ഒരു ചെറിയ അവധിക്കാല ആഘോഷത്തിനായി മോറോക്കോ വരെ പോയി തിരിച്ചു വന്നു. അപ്പോൾ മുതൽ ആലോചിക്കുന്നതാണ് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന്. പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല. എന്നാലിന്നങ്ങു ആ ചടങ്ങ് നടത്തിയേക്കാം എന്ന് കരുതി! കേട്ടറിവിനെക്കാൾ വലുതാണ് മോറോക്കോ എന്ന കൊച്ചു രാജ്യത്തിലേ വിശേഷങ്ങൾ!
ആദ്യമായി ബുള്ളറ്റ് ട്രെയിൻ സ്വന്തമാക്കിയ ആഫ്രിക്കൻ രാജ്യം! സഹാറാ മരുഭൂമിക്കൊപ്പം അറ്റ്ലാൻ്റിക് സമുദ്രവുമായും മെഡിറ്ററേനിയൻ സമുദ്രവുമായും 1,200 മൈൽ തീരപ്രദേശം പങ്കുവെക്കുന്ന രാജ്യം. സഹാറ മരുഭൂമിയിലെ മനോഹരമായ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ഒപ്പം പ്രകൃതി ഒരുക്കുന്ന നിരവധി വിസ്മയമയങ്ങളും കൊണ്ട് ധന്യമാണ് ആ പഴയ ഫ്രഞ്ച് കോളനിയായ ഇന്നത്തെ മോറോക്കോ! റിഫ് പർവതനിരകളും രാജ്യത്തിൻ്റെ മധ്യഭാഗത്തുള്ള അറ്റ്ലസ് പർവതനിരകളും പുരാതന നഗരങ്ങളുമൊക്കെയായി, ലോക സഞ്ചാരികളുടെ ഇഷ്ട്ടകേന്ദ്രമായി മാറിയിട്ടുള്ള മൊറൊക്കോ പ്രത്യേകിച്ചു യൂറോപ്യൻ സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രം കൂടിയാണ്!
മറ്റൊന്നുമല്ല, കുറഞ്ഞ ചിലവിൽ കൂടുതൽ ദിവസങ്ങൾ അവധി ആഘോഷിക്കാൻ പറ്റിയ ഒരിടം! സഹാറാ മരുഭൂമിയിലൂടെയുള്ള ഒട്ടക സവാരിയും തുടർന്നുള്ള മരുഭൂമിയിലെ ആഫ്രിക്കൻ അറബ് സംഗീതവും നൃത്തവും ആസ്വദിച്ചു കൊണ്ടു മൊറൊക്കൻ പരമ്പരാഗതമായ റ്റജീനും ആസ്വദിച്ചു (Tagine) കഴിച്ചു കൊണ്ട് (ഭക്ഷണത്തെ കുറിച്ചു വിശദമായി തന്നെ പിന്നീട്എഴുതുന്നുണ്ട് ) രാവേറുന്നത് വരെ സഹാറ മരുഭൂമിയിലെ ചെറിയ കുളിർ കാറ്റേറ്റ് അങ്ങനെ ഇരിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം മാഞ്ഞു പോകും!വല്ലാത്ത ഒരു അനുഭവം ആയിരുന്നത്! ഇനി തുടക്കത്തിൽ പറഞ്ഞ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതിലേക്കു വരാം. ഏത് രാജ്യത്തു പോയാലും കുറെയൊക്കെ നടന്നു തന്നെ കാണണം. ആ നടത്തത്തിൽ ആ രാജ്യത്തിന്റെ, അവിടുത്തെ ജനങ്ങളുടെ, സംസ്‌കാരത്തിന്റെയൊക്കെ തനിമ കാണാനും മനസിലാക്കുവാനും കഴിയും. ഒപ്പം ബസ് യാത്രകളും, ട്രെയിൻ സെർവീസുമൊക്കെ ഉപയോഗപ്പെടുത്തണം!
