽ കെട്ടിടം രാജ്യത്തിന് സമർപ്പിച്ചു.

മഹാത്മാഗാന്ധിയുടെ ലളിതമായ ജീവിതരീതികളും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അദ്ദേഹത്തിൻ്റെ കർമ്മധാരയുടെ ചിത്രങ്ങളും ഉപയോഗിച്ചിരുന്ന സാധനങ്ങളും താമസിച്ച മുറിയും പ്രാർത്ഥനാമുറിയും മരിച്ചുവീണ സ്ഥലവും എല്ലാം നേരിൽ കണ്ട് മനസ്സ് നിറച്ചപ്പോൾ ഉണ്ടായ അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. 

ആ പുണ്യപുരുഷൻ്റെ കാലടികൾ പതിഞ്ഞ മണ്ണിലൂടെ ചാരിതാർത്ഥ്യത്തോടെ ഞാനും നടന്നു. ഗാന്ധിജിയുടെ സാന്നിധ്യം ആ മണ്ണിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.

അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും ഒരു മണി കഴിഞ്ഞിരുന്നു. കേരളാഹൗസിൽ നിന്നും ഭക്ഷണം കഴിക്കണമെന്ന് പലരും ആവശ്യപ്പെട്ടതിനെത്തുടർന്ന് ഞങ്ങൾ അവിടേക്ക് പോയി.

ഡൽഹിയിലെ കേരള സർക്കാരിൻ്റെ എംബസിയും കേരള സർക്കാരിൻ്റെ ഔദ്യോഗിക സംസ്ഥാന ദൗത്യവുമാണ് കേരള ഹൗസ്'. കേരള സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഈ സമുച്ചയം ന്യൂഡൽഹി നഗരത്തിൻ്റെ ഹൃദയഭാഗത്ത് ജന്തർ മന്തർ റോഡിൽ സ്ഥിതി ചെയ്യുന്നു. 

ബഹുമാനപ്പെട്ട ഗവർണർ, മുഖ്യമന്ത്രി, ഹൈക്കോടതി ജഡ്ജിമാർ, മന്ത്രിമാർ, സംസ്ഥാന സർക്കാർ  ഉദ്യോഗസ്ഥന്മാർ, എം.എൽ എമാർ, പൊതുജന ങ്ങൾ എന്നിവർക്ക് മുറികളുടെ ലഭ്യതയെ അടിസ്ഥാനമാക്കി ഗസ്റ്റ് ഹൗസ് സൗകര്യം കേരള ഹൗസ് ഒരുക്കുന്നു. 

ആകസ്മികമായ സമയങ്ങളാൽ ഇത് അടിയന്തര സേവനങ്ങളും നൽകുന്നു. കേരളാ ഹൗസിനെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനും സുഗമമായി പ്രവർത്തിക്കുന്നതിനും ലൈസൻ, പ്രോട്ടോക്കോൾ, കാറ്ററിംഗ്, ഹൗസ് കീപ്പിംഗ് തുടങ്ങിയ നിരവധി വിഭാഗങ്ങൾ ഇവിടെയുണ്ട്.

എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കുവാനുള്ള സ്ഥലം ഇല്ലാതിരുന്നതിനാൽ മൂന്ന് നാല് ബാച്ചുകളായി, സ്ഥലം ഒഴിയുന്ന മുറയ്ക്ക് ആളുകൾ കയറി കഴിച്ചുകൊണ്ടിരുന്നു. സാധാരണ രീതിയിലുള്ള വെജിറ്റേറിയൻ ശാപ്പാടായിരുന്നു ഞങ്ങൾ കഴിച്ചത്. എല്ലാവരുംഊണ് കഴിച്ചിറങ്ങുന്നതുവരെ കാൻ്റീൻ്റെ മുറ്റത്ത് നിന്നു കൊണ്ട് പരിസരമെല്ലാം വീക്ഷിച്ചു.

