mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

പ്രിയയുടെ ഫോൺകാൾ വന്നതേ നീന ബാഗുമെടുത്ത് റൂമിൽ നിന്നിറങ്ങി.

"മമ്മാ .. പ്രിയ വിളിച്ചു. ഞാനിറങ്ങുകയാണേ." 

നീന വിളിച്ചു പറഞ്ഞു. 

അവൾ സിറ്റൗട്ടിലെത്തിയപ്പോഴേയ്ക്കും  നളിനിടീച്ചർ പിന്നാലെ വന്നു. 

"ഞാൻ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? ഒന്നിനും നീ തടസം പറയരുത്. എല്ലാം അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. ബസിറങ്ങിയാലുടൻ ഫോൺ വിളിക്കണം."

"ശരി മമ്മാ.. ഞാൻ വിളിയ്ക്കാം."

അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു. അഞ്ചു മിനിറ്റു നടന്നാൽ മതി ബസ്റ്റോപ്പിലേയ്ക്ക്. അവൾ അവിടെ എത്തുന്നതിനു മുൻപു തന്നെ പ്രിയ അവിടെഎത്തിയിരുന്നു. ഒരു നീല ചുരിദാറായിരുന്നു അവളുടെ വേഷം. നീന പ്രിയയെ സൂക്ഷിച്ചു നോക്കി. ഇന്നവൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്.

നീനയുടെ നോട്ടം കണ്ട പ്രിയ ചോദിച്ചു. "എന്താടി നീനാ ഇത്ര ശ്രദ്ധിച്ചു നോക്കാൻ?"

"പ്രിയാ.. നീ ഇന്നു വളരെ സുന്ദരിയായിട്ടുണ്ട്."

"പോടീ .."

"സത്യം!  പ്രിയാ.. ഈ നീല ചുരിദാർ  നിനക്ക് നല്ല ഭംഗിയാ."

"ഇത് ഡാഡി ഗൾഫിൽ നിന്നും കൊണ്ടു വന്നതാ.  ഇതിൻ്റെ സ്റ്റോൺ വർക്കാണ് എല്ലാവരേയും ആകർഷിക്കുന്നത്." പ്രിയ അഭിമാനത്തോടെ പറഞ്ഞു.

നീലയും കറുപ്പും മുത്തുകളും, ഫ്രഞ്ച് നോട്ട് ഹാൻ്റ് വർക്കും ചെയ്ത ആ ചുരിദാർ പ്രിയയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കൊച്ചു കൊച്ചു കിന്നാരങ്ങളുമായി അവരാ പാതയോരത്തെ വാകമരചുവട്ടിൽ നിന്നു. നീലഗിരി ബോർഡു വെച്ച എട്ടു  മണിയുടെ 'സുജാത ' എത്തി. അവർ ഇരുവരും ബസിൽ കയറി.

ബസിൽ അങ്ങും ഇങ്ങും കുറച്ചു ആളുകൾ മാത്രം. നീനയാണ് സൈഡ്സീറ്റിലിരുന്നത്.  അടുത്തായി പ്രിയയും.   ചിരപരിചിതയെപ്പോലെ നീലഗിരിയ്ക്കുള്ള രണ്ടു ടിക്കറ്റ് എടുത്തതും, പണം കൊടുത്തതും പ്രിയയാണ്. അലസമായി പുറത്തേ കാഴ്ചകൾ കണ്ട് ഇരിക്കുകയാണെങ്കിലും നീനയുടെ കണ്ണുകൾ പ്രിയയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് അടിക്കുന്ന തണുത്ത കാറ്റു കൊണ്ടപ്പോൾ നീന ചുരിദാറിൻ്റെ ഷാളുകൊണ്ട് തല മൂടി.

"നിനക്കു തണുക്കുന്നുണ്ടോ നീനാ? ദേ .. നോക്കൂ ഇനിയങ്ങോട്ട് നല്ല ഭംഗിയുള്ള കാഴ്ചകളാണ്" പ്രിയ ചൂണ്ടിക്കാട്ടി.  

