ഭാഗം 5
"ഗോപൂ .. ഞാനിന്ന് നിന്നോട് ഒരു കഥ പറയാൻ പോവുകയാണ് .കഥ പറയുമ്പോൾ ചോദ്യം പാടില്ല. ഞാൻ കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ട് നീ ചോദ്യങ്ങൾ ചോദിച്ചോളൂ. കുറച്ച് നീണ്ട ഒരു കഥയാണ്. എങ്കിലുംകഴിയുന്നത്ര ചുരുക്കി പറയാം.
ശ്രദ്ധിച്ചു കേൾക്കണം.", ഗോപിക കഥ കേൾക്കാൻ കൊച്ചു കുട്ടിയുടെ ഉൽസാഹത്തോടെ ശ്രീലക്ഷ്മിയുടെ മുഖത്ത് നോക്കിയിരുന്നു.
നീളൻമുടി പിന്നിയിട്ട് ,വാലിട്ട് കണ്ണെഴുതി നെറ്റിയിൽ ചന്ദനക്കുറിയും പൊട്ടും അണിഞ്ഞു നീല ദാവണി ചുറ്റിയ ഉണ്ണിമായ പാടവരമ്പിലൂടെ സുരേഷിന്റെ കാൽപ്പാടുകളിൽ കാൽ പതിച്ചു നടന്നു.
"ഒന്നു പതുക്കെ പോ സുരേട്ടാ എന്റെ കാൽ എത്തുന്നില്ല." കൊഞ്ചലോടെ ഉണ്ണിമായ പറഞ്ഞു.
"എന്റെ പെണ്ണേ നിനക്ക് വേറെ പണിയൊന്നുമില്ലേ, നീ എന്റെ കാൽപ്പാടുകളിൽ ചവിട്ടാതെ വന്നാൽ മതി. " സുരേഷ് തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഉണ്ണിമായയുടെ കുട്ടിക്കാലം മുതലുള്ള ശീലമാണ് മുൻപിൽ പോകുന്ന ആളുടെ കാലടിപ്പാടുകൾ പിന്തുടരുക എന്നത്. കുട്ടിക്കാലത്ത് അച്ഛന്റെ കാൽപ്പാടുകളിൽ കാൽ വെച്ച് നടന്നു തുടങ്ങി. അവളുടെ കുഞ്ഞിക്കാലുകൾക്ക് അനുയോജ്യമായ വിധത്തിൽ അച്ഛൻ അവൾക്കു വേണ്ടി മുറ്റത്തെ ചരലിൽ കാലടിപ്പാടുകൾ വീഴ്ത്തി നടന്നു. സ്ക്കൂളിൽ പോകുമ്പോൾ ജേഷ്ഠൻ നന്ദഗോപന്റെ കാലടിപ്പാടുകൾ അവൾ പിൻതുടർന്നു. ഇപ്പോഴിതാ സുരേഷിന്റെയും. ഉണ്ണിമായയുടെ അപ്പച്ചിയുടെ മകനാണ് ആണ് സുരേഷ്. കോളേജിൽ പോകുന്നതും വരുന്നതും അവർ ഒരുമിച്ചാണ്. പാടത്തിനക്കരെ ഉള്ള വീട്ടിൽ ഉണ്ണിമായയെ എത്തിച്ചശേഷമേ സുരേഷ് വീട്ടിലേക്ക് മടങ്ങി പോകാറുള്ളൂ, ഇതാണ് പതിവ്.
പോസ്റ്റുമാസ്റ്റർ ഗോപാലൻ നായരുടെയും മാലതിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് ഉണ്ണിമായ. നന്ദഗോപൻ വിദേശത്താണ്. ഗോപാലൻ നായരുടെ സഹോദരിയുടെ വീട് പാടത്തിനക്കരെയാണ്. സഹോദരിയുടെ മകൻ
'സുരേഷ് ഉണ്ണിമായയുടെ മുറച്ചെറുക്കനാണ്.' ഓർമ്മ വെച്ചനാൾ മുതൽ കേൾക്കുന്ന പല്ലവിയാണത്. ഇരുവീട്ടുകാരുടേയും അംഗീകാരമുള്ള അവർ തമ്മിൽ പ്രണയത്തിലാണ്. കാലത്ത് തറവാട്ടിൽ പോയി ഉണ്ണിമായ യേയും കൂട്ടിയാണ് സുരേഷ് കോളേജിൽ പോവുക. കോളേജുവിട്ടു വന്നാലും ഉണ്ണിമായയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടേ സുരേഷ് മടങ്ങിപ്പോകൂ. അവളുടെ എല്ലാ കാര്യത്തിലും കരുതലും ശ്രദ്ധയും കൂടുതലാണ് സുരേഷിന്.
"സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ...
ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ... "
കോളേജ് വിട്ടു വരും വഴി പാടത്തിനു നടുവിൽ വെച്ച് സുരേഷ് പാടി. ഇടയ്ക്ക് തിരിഞ്ഞു നിന്ന് അവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ഉണ്ണിമായ കള്ള പരിഭവത്തോടെ അവനെ പിടിച്ച് ഒന്നു തളളി. വരമ്പത്തു നിന്ന് കാലു തെറ്റി സുരേഷ് ചെളിയിൽ വീണു. ആദ്യം ഒന്നു പൊട്ടിച്ചിരിച്ചുവെങ്കിലും ഇളിഭ്യനായി ചെളിയിൽ നിന്ന് എണീറ്റു വരുന്ന സുരേഷിനെ കണ്ടപ്പോൾ അവൾക്കാകെ സങ്കടമായി .
അവൾ സോറി പറഞ്ഞുവെങ്കിലും സുരേഷ് ദേഷ്യത്തിലായിരുന്നു. മുത്തശ്ശിയുടെ അടുത്തു നിന്നും അവൾക്ക് കുറേ വഴക്കു കിട്ടി. ഏതായാലും ഉണ്ണിമായയുടെ വീട്ടിൽ നിന്നും കുളിച്ച് ഡ്രസ് മാറി പോകും മുൻപ് ഉണ്ണിമായ അവന്റെ പിണക്കം മാറ്റാൻ അവനൊരു സമ്മാനം നൽകി. ഒരു സ്നേഹചുംബനം.
ഉണ്ണിമായയുടെ കോളേജ് പഠനം പൂർത്തിയാവും മുൻപ് രോഗിയായ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അവരുടെ വിവാഹം നടന്നു.
സുരേഷിന്റെ ജീവിതത്തിന്റെ താളമായ്, അവനു താങ്ങും തണലുമായി ഉണ്ണിമായ അവന്റെ നല്ല പാതിയായി. സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷമായി. സ്നേഹനിധികളായ അവരുടെ ജീവിതത്തിലേയ്ക്ക്
രണ്ടു പൊന്നോമന മക്കൾ കൂടി വന്നതോടെ അവരുടെ ജീവിതം സ്വർഗ്ഗതുല്യമായ് തീർന്നു. സുരേഷിന് ടൗണിൽ ഒരു കമ്പ്യൂട്ടർ സെന്റർ ഉണ്ട്. ഉച്ചയ്ക്ക് സുരേഷിനുള്ള ഊണുമായി പോയ ഉണ്ണിമായയുടെ സ്ക്കൂട്ടിയിൽ ഒരു ടിപ്പർ വന്നിടിച്ചു.
ശ്രീലക്ഷ്മി കഥ നിർത്തി ഗോപികയെ നോക്കി. അവൾ ആകാംക്ഷയോടെ ബാക്കി കേൾക്കാനായ് ഗോപികയുടെ മുഖത്ത് നോക്കിയിരിക്കുകയാണ്.
"ശ്രീ കഥയുടെ ബാക്കി കൂടി പറയൂ. ഉണ്ണിമായയ്ക്ക് എന്തെങ്കിലും പറ്റിയോ ?" ഗോപിക ചോദിച്ചു.
"ബാക്കി കഥ നാളെ." ശ്രീലക്ഷ്മി പറഞ്ഞു നിർത്തി. "ശ്രീ.. ഉണ്ണിമായയ്ക്ക് എന്തു പറ്റി എന്നെങ്കിലും പറയൂ?"
ഗോപിക ജിജ്ഞാസയോടെ ചോദിച്ചു വെങ്കിലും ഒന്നും പറയാതെ ശ്രീലക്ഷ്മിമുറി വിട്ട് പുറത്ത് പോയി.
തുടരും