ഭാഗം 6
ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് പരേഡിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ, സാംസ്കാരിക- കലാ മേഖലയിൽ നിന്നുള്ള സ്ത്രീകളും പരേഡിൽ അണിനിരന്നു. സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരന്ന റിപ്പബ്ളിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത.
പതിനഞ്ച് വനിതാ പൈലറ്റുമാർ ഇന്ത്യൻ വ്യോമസേനയുടെ ഫ്ളൈപാസ്റ്റിൻ്റെ ഭാഗമായി. കേന്ദ്ര സായുധ പോലീസ് സേനയുടെ സംഘത്തിലും (സി. എപി.എഫ്)
വനിതാ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പരമ്പരാഗത സൈനിക ബാൻഡുകൾക്ക് പകരം ആദ്യമായി ഇന്ത്യൻ സംഗീതോപകരണങ്ങളായ ശംഖ്, നാദസ്വരം, നാഗദ എന്നിവ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് പരേഡ് വിളംബരം ചെയ്തത്.
ഡൽഹി പോലീസ് സംഘത്തെ മലയാളിയും ഡപ്യൂട്ടി കമ്മീഷണറുമായ ശ്വേത കെ. സുഗതനാണ് നയിച്ചത്. സിആർപിഎഫ്, എസ്. എസ് ബി, ഐ. ടി. ബി. പി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസ പ്രകടനങ്ങളുമായി കാണികളെ വിസ്മയിപ്പിച്ചു.
3000 ത്തോളം അതിഥികൾ ഉൾപ്പെടെ 77000 ത്തോളം പേരാണ് കർത്തവ്യപഥത്തിലെ ആഘോഷങ്ങൾ നേരിൽ കാണാനായി എത്തിയത്. ആകർഷകമായ പരേഡ് രാവിലെ 10.30 മണിക്ക് വിജയ് ചൗക്കിൽ നിന്നും ആരംഭിച്ച് കർത്തവ്യപഥത്തിൽ അവസാനിച്ചു. രാജ്യത്തിൻ്റെ സൈനികശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നവയായിരുന്നു ഓരോ പ്രകടനങ്ങളും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോണായിരുന്നു വിശിഷ്ടാതിഥി. സന്ദർശക ഗാലറിയിലെ വലിയ ജനക്കൂട്ടത്തിന് പുറമേ പ്രധാനമന്ത്രിക്കൊപ്പം മുൻനിരയിലിരുന്ന് ഫ്രഞ്ച് പ്രസിഡൻ്റും ഏറെ ആവേശത്തോടെയാണ് പ്രൗഡഗംഭീരമായ പരേഡുകൾ വീക്ഷിച്ചത്.
120 അംഗ ഫ്രഞ്ച് സേനയും പരേഡിൽ അണിനിരന്നത് വേറിട്ട കാഴ്ചയായി. സൈനിക ഗ്രൂപ്പുകളുടെ പരേഡുകൾക്ക് പിന്നാലെ, രാജ്യത്തിൻ്റെ നിരവധി നിശ്ചല ചിത്രങ്ങളും ശ്രദ്ധേയമായി. പരേഡുകൾക്ക് ശേഷം റഫേൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനങ്ങളും അരങ്ങേറി.
ഭരണഘടനയിലെ സെക്യൂലർ ആശയങ്ങളിലൂന്നിയ നാനാത്വത്തിൽ ഏകത്വം എന്ന പ്ലോട്ടും പരേഡിൽ അണിനിരന്നു. സ്ത്രീശക്തി വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പ്രകടനങ്ങൾ ഓരോന്നും ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടതും ആസ്വദിച്ചതും. ചിരകാഭിലാഷം സാഫല്യമായതിൻ്റെ സംതൃപ്തിയിലാണ്അവിടെ നിന്നും ഞാൻ തിരിച്ചിറങ്ങിയത്. രാജ്യത്തിൻ്റെ അഭിമാന ദിനത്തിൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ ലഭിച്ച അവസരത്തെ ഒരു വലിയ ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.
