നരഗുദന്റെ പ്രവൃത്തിയിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു. മെത്തയിൽ തലചായ്ച്ചു കിടന്നപ്പോൾ അമ്മയുടെ നരച്ച ശബ്ദം മനസ്സിൽ നിന്ന് പുറത്തേക്കു പ്രവഹിച്ചു.
"കാശ്മീരയിലെ കൊമ്പൻ മീശക്കാരനായ രാജാവ്, ദുഷ്ടൻ, ചതിയൻ. അയാളാണ് അച്ഛനെ കൊന്നത്. പതിനേഴാം വയസ്സിൽ രാജാവായി പട്ടാഭിഷേകം ചെയ്ത് മുപ്പത്തിനാലാം വയസ്സിൽ ദുഷ്ടന്മാരുടെ ചതിയിലകപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്ന പ്രപഞ്ചധീരൻ നരസിംഹൻ രാജാവ്.”
വിഷം കഴിച്ചു മരിച്ച അമ്മ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്നതും സങ്കടക്കയത്തിൽ മുങ്ങിത്താഴുന്നതും കാണാൻ തനിക്കു കഴിഞ്ഞില്ലല്ലോ.
അവൻ സങ്കടം കൊണ്ട് കണ്ണുകൾ തുടച്ച് ഒഴുകിയ കണ്ണീർത്തുള്ളികളെ മായ്ച്ചുകളഞ്ഞു. ആ നിമിഷം അവനിലെ മൃഗതൃഷ്ണ വർധിച്ചു. ഉടനേ വാതിൽ തുറന്ന് മന്ത്രിയോട് രാജഗുരുവിനോട് തന്റെയരികിൽ വരാൻ പറയാൻ വേണ്ടി വീരസിംഹൻ കല്പിച്ചു. നീണ്ട താടിയും ജടപിടിച്ച മുടിയും കുലുക്കി രാജഗുരു വീരസിംഹന്റെ സന്നിധിയിലെത്തി.
"ഗുരോ കാശ്മീരയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് അവരെ ഇതറിയിച്ച് യുദ്ധത്തിന് സന്നദ്ധരായിരിക്കാൻ അറിയിച്ചോളൂ.”
രാജഗുരു അമ്പരന്നു.
"മഹാരാജാ അങ്ങയിൽ നിന്ന് ഇതിലും പക്വമായ തീരുമാനം പ്രതീക്ഷിക്കുന്നു.”
വീരസിംഹന്റെ മുഖം ചുവന്നു. അവൻ തന്റെ പല്ലുകൾ ഒന്നുപിടിച്ചമർത്തിയ ശേഷം അവയെ മോണകൾക്കിടയിൽ സ്വാതന്ത്ര്യമായി വിട്ടു.
"യുദ്ധം അനിവാര്യമാണ് ഗുരു, പറ്റില്ലെങ്കിൽ പറയൂ രാജഗുരുവാകാൻ യോഗ്യതയുള്ള പലരും കൊട്ടാരത്തിനു പുറത്തിരുന്ന് പകൽക്കിനാവുകൾ കാണുന്നുണ്ട്.”
"വേണ്ട പ്രഭോ, അവിടുത്തെ തീരുമാനം പോലെ.”
സംഭവിക്കാൻ പോകുന്ന യുദ്ധം ഭാവിയിൽ വിഭൂതീരാജ്യത്തിന് വരുത്തിവയ്ക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ചോർത്ത് രാജഗുരുവിന് സങ്കടം തോന്നി. രാജാവിന്റെ മുന്നിൽ നിന്നും നടന്നകലുമ്പോൾ രക്തം ചിതറിയ ഓർമകൾ വലിയ തളികകളിലാക്കി മനസ്സ് അദ്ദേഹത്തിന്റെ മുന്നിൽ നിവർത്തിവെച്ചിരുന്നു. എട്ടുവർഷം മുമ്പ് കാശ്മീരയുമായി നടന്ന അവസാന യുദ്ധം കഴിഞ്ഞ് രണാങ്കളത്തിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട ചിതറിയ കൈകളും വെട്ടിയിട്ട കബന്ധങ്ങളും ഒരു വിളക്കിന്റെ പ്രകാശം പോൽ തെളിഞ്ഞു കണ്ടു. എല്ലാവർക്കും വാശിയാണ്. പ്രതികാരം ചെയ്യണം പോലും.
ആകാശത്തിന്റെ ധൂപഹേതുക്കൾക്കിടയിലേക്ക് ഇരുട്ട് നുഴഞ്ഞുകയറി. ആത്മാവിന്റെ വനാന്തരങ്ങളിൽ പ്രണയത്തിന്റെ നാഡീസ്വരം പടർത്തിയ കുയിലിന്റെ രാഗം കൊട്ടാരത്തിനകത്തു നിന്നും വീരസിംഹൻ കേട്ടു. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അഭൗമികമായ പ്രണയത്തിന്റെ സൗന്ദര്യം ദൂരെ കണ്ടു. രണ്ടു കുരുവികൾ ചുണ്ടുകൾ ചേർത്ത് പ്രണയം കൈമാറുന്നു. അവന്റെ സിരകളിലെ രക്തം പ്രണയത്തിനുവേണ്ടി തീക്ഷണമായി കൊതിച്ചു. ഉറങ്ങാൻ കിടന്നപ്പോഴും ഇതുവരെ താൻ കണ്ടുമുട്ടിയിട്ടില്ലാത്ത തന്റെ പ്രണയത്തെക്കുറിച്ചായിരുന്നു വീരസിംഹൻ ചിന്തിച്ചത്. സ്നേഹത്തിന്റെ കശേരുക്കളെ ഭൂമിയുടെ അച്ചുതണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു നിമിഷം തനിക്ക് നിശ്ചയമായും വന്നുചേരുമെന്ന് പ്രത്യാശിച്ചുകൊണ്ട് അവൻ കണ്ണുകൾ പൂട്ടി.
യുദ്ധത്തിനുവേണ്ടി മഹാവൈഭ മൈതാനത്തിന്റെ ഒരു ഭാഗത്ത് തമ്പടിച്ചിരിക്കുന്ന വിഭൂതി രാജ്യത്തിന്റെ സൈന്യം അവരുടെ താൽക്കാലിക കുടിലുകൾക്കു പുറകിലൂടെ ഒഴുകുന്ന ചെറിയ അരുവി. രാത്രിയുടെ ശാന്തതയിൽ ആരുമറിയാതെ വിഭൂതി രാജ്യത്തിന്റെ സൈന്യത്തെ കീഴ്പ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന കാശ്മീരാദേശത്തെ കുതിരപ്പടയാളികൾ. വിഭൂതി സൈന്യത്തിന്റെ കാവൽ ഭടന്മാരുടെ കണ്ണുകളിൽ കൊള്ളിമീനോളം വലിയ പ്രതിബിംബം സൃഷ്ടിച്ചുകൊണ്ട് കാശ്മീരാദേശത്തിന്റെ പടയാളികൾ കുതിരകൾക്കുമേൽ പറന്നുവരുന്നു. കാവൽഭടന്മാർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും അപായമണി മുഴക്കുകയും ചെയ്തു.
വാളും അസ്ത്രങ്ങളും കൈയിൽ കിട്ടുന്നതിനു മുന്നേ വിഭൂതീസൈന്യത്തിലെ പലരേയും കാശ്മീരയുടെ പോരാളികൾ അസ്തപ്രജ്ഞരാക്കി. യുദ്ധം കൊടുമ്പിരികൊള്ളുകയാണ്.
വീരസിംഹൻ പെട്ടന്ന് ഞെട്ടിക്കൊണ്ട് എഴുന്നേറ്റു. കണ്ണുകൾക്കുള്ളിൽ തെളിഞ്ഞത് സത്യമല്ലായെന്നും അത് സ്വപ്നമാണെന്നും തിരിച്ചറിഞ്ഞു. എല്ലാ സ്വപ്നങ്ങളും സത്യമാകുകയോ സംഭവിക്കുകയോ ചെയ്യില്ലെന്നോർത്തപ്പോൾ അവനൊരല്പം ആശ്വാസം തോന്നി. അടുത്ത പ്രഭാതത്തിൽ വീരസിംഹൻ സേനാനായകൻ അധിഭൂപതിയെ വിളിച്ചുവരുത്തി.
