(Molley George)
വാഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടമാകുന്ന ഗോപികയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുകയാണ് കൂട്ടുകാരിയും, മുൻ സഹപാഠിയുമായ ശ്രീലക്ഷ്മി. കൗമാര ജീവിതത്തിന്റെ, വർണ്ണാഭമായ ഇഴകളിൽ മാത്രം ജീവിക്കുന്ന കൂട്ടുകാരിയെ, വർത്തമാനകാലത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് നെയ്തടുപ്പിക്കുന്ന ശ്രമകരമായ ദൗത്യം... മറ്റുള്ളവരോടുള്ള കടപ്പാടുകളും, സ്വന്തം ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വടംവലിയിൽ സ്‌നേഹവും, അതിലൂന്നിയ വിശ്വാസവും ഏതു പക്ഷം ചേരുന്നു?...
രാവിലെ പുറപ്പെട്ടുവെങ്കിലും കോഴിക്കോട്ടെത്തിയപ്പോൾ മണി മൂന്നായി.നീണ്ട യാത്രയായതിനാൽ നല്ല ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ ഗോപികയെ കാണാനുള്ള ആകാംക്ഷ കൊണ്ട് തളർച്ചയോ ക്ഷീണമോ വകവയ്ക്കാതെ അവർ നേരേ കാഷ്വാലിറ്റിയിലേയ്ക്കാണ് പോയത്. ഇടയ്ക്കിടെയുള്ള ഫോൺ വിളിയുമായി ഗോപികയുടെ ബന്ധുക്കൾ അവരുടെ വരവും കാത്ത് റിസപ്ഷനിൽ കാത്തു നിന്നിരുന്നു. ഗോപികയുടെ സഹോദരനും ഭർത്താവിന്റെ അനിയനും അവരെ കാഷ്വാലിറ്റിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
ഗോപികയുടെ ബന്ധുക്കൾ മാത്രമല്ല ,ഹോസ്പിറ്റലിലെ ഡോക്ടേഴ്സും കാത്തിരിക്കുന്നത് അവളെയാണ്, ശ്രീലക്ഷ്മിയെ. കാരണം ഗോപികയുടെ ഭൂതകാല ഓർമ്മകൾക്ക് ജീവൻ നൽകാൻ ശ്രീലക്ഷ്മിക്കേ സാധിക്കൂ എന്നാണ് അവളുടെ അമ്മയും സഹോദരനും ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് വന്ന ഒരു ഫോൺ കോൾ ആണ് അവരുടെ പെട്ടന്നുള്ള യാത്രയ്ക്കു കാരണം. ഫോണെടുത്തപ്പോൾ പരിചിതമല്ലാത്ത സ്വരം.
"മോളേ ശ്രീ ലക്ഷ്മീ..ഞാൻ ഗോപികയുടെ അമ്മയാണ് . "
"ഗോപിക" പെട്ടന്ന് എനിക്ക് ഓർമ്മ കിട്ടിയില്ല. ഞാനൽപ്പം ആലോചിച്ചതേ അമ്മ പറഞ്ഞു.
"മോളേ ശ്രീലക്ഷ്മീ ...നിങ്ങൾ എട്ടാം ക്ലാസു മുതൽ പത്തുവരെ ഒന്നിച്ചാണ് പഠിച്ചത്."
"അയ്യോ അമ്മേ .. എവിടെ എന്റെ ഗോപു?"
ഗോപികയെ കൂട്ടുകാരെല്ലാം ഗോപു എന്നാണ് വിളിച്ചിരുന്നത്. പത്താം ക്ലാസ്സിനു ശേഷം അവർ പിരിഞ്ഞിട്ട് നീണ്ട 25വർഷങ്ങൾ കഴിഞ്ഞു. അതിനു ശേഷം ഒരു വിവരവുമില്ല. പക്ഷേ ഓർമ്മയുടെ പവിഴച്ചെപ്പിൽ സൂക്ഷിച്ച ആ സൗഹൃദം അവളുടെ മനസിലുണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ കൂടി അവളെ കാണുവാൻ സാധിക്കുമോ എന്നും ചിന്തിച്ചിരുന്നു.
