ഭാഗം - 3
വീരസിംഹൻ കണ്ണുകളടച്ച് ഒരിക്കൽ കൂടി ബദരിയാ നദിയുടെ ശാന്തതയിലേക്ക് സസൂക്ഷ്മം നോക്കി. നൂറ്റാണ്ടുകളുടെ അമർത്തലുകളിൽ ഭൂമിയുടെ അടിവേരുകളിൽ തൊട്ട് പാറക്കല്ലുകൾക്കിടയിലൂടെ സ്ഫടികശുദ്ധമായ ജലം കാതങ്ങൾ അകലെയുള്ള സമുദ്രത്തിലേക്ക് കുതിക്കുന്നു.
വിദേന്ദ്രനാഥിന്റെ മുഖത്തെ തെളിച്ചം അവനാദ്യമായി ശ്രദ്ധിച്ചു. എന്തു കൊണ്ടിത് നേരത്തെ ശ്രദ്ധിച്ചില്ല.
"പ്രഭോ വേട്ടക്കാരും ഗജസേനയും പുറപ്പെട്ടുകഴിഞ്ഞു. ഇനി നമ്മൾ...” "ഇരുട്ടാകുന്നതുവരെ കാക്കാം. ഇരുട്ട് മൂടിയാൽ നാം പുറപ്പെടും.” ശാന്തതയുടെ മുഴുവൻ സൗന്ദര്യവും തന്റെ പാദങ്ങളിലേക്ക് ആവാഹിച്ച് വിദേന്ദ്രനാഥ് തിരിച്ചു നടന്നു.
നിന്നോളം മറ്റാരേയും അച്ഛൻ സ്നേഹിച്ചിട്ടില്ല, വിധുരനും കൽഹണനും നരഗുദനും അച്ഛന് പ്രിയപ്പെട്ടവർ തന്നെയായിരുന്നു. പക്ഷേ അച്ഛന്റെ ആദ്യത്തെ കണ്മണി നീയായിരുന്നു. അച്ഛന്റെ പതിനാറാം വയസ്സിലാണ് നീ ജനിക്കുന്നത്. ആ സ്നേഹത്തെക്കുറിച്ച് ഞാൻ നിന്നോട് വിശദീകരിക്കുന്നത് വിഡ്ഢിശൂന്യതയാണെന്ന് എനിക്കറിയാം. അനുഭവത്തേക്കാൾ വലുതല്ല വിവരണവും വിശദീകരണവും.
അമ്മ പറഞ്ഞതത്രയും സത്യമാണ്, ആകാശത്തിലെ മേഘങ്ങൾ എന്റെ വഴിയേ ഇറങ്ങിവന്നാലും ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി സ്വയം എന്റെ കാൽപാദങ്ങൾക്കടിയിലൂടെ ഒഴുകിത്തുടങ്ങിയാലും.
പകലിന്റെ അസ്വസ്ഥതകൾക്കിടയിൽക്കിടന്ന് പിടഞ്ഞ രാക്കുയിലുകൾ തങ്ങളുടെ ചില്ലകളിലേക്ക് പറന്നുപോയി. പ്രണയത്തിന്റെ മധുരോദാത്തമായ ഭാഷയിൽ ചുണ്ടുകളിലൂടെ പ്രവഹിക്കുന്ന അക്ഷരങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും നിദാന്തമായ പറഞ്ഞുതീരാത്ത കഥകളെക്കുറിച്ചുമാലോചിച്ചപ്പോൾ അവ മതിമറന്നു.
കൊട്ടാരത്തിൽ നിന്നിറങ്ങാൻ നേരത്ത് വിധുരനും കൽഹണനും നരഗുദനെ ആശ്ലേഷിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു.വീരസിംഹൻ തന്നെ നയിക്കുന്ന ഹർഷപാണ്ടീരവത്തിൽ പറഞ്ഞതുപോലെ നരഗുദന്റെ ശിരസ്സിൽ ചുംബിച്ചു.
കനത്തുരുണ്ട തൂണുകൾക്കിടയിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ നാരീശ്വരി നനഞ്ഞ കൃഷ്ണമണികളും തകർന്ന ഹൃദയവുമായി ഒളിഞ്ഞുനിന്നു നോക്കുന്നത് കൽഹണൻ കണ്ടു. ഗാന്ധാരത്തിൽ നിന്നും തനിക്കായി വരുത്തിച്ച അസ്ത്രവും വിരാടദേശത്തു നിന്ന് ജ്യേഷ്ഠൻ വീരസിംഹൻ കൊണ്ടുവന്ന ഇരുതലമൂർച്ചയുള്ള വാളും വിധുരൻ തന്റെ രഥത്തിൽ വെച്ചു.
വീരസിംഹനും വിദേന്ദ്രനാഥും ആദ്യത്തെ രഥത്തിൽ വിധുരനും കൽഹണനും രണ്ടാമത്തെ രഥത്തിൽ അവർക്കു പുറകിൽ തേരുകളുടെ വലിയസംഘം അതിനു പുറകിൽ കുതിരപ്പടയാളികൾ അവർക്കും പുറകിലായി കൈകളിൽ വാളും പരിചയുമേന്തിയ സൈനികർ,
കാട്ടുപന്നികൾ തിങ്ങിപ്പാർക്കുന്ന മന്ദാരം കാടുകളിലേക്ക് ചൂട്ടു കത്തിച്ച് വേട്ടക്കാരും അവരുടെ നായ്ക്കളും കുതിച്ചു. കാടിന്റെ അകത്തളങ്ങളിൽ ഉറങ്ങുകയും പരസ്പരം പുണരുകയും ചെയ്തിരുന്ന കാട്ടുപന്നികൾ തീയുടെ വരവു കണ്ട് കുതറിയോടി. വിഭൂതിയുടെ അതിർത്തിയിൽ മുഴുവൻ തീ, കാശ്മീരയുടെ മടിത്തട്ടിലേക്ക് അവ ചിതറിയോടി.
ജനങ്ങൾ വസിക്കുന്ന പ്രദേശങ്ങളിലേക്കോടിയ കാട്ടുപന്നികൾ ഗോതമ്പുപാടങ്ങളിലൂടെയും കരിമ്പിൻ തോട്ടങ്ങളിലൂടെയും തെക്കുവടക്കോടി. കാശ്മീരയുടെ സൈന്യം കാട്ടുപന്നികളെ പിടിക്കാൻ ഇറങ്ങിയില്ല.
മന്ദാരം കാടുകളിലെ കാട്ടുപന്നികളെ വിരട്ടിയോടിച്ച് വേട്ടക്കാരേയും വേട്ടനായ്ക്കളേയും അവരുടെ മടക്കി വഴിയിൽ വെച്ച് വീരസിംഹൻ മുക്തകണ്ഠം പ്രശംസിച്ചു.
(തുടരും...)