ഭാഗം 5
പതിനൊന്ന് മണി കഴിഞ്ഞിരുന്നതിനാൽ ചെക്ക്- ഇൻ ചെയ്തതിന് ശേഷം ഡിന്നർ കഴിച്ചതിന് ശേഷമാണ് ഞങ്ങൾ മുറികളിലേക്ക് പോയത്. കാൻ്റീൻ അടയ്ക്കാതെ, ജോലിക്കാർ ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു.
നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കിയിട്ട് കിടന്നുറങ്ങി.
പരേഡിന് പോകുമ്പോൾ പാലിക്കേണ്ടതായ കാര്യങ്ങൾ ബസ്സിൽ വച്ചും ഹോട്ടൽ കാൻ്റീനിൽ വച്ചും സീനിയർ ഗൈഡ് ആയ ജോസഫ് സാർ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു.
റിപ്പബ്ളിക് പരേഡ് കാണുവാനുള്ള പാസ്സ്, മിനിസ്ട്രി ഓഫ് ഡിഫൻസിൽ നിന്നും സേഫ് വിങ്സിൻ്റെ പ്രവർത്തകർ ഒരു മാസം മുൻപ് തന്നെ എടുത്തിട്ടുണ്ടായിരുന്നു. എവിടെ പോകാനും ആധാർ കാർഡ് നിർബന്ധമായിരുന്നു.
അലാറം വച്ച് നാല് മണിക്ക് തന്നെ എഴുന്നേറ്റ്, പ്രഭാതകൃത്യങ്ങൾക്ക് ശേഷം അഞ്ചുമണിയോടു കൂടി എല്ലാവരും താഴെയെത്തി. നല്ല തണുപ്പുണ്ടാണ്ടായിരുന്നതിനാൽ ജാക്കറ്റും തൊപ്പിയും ഗ്ലൗസ്സും മറ്റും ധരിച്ചാണ് എല്ലാവരും പുറപ്പെടാൻ റെഡിയായത്. അവരവരുടെ പാസ്സുകൾ, പേര് വിളിച്ച് എല്ലാവരുടേയും കൈകളിൽ കൊടുത്തതിന് ശേഷം ജോസഫ് സാർ വീണ്ടും ചില നിർദേശങ്ങൾ കൂടി നൽകി. കഠിനമേറിയ സെക്യൂരിറ്റി ചെക്കിംഗ് ആയിരിക്കുമെന്നതിനാൽ മൊബൈൽ ഫോൺ അല്ലാതെ, മറ്റൊരു സാധനവും കുടിക്കാൻ അല്പം വെള്ളം പോലും കയ്യിലെടുക്കുവാൻ അനുവദനീയമല്ലെന്ന് പല പ്രാവശ്യം ഞങ്ങളെ ഓർമപ്പെടുത്തി.
ആധാർ കാർഡിനൊപ്പം പരേഡ് കാണുവാനുള്ള പാസ്സും മൊബൈൽ ഫോണുമായി ഞങ്ങൾ റെഡിയായി നിന്നു.
കൊല്ലങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന വലിയാരാഗ്രഹം സഫലമാകാൻ പോകുന്നതിൻ്റെ സന്തോഷം ഞങ്ങളുടെ ഓരോരുത്തരുടെയും മുഖങ്ങളിൽ പ്രതിഫലിച്ചിരുന്നെങ്കിലും പറഞ്ഞറിയിക്കാൻ വയ്യാത്ത ആശങ്കയും ആകാംക്ഷയും എൻ്റെ മനസ്സിനെ കീഴടക്കി.
ജനലക്ഷങ്ങൾ വന്നുകൂടുന്ന പ്രദേശത്ത് സ്വയം സൂക്ഷിക്കുക എന്ന ആശയവുമായി ഞങ്ങൾ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അഞ്ച് മിനിറ്റ് ദൂരം നടന്ന് കരോൾ ബാഗ എന്ന മെട്രോ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും മെട്രോയിൽ കയറി രാജീവ് ചൗക്ക് സ്റ്റേഷനിൽ ഇറങ്ങുകയും അവിടെ നിന്നുള്ള അണ്ടർ ഗ്രൗണ്ട് മെട്രോയിൽ കയറി, ഉദ്യോഗ്ഭവൻ സ്റ്റേഷനിൽ ഇറങ്ങുകയും വേണമായിരുന്നു.