അപ്രതീക്ഷിതമായി ഗോപികയുടെ അമ്മ വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് ശ്രീലക്ഷ്മി അവളെക്കുറിച്ച് ചോദിച്ചത്. പക്ഷേ മറുതലയ്ക്കൽ നിന്നും ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
അവൾക്കൊന്നും മനസിലായില്ല. അമ്മയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി സഹോദരനാണ് കാര്യങ്ങൾ എല്ലാം വിശദമായ് പറഞ്ഞത്. മൂന്നാഴ്ച മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിൽ ഗോപികയ്ക്ക് പരുക്കേറ്റു.
കൈയ്ക്കും കാലിനുമൊക്കെയുള്ള പരുക്ക് സാരമുള്ളതല്ല.പക്ഷേ ബോധമില്ലാതെ കോമയിൽ ആയിരുന്നു. നീണ്ട പതിനെട്ടു ദിവസം. കഴിഞ്ഞ ദിവസമാണ്ആണ് ബോധം തെളിഞ്ഞത്. സ്വന്തം അമ്മയേയോ, ഭർത്താവിനേയോ,
എന്തിനേറേ ജീവന്റെ ജീവനായ മക്കളെപ്പോലും അവൾ തിരിച്ചറിഞ്ഞില്ല. ഇടയ്ക്കിടെ " ശ്രീ ലക്ഷ്മീ .. ശ്രീ ."
എന്നു മാത്രം പറയുന്നുണ്ട്. ആ പേര് ഒഴിച്ച് മറ്റൊന്നും അവൾക്കറിയില്ല. അവളുടെ കൂട്ടുകാരിലോ ബന്ധുക്കളിലോ ഇങ്ങനെ ഒരാളെ ആർക്കും അറിയില്ല. പഴയ കൂട്ടുകാരിൽ ആരോ ആണ് പറഞ്ഞത് ശ്രീലക്ഷ്മി എന്ന ക്ലാസ് മേറ്റിനെക്കുറിച്ച്.
ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരമാണ് അവർ തിരുവനന്തപുരത്തുള്ള ശ്രീലക്ഷ്മിയെ തേടിപ്പിടിച്ച് വിളിച്ചത്.
കാഷ്വലിറ്റിയ്ക്ക് മുൻപിൽ എത്തിയപ്പോൾ ഗോപികയുടെ അമ്മയെന്നു തോന്നുന്ന സ്ത്രീ വന്ന് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് കരഞ്ഞു. "മോളേ.. എന്റെ മോള് .." അവൾ ഗദ്ഗദത്തോടെ തേങ്ങലടക്കി.
"അമ്മേ.. വിഷമിക്കേണ്ട എല്ലാം ശരിയാവും." ശ്രീലക്ഷ്മി അവരെ ആശ്വസിപ്പിച്ചു. കുറേ ബന്ധുക്കൾ അവൾക്ക് ചുറ്റും കൂടി. അവൾക്കാരേയും പരിചയമില്ല. പക്ഷേ അവരെല്ലാം ശ്രീലക്ഷ്മിയുടെ വരവോടെ വളരെ പ്രതീക്ഷയിലാണ്. ശ്രീയ്ക്കാണെങ്കിൽ ആകെ ടെൻഷ നും.
ഒരു സിസ്റ്റർ വന്നു പറഞ്ഞു ഗോപികയെ ഇന്ന് റൂമിലേയ്ക്ക് മാറ്റുമെന്നും അതിനു ശേഷം ശ്രീലക്ഷ്മിയെ കാണിക്കാനുമാണ് ഡോക്ടർ പറഞ്ഞത് എന്ന്. ഗോപികയുടെ അമ്മയേയും, അഛനേയും സഹോദരനേയും,ഭർത്താവിനേയും മക്കളെ രണ്ടു പേരെയും അവൾ പരിചയപ്പെട്ടു. മക്കളുടേം ഭർത്താവിന്റേം പേര് അവൾ ചോദിച്ച് മനസിലാക്കി.
അപകടത്തിനു ശേഷം പതിനെട്ടാം ദിവസമാണ് ബോധം തെളിഞ്ഞത്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതെ ആളെ തിരിച്ചു കിട്ടിയ സന്തോഷം ഒരു വശത്ത്. പ്രിയപ്പെട്ടവരെ ആരെയും ഓർമ്മയില്ലാത്ത ദുഃഖം മറുവശത്ത്.