"യുദ്ധത്തിന്റെ തലേന്ന് കാവൽ ഭടന്മാരുടെ എണ്ണം നാലുമടങ്ങായി വർധിപ്പിക്കണം, തോൽക്കാൻ സാധ്യതയുള്ള എല്ലാ പഴുതുകളും അടയ്ക്കണം.”
“പഴുതുകളെല്ലാം അടയ്ക്കാം മഹാരാജാ, കാവൽ ഭടന്മാരുടെ എണ്ണം നിലവിലുള്ളതിന്റെ നാലുമടങ്ങു വർധിപ്പിക്കാം."
പകലിന്റെ വെളുത്ത പാളികളിൽ കണ്ണുടക്കി നിൽക്കേ വിരസിംഹനെ കാണാൻ ഒരു നാടോടിസംഘം വന്നെത്തി. പ്രത്യേക തരത്തിൽ വേഷം ചെയ്ത, വ്യത്യസ്തമായ ഭാഷയിൽ സംസാരിച്ചിരുന്ന അവർ രാജാവിന് വിശേഷപ്പെട്ടൊരു സമ്മാനം കൊണ്ടുവന്നിരുന്നു. ചുവന്ന നിറത്തിലുള്ള വിശേഷപ്പെട്ട ഒരു കല്ലായിരുന്നു അത്. വീരസിംഹൻ അവർക്ക് കൈനിറയെ സമ്മാനങ്ങൾ നല്കി അവരെ സംതൃപ്തിപ്പെടുത്തി.
അഞ്ഞൂറടി ഉയരമുള്ള വലിയ കൊട്ടാരം. ചെങ്കല്ലും കാർപന്തരിയാ മലനിരകളുടെ താഴ്വരയിൽ നിന്നും ശേഖരിച്ച വിശേഷപ്പെട്ട കല്ലുകളും കൊട്ടാര നിർമ്മാണത്തിന്റെ മുഴുനീളെ ഉപയോഗിച്ചിരിക്കുന്നു. നൂറ്റിയിരുപത്തേഴ് മുറികളും പതിനാല് ഇടനാഴികളും ആറു വലിയ സഭകളും കൊട്ടാരത്തിലടങ്ങിയിരിക്കുന്നു.
വീരസിംഹൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. പന്ത്രണ്ടാം വയസ്സിൽ രാജാവായതു മുതൽ പതിനെട്ടു വയസ്സാകുന്നതുവരെ അവൻ സദാ വിദ്യ അഭ്യസിക്കുകയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ രാജ്യതന്ത്രവും പതിമൂന്നാം വയസ്സിൽ യുദ്ധമുറകളും പതിനാലാം വയസ്സിൽ പുരാതന സാഹിത്യവും അവൻ ആഴത്തിൽ പഠിച്ചു. ബാക്കിയുള്ള മൂന്നു വർഷങ്ങൾ അവൻ അമ്പെയ്ത്തിലും കുതിരസവാരിയിലും പ്രാവീണ്യം നേടാൻ വേണ്ടി ചിലവഴിച്ചു.
അമ്മയുടെ ഹൃദയപുസ്തകത്തിൽ വീരസിംഹൻ പക്വതയെത്തിയ രാജകുമാരനായിരുന്നു. പക്ഷേ വിധുരനെയും കൽഹണനെയും നരഗുദനെയും ഓർത്ത് അവസാന നാളുകളിൽ അവർ എപ്പോഴും കണ്ണീർ വാർക്കുമായിരുന്നു.
വിധുരൻ യുദ്ധത്തിനുവേണ്ടി സ്വയം തപസ്സു ചെയ്യുകയായിരുന്നു. അമ്പെയ്ത്തിൽ അവൻ വിരസിംഹനേക്കാൾ പ്രതിഭാശാലിയായിരുന്നു. ദിവസത്തിലെ പകുതി നേരവും അവൻ അമ്പെയ്ത്തിനു വേണ്ടി മാറ്റിവെച്ചു.
കൽഹണൻ നാരീശ്വരിയെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ നാഭിയിലെ ചുഴികളിൽ ഇക്കിളി കൂട്ടിയും നനഞ്ഞ കവിളുകളിൽ ചൂടു പ്രസരിപ്പിച്ചുമിരിക്കേ അവൻ പ്രണയത്തിന്റെ അഗാധമായ ലോകങ്ങളിലേക്ക് വഴുതി വീഴും.
ഇരുണ്ട മേഘങ്ങൾ ആകാശത്തുനിന്നിറങ്ങി ഭൂമിയിലൂടെ ഒഴുകി നടന്ന ദിനം. അമ്മ പറഞ്ഞു, “യുദ്ധം ക്രൂരമായ കലയാണ്. ദയയ്ക്കോ കരുണയ്ക്കോ അവിടെ സ്ഥാനമില്ല ശത്രുവിനെ വീഴ്ത്തണം, കീചകൻ തന്നെ വാഴ്ത്തണം.
കാശ്മീരയുടെ പ്രതിനിധികളുമായി രാജഗുരു കൂടിക്കാഴ്ച നടത്താൻ തീരുമാനമായി. അടുത്ത പ്രഭാതത്തിൽ തന്നെ രാജഗുരുവും കുറച്ചു ഭടന്മാരുമായി രഥം പുറപ്പെട്ടു.
കൊട്ടാരമുറ്റത്തു വെച്ച് രഥമുരുളാൻ തുടങ്ങിയപ്പോൾ വീരസിംഹൻ ഗുരുവിനെ ഒന്നു നോക്കി. ആ നിമിഷം തനിക്കു നേരേ വന്ന ദൃഷ്ടിയിൽ രാജാവ് പതിപ്പിച്ചുവച്ച നയതന്ത്രം അദ്ദേഹം സ്വയം മനസ്സിലാക്കിയെടുത്തു.
ഭാഗം - 2
ഉച്ചയുറക്കം കഴിഞ്ഞ് ചടഞ്ഞ ഹൃദയവും പാതിയടഞ്ഞ കണ്ണുകളുമായി മെത്തയിൽ എഴുന്നേറ്റിരുന്നപ്പോൾ കൊട്ടാരത്തിനു പുറത്ത് അസാധാരണമായൊരു നിലവിളിശബ്ദം കേൾക്കുന്നത് വീരസിംഹൻ ശ്രദ്ധിച്ചു.
"പ്രഭോ രാജഗുരുവിനെയും നാലു ഭടന്മാരെയും വധിച്ചു. വിരസിംഹന്റെ കണ്ണുകൾ കോപം പൂണ്ട് മുഖത്തുനിന്ന് എഴുന്നു നില്ക്കാൻ ശ്രമിച്ചു. "ആര്?"
“കാശ്മീരാ”
അവന്റെ മുഖത്തെ വെളുത്ത മാംസപേശികൾ ഒരേസമയം ദേഷ്യപ്പെടുന്നതും ആശ്ചര്യപ്പെടുന്നതും ചുറ്റും കൂടിയവർ കണ്ടു.
"കാശ്മീരാ!" കൽഹണൻ ചോദിച്ചു. “അതേ പ്രഭോ, അംജദ് അലിഖാന്റെ പുത്രി കാശ്മീരാ.
വീരസിംഹൻ ചിന്താമഗ്നനായിക്കൊണ്ട് തിരിഞ്ഞുനിന്നു.
"അവളരായാലും കൊല്ലണം ജ്യേഷ്ഠാ, ഇല്ലെങ്കിൽ നമ്മൾ ഒന്നും ആണാണെന്നു പറയുന്നതിൽ അർത്ഥമില്ല.
"പ്രഭോ, രാജഗുരുവിന്റെ രക്തം പുരണ്ട വസ്ത്രം, കാശ്മീര അങ്ങേക്ക് തരാൻ വേണ്ടി എന്റെ കൈവശം കൊടുത്തുവിട്ടതാണ്." അയാളുടെ കണ്ണുകൾ നിറഞ്ഞു.
"പറഞ്ഞാലും പ്രഭോ”
"കിഴക്കൻ വിഭൂതിയിലെ മന്ദാരവനങ്ങളിൽ വേട്ടനടത്താറുള്ള മുഴുവൻ വേട്ടക്കാരേയും അവരുടെ വേട്ടനായ്ക്കളേയും എത്രയും പെട്ടെന്ന് കൊട്ടാരാങ്കണത്തിൽ എത്തിക്കണം."
