mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 4

"കാഞ്ഞിരപ്പള്ളിയിൽ നിന്നും വന്നവരാണ് ആണ് ജോയിച്ചായൻ്റെ വീട്ടുകാർ. ചാച്ചനും അമ്മച്ചിയും നാലു മക്കളും. മൂത്തത് ബേബിച്ചായൻ. പിന്നെ രണ്ടു സഹോദരിമാർ. ഏറ്റവും ഇളയ ആളാണ് ജോയിച്ചായൻ. ഞാൻ  കെട്ടി വരുമ്പോഴേക്കും സഹോദരിമാരുടെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് അവരൊക്കെ വല്ലപ്പോഴും വിരുന്നുകാരെപ്പോലെ വന്നു പോയി. അവർ രണ്ടാളും നല്ല സ്നേഹമുള്ള നാത്തൂൻമാരാണ്.

കൂട്ടുകുടുംബം എന്നു നീ കേട്ടിട്ടില്ലേ? അതുപോലെ തറവാട്ടിൽ ഞങ്ങളെല്ലാം  ഒരുമിച്ചായിരുന്നു ആയിരുന്നു താമസം. ചാച്ചനും അമ്മയും, ബേബിച്ചായനും  കുടുംബവും,  പിന്നെ ജോയിച്ചായനും ഞാനും മക്കളും. ഒരു കർഷക കുടുംബം. കുരുമുളകും, കാപ്പിയും, ഏലവുമായിരുന്നു പ്രധാന വരുമാനം. അമ്മച്ചിയ്ക്ക് മൂന്നാലു പശുക്കളും ഉണ്ടായിരുന്നു. അമ്മച്ചിയുടെ എല്ലാ പണിയിലും ഞാനായിരുന്നു  സഹായി. അതു കൊണ്ടു തന്നെ അമ്മച്ചിക്ക് റാണി ചേച്ചിയേക്കാൾ ഇഷ്ടം  എന്നോടായിരുന്നു."

പുഴയോരത്തെ കാട്ടശോകമര ത്തണലിലുള്ള പാറയിൽ ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു. അശോകപൂക്കളുടെ ഇതളുകൾ അവിടെങ്ങും വാരി വിതറിയതുപോലെ കിടന്നിരുന്നു. ഹൃദ്യമായ സുഗന്ധം ചുറ്റും പരന്നിരുന്നു.

"ങ്ഹാ.. നീ അമ്മച്ചിയെ സോപ്പിട്ടു കൈയ്യിലെടുത്തു അല്ലേടീ?" നീന ചോദിച്ചു.

"സോപ്പിട്ടതൊന്നുമല്ല നീനാ.. ഞങ്ങളുടെ വീട്ടിലും, പശുക്കളും, തോട്ടവുമൊക്കെ ഉള്ളതിനാൽ എല്ലാ ജോലിയും ഞാൻ കുട്ടിക്കാലം മുതലേ ചെയ്തു പഠിച്ചിട്ടുണ്ട്. എൻ്റെ അമ്മ എപ്പോഴും പറയും  'ചെന്നു കേറുന്ന വീടാ നിൻ്റേത്. അവിടെ ചെല്ലുമ്പോൾ ഇവിടെ എന്തൊക്കെ ജോലി ചെയ്യുന്നുണ്ടോ അതൊക്കെ അവിടേയും ചെയ്യണമെന്ന്.'  അമ്മ പറഞ്ഞു തന്നതൊക്കെ ഞാൻ അനുസരിച്ചു അത്ര മാത്രം. പക്ഷേ..

റാണി ചേച്ചി ഒരു പണിയും ചെയ്യില്ല. അമ്മച്ചി പറഞ്ഞാൽ പോലും അനുസരിക്കില്ല. അതിൽ അമ്മച്ചിക്ക് നല്ല വിഷമമുണ്ടാരുന്നു.

കുട്ടികളൊക്കെ സ്കൂളിൽ പോയി തുടങ്ങി. സ്ക്കൂൾ കുറേ ദൂരെയാണ്.  കുട്ടികൾക്ക് സ്ക്കൂളിൽ പോയി വരാൻ സൗകര്യമാകുമല്ലോ എന്നു കരുതി  ചാച്ചൻ ടൗണിൽ അരയേക്കർ സ്ഥലം  വാങ്ങി. അവിടെ വീടുപണിയാനായിരുന്നു പ്ലാൻ.

