mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു തട്ടിക്കൊണ്ടുപോകൽ

'കിഡ്‌ണാപ്പിംഗ്' അഥവാ 'തട്ടിക്കൊണ്ടുപോകൽ' എന്ന കലയിൽ മനുഷ്യരെപ്പോലെ ഗ്രീക്ക് ദേവന്മാരും പ്രാവീണ്യം നേടിയിരുന്നു.  നമുക്ക് വിശദമായി ഒന്നു പരിശോധിക്കാം. അതിസുന്ദരിയായ പെർസെഫോൺ, ഒളിമ്പസ് ദേവഗണങ്ങളുടെ നേതാവായ സിയൂസിന്റെയും ഉർവ്വരതയുടെ ദേവതയായ ഡിമീറ്ററിന്റെയും മകളായിരുന്നു.  

ഒരിക്കൽ യുവതിയായ പെർസെഫോൺ തോഴിമാരായ കടൽ  അപ്സരസ്സുകളുമായി വനഭംഗി ആസ്വദിക്കുകയായിരുന്നു. വിജനമായ ആ പ്രദേശം നിറയെ മനോഹരമായ പുഷ്പങ്ങളായിരുന്നു. അതവളെ സന്തുഷ്ടയാക്കി. അപ്പോൾ അതുവഴി വന്ന അധോലോക ദേവനായ ഹേഡീസ് അവളെ കാണാൻ ഇടയായി. അദ്ദേഹം അവളുടെ സൗന്ദര്യത്തിൽ വളരെ ആകൃഷ്ടനാവുകയും ഏതു വിധത്തിലും പെർസെഫോണിനെ സ്വന്തമാക്കണമെന്നും തീരുമാനിക്കുകയും ചെയ്തു. കളിച്ചും ചിരിച്ചും പൂക്കൾ ശേഖരിച്ചും സമയം പോക്കവേ പെർസെഫോൺ തോഴിമാരിൽ നിന്നും വളരെ അകന്നുപോയി. ആ അവസരത്തിൽ ഹേഡീസ് അവളെ കോരിയെടുത്തു തന്റെ സുവർണ്ണ രഥത്തിൽ കയറ്റി അധോലോകത്തേയ്ക്കു കൊണ്ടുപോയി.  
  
ഏറെ നേരം കഴിഞിട്ടും പൂക്കൾ പറിക്കാൻ പോയ പെർസെഫോണിനെ കാണാതെ അവളുടെ അമ്മയായ ഡിമീറ്റർ അവളെ അന്വേഷിച്ചു പുറപ്പെട്ടു. പെർസെഫോൺ സഞ്ചരിച്ച വഴികളിലൂടെ ആ അമ്മ മകളെ തേടി നടന്നു. വഴിയിൽ കണ്ട വൃക്ഷലതാദികളോടും, പക്ഷി മൃഗാദികളോടും പെർസെഫോണിനെ കണ്ടുവോ എന്നവർ അന്വേഷിച്ചു. ആർക്കും അറിയില്ലായിരുന്നു പെർസെഫോണ് എവിടെയാണെന്ന്.  പെർസെഫോണിന്റെ തോഴിമാരായ കടൽ  അപ്സരസ്സുകൾക്കും അറിയില്ലായിരുന്നു അവൾ എവിടെ മറഞ്ഞിരിക്കുന്നു എന്ന്. ദുഃഖിതയായ ഡിമീറ്റർ ദേവത, അവളുടെ എല്ലാ കർത്തവ്യങ്ങളിൽ നിന്നും വിട്ടകന്നു മകളുടെ വേർപാടിൽ നിഷ്ക്രിയയായി മാറി. അതോടെ ഭൂമിയിലെ വിളകൾ നശിക്കുവാൻ തുടങ്ങി. മണ്ണിന്റെ ഉർവ്വരത ക്ഷയിക്കുവാൻ തുടങ്ങി. മൃഗങ്ങളും മനുഷ്യരും പട്ടിണിയുടെ പ്രിരിമുറുക്കത്തിൽ കഷ്ടപ്പെടുവാൻ തുടങ്ങി. അതീവ ഗുരുതരമായ ഈ അവസ്ഥ, ദേവഗണങ്ങളുടെ നേതാവായ സീയൂസിന്റെ ശ്രദ്ധയിൽ എത്തി. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹത്തിനു മനസ്സിലായി. പക്ഷെ പെർസെഫോൺ എവിടെയാണെന്ന് സീയൂസിനും അറിയില്ലായിരുന്നു. 
  
ദിനരാത്രങ്ങൾ ദൂഖിതയായിക്കഴിഞ്ഞ ഡിമീറ്ററിന്റെ അവസ്ഥയിൽ അലിവുതോന്നിയ സൂര്യൻ, താൻ കണ്ട കാര്യം ദേവതയോടു പറഞ്ഞു. പകലോനായ സൂര്യന്റ കണ്ണിൽ പെടാതെ പകൽ വെളിച്ചത്തിൽ ഒന്നും സംഭവിക്കില്ലലോ. പെർസെഫോണിനെ കണ്ട അധോലോക നായകനായ ഹേഡീസ്  അവളിൽ അനുരക്തനായതും, ആരും അടുത്തില്ലാത്ത അവസരത്തിൽ അവളെ ബലം പ്രയോഗിച്ചു തേരിൽ കയറ്റി ഭൂമി പിളർന്നു അധോലോകത്തിലേക്കു കൊണ്ടുപോയതും സൂര്യൻ ഡിമീറ്ററിനോടു വെളിപ്പെടുത്തി.  
  
കാര്യങ്ങളുടെ സങ്കീർണ്ണത തിരിച്ചറിഞ്ഞ ഡിമീറ്റർ നേരെ സീയൂസിനെ കണ്ടു കാര്യങ്ങൾ ഗ്രഹിപ്പിച്ചു.  
ശക്തനും, അപ്രാപ്യനുമായ ഹേഡീസിൽ നിന്നും പെർസെഫോണിനെ മോചിപ്പിച്ചു കൊണ്ടുവരിക എന്നത് വളരെ ശ്രമകരമായ കാര്യമാണെന്നു തിരിച്ചറിഞ്ഞ സീയൂസ്, ആ ദൗത്യം  ഹെർമിസ് ദേവനെ ഏൽപ്പിച്ചു. 
  
ഇതിനിടയിൽ അധോലോകത്തു തറവറയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പെർസെഫോൺ ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി. ഹേഡീസ് നൽകിയ ആഹാരം കഴിക്കാൻ അവൾ കൂട്ടാക്കിയില്ല. അവൾക്കു ഏതു വിധേനയും അധോലോകം ഉപേക്ഷിച്ചു ദേവലോകമായ ഒളിംപസിൽ എത്തണം എന്നതായിരുന്നു ലക്‌ഷ്യം. ഒടുവിൽ വിശന്നു തളർന്ന പെർസെഫോൺ നിവർത്തിയില്ലാതെ വിളഞ്ഞു പഴുത്ത മാതളത്തിന്റെ ആറ് അല്ലികൾ ഭക്ഷിച്ചു. എന്നാൽ അവൾക്കറിയാൻ പാടില്ലാത്ത ഒന്നുണ്ടായിരുന്നു. അധോലോകത്തു നിന്നും എന്തെങ്കിലും ഭക്ഷിക്കുന്ന വ്യക്തിക്ക് അവിടം വിട്ടു പോകാൻ സാധിക്കുകയില്ല.  
  
ദൂതയായ ഹെർമിസ് അധോലോകത്തെത്തി, ഭൂമിയിലെ ദുരവസ്ഥയുടെ ഭീകരത ഹേഡീസിനെ ബോധ്യപ്പെടുത്തി. മാതളയല്ലികൾ കഴിച്ച കാരണം പെർസെഫോണിനു അധോലോകം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ കഴിയില്ല എന്ന് അവളെയും, അവളുടെ അമ്മയായ  ഡിമീറ്ററിനെയും ഹർമിസ് ബോധ്യപ്പെടുത്തി. എന്നാൽ അധോലോക നായകനായ ഹേഡീസിനെ സ്വീകരിച്ചാൽ എക്കാലവും പെർസെഫോണിനു അധോലോകത്തെ രാജ്ഞിയായി വാഴാം എന്നും  അവളെ  അറിയിച്ചു. ഒടുവിൽ എല്ലാവരുടെയും സമ്മതപ്രകാരം ആറുമാസം പെർസെഫോൺ അധോലോകത്തും ആറു മാസം ഭൂമിയിലും കഴിയും എന്നു തീരുമാനിക്കപ്പെട്ടു.  
  
പെർസെഫോണിന്റെ തിരിച്ചുവരവിൽ ഡിമീറ്റർ സന്തുഷ്ടയായി. അവൾ ഭൂമിയുടെ പ്രതലം പൂത്തുലഞ്ഞ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. വസന്തം അതിന്റെ എല്ലാ നിറങ്ങളോടും കൂടി അണിഞ്ഞൊരുങ്ങി. പക്ഷികൾ പാടി, ഉയരങ്ങളിൽനിന്നും സൂര്യദേവൻ തന്റെ സഹസ്രകിരങ്ങളാൽ ഉർവ്വരയായിമാറിയ ഭൂമിയെ തഴുകി.  പൂക്കളിൽ നിന്നു പൂക്കളിലേക്കു ഭൃംഗങ്ങൾ പരാഗ രേണുക്കളുമായി പറന്നലഞ്ഞു. വയലേലകളിൽ തിനയും, ഗോതമ്പും, റാഗിയും വിളഞ്ഞു പഴുത്തു. ഭൂമിയിൽ നിന്നും പട്ടിണി മാറി. എവിടെയും സന്തോഷം അലതല്ലി.  
  
എന്നാൽ ഈ സന്തോഷം ഉടമ്പടി പ്രകാരം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ കൊഴിഞ്ഞുപോയി.  പെർസെഫോൺ അടുത്ത ആറു മാസങ്ങൾ  സാധോലോഅകത്തേക്കു പോകവേ, ഡിമീറ്റർ വീണ്ടും ദുഖത്തിലേക്കു വഴുതിവീണു. തരുലതാദികൾ ഇലപൊഴിച്ചു. ശിശിരത്തിന്റെ അന്ത്യത്തിൽ തണുത്ത തെക്കൻ കാറ്റുമായി ഹേമന്തമെത്തി. വാസന്ത വർണ്ണങ്ങളുടെ സ്ഥാനത്തു, ശൈത്യത്തിന്റെ ചാര നിറം മൂടി. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