അവൻ തന്റെ രണ്ടു കൈകളും ഇടുപ്പിനു മുകളിൽ കയറ്റിവച്ചു.
“കല്പനപോലെ പ്രഭോ”
ആകാശം ഇരുണ്ടുകൂടുന്നതും ഭൂമി പതിയെ തലപൊക്കി അതിനെ പാളിനോക്കുന്നതും അവ രണ്ടിനുമിടയിൽ പറന്നുകൊണ്ടിരുന്ന പക്ഷികൾ കണ്ടു.
"വിധുരാ”
"എന്താ ജ്യേഷ്ഠാ?”
"പതിനാറാം വയസ്സിൽ നീ സാരഥിയാവുകയാണ് നിനക്കു പുറകിൽ ഞാനും കൽഹണനുമുണ്ടാകും.” വിധുരന്റെ മുഖം വിടർന്നു കാത്തിരുന്ന ദിവസം വരികയായ് എന്ന് അവൻ മനസ്സിൽ അട്ടഹസിച്ചു.
"പൂർണ്ണസമ്മതം, ഗാന്ധാരയിൽ നിന്ന് ജ്യേഷ്ഠൻ എനിക്കായി വരുത്തിച്ച അസത്തേക്കാൾ വിരാടദേശത്തു നിന്ന് അങ്ങ് കൊണ്ടുവന്ന ഇരുതലമൂർച്ചയുള്ള വാളിനേക്കാൾ എനിക്ക് സന്തോഷം തരാൻ ഈ തീരുമാനത്തിന് കഴിയുന്നു. നന്ദി ജ്യേഷ്ഠാ.”
വീരസിംഹൻ അവന്റെ ശിരസ്സിൽ ചുംബിച്ച് കൊട്ടാരത്തിനകത്തേക്കു പോയി.
ബുദ്ധിയുറച്ച കാലം മുതൽ കാശ്മീരാദേശത്തെ ആക്രമിക്കണമെന്ന് മനസ്സിൽ വിചാരിച്ചുറപ്പിച്ചു നടക്കുകയായിരുന്നു വിധുരൻ. അവനത്രത്തോളം തന്റെ പിതാവിനെ സ്നേഹിച്ചിരുന്നു. പഴുത്ത ആപ്പിളും പിടിച്ച് ജേതാവായി വരാമെന്നു പറഞ്ഞുപോയ അച്ഛന്റെ ഛേദിക്കപ്പെട്ട തലയും വേർപെട്ട ഉടലുമാണ് അവസാനമായി അവൻ കണ്ടത്.
തോഴിമാരോടൊത്ത് കളിച്ചു ചിരിച്ചുക്കൊണ്ടിരുന്ന നരഗുദനെ കണ്ടപ്പോൾ വിരസിംഹന്റെ സങ്കടം അണപൊട്ടിയൊഴുകി, അവൻ നരഗുദനെ വാരിയെടുത്ത് കവിളുകളിൽ മാറിമാറി ചുംബിച്ചു.
“ജ്യേഷ്ഠന്മാർ യുദ്ധത്തിനു പോകുകയാണ് നീയിവിടെ സന്തോഷവാനായിരിക്കണം."
തീരെ ചെറുപ്പത്തിൽ അച്ഛനേയും ഓർമതെളിയും മുമ്പേ അമ്മയേയും നഷ്ടപ്പെട്ട നരഗുദൻ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനെ നോക്കി തലയാട്ടിക്കൊണ്ട് മന്ദഹസിച്ചു.
"ഏതൊരാളെ സംബന്ധിച്ചും ആദ്യയുദ്ധം പ്രധാനപ്പെട്ടതാണ്. അതുതന്നെ അവന്റെ അവസാന യുദ്ധമായി ചരിത്രം രേഖപ്പെടുത്തിയാൽ ഒന്നുകിൽ അവൻ ധീരൻ അല്ലെങ്കിൽ ഭീരൂ. രക്തസാക്ഷിത്വം കൊണ്ട് അജയ്യത പ്രാപിച്ചവൻ ധീരൻ, യുദ്ധം ഭയന്ന് പിന്തിരിഞ്ഞോടി പിന്നീടൊരിക്കലും രണാങ്കളത്തെ പുൽകാത്തവൻ ഭീരു.”
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ തട്ടിൽ നിന്ന് ആകാശത്തേക്കു നോക്കിയപ്പോൾ മനസ്സിൽ ചിതറിയ അമ്മയുടെ വാക്കുകൾക്ക് അവൻ ചെവികൊടുത്തു.
എനിക്ക് ഭീരുവാകണ്ട, ധീരനായാൽ മതി. വിധുരനും കൽഹണനും ഉണ്ടായിരിക്കേ ഞാൻ തോൽക്കില്ല, തോൽക്കാൻ പാടില്ല.
ബദരിയാ നദി ഇളകിമറിഞ്ഞു. അകലെ അതിന്റെ ജനനിയായ മേഥിലാൻ കുന്നുകളിൽ നിന്ന് കാട്ടിലെ ഗോത്രമനുഷ്യരുടെ ആർപ്പുവിളികൾ ഉയർന്നു. ഗോത്രത്തലവന് പിറന്ന മകനെ അവർ ആഘോഷപൂർവ്വം വരവേറ്റു. കാട്ടിലും മേട്ടിലും അവർ ആടുകയും പാടുകയും അതിന്റെ ഘനസാന്ദ്രമായ ആനന്ദ ദീപ്തിയിൽ സർവ്വം മറന്ന് മുങ്ങിത്താഴുകയും ചെയ്തു.
വീരസിംഹൻ തിരിഞ്ഞു നോക്കി. വിദേന്ദ്രനാഥ് ദാസ്യഭാവത്തിൽ ഒന്നു തൊഴുതു.
"വേട്ടക്കാരും വേട്ടനായ്ക്കളും എത്തിയിട്ടുണ്ട് പ്രഭോ രാജാവും വിദേന്ദ്രനാഥും കൊട്ടാരമുറ്റത്തേക്കു നടന്നു.
“നിന്റെ കാതുകളെ ഞാൻ കടിക്കട്ടെ”
നാരീശ്വരിയുടെ നനവാർന്ന താടിയെ ഒറ്റവിരലിൽ താങ്ങിനിർത്തിക്കൊണ്ട് കൽഹണൻ ചോദിച്ചു.
"അരുത്, എനിക്കു വേദനിക്കും”
കൽഹണൻ ചിരിച്ചു, അവളുടെ ഉത്തരീയം വലിച്ചൂരിക്കൊണ്ട് അവൻ അവളുടെ വലതു ചെവിയുടെ അഗ്രഭാഗത്തു കടിച്ചു. ഉരുണ്ടു വന്ന തിരമാലകൾ അവളുടെ നാഭിയിലിടിച്ച് തകർന്നു. ചുവന്ന തൊലിയിൽ കറുപ്പു പടർന്ന അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ പൊക്കിളിനു മീതെ ഓടിനടന്നു. അവളുടെ നീളമുള്ള വിരലുകൾ അവന്റെ മുടികൾക്കിടയിലൂടെ നിരന്തരം ഒരാമയെപ്പോലെ ഇഴഞ്ഞു കൊണ്ടിരുന്നു.
"ഞാൻ യുദ്ധത്തിനു പോകുകയാണ്.”
ചിരിക്കാൻ ശ്രമിച്ചിട്ടും ചിരി വരാതായപ്പോൾ കൽഹണൻ അവളുടെ മുഖത്തു നിന്നും കണ്ണുകളെടുത്തു.
"പോയേ തീരൂ. പോകാതിരിക്കാൻ...”
അവന്റെ കണ്ണുകൾ കൂടുതൽ വിശാലമായ ഒരിടം കണ്ടെത്തി. അവൻ അവളുടെ മാറിടത്തിലേക്ക് ചാഞ്ഞു. ഒരു കുഞ്ഞിനെ തലോടുന്നതുപോലെ അവളവന്റെ മുടിയിഴകളെ തഴുകിത്തലോടാൻ തുടങ്ങി.
"പോകാതിരിക്കാൻ ഒരു കാരണമുണ്ട്.”
“എന്താ?” അവൻ മുഖമുയർത്തി.
“നീ”
“പക്ഷേ പോകാൻ അതിനെക്കാൾ വലിയൊരു കാരണമുണ്ട്.”