അപ്പോൾ ബേബിച്ചായനാ പറഞ്ഞത് ഷോപ്പിംഗ് കോംപ്ലെക്സ് പണിയാമെന്ന്. എല്ലാവരും കടമുറികൾ വാടകയ്ക്ക് എടുക്കും. നല്ല വരുമാനമാണ് എന്നൊക്കെ. ആദ്യമെല്ലാവരും എതിർത്തെങ്കിലും ബേബിച്ചായൻ്റെ  തന്ത്രപരമായ സംസാരത്തിൽ എല്ലാവരും മയങ്ങി. അങ്ങനെ മൂന്നു നിലയിൽ ഉള്ള ഒരു ഷോപ്പിംഗ് മാളിൻ്റെ പണി ആരംഭിച്ചു. 

 ലോണെടുക്കാനും പിറകെ നടക്കാനുമൊന്നും ചാച്ചനു വയ്യെന്നു പറഞ്ഞു.  അതൊക്കെ ബേബിച്ചായൻ ചെയ്തു കൊള്ളാം ന്ന് പറഞ്ഞു അതിൻ്റെ ആധാരം സ്വന്തം പേരിലാക്കി. കെട്ടിടം പണിയ്ക്ക് വേണ്ടി എടുത്ത ലോൺ കൊണ്ട് ഒന്നുമായില്ല. പണി പൂർത്തിയാക്കുവാൻ വേണ്ടി കുറേ സ്ഥലം വിറ്റു. എന്നിട്ടും പണം തികയാതെവന്നപ്പോൾ എനിക്കു വീട്ടിൽ നിന്നും കിട്ടിയ  50 പവൻ സ്വർണ്ണാഭരണങ്ങൾ ഞാൻ എടുത്തു കൊടുത്തു. 

റാണി ചേച്ചിയ്ക്കുമുണ്ടായിരുന്നു എൻ്റെത്രയും സ്വർണ്ണം. ചേച്ചി സ്വർണ്ണം കൊടുത്തില്ലെന്നു മാത്രമല്ല,  ബേബിച്ചായൻ അതിനു നിർബന്ധിച്ചുമില്ല. അതും അമ്മച്ചിയ്ക്കു വല്യ വിഷമമായി. പിന്നേയും പണം പോരാ, പോരാ എന്ന് ബേബിച്ചായൻ പറഞ്ഞു കൊണ്ടിരുന്നു. പിന്നെയും നാല് ഏക്കർ സ്ഥലം കൂടി വിറ്റു."

"പ്രിയേ..നിങ്ങൾക്കപ്പോൾ ഒത്തിരി സ്ഥലമുണ്ടായിരുന്നല്ലേ?" നീന ചോദിച്ചു.

"പ്രിയയല്ല. എൻ്റെ പേര് സോഫിയ എന്നാണ്."  

"സോറി.. സോഫിയാ.. നിങ്ങൾ വലിയ പണക്കാരാരുന്നില്ലേ?"

"ഇരുപത്തഞ്ച് ഏക്കർ സ്ഥലമുണ്ടായിരുന്നു. എല്ലാം തന്നെ വിറ്റു. ഈ വീടും, സ്ഥലവും കൂടി നാലേക്കർ ഉണ്ട്. ഇത് ചാച്ചൻ ജോയിച്ചായൻ്റെ പേരിൽ വാങ്ങിയതാണ്. ഇത് വിൽക്കാൻ ചാച്ചൻ സമ്മതിച്ചില്ല. ബേബിച്ചായൻ്റെ പേരിൽ പള്ളിയ്ക്കടുത്ത് അഞ്ചേക്കർ ഭൂമിയുണ്ട്. വീണ്ടും പണം ചോദിച്ചപ്പോൾ  ബേബിച്ചായനോട് അത് വിൽക്കാൻ ചാച്ചൻ പറഞ്ഞു. ബേബിച്ചായൻ വിറ്റില്ലെന്ന് മാത്രമല്ല, ചാച്ചൻ്റെയും അമ്മച്ചീടേം പേരിലുള്ള രണ്ടേക്കർ സ്ഥലം വിൽക്കണമെന്നും പറഞ്ഞ് വഴക്കും തുടങ്ങി.

അതോടെ വീട്ടിൽ പഴയ സന്തോഷം ഇല്ലാതായി. ബേബിച്ചായൻ്റെ പേരിലുള്ള ഷോപ്പിംഗ് മാളിൻ്റെ പണി പൂർത്തിയാക്കാൻ വേണ്ടി സ്വന്തം സ്ഥലം വിൽക്കാൻ  ബേബിച്ചായൻ വിസമ്മതിച്ചപ്പോൾ ചാച്ചൻ പറഞ്ഞു. 'ഇനി ഇവിടെ നിന്നും ഒരു ചില്ലിക്കാശു പോലും കിട്ടില്ല'  എന്ന്. എന്നിട്ടും റാണി ചേച്ചിയുടെ സ്വർണ്ണം ഒരു തരി പോലും അവർ വിറ്റില്ല.