താമസിക്കുന്ന ഹോട്ടലിൽ തിരിച്ചെത്താനായി, മെട്രോസ്റ്റേഷനിൽ നിന്നും ലഭിച്ച പാസ്സ് കളയാതെ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. അതുമായി ഉദ്യോഗ്ഭവൻ സ്റ്റേഷനിലെത്തി, മെട്രോയിൽ കയറി രാജീവ് ചൗക്കിൽ ഇറങ്ങി. അവിടെ നിന്നും ട്യൂബ് ട്രയിനിൽ കയറി കരോൾ ബാഗിൽ ഇറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽഹോട്ടലിലെത്തി ലഞ്ച് കഴിച്ചിട്ട് മുറിയിൽ പോയി വിശ്രമിച്ചു. മൂന്ന് മണിയോടു കൂടി സംഘത്തിലുള്ള മറ്റുള്ളവരും ഹോട്ടലിൽ തിരിച്ചെത്തി.
നേരത്തേ അറിയിച്ചിരുന്ന പ്രകാരം വൈകിട്ട് നാലര മണിക്ക് എല്ലാവരും റെഡിയായി താഴെ വന്നു. കാത്തു കിടന്നിരുന്ന ബസ്സുകളിൽ കയറി അടുത്ത സ്ഥലമായ അക്ഷർധാം ടെമ്പിൾ സന്ദർശിക്കുവാനായി പോയി. റോഡിനിരുവശത്തുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഏകദേശം ഒരു മണിക്കൂറിനകം ഞങ്ങൾ ടെമ്പിളിന് സമീപം എത്തി.
പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്ത ബസ്സിനുള്ളിൽ നിന്നും ഞങ്ങളിറങ്ങി. മൊബൈൽ ഫോൺ,ക്യാമറകൾ, ബാഗുകൾ തുടങ്ങി യാതൊരു സാധനങ്ങളും അകത്തേക്ക് കൊണ്ടു പോകാൻ അനുവദനീയമല്ലായിരുന്നു.
അവിടവിടെയായി കാണപ്പെട്ട മനോഹരമായ കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ സ്വാമിനാരായൺ അക്ഷർധാം കോപ്ലക്സ് അത്ഭുതത്തോടെ നോക്കിനിന്നു.
സെക്യൂരിറ്റി ചെക്കിംഗിനായി നീണ്ടു കിടക്കുന്ന നിരകളിൽ ഒരു മനുഷ്യ സാഗരം തന്നെ കാണപ്പെട്ടു. ജയ് രാമാ,ഹരേ രാമാ എന്ന് വിളിച്ചുകൊണ്ട് ക്യൂവിലൂടെ മനുഷ്യർ ഒഴുകി നടന്നു.
പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ ക്യൂ ആയിരുന്നതിനാൽ നിരകളുടെ അറ്റത്ത് യഥാക്രമം ഞങ്ങളും സ്ഥാനം പിടിച്ചു. നിന്നുകൊടുത്താൽ തള്ളിക്കൊണ്ടുപോകുന്ന തരത്തിലായിരുന്നു ജനത്തിൻ്റെ ഒഴുക്ക്. ചെറിയ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. രാവിലെ റിപ്പബ്ലിക് പരേഡ് കാണാനെത്തിയ ജനം മുഴുവനും അവിടെയുണ്ടായിരുന്നുവെന്ന് അനുമാനിച്ചു പോവുകയാണ്.
അകത്തേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കർശനമായ പരിശോധനകളെ നേരിടേണ്ടി വന്നതിന്നാൽ പരിശോധന
കഴിഞ്ഞ സ്ത്രീകൾ പുരുഷന്മാർക്ക് വേണ്ടി കുറേയധികനേരം കാത്തുനിൽക്കേണ്ടതായി വന്നു. അക്ഷർധാം ടെമ്പിൾ സന്ദർശിക്കുവാൻ നല്ല തിരക്കായതിനാൽ പരിസരമെല്ലാം വീക്ഷിച്ചു കൊണ്ട് കുറച്ചുനേരം ഞങ്ങൾ അവിടെയെല്ലാം നടന്നു.
എല്ലാ ദിവസവും രണ്ടു പ്രാവശ്യം നടത്തുന്ന വെള്ളം, ശബ്ദം, പ്രകാശം എന്നിവ ചേരുന്ന ഒരു ലേസർ ഷോ കാണുവാനുള്ള ടിക്കറ്റ് എടുക്കുവാൻ ഞങ്ങളുടെ ഗൈഡിലൊരാൾ പോയതിനാൽ ടെമ്പിളിൻ്റെ മുന്നിൽ ഞങ്ങൾ കാത്തുനിന്നു. 7.15 ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് തന്നെ ടിക്കറ്റ് ലഭിച്ചതിനാൽ ഞങ്ങൾ അവിടേയ്ക്ക് നടന്നു.