ഇന്ദിരാഗാന്ധി മ്യൂസിയം കാണാനായാണ് പിന്നെ ഞങ്ങൾ പോയത്. ഇന്ത്യയിലെ ആദ്യത്തേയും ഏക വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഒരു മ്യൂസിയമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് കുടുംബത്തോടൊപ്പം ഇന്ദിരാഗാന്ധി താമസിച്ചിരുന്ന വീട്ടിലും അവർ കൊല്ലപ്പെട്ട സ്ഥലത്തുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഇന്ദിരാഗാന്ധിയുടേയും മകൻ രാജീവ്ഗാന്ധിയുടേയും ഭൗതികാവശിഷ്ടങ്ങൾ രണ്ട് മുറികളിലായി പ്രദർശിപ്പിച്ചിരിക്കുന്നു.

വിവാദപരമായ മുൻ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധിയുടെ വസതിയിൽ അവരുടെ ജീവിതത്തിനും രാഷ്ട്രീയ ഭാരമുള്ള കുടുംബത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണിത്.

1984-ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട സാരി, ഉപയോഗിച്ചിരുന്ന ബാഗ്, ചെരുപ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട രാജീവ്ഗാന്ധി അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശേഷിച്ച ഭാഗങ്ങളും വേറൊരു മുറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വീട്ടിലെ പല മുറികളും അതേപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.

ഇന്ദിരാഗാന്ധി കിടന്നിരുന്ന കട്ടിലും മെത്തയും തലയിണയും ഡൈനിംഗ് ടേബിളും സ്വീകരണ മുറിയിലെ സോഫയും കസേരകളും,പൂജാമുറിയും  പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ലൈബ്രറിയും എല്ലാം നേരിൽ കണ്ടതിൽ നിന്നും വെറുമൊരു സാധാരണ ജീവിതമായിരുന്നു അവർ നയിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.

ദേശീയപ്രസ്ഥാനത്തേയും നെഹ്റു, ഗാന്ധി കുടുംബത്തേയും കുറിച്ചുള്ള ഫോട്ടോഗ്രാഫുകളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. വളരെ ലളിതമായി സജ്ജീകരിച്ചിരിക്കുന്ന ഒരു സാധാരണ വീടാണത്.

ഇന്ദിരാഗാന്ധിയും ബാല്യകാലം മുതൽ അവരുടെ ഭർത്താവായ ഫിറോസ് ഗാന്ധി, കൊച്ചുമക്കളായ രാഹുൽ, പ്രിയങ്ക, വരുൺ എന്നിവരോടൊപ്പമുള്ള ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകളും നിരവധിയുണ്ട്. ചില സുന്ദരനിമിഷങ്ങളുടെ  അപൂർവം ചില ഫോട്ടോഗ്രാഫുകളും അവിടെ കാണാൻ കഴിഞ്ഞു.

വീടിന് പിറകുവശത്തുള്ള പൂന്തോട്ടത്തിൽ വച്ചായിരുന്നു അവർ കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സ്ഥലം ഒരു ഗ്ലാസ്സ് ഫ്രെയിമിൽ അടച്ചിട്ടിരിക്കുന്നു. ഉണങ്ങിയ ചോരപ്പാടുകൾ ഇപ്പോഴും കാണാവുന്നതാണ്. 1984 ഒക്ടോബർ 31 ന് സ്വന്തം അംഗരക്ഷകൻ്റെ വെടിയേറ്റാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്.

ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ്റെ അടുത്തുള്ള സഫ്ദർജങ് റോഡിലാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒൻപതര മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദർശന സമയം. ചരിത്രത്തിലെ ഒരദ്ധ്യായം അവസാനിച്ച മണ്ണിൽ നിന്നും ഒരു തേങ്ങലോടെയാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.

അവിടെ നിന്നും അഞ്ച് മിനിറ്റോളം നടന്ന് ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. ഞങ്ങളുടെ ട്രിപ്പിൻ്റെ അവസാനത്തെ ലക്ഷ്യസ്ഥലമായ ലോട്ടസ് ടെമ്പിൾ എന്നറിയപ്പെടുന്ന ബാഹായി ടെമ്പിൾ കാണുവാനായാണ് പിന്നെ ഞങ്ങൾ പോയത്. 