ചാച്ചനും അമ്മച്ചിയ്ക്കുമത്  വല്ലാത്ത വിഷമമായി. പറമ്പിലെ പണി മുഴുവൻ ജോയിച്ചായൻ ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. പറമ്പിൽ നിന്നും കിട്ടുന്ന കുരുമുളകും, ഏലക്ക യും, കാപ്പിക്കുരുവുമൊക്കെ ബേബിച്ചായൻ എടുത്തു കൊണ്ടുപോയി വിൽക്കും. അതിൽ നിന്നും വീട്ടു ചിലവിനു പോലും പണം തരാതെയായി. അമ്മച്ചിയുടെ പശുക്കളും, കോഴികളുമൊക്കെ ഉള്ളതിനാൽ  വലിയ പ്രയാസമില്ലാതെ ഞങ്ങൾ കഴിഞ്ഞു. ബേബിച്ചായൻ്റെ മനുഷത്വരഹിതമായ പ്രവർത്തി കണ്ട്  ചാച്ചന് വലിയ മന: പ്രയാസമായി. ചാച്ചന് പ്രഷറും ഷുഗറും കൂടി രോഗിയുമായി.

ആ സമയത്താണ് എൻ്റെ സ്വർണ്ണമെല്ലാം കൊടുത്ത വിവരം എൻ്റെ അമ്മ അറിഞ്ഞത്. അമ്മയുടെ കൈയ്യിൽ ഉണ്ടാരുന്ന ഇരുപത്തഞ്ചു പവൻ സ്വർണ്ണം അമ്മ എനിക്കു തന്നു. അമ്മയുടെ കല്യാണ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ്.

'ഇത് നീ  ആർക്കും കൊടുക്കരുത്. എൻ്റെ മരിയ ക്കൊച്ചിനെ കെട്ടിക്കുമ്പോൾ അവൾക്ക് കൊടുക്കാനാണ്. ഇതെൻ്റെ മോനൂട്ടനുള്ളത് എന്നും പറഞ്ഞ് ഒരു പറമ്പിൻ്റെ ആധാരവും എൻ്റെ കൈയ്യിൽ തന്നു.  സ്വർണ്ണവും, ആധാരവും ഞാൻ ഇവിടുത്തെ അമ്മച്ചീടെ കൈയ്യിൽ കൊടുത്തു.  അമ്മച്ചി വാങ്ങിയില്ല. 'മോളു തന്നെ സൂക്ഷിച്ചാൽ മതി ഒരിക്കലും ബേബിയും റാണിയും  അറിയരുത് '  എന്നും പറഞ്ഞു. ഞാൻ എവിടെവെക്കാനാ എൻ്റെ പെട്ടിയലമാരയൊക്കെ റാണിചേച്ചി തുറക്കും. അതാ ഞാൻ അമ്മച്ചിയുടെ കൈയ്യിൽ കൊടുക്കാംന്ന്  വെച്ചത്. പക്ഷേ അമ്മച്ചി വാങ്ങിയില്ല. ട്രീസ ചേച്ചിയാണ് എനിക്ക് ഒരു പോംവഴി പറഞ്ഞു തന്നത്. ബാങ്കിൽ  ലോക്കറിൽ കൊണ്ടുപോയി സൂക്ഷിക്കാം എന്ന്.

'പണിത്തിരക്കു കഴിഞ്ഞ് പോകാമെന്ന് ' 

ജോയിച്ചായനും പറഞ്ഞു. ജൂലൈ മാസമായതിനാൽ കൊടിനടീലും മറ്റുമായി നല്ല തിരക്കാണ്. 

