mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 7

പൊട്ടി വന്ന തേങ്ങൽ ഉള്ളിലടക്കിയെങ്കിലും ഒന്നും പറയാനാവാതെ  നിർനിമേഷനായി അയാളാ ആഭരണങ്ങളിൽ നോക്കിയിരുന്നു. ഒരു പാട് ഓർമ്മകൾ അയാളുടെ  ഉള്ളിൽ മിന്നി മാഞ്ഞുവെന്ന് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി.

ആ മിഴികൾ  നിറഞ്ഞു കവിഞ്ഞിരുന്നു.  ദു:ഖവും, ദയനീയതയും കലർന്ന ഒരു നിസ്സഹായാവസ്ഥ മാത്രം മുഖത്ത്! ഒപ്പം ഒരു നീർഘ നിശ്വാസവും. 

അയാളാ ആഭരണങ്ങൾ അടങ്ങിയ പൊതി വിറയ്ക്കുന്ന കരങ്ങളോടെ മാറോടു ചേർത്തു.

ഹൃദയത്തിനുള്ളിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ദു:ഖം  ഒരു നീരുറവയായ് മിഴികൾ നിറഞ്ഞ് കവിൾത്തടം നനച്ച് ഒഴുകി. ഗദ്ഗദകണ്ഠനായ് അയാൾ പറഞ്ഞു.  

"ഒരു വാക്കു പോലും പറയാതെ പെട്ടന്നൊരുനാൾ  അവൾ പോയതോടെ ഞാനാകെ  തകർന്നു പോയി. ഞാൻ മാത്രമല്ല, ഈ കുടുംബം ഒന്നാകെ തകർന്നടിഞ്ഞു പോയി. സോഫിയുടെ മരണം അമ്മച്ചിയ്ക്ക് വലിയ ഷോക്കായിരുന്നു. അമ്മച്ചിയും പിന്നാലെ ചാച്ചനും പോയതോടെ ഞാനും മക്കളും വല്ലാതെ ഒറ്റപ്പെട്ടു. ഇവരെ പഠിപ്പിക്കുവാനും മറ്റും ഞാനേറെ കഷ്ടപ്പെട്ടു."

"ചേട്ടൻ സഹായിച്ചില്ലേ?" ടീച്ചർ ചോദിച്ചു.

"സഹായിച്ചില്ലെന്ന് മാത്രമല്ല ചാച്ചൻ എനിക്കും, ചേട്ടനും  ഒരുപോലെ എന്നു പറഞ്ഞ് തുടങ്ങിയ സൂപ്പർമാർക്കറ്റ് തന്ത്രപൂർവ്വം ചേട്ടൻ സ്വന്തമാക്കി."

"ഓ ..അതെങ്ങനെ?"

പ്രിയയിൽ നിന്നും കഥകൾ കേട്ടിരുന്നു എങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ ടീച്ചർ ചോദിച്ചു.

"ലോൺ എടുക്കാനൊന്നും പോവാൻ വയ്യെന്നു ചാച്ചൻ  പറഞ്ഞിരുന്നു. അതിനാൽ ലോൺ എടുക്കാനെന്നെ വ്യാജേനെ എല്ലാം ആദ്യം തന്നെ ചേട്ടൻ സ്വന്തം പേരിലാക്കി. ഇന്നുവരെ അതിൻ്റെ വീതം ചോദിക്കാനൊന്നും ഞാൻ പോയില്ല."

"ചാച്ചൻ സൂപ്പർ മാർക്കറ്റ്  രണ്ടാൾക്കും എന്നു പറഞ്ഞു തുടങ്ങിയതല്ലേ? ജോയിച്ചേട്ടന്  ചോദിക്കാമായിരുന്നു. ഇനിയാണെങ്കിലും ചോദിക്കണമെന്നാണ് എൻ്റെ അഭിപ്രായം." ടീച്ചർ പറഞ്ഞു.

"അതു പോട്ടെ എന്നു വയ്ക്കാം. കല്യാണ സമയത്ത് സോഫിക്ക് കിട്ടിയ സ്വർണ്ണമെല്ലാം സൂപ്പർമാർക്കറ്റ് പണിയുവാനായ്   അവൾ നൽകി.  സോഫി കൊടുത്ത സ്വർണ്ണം മോളുടെ വിവാഹത്തിന്   തിരിച്ചു തരുമെന്ന പ്രതീക്ഷയിൽ ഞാൻ ചേട്ടനോട് ചോദിച്ചു. പക്ഷേ.. സ്വർണ്ണം കൊടുത്തതിനു എന്തു തെളിവുണ്ട് എന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. സോഫി ഒരു പാവമായിരുന്നു.  അവളുടെ സ്വർണ്ണം മുഴുവൻ എടുത്ത് കൊടുത്തത് അമ്മച്ചിക്ക് ഇഷ്ടമായില്ല. അമ്മച്ചി പലപ്പോഴും പറയുമായിരുന്നു  അവർ കാര്യം കണ്ടു കഴിയുമ്പോൾ നിങ്ങളെ തഴയുമെന്ന്. അമ്മച്ചിയുടെ പ്രവചനം ശരിയായി. അവർ എല്ലാ രീതിയിലും  ഞങ്ങളെ തഴഞ്ഞു."

 "ഏതായാലും ഈ സ്വർണ്ണം    കിട്ടിയല്ലോ  സന്തോഷമായില്ലേ ജോയിച്ചേട്ടന് ?"

"ഈ സ്വർണ്ണവും റാണി ചേച്ചി  മേടിച്ചെടുത്തിട്ടുണ്ടാവുമെന്നാണ്   ഞാൻ കരുതിയത്.  പലപ്പോഴും ഞാൻ മനസുകൊണ്ട്  സോഫിയോട് ചോദിക്കുമായിരുന്നു. അമ്മച്ചി മരിയ മോൾക്കു തന്ന സ്വർണ്ണം എവിടെ എന്ന് ?"

തേങ്ങലോടെ അയാൾ പറഞ്ഞു.

 "ജോയിച്ചേട്ടൻ്റെ സോഫി തന്നെയാണ് ഈ മറുപടി തന്നത്. പക്ഷേ അത് പ്രിയയുടെ സ്വപ്നത്തിലൂടെയാണെന്നു മാത്രം."

"മരിയ മോളുടെ വിവാഹം നിശ്ചയിച്ച ശേഷമാണ് ഇങ്ങനൊരു സ്വർണ്ണം സോഫീടമ്മച്ചി തന്നിട്ടുണ്ടല്ലോ എന്നൊരു ഓർമ്മ വന്നതു തന്നെ. ആ സ്വർണ്ണമെവിടെ എന്നും, എങ്ങനെ നഷ്ടപ്പെട്ടു,  എന്നൊന്നുമറിയാതെ  ഞാനാകെ വിഷമത്തിലായിരുന്നു."

"ഞാൻ പറഞ്ഞല്ലോ  ജോയിച്ചേട്ടാ, നമ്മുടെ ഒക്കെ  ജീവിതത്തിൽ  ആശ്വാസമേകുവാനും, കരുത്ത് പകരുവാനും, കൈപിടിച്ചുയർത്തുവാനും നിയോഗിക്കപ്പെട്ട ചിലരുണ്ട്. ഏതു പ്രതിസന്ധിയും തരണം ചെയ്ത് അവർ വരും സമയമാകുമ്പോൾ. പ്രിയയുടെ സ്വപ്നവും അതുപോലെ ഒരു നിയോഗമായിരിക്കും."

"അതെ ടീച്ചർ, തീർച്ചയായും   ഇത് ഒരു നിയോഗം തന്നെ. അല്ലെങ്കിലെങ്ങനെ ഇത്ര ദൂരെ നിന്നും ഞങ്ങളെ തേടി വരുവാനും, അവൾ അന്ന് സൂക്ഷിച്ചു വച്ച സ്വർണ്ണം എടുത്തു തരുവാനും ആ കുട്ടിയ്ക്കു കഴിയും. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന നിക്കറിയില്ല.

ആ കുട്ടിയോട് നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ടാണ് ടീച്ചറിനോട് പറയുന്നത്."

"ഇതിലിപ്പം നന്ദിയുടേയോ കടപ്പാടിൻ്റെയോ കാര്യമില്ല. ആ കുട്ടി കണ്ട സ്വപ്നത്തെക്കുറിച്ച് എല്ലാം അവൾ നീനയോടു പറഞ്ഞിരുന്നു. അവൾ എല്ലാക്കാര്യങ്ങളും എന്നോടും പറയും. ആദ്യമൊക്കെ ഒരു തമാശ പോലെ തോന്നിയെങ്കിലും സ്ഥിരമായി ഒരേ സ്വപ്നം ആവർത്തിച്ചു കണ്ടെന്നു പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീടെല്ലാം ഞാൻ പറഞ്ഞതുപോലെ നീന ചെയ്തു. ഞാൻ പിന്നാലെ വരുന്നതോ, അവരുടെ സംസാരമെല്ലാം ഫോണിലൂടെ കേൾക്കുന്നതോ ഒന്നും പ്രിയയ്ക്കറിയില്ല. അവരുടെ തൊട്ടുപിന്നാലെ തന്നെ ഞാനുണ്ടായിരുന്നു. അതാണവൾ ബോധം കെട്ടു വീണതേ ഞാനോടിയെത്തിയത്."

"ടീച്ചർ.. എൻ്റെ കല്യാണത്തിന് ടീച്ചറും, കുട്ടികളും വരണേ. ഞാൻ ക്ഷണിക്കുന്നുണ്ട്."  മരിയ പറഞ്ഞു.

"ങ്ഹാ.. പറയാൻ മറന്നു. അവൾക്ക് സോഫിയായി ഇവിടെ വന്ന കാര്യമൊന്നും ഇപ്പോൾ ഓർമ്മയില്ല. എൻ്റെ മോളുടെ കൂട്ടുകാരിയാണ് പ്രിയ. സംസാരിക്കുമ്പോൾ അക്കാര്യം ഒന്നു ശ്രദ്ധിക്കണം കേട്ടോ."

"അറിയാം ടീച്ചർ. മരിയ മോളെ നീ ഇത് കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്ക്. നിൻ്റെ അമ്മയുടെ സമ്മാനമാണ്.''

വിറയ്ക്കുന്ന കരങ്ങളോടെ അവളാ പൊതി വാങ്ങി. ചുണ്ടുകളമർത്തി ദു:ഖം ഉള്ളിലൊതുക്കിയെങ്കിലും അവളുടെ മിഴികൾ തുളുമ്പി. മുഖം ചുവന്നു തുടുത്തു. ഹൃദയമിടിപ്പിൻ്റെ ശബ്ദം ഉച്ചത്തിലായി. 'എൻ്റെ അമ്മേ' എന്നൊരു വിളി അവളുടെ തൊണ്ടയിൽ കുടുങ്ങി.

മരിയ  കയറി ചെല്ലുമ്പോഴേയ്ക്കും കൂട്ടുകാരികൾ രണ്ടു പേരും മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നു.

"പ്രിയയുടെ ക്ഷീണമൊക്കെ മാറിയോ?'' മരിയ ചോദിച്ചു.

"ഉം.. ടീച്ചറെവിടെ?"

പ്രിയ ചോദിച്ചു.

"വരൂ."

അവർ മുറ്റത്ത് ടീച്ചറിനരുകിൽ വന്നു നിന്നു. പ്രിയയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു. 

''പ്രിയേ.. ഇപ്പോഴെങ്ങനെയുണ്ട്, ക്ഷീണമുണ്ടാേ?"

''ഇല്ല ടീച്ചർ .. ഈ നീന പറയുവാ ഞാൻ ബോധംകെട്ടു വീണൂന്ന്."

''എനിക്ക്  തലകറങ്ങുന്നതുപോലെ തോന്നുന്നു  എന്ന് പറഞ്ഞത് പ്രിയ മറന്നോ ?'' അവളെ പരീക്ഷിക്കാനായി ടീച്ചർ ചോദിച്ചു. 

"എനിക്കോർമ്മയില്ല ടീച്ചർ. നമ്മൾ എവിടെയാണ്? ഇതാരുടെ വീടാ? ഞാനെങ്ങനെ ഇവിടെത്തി?" പ്രിയ ചോദിച്ചു.

"ഈ  മരിയ എൻ്റെ ഓൾഡ് സ്റ്റുഡൻ്റാണ്. ഞാൻ ഇവളെ കാണാൻ വരുന്ന വിവരം അറിഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും പിന്നാലെ കൂടിയതൊക്കെ ഇത്ര വേഗം മറന്നോ?"

ടീച്ചർ തട്ടി വിട്ട കള്ളം വിശ്വസിച്ചോ എന്തോ പ്രിയ അപരിചിതമായ വീടും, ചുറ്റുപാടുകളുമൊക്കെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി.

"നീനാ നിങ്ങൾ കാറിൽ പോയിരിക്ക് ഞാനുടൻ വരാം."  ടീച്ചർ കീ നീനയുടെ കൈയ്യിൽ കൊടുത്തു. അവർ പോയപ്പോൾ ടീച്ചർ പറഞ്ഞു.

"ഏതായാലും ദൈവത്തിൻറെ വലിയൊരു ഇടപെടലാണ് നിങ്ങളുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വർണ്ണം  തിരിച്ചു കിട്ടാൻ കാരണം. സോഫിയുടേം നിങ്ങളുടേം മനസിൻ്റെ നൻമ ദൈവം കാണുന്നുണ്ട്.  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിങ്ങൾക്ക്  അവകാശപ്പെട്ടത് നിങ്ങളുടെ ചേട്ടൻ  തന്നില്ലെങ്കിലും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ദൈവം തരും. തീർച്ചയായും അവരെക്കാളും ഉന്നതിയിൽ ദൈവം നിങ്ങളെ എത്തിച്ചിരിക്കും. ഞാൻ ഇറങ്ങട്ടെ. മരിയ മോളെ വിവാഹത്തിന് ഒരുങ്ങുന്ന മോൾക്ക് എല്ലാ ആശംസകളും, പ്രാർത്ഥനകളും നേരുന്നു."

തൻ്റെ കുടുംബത്തിലേയ്ക്ക്  നിധികുംഭവുമായി പ്രിയ കടന്നു വരാൻ കാരണക്കാരിയായ  ടീച്ചറിൻ്റെ പാദങ്ങൾ  മരിയ തൊട്ട് നമസ്ക്കരിച്ചു. വിങ്ങിപ്പൊട്ടുന്ന അവളെ പിടിച്ചെഴുന്നേൽപ്പിച്ച ടീച്ചർ അവളുടെ ശിരസിൽ ഒരു സ്നേഹചുംബനം നൽകി.

നിറഞ്ഞ മനസോടെ അവരോട് യാത്ര  പറഞ്ഞിറങ്ങുമ്പോൾ  എന്തിനെന്നറിയാതെ ടീച്ചറുടെ മിഴികളും തുളുമ്പിയിരുന്നു.

മിഴി തുടച്ചു കൊണ്ട് ടീച്ചർ കാർസ്റ്റാർട്ട് ചെയ്തു.

"മമ്മാ.. കാർ ഒന്നു നിർത്തണേ, കുമാരേട്ടൻ്റെ കടയിൽ നിന്ന് കുറച്ചു പലഹാരങ്ങൾ വാങ്ങണം."

ടീച്ചർ കാർ നിർത്തി. നീന  ഇറങ്ങിപ്പോയി എന്തൊക്കെയോ പലഹാരങ്ങൾ വാങ്ങിക്കൊണ്ടുവന്നു. കവർ തുറന്ന് ഓരോ പീസ് കൽത്തപ്പം എടുത്ത് മമ്മയ്ക്കും, പ്രിയയ്ക്കും കൊടുത്തു. അവളും കഴിച്ചു തുടങ്ങി. കൽത്തപ്പം കയ്യിൽ വാങ്ങിയ  പ്രിയ അത് തിരിച്ചും, മറിച്ചും നോക്കി.

"ഇതെന്താ നീനാ കേക്കണോ?" പ്രിയ ചോദിച്ചു. 

"ഇതാണ് കൽത്തപ്പം."

''കൽത്തപ്പമോ? ഞാൻ ഇങ്ങനൊരു പേര് കേട്ടിട്ടുപോലുമില്ല."

 "നല്ല ടേസ്റ്റാടീ, നീ തിന്നു നോക്ക്." 

പ്രിയ ഒരു ചെറിയ പീസ് എടുത്ത് കഴിച്ചു നോക്കി. അവൾക്ക് എന്തോ  അത്ര രുചികരമായി തോന്നിയില്ല.

"എനിക്ക് ഇതിൻ്റെ  നെയ്യുടെ രുചി  ഇഷ്ടമല്ല. ഞാൻ ഈ പഴംപൊരി കഴിച്ചോളാം. 

അവൾ കവറിൽ നിന്നും പഴംപൊരി എടുത്ത് തിന്നാൻ തുടങ്ങി.

കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോൾ 'ദൈവത്തിൻ്റെ വഴികൾ എത്ര വിചിത്രം ' എന്ന് ചിന്തിക്കുകയായിരുന്നു ടീച്ചർ.

 

 ... അവസാനിച്ചു ...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