mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5

''റാണിചേച്ചിയും, ബേബിച്ചായനും ഇപ്പോൾ എവിടാടീ. ഇവിടെ ഇല്ലേ?" ആകാംക്ഷയോടെ നീന ചോദിച്ചു.

"എനിക്കറിയില്ല." 

"ചാച്ചനും അമ്മച്ചിയുമോ?''

''അവരും എവിടാണെന്ന് എനിക്കറിയില്ല."

" നിനക്ക്  പിന്നെ എന്തറിയാം?"

"എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു."

"എല്ലാം പറഞ്ഞു കഴിഞ്ഞോ?"

"ഉം.."

"എങ്കിൽ നമുക്കു പോകാം."

നീന എഴുന്നേറ്റു ചുരിദാർ തട്ടിക്കുടഞ്ഞു. പുഷ്പവൃഷ്ടി നടത്തിയതു പോലെ അവിടെ മുഴുവൻ കൊഴിഞ്ഞു വീണ അശോക പൂക്കളുടെ ഇതളുകളായിരുന്നു.

കാലിൽ കിടന്ന ചെരുപ്പ് ഊരിയിട്ട് നീന  മെല്ലെ പുഴയിലേയ്ക്കിറങ്ങി. പാദം നനയുമ്പോൾ നല്ല തണുപ്പ് തോന്നിയെങ്കിലും  ഒരു കുമ്പിൾ വെള്ളം കോരി അവൾ മുഖം കഴുകി.   തെളിഞ്ഞ വെള്ളത്തിന്‍റെ കുളിര്‍മ ആസ്വദിച്ചു കൊണ്ടവൾ വീണ്ടും  കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു  മുഖം കഴുകി. നീനയുടെ പ്രവൃത്തികൾ കണ്ടു കൊണ്ട് പ്രിയ അവിടെ തന്നെയിരുന്നു.

കാൽപ്പാദങ്ങൾ മൂടാനുള്ള വെള്ളമേ  പുഴയിലുള്ളൂ. വറ്റിവരണ്ട പുഴയ്ക്ക് ഇപ്പോൾ  ശാലീനഭാവമാണ്. മഴക്കാലത്താണേൽ അങ്ങേക്കര കാണാൻ പറ്റാത്ത പോലെ ഇരുകര മുറ്റി കലങ്ങി മറിഞ്ഞ് ഒഴുകുമ്പോൾ പുഴയ്ക്ക് രൗദ്രഭാവമാണ്.

നീന ഒരു കുമ്പിൾ വെള്ളം കോരിയെടുത്ത് പ്രിയയുടെ നേർക്ക് എറിഞ്ഞു. ഒന്നു രണ്ടു തുള്ളികൾ പ്രിയയുടെ ദേഹത്തു വീണു.

"നീനാ..  നീ വാ, നമുക്കു പോകാം.  മണി രണ്ടു കഴിഞ്ഞു." വാച്ചിൽ നോക്കിക്കൊണ്ട് പ്രിയ പറഞ്ഞു.

ബാഗെടുത്ത് തോളിൽ തൂക്കി തിരിച്ചു നടക്കുമ്പോൾ നീന ബാഗിൽ നിന്നു വീണ്ടും ഫോണെടുത്ത്  മെസ്സേജ് നോക്കുകയും, മമ്മയ്ക്ക് കാൾ ചെയ്യുകയും ചെയ്തു.

വീടിൻ്റെ അടുത്തെത്തിയപ്പോഴേ  വീട്ടുകാരെത്തിയിട്ടുണ്ടെന്ന് മനസിലായി. പ്രിയ  മുറ്റത്തെത്തിയതേ ഉറക്കെ വിളിച്ചു.

''ജോയിച്ചായാ.. ജോയിച്ചായാ.."  

വാതിൽ തുറന്ന് ഒരു സുന്ദരിയായ യുവതി ഇറങ്ങി വന്നു.  

"മരിയാ മോളേ .."  പ്രിയ അലിവൂറുന്ന സ്വരത്തിൽ വിളിച്ചു. അവളുടെ മുഖം സന്തോഷത്താൽ തുടുത്തു.

''ഇതാരാ.. എനിക്കു മനസിലായില്ല."

അവൾ ആഗതരെ നോക്കിക്കൊണ്ട് പറഞ്ഞു.

"എൻ്റെ മരിയ മോൾക്ക് എന്നെ മനസിലായില്ലേ, മോനൂട്ടനെവിടെ?"

 പ്രിയ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. അമ്പരപ്പോടെ മരിയ അവളെ നോക്കി.

"ആരാ മോളേ?"

പിന്നാലെ ഇറങ്ങി വന്ന ജോയിച്ചൻ ചോദിച്ചു. 

"ജോയിച്ചായാ.. ഇത് ഞാനാ.."  പുഞ്ചിരിയോടെ പ്രിയ പറഞ്ഞു.

പ്രിയയുടെ സ്വരം കേട്ടപ്പോൾ നല്ല പരിചിതമായ സ്വരം പോലെന്ന് അയാൾക്കു തോന്നി. അയാൾ  രണ്ടു പേരേയും മാറി മാറി നോക്കി. 

