mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 6

അവർ മൂവരും കൂടി പ്രിയയെ വീട്ടിൽ കൊണ്ടുവന്നു കിടത്തി. മരിയ അവളുടെ പൾസ്റേറ്റ് ചെക്കു ചെയ്ത ശേഷം നീനയോടായി പറഞ്ഞു.

"പേടിക്കാനൊന്നുമല്ല. കുറച്ചു നേരം വിശ്രമിക്കട്ടെ. നല്ല ക്ഷീണമുണ്ട്."

ആ സമയം മുറ്റത്ത് ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും പ്രൗഡയായ ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ കോളിംഗ് ബെല്ലിൽ വിരലമർത്തും

 മുൻപു തന്നെ വാഹനത്തിൻ്റെ ശബ്ദം കേട്ട് ജോയിച്ചൻ സിറ്റൗട്ടിലെത്തി. 

"ജോയിച്ചേട്ടൻ്റെ വീടല്ലേ  ഇത്?" അവർ ചോദിച്ചു.

"അതെ. ഞാനാണ് ജോയി. എന്തു വേണം?''

"ഇവിടെ വന്ന രണ്ടു പെൺകുട്ടികൾ എവിടെ?  അവരുടെ ടീച്ചറാണ് ഞാൻ."

"ടീച്ചർ കയറി വരൂ. അതിലൊരു കുട്ടിയ്ക്ക് ബോധക്ഷയം. അകത്ത് കിടത്തിയിട്ടുണ്ട്. ടീച്ചർ വരൂ."

അയാൾക്കു പിന്നാലെ ടീച്ചർ അകത്തേയ്ക്കു നടന്നു.

"മമ്മാ..." ടീച്ചറെക്കണ്ട നീന ഓടിയെത്തി..

"മമ്മാ.. പ്രിയ ബോധംകെട്ടുവീണു."

പെയ്യാൻ  വിതുമ്പി  നിൽക്കുന്ന മിഴികളോടെ   നീന പറഞ്ഞു. ടീച്ചർ മയങ്ങിക്കിടക്കുന്ന പ്രിയയെ മെല്ലെ തട്ടി വിളിച്ചു.

"പ്രിയാ... പ്രിയാ.."

കണ്ണു തുറന്ന പ്രിയ ചുറ്റും നിൽക്കുന്നവരെ നോക്കി.

''ഞാനിതെവിടെയാ? എനിക്കെന്താ പറ്റിയേ?'' 

അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. 

"നീനാ.. ഇതെവിടാ നമ്മൾ?

മറുപടി പറഞ്ഞത് ടീച്ചറാണ്.

"പ്രിയാ..നിൻ്റെ  തലകറക്കം മാറിയോ? ക്ഷീണമുണ്ടേൽ കുറച്ചു നേരം കൂടി കിടന്നോ. നീന നീ പ്രിയയുടെ അടുത്ത് ഇരിക്ക്."

"ജോയിച്ചേട്ടനൊന്നു വന്നേ!"

ടീച്ചർ പുറത്തേയ്ക്ക് നടന്നു. മുറ്റത്തരികിലായി തണൽ വിരിച്ചു നിന്ന മാവിൻ ചുവട്ടിൽ  എത്തി അവർ ജോയിച്ചനെ കാത്തു നിന്നു. അയാൾ രണ്ടു കസേരയുമായി മുറ്റത്തെത്തി.

"ടീച്ചറിരിക്കൂ." അയാൾ പറഞ്ഞു.

"ടീച്ചർ വളരെ വിചിത്രമായിരിക്കുന്നു. ടീച്ചറിൻ്റെ കുട്ടികൾ!  ഇന്നിവിടെ നടന്ന കാര്യങ്ങൾ, പറയുവാൻ ഒരുപാടുണ്ട്."

"എല്ലാം എനിക്കറിയാം ജോയിച്ചേട്ടാ. നീന എൻ്റെ മകളാണ്. ഒരാഴ്ചയായി ഓരോ ദിവസവും പ്രിയ പറയുന്ന കാര്യങ്ങൾ എല്ലാം ഞാനറിയുന്നുണ്ട്. എൻ്റെ നിർദ്ദേശപ്രകാരമാണ് കുട്ടികൾ ഇന്നിവിടെ വന്നത്."

"ടീച്ചർ..  സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാനാവുന്നില്ല. പക്ഷേ ചില സത്യങ്ങൾ കൺമുന്നിൽ കണ്ടത് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല."

"ഇന്നു നടന്ന കാര്യങ്ങളെല്ലാം ഫോണിലൂടെ അപ്പപ്പോൾ ഞാനറിയുന്നുണ്ടാരുന്നു. 

പ്രിയ എന്താണ്  തൊഴുത്തിൽ നിന്നും എടുത്തു മരിയ മോൾക്ക്  കൊടുത്തത്?"

