mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം - 4  

പ്രഭാതം വരെ വിഭൂതിദേശത്തെ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന അതിഥിമന്ദിരത്തിൽ ചിലവഴിച്ച ശേഷം അവർ പടയോട്ടത്തിന് തുടക്കം കുറിക്കാനൊരുങ്ങി.

വിധുരനും കൽഹണനും ഏറ്റവും മുന്നിലെ രഥത്തിൽ കയറി. വിരസിംഹനും വിദേന്ദ്രനാഥും രണ്ടാമത്തേതിലും കയറി, അതിനു പുറകിലെ ആദ്യ തേരിൽ സേനാധിപൻ അധിഭൂപതിയും.

ഇവിടെ നിന്ന് പടയോട്ടം തുടങ്ങുകയാണ്. മുപ്പത്തിനാലാം വയസ്സിൽ പിന്നിൽ നിന്ന് കുത്തേറ്റു മരിച്ച അച്ഛനും എന്റെ വാശിയിൽ കാശ്മീരയിലെ രാജകുമാരിയുടെ വാളിനിരയായ രാജഗുരുവിനും വേണ്ടിയാണ് ഈ യുദ്ധം. വിധുരനേയും കൽഹണനേയും യുദ്ധത്തിന്റെ കടിഞ്ഞാൺ ഏൽപ്പിച്ച് പുറകിൽ നില്ക്കുന്നത്. ഭീരുത്വമാണെന്ന് എനിക്കറിയാം. എന്നാൽ അതിനെക്കുറിച്ച് ഞാൻ ഇപ്പോൾ ആഴത്തിൽ ചിന്തിക്കുന്നില്ല. അമ്മ പറഞ്ഞ ഒരു കാര്യത്തിലാണ് എന്റെ മനസ്സിപ്പോൾ. "ജീവൻ കൊടുത്തായാലും അനിയന്മാരെ രക്ഷിക്കണം. അമ്മയറിയണം, അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് വിരസിംഹനെയായിരുന്നു എന്നാൽ അച്ഛനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഈ വീരസിംഹമല്ല, അത് വിധുരനാണ്. അവന്റെ കണ്ണുകളിൽ ചുവന്നു കനത്ത പ്രതികാരവാജ്ഞയുടെ ചൂട് ദാ എനിക്കിവിടെ വരെ അനുഭവിക്കാം.

വിഭൂതിയുടെ സൈന്യം കാശ്മീരാദേശത്തിന്റെ അതിർത്തിയെ തൊട്ടു. കാശ്മീരയിലേക്കുള്ള കവാടത്തിൽ കാവൽ നിന്നിരുന്ന നാലുപേരിൽ മൂന്നുപേരെ രക്തത്തിൽ അഭിഷേകം ചെയ്ത് വിധുരൻ നയം വ്യക്തമാക്കി. നാലാമനെ കൽഹണൻ രഥചക്രങ്ങൾ കൊണ്ട് മണ്ണിലാഴ്ത്തി.

ഇതാണ് അമ്മ പറഞ്ഞിരുന്ന ഒന്നിനുമെത്താത്ത വിധുരൻ. വിധുരനെ മനസ്സിലാക്കുന്നതിൽ അമ്മയ്ക്ക് തെറ്റുപറ്റിയിരിക്കുന്നു. വിധുരൻ അജയ്യതയുടെ പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ പുലരിയുടെ സൂര്യൻ ഉദിക്കുന്നത് സമുദ്രത്തിൽ നിന്നല്ല, വിഭൂതിയിൽ നിന്നാണ്. ദാ കാണ്.

മഹാപണ്ഡിതനായ സൂപാണിനിയുടെ ചരിത്രഗ്രന്ഥം വേദവേദാന്തചരിതം മുഴുവൻ വായിച്ചവനാണ് വിധുരൻ. കാശ്മീരയുടെ അടിവേരുകൾ അവനിന്നു പറിച്ചിടും. കൊട്ടാരത്തിനു നേരെ മുന്നിലുള്ള മഹാഭൈവാ മൈതാനത്ത് കാശ്മീരാ സൈന്യം തയ്യാറായി നിന്നു. മന്ദാരം കാടുകൾ കടന്ന് കാശ്മീരയിലേക്ക് കുതിച്ചു കാട്ടുപന്നികളോടൊപ്പം ഒരു വേട്ടക്കാരനും ചേർന്നിരുന്നു. അംജദ് അലിഖാന്റെ സൈന്യാധിപൻ ഷാഹേദ് ഖാന്റെ കാതിൽ അവൻ വിരസിംഹന്റെ തന്ത്രം പതിയെ ഓതിക്കൊടുത്തു. പോരുന്നോ യുദ്ധത്തിനെന്ന് ഷാഹേദ് ചോദിച്ചപ്പോൾ തനിക്ക് മൃഗങ്ങളെ മാത്രമേ വേട്ടയാടാനറിയൂ എന്നു പറഞ്ഞ് അയാൾ തടിയൂരി.