ആദ്യ ദിനം ഞങ്ങൾ താമസിക്കുന്ന റിയാദിൽ നിന്നും (Riad, എന്ന് പറയുന്നത് ചെറിയ ഹോട്ടലുകൾ ആണ്. നമ്മുടെ നാട്ടിലെ ഹോം സ്റ്റേ പോലുള്ള ഒന്ന്. സ്വിമ്മിംഗ് പൂൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉള്ള ഒരിടം. പരമ്പരാഗതമായ രീതിയിൽ ടൈലുകൾ ഒക്കെ ഒട്ടിച്ചിട്ടുള്ള മനോഹരമായ കൊച്ചു വീടുകൾ)
മെദിനയിലേക്ക് (Market ) യാത്ര തുടങ്ങി. കഷ്ടിച്ച് പത്തു മിനിട്ട് നടന്നാൽ മെദിനയിൽ എത്താം. മാർക്കറ്റ് വളരെ വിശാലമാണ്. എക്കറു കണക്കിന് പ്രദേശമാകെ വ്യാപിച്ചു കിടക്കുന്ന ആ മാർകെറ്റിന്റെ മുഴുവൻ ഭാഗവും നടന്നു കാണണമെങ്കിൽ ഒരു ദിവസം തികയാതെ പോരും! ഞങ്ങൾ ആ മാർക്കറ്റിലെ ഓരോ കാഴ്ചയും കണ്ടു കറങ്ങി നടന്നു. പുല്ലാം കുഴലിൽ അറബി സംഗീതം വായിക്കുന്ന ഒരു വൃദ്ധൻ! തൊട്ടപ്പുറത്തു മൊറൊക്കൻ സംഗീതത്തിനൊപ്പം പത്തി വിടർത്തി ആടുന്ന കരി നാഗങ്ങൾ. ചിലർ ആ കരി നാഗങ്ങളോടൊപ്പം ചേർന്നു ചിത്രമെടുക്കുന്നു. അവർക്കു അതിനു പണം കിട്ടുന്നുണ്ട്!! ചിലർ കൂട്ടമായിരുന്നു പാട്ട് പാടുന്നു. അതിനു നടുവിൽ ഒഴുകി വരുന്ന മൊറൊക്കാൻ സംഗീതത്തിന് ചുവടു വെക്കുന്ന സുന്ദരി! അവളുടെ മെയ് വഴക്കത്തിൽ ആസ്വദിച്ചു നിൽക്കുന്ന ജനക്കൂട്ടം. ഓരോ നൃത്തം കഴിയുമ്പോഴും പരമ്പരാകത വസ്ത്രം ധരിച്ച പുരുഷുമാർ അവരുടെ തലയിലെ വട്ട തൊപ്പി ഊരി കണ്ടു നിന്ന ജനങ്ങൾക്ക് നേരെ നീട്ടുന്നു. അവർ അതിൽ നാണയത്തുട്ടുകൾ നിക്ഷേപിക്കുന്നു!!!
നടന്നു ക്ഷീണിച്ചപ്പോൾ ഞങ്ങൾ ഒരു റെസ്റ്റോറണ്ടിൽ കയറി. ലക്ഷ്യം മോറോക്കൻ പരമ്പരാഗത ഭക്ഷണം ആയ 'ടജീൻ' കഴിക്കുക എന്നതായിരുന്നു. ചിക്കനും വെജിറ്റബിളുമൊക്കെ ചേർന്ന് നമ്മുടെ നാട്ടിലെ ചട്ടിയിൽ തരുന്നത് പോലെ ഒരു വിഭവം. (ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) ..
നമസ്തേ, 🙏 എന്ന് പറഞ്ഞു കൊണ്ടാണ് ഹോട്ടലിലെ ജീവനക്കാരൻ ഞങ്ങളെ സ്വീകരിച്ചത്. ഒപ്പം ഇന്ത്യാ, ഇന്ത്യാ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു!! വന്ന ആദ്യ ദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് ഇന്ത്യാക്കാർക്ക് ഈ രാജ്യത്തു ലഭിക്കുന്ന സ്നേഹവും സ്വീകരണവും! എടാപ്പനേ, നമ്മുടെ മോദിജിക്കു മൊറൊക്കോയിലും ഫയങ്കര പിടിയാണല്ലോ എന്നായി എന്റെ ചിന്ത! പക്ഷെ ചൂട് ചട്ടിയിൽ നിന്നും ടജീൻ ഞങ്ങളുടെ പാത്രത്തിലേക്ക് പകരുന്നതിനിടയിൽ അയാൾ ആ സത്യം പറഞ്ഞു. "ഷാരൂഖ് ഖാൻ'. അതെ സാക്ഷാൽ ഷാരൂഖ് ഖാനും, ഹിന്ദി സിനിമയും, ഒപ്പം അമിതാബ് ബച്ചനുമൊക്കെയാണ് ഇന്ധ്യക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനുമൊക്കെ മൊറൊക്കോക്കാർക്ക് പ്രചോദനം ആയത്. ഹിന്ദി സിനിമയുടെ സി ഡി കൾ ഇല്ലാത്ത വീടില്ലത്രേ!!! ഷാരൂഖാനെ അറിയാത്ത ഒരൊറ്റ കുഞ്ഞു പോലും ആ നാട്ടിലില്ലത്രെ! എന്തിനധികം സഹാറ മരുഭൂമിയിൽ അൽ ഒട്ടകപ്പുറത്തു കേറി സവാരി ചെയ്യാനും, നൃത്തം ആസ്വദിക്കാനുമൊക്കെയായി പോയ ടൂർ ഓപ്പറേറ്ററിന്റെ വാനിൽ നിന്ന് പോലും ഉയർന്നു കേട്ടത് ഹിന്ദി ഗാനങ്ങൾ ആയിരുന്നു!!
