ഭാഗം - 2
ഉച്ചയുറക്കം കഴിഞ്ഞ് ചടഞ്ഞ ഹൃദയവും പാതിയടഞ്ഞ കണ്ണുകളുമായി മെത്തയിൽ എഴുന്നേറ്റിരുന്നപ്പോൾ കൊട്ടാരത്തിനു പുറത്ത് അസാധാരണമായൊരു നിലവിളിശബ്ദം കേൾക്കുന്നത് വീരസിംഹൻ ശ്രദ്ധിച്ചു.
"പ്രഭോ രാജഗുരുവിനെയും നാലു ഭടന്മാരെയും വധിച്ചു. വിരസിംഹന്റെ കണ്ണുകൾ കോപം പൂണ്ട് മുഖത്തുനിന്ന് എഴുന്നു നില്ക്കാൻ ശ്രമിച്ചു. "ആര്?"
“കാശ്മീരാ”
അവന്റെ മുഖത്തെ വെളുത്ത മാംസപേശികൾ ഒരേസമയം ദേഷ്യപ്പെടുന്നതും ആശ്ചര്യപ്പെടുന്നതും ചുറ്റും കൂടിയവർ കണ്ടു.
"കാശ്മീരാ!" കൽഹണൻ ചോദിച്ചു. “അതേ പ്രഭോ, അംജദ് അലിഖാന്റെ പുത്രി കാശ്മീരാ.
വീരസിംഹൻ ചിന്താമഗ്നനായിക്കൊണ്ട് തിരിഞ്ഞുനിന്നു.
"അവളരായാലും കൊല്ലണം ജ്യേഷ്ഠാ, ഇല്ലെങ്കിൽ നമ്മൾ ഒന്നും ആണാണെന്നു പറയുന്നതിൽ അർത്ഥമില്ല.
"പ്രഭോ, രാജഗുരുവിന്റെ രക്തം പുരണ്ട വസ്ത്രം, കാശ്മീര അങ്ങേക്ക് തരാൻ വേണ്ടി എന്റെ കൈവശം കൊടുത്തുവിട്ടതാണ്." അയാളുടെ കണ്ണുകൾ നിറഞ്ഞു.
"പറഞ്ഞാലും പ്രഭോ”
"കിഴക്കൻ വിഭൂതിയിലെ മന്ദാരവനങ്ങളിൽ വേട്ടനടത്താറുള്ള മുഴുവൻ വേട്ടക്കാരേയും അവരുടെ വേട്ടനായ്ക്കളേയും എത്രയും പെട്ടെന്ന് കൊട്ടാരാങ്കണത്തിൽ എത്തിക്കണം."
അവൻ തന്റെ രണ്ടു കൈകളും ഇടുപ്പിനു മുകളിൽ കയറ്റിവച്ചു.
“കല്പനപോലെ പ്രഭോ”
ആകാശം ഇരുണ്ടുകൂടുന്നതും ഭൂമി പതിയെ തലപൊക്കി അതിനെ പാളിനോക്കുന്നതും അവ രണ്ടിനുമിടയിൽ പറന്നുകൊണ്ടിരുന്ന പക്ഷികൾ കണ്ടു.
"വിധുരാ”
"എന്താ ജ്യേഷ്ഠാ?”
"പതിനാറാം വയസ്സിൽ നീ സാരഥിയാവുകയാണ് നിനക്കു പുറകിൽ ഞാനും കൽഹണനുമുണ്ടാകും.” വിധുരന്റെ മുഖം വിടർന്നു കാത്തിരുന്ന ദിവസം വരികയായ് എന്ന് അവൻ മനസ്സിൽ അട്ടഹസിച്ചു.
"പൂർണ്ണസമ്മതം, ഗാന്ധാരയിൽ നിന്ന് ജ്യേഷ്ഠൻ എനിക്കായി വരുത്തിച്ച അസത്തേക്കാൾ വിരാടദേശത്തു നിന്ന് അങ്ങ് കൊണ്ടുവന്ന ഇരുതലമൂർച്ചയുള്ള വാളിനേക്കാൾ എനിക്ക് സന്തോഷം തരാൻ ഈ തീരുമാനത്തിന് കഴിയുന്നു. നന്ദി ജ്യേഷ്ഠാ.”
വീരസിംഹൻ അവന്റെ ശിരസ്സിൽ ചുംബിച്ച് കൊട്ടാരത്തിനകത്തേക്കു പോയി.
ബുദ്ധിയുറച്ച കാലം മുതൽ കാശ്മീരാദേശത്തെ ആക്രമിക്കണമെന്ന് മനസ്സിൽ വിചാരിച്ചുറപ്പിച്ചു നടക്കുകയായിരുന്നു വിധുരൻ. അവനത്രത്തോളം തന്റെ പിതാവിനെ സ്നേഹിച്ചിരുന്നു. പഴുത്ത ആപ്പിളും പിടിച്ച് ജേതാവായി വരാമെന്നു പറഞ്ഞുപോയ അച്ഛന്റെ ഛേദിക്കപ്പെട്ട തലയും വേർപെട്ട ഉടലുമാണ് അവസാനമായി അവൻ കണ്ടത്.
തോഴിമാരോടൊത്ത് കളിച്ചു ചിരിച്ചുക്കൊണ്ടിരുന്ന നരഗുദനെ കണ്ടപ്പോൾ വിരസിംഹന്റെ സങ്കടം അണപൊട്ടിയൊഴുകി, അവൻ നരഗുദനെ വാരിയെടുത്ത് കവിളുകളിൽ മാറിമാറി ചുംബിച്ചു.
“ജ്യേഷ്ഠന്മാർ യുദ്ധത്തിനു പോകുകയാണ് നീയിവിടെ സന്തോഷവാനായിരിക്കണം."
തീരെ ചെറുപ്പത്തിൽ അച്ഛനേയും ഓർമതെളിയും മുമ്പേ അമ്മയേയും നഷ്ടപ്പെട്ട നരഗുദൻ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനെ നോക്കി തലയാട്ടിക്കൊണ്ട് മന്ദഹസിച്ചു.
"ഏതൊരാളെ സംബന്ധിച്ചും ആദ്യയുദ്ധം പ്രധാനപ്പെട്ടതാണ്. അതുതന്നെ അവന്റെ അവസാന യുദ്ധമായി ചരിത്രം രേഖപ്പെടുത്തിയാൽ ഒന്നുകിൽ അവൻ ധീരൻ അല്ലെങ്കിൽ ഭീരൂ. രക്തസാക്ഷിത്വം കൊണ്ട് അജയ്യത പ്രാപിച്ചവൻ ധീരൻ, യുദ്ധം ഭയന്ന് പിന്തിരിഞ്ഞോടി പിന്നീടൊരിക്കലും രണാങ്കളത്തെ പുൽകാത്തവൻ ഭീരു.”
കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ തട്ടിൽ നിന്ന് ആകാശത്തേക്കു നോക്കിയപ്പോൾ മനസ്സിൽ ചിതറിയ അമ്മയുടെ വാക്കുകൾക്ക് അവൻ ചെവികൊടുത്തു.
എനിക്ക് ഭീരുവാകണ്ട, ധീരനായാൽ മതി. വിധുരനും കൽഹണനും ഉണ്ടായിരിക്കേ ഞാൻ തോൽക്കില്ല, തോൽക്കാൻ പാടില്ല.
ബദരിയാ നദി ഇളകിമറിഞ്ഞു. അകലെ അതിന്റെ ജനനിയായ മേഥിലാൻ കുന്നുകളിൽ നിന്ന് കാട്ടിലെ ഗോത്രമനുഷ്യരുടെ ആർപ്പുവിളികൾ ഉയർന്നു. ഗോത്രത്തലവന് പിറന്ന മകനെ അവർ ആഘോഷപൂർവ്വം വരവേറ്റു. കാട്ടിലും മേട്ടിലും അവർ ആടുകയും പാടുകയും അതിന്റെ ഘനസാന്ദ്രമായ ആനന്ദ ദീപ്തിയിൽ സർവ്വം മറന്ന് മുങ്ങിത്താഴുകയും ചെയ്തു.
വീരസിംഹൻ തിരിഞ്ഞു നോക്കി. വിദേന്ദ്രനാഥ് ദാസ്യഭാവത്തിൽ ഒന്നു തൊഴുതു.
"വേട്ടക്കാരും വേട്ടനായ്ക്കളും എത്തിയിട്ടുണ്ട് പ്രഭോ രാജാവും വിദേന്ദ്രനാഥും കൊട്ടാരമുറ്റത്തേക്കു നടന്നു.
“നിന്റെ കാതുകളെ ഞാൻ കടിക്കട്ടെ”
നാരീശ്വരിയുടെ നനവാർന്ന താടിയെ ഒറ്റവിരലിൽ താങ്ങിനിർത്തിക്കൊണ്ട് കൽഹണൻ ചോദിച്ചു.
"അരുത്, എനിക്കു വേദനിക്കും”
കൽഹണൻ ചിരിച്ചു, അവളുടെ ഉത്തരീയം വലിച്ചൂരിക്കൊണ്ട് അവൻ അവളുടെ വലതു ചെവിയുടെ അഗ്രഭാഗത്തു കടിച്ചു. ഉരുണ്ടു വന്ന തിരമാലകൾ അവളുടെ നാഭിയിലിടിച്ച് തകർന്നു. ചുവന്ന തൊലിയിൽ കറുപ്പു പടർന്ന അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ പൊക്കിളിനു മീതെ ഓടിനടന്നു. അവളുടെ നീളമുള്ള വിരലുകൾ അവന്റെ മുടികൾക്കിടയിലൂടെ നിരന്തരം ഒരാമയെപ്പോലെ ഇഴഞ്ഞു കൊണ്ടിരുന്നു.
"ഞാൻ യുദ്ധത്തിനു പോകുകയാണ്.”
ചിരിക്കാൻ ശ്രമിച്ചിട്ടും ചിരി വരാതായപ്പോൾ കൽഹണൻ അവളുടെ മുഖത്തു നിന്നും കണ്ണുകളെടുത്തു.
"പോയേ തീരൂ. പോകാതിരിക്കാൻ...”
അവന്റെ കണ്ണുകൾ കൂടുതൽ വിശാലമായ ഒരിടം കണ്ടെത്തി. അവൻ അവളുടെ മാറിടത്തിലേക്ക് ചാഞ്ഞു. ഒരു കുഞ്ഞിനെ തലോടുന്നതുപോലെ അവളവന്റെ മുടിയിഴകളെ തഴുകിത്തലോടാൻ തുടങ്ങി.
"പോകാതിരിക്കാൻ ഒരു കാരണമുണ്ട്.”
“എന്താ?” അവൻ മുഖമുയർത്തി.
“നീ”
“പക്ഷേ പോകാൻ അതിനെക്കാൾ വലിയൊരു കാരണമുണ്ട്.”
ആർദ്രതയുള്ള അവളുടെ രണ്ടു തുള്ളി കണ്ണുനീരവന്റെ ചുണ്ടുകളെ ചുംബിച്ചു. ഇദംപ്രഥമായ ചുംബനത്തിന്റെ അതേ തീവ്രതയിൽ അവളവന്റെ മുടിക്കെട്ടിൽ പിടിച്ച് തന്റെ അധരങ്ങളെ അവളുടെ നനവാർന്നതും മൃദുലവുമായ അധരങ്ങളിൽ പതിപ്പിച്ചു.
“അച്ഛനു വേണ്ടി പോകണം, പകരം ചോദിക്കണം. അവൾ നിസ്സംഗമായി കൽഹണനെ നോക്കി.”
“പോകാതിരിക്കാൻ പറ്റില്ലേ!”
"വരും, ജീവനോടെയില്ലെങ്കിൽ….” നാരീശ്വരി അവന്റെ വായ പൊത്തി അരുതെന്ന ഭാവത്തിൽ തലയാട്ടി.
"എന്തിനാണു നീ ഭയക്കുന്നത്”
അവൾ അവന്റെ കണ്ണുകളുടെ മധ്യത്തിലെ വെള്ളയിലേക്ക് സൂക്ഷ്മമായി നോക്കി.
“ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ശരീരത്തിൽ നിക്ഷേപിച്ചിരിക്കുന്നു, എന്റെ പ്രണയവും സ്നേഹവും അങ്ങനെയങ്ങനെ ഈ ആയുസ്സിൽ ദൈവം എനിക്കു സമ്മാനിച്ച എല്ലാം ഞാൻ നിങ്ങളിൽ സമർപ്പിച്ചിരിക്കുന്നു."
അവൻ നാരീശ്വരിയുടെ അലിവുതോന്നിക്കുന്ന മുഖം നെഞ്ചോടു ചേർത്തുവച്ചു.
“നിന്റെ കാതുകളിൽ ഞാൻ കടിച്ച ഓരോ നിമിഷവും നീ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരിക്കുക, ആ നിമിഷങ്ങളത്രയും ഞാൻ നിന്നോടലിഞ്ഞു ചേരാൻ കൊതിച്ചുകൊണ്ടിരിക്കും.”
കൽഹണൻ അവളുടെ മുഖം നെഞ്ചിൽ നിന്നെടുത്തു. നിശബ്ദം ചിരിച്ച് അവളുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ഭൂമികയിൽ നിന്നും അവൻ തിരിഞ്ഞുനടന്നു.
"ഇന്നു രാത്രി നിങ്ങൾ മന്ദാരം കാടുകളെ പിടിച്ചുകുലുക്കണം, മന്ദാരംകാടുകൾക്കപ്പുറം കാശ്മീരാദേശം തുടങ്ങുകയായി. കാട്ടുപന്നികളെ കാട്ടിൽ നിന്നാട്ടിപ്പുറത്താക്കി കാശ്മീരയിലേക്ക് തെളിക്കണം. നേരം പുലരുമ്പോൾ കാശ്മീരയുടെ സൈന്യം അവിടെയായിരിക്കണം ആ തക്കത്തിൽ നാം കാശ്മീര കീഴടക്കും.”
വേട്ടക്കാരിൽ ചിലർ പേടിച്ചു. മറ്റുചിലർ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നതിൽ സന്തോഷം കണ്ടെത്തി.
ഈ പതിനഞ്ച് ആനകൾ തന്നെ ധാരാളം. അമ്മ പറഞ്ഞതുപോലെ തന്ത്രങ്ങളാണ് യുദ്ധം, അതില്ലാതാകുമ്പോൾ യുദ്ധം തോൽക്കാൻ മാത്രമുള്ള ഒരു മത്സരമാണ്.
ഗജസേന ഒരു ബലമാണ് രഥം തെളിയിക്കാൻ വിദേന്ദ്രനാഥുണ്ട് സാരഥിയായി പോരാടാൻ വിധുരനുണ്ട് കൂടെ എല്ലാം മറന്ന് പൊരുതാൻ കൽഹണനുമുണ്ട്. എന്റേതെന്ന പോലെ അവരുടെയും ആദ്യ യുദ്ധമാണിത്. സാരഥിയായി മുന്നിൽ നിന്നു നയിക്കാൻ മനസ്സില്ലാത്തതു കൊണ്ടല്ല. വിധുരനാണ് എന്നേക്കാൾ കേമൻ. ഈ വിഭൂതി ഒരിക്കൽ ലോകമറിയുന്ന ശക്തിയാവുമെങ്കിൽ, വിധുരനായിരിക്കും അന്ന് വിഭൂതിദേശത്തിന്റെ സിംഹാസനം അലങ്കരിക്കുക.
അച്ഛന്റെ മൂന്നുതലമുറ മുമ്പത്തെ രാജാവ് ഹിരൺസാധനെ മാഗധത്തിനപ്പുറത്തേക്ക് നാടുകടത്തിയത് സിംഹവംശി രാജൻ രാജാവായിരുന്നു. സൈന്യാധിപനായിരുന്ന മുതുമുത്തച്ഛനാണ് നമ്മുടെ വംശം സ്ഥാപിച്ചത്. അതുകൊണ്ട് ഒന്നോർക്കുക. യുദ്ധം ജയിക്കാനായില്ലെങ്കിൽ സർവ്വം നഷ്ടപ്പെട്ടു എന്നംഗീകരിക്കാൻ പാകത്തിൽ മനസ്സിനെ പാകപ്പെടുത്തുക.
(തുടരും...)