വലിയൊരു ഗ്രൂപ്പ് ആയതിനാൽ മെട്രോയിൽ കയറുവാനുള്ള പാസ്സ്, സ്റ്റേഷൻ മാനേജർ ഇഷ്യൂ ചെയ്ത് തന്നു. പാസ്സ് കിട്ടുന്നതിന് വേണ്ടി ഏകദേശം അരമണിക്കൂർ നേരം സ്റ്റേഷനിൽ വെയ്റ്റ് ചെയ്യേണ്ടിവന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങൾ മെട്രോയിൽ കയറി.
ഏകദേശം പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ ഉദ്യോഗ്ഭവൻ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ജനക്കൂട്ടങ്ങൾ ക്കിടയിലൂടെ ഞങ്ങളും നടന്നു. അവരവരുടെ ആൾക്കാർ തമ്മിൽ പിരിയാതിരിക്കാൻ കൈകൾ തമ്മിൽ കോർത്തു പിടിച്ചുകൊണ്ടാണ് ഞങ്ങൾ നടന്നത്.
അതിരാവിലെയായിട്ടും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. അത് എന്തിനുള്ള ക്യൂവായിരുന്നുവെന്ന് ആദ്യം ഞങ്ങൾക്ക് മനസ്സിലായില്ല. ഞങ്ങളുടെ കൈവശം പാസ്സുണ്ടായിരുന്നതിനാൽ, ജോസഫ് സാർ വന്ന് സേഫ് വിങ്സിൻ്റെ ഗ്രൂപ്പിലുള്ള ഞങ്ങളെ എല്ലാവരേയും വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
അരകിലോമീറ്റർ കഴിഞ്ഞപ്പോൾ കണ്ട ആറ് ലൈനുകളിലെ ക്യൂവിൽ ഞങ്ങളും സ്ഥാനം പിടിച്ചു. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ സ്ത്രീകൾക്കും പുരുഷമാർക്കും വെവ്വേറെ ക്യൂ ആണെന്ന് മനസ്സിലായതിനാൽ ഞങ്ങൾ സ്ത്രീകളെല്ലാവരും വനിതകളുടെ ക്യൂവിൽ ഇടം പിടിച്ചു.
പാസ്സും മൊബൈലുമല്ലാതെ, പലരുടെയും കൈവശമുണ്ടായിരുന്ന ബാഗുകളും മറ്റു സാധനങ്ങളും സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങി ഒരു സ്ഥലത്ത് കൂട്ടിയിടുന്നത് കണ്ടു.
ദേഹപരിശോധനയ്ക്ക് ശേഷം ആ കടമ്പ കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നടന്നു ചെന്ന് മറ്റൊരു ക്യൂവിൽ പ്രവേശിച്ചു. രണ്ടാമത്തെ സെക്യൂരിറ്റി ചെക്കിംഗായിരുന്നു അത്. പരിശോധന കഴിഞ്ഞ് പുറത്ത് വന്നപ്പോൾ, ചെക്കിംഗെല്ലാം കഴിഞ്ഞെന്ന് കരുതി സമാധാനിച്ചെങ്കിലും മുന്നോട്ട് നടന്ന് ചെന്ന് മൂന്നാമത്തെ ക്യൂവിൽ അകപ്പെട്ടു. ചെക്കിംഗിൻ്റെ അവസാനഘട്ടവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ശ്വാസം നേരേ വീണത്.
ജനക്കൂട്ടത്തിനിടയിൽ ഞങ്ങളുടെ ആളുകളൊക്കെ ഇതിനകം എവിടെയൊക്കെയോ ചിതറിപ്പോയിരുന്നു. ഞങ്ങൾ മൂന്ന് നാല് പേർ ഭർത്താക്കന്മാരേയും കാത്ത് കുറേനേരം അവിടെനിന്നു. സ്ത്രികളേക്കാൾ കടുത്ത പരിശോധനകളായിരുന്നു പുരുഷന്മാർക്ക് നേരിടേണ്ടി വന്നത്. മൂന്ന് ഘട്ടം പരിശോധനകളും കഴിഞ്ഞ് അവരെത്താൻ കുറേ സമയമെടുത്തു.
രാഷ്ട്രപതിഭവൻ മുതൽ ഇൻഡ്യാ ഗേറ്റ് വരെയുള്ള പ്രദേശം റോഡിനപ്പുറവും ഇപ്പുറവുമായി വടക്കും തെക്കുമായി തിരിച്ച് കിലോമീറ്ററുകളോളം ദൂരം പല പല സ്റ്റേഡിയങ്ങളാക്കി സജ്ജീകരിച്ചിരിക്കുന്നു. ഓരോ എൻക്ലോഷറുകളും നമ്പരിട്ട് അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ കണ്ടുപിടിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല.