മദീന യിൽ നിന്നും കറക്കം ഒക്കെ മതിയാക്കി ഞങ്ങൾ തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു. അപ്പോഴേക്കും വെയിലിനു തീപിടിച്ചു തുടങ്ങിയിരുന്നു. കാലിനൊക്കെ നല്ല വേദന. ഇടയ്ക്കൊന്നു വഴി തെറ്റി!! ചോയിച്ചു ചോയിച്ചു അങ്ങ് നടക്കാം എന്ന് കരുതിയാൽ പണി കിട്ടും!!. വഴി ചോദിച്ചാൽ ചില ലോക്കൽസ് വഴി കാണിക്കാൻ കൂടെ വരും! അതിനവർ കാശ് ചോദിക്കും! മൊറൊക്കോയിൽ എല്ലാത്തിനും ടിപ്പ് കൊടുക്കണം. ടാക്സി ഉപയോഗിച്ചാലും ഭക്ഷണം കഴിച്ചാലും, ചായ കുടിച്ചാലും, പിന്നെ ടൂർ ഓപ്പറേറ്റർ മാർക്കും അൽ-ഒട്ടകത്തിന്റെ പാപ്പാനും, ഇനി കുതിര വണ്ടിയിൽ കേറിയാൽ അൽ കുതിരക്കും ഒക്കെ ടിപ്പ് കൊടുക്കണം. പക്ഷെ വളരെ ചെറിയ തുക മതിയാകും. ഒരു ഡിന്നർ കഴിക്കാൻ ഏകദേശം 6 മുതൽ 8 പൗണ്ട് വരെ മതിയാകും!( 600/800) രൂപാ. അതായതു 100 മൊറൊക്കൻ ദിർഘം!
പിന്നെ മിന്റ് ടീയും കുറെ ഉണക്ക റൊട്ടിയും ഇല്ലാത്ത ഒരു പരിപാടിയും അവിടെ ഇല്ല. വഴി തെറ്റിയെങ്കിലും നടപ്പ് തുടർന്നു. തിന്നതൊക്കെ ദഹിച്ചു! പണ്ട് പത്തു പന്ത്രണ്ടു വർഷം അറബി നാട്ടിൽ ജോലി ചെയ്തതിന്റെ ഗുണം ഇപ്പോഴാ ഉപകരിച്ചത്! ഉള്ളിലെവിടെയോ ഉറങ്ങി കിടന്നിരുന്ന പഴയ അറബി ഭാഷയൊക്കെ തട്ടിയുണർത്തി ചോയിച്ചു ചോയിച്ചു. ഒടുവിൽ ഞങ്ങളുടെ താമസം സ്ഥലത്തു എത്തിപ്പെട്ടു! അതോടെ Wi-Fi ഉണർന്നു! Phone തുറന്നതും samsung Health ആപ്പിൾ ഒരു പടക്കം പൊട്ടിക്കലും ബെഹളവുമൊക്കെ നടക്കുന്നു! Congratulations!!! എന്ന മെസ്സേജിനു താഴെ കണ്ടപ്പോൾ അല്ലെ കാര്യം മനസ്സിലായത്. രാവിലെ വീട്ടിൽ നിന്നും തുടങ്ങിയ നടപ്പിൽ ഞാൻ എന്റെ റെക്കോർഡ് ഭേദിച്ചിരിക്കുന്നു! 19,097 സ്റ്റെപ്പുകൾ നടന്നിരിക്കുന്നു! രാവിലെ മുതൽ വൈകിട്ട് വരെ നടന്നത് 13.73 കിലോമീറ്റർ! ഇതൊക്കെ വലിയ സംഭവം ആയി ഞാൻ പറഞ്ഞപ്പോൾ ഒപ്പം നടന്നിരുന്ന ഭാര്യക്ക് വെറും പുച്ഛം! ഓള് ഡെയിലി ഹോസ്പിറ്റലിലെ വാർഡിൽ ഇതിൽ കൂടുതൽ തേരാ പാരാ നടക്കാറുണ്ടത്രേ!!! എൻ എച്ച് എസ്സ് കീ ജയ്!!
വൈകിട്ട് കുറെ നേരം സ്വിമ്മിംഗ് പൂളിൽ കിടന്നു! അതോടെ കാലിന്റെ വേദനക്ക് ചെറ്യേ ഒരാശ്വാസം കിട്ടി!!!
ശേഷം വിശേഷം പിന്നാലെ. എന്തെങ്കിലുമൊക്കെ കൂടുതൽ ചോദിച്ചു അറിയണമെങ്കിൽ ചോദിച്ചോളൂ. ടിപ് ഒന്നും തരണ്ട.
(തുടരും)