mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 5

കൽഹണന്റെ ജീവനറ്റ ശരീരം വഹിച്ച് രഥം മഹാഭൈവാ മൈതാനത്തിന്റെ മധ്യത്തിൽ നിർത്തി വിധുരൻ രണാങ്കളത്തിലേക്കിറങ്ങി. ഉറയിൽ നിന്നൂരിയ ഇരുതലമൂർച്ചയുള്ള വാളെടുത്ത് അവൻ മുന്നോട്ടു കുതിച്ചു. തലകൾ, അസ്ത്രം പിടിച്ച കൈകൾ വിധുരന്റെ ദേഷ്യം കാശ്മീരയുടെ സേനാഭടന്മാരിലൂടെ ചിതറിത്തെറിക്കാൻ തുടങ്ങി.

"വിധുരാ...”

അവന്റെ നെഞ്ചിലേക്കൊരു അമ്പ് പതിച്ചപ്പോൾ രഥത്തിലിരുന്ന് പോരാടിക്കൊണ്ടിരുന്ന വീരസിംഹൻ ആർത്തുവിളിച്ചു.

"യുദ്ധം നോക്കൂ ജ്യേഷ്ഠാ...എന്നെ നോക്കേണ്ട

വീരസിംഹൻ ഒരു നെടുവീർപ്പിട്ടു, കൽണൻ അമ്പ് പറിക്കാതെ മുന്നോട്ടു നടന്നു. എതിരാളികളുടെ ആവനാഴിയിലെ അമ്പുകൾ ഇടയ്ക്കിടെ വിധുരന്റെ ശരീരത്തിൽ തറച്ചുകയറുന്നു. അവന്റെ വീര്യം കൂടുകയാണ്. യുദ്ധം ഇത്രമാത്രം മദിപ്പിക്കുന്ന ഒന്നായിരുന്നെന്ന് ഞാനറിഞ്ഞില്ലല്ലോ എന്നോർത്ത് വിധുരൻ മനസ്സിൽ സങ്കടപ്പെട്ടു. അടുത്ത നിമിഷം കാശ്മീരയുടെ ഒരു വൻതേര് വിധുരനു നേരേ വരുന്നത് കണ്ട് വീരസിംഹൻ ആർത്തുവിളിച്ചു. അവനതിലേക്ക് എടുത്തുചാടി, തേര് നിയന്ത്രിച്ചിരുന്ന ശത്രുവിനെ അവൻ തേരിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്ത നിമിഷം തേരിൽ തന്നെയുണ്ടായിരുന്ന ഒരാളവനെ കുന്തംകൊണ്ട് കുത്തി. അവനത് വലിച്ചൂരി ശത്രുവിന്റെ നെഞ്ചിലേക്ക് കുത്തിക്കയറ്റി, ശത്രു നാവു പുറത്തേക്ക് നീട്ടി.

വിധുരൻ മരണത്തെയും യുദ്ധം അതിന്റെ അന്ത്യത്തെയും എത്തിനോക്കുകയാണ്. വിഭൂതിയുടെ ഗജവീരന്മാർ കാശ്മീരാ കൊട്ടാരത്തിലേക്കുള്ള ഇരുമ്പു വാതിൽ തകർത്തു. തന്റെ പ്രിയപ്പെട്ട ഇരുതല മൂർച്ചയുള്ള വാളും പിടിച്ച് വിധുരൻ കൊട്ടാരാങ്കണത്തിലേക്ക് കയറി, തടയാൻ വന്ന സുരക്ഷാഭടന്മാരെ ഓരോരുത്തരെയായി അവൻ പരലോകത്തേക്കയച്ചു. ഒടുവിൽ രാജാവിന്റെ സഭാ വാതിൽക്കൽ സേനാധിപൻ ഷാഹേദ് നില്ക്കുന്നു.