ആർദ്രതയുള്ള അവളുടെ രണ്ടു തുള്ളി കണ്ണുനീരവന്റെ ചുണ്ടുകളെ ചുംബിച്ചു. ഇദംപ്രഥമായ ചുംബനത്തിന്റെ അതേ തീവ്രതയിൽ അവളവന്റെ മുടിക്കെട്ടിൽ പിടിച്ച് തന്റെ അധരങ്ങളെ അവളുടെ നനവാർന്നതും മൃദുലവുമായ അധരങ്ങളിൽ പതിപ്പിച്ചു.
“അച്ഛനു വേണ്ടി പോകണം, പകരം ചോദിക്കണം. അവൾ നിസ്സംഗമായി കൽഹണനെ നോക്കി.”
“പോകാതിരിക്കാൻ പറ്റില്ലേ!”
"വരും, ജീവനോടെയില്ലെങ്കിൽ….” നാരീശ്വരി അവന്റെ വായ പൊത്തി അരുതെന്ന ഭാവത്തിൽ തലയാട്ടി.
"എന്തിനാണു നീ ഭയക്കുന്നത്”
അവൾ അവന്റെ കണ്ണുകളുടെ മധ്യത്തിലെ വെള്ളയിലേക്ക് സൂക്ഷ്മമായി നോക്കി.
“ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ശരീരത്തിൽ നിക്ഷേപിച്ചിരിക്കുന്നു, എന്റെ പ്രണയവും സ്നേഹവും അങ്ങനെയങ്ങനെ ഈ ആയുസ്സിൽ ദൈവം എനിക്കു സമ്മാനിച്ച എല്ലാം ഞാൻ നിങ്ങളിൽ സമർപ്പിച്ചിരിക്കുന്നു."
അവൻ നാരീശ്വരിയുടെ അലിവുതോന്നിക്കുന്ന മുഖം നെഞ്ചോടു ചേർത്തുവച്ചു.
“നിന്റെ കാതുകളിൽ ഞാൻ കടിച്ച ഓരോ നിമിഷവും നീ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരിക്കുക, ആ നിമിഷങ്ങളത്രയും ഞാൻ നിന്നോടലിഞ്ഞു ചേരാൻ കൊതിച്ചുകൊണ്ടിരിക്കും.”
കൽഹണൻ അവളുടെ മുഖം നെഞ്ചിൽ നിന്നെടുത്തു. നിശബ്ദം ചിരിച്ച് അവളുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ഭൂമികയിൽ നിന്നും അവൻ തിരിഞ്ഞുനടന്നു.
"ഇന്നു രാത്രി നിങ്ങൾ മന്ദാരം കാടുകളെ പിടിച്ചുകുലുക്കണം, മന്ദാരംകാടുകൾക്കപ്പുറം കാശ്മീരാദേശം തുടങ്ങുകയായി. കാട്ടുപന്നികളെ കാട്ടിൽ നിന്നാട്ടിപ്പുറത്താക്കി കാശ്മീരയിലേക്ക് തെളിക്കണം. നേരം പുലരുമ്പോൾ കാശ്മീരയുടെ സൈന്യം അവിടെയായിരിക്കണം ആ തക്കത്തിൽ നാം കാശ്മീര കീഴടക്കും.”
വേട്ടക്കാരിൽ ചിലർ പേടിച്ചു. മറ്റുചിലർ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നതിൽ സന്തോഷം കണ്ടെത്തി.
ഈ പതിനഞ്ച് ആനകൾ തന്നെ ധാരാളം. അമ്മ പറഞ്ഞതുപോലെ തന്ത്രങ്ങളാണ് യുദ്ധം, അതില്ലാതാകുമ്പോൾ യുദ്ധം തോൽക്കാൻ മാത്രമുള്ള ഒരു മത്സരമാണ്.
ഗജസേന ഒരു ബലമാണ് രഥം തെളിയിക്കാൻ വിദേന്ദ്രനാഥുണ്ട് സാരഥിയായി പോരാടാൻ വിധുരനുണ്ട് കൂടെ എല്ലാം മറന്ന് പൊരുതാൻ കൽഹണനുമുണ്ട്. എന്റേതെന്ന പോലെ അവരുടെയും ആദ്യ യുദ്ധമാണിത്. സാരഥിയായി മുന്നിൽ നിന്നു നയിക്കാൻ മനസ്സില്ലാത്തതു കൊണ്ടല്ല. വിധുരനാണ് എന്നേക്കാൾ കേമൻ. ഈ വിഭൂതി ഒരിക്കൽ ലോകമറിയുന്ന ശക്തിയാവുമെങ്കിൽ, വിധുരനായിരിക്കും അന്ന് വിഭൂതിദേശത്തിന്റെ സിംഹാസനം അലങ്കരിക്കുക.
അച്ഛന്റെ മൂന്നുതലമുറ മുമ്പത്തെ രാജാവ് ഹിരൺസാധനെ മാഗധത്തിനപ്പുറത്തേക്ക് നാടുകടത്തിയത് സിംഹവംശി രാജൻ രാജാവായിരുന്നു. സൈന്യാധിപനായിരുന്ന മുതുമുത്തച്ഛനാണ് നമ്മുടെ വംശം സ്ഥാപിച്ചത്. അതുകൊണ്ട് ഒന്നോർക്കുക. യുദ്ധം ജയിക്കാനായില്ലെങ്കിൽ സർവ്വം നഷ്ടപ്പെട്ടു എന്നംഗീകരിക്കാൻ പാകത്തിൽ മനസ്സിനെ പാകപ്പെടുത്തുക.
(തുടരും...)
ഭാഗം - 3
വീരസിംഹൻ കണ്ണുകളടച്ച് ഒരിക്കൽ കൂടി ബദരിയാ നദിയുടെ ശാന്തതയിലേക്ക് സസൂക്ഷ്മം നോക്കി. നൂറ്റാണ്ടുകളുടെ അമർത്തലുകളിൽ ഭൂമിയുടെ അടിവേരുകളിൽ തൊട്ട് പാറക്കല്ലുകൾക്കിടയിലൂടെ സ്ഫടികശുദ്ധമായ ജലം കാതങ്ങൾ അകലെയുള്ള സമുദ്രത്തിലേക്ക് കുതിക്കുന്നു.
വിദേന്ദ്രനാഥിന്റെ മുഖത്തെ തെളിച്ചം അവനാദ്യമായി ശ്രദ്ധിച്ചു. എന്തു കൊണ്ടിത് നേരത്തെ ശ്രദ്ധിച്ചില്ല.
"പ്രഭോ വേട്ടക്കാരും ഗജസേനയും പുറപ്പെട്ടുകഴിഞ്ഞു. ഇനി നമ്മൾ...” "ഇരുട്ടാകുന്നതുവരെ കാക്കാം. ഇരുട്ട് മൂടിയാൽ നാം പുറപ്പെടും.” ശാന്തതയുടെ മുഴുവൻ സൗന്ദര്യവും തന്റെ പാദങ്ങളിലേക്ക് ആവാഹിച്ച് വിദേന്ദ്രനാഥ് തിരിച്ചു നടന്നു.
നിന്നോളം മറ്റാരേയും അച്ഛൻ സ്നേഹിച്ചിട്ടില്ല, വിധുരനും കൽഹണനും നരഗുദനും അച്ഛന് പ്രിയപ്പെട്ടവർ തന്നെയായിരുന്നു. പക്ഷേ അച്ഛന്റെ ആദ്യത്തെ കണ്മണി നീയായിരുന്നു. അച്ഛന്റെ പതിനാറാം വയസ്സിലാണ് നീ ജനിക്കുന്നത്. ആ സ്നേഹത്തെക്കുറിച്ച് ഞാൻ നിന്നോട് വിശദീകരിക്കുന്നത് വിഡ്ഢിശൂന്യതയാണെന്ന് എനിക്കറിയാം. അനുഭവത്തേക്കാൾ വലുതല്ല വിവരണവും വിശദീകരണവും.
അമ്മ പറഞ്ഞതത്രയും സത്യമാണ്, ആകാശത്തിലെ മേഘങ്ങൾ എന്റെ വഴിയേ ഇറങ്ങിവന്നാലും ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി സ്വയം എന്റെ കാൽപാദങ്ങൾക്കടിയിലൂടെ ഒഴുകിത്തുടങ്ങിയാലും.