ഒരു ഹിന്ദു ക്ഷേത്രമെന്നതിനുപരി, പരമ്പരാഗതവും ആധുനികവുമായ ഹിന്ദു സംസ്കാരത്തിൻ്റേയും ആത്മീയതയുടെയും വാസ്തുവിദ്യയുടെയും ഒരു മകുടോദാഹാരണമാണ് ഈ സമുച്ചയം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രമാണിത്. 2005 നവംബർ ആറിന് തുറന്ന ഈ സമുച്ചയത്തിൻ്റെ മധ്യഭാഗത്തുള്ള ക്ഷേത്രം വാസ്തു ശാസ്ത്രവും പഞ്ചരാത്ര ശാസ്ത്രവും അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്.
ഉത്തർപ്രദേശിലെ നോയിഡോ എന്ന പട്ടണത്തോട് ചേർന്ന്, യമുനാനദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഡൽഹി മെട്രോ വഴിയും ഈ സമുച്ചയത്തിനകത്ത് പ്രവേശിക്കാവുന്നതാണ്. അക്ഷർധാം മെട്രോസ്റ്റേഷൻ ഇതിന് സമീപമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഗിന്നസ് വേൾഡ് റിക്കോർഡ് 2007 ൽ അക്ഷർധാമിന് ലഭിക്കുകയുണ്ടായി.
സ്വാമിനാരായണിൻ്റെ ജീവിതത്തേയും പ്രവർത്തനത്തേയും കുറിച്ചുള്ള വിവരണങ്ങൾ നൽകുന്ന വിവിധ പ്രദർശന ഹാളുകൾ ഇവിടെയുണ്ട്. ഇതിന് പുറമേ, അഭിഷേക മണ്ഡപം, സഹജ് ആനന്ദ് വാട്ടർ ഷോ, തീമാറ്റിക് ഗാർഡൻ, സഹജാനന്ദ് ദർശൻ, നീലകണ്ഠ ദർശൻ, സംസ്കൃതി എന്നീ പ്രദർശനങ്ങൾ ഉണ്ട്. അക്ഷർധാം എന്ന വാക്കിൻ്റെ അർത്ഥം, സ്വാമിനാരായണൻ്റെ വാസസ്ഥലം എന്നാണ്.ഭൂമിയിലെ ദൈവത്തിൻ്റെ താൽക്കാലിക ഭവനമായി അനുയായികൾ ഇതിനെ കണക്കാക്കുന്നു. സമുച്ചയത്തിൻ്റെ മനോഹാരിത ആവോളം ആസ്വദിച്ചിട്ട് സവിശേഷതയേറിയ ജലധാരയിൽ, സംഗീതത്തിൻ്റെ അകമ്പടിയോടെ നടത്തുന്ന വാട്ടർ ഷോ കാണുന്നതിന് വേണ്ടി സൗകര്യപ്രദമായ പടികളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
സഹജ് ആനന്ദ്- മൾട്ടി മീഡിയ വാട്ടർ ഷോ എന്നാണ് ഇതറിയപ്പെടുന്നത്. ദിവസവും രാത്രിയിൽ രണ്ട് ഷോകളാണുള്ളത്. ആദ്യത്തെ ഷോയ്ക്ക് തന്നെയാണ് ഞങ്ങൾ ടിക്കറ്റുകൾ എടുത്തത്.
ഇന്ത്യയുടെ ഏറ്റവും വലിയ പടിക്കിണറായ യജ്ഞപുരുഷ് കുണ്ഡ് എന്നറിയപ്പെടുന്ന സംഗീത ജലധാരയുടെ പടികളിൽ പകൽസമയം സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാവുന്നതാണ്. 24 മിനിറ്റ് നേരം ദൈർഘ്യമുള്ള, ഉപനിഷത്തിൽ നിന്നുള്ള ഒരു കഥ, വിവിധ മാധ്യമങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ജീവസ്സുറ്റതാക്കി അവതരിപ്പിക്കുന്നു.
മൾട്ടികളർ ലേസർ, വീഡിയോ പ്രൊജക്ഷനുകൾ, അണ്ടർവാട്ടർ ഫ്ലേംസ്, വാട്ടർ ജെറ്റുകൾ, സറൗണ്ട് സൗണ്ട് എന്നിവയ്ക്ക് പുറമേ, ലൈറ്റുകളും ലൈവ് അഭിനേതാക്കളും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു അവതരണമാണ് ഈ പ്രദർശനം.
(തുടരും)