അന്നൊരു നല്ല മഴയുള്ള ദിവസമായിരുന്നു. ഉച്ചയ്ക്ക് മഴയൊന്നു മാറി. മാനം തെളിഞ്ഞു. അമ്മച്ചിയും, ഞാനും കൂടി പോയി പുല്ല് ചെത്തി. തൊഴുത്ത് വൃത്തിയാക്കി. ഞാൻ തുണിയലക്കാനും കുളിക്കാനുമായി തോട്ടിൽ പോവാനൊരുങ്ങിയപ്പോൾ റാണി ചേച്ചിയും എൻ്റെ കൂടെ അലക്കാൻ വരുന്നു എന്നു പറഞ്ഞു. കുറച്ചു ദിവസമായിട്ട് ചേച്ചിക്ക് എന്നോട് വലിയ മിണ്ടാട്ടമൊന്നുമില്ല. അമ്മ എന്താ കൊണ്ടുവന്നു തന്നതെന്ന് ഒരിക്കൽ ചോദിച്ചു. പക്ഷേ സ്വർണ്ണത്തിൻ്റെ കാര്യം ഞാൻ പറഞ്ഞില്ല. ചേച്ചി പക്ഷേ ഞാൻ പുല്ലിനു പോവുമ്പോഴും മറ്റും എൻ്റെ പെട്ടി തുറന്നു നോക്കും. അടുക്കി വച്ചിരിക്കുന്ന തുണികൾ എല്ലാം എടുത്ത് കുഴച്ച് മറിച്ചിടും."

"എന്നിട്ട് റാണി ചേച്ചി നിൻ്റെ സ്വർണ്ണം കണ്ടോ?" നീന ചോദിച്ചു.

"ഏയ്.. ഇല്ല. അന്ന് പുഴയിലേയ്ക്ക് പോകുമ്പോഴും ചോദിച്ചു. സോഫീടെ അമ്മ എത്ര പവൻ സ്വർണ്ണമാ കൊണ്ടുവന്നതെന്ന്. ഒത്തിരി പഴയ സ്വർണ്ണമല്ലേ അതിന് മാറ്റുകൂടും എന്നെ ഒന്നു കാണിക്കണം എന്നാക്കെ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. 

ഈ കാണുന്ന പോലെയല്ല അന്ന് വെള്ളം. ഇരുകരമുറ്റി മലവെള്ളം കുത്തിയൊഴുകുകയാണ്. പുഴയിൽ രണ്ടു മൂന്നാൾ താഴ്ച്ചയും, ചുഴിയും, ശക്തമായ ഒഴുക്കും ഉണ്ട്. തുണിയലക്കി പുഴയുടെ അരികിലിറങ്ങി കുളിച്ചു കയറും. 

അന്ന് എനിക്ക് കുറേ തുണിയലക്കാനുണ്ടായിരുന്നു.  ചേച്ചി തോട്ടിൽ കുളിയ്ക്കാറില്ല. ഞാൻ  അലക്കുന്ന വെള്ളം ദേഹത്തു  വീഴാതിരിക്കാനായി ചേച്ചി കുറേ മുകളിലായിട്ടുള്ള കല്ലിലായിരുന്നു തുണി അലക്കിയത്.

ഞാൻ അലക്കിക്കൊണ്ടു നിൽക്കുമ്പോൾ ചേച്ചി എന്തോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വെള്ളത്തിൻ്റെ ഇരമ്പൽ കാരണം ഒന്നും വ്യക്തമായി കേൾക്കാൻ വയ്യ. ചേച്ചി കൈ ചൂണ്ടിക്കാട്ടി .ചേച്ചിയുടെ ഒരു തുണി ഒഴുകിപ്പോകുന്നു. 'സോഫീ പിടിക്ക് ' എന്ന് ഞാൻ കേട്ടു. ഞാൻ മെല്ലെ കൈ നീട്ടി പിടിക്കാൻ നോക്കി. കിട്ടുന്നില്ല. ചേച്ചി ഓടി എൻ്റെ അടുത്തെത്തി.

 'നീ കുളിക്കാനുള്ളതല്ലേ. ഇച്ചായൻ്റെ ഷർട്ടാ ഒന്നു പിടിക്കെടീ'  എന്ന് പറഞ്ഞ് ചേച്ചി എന്നെ പുഴയിലേയ്ക്ക് ആഞ്ഞു തള്ളി. കാലു പറിഞ്ഞ് ഞാൻ വെള്ളത്തിൽ വീണു. നിലയില്ലാത്ത കയം! ശക്തമായ ഒഴുക്ക്!  ഞാൻ കൈ എടുത്ത് ഉയർത്താൻ നോക്കി. സാധിക്കുന്നില്ല. കുറേ വെള്ളം ഉള്ളിൽ പോയി.  ഒഴുക്കിൽ പെട്ട് ഞാൻ പുഴയോടൊപ്പം ഒഴുകി.  ഒരു സാരി എടുത്ത് ഇട്ടു തന്നിരുന്നെങ്കിൽ. ചേച്ചി ഒന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ. 

ഉയർന്നു വന്നപ്പോൾ ഒരിക്കൽ ഞാൻ റാണി ചേച്ചീടെ മുഖം കണ്ടു. എൻ്റെ അവസാനത്തെ കാഴ്ച!!

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