അരമണിക്കൂറിനുള്ളിൽ ഞങ്ങളവിടെ എത്തി. ധാരാളം പച്ചപ്പുകൾക്ക് നടുവിൽ താമരയുടെ ആകൃതിയിലുള്ള മനോഹരമായ കെട്ടിടം കുറച്ചകലെ വച്ച് തന്നെ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു. അന്നുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ലോട്ടസ് ടെമ്പിളിൻ്റെ നേർക്കാഴ്ചയിൽ ഉള്ളം കുളിരണിഞ്ഞു.

കിലോമീറ്ററുകളോളം ദൂരം കാണപ്പെട്ട ജനങ്ങളുടെ നീണ്ട നിരയുടെ ഒടുവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. പതുക്കെപ്പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ക്യൂ, ഏകദേശം അടുത്തെത്താറായപ്പോൾ ജീവനക്കാർ നൽകിയ നിർദേശമനുസരിച്ച് അവർ തന്നെ നൽകിയ ചാക്കുകളിൽ, ധരിച്ചിരുന്ന ഷൂസുകൾ ഊരി അതിലിട്ട്, മുന്നോട്ട് നടന്നു.

(തുടരും) 


Bahai temple Delhi

ഭാഗം 9

1986 ഡിസംബറിൽ താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം ഡൽഹിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 

എല്ലാ ബഹായി ആരാധനാലയങ്ങൾ പോലെ ഇതും മതമോ മറ്റേതെങ്കിലും യോഗ്യതയോ പരിഗണിക്കാതെ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുന്നു. 34 മീറ്ററിലധികം ഉയരവും ശേഷിയുമുള്ള സെൻ്റട്രൽ ഹാളിലേക്ക് ഒമ്പത് വാതിലുകളോടെ ഒമ്പത് വശങ്ങളിലായി മൂന്ന് കൂട്ടങ്ങളായ ക്രമീകരിച്ചിരിക്കുന്ന, മാർബിൾ പൂശിയ 27 ദളങ്ങൾ ചേർന്നതാണ് ഈ കെട്ടിടം. 1300 പേരുടെ നിർമാണവൈദഗ്‌ധ്യത്താൽ ലോട്ടസ് ടെമ്പിൾ നിരവധി വാസ്തുവിദ്യാ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 

ദേവാലയത്തിൻ്റെ അടഞ്ഞുകിടന്നിരുന്ന വാതിലിന് മുന്നിൽ പല നിരകളിലായി ഞങ്ങളെ നിർത്തി. ഒരു വനിതാ ജീവനക്കാരി ഹിന്ദിയിൽ ആവശ്യമുള്ള നിർദ്ദേശങ്ങളും ആരാധനാലയത്തിൻ്റെ പ്രത്യേകതയെപ്പറ്റിയുമൊക്കെ പറഞ്ഞുതന്നു. ടെമ്പിളിനുള്ളിൽ പ്രവേശിക്കുമ്പോൾ നിശ്ശബ്ദത പാലിക്കണമെന്നുള്ളത് വളരെ കർശനമായിരുന്നു.

വാതിൽ തുറന്നതും വളരെ ശാന്തമായി ഓരോരുത്തരും വരിവരിയായി അകത്ത് കടന്നു. ഹാളിനുള്ളിൽ 1300 പേർക്ക് ഇരിക്കാനുള്ള വിധത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സൗകര്യപ്രദങ്ങളായ സ്ഥലങ്ങളിൽ ശാന്തരായി ഇരുന്ന് എല്ലാവരും അവരവർ വിശ്വസിക്കുന്ന ദൈവത്തിനോട് മൂകമായ ഭാഷയിൽ പ്രാർത്ഥിക്കുന്നു.

ഈ ആരാധനാലയത്തിനകത്ത് ബഹായി ധർമ്മത്തിൻ്റേയും അതിന് മുന്നേ വന്ന വെളിപാടുകളിലേയും പുണ്യഗ്രന്ഥങ്ങൾ മാത്രം വായിക്കുകയോ ആലപിക്കുകയോ ചെയ്യുന്നു.

മറ്റ് സമയങ്ങളിൽ എല്ലാവരേയും ധ്യാനത്തിനും മൗനപ്രാർത്ഥനയ്ക്കും ക്ഷണിക്കുന്നു. പ്രാർത്ഥനാ ഹാളിൽ ഒരാചാരവും അനുഷ്ഠിക്കാറില്ല. ഒരു വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസംഗങ്ങളും അവിടെ അനുവദനീയമല്ല.