ബന്ധുക്കളിലോ, അയൽക്കാരിലോ ആരും തന്നെ ജോയിച്ചായാ എന്ന് വിളിക്കാറില്ല. പക്ഷേ.. ഈ സ്വരം..

ജൻമാന്തരങ്ങൾക്കപ്പുറത്തു നിന്നു ആരോ വിളിക്കും പോലെ. ഹൃദയത്തിനുള്ളിൽ കൊളുത്തി വലിക്കും പോലൊരു വിങ്ങൽ.

''ജോയിച്ചായനെന്നെ മനസിലായില്ലേ?"  

അയാളുടെ കൈകളിൽ പിടിച്ചു കൊണ്ട് പ്രിയ ചോദിച്ചു.

"ആരാ നിങ്ങൾ, എവിടുന്നു വരുന്നു?"  ആയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

"ഇത്ര പെട്ടന്ന് ജോയിച്ചായനെന്നെ മറന്നോ ? ഞാൻ സോഫിയാ.."

അവളുടെ വെളിപ്പെടുത്തൽ കേട്ടതേ അയാൾ സ്തപ്തനായ്  നിന്നു പോയി. അയാളുടെ മുഖം ചുളിഞ്ഞു. കണ്ണുകൾ കുറുകി വന്നു.

"സോഫിയോ? ഏത് സോഫി?"  ഞെട്ടൽ മറച്ചുകൊണ്ടയാൾ ചോദിച്ചു.

മരിയയുടെ മുഖത്തും അത്ഭുതഭാവം.

''ഇവിടുത്തെ സോഫിയ .. ജോയിച്ചായൻ്റെ സോഫിയാ."

പറയുമ്പോൾ അവളുടെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞു. അയാളെ പിടിച്ചിരുന്ന ആ കൈകളുടെ വിറയലും, തണുപ്പും അയാൾ തിരിച്ചറിഞ്ഞു.

"എന്നാലും ജോയിച്ചായനെന്നെ മറന്നു  അല്ലേ?''  ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി തെല്ലൊരു പരിഭവത്തോടെ അവൾ ചോദിച്ചു.

"നിങ്ങൾ കയറിയിരിക്ക്. മോളേ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്." 

അയാൾ പറഞ്ഞു. അവർ രണ്ടാളും സിറ്റൗട്ടിലേയ്ക്ക് കയറി.

'കുടിക്കാനൊക്കെ ഞാനെടുക്കാം.' എന്നു പറഞ്ഞു കൊണ്ട് മരിയയുടെ പിന്നാലെ പ്രിയ അകത്തേയ്ക്കു പോയി.

സിറ്റൗട്ടിലെ കസേരയിൽ തളർന്നിരുന്നു കൊണ്ടയാൾ നീനയോട് ചോദിച്ചു.

"ആരാ നിങ്ങൾ, എവിടുന്നു വരുന്നു? ഞാനിതുവരെ നിങ്ങളെ കണ്ടിട്ടില്ലല്ലോ."

"ചേട്ടാ പ്രിയ കുറേ ദിവസമായി ഈ വീട് സ്വപ്നം കാണുന്നു. ഇവിടുത്തെ സോഫിയ ആണെന്നാണ് അവൾ പറയുന്നത്. ഈ വീട്ടിൽ നടന്ന സംഭവങ്ങളൊക്കെ അവൾ എന്നോട് പറഞ്ഞു.''

"എൻ്റെ സോഫിയ  എന്നെ വിട്ടു പോയിട്ട് 16 വർഷങ്ങൾ കഴിഞ്ഞു."  ഗദ്ഗദ കണ്ഠനായി അയാൾ പറഞ്ഞു.

"പക്ഷേ.. ആ കുട്ടിയുടെ സ്വരം.. അവളുടെ സ്വരം പോലെ തന്നെ തോന്നുന്നു." 

ഹൃദയവ്യഥയോടെ പറയുമ്പോഴേയ്ക്കും അയാൾ  പൊട്ടിക്കരഞ്ഞുപോയി. പിന്നെ സ്വയം നിയന്ത്രിച്ചു കൊണ്ട് അയാൾ കരച്ചിൽ നിർത്തി. മുഖം തുടച്ചു. പക്ഷേ അയാളുടെ ദു:ഖം നെടുവീർപ്പുകളായി പുറത്തേയ്ക്കൊഴുകി.  

 അയാളുടെ അവസ്ഥയെക്കുറിച്ച് ഓർക്കുന്തോറും വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി നീനയ്ക്ക്. അയാൾക്ക് പ്രിയയുടെ കഥ വിശ്വസിക്കാനാവുമോ? 

പ്രിയയാണ് ഒരു ട്രേയിൽ ഫാഷൻ ഫ്രൂട്ട് സ്ക്കാഷുമായി വന്നത്. പിന്നാലെ മരിയയും. അവളുടെ കൈയ്യിലുള്ള പ്ലേറ്റിൽ ചിപ്പ്സും, ബിസ്ക്കറ്റും ഉണ്ടായിരുന്നു. സിറ്റൗട്ടിലെ ടീപ്പോയിൽ ട്രേ വെച്ച ശേഷം ഒരു ഗ്ലാസെടുത്ത് പ്രിയ  ജോയിച്ചായനു കൊടുത്തു. അടുത്ത ഗ്ലാസ് നീനയ്ക്കും.

