mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇന്ന് ആ മരോട്ടി മരം മുറിച്ചു. മുറിപ്പിച്ചത് അയൽവാസി ഗോപാലൻചേട്ടന്റെ മകൻ മനോജായിരുന്നു. എന്റെ ചെറുപ്പത്തിൽ അത് ഞങ്ങളുടെ പറമ്പിലായിരുന്നു. ആ വൃക്ഷത്തിന് പ്രത്യേകതകൾ അധികം ഇല്ലായിരുന്നു. ആകർഷകമായ രൂപമോ, കഴിക്കാൻ കൊള്ളാവുന്ന ഫലമോ ഇല്ല. ഒരു പാഴ്മരം അയി അച്ഛൻ അതിനെ കണക്കാക്കിയിരുന്നു. 

മരോട്ടിയുടെ ഇലയ്ക്ക് കീടങ്ങളെ അകറ്റി നിറുത്താൻ കഴിയും. അതിനാൽ വയലിൽ കൃഷി ഇറക്കും മുൻപ് മരം കോതിയിറക്കി, അതിലെ ഇലകൾ വയലിലെ ചെളിയിൽ ചവിട്ടി പുതച്ചിടാറുണ്ടായിരുന്നു. കുഷ്ഠരോഗത്തിനുള്ള ചികിത്സയായി മരോട്ടിഎണ്ണയും, ഇല അരച്ചതും ഉപയോഗിക്കും എന്നു കേട്ടിട്ടുണ്ട്. എങ്കിലും ആരെങ്കിലും അത്തരത്തിൽ ഒരാവശ്യവുമായി വന്ന്, ഞങ്ങളുടെ മരോട്ടിയുടെ കായകൾ പറിച്ചുകൊണ്ടു പോയിരുന്നില്ല. കാർത്തിക നാളിൽ, മരോട്ടിയുടെ കായ പൊട്ടിച്ചെടുത്ത ശേഷം, ചിരട്ട പോലെ  മുറിച്ചു രണ്ടാക്കി, എണ്ണ ഒഴിച്ചു, തിരിയിട്ടു കത്തിക്കുമായിരുന്നു. നിരത്തിവെച്ച ദീപങ്ങൾക്കരികിൽ നിന്നുകൊണ്ട് 'അരിയോര'  'അരിയോര' എന്നു പുഴുപ്പല്ലിനിടയിലൂടെ സന്ധ്യയ്ക്കു ഉറക്കെ വിളിക്കുമ്പോൾ എന്തു സന്തോഷമായിരുന്നു!

പറമ്പിലെ മൂവാണ്ടൻ മാവിനോടോ, മുറ്റത്തോടു ചേർന്നുനിന്നിരുന്ന ഇലഞ്ഞിയോടൊ, ഓണക്കാലത്തു ഊഞ്ഞാൽ ഇട്ടിരുന്ന വരിക്കപ്ലാവിനോടോ ഉള്ള പ്രതിപത്തി മരോട്ടിയോട് എനിക്കുണ്ടായിരുന്നില്ല. എങ്കിലും ചെറുപ്പത്തിൽ മരോട്ടിയുടെ ചുവട്ടിൽ കൂട്ടുകാരുമൊത്തു കളിച്ചിരുന്നു. വലിയച്ഛൻ വൈദ്യർ ആയിരുന്നതിനാൽ, അദ്ദേഹം വീട്ടു മുറ്റത്തുനിന്നും വിഹഗ വീക്ഷണം നടത്തി മരോട്ടിയുടെ ആരോഗ്യബന്ധത്തെപ്പറ്റി ചില പ്രസ്താവനകൾ നടത്തുമായിരുന്നു. അമ്മയുടെ ചറുപ്പത്തിൽ വലിയച്ഛൻ എവിടുന്നോ കൊണ്ടുവന്നു നട്ടതായിരുന്നു ആ മരം. അമ്മയുടെ ചെറുപ്പത്തിലും, എന്റെ ചറുപ്പത്തിലും തീർച്ചയായും അത് അതിരിന് ഇപ്പുറത്തായിരുന്നു. മരം കഴിഞ്ഞുള്ള ഒരു ചെറിയ തിടിലായിരുന്നു ഞങ്ങളുടെ അതിർത്തി. തിടിലിനു താഴെയുള്ള ഭാഗം അയൽവാസി ഗോപാലൻ ചേട്ടന്റെ പറമ്പും. ഞങ്ങളുടെ തിടിലിനും, അതിനും താഴെയുള്ള തോടിനും ഇടയിലുള്ള മുക്കാൽ സെന്റ് ഭൂമി എങ്ങനെ ഗോപാലൻ ചേട്ടനു കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. ഇന്നും പിടികിട്ടുന്നില്ല.

കൂട്ടുകാരെ, ഇങ്ങനെയുള്ള മരോട്ടിയാണ് കൂറു മാറി ഗോപാലൻ ചേട്ടന്റെ പറമ്പിലേക്ക് പൊറുതിയ്ക്കു പോയത്. 

മരോട്ടിക്കു ഞങ്ങളോടു വിരോധമുണ്ടാകാൻ പ്രത്യക്ഷത്തിൽ ഞങ്ങൾ ക്രൂരത ഒന്നും ചെയ്തിരുന്നില്ല. എല്ലാ വർഷവും ചീറിയ ശിഖരങ്ങൾ വെട്ടിയിരുന്നതുകൊണ്ട് ഗുണം മരത്തിനും ഉണ്ടായിരുന്നു. പൂർവാധികം ശക്തിയോടെ പുതിയ ശാഖകൾ അതിൽ കിളിർത്തു വന്നിരുന്നു. പിന്നെ എന്തിനാണ് മരോട്ടി ഞങ്ങളെ തഴഞ്ഞുകൊണ്ട് ഗോപാലൻ ചേട്ടനെ ശരണം പ്രാപിച്ചത്? അറിയില്ല. അതൊരു പ്രഹേളികയാണ് എന്നെ വേദനിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്നു.

മനോജിന്റെ അച്ഛനായ ഗോപാലൻ ചേട്ടനു മരോട്ടിയോടു പണ്ടേ ഇത്തിരി ഇഷ്ടം ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്കു മൺവെട്ടിയും കൊണ്ട് അദ്ദേഹം തന്റെ പറമ്പിൽ ചില പ്രയോഗങ്ങൾ ചെയ്തിരുന്നു. പറമ്പു വൃത്തിയാക്കുന്ന കൂട്ടത്തിൽ മരോട്ടിയോടു ചേർന്നുള്ള തിടിലും വ്യത്തിയാക്കിയിരുന്നു. താഴെ നിന്നും തൂമ്പാ കൊണ്ടു തിടിൽ ചെത്തി മിനുക്കി മിനുക്കി കാലക്രമത്തിൽ തിടിൽ ഉള്ളിലേക്ക് പിൻവലിയുകയും ഗോപാലൻ ചേട്ടന്റെ പുരയിടം വലുതാവുകയും ചെയ്തു. എല്ലാ ജീവജാലങ്ങൾക്കും ഉള്ളതുപോലെ പറമ്പിനും വളർച്ച  ഉണ്ടെന്നു ഒരുപാടു നാളുകൾ കൊണ്ടാണ് ഞാൻ മനസ്സിലാക്കിയത്. ജീവശാസ്ത്രപരമായി പുരയിടം ഒരു ജീവിയല്ല. എങ്കിലും നല്ല അയൽക്കാരുടെ സാന്നിധ്യത്തിൽ പുരയിടം ഒരു ജീവിയുടെ ലക്ഷണങ്ങൾ കാണിക്കും എന്നതാണ് എന്റെ കണ്ടെത്തൽ. കാർഷിക സർവ്വകലാശാലയിൽ PhD വാരിക്കോരി കൊടുക്കുന്ന കൂട്ടത്തിൽ, ഒരെണ്ണം ഞാൻ ഒപ്പിച്ചെടുത്തത് എന്റെ ഈ കണ്ടെത്തൽ ഉപയോഗിച്ചായിരുന്നു. ഞാൻ Dr.ഞാനായതിന്റെ സർവ്വ ക്രെഡിറ്റും സത്യത്തിൽ ഗോപാലൻ ചേട്ടനുള്ളതാണ്. അതുകൊണ്ടാണ് ചുരണ്ടി ചുരണ്ടി ആസ്മ ബാധിച്ചു് അവശനായ ഗോപാലൻചേട്ടനെ കാണാൻ പോകണമെന്ന് അമ്മ നിർബന്ധിച്ചത്. വെറും കയ്യോടെ പോകുന്നതു ശരിയല്ലല്ലോ. അമ്മ നല്ല  മധുരമുള്ള ഒരു വലിയ കേക്ക് ഇതിനായി വാങ്ങി വച്ചിരുന്നു. ഗോപാലൻ ചേട്ടനു പ്രമേഹവും ഉണ്ടായിരുന്നു എന്ന് അസൂയക്കാർ പറയുന്നു. സത്യമാണോ ആവോ!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