"അത് ഞാൻ നോക്കിയില്ല. ആ കുട്ടിയുടെ ബോധം പോയതോടെ ആകെ ടെൻഷനായി. കുട്ടിയെ അകത്തു കൊണ്ടുപോയി കിടത്തിയപ്പോഴേയ്ക്കും ടീച്ചറെത്തി."

"ഞാൻ മോളുടെ ഫോൺവിളിക്ക് കാത്തു കൊണ്ട്  ഇവിടെ  തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. അവർ പോന്നതിൻ്റെ  പിന്നാലെ ഞാനും  വീട്ടിൽ നിന്നിറങ്ങിയതാണ്. ഞാൻ ഈ വിവരം അറിഞ്ഞ കാര്യം പ്രിയ അറിയാതിരിക്കാനാണ് അവരെ ബസിൽ വിട്ടിട്ട് ഞാൻ പിറകെ വന്നത്.  നീനയുടെ ഫോണിലൂടെ നിങ്ങളുടെ ഉറക്കെയുള്ള വിളിയും, പരിഭ്രമോം  കേട്ടതുകൊണ്ട് വിളിക്കാതെ തന്നെ ഞാൻ ഇങ്ങു പോന്നു.'

''ങ്ഹും.. "

"പ്രിയ പറഞ്ഞ കഥ കേട്ടതു മുതൽ എനിക്കും ചില സംശയങ്ങളുണ്ട്. ഭാര്യയുടെ പേര് സോഫിയാന്നാണല്ലേ?"

"അതെ സോഫിയ എന്നാ പേര്. ഞാൻ സോഫീന്നാരുന്നു വിളിച്ചിരുന്നത്."

"സോഫിയ എങ്ങനാ മരിച്ചത് ?"

"തുണി അലക്കാൻ പുഴയിൽ പോയതാ.  അലക്കുന്നതിനിടയിൽ ഏതോ തുണി ഒഴുകിപ്പോയത് കണ്ട് പിടിക്കാൻ നോക്കി. ഒരു പെരുമഴക്കാലമായിരുന്നു.

കാലു വഴുതി ഒഴുക്കിൽപ്പെട്ടു."

ദീർഘനിശ്വാസത്തോടെ അയാൾ  പറഞ്ഞു.

"ഒറ്റയ്ക്കാണോ പുഴയിൽ പോയത് ?"

പ്രിയ പറഞ്ഞ കഥകളുടെ നിജസ്ഥിതി അറിയാനായ് ടീച്ചർ ചോദിച്ചു. 

"അല്ല. അന്ന് സോഫിയോടൊപ്പം ചേട്ടൻ്റെ ഭാര്യ റാണി ചേച്ചിയും  കൂടി പുഴയിൽ പോയിരുന്നു.'

"അപ്പോൾ സോഫി ഒഴുക്കിൽ പ്പെട്ടത്  അവർ കണ്ടിട്ടുണ്ടാകുമല്ലേ?"

"ഉം.."

അയാൾ ഒന്നു മൂളി. ആ രംഗം മുന്നിൽ കാണും പോലെ അയാളുടെ മുഖം വിവർണ്ണമായി.

"അവർക്ക് സോഫിയയെ രക്ഷിക്കാമായിരുന്നില്ലേ?"

"ചേച്ചിയ്ക്ക് നീന്തലറിഞ്ഞുകൂടാ. പുഴയിൽ ഒരിക്കലും പോവാറില്ലാത്ത ആളാ ചേച്ചി. അന്നെന്തോ  പതിവില്ലാതെ പോയി."

"ചോദിക്കുന്നതിലൊന്നും വിചാരിക്കരുത്. എൻ്റെ ഒരു സംശയമാണേ. ഒരു പക്ഷേ അവർ തള്ളിയിടുകയോ മറ്റോ ചെയ്താതായിക്കൂടേ? പതിവില്ലാതെ അന്നു മാത്രം പോയെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്."

"ഒരിക്കലുമില്ല ടീച്ചർ, അവൾ മരിച്ച ശേഷം  റാണി ചേച്ചിയ്ക്കാകെ മനോ:വിഷമമായിരുന്നു. എനിക്കും, മക്കൾക്കും ഉള്ളതിലും വിഷമം അവർക്കായിരുന്നു. പലപ്പോഴും അവരുടെ മാനസിക നില തന്നെ തകരാറിലായിരുന്നു. ഏറെ ചികിൽസ ചെയ്ത ശേഷമാണവർ സാധാരണ നിലയിലേയ്ക്ക് വന്നതു തന്നെ.

"ഓ.. അതു ശരി. അവർ ഇവിടല്ലേ താമസം?"

"അല്ല, അവരിപ്പോ പള്ളിയുടെ അടുത്താണ് താമസം.  ചേട്ടന് ടൗണിലൊരു സൂപ്പർ മാർക്കറ്റ് ഉണ്ട്. അതിനടുത്താണ് വീട്."

"സൂപ്പർ മാർക്കറ്റ് ഒക്കെ ഉണ്ടല്ലേ, അപ്പോൾ അവർ നല്ല സാമ്പത്തിക സ്ഥിതിയിലാവും അല്ലേ?''

''സാമ്പത്തിക സ്ഥിതിയൊന്നും മോശമല്ല. പക്ഷേ.. കുടുംബത്തിൽ സമാധാനം എന്നൊന്നില്ല. എന്നും രോഗം തന്നെ കാരണം.

സോഫി മരിച്ചതിൻ്റെ മനോ:വിഷമം മാറി വരും മുൻപേ തന്നെ ചേച്ചിയ്ക്ക്  ഷുഗറും പ്രഷറും തുടങ്ങി. കാലിൽ ഒരിക്കലും കരിയാത്ത ഒരു വലിയ മുറിവ്. വർഷങ്ങളായി അതിൻ്റെ വേദനയും ദുരിതവും. മൂന്നു കൊല്ലം മുൻപ് സ്ട്രോക്ക് വന്നു കിടപ്പിലാണ്. എല്ലാം കൊണ്ടും ദുരിതപൂർണ്ണമായ ജീവിതം. മരണത്തിനു പോലും ചേച്ചിയെ വേണ്ടന്നു തോന്നുന്നു. കണ്ടു നിൽക്കുന്നവർക്ക് എന്നും തീരാത്ത വേദനയാണ് അവർ.''

''ജോയിച്ചേട്ടൻ്റെ ചാച്ചനും അമ്മച്ചിയും ?"

"രണ്ടാളും മരിച്ചു പോയി. അമ്മച്ചീടെ  വലം കൈയായിരുന്നു സോഫി. അവൾ പോയതോടെ  അമ്മച്ചിയും  തളർന്നു പോയി. പശുക്കളെയെല്ലാം വിറ്റു. പിന്നെ എന്നും ക്ഷീണവും തളർച്ചയും. രണ്ടാളും പോയതോടെ ഞാനും മക്കളും മാത്രമായി ഇവിടെ." 

"ജോയിച്ചേട്ടൻ്റെ മക്കൾ എന്തു ചെയ്യുന്നു?"

"മരിയയുടെ നേഴ്സിംഗ് പഠനം കഴിഞ്ഞു. അടുത്ത മാസം അവളുടെ കല്യാണമാണ്. മോൻ കാനഡയിലാണ്."

അവർ സംസാരിച്ചുകൊണ്ടിരിക്കെ മരിയ ചായയുമായി വന്നു.

"മോളേ.. ആ കുട്ടി എണീറ്റോ. അതിൻ്റെ ക്ഷീണമൊക്കെ മാറിയോ? അവർക്കു നീ ചായകൊടുത്തോ?" ജോയിച്ചൻ ചോദിച്ചു.

"അവർ ഇപ്പോൾ ഹാപ്പിയാണു പപ്പാ.  രണ്ടാളും ചായ കുടിക്കുന്നു."

"മോളേ.. ആ കുട്ടി തൊഴുത്തിൽ നിന്നും എടുത്തു തന്നതെന്താണ്?"

"അയ്യോ പപ്പാ .. അക്കാര്യം മറന്നു. ഞാനിപ്പോൾ എടുത്തോണ്ടു വരാം."

"ആ കുട്ടി വീണതോടെ അവളെ ശ്രദ്ധിക്കുന്നതിനിടയിൽ ആ കാര്യം തന്നെ മറന്നു പോയി."

മരിയ തൊഴുത്തിലേയ്ക്ക് പോയി ആ ഭരണിയുമായി തിരിച്ചെത്തി. അവൾ അത് ജോയിച്ചൻ്റെ കൈയ്യിൽ കൊടുത്തു. ജോയിച്ചൻ ചായക്കപ്പ് മരിയയുടെ കൈയ്യിൽ കൊടുത്തു. അയാൾ ആ ഭരണിയുടെ അടപ്പു തുറന്നു. ഒരു നീല തുണിയിൽ പൊതിഞ്ഞ നിലയിൽ ഉള്ള ആ കിഴി അയാൾ ഭരണിയിൽ നിന്നും എടുത്തു. അത് മടിയിൽ വച്ച് തുറന്നു. അയാളുടെ മിഴികൾ ആ കാഴ്ച കണ്ട്  അത്ഭുതത്താൽ വിടർന്നു. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന സോഫിയയുടെ അമ്മ  മരിയയ്ക്ക് വേണ്ടി  നൽകിയ സ്വർണ്ണാഭരണങ്ങൾ.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