ഒരു ദൈവങ്ങളുടേയും വിഗ്രഹങ്ങളോ പ്രതിമകളോ ഫോട്ടോകളോ യാതൊന്നും ഞങ്ങളവിടെ കണ്ടില്ല, യാതൊരു വിധത്തിലുള്ള പൂജാവിധികളും ഇല്ല. സൗജന്യമായി ആർക്ക് വേണമെങ്കിലും സ്വസ്ഥമായിരുന്ന് പ്രാർത്ഥിക്കാനുള്ള അവസരം നൽകുന്ന ബാഹായി ടെമ്പിൾ ഇന്നത്തെ ലോകത്തിന് തന്നെ ഒരു മാതൃക തന്നെയാണ്.

സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിൽ അങ്ങനെ ധ്യാനിച്ചിരുന്നപ്പോൾ വല്ലാത്തൊരാനന്ദം മനസ്സിൽ നിറഞ്ഞു.  

ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിനായും ദൈവവും മനുഷ്യനും ഇടയിലുള്ള സ്നേഹത്തെ പ്രകടിപ്പിക്കുന്നതാനായും എല്ലാ ധർമ്മങ്ങളിലേയും വർഗ്ഗങ്ങളിലേയും ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന വ്യതിരിക്തമായ മാതൃകയിലുള്ള സൗധങ്ങളിലൊന്നാണ് ഈ ബഹായി ആരാധനാലയം.

പതിനഞ്ച് മിനിറ്റോളം പ്രാർത്ഥനയോടുകൂടി ഹാളിനുള്ളിൽ ചിലവഴിച്ചതിന് ശേഷം പുറത്തേയ്ക്കുള്ള വാതിലിൽക്കൂടി ഞങ്ങൾ വെളിയിലിറങ്ങി. ജനക്കൂട്ടത്തിനിടയിൽക്കൂടി നടന്നു. കയ്യിലെ സഞ്ചിയിൽ സൂക്ഷിച്ച ഷൂസുകൾ എടുത്തു ധരിച്ചു. ചുറ്റുപാടുകളെല്ലാം ഒന്നു കുടി വീക്ഷിച്ചിട്ട് ആൾക്കൂട്ടത്തെ അവഗണിച്ചു കൊണ്ട് മനോഹരമായ ടെമ്പിളും പരിസരവും ക്യാമറയിൽ പകർത്തി.

ഇന്ത്യയിലെ വിശ്വാസത്തിലും ആരാധനയിലും വേർതിരിക്കാൻ കഴിയാത്തവിധം ബന്ധപ്പെട്ടു കിടക്കുന്ന പവിത്രതയുടെ അടയാളമായ വൈശിഷ്ഠ്യഭംഗിയുള്ള താമരപ്പൂവിൻ്റെ മാതൃകയിൽ പ്രചോദനം കൊണ്ടതാണ് ഈ ടെമ്പിളിൻ്റെ മാതൃക.

ഈ ആലയം ഒൻപത് വലിയ ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കെട്ടിടത്തിൻ്റെ ഭംഗി വർധിപ്പിക്കുന്നതിനുപരി പ്രാർത്ഥനാ ഹാളിൻ്റെ നൈസർഗ്ഗിക തണുപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 

ഓഫീസുകൾ, കോൺഫറൻസ് ഹാൾ, ലൈബ്രറി, ജലാശയ വശങ്ങളിലുള്ള പ്രദർശനങ്ങൾ തുടങ്ങിയവയും ഇതിനോട് ചേർന്ന് കിടക്കുന്നു. 

ബഹായി ആരാധനാലയങ്ങളുടെ പൊതുവേയുള്ള സവിശേഷത എന്നത് അതിൻ്റെ ഒൻപത് വശങ്ങളാണ്. ഒൻപത് എന്ന അക്കം ഐക്യത്തേയും ഒരുമയേയും ഉൾക്കൊള്ളലിനേയും സൂചിപ്പിക്കുന്നു.