പകലിന്റെ അസ്വസ്ഥതകൾക്കിടയിൽക്കിടന്ന് പിടഞ്ഞ രാക്കുയിലുകൾ തങ്ങളുടെ ചില്ലകളിലേക്ക് പറന്നുപോയി. പ്രണയത്തിന്റെ മധുരോദാത്തമായ ഭാഷയിൽ ചുണ്ടുകളിലൂടെ പ്രവഹിക്കുന്ന അക്ഷരങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും നിദാന്തമായ പറഞ്ഞുതീരാത്ത കഥകളെക്കുറിച്ചുമാലോചിച്ചപ്പോൾ അവ മതിമറന്നു.
കൊട്ടാരത്തിൽ നിന്നിറങ്ങാൻ നേരത്ത് വിധുരനും കൽഹണനും നരഗുദനെ ആശ്ലേഷിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു.വീരസിംഹൻ തന്നെ നയിക്കുന്ന ഹർഷപാണ്ടീരവത്തിൽ പറഞ്ഞതുപോലെ നരഗുദന്റെ ശിരസ്സിൽ ചുംബിച്ചു.
കനത്തുരുണ്ട തൂണുകൾക്കിടയിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ നാരീശ്വരി നനഞ്ഞ കൃഷ്ണമണികളും തകർന്ന ഹൃദയവുമായി ഒളിഞ്ഞുനിന്നു നോക്കുന്നത് കൽഹണൻ കണ്ടു. ഗാന്ധാരത്തിൽ നിന്നും തനിക്കായി വരുത്തിച്ച അസ്ത്രവും വിരാടദേശത്തു നിന്ന് ജ്യേഷ്ഠൻ വീരസിംഹൻ കൊണ്ടുവന്ന ഇരുതലമൂർച്ചയുള്ള വാളും വിധുരൻ തന്റെ രഥത്തിൽ വെച്ചു.
വീരസിംഹനും വിദേന്ദ്രനാഥും ആദ്യത്തെ രഥത്തിൽ വിധുരനും കൽഹണനും രണ്ടാമത്തെ രഥത്തിൽ അവർക്കു പുറകിൽ തേരുകളുടെ വലിയസംഘം അതിനു പുറകിൽ കുതിരപ്പടയാളികൾ അവർക്കും പുറകിലായി കൈകളിൽ വാളും പരിചയുമേന്തിയ സൈനികർ,
കാട്ടുപന്നികൾ തിങ്ങിപ്പാർക്കുന്ന മന്ദാരം കാടുകളിലേക്ക് ചൂട്ടു കത്തിച്ച് വേട്ടക്കാരും അവരുടെ നായ്ക്കളും കുതിച്ചു. കാടിന്റെ അകത്തളങ്ങളിൽ ഉറങ്ങുകയും പരസ്പരം പുണരുകയും ചെയ്തിരുന്ന കാട്ടുപന്നികൾ തീയുടെ വരവു കണ്ട് കുതറിയോടി. വിഭൂതിയുടെ അതിർത്തിയിൽ മുഴുവൻ തീ, കാശ്മീരയുടെ മടിത്തട്ടിലേക്ക് അവ ചിതറിയോടി.
ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങളിലേക്കോടിയ കാട്ടുപന്നികൾ ഗോതമ്പുപാടങ്ങളിലൂടെയും കരിമ്പിൻ തോട്ടങ്ങളിലൂടെയും തെക്കുവടക്കോടി. കാശ്മീരയുടെ സൈന്യം കാട്ടുപന്നികളെ പിടിക്കാൻ ഇറങ്ങിയില്ല.
മന്ദാരം കാടുകളിലെ കാട്ടുപന്നികളെ വിരട്ടിയോടിച്ച് വേട്ടക്കാരേയും വേട്ടനായ്ക്കളേയും അവരുടെ മടക്കി വഴിയിൽ വെച്ച് വീരസിംഹൻ മുക്തകണ്ഠം പ്രശംസിച്ചു.
(തുടരും...)
ഭാഗം - 4
പ്രഭാതം വരെ വിഭൂതിദേശത്തെ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന അതിഥിമന്ദിരത്തിൽ ചിലവഴിച്ച ശേഷം അവർ പടയോട്ടത്തിന് തുടക്കം കുറിക്കാനൊരുങ്ങി.
വിധുരനും കൽഹണനും ഏറ്റവും മുന്നിലെ രഥത്തിൽ കയറി. വിരസിംഹനും വിദേന്ദ്രനാഥും രണ്ടാമത്തേതിലും കയറി, അതിനു പുറകിലെ ആദ്യ തേരിൽ സേനാധിപൻ അധിഭൂപതിയും.
ഇവിടെ നിന്ന് പടയോട്ടം തുടങ്ങുകയാണ്. മുപ്പത്തിനാലാം വയസ്സിൽ പിന്നിൽ നിന്ന് കുത്തേറ്റു മരിച്ച അച്ഛനും എന്റെ വാശിയിൽ കാശ്മീരയിലെ രാജകുമാരിയുടെ വാളിനിരയായ രാജഗുരുവിനും വേണ്ടിയാണ് ഈ യുദ്ധം. വിധുരനേയും കൽഹണനേയും യുദ്ധത്തിന്റെ കടിഞ്ഞാൺ ഏൽപ്പിച്ച് പുറകിൽ നില്ക്കുന്നത്. ഭീരുത്വമാണെന്ന് എനിക്കറിയാം. എന്നാൽ അതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ആഴത്തിൽ ചിന്തിക്കുന്നില്ല. അമ്മ പറഞ്ഞ ഒരു കാര്യത്തിലാണ് എന്റെ മനസ്സിപ്പോൾ. "ജീവൻ കൊടുത്തായാലും അനിയന്മാരെ രക്ഷിക്കണം. അമ്മയറിയണം, അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് വിരസിംഹനെയായിരുന്നു എന്നാൽ അച്ഛനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഈ വീരസിംഹമല്ല, അത് വിധുരനാണ്. അവന്റെ കണ്ണുകളിൽ ചുവന്നു കനത്ത പ്രതികാരവാജ്ഞയുടെ ചൂട് ദാ എനിക്കിവിടെ വരെ അനുഭവിക്കാം.
വിഭൂതിയുടെ സൈന്യം കാശ്മീരാദേശത്തിന്റെ അതിർത്തിയെ തൊട്ടു. കാശ്മീരയിലേക്കുള്ള കവാടത്തിൽ കാവൽ നിന്നിരുന്ന നാലുപേരിൽ മൂന്നുപേരെ രക്തത്തിൽ അഭിഷേകം ചെയ്ത് വിധുരൻ നയം വ്യക്തമാക്കി. നാലാമനെ കൽഹണൻ രഥചക്രങ്ങൾ കൊണ്ട് മണ്ണിലാഴ്ത്തി.
ഇതാണ് അമ്മ പറഞ്ഞിരുന്ന ഒന്നിനുമെത്താത്ത വിധുരൻ. വിധുരനെ മനസ്സിലാക്കുന്നതിൽ അമ്മയ്ക്ക് തെറ്റുപറ്റിയിരിക്കുന്നു. വിധുരൻ അജയ്യതയുടെ പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ പുലരിയുടെ സൂര്യൻ ഉദിക്കുന്നത് സമുദ്രത്തിൽ നിന്നല്ല, വിഭൂതിയിൽ നിന്നാണ്. ദാ കാണ്.
മഹാപണ്ഡിതനായ സൂപാണിനിയുടെ ചരിത്രഗ്രന്ഥം വേദവേദാന്തചരിതം മുഴുവൻ വായിച്ചവനാണ് വിധുരൻ. കാശ്മീരയുടെ അടിവേരുകൾ അവനിന്നു പറിച്ചിടും. കൊട്ടാരത്തിനു നേരെ മുന്നിലുള്ള മഹാഭൈവാ മൈതാനത്ത് കാശ്മീരാ സൈന്യം തയ്യാറായി നിന്നു. മന്ദാരം കാടുകൾ കടന്ന് കാശ്മീരയിലേക്ക് കുതിച്ചു കാട്ടുപന്നികളോടൊപ്പം ഒരു വേട്ടക്കാരനും ചേർന്നിരുന്നു. അംജദ് അലിഖാന്റെ സൈന്യാധിപൻ ഷാഹേദ് ഖാന്റെ കാതിൽ അവൻ വിരസിംഹന്റെ തന്ത്രം പതിയെ ഓതിക്കൊടുത്തു. പോരുന്നോ യുദ്ധത്തിനെന്ന് ഷാഹേദ് ചോദിച്ചപ്പോൾ തനിക്ക് മൃഗങ്ങളെ മാത്രമേ വേട്ടയാടാനറിയൂ എന്നു പറഞ്ഞ് അയാൾ തടിയൂരി.
