mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ivar

ദേവകളുടെ  വംശാവലി (തിയോഗോണി) 

ക്രിസ്തുവിനും 700 കൊല്ലം മുൻപു ജീവിച്ചിരുന്നതായി കരുതപ്പെടുന്ന  ഹെസിയോഡ് എന്ന കവി രചിച്ച ദേവന്മാരുടെ വംശാവലി (തിയോഗോണി) ആണ് ഗ്രീക്കു ദേവന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും പൂർണ്ണവും പ്രധാനപ്പെട്ടതുമായ ഉറവിടം. എന്നാൽ പുരാതന ഗ്രീസിലെ മഹാകാവ്യങ്ങളായ ഇലിയഡിന്റെയും ഒഡീസിയുടെയും രചയിതാവ് എന്നു കരുതപ്പെടുന്ന ഹോമർ  ചില വ്യത്യസ്തതകളോടെ വംശാവലി അവതരിപ്പിച്ചിരിക്കുന്നു. രണ്ടിലും 'അവ്യവസ്ഥ' യാണ് പ്രപഞ്ചത്തിൽ ആത്യന്തികമായി ഉണ്ടായിരുന്നത്.  

അവ്യവസ്ഥയുടെ മഹാ ശൂന്യതയിൽ ഇരുട്ടും (ഇറബസ് ) രാത്രിയും (നിക്സ്)  ഉണ്ടാകുന്നു.   

ഹെസിയോഡിന്റെ വംശാവലി പ്രകാരം ഇരുട്ടിനാൽ മൂടപ്പെട്ട അവ്യവസ്ഥയിൽ നിന്നും സൂര്യ ചന്ദ്ര താരകങ്ങളെ ഉൾക്കൊള്ളുന്ന ആകാശം (യുറാനസ്) ജന്മമെടുക്കുന്നു. ദേവനായ ആകാശം ദേവതയായ  ഭൂമി (ഗിയ) യോടു ചേർന്ന് പന്ത്രണ്ടു ടൈറ്റാൻ ദേവകളെ സൃഷ്ടിക്കുന്നു.  
ഹോമറിന്റെ വംശാവലി പ്രകാരം   ഇരുട്ടും (ഇറബസ് ) രാത്രിയും (നിക്സ്) ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും സ്നേഹം (ഇറോസ്) ഉത്ഭവിക്കുന്നു. സ്നേഹത്തിന്റെ പിറവിയോടെ അവ്യവസ്ഥയുടെ അരാജകത്വത്തിൽ നിന്നും വ്യവസ്ഥകൾ (ക്രമപ്രകാരമുള്ള അവസ്ഥകൾ) ഉണ്ടാകുന്നു.  സ്നേഹത്തിൽ നിന്നും വെളിച്ചവും, പകലും ജനിക്കുന്നു. അവയിൽ നിന്നും ഒരിക്കൽ ഭൂമി (ഗിയ) ജന്മം കൊള്ളുന്നു.  ഭൂമി (ഗിയ) സ്വർഗ്ഗീയമായ ആകാശത്തിനു (യുറാനസ്) ജന്മമേകുന്നു. പിന്നീട് ആകാശം (യുറാനസ്) ഭൂമിയുമായി  (ഗിയ) ചേർന്നു ആറ് ആണും ആറ് പെണ്ണുമായി  പന്ത്രണ്ടു ടൈറ്റാൻ ദേവകളെ സൃഷ്ടിക്കുന്നു.   

ഇവരെ കൂടാതെ  മൂന്നു 'സൈക്ലോപുകളും' മൂന്നു  'ഹെക്കറ്റോൻചിയകളും' ടൈറ്റൻമാരുടെ സഹോദരങ്ങളായി ഉണ്ടായിരുന്നു.   സൈക്ലോപുകൾ  ഒറ്റക്കണ്ണന്മാരും ഭീമരൂപികളുമായിരുന്നു. നൂറു ബാഹുക്കളും, അമ്പതു ശിരസ്സുകളും ഉള്ള ശക്തിമാന്മാരായിരുന്നു  ഹെക്കറ്റോൻചിയകൾ. 
ഈ തലമുറ വരെയുള്ള ദേവഗണങ്ങളെ പൂർവ്വദേവകൾ  എന്നു വിളിച്ചുവരുന്നു. അതിനുശേഷമുള്ള ദേവഗണങ്ങളെ ഒളിമ്പ്യൻ ദേവകൾ എന്നു അറിയപ്പെടുന്നു. അവരുടെ അധിവാസം ഒളിമ്പസ് പർവതനിരകളിൽ ആണെന്നു കരുതപ്പെടുന്നു.  

മക്കൾ  തന്റെ സ്ഥാനം കവർന്നെടുക്കുമോ എന്നു ഭയന്നിരുന്ന യുറാനസ്, തന്റെ മക്കളെ അവരുടെ മാതാവായ ഗിയയുടെ ആഴങ്ങളിൽ ഒളിപ്പിക്കുന്നു. ഇതിൽ കുപിതയായ ഗിയ, തീക്കല്ലുകൊണ്ട് ഒരു അരിവാൾ നിർമ്മിക്കുകയും അതുപയോഗിച്ചു യുറാനസിനെ നേരിടാൻ തന്റെ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. മറ്റു മക്കൾ ഭയന്നപ്പോൾ, ഇളയ മകനായ ക്രോണസ് ആ ദൗത്യം ധൈര്യസമേതം ഏറ്റെടുത്തു. 

ഗിയയുമായി യുറാനസ് ശയിക്കുമ്പോൾ, മകനായ ക്രോണസ് തന്റെ അമ്മ നൽകിയ തീക്കല്ലുകൊണ്ടു യുറാനസിന്റെ ലിംഗഛേദം ചെയ്തു പരാജയപ്പെടുത്തി നേതൃസ്ഥാനം കരസ്ഥമാക്കുന്നു. ഗിയയിലേക്കു (ഭൂമിയിലേക്കു) ചിന്തിയ യുറാനസിന്റെ (ആകാശത്തിന്റെ) രക്തത്തിൽ നിന്നും അതികായരായ ഭൂതങ്ങളും, അപ്സരസ്സുകളും, പ്രതികാരത്തിന്റെ  ദേവതയായ എരിണീസ്‌ എന്നിവരും ജനിക്കുന്നു. കടലിലേക്കു വലിച്ചെറിയപ്പെട്ട യുറാനസിന്റെ ജനനേന്ദ്രിയം സൃഷ്ടിച്ച നുരയിൽ നിന്നും  രതിയുടെും സൗന്ദര്യത്തിന്റെയും അധിദേവതയായ അഫ്രോഡൈറ്റു ജന്മംകൊള്ളുന്നു.  
ക്രോണസം മറ്റു ടൈറ്റാൻമാരും തന്നോട് ചെയ്ത നിഷ്ടുരമായ പ്രവർത്തി കാരണം അവർ ശിക്ഷിക്കപ്പെടുമെന്ന്   യുറാനസ് ശപിച്ച ശേഷം അവിടെനിന്നും  പിൻവാങ്ങുന്നു.

ക്രോണസ് റിയയെ വിവാഹം കഴിച്ചു.  വംശാവലി പ്രകാരം ഗിയയുടെ മകളും, ക്രോണസിന്റെ സഹാദരിയുമാണ് റിയ. എന്നാൽ അവർക്കു മക്കളുണ്ടായപ്പോൾ, തന്റെ പിതാവിനെപ്പോലെ ക്രോണസും  ഭയക്കാൻ തുടങ്ങി. മക്കൾ തന്റെ സിംഹാസനം തട്ടിയെടുക്കാതിരിക്കാനായി ജനിച്ച ഉടൻ തന്നെ ഓരോ മക്കളെയും ക്രോണസ് വിഴുങ്ങി. ഇതിൽ മനം നൊന്ത റിയ തന്റെ ആറാമത്തെ കുഞ്ഞിനെ  ക്രീറ്റിലെ ഒരു പർവതത്തിൽ രഹസ്യമായി പ്രസവിച്ച ശേഷം തുണിയിൽ ഒരു കല്ലു പൊതിഞു ക്രോണസിനു കാഴ്ചവച്ചു.  റിയ പ്രസവിച്ച ആറാമത്തെ കുഞ്ഞാണ് അതെന്നു തെറ്റിദ്ധരിച്ച ക്രോണസ് കല്ലു വിഴുങ്ങി. 

പർവ്വതത്തിൽ ഒളിപ്പിച്ച 'സിയൂസ്' എന്നു നാമകരണം ചെയ്ത കുഞ്ഞിനെ അപ്സരസ്സുകൾ വളർത്തി. പിൽക്കാലത്തു് യുവകോമളനായ സിയൂസ് അവന്റെ പിതാവിനെ കണ്ടെത്തുകയും, അയാൾക്കു വീഞ്ഞുകൊണ്ടുള്ള മാന്തിക പാനീയം നൽകുകയും ചെയ്തു.  അതു കുടിച്ച ക്രോണസിന്റെ ഉള്ളിൽ നിന്നും സിയൂസിന്റെ സഹോദരന്മാരും സഹോദരികളും പുറത്തുവരികയും അതിനുശേഷം അവർ പൂർണ്ണ വളർച്ചയെത്തുകയും ചെയ്തു.  അഞ്ചുപേരും സിയൂസിനോട് നന്ദിയും വിധേയത്വവും ഉള്ളവരായിത്തീർന്നു.  
  
ലോകാധിപത്യത്തിനായി പൂർവ്വദേവകളായ ടൈറ്റാൻമാരുമായി സിയൂസിന്റെ നേതൃത്വത്തിൽ ഒളിമ്പസ് ദേവകൾ വളരെക്കാലം യുദ്ധം ചെയ്തു. ഇതിനെ ‘ടൈറ്റാൻമാരും ദൈവങ്ങളും തമ്മിലുള്ള യുദ്ധം’ എന്ന് അറിയപ്പെടുന്നു. സിയൂസും സഹോദരങ്ങളും ചേർന്ന കൂട്ടരാണ് ഒളിമ്പസ് ദേവകൾ.       
പൂർവ്വദേവകളിൽ ചിലർ യുദ്ധത്തിൽ സിയൂസിനോടൊപ്പം സഖ്യം ചേർന്നിരുന്നു. സൈക്ലോപുകളും, ഹെക്കറ്റോൻചിയകളും സിയൂസിനു വേണ്ടി യുദ്ധം ചെയ്തു. അദ്ദേഹത്തിനുവേണ്ടി സൈക്ലോപുകൾ മാരകായുധമായി ഇടിയും മിന്നലും സൃഷ്ഠിച്ചു നൽകി. ടൈറ്റാൻ സഹോദരിയും നീതി ദേവതയുമായ തെമിസും, അവരുടെ മകനും അഗ്നിദേവനുമായ പ്രൊമിത്യൂസും യുദ്ധത്തിൽ സിയൂസിനോടൊപ്പം നിലകൊണ്ടു. 
പത്തുവർഷത്തെ ടൈറ്റാനിക് യുദ്ധത്തിനൊടുവിൽ, പരാജയപ്പെട്ട പൂർവ്വദേവകളെ സിയൂസ് 'ടാർടാറസ്'  എന്ന അധോലോകത്തേക്ക് പലായനം ചെയ്യിച്ചു. അവിടെ അധിവസിക്കേണ്ടി വന്നതിനാൽ  ടൈറ്റാൻമാരെ അധോലോക ദേവന്മാർ എന്നു വിളിച്ചുപോരുന്നു.  പരാജിതരായ ടൈറ്റൻമാരുടെ രണ്ടാം നേതാവായിരുന്ന അറ്റ്ലസിനു ഭൂമി ചുമക്കുവാനുള്ള പ്രത്യേക ശിക്ഷ നൽകി. 
പിന്നീട് സിയൂസിനും കൂട്ടർക്കും ഭീമരൂപികളായ രാക്ഷസന്മാരുമായി ലോകാധിപത്യത്തിനായി യുദ്ധം ചെയേണ്ടി വന്നു. അതിലും അന്തിമമായി സിയൂസ് വിജയം കണ്ടെത്തി. അങ്ങനെ സിയൂസ് ലോകത്തിന്റെ അധിപനായിത്തീരുകയും ഒളിമ്പസിൽ തുടർന്നു വസിക്കുകയും ചെയ്തു. 

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