അച്ഛന്റെ മുഖം ഒരിക്കൽ കൂടി ഓർത്തു, ഷാഹദിന്റെ കബന്ധം ഛേദിച്ച് മുന്നോട്ടു നടന്നു. തല സിംഹാസനത്തിൽ ചാരിവെച്ച് വിജയ സൂചന വേണ്ടി കാത്തിരുന്ന രാജാവ് അംജദ് അലിഖാൻ വിധുരനെക്കണ്ട് ഞെട്ടി എഴുന്നേറ്റു.

"കാശ്മീരാ... കാശ്മീരാ

കൊട്ടാരത്തിന്റെ മുകൾ തട്ടിൽ നിന്നും യുദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന കാശ്മീര വേഗത്തിൽ രാജസഭയിലേക്ക് ഓടി. വിധുരൻ പതിയെ നടന്ന് അയാൾക്കു മുന്നിലെത്തി.

“ഞാൻ വിധുരൻ, നരസിംഹൻ രാജാവിന്റെ മകനാണ് പിന്നിൽ നിന്ന് കുത്തിവീഴ്ത്തുന്ന ശീലമില്ല. മുന്നിൽ നിന്ന് തലകൊയ്താണ് ശീലം, അവിടുന്ന് പൊറുക്കണം.

പ്രായത്തിന്റെ എടുപ്പുകളിൽ നിന്ന് രക്ഷപെടാനാകാതെ മകൾ വന്ന് തന്നെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അയാളുടെ കഴുത്തിനു നേരേ വിധുരന്റെ വാൾ ചലിച്ചു.

സഭയിലേക്ക് ഓടിയെത്തിയ അവളുടെ മുന്നിൽ അംജദ് അലിഖാന്റെ തലയുരുണ്ടു.

“യുദ്ധം ജയിച്ചു.”

നിന്നനില്പ്പിൽ വിധുരൻ മലർന്നുവീണു. എന്തു ചെയ്യണമെന്നറിയാതെ കാശ്മീര പകച്ചുനിന്നു.

ജീവനോടെ ശേഷിച്ച കാശ്മീരാ സൈനികഭടന്മാർ ജീവനും കൊണ്ട് ഭയന്നോടി. വിഭൂതിയുടെ സൈനിക ഭടന്മാർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. “കാശ്മീരയുടെ രാജാവ് കൊല്ലപ്പെട്ടേ, വിധുരൻ വധിച്ചു.”

സന്തോഷം കൊണ്ട് ഹർഷാരവം മുഴക്കുന്ന സ്വന്തം സൈനികർക്കിടയിലൂടെ വീരസിംഹൻ മുന്നോട്ടു നടന്നു. രാജസഭയിലേക്ക് പ്രവേശിച്ചപ്പോൾ അയാൾ ആദ്യമായി തന്റെ പ്രണയത്തെ കണ്ടു, അധികം ദൂരത്തല്ലാതെ.

“വിധുരാ”

വീരസിംഹന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

അമ്മേ മാപ്പ്! നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാൻ എനിക്കു കഴിഞ്ഞില്ല, യുദ്ധം ജയിച്ചു പക്ഷേ ഞാൻ തോറ്റു ഞാൻ മാത്രം ,വിധുരനും കൽഹണനും കൊല്ലപ്പെട്ടത് എന്റെ തോൽവിയാണ്. വിഭൂതി ഭരിക്കാൻ വിധുരൻ ഇനി ഒരുകാലത്തേക്കുമില്ല. രക്തം വാർന്ന് അവന്റെ വെളുത്ത വയറു മുഴുവൻ ചുവന്നിരിക്കുന്നു. എന്താണു ഞാൻ നിന്നോട് പറയേണ്ടത് വിധുരാ….നിന്റെ ചലനങ്ങളിൽപ്പോലും നീ വിധുരനായിരുന്നു. മനസ്സുകൊണ്ട് നീ ഒരു പെൺകുട്ടിയേയും മോഹിച്ചിട്ടില്ലെന്ന് ഈ ജ്യേഷ്‌ഠനറിയാം. വിധുരാ ബദലേരിയാ നദീതടത്തിൽ നിന്നെ ദഹിപ്പിക്കുമ്പോൾ കൂടെ നീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട അനുജൻ കൽഹണനും നിന്റെ കൂടെ കത്തിയെരിയും. ഈ ജ്യേഷ്ഠൻ പഠനകാലത്ത് പലസ്ഥലങ്ങളിലേക്കും പോയപ്പോൾ പരിചരിച്ചിരുന്നതുപോലെ കൽഹണനെ നീ പരിചരിക്കണം, അവന് ശ്രദ്ധ കുറവാണ് നീയവനെ ശ്രദ്ധിക്കണം. നരസിംഹൻ രാജാവിന്റെ മക്കളിൽ നീ രണ്ടാമനായിരുന്നു വിധുരാ, ജന്മം കൊണ്ടുമാത്രം, കർമംകൊണ്ട് നീ തന്നെയാണ് ഒന്നാമൻ.

“പ്രഭോ ഇവളെ കൊല്ലട്ടേ?”

സേനാനായകൻ അധിഭൂപതി വീരസിംഹാനോട് ചോദിച്ചു.

“അരുത് ഇവളെ ബന്ദിയാക്കി കൊട്ടാരത്തിലേക്ക് കൊണ്ടുപോകുക.”

“അങ്ങേക്ക് ഇവളെ ഭോഗിക്കണമെങ്കിൽ ഇവിടെ നിന്നായിക്കൂടെ ,ശേഷം കൊല്ലാം.”

കാശ്മീരയുടെ കണ്ണുകൾ ചുവന്നു. അവൾ വിധുരന്റെ വാളെടുക്കാൻ കുനിഞ്ഞു. പെട്ടെന്ന് അധിഭൂപതിയുടെ തല വായുവിൽ ഉയർന്നു, കാശ്മീര ഞെട്ടിത്തരിച്ചു. വിദേന്ദ്രനാഥ് വീരസിംഹന്റെ കൈയിൽ നിന്നും വാളു വാങ്ങി.

കാശ്മീരയുടെ നീലക്കണ്ണുകൾ വീരസിംഹന്റെ ചിന്തകളെ പിച്ചിചീന്തുകയും സ്വപ്നങ്ങളെ നിറങ്ങളെക്കൊണ്ട് മൂടുകയും ചെയ്തു.

“ഞാൻ നിന്നെ സ്നേഹിക്കുന്നു”

കൊട്ടാരം വിറച്ചു, യുദ്ധം ജയിച്ചത് ഇതിനാണോ എന്നമട്ടിൽ രാജസദസ്സിലുണ്ടായിരുന്ന സൈനികഭടന്മാരെല്ലാം വീരസിംഹനെ തുറിച്ചുനോക്കി. സഭ നിശബ്ദമായി. രണ്ടുഭടന്മാർ വന്ന് കാശ്മീരയെ ബന്ദിയാക്കി. അവൾ മുന്നോട്ടു നടന്നു.

ഉറക്കം തന്നെ പിടികൂടി എന്നുറപ്പായ നിമിഷം ജോഹന്നാസ് പേന ടേബിളിൽ വെച്ച് മെത്തയിലേക്ക് നടന്നു. രാത്രി നിലാവിനോടെന്നപോലെ സല്ലപിക്കുന്നു. പ്രണയത്തിന്റെ തീച്ചൂളയിൽ രാത്രി ചിലരിൽ ഏല്ക്കപ്പെടാതെ പോകുന്നു, മറ്റുചിലർ ഏകാന്തതയുടെ സ്വകാര്യതയിൽ സ്വയം മറന്ന് ഉറക്കത്തിലെ മരണാക്കയത്തിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു.

 

More Links

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