കാശ്മീരയിലെ പുൽമേടുകളേയും ഗോതമ്പുപാടങ്ങളേയും പിന്നിലാക്കികൊണ്ട് വിഭൂതിയുടെ സൈന്യം മഹാഭൈവാ മൈതാനത്തിന്റെ അടുത്തെത്താനായി.

"മറ്റൊരു ദിശയിലേക്കും നോക്കരുത്, കൊട്ടാരത്തിലേക്കുള്ള വഴിയാണ് എനിക്കു പോകേണ്ടത്. ഈ യുദ്ധം കഴിയുന്നതു വരെ നാം ജീവിച്ചിരിക്കണം, അച്ഛനു വേണ്ടിയെങ്കിലും.”

വിധുരൻ കൽഹണന്റെ ചുമലിൽ തട്ടി, കൽഹണന്റെ കണ്ണുകളിൽ തീപ്പാറി, ജ്യേഷ്ഠന്റെ തന്ത്രം പാളിയത് അവരോർത്തില്ല, രാജഗുരുവിനെ കാശ്മീരയുടെ രാജകുമാരി കൊന്നത് അവനോർത്തില്ല. തന്റെ അച്ഛനെ കൊന്നത് അംജദ് അലിഖാനാണെന്ന് മാത്രം ഓർത്തു.

മഹാഭൈവാ മൈതാനത്ത് കൂടി നിന്ന സൈന്യത്തെ കണ്ടപ്പോൾ വീരസിംഹൻ ഒരുനിമിഷം പതറിപ്പോയി. വിദേന്ദ്രനാഥിനോട് എന്തോ പറയാൻ ഭവിച്ച് മുന്നോട്ടു കൈനീട്ടിയെങ്കിലും അയാളത് പെട്ടെന്ന് തന്നെ പുറകിലേക്ക് വലിച്ചു.

നാരീശ്വരി തന്ന സകല സുഖങ്ങളും മറന്ന് ആത്മാവിന്റെ അനശ്വരതയിൽ തങ്ങിനിന്ന അച്ഛന്റെ മുഖം മനസ്സിൽ പതിപ്പിച്ച് കൽഹണൻ കുതിരകളെ മുന്നോട്ടു തെളിച്ചു. യുദ്ധം തുടങ്ങുകയായി.

നീളത്തിൽ അണിനിരന്ന കാശ്മീരാ സൈന്യത്തിനു നേരേ ത്രികോണാകൃതിയിൽ അണിനിരന്ന വിഭൂതി സൈന്യം ഇരച്ചുകയറി. ആദ്യം കൽഹണന്റെ ഊഴമായിരുന്നു. ഒരു കൈകൊണ്ട് കുതിരകളെ തെളിച്ചും മറുകൈകൊണ്ട് കുന്തം ഉപയോഗിച്ച് എതിർപക്ഷത്ത കുതിരപ്പടയാളികളെ കുത്തിവീഴ്ത്തിയും അവൻ മുന്നേറി.

ഗാന്ധാരത്തു നിന്ന് തനിക്കായി വരുത്തിച്ച് അസ്ത്രം വെറുതെയായില്ലെന്ന് തെളിയിക്കാൻ മൂന്നമ്പുകളേ വിധുരന് വേണ്ടിവന്നുള്ളൂ. ഒരമ്പ് കുതിരപ്പടയാളിയായ ഒരാളുടേയും സൈനികഭടന്റേയും മാറുതുളച്ച് ഒരു കുതിരയുടെ കഴുത്തിൽ തുളച്ചുനിന്നു.

വിധുരന്റെ ശവദാഹം വീരസിംഹന്റെ ശങ്കകളെ മുഴുവൻ അകറ്റി. വിഭൂതി സൈന്യത്തിലെ കുതിരപ്പടയാളികൾ അഞ്ചുപേർ നിലം തൊട്ടു. സൈനികഭടന്മാർ പതിനേഴ്.

കൊമ്പുചരിഞ്ഞ ഒരു ഗജവീരൻ കാശ്മീരയുടെ സൈനികർക്കിടയിലേക്ക് ഇരച്ചുകയറി, അതാ വീഴുന്നു. ഓരോരുത്തരെ ചതച്ചും ചവിട്ടിവീഴ്ത്തിയും ഗജവീരൻ മുന്നിലേക്ക് കുതിച്ചു പുറകിൽ മറ്റ് പതിനാല് ആനകളും.

വിദേന്ദ്രനാഥിന്റെ കൈകൾ ഒരു നിമിഷം പിഴച്ചു. കുതിരകൾ മുന്നോട്ടു ചലിക്കാതെ നിശ്ചലമായ നിമിഷം എതിർ കൂടാരത്തിലെ ഒരു സൈനികഭടന്റെ അമ്പ് അവന്റെ അങ്കികടന്ന് നെഞ്ചിൽ ചോര ചിന്തി അടുത്ത നിമിഷം കൽഹണൻ അവന്റെ നേരേ രഥം തിരിച്ചു. പക്ഷേ അവന് ഭടനെ ഒന്നും ചെയ്യാനായില്ല. അതിനു മുന്നേ വിധുരൻ ഭടനെ അസ്ത്രാഭിഷേകം നടത്തിയിരുന്നു. കൽഹണൻ വിധുരനെ നോക്കി മന്ദഹസിച്ച ശേഷം ജ്യേഷ്ഠൻ വിരസിംഹനെ നോക്കി. അവനും വിദേന്ദ്രനാഥും രഥം പുറകിലേക്ക് ചലിപ്പിച്ചപ്പോൾ വിധുരന്റെ അസ്ത്രം ഒരുവേള നിശബ്ദമായി.

യാദൃശ്ചികമായി വിസ്തൃതിയുടെ സേനാനായകൻ അധിഭൂപതിയും കാശ്മീരയുടെ സേനാനായകൻ ഷാഹേദും നേർക്കുനേർ വന്നു. വേഗത്തിൽ കുതിച്ച രഥത്തിൽ നിന്നും ഷാഹേദ് ഭൂപതിക്കു നേരേ ഒരു കുന്തമെറിഞ്ഞു. അതയാളുടെ വയറിൽ തറച്ചുനിന്നു. അയാളേയും വഹിച്ച് തേര് വേഗത്തിൽ മഹാഭൈവ മൈതാനത്തിന്റെ ഒരു മൂലയിൽ തമ്പടിച്ചിരുന്ന വിഭൂതിയിൽ നിന്ന് സൈന്യത്തോടൊപ്പം വന്ന ഭിഷഗരന്മാർക്കരികിലേക്ക് കുതിച്ചു.

വിഭൂതിയുടെ ഗജസേനയെ കയറൂരിവിട്ടപ്പോൾ അവ കാശ്മീരയുടെ സേനാഭടന്മാരെ ചവിട്ടിമെതിച്ചു. നൂറ്...അറുനൂറ്റമ്പത്...തൊള്ളായിരം...

പെട്ടെന്ന് കാശ്മീരയുടെ സൈന്യത്തിലെ ഏക ഗജവീരൻ വിഭൂതിയിലെ ഗജവീരന്മാർക്കു നേരേ കുതിച്ചു. സ്വവർഗ സ്നേഹം മാറ്റിവെച്ച് അവ പരസ്പരം പോരടിക്കാൻ വേണ്ടിയടുത്തു. മനുഷ്യനെന്ന പോലെ മൃഗങ്ങൾക്കും യുദ്ധത്തിൽ സ്വവർഗ സ്നേഹമില്ല.

കാശ്മീരയുടെ സൈന്യത്തിന്റെ നടുപിളർത്തിക്കൊണ്ട് വിധുരനും കൽഹണനും യുദ്ധത്തിന്റെ മധ്യത്തിലേക്ക് രഥമോടിച്ചു കയറുകയാണ്.

വിഭൂതിയുടെ ആന കാശ്മീരയുടെ കൊമ്പിൽ തുമ്പികൈ കൊണ്ട് പിടിച്ചുവലിച്ചു, അതു കുതറിയ ശേഷം വിഭൂതിയുടെ ആനയുടെ ശരീരത്തിലേക്ക് ചാടിവീണു. വിഭൂതിയുടെ ചത്ത ആന ഒന്ന്. പകരം ചോദിക്കാനായി വിഭൂതിയുടെ മറ്റൊരാന മുന്നോട്ടുവന്നു. കാശ്മീരയുടെ ആനയുടെ കാലിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചു. ആ നിമിഷം തന്റെ കൊമ്പുകൾ കൊണ്ട് അത് വിഭൂതിയുടെ ആനയുടെ നേരെ തിരിഞ്ഞു.

കാലുപിടിച്ച് വലിച്ച് തറയിലേക്ക് തള്ളിയിട്ടു കാശ്മീരയുടെ ശേഷിച്ച ആന പൂജ്യം.

ഒരുനിമിഷം രഥം കെട്ടിയ കുതിരകളുടെ കടിഞ്ഞാൺ കൈവിട്ട് കൽഹണൻ നാരീശ്വരിയെ ഓർത്തു. മൃദുലമായ സ്തനമുഖങ്ങളെ ഓർത്തപ്പോൾ, അവളുടെ മിനുസമുള്ള പാദകമലങ്ങളെ ഓർത്തപ്പോൾ അവളുടെ മനോഹരമായ നിതംബത്തെ ഓർത്തപ്പോൾ, അവളുടെ നനവാർന്ന ചുവന്ന ചുണ്ടുകളെ ഓർത്തപ്പോൾ തന്നെ അത്രമേൽ ലാളിക്കുന്ന അവളുടെ മാതൃത്വത്തെ ഓർത്തപ്പോൾ അവൻ യുദ്ധത്തിന് നടുവിലാണെന്ന് സ്വയം മറന്നു.

വിധുരൻ കൽഹണന്റെ നെഞ്ചിൽ തുളച്ചുകയറിയ മൂന്ന് അസ്ത്രങ്ങൾ വലിച്ചുമാറ്റിയ ശേഷം രഥത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ച് മൈതാനത്തിന്റെ പുറകിലേക്ക് കുതിച്ചു. ഇതുകണ്ട് യുദ്ധത്തിനിടയിലുണ്ടായിരുന്ന വീരസിംഹനും വിദേന്ദ്രനാഥും അവർക്കു പുറകേ രഥം തിരിച്ചു.

രക്തം ഒഴുകുന്ന അവന്റെ നെഞ്ചിലേക്കും മുഖത്തേക്കും മാറിമാറി നോക്കികൊണ്ട് വിധുരൻ കൽഹണനെ വിളിച്ചുകൊണ്ടിരുന്നു. കൽഹണന്റെ മുഖത്ത് അവനൊന്നു തട്ടിയപ്പോൾ ഏതോ മനോഹര സ്വപ്നത്തിൽ നിന്നെന്ന പോലെ കൽഹണൻ കണ്ണുകൾ തുറന്നു. വരസിംഹൻ വന്ന് വേഗത്തിൽ കൽഹണൻ കിടന്നിരുന്ന രഥത്തിലേക്ക് ചാടിക്കയറി.

“എന്തുപറ്റി?" വീരസിംഹൻ ചോദിച്ചു.

"ജ്യേഷ്ഠാ കൽഹണൻ.” കൽഹണൻ അവരെ നോക്കി പുഞ്ചിരിച്ചു. “ജ്യേഷ്ഠാ എന്റെ നാരി... എന്റെ നാരി..."

പെട്ടെന്ന് കൽഹണന്റെ ശബ്ദം നിലച്ചു പുഞ്ചിരി മാഞ്ഞു, ശ്വാസം ഒടുങ്ങി. വീരസിംഹന്റെ കണ്ണുകൾ നിറഞ്ഞു.

“നീ കരയരുത് വിധുരാ” വിരസിംഹനു കരയാം കൽഹണനും നരഗുദനും കരയാം പക്ഷേ വിധുരൻ കരയാൻ പാടില്ല, വിധുരൻ കരഞ്ഞാൽ വിഭൂതി മുഴുവൻ കരയും. വീരസിംഹന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വിധുരൻ കരഞ്ഞില്ല. അവൻ കൽഹണന്റെ നെറ്റിയിൽ ചുംബിച്ചു. വീരസിംഹൻ തന്റെ രഥത്തിൽ കയറി വിദേന്ദ്രനാഥ് യുദ്ധത്തിനിടയിലേക്ക് രഥം തെളിച്ചു.

തലയും ഉടലും ചേർത്തുവെച്ച് അച്ഛന്റെ ചിത്രം കൽഹണനിൽ കണ്ടപ്പോൾ വിധുരന്റെ അരിശം ആകാശത്തോളം വിസ്തൃതമായി. അവൻ രഥം തിരിച്ചു. യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. നിലയുറപ്പിക്കാനാകാതെ, ഗജസേനയ്ക്ക് മുന്നിൽ തകർന്നടിയുന്ന തന്റെ സൈന്യത്തിന്റെ തകർച്ച കാണാൻ കഴിയാതെ ഷാഹേദ് കൊട്ടാരത്തിലേക്ക് മടങ്ങി. 

(തുടരും...) 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