ശ്രീലക്ഷ്മിയെ ഡോക്ടർ വിളിക്കുന്നു എന്നറിയിച്ചപ്പോൾ കുറച്ചൊരു ഉൽകണ്ഠയോടെയാണ് അവൾ
പോയി ഡോക്ടറെ കണ്ടത്. കൂടെ ഭർത്താവും ഗോപികയുടെ സഹോദരനും. നീണ്ട അര മണിക്കൂർ ക്ലാസ്.
ഡോക്ടർ പറഞ്ഞതനുസരിച്ച് വേണം ഇനി അവൾക്കു മുൻപിലുള്ള 'നാടകം.'
തുടരും ...
ഭാഗം 2
ഡോക്ടറെ കണ്ട് അവർ പുറത്തെത്തിയപ്പോഴേയ്ക്കും ഗോപികയെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. ശ്രീലക്ഷ്മിയും ഭർത്താവും Dr. നടരാജനോടൊപ്പമാണ് ഗോപികയുടെ മുറിയിലേയ്ക്ക് കയറിയത്. മുറിയിലേയ്ക്ക് കടന്നു വരുന്നവരെ വിടർന്ന മിഴികളോടെ നോക്കിക്കിടന്നു ഗോപിക. ഗോപികയുടെ ഇടതു കൈയ്യിൽ ബാൻഡേജ്. ഡോക്ടറെ നോക്കിയ ശേഷം ഗോപിക ശ്രീലക്ഷ്മിയുടെ ഭർത്താവിനെ നോക്കി. മുഖത്ത് അപരിചിതത്വം. ഏറ്റവും പിന്നിലായിരുന്നു ശ്രീലക്ഷ്മി.
ശ്രീലക്ഷ്മി മെല്ലെ മുറിയിലേയ്ക്ക് കയറി അവളുടെ ബെഡിനടുത്തേയ്ക്ക് നടക്കവേ,
"ശ്രീലക്ഷ്മി.. മോളേ ശ്രീ !"
അവൾ ശ്രീലക്ഷ്മിയെ തിരിച്ചറിഞ്ഞു.
"ശ്രീ, നീയാകെ മാറിപ്പോയല്ലോ മോളേ. നിനക്ക് പ്രായം ചെന്ന പോലെ. എന്തു പറ്റി നിനക്ക്", ഗോപിക വാചാലയായി.
അതു കേട്ട ഡോക്ടർക്ക് ആശ്വാസം, "നിങ്ങൾ സംസാരിക്കൂ."
ഡോക്ടർ ശ്രീലക്ഷ്മിയുടെ ഭർത്താവുമായി മുറിക്കു പുറത്തിറങ്ങി.
"ഗോപൂ നിനക്ക് എന്തു പറ്റിയെടീ ?" ശ്രീ അവളുടെ ബെഡിനടുത്ത് ഇരുന്നു. പ്ലാസ്റ്ററിട്ട കൈ അവൾ ശ്രീലക്ഷ്മിക്കു കാട്ടിക്കൊടുത്തു.
"ഇത് എങ്ങനെ സംഭവിച്ചു? " ശ്രീയുടെ ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു.
ഇതിനിടെ അവളുടെ മക്കൾ രണ്ടാളും ഗോപികയുടെ അടുത്തെത്തി. ഗോപികയെപ്പോലെ തന്നെ രണ്ടു സുന്ദരിക്കുട്ടികൾ. 16 ഉം 18 ഉം പ്രായം.
"ഗോപൂ ,ഇതാരാണ്ന്ന് അറിയുമോ ?"
കുട്ടികളെ നോക്കി ശ്രീലക്ഷ്മി അവളോട് ചോദിച്ചു. അവർ തമ്മിൽ ഗോപു എന്നും ശ്രീയെന്നുമാണ് പണ്ട് വിളിച്ചിരുന്നത്.
"ഇവർ നമ്മുടെ കൂടെ പഠിക്കുന്നവരാണോ ശ്രീ?"
അമ്മയുടെ മറുപടി കേട്ട് കുട്ടികളുടെ മുഖത്ത് സങ്കടം. നിറഞ്ഞ മിഴികളോടെ, ഒന്നും പറയാതെ അവർ മുറിