mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

റോഡിനിരുവശവുമുള്ള തോട്ടങ്ങളിൽ ഏലവും, കാപ്പിയും, ജാതിയും, കുരുമുളകുമെല്ലാം തഴച്ചു വളരുന്നു. കുറേ ദൂരം മുന്നോട്ടു പോയ ശേഷം റോഡിൽ നിന്നും 50 മീറ്റർ മാറിയുള്ള  ഒരു  വീടു ചൂണ്ടിക്കാട്ടി പ്രിയ പറഞ്ഞു. 

"നീനാ.. ഇതാണ് എൻ്റെ വീട്. ഞാനും എൻ്റെ ജോയിച്ചായനും താമസിച്ചിരുന്ന ഞങ്ങളുടെ വീട്."  

അതു പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു. മിഴികളിൽ വെള്ളം  നിറഞ്ഞു.    

വിശാലമായ പറമ്പും  കടന്ന് ചെറിയ റോഡിലൂടെ അവർ  മുറ്റത്തേയ്ക്കു നടന്നു. മുറ്റത്തരികിലായ് പലയിനം പൂക്കൾ സുഗന്ധം പരത്തി  വിടർന്നു നിൽക്കുന്നു. വിശാലമായ മുറ്റം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തേയ്ക്ക് കടന്നു ചെല്ലുമ്പോൾ പ്രിയയുടെ മുഖം  സന്തോഷത്താൽ വിടർന്നു.

''ജോയിച്ചായാ... ജോയിച്ചായാ..''

 ചിരപരിചിതയെ പോലെ ഉറക്കെ വിളിച്ചു കൊണ്ടവൾ  നേരെ വീടിൻ്റെ പോർച്ചിനോടു ചേർന്ന ഭിത്തിയിലുള്ള കോളിംഗ് ബല്ലിൽ വിരലമർത്തി.  മറുപടി  ഒന്നും കേൾക്കാതായപ്പോൾ  വീണ്ടും ഉറക്കെ വിളിച്ചു.

"ജോയിച്ചായാ.. " 

"ഇവിടെ ആരുമില്ലേ?" 

'' ജോയിച്ചായാ...മരിയ മോളേ... "

മറുപടിയൊന്നും കിട്ടാതായപ്പോൾ പ്രിയയുടെ മുഖം വാടി.

"പ്രിയെ..ഇവിടെ ആരും ഇല്ലെന്നു തോന്നുന്നു. നമുക്ക് തിരിച്ച് പോവാം." നീന പറഞ്ഞു.

"പ്രിയയല്ല! ഞാൻ  സോഫിയയാണ്." അവൾപറഞ്ഞു.  

 "സോഫിയ! സോഫിയ !"

നീന പതിയെ ഉരുവിട്ടു.

"ഇനി നമ്മൾ എന്ത് ചെയ്യും?"  നീന ചോദിച്ചു.

"നമുക്കൊരു കാര്യം ചെയ്യാം. ആഞ്ഞിലിമൂട്ടിലെ ബേബിച്ചേട്ടൻ്റെ വീട്ടിൽ പോയി ചോദിക്കാം. നീ വാ."

പ്രിയ വീടിൻ്റെ ഇടതു വശത്തുള്ള ചെറിയ നടവഴിയെ നടന്നു. പിന്നാലെ നീനയും. 

''ഈ നീലംമാവ് ജോയിച്ചായൻ  വയനാട്ടിലുള്ള പേരപ്പൻ്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണ്. ഇതിലെ മാങ്ങപ്പഴത്തിന് പ്രത്യേക സ്വാദാണ്.  ഈ പ്ലാവിന് മരിയ മോളുടെ പ്രായമുണ്ട്. ഈ തെങ്ങ് ഞങ്ങൾ കുററ്യാടിയിൽ നിന്നും വാങ്ങിയതാണ്."

പോകും വഴിയ്ക്കുളള മരങ്ങളെപ്പറ്റിയും, ചെടികളെപ്പറ്റിയുമൊക്കെ വിവരണം നൽകിക്കൊണ്ടാണ് അവൾ നടക്കുന്നത്. നീന  ബാഗിൽ നിന്ന് ഫോണെടുത്ത് മമ്മയ്ക്ക് സന്ദേശമയച്ചു. വീണ്ടും കാൾ ചെയ്ത് ഫോൺ ബാഗിൽ വെച്ചു. ഇതൊന്നും പ്രിയയറിയാതെയിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.  

നൂറു മീറ്റർ ചെന്നു കാണും,അവർ ഒരു പുതിയ വീടിൻ്റെ മുറ്റത്തെത്തി. 

"ട്രീസചേച്ചീ.. ട്രീസ ചേച്ചീ.. "

''ആരാ? എന്താ വേണ്ടേ ?" മധ്യ വയസ്ക്കയായ ഒരു സ്ത്രീ നൈറ്റിയിൽ കൈ തുടച്ചു കൊണ്ട് ഇറങ്ങി വന്നു.

 "ട്രീസ ചേച്ചി എന്ത്യേ?"

''അവർ സ്ഥലം വിറ്റു കട്ടപ്പനയ്ക്ക് പോയി. ഇപ്പോൾ ഞങ്ങളാ ഇവിടെ താമസം."

" ചേച്ചീ.. അപ്രത്തെ വീട്ടിലെ ജോയിച്ചേട്ടനെ കാണാൻ വന്നതാ ഞങ്ങൾ. അവിടാരേം കാണുന്നില്ല. അവർ എവിടെ പോയ്ന്ന് അറിയാമോ ?"

നീന ചോദിച്ചു.

"അവരൊരു കല്യാണത്തിന് പോയിരിക്കുകയാണ്."

"അയ്യോ!  അവർ  ഇനി എപ്പോഴാ വരിക?"

"ഉച്ച കഴിയും.  രണ്ടുമണിയാവുമ്പോഴേയ്ക്കും വരുമായിരിക്കും. നിങ്ങൾ എവിടുന്നാ മക്കളേ, ജോയിയുടെ ബന്ധുക്കളാണോ?" 

മറുപടി പറഞ്ഞത് നീനയാണ്.

''ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്. മരിയ മോളുടെ കൂട്ടുകാരാണ്."

അവർ പോയ വഴി തന്നെ തിരികെ വീട്ടിലെത്തി.

"നീനാ.. നീ എൻ്റെ വീട്ടിൽ വന്നിട്ട് നിനക്ക് ഒന്നും തരാൻ പറ്റിയില്ലല്ലോ? ജോയിച്ചായൻ താക്കോൽ ഇവിടെ എവിടേലും വച്ചിട്ടുണ്ടോന്ന് ഞാൻ നോക്കട്ടെ." 

"പ്രിയാ.. വേണ്ട. അവരുടെ വീട് നമ്മൾ തുറക്കുന്നതു ശരിയല്ല."

"നീനാ.. ഞാൻ പ്രിയയല്ല. സോഫിയയാണ്, സോഫിയ!" പരിഭവത്തോടെ അവൾ പറഞ്ഞു.

"നമുക്ക് തിരിച്ചു പോയാലോ സോഫിയാ? എന്നിട്ട് മറ്റൊരു ദിവസം വരാം." നീന പറഞ്ഞു.

''വേണ്ട നീന.. ഉച്ചയാകാറായില്ലേ, അവർ ഉടൻ വരും. അതുവരെ നമുക്ക് ഈ പറമ്പ് ഒക്കെ ഒന്നുകാണാം. പിന്നെ.. ഞാൻ പറഞ്ഞ പുഴ നിനക്കു കാണേണ്ടേ."

വീടിൻ്റെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ അവർ നടന്നു.  പേരയ്ക്കയും നെല്ലിക്കയുമൊക്കെ  പറിച്ചുതിന്നു കൊണ്ട് അവർ  പുഴക്കരയിലേയ്ക്ക് നടന്നു.

സൂര്യനെ മറയ്ക്കുന്ന വൃക്ഷജാലങ്ങള്‍. പുഴയിലേക്കിറങ്ങിക്കിടക്കുന്ന മരച്ചാര്‍ത്തുകള്‍. അവയിൽ തൂങ്ങിക്കിടക്കുന്ന ഊഞ്ഞാല്‍വള്ളികള്‍. അതില്‍ പാറിക്കളിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍.  വെള്ളത്തില്‍ തട്ടിച്ചിതറുന്ന വെയില്‍നാളങ്ങള്‍. പുഴ വെള്ളത്തിനു മീതെ നൃത്തം വയ്ക്കുന്ന തുമ്പികൾ. പുഴക്കരയിലെ ചെറിയ പാറപ്പുറത്ത് കാറ്റേറ്റ് ഇരിക്കുമ്പോൾ പ്രിയ വീണ്ടും വാചാലയായി.

ഒരു പിടി ചെറുകല്ലുകൾ വാരി നീന പുഴയിലെ വെള്ളത്തിലേക്കെറിഞ്ഞു. പുഴയിൽ ചെറു ഓളങ്ങൾ തീർത്ത് അവ എങ്ങോ മാഞ്ഞുപോയി.

"നീനാ.. ഈ ഓളങ്ങൾ തീർന്നതു പോലെ എൻ്റെ ജീവിതവും തീർന്നത് ഈ പുഴയിൽ വെച്ചാണ്‌. എൻ്റെ യൗവനവും, മോഹങ്ങളുമെല്ലാം ഈ പുഴ കൊണ്ടു കൊണ്ടുപോയി."

 പറഞ്ഞു തീരുമ്പോഴേയ്ക്കുമവളുടെ സ്വരമിടറി. കവിളുകൾ ചുവന്നു തുടുത്തു. നിറഞ്ഞൊഴുകുന്ന പ്രിയയുടെ  കണ്ണുകൾ  പുഴ പോലൊഴുകുകയായിരുന്നു.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