26.6 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിൻ്റെ ഉയരം 34.27 മീറ്ററാണ്. വെള്ള കോൺക്രീറ്റിൽ കൊത്തിയെടുത്ത 27 ഇതളുകളുടെ പുറംഭാഗം, വെള്ള മാർബിൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

ശ്രീ ഫാരിബഴ്സ് സാഹ്ബയാണ് ഇതിൻ്റെ ശില്പി. 1980 ൽ നിർമ്മാണം തുടങ്ങുകയും 1986 ഡിസംബർ 24 ന് മാനവരാശിയുടേയും സർവ്വ മതങ്ങളുടേയും ഐക്യത്തിനായി ഇത് സമർപ്പിക്കപ്പെടുകയും ചെയ്തു. 'ഐക്യത്തിൻ്റെ പ്രകാശം ഭൂമിയെ മുഴുവൻ ആവൃതമാക്കട്ടെ, സാമ്രാജ്യം ദൈവത്തിൻ്റേതാണ്' എന്ന മഹൽ സന്ദേശം, മാനവരാശിക്ക് ഈ ആരാധനാലയം പകർന്നുനൽകുന്നു.

ദൈവത്തിന്റെ ഏകത്വം, മതങ്ങളുടെ ഏകത്വം, മനുഷ്യ വംശത്തിൻ്റെ ഏകത്വം, സ്പർദ്ധകളിൽ നിന്നുള്ള മോചനം, ആത്മീയ ഗുണങ്ങളുടെ പുരോഗതി, സ്ത്രീപുരുഷസമത്വം, വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം തുടങ്ങിയവയെല്ലാം ബഹായി വിശ്വാസികളുടെ പ്രബോധനങ്ങളിൽപ്പെടുന്നു. ബാബ്, ബഹാഉള്ള എന്നീ രണ്ട് ദൈവദൂതന്മാർക്ക് ഏൽപ്പിച്ചു കൊടുത്ത ദൗത്യത്തോടുകൂടിയാണ് ബഹായി ധർമ്മം സമാരംഭിച്ചത്. 

അവരുടെ മരണശേഷം തുടർന്നുവന്ന പരമ്പര ഈ ദൗത്യം ഒരു ദൈവിക ഉടമ്പടിയായി  ഏറ്റെടുക്കുകയും ഇന്നത് വിശ്വനീതി പീഠംവരെ എത്തിനിൽക്കുകയും ചെയ്യുന്നു. വിശ്വമെങ്ങും ബഹായി ധർമ്മത്തിൻ്റെ പുരോഗതിയെ ഇന്ന് നിയന്ത്രിക്കുന്നത് വിശ്വനീതി പീഠമാണ്.

175 വർഷത്തെ കാലയളവിൽ 2112 വ്യത്യസ്ത ഗോത്രങ്ങൾ അടങ്ങുന്ന 365 ൽ പരം രാജ്യങ്ങളിലും ദേശങ്ങളിലും ദ്വീപുകളിലും ഒരു മനുഷ്യകുലത്തിൻ്റെ ശരിയായ പരിഛേദത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തെ ബഹായികൾ സ്ഥാപിച്ചിട്ടുണ്ട്. 800 ൽ പരം ഭാഷകളിലേക്ക് ബഹായി ഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. 

തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പൊതുജനങ്ങൾക്കായി ഇവിടം തുറന്നുകൊടുക്കുന്നുണ്ട്. അതിമനോഹരമായ ദൃശ്യങ്ങളാൽ കണ്ണും മനസ്സും നിറച്ചുകൊണ്ട് ഞങ്ങളവിടെ നിന്നും മടങ്ങി. 

പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തുള്ള കടകളിൽ നിന്നും ചെറിയ രീതിയിലുള്ള ഷോപ്പിംഗ് നടത്തുകയും ചായക്കടയിൽ നിന്നും ചൂടുള്ള സ്പെഷ്യൽ ചായ വാങ്ങി കുടിക്കുകയും ചെയ്തു. 

തിരിച്ച്  തിരുവനന്തപുരത്തേയ്ക്ക് മടങ്ങാനുള്ള ഞങ്ങളുടെ ഫ്ളെറ്റ് ഒരു മണിക്കൂർ വൈകുമെന്നുള്ള അറിയിപ്പിനെത്തുടർന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരൊക്കെ സാധനങ്ങൾ വാങ്ങാനായി കടകളിൽ കയറിയിറങ്ങി.