പാസ്സിലെഴുതിയിരുന്ന പ്രകാരം വടക്കുഭാഗത്തുള്ള മൂന്നാം നമ്പർ സ്റ്റേഡിയത്തിൻ്റെ ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു. അവിടെയെത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ ഒരു സുഹൃത്തും ഭാര്യയും മാത്രമേ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ... ബാക്കിയുള്ളവരെല്ലാം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒൻപതര മണിയോടു കൂടി ഞങ്ങൾ സീറ്റിൽ ചെന്നിരുന്നു. വളരെ മുന്നിൽത്തന്നെ ഇരിക്കാൻ സിറ്റ് കിട്ടിയതിൽ സന്തോഷം തോന്നി.
ഭാരതത്തിൻ്റെ 75-ാം മത് റിപ്പബ്ളിക് പരേഡ് വളരെ അടുത്തിരുന്ന് നേരിട്ട് കാണാൻ കഴിയുന്നതിൻ്റെ ചാരിതാർത്ഥ്യത്തിനോടൊപ്പം ചരിത്രത്തിന് സാക്ഷിയാകുന്നതിലുള്ള അഭിമാനവും ഉള്ളിൽ താലോലിച്ചുകൊണ്ടിരുന്നു.
ദാഹവും വിശപ്പുമെല്ലാം അവഗണിച്ചുകൊണ്ട് കടന്നു വരുന്ന വേറിട്ട കാഴ്ചകൾക്കായി പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. അല്പ സമയത്തിനുള്ളിൽ ഗൈഡുകളിൽ ഒരാളായ പ്രിൻസ്, ഞങ്ങളുടെ സമീപമുണ്ടായിരുന്ന ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു.
ഉച്ചഭാഷിണിയിലൂടെ ആമുഖങ്ങളും അറിയിപ്പുകളും ഒഴുകിയെത്തി. പ്രധാന ചടങ്ങുകൾ നടക്കുന്ന ഇൻഡ്യാ ഗേറ്റിന് സമീപമുള്ള സ്റ്റേജിലെ പരിപാടികൾ, മുന്നിൽ സജ്ജീകരിച്ചിരുന്ന വലിയ ടിവിയിൽ ഞങ്ങൾക്ക് കാണാമായിരുന്നു.
സമയം കടന്നുപോയി. കൃത്യം പത്തര മണിക്ക് പരേഡുകൾ തുടങ്ങുന്നതിൻ്റെ മുന്നോടിയായി ഉയർന്ന ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ടുള്ള പ്രധാന വാഹനങ്ങൾ ഞങ്ങളുടെ മുന്നിൽ കൂടി കടന്നുപോയി. പ്രധാനമന്ത്രിയുടെ വാഹനം വളരെ വേഗത്തിലായിരുന്നു കടന്നുപോയത്. കർത്തവ്യപഥിൽ പരേഡിന് സാക്ഷിയാവാൻ എത്തിയവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
രാവിലെ 10 മണിയോടെ പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
തുറന്ന കുതിരവണ്ടിയിൽ രാഷ്ട്രപതിയും ഫ്രഞ്ച് പ്രസിഡൻ്റും ഞങ്ങളുടെ തൊട്ടു മുന്നിൽക്കൂടിയാണ് വേദിയിലേക്ക് പോയത്. തുടർന്ന് കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. 10.15 ഓടെ കർത്തവ്യപഥിൽ എത്തിയ മോദി രാഷ്ട്രപതിയേയും മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡൻ്റിനേയും ചടങ്ങിലേക്ക് സ്വീകരിച്ചു.
തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പരേഡുകളും സംസ്ഥാനങ്ങളുടെ ടാബ്ലോ കളും അരങ്ങേറി. കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യം ഈ പ്രാവശ്യം ഇല്ലാതിരുന്നതിനാൽ വല്ലാത്ത നിരാശ തോന്നി. കേരളത്തെ കൂടാതെ, പഞ്ചാബ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങൾക്കും ഈ വർഷം അനുമതി ലഭിച്ചിരുന്നില്ല.
മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ഒന്നിച്ച് മാർച്ച് ചെയ്തു. തുടർന്ന് കര, നാവിക, വ്യോമ സേനകളിലെ പ്രത്യേക സംഘങ്ങളുടെ മാർച്ച് നടന്നു.
(തുടരും)