ദൂരെ മഞ്ഞു മൂടി കിടക്കുന്ന  മലനിരകൾ.  തേയിലക്കാടുകളുടെ ഇടയിലെ ചെറിയ പാറകെട്ടുകൾക്ക് ഇടയിലൂടെ പാൽ നുര ചിതറി ഒഴുകി വരുന്ന കാട്ടരുവി. അതിന്റെ ശബ്‌ദം. ഇതെല്ലാം കണ്ട് ആസ്വദിക്കുന്ന നീനയ്ക്ക്  വിശദീകരണം നൽകിക്കൊണ്ടിരുന്നു പ്രിയ. ബസ് ചെറിയ കയറ്റം കയറി മലമുകളിലേക്ക് യാത്ര തുടർന്ന് കൊണ്ടിരുന്നു. ഓരോ വളവു തിരിഞ്ഞു ബസ് മുകളിലോട്ടു കയറുമ്പോളും തണുപ്പ് കൂടി വരുന്നതു പോലെ നീനയ്ക്കു തോന്നി.  പ്രിയ ആഹ്ളാദവദിയായിരുന്നു. വെയിൽ വന്നതോടെ മലനിരകളുടെ ഭംഗി കൂടുതൽ ദൃശ്യമായി. അതോടെ മഞ്ഞും കുളിരും മാറി. ഗ്രാമീണരായ സ്ത്രീകൾ ബസിൽ കയറുകയും ഒന്നു രണ്ടു സ്റ്റോപ്പിനപ്പുറം ഇറങ്ങുകയും ചെയ്തു. വേഷം കണ്ടിട്ട് തേയില തോട്ടത്തിൽ ജോലിക്കു പോവുകയാണെന്നു തോന്നുന്നു. 

 ബസ് നീലഗിരിയിലെത്തി.

"പള്ളിപ്പടി.. പള്ളിപ്പടി.. ആളിറങ്ങാനുണ്ടോ ? "  കണ്ടക്ടർ വിളിച്ചു ചോദിച്ചു.

"നീനാ.. സ്ഥലമെത്തി, നമുക്കിറങ്ങാം."  പ്രിയയുടെ കൈകൾ നീനയെ തൊട്ടുണർത്തി.

അവളുടെ കൈകൾക്ക് വല്ലാത്ത തണുപ്പു തോന്നി. ബസിറങ്ങിയ പാടേ നീന ചുറ്റും നോക്കി. 'സെൻ്റ് മേരീസ് ചർച്ച്'. റോഡുവക്കിലായി ഒരു കുരിശിൻ തൊട്ടി. അതിൻ്റെ ഇരുവശങ്ങളിലായി കരിങ്കല്ലു കൊണ്ടു കെട്ടിയ കുറേ പടികൾ. പടികൾക്കു മീതെ ഉയർന്നു നിൽക്കുന്ന ദേവാലയം.  

"നീനാ.. ഈ പടികൾ എത്രയുണ്ടെന്ന് അറിയാമോ ?"

"എനിക്കറിയില്ല."

"മുപ്പത്തിമൂന്നു പടികളുണ്ട്. ഈ മുപ്പത്തിമൂന്നു കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നറിയാമോ? "

"ഇല്ല. നിനക്കറിയാമോ?" നീന ചോദിച്ചു.

"ങ്ങ്ഹാ .. അത് യേശുവിൻ്റെ പ്രായമാണ്. ഈ പടികളും മുപ്പത്തിമൂന്ന്, യേശുവിൻ്റെ പ്രായവും  മുപ്പത്തിമൂന്ന്."

പള്ളിയിലേയ്ക്കു നോക്കി പ്രിയ നെറ്റിയിൽ കുരിശു വരച്ചു. പതിവില്ലാത്ത അവളുടെ ചെയ്തികളെല്ലാം ഒട്ടൊരു കൗതുകത്തോടെ നീന നിരീക്ഷിച്ചു.

"ഇനിയെങ്ങോട്ടാ നമ്മൾ പോവുക?" നീന ചോദിച്ചു.

"നീനാ വഴിയൊക്കെ എനിക്കറിയാം. നീ വാ.."  അവൾ നീനയുടെ കൈയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു. റോഡിനിരുവശവും കുറേ കടകൾ.

'ദർശനാ ബോട്ടീക്ക്' ബോർഡു വായിച്ച പ്രിയ പറഞ്ഞു. "ഇത് പുതിയ കടയാണല്ലോ!"

അവർ മുന്നോട്ടു നടന്നു. കുറേ പഴക്കം ചെന്ന ഓടുമേഞ്ഞ ഒറ്റപ്പെട്ട കെട്ടിടം കണ്ടതേ പ്രിയ പറഞ്ഞു. "നീനാ .. അതാണ് കുമാരേട്ടൻ്റെ ചായക്കട!"