എന്നാൽ കൊച്ചിക്കുള്ള ഫ്ളൈറ്റ് രണ്ടു മണിക്കൂർ നേരത്തേ ആയിരുന്നതിനാൽ ഗൈഡിലൊരാളായ പ്രിൻസ്, അവരേയും കൊണ്ട് ആറ് മണിക്ക് തന്നെ എയർ പോർട്ടിലേക്ക് തിരിച്ചു. പോകുന്നതിന് മുൻപ് എല്ലാവരോടും യാത്ര പറയാനുള്ള സാവകാശമൊന്നും അവർക്ക് ലഭിച്ചില്ല. 

രാത്രി ഒൻപത് മണിക്കായിരുന്നു ഞങ്ങളുടെ ഫ്ളൈറ്റ് പുറപ്പെടുന്നത്. ഏഴ് മണിക്ക് തന്നെ എയർപോർട്ടിൽ എത്തിയ ഞങ്ങൾ കൗണ്ടർ തുറക്കാനായി കാത്തുനിന്നു. സ്നേഹവും സന്തോഷവും നന്ദിയും പരസ്പരം അറിയിച്ച് എയർപോർട്ട് വരെ കൂടെ വന്ന ജോസഫ് സാറിനോട് നിറഞ്ഞ മനസ്സോടെ ഞങ്ങൾ യാത്ര പറഞ്ഞു. എപ്പോഴും ചിരിച്ചുകൊണ്ട് സാംസാരിക്കുന്ന അദ്ദേഹത്തിന്റെ മുഖം ഇന്നുമെൻ്റെ ഓർമ്മയിലുണ്ട്.

ഒരു ഗ്രൂപ്പായിരുന്നതിനാൽ ചെക്കിംഗിനായി ഒരു കൗണ്ടറിൽത്തന്നെ ക്യൂപാലിച്ചുകൊണ്ട് ഞങ്ങൾ കാത്തുനിന്നു. ബോർഡിംഗ് പാസ്സ് ലഭിച്ചതിന് ശേഷം സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് ബോർഡിംഗിനായി കാത്തിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയൊക്കെ എടുത്തു. പത്തരമണിക്ക് ബോർഡിംഗ് തുടങ്ങി.

അങ്ങനെ ഡൽഹി, ആഗ്ര, ജയ്പൂർ കാഴ്ചകൾ മനസ്സിൽ നിറച്ചുകൊണ്ട്, ജീവിതത്തിലെ ചില അഭിലാഷങ്ങൾ പൂവണിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിൽ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. 

വെളുപ്പിന് രണ്ട് മണിക്ക് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ഞങ്ങളിറങ്ങി ലെഗേജുകൾ കളക്ട് ചെയ്യുന്ന സ്ഥലത്ത് വച്ച് പരസ്പരം യാത്ര പറഞ്ഞ്, വീണ്ടുമൊരു യാത്രയിൽ ഒത്തുകൂടാമെന്നുള്ള പ്രതീക്ഷയിൽ എല്ലാവരും സ്വന്തം ഭവനങ്ങളിലേക്ക് യാത്രയായി. 

നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ച് ഒപ്പമുണ്ടായിരുന്ന സാജൻ്റെ വണ്ടിയുമായി ഡ്രൈവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉറക്കക്ഷീണം കാരണം കുറച്ചു നേരം കാറിലിരുന്ന് മയങ്ങിയതിനാൽ സമയം കടന്നുപോയത് അറിഞ്ഞതേയില്ല. 

രണ്ട് മണിക്കൂർയാത്രയുടെ ഒടുവിൽ നാലര മണിയായപ്പോഴേയ്ക്കും ഞങ്ങൾ വീട്ടിലെത്തി. യാത്രാക്ഷീണവും ഉറക്കക്ഷീണവും ശരീരത്തേയും മനസ്സിനേയും കീഴടക്കി. അന്നത്തെ പകലും രാത്രിയും മുഴുവൻ ഞാൻ കിടന്നുറങ്ങി.

(അവസാനിച്ചു.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