"നീനാ.. ഇതെടുത്ത് കഴിക്ക്."  

അവൾ പ്ലേറ്റ് നീനയുടെ മുമ്പിലേയ്ക്കു നീക്കി വച്ചു.

"മരിയാമോളെ നീയും വാ."

സ്വാതന്ത്ര്യത്തോടെ പ്രിയ  ചിപ്സ് എടുത്ത് കഴിക്കുന്നതും, മരിയ മോൾക്കു എടുത്തു കൊടുക്കുന്നതും നോക്കിയിരുന്നു നീന. പ്രിയയുടെ ചെയ്തികൾ അൽഭുതത്തോടെയും, ഒട്ടൊരു കൗതുകത്തോടെയുമാണ് അവരെല്ലാവരും നിരീക്ഷിച്ചത്. ഒഴിഞ്ഞ ഗ്ലാസ് ടീപ്പോയിൽ വച്ചിട്ട് പ്രിയ എഴുന്നേറ്റു. 

"ജോയിച്ചായൻ ഇങ്ങു വന്നേ, ഒരു കാര്യം പറയാനുണ്ട്."

സ്വാതന്ത്ര്യത്തോടെ ജോയിച്ചായൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ മുറ്റത്തേയ്ക്കിറങ്ങി. ജാള്യതയോടെ അയാൾ മകളെ നോക്കി. 

"മോളേ മരിയാ നീയും വാ.."

പ്രിയ അയാളേം കൂട്ടി വീടിൻ്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് പോയി. പിന്നാലെ നീനയും, മരിയയും. അവിടെയായിരുന്നു അവരുടെ തൊഴുത്ത്. തൊഴുത്ത് ഉപയോഗമില്ലാതെ കിടക്കുന്നതിനാൽ അതിനുള്ളിൽ  ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരുന്നു. ഒരു ഭാഗത്ത് കുറേ വിറകും, ചകിരിയും.

"ഇപ്പോൾ നമുക്ക് പശുക്കളൊന്നുമില്ലേ ജോയിച്ചായാ?"

"ഇല്ല."

തൊഴുത്തിൻ്റെ മുൻ ഭാഗത്തുള്ള പുൽതൊട്ടിയുടെ അടുത്തെത്തി. പുൽതൊട്ടി തൊഴുത്തിനേക്കാൾ അൽപ്പം ഉയർത്തി  കെട്ടിയതാണ്. കരിങ്കല്ലുകൊണ്ട് കെട്ടിയ ആ തൊഴുത്തിന് ഏറെ പഴക്കമുണ്ട്. പുൽത്തൊട്ടിയിൽ പതിപ്പിച്ച കരിങ്കല്ലുകളിലൊന്ന്  പ്രിയ മെല്ലെ ഇളക്കി മാറ്റാൻ നോക്കി. കല്ലിൻ്റെ ഭാരം കൊണ്ടോ, പഴക്കം ചെന്നതിനാൽ തറച്ചിരിക്കുന്നതു കൊണ്ടോ അവൾക്കാ കല്ല് ഇളക്കി മാറ്റാനായില്ല. 

"ജോയിച്ചായാ.. ദേ ഈ കല്ല് ഒന്നു മാറ്റിത്തരാമോ ?"

മറുചോദ്യത്തിനൊന്നും നിൽക്കാതെ അയാൾ ആ കല്ല് മെല്ലെ ഇളക്കി എടുക്കാൻ  ശ്രമിച്ചു. രണ്ടു മൂന്നു വട്ടത്തെ പരിശ്രമത്തിനൊടുവിൽ അയാളാ കല്ല് എടുത്തു മാറ്റി. കല്ലുപതിപ്പിച്ചതിനടിയിൽ കുറേ  മണൽ വിരിച്ചതു പോലെ. പ്രിയ ആ മണൽ  ഒരു വശത്തേയ്ക്ക് കൈ കൊണ്ട് വലിച്ചു മാറ്റി. അതിനടിയിൽ നിന്ന്  ഒരു പ്ലാസ്റ്റിക്ക് ഭരണി അവൾ പുറത്തെടുത്തു.  ആ ഭരണി അവൾ ജോയിച്ചൻ്റെ കൈയ്യിൽ കൊടുത്തു.

"ജോയിച്ചായാ.. ഇത് മരിയ  മോൾക്ക് ... മരിയ മോൾ ..."

പറഞ്ഞത് പൂർത്തിയാക്കാനാവാതെ അവൾ മോഹാലസ്യപ്പെട്ടു വീണു. നിലത്തു വീഴും മുൻപു തന്നെ  ജോയിച്ചൻ അവളെ കടന്നുപിടിച്ചു. കൂടെ കരുതലോടെ നിന്ന നീനയും.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