"ഞങ്ങൾ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയി വരുമ്പോൾ ഇവിടുന്ന് ചായയും കുടിച്ച് കൽത്തപ്പവും തിന്നും. ഇവിടുടെ കൽത്തപ്പത്തിന് അപാര ടേസ്റ്റാ!"

പ്രിയയുടെ വർണ്ണന കേട്ടപ്പോൾ നീനയ്ക്കു കൊതി തോന്നി. പക്ഷേ അവൾ അത് പുറത്തു കാണിച്ചില്ല.

അവർ രണ്ടാളും ചായക്കടയിൽ കയറി. കടക്കാരൻ കാലത്തെ തിരക്കൊഴിഞ്ഞ നേരമായതിനാൽ പത്രവായനയിലാണ്

"കുമാരേട്ടാ.. രണ്ടു ചായ !"

പരിചിതമായ സ്വരം കേട്ട് അയാൾ മുഖമുയർത്തി നോക്കി.  

"കുമാരേട്ടന് എന്നെ മനസിലായില്ലേ?"പ്രിയ ചോദിച്ചു. 

അയാൾ ആകാംക്ഷയോടെ അവരിരുവരേയും മാറി മാറി നോക്കി.

"സ്വരം കേട്ടിട്ടു നല്ല പരിചയം തോന്നുന്നു. ഈ വയസന് ഓർമ്മ കിട്ടണില്ല." അയാൾ അവർക്കു മുമ്പിൽ ചായ  വെച്ചു കൊണ്ട് ചോദിച്ചു.  

''കഴിക്കാനെന്താ വേണ്ടത്?"

"കൽത്തപ്പമുണ്ടോ?"

അയാൾ പ്ലേറ്റിൽ വാഴയിലയിലായി രണ്ടു പീസ് കൽത്തപ്പം  കൊണ്ടുവന്നു വെച്ചു. കേക്കു കട്ടു ചെയ്തതുപോലെയുള്ള  പലഹാരം നീന ആദ്യമായി കാണുകയാണ്.

പ്രിയ എടുത്തു കഴിച്ചു തുടങ്ങി.

നീന ബാഗിൽ നിന്നും ഫോണെടുത്ത് മമ്മയ്ക്ക് കാൾ ചെയ്ത ശേഷം അത് ബാഗിൻ്റെ ചെറിയ അറയിൽ വച്ചു.

"ഡീ ... നീ കഴിക്ക്.. എന്താ സ്വാദ്." പ്രിയ പറഞ്ഞു. 

മനസില്ലാ മനസ്സോടെ  നീന എടുത്ത് കഴിച്ചു. നെയ്യിൽ മൊരിഞ്ഞ തേങ്ങക്കൊത്തും ഉള്ളിയും മീതെ വിതറിയതുപോലെ. ഏലക്കായുടെ സുഗന്ധമുളള അരിപ്പൊടിയും ശർക്കരയും ചേർത്ത പലഹാരം. പ്രിയ പറഞ്ഞതുപോലെ നല്ല സ്വാദുണ്ട്.

"ഇനി വേണോ മക്കളേ?" കുമാരേട്ടൻ ചോദിച്ചു.

"വേണ്ട ."നീന പറഞ്ഞു. 

"എനിക്ക് വേണം കുമാരേട്ടാ."  പ്രിയ ഒരെണ്ണം കൂടി മേടിച്ചു കഴിച്ചു.

അവിടുന്നിറങ്ങിയ അവർ വലത്തോട്ടുള്ള റോഡിലൂടെ നടക്കാൻ തുടങ്ങി.  

"നീനാ... എനിക്കാകെ ഒരു പരവേശം പോലെ. എൻ്റെ നെഞ്ചിടിപ്പ് എനിക്കു തന്നെ കേൾക്കാം."

നീനയുടെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ കൈകൾ വല്ലാതെ തണുത്തിരുന്നു. 

"നിനക്കു നടക്കാൻ വയ്യെങ്കിൽ നമുക്ക് ഒരു ഓട്ടോ വിളിക്കാം." നീന പറഞ്ഞു. 

"ഏയ്.. അത്ര ദൂരമൊന്നുമില്ല.. ഇവിടെ അടുത്താ.  നമുക്കു നടക്കാം." അവർ മെല്ലെ നടന്നു തുടങ്ങി.

തുടരും... 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