കാശ്മീരയിലെ പുൽമേടുകളേയും ഗോതമ്പുപാടങ്ങളേയും പിന്നിലാക്കികൊണ്ട് വിഭൂതിയുടെ സൈന്യം മഹാഭൈവാ മൈതാനത്തിന്റെ അടുത്തെത്താനായി.
"മറ്റൊരു ദിശയിലേക്കും നോക്കരുത്, കൊട്ടാരത്തിലേക്കുള്ള വഴിയാണ് എനിക്കു പോകേണ്ടത്. ഈ യുദ്ധം കഴിയുന്നതു വരെ നാം ജീവിച്ചിരിക്കണം, അച്ഛനു വേണ്ടിയെങ്കിലും.”
വിധുരൻ കൽഹണന്റെ ചുമലിൽ തട്ടി, കൽഹണന്റെ കണ്ണുകളിൽ തീപ്പാറി, ജ്യേഷ്ഠന്റെ തന്ത്രം പാളിയത് അവരോർത്തില്ല, രാജഗുരുവിനെ കാശ്മീരയുടെ രാജകുമാരി കൊന്നത് അവനോർത്തില്ല. തന്റെ അച്ഛനെ കൊന്നത് അംജദ് അലിഖാനാണെന്ന് മാത്രം ഓർത്തു.
മഹാഭൈവാ മൈതാനത്ത് കൂടി നിന്ന സൈന്യത്തെ കണ്ടപ്പോൾ വീരസിംഹൻ ഒരുനിമിഷം പതറിപ്പോയി. വിദേന്ദ്രനാഥിനോട് എന്തോ പറയാൻ ഭവിച്ച് മുന്നോട്ടു കൈനീട്ടിയെങ്കിലും അയാളത് പെട്ടെന്ന് തന്നെ പുറകിലേക്ക് വലിച്ചു.
നാരീശ്വരി തന്ന സകല സുഖങ്ങളും മറന്ന് ആത്മാവിന്റെ അനശ്വരതയിൽ തങ്ങിനിന്ന അച്ഛന്റെ മുഖം മനസ്സിൽ പതിപ്പിച്ച് കൽഹണൻ കുതിരകളെ മുന്നോട്ടു തെളിച്ചു. യുദ്ധം തുടങ്ങുകയായി.
നീളത്തിൽ അണിനിരന്ന കാശ്മീരാ സൈന്യത്തിനു നേരേ ത്രികോണാകൃതിയിൽ അണിനിരന്ന വിഭൂതി സൈന്യം ഇരച്ചുകയറി. ആദ്യം കൽഹണന്റെ ഊഴമായിരുന്നു. ഒരു കൈകൊണ്ട് കുതിരകളെ തെളിച്ചും മറുകൈകൊണ്ട് കുന്തം ഉപയോഗിച്ച് എതിർപക്ഷത്ത കുതിരപ്പടയാളികളെ കുത്തിവീഴ്ത്തിയും അവൻ മുന്നേറി.
ഗാന്ധാരത്തു നിന്ന് തനിക്കായി വരുത്തിച്ച് അസ്ത്രം വെറുതെയായില്ലെന്ന് തെളിയിക്കാൻ മൂന്നമ്പുകളേ വിധുരന് വേണ്ടിവന്നുള്ളൂ. ഒരമ്പ് കുതിരപ്പടയാളിയായ ഒരാളുടേയും സൈനികഭടന്റേയും മാറുതുളച്ച് ഒരു കുതിരയുടെ കഴുത്തിൽ തുളച്ചുനിന്നു.
വിധുരന്റെ ശവദാഹം വീരസിംഹന്റെ ശങ്കകളെ മുഴുവൻ അകറ്റി. വിഭൂതി സൈന്യത്തിലെ കുതിരപ്പടയാളികൾ അഞ്ചുപേർ നിലം തൊട്ടു. സൈനികഭടന്മാർ പതിനേഴ്.
കൊമ്പുചരിഞ്ഞ ഒരു ഗജവീരൻ കാശ്മീരയുടെ സൈനികർക്കിടയിലേക്ക് ഇരച്ചുകയറി, അതാ വീഴുന്നു. ഓരോരുത്തരെ ചതച്ചും ചവിട്ടിവീഴ്ത്തിയും ഗജവീരൻ മുന്നിലേക്ക് കുതിച്ചു പുറകിൽ മറ്റ് പതിനാല് ആനകളും.
വിദേന്ദ്രനാഥിന്റെ കൈകൾ ഒരു നിമിഷം പിഴച്ചു. കുതിരകൾ മുന്നോട്ടു ചലിക്കാതെ നിശ്ചലമായ നിമിഷം എതിർ കൂടാരത്തിലെ ഒരു സൈനികഭടന്റെ അമ്പ് അവന്റെ അങ്കികടന്ന് നെഞ്ചിൽ ചോര ചിന്തി അടുത്ത നിമിഷം കൽഹണൻ അവന്റെ നേരേ രഥം തിരിച്ചു. പക്ഷേ അവന് ഭടനെ ഒന്നും ചെയ്യാനായില്ല. അതിനു മുന്നേ വിധുരൻ ഭടനെ അസ്ത്രാഭിഷേകം നടത്തിയിരുന്നു. കൽഹണൻ വിധുരനെ നോക്കി മന്ദഹസിച്ച ശേഷം ജ്യേഷ്ഠൻ വിരസിംഹനെ നോക്കി. അവനും വിദേന്ദ്രനാഥും രഥം പുറകിലേക്ക് ചലിപ്പിച്ചപ്പോൾ വിധുരന്റെ അസ്ത്രം ഒരുവേള നിശബ്ദമായി.
യാദൃശ്ചികമായി വിസ്തൃതിയുടെ സേനാനായകൻ അധിഭൂപതിയും കാശ്മീരയുടെ സേനാനായകൻ ഷാഹേദും നേർക്കുനേർ വന്നു. വേഗത്തിൽ കുതിച്ച രഥത്തിൽ നിന്നും ഷാഹേദ് ഭൂപതിക്കു നേരേ ഒരു കുന്തമെറിഞ്ഞു. അതയാളുടെ വയറിൽ തറച്ചുനിന്നു. അയാളേയും വഹിച്ച് തേര് വേഗത്തിൽ മഹാഭൈവ മൈതാനത്തിന്റെ ഒരു മൂലയിൽ തമ്പടിച്ചിരുന്ന വിഭൂതിയിൽ നിന്ന് സൈന്യത്തോടൊപ്പം വന്ന ഭിഷഗരന്മാർക്കരികിലേക്ക് കുതിച്ചു.
വിഭൂതിയുടെ ഗജസേനയെ കയറൂരിവിട്ടപ്പോൾ അവ കാശ്മീരയുടെ സേനാഭടന്മാരെ ചവിട്ടിമെതിച്ചു. നൂറ്...അറുനൂറ്റമ്പത്...തൊള്ളായിരം...
പെട്ടെന്ന് കാശ്മീരയുടെ സൈന്യത്തിലെ ഏക ഗജവീരൻ വിഭൂതിയിലെ ഗജവീരന്മാർക്കു നേരേ കുതിച്ചു. സ്വവർഗ സ്നേഹം മാറ്റിവെച്ച് അവ പരസ്പരം പോരടിക്കാൻ വേണ്ടിയടുത്തു. മനുഷ്യനെന്ന പോലെ മൃഗങ്ങൾക്കും യുദ്ധത്തിൽ സ്വവർഗ സ്നേഹമില്ല.
കാശ്മീരയുടെ സൈന്യത്തിന്റെ നടുപിളർത്തിക്കൊണ്ട് വിധുരനും കൽഹണനും യുദ്ധത്തിന്റെ മധ്യത്തിലേക്ക് രഥമോടിച്ചു കയറുകയാണ്.
വിഭൂതിയുടെ ആന കാശ്മീരയുടെ കൊമ്പിൽ തുമ്പികൈ കൊണ്ട് പിടിച്ചുവലിച്ചു, അതു കുതറിയ ശേഷം വിഭൂതിയുടെ ആനയുടെ ശരീരത്തിലേക്ക് ചാടിവീണു. വിഭൂതിയുടെ ചത്ത ആന ഒന്ന്. പകരം ചോദിക്കാനായി വിഭൂതിയുടെ മറ്റൊരാന മുന്നോട്ടുവന്നു. കാശ്മീരയുടെ ആനയുടെ കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചു. ആ നിമിഷം തന്റെ കൊമ്പുകൾ കൊണ്ട് അത് വിഭൂതിയുടെ ആനയുടെ നേരെ തിരിഞ്ഞു.
കാലുപിടിച്ച് വലിച്ച് തറയിലേക്ക് തള്ളിയിട്ടു കാശ്മീരയുടെ ശേഷിച്ച ആന പൂജ്യം.
ഒരുനിമിഷം രഥം കെട്ടിയ കുതിരകളുടെ കടിഞ്ഞാൺ കൈവിട്ട് കൽഹണൻ നാരീശ്വരിയെ ഓർത്തു. മൃദുലമായ സ്തനമുഖങ്ങളെ ഓർത്തപ്പോൾ, അവളുടെ മിനുസമുള്ള പാദകമലങ്ങളെ ഓർത്തപ്പോൾ അവളുടെ മനോഹരമായ നിതംബത്തെ ഓർത്തപ്പോൾ, അവളുടെ നനവാർന്ന ചുവന്ന ചുണ്ടുകളെ ഓർത്തപ്പോൾ തന്നെ അത്രമേൽ ലാളിക്കുന്ന അവളുടെ മാതൃത്വത്തെ ഓർത്തപ്പോൾ അവൻ യുദ്ധത്തിന് നടുവിലാണെന്ന് സ്വയം മറന്നു.
വിധുരൻ കൽഹണന്റെ നെഞ്ചിൽ തുളച്ചുകയറിയ മൂന്ന് അസ്ത്രങ്ങൾ വലിച്ചുമാറ്റിയ ശേഷം രഥത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ച് മൈതാനത്തിന്റെ പുറകിലേക്ക് കുതിച്ചു. ഇതുകണ്ട് യുദ്ധത്തിനിടയിലുണ്ടായിരുന്ന വീരസിംഹനും വിദേന്ദ്രനാഥും അവർക്കു പുറകേ രഥം തിരിച്ചു.
രക്തം ഒഴുകുന്ന അവന്റെ നെഞ്ചിലേക്കും മുഖത്തേക്കും മാറിമാറി നോക്കികൊണ്ട് വിധുരൻ കൽഹണനെ വിളിച്ചുകൊണ്ടിരുന്നു. കൽഹണന്റെ മുഖത്ത് അവനൊന്നു തട്ടിയപ്പോൾ ഏതോ മനോഹര സ്വപ്നത്തിൽ നിന്നെന്ന പോലെ കൽഹണൻ കണ്ണുകൾ തുറന്നു. വരസിംഹൻ വന്ന് വേഗത്തിൽ കൽഹണൻ കിടന്നിരുന്ന രഥത്തിലേക്ക് ചാടിക്കയറി.
“എന്തുപറ്റി?" വീരസിംഹൻ ചോദിച്ചു.
"ജ്യേഷ്ഠാ കൽഹണൻ.” കൽഹണൻ അവരെ നോക്കി പുഞ്ചിരിച്ചു. “ജ്യേഷ്ഠാ എന്റെ നാരി... എന്റെ നാരി..."
പെട്ടെന്ന് കൽഹണന്റെ ശബ്ദം നിലച്ചു പുഞ്ചിരി മാഞ്ഞു, ശ്വാസം ഒടുങ്ങി. വീരസിംഹന്റെ കണ്ണുകൾ നിറഞ്ഞു.
“നീ കരയരുത് വിധുരാ” വിരസിംഹനു കരയാം കൽഹണനും നരഗുദനും കരയാം പക്ഷേ വിധുരൻ കരയാൻ പാടില്ല, വിധുരൻ കരഞ്ഞാൽ വിഭൂതി മുഴുവൻ കരയും. വീരസിംഹന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വിധുരൻ കരഞ്ഞില്ല. അവൻ കൽഹണന്റെ നെറ്റിയിൽ ചുംബിച്ചു. വീരസിംഹൻ തന്റെ രഥത്തിൽ കയറി വിദേന്ദ്രനാഥ് യുദ്ധത്തിനിടയിലേക്ക് രഥം തെളിച്ചു.
തലയും ഉടലും ചേർത്തുവെച്ച് അച്ഛന്റെ ചിത്രം കൽഹണനിൽ കണ്ടപ്പോൾ വിധുരന്റെ അരിശം ആകാശത്തോളം വിസ്തൃതമായി. അവൻ രഥം തിരിച്ചു. യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. നിലയുറപ്പിക്കാനാകാതെ, ഗജസേനയ്ക്ക് മുന്നിൽ തകർന്നടിയുന്ന തന്റെ സൈന്യത്തിന്റെ തകർച്ച കാണാൻ കഴിയാതെ ഷാഹേദ് കൊട്ടാരത്തിലേക്ക് മടങ്ങി.
(തുടരും...)
ഭാഗം - 5
കൽഹണന്റെ ജീവനറ്റ ശരീരം വഹിച്ച് രഥം മഹാഭൈവാ മൈതാനത്തിന്റെ മധ്യത്തിൽ നിർത്തി വിധുരൻ രണാങ്കളത്തിലേക്കിറങ്ങി. ഉറയിൽ നിന്നൂരിയ ഇരുതലമൂർച്ചയുള്ള വാളെടുത്ത് അവൻ മുന്നോട്ടു കുതിച്ചു. തലകൾ, അസ്ത്രം പിടിച്ച കൈകൾ വിധുരന്റെ ദേഷ്യം കാശ്മീരയുടെ സേനാഭടന്മാരിലൂടെ ചിതറിത്തെറിക്കാൻ തുടങ്ങി.
"വിധുരാ...”
അവന്റെ നെഞ്ചിലേക്കൊരു അമ്പ് പതിച്ചപ്പോൾ രഥത്തിലിരുന്ന് പോരാടിക്കൊണ്ടിരുന്ന വീരസിംഹൻ ആർത്തുവിളിച്ചു.
"യുദ്ധം നോക്കൂ ജ്യേഷ്ഠാ...എന്നെ നോക്കേണ്ട
വീരസിംഹൻ ഒരു നെടുവീർപ്പിട്ടു, കൽണൻ അമ്പ് പറിക്കാതെ മുന്നോട്ടു നടന്നു. എതിരാളികളുടെ ആവനാഴിയിലെ അമ്പുകൾ ഇടയ്ക്കിടെ വിധുരന്റെ ശരീരത്തിൽ തറച്ചുകയറുന്നു. അവന്റെ വീര്യം കൂടുകയാണ്. യുദ്ധം ഇത്രമാത്രം മദിപ്പിക്കുന്ന ഒന്നായിരുന്നെന്ന് ഞാനറിഞ്ഞില്ലല്ലോ എന്നോർത്ത് വിധുരൻ മനസ്സിൽ സങ്കടപ്പെട്ടു. അടുത്ത നിമിഷം കാശ്മീരയുടെ ഒരു വൻതേര് വിധുരനു നേരേ വരുന്നത് കണ്ട് വീരസിംഹൻ ആർത്തുവിളിച്ചു. അവനതിലേക്ക് എടുത്തുചാടി, തേര് നിയന്ത്രിച്ചിരുന്ന ശത്രുവിനെ അവൻ തേരിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. തൊട്ടടുത്ത നിമിഷം തേരിൽ തന്നെയുണ്ടായിരുന്ന ഒരാളവനെ കുന്തംകൊണ്ട് കുത്തി. അവനത് വലിച്ചൂരി ശത്രുവിന്റെ നെഞ്ചിലേക്ക് കുത്തിക്കയറ്റി, ശത്രു നാവു പുറത്തേക്ക് നീട്ടി.
വിധുരൻ മരണത്തെയും യുദ്ധം അതിന്റെ അന്ത്യത്തെയും എത്തിനോക്കുകയാണ്. വിഭൂതിയുടെ ഗജവീരന്മാർ കാശ്മീരാ കൊട്ടാരത്തിലേക്കുള്ള ഇരുമ്പു വാതിൽ തകർത്തു. തന്റെ പ്രിയപ്പെട്ട ഇരുതല മൂർച്ചയുള്ള വാളും പിടിച്ച് വിധുരൻ കൊട്ടാരാങ്കണത്തിലേക്ക് കയറി, തടയാൻ വന്ന സുരക്ഷാഭടന്മാരെ ഓരോരുത്തരെയായി അവൻ പരലോകത്തേക്കയച്ചു. ഒടുവിൽ രാജാവിന്റെ സഭാ വാതിൽക്കൽ സേനാധിപൻ ഷാഹേദ് നില്ക്കുന്നു.
അച്ഛന്റെ മുഖം ഒരിക്കൽ കൂടി ഓർത്തു, ഷാഹദിന്റെ കബന്ധം ഛേദിച്ച് മുന്നോട്ടു നടന്നു. തല സിംഹാസനത്തിൽ ചാരിവെച്ച് വിജയ സൂചന വേണ്ടി കാത്തിരുന്ന രാജാവ് അംജദ് അലിഖാൻ വിധുരനെക്കണ്ട് ഞെട്ടി എഴുന്നേറ്റു.
"കാശ്മീരാ... കാശ്മീരാ
കൊട്ടാരത്തിന്റെ മുകൾ തട്ടിൽ നിന്നും യുദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന കാശ്മീര വേഗത്തിൽ രാജസഭയിലേക്ക് ഓടി. വിധുരൻ പതിയെ നടന്ന് അയാൾക്കു മുന്നിലെത്തി.
“ഞാൻ വിധുരൻ, നരസിംഹൻ രാജാവിന്റെ മകനാണ് പിന്നിൽ നിന്ന് കുത്തിവീഴ്ത്തുന്ന ശീലമില്ല. മുന്നിൽ നിന്ന് തലകൊയ്താണ് ശീലം, അവിടുന്ന് പൊറുക്കണം.
പ്രായത്തിന്റെ എടുപ്പുകളിൽ നിന്ന് രക്ഷപെടാനാകാതെ മകൾ വന്ന് തന്നെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അയാളുടെ കഴുത്തിനു നേരേ വിധുരന്റെ വാൾ ചലിച്ചു.
സഭയിലേക്ക് ഓടിയെത്തിയ അവളുടെ മുന്നിൽ അംജദ് അലിഖാന്റെ തലയുരുണ്ടു.
“യുദ്ധം ജയിച്ചു.”
നിന്നനില്പ്പിൽ വിധുരൻ മലർന്നുവീണു. എന്തു ചെയ്യണമെന്നറിയാതെ കാശ്മീര പകച്ചുനിന്നു.
ജീവനോടെ ശേഷിച്ച കാശ്മീരാ സൈനികഭടന്മാർ ജീവനും കൊണ്ട് ഭയന്നോടി. വിഭൂതിയുടെ സൈനിക ഭടന്മാർ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. “കാശ്മീരയുടെ രാജാവ് കൊല്ലപ്പെട്ടേ, വിധുരൻ വധിച്ചു.”
സന്തോഷം കൊണ്ട് ഹർഷാരവം മുഴക്കുന്ന സ്വന്തം സൈനികർക്കിടയിലൂടെ വീരസിംഹൻ മുന്നോട്ടു നടന്നു. രാജസഭയിലേക്ക് പ്രവേശിച്ചപ്പോൾ അയാൾ ആദ്യമായി തന്റെ പ്രണയത്തെ കണ്ടു, അധികം ദൂരത്തല്ലാതെ.
“വിധുരാ”
വീരസിംഹന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
അമ്മേ മാപ്പ്! നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാൻ എനിക്കു കഴിഞ്ഞില്ല, യുദ്ധം ജയിച്ചു പക്ഷേ ഞാൻ തോറ്റു ഞാൻ മാത്രം ,വിധുരനും കൽഹണനും കൊല്ലപ്പെട്ടത് എന്റെ തോൽവിയാണ്. വിഭൂതി ഭരിക്കാൻ വിധുരൻ ഇനി ഒരുകാലത്തേക്കുമില്ല. രക്തം വാർന്ന് അവന്റെ വെളുത്ത വയറു മുഴുവൻ ചുവന്നിരിക്കുന്നു. എന്താണു ഞാൻ നിന്നോട് പറയേണ്ടത് വിധുരാ….നിന്റെ ചലനങ്ങളിൽപ്പോലും നീ വിധുരനായിരുന്നു. മനസ്സുകൊണ്ട് നീ ഒരു പെൺകുട്ടിയേയും മോഹിച്ചിട്ടില്ലെന്ന് ഈ ജ്യേഷ്‌ഠനറിയാം. വിധുരാ ബദലേരിയാ നദീതടത്തിൽ നിന്നെ ദഹിപ്പിക്കുമ്പോൾ കൂടെ നീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട അനുജൻ കൽഹണനും നിന്റെ കൂടെ കത്തിയെരിയും. ഈ ജ്യേഷ്ഠൻ പഠനകാലത്ത് പലസ്ഥലങ്ങളിലേക്കും പോയപ്പോൾ പരിചരിച്ചിരുന്നതുപോലെ കൽഹണനെ നീ പരിചരിക്കണം, അവന് ശ്രദ്ധ കുറവാണ് നീയവനെ ശ്രദ്ധിക്കണം. നരസിംഹൻ രാജാവിന്റെ മക്കളിൽ നീ രണ്ടാമനായിരുന്നു വിധുരാ, ജന്മം കൊണ്ടുമാത്രം, കർമംകൊണ്ട് നീ തന്നെയാണ് ഒന്നാമൻ.
“പ്രഭോ ഇവളെ കൊല്ലട്ടേ?”
സേനാനായകൻ അധിഭൂപതി വീരസിംഹാനോട് ചോദിച്ചു.
“അരുത് ഇവളെ ബന്ദിയാക്കി കൊട്ടാരത്തിലേക്ക് കൊണ്ടുപോകുക.”
“അങ്ങേക്ക് ഇവളെ ഭോഗിക്കണമെങ്കിൽ ഇവിടെ നിന്നായിക്കൂടെ ,ശേഷം കൊല്ലാം.”
കാശ്മീരയുടെ കണ്ണുകൾ ചുവന്നു. അവൾ വിധുരന്റെ വാളെടുക്കാൻ കുനിഞ്ഞു. പെട്ടെന്ന് അധിഭൂപതിയുടെ തല വായുവിൽ ഉയർന്നു, കാശ്മീര ഞെട്ടിത്തരിച്ചു. വിദേന്ദ്രനാഥ് വീരസിംഹന്റെ കൈയിൽ നിന്നും വാളു വാങ്ങി.
കാശ്മീരയുടെ നീലക്കണ്ണുകൾ വീരസിംഹന്റെ ചിന്തകളെ പിച്ചിചീന്തുകയും സ്വപ്നങ്ങളെ നിറങ്ങളെക്കൊണ്ട് മൂടുകയും ചെയ്തു.
“ഞാൻ നിന്നെ സ്നേഹിക്കുന്നു”
കൊട്ടാരം വിറച്ചു, യുദ്ധം ജയിച്ചത് ഇതിനാണോ എന്നമട്ടിൽ രാജസദസ്സിലുണ്ടായിരുന്ന സൈനികഭടന്മാരെല്ലാം വീരസിംഹനെ തുറിച്ചുനോക്കി. സഭ നിശബ്ദമായി. രണ്ടുഭടന്മാർ വന്ന് കാശ്മീരയെ ബന്ദിയാക്കി. അവൾ മുന്നോട്ടു നടന്നു.
ഉറക്കം തന്നെ പിടികൂടി എന്നുറപ്പായ നിമിഷം ജോഹന്നാസ് പേന ടേബിളിൽ വെച്ച് മെത്തയിലേക്ക് നടന്നു. രാത്രി നിലാവിനോടെന്നപോലെ സല്ലപിക്കുന്നു. പ്രണയത്തിന്റെ തീച്ചൂളയിൽ രാത്രി ചിലരിൽ ഏല്ക്കപ്പെടാതെ പോകുന്നു, മറ്റുചിലർ ഏകാന്തതയുടെ സ്വകാര്യതയിൽ സ്വയം മറന്ന് ഉറക്കത്തിലെ മരണാക്കയത്തിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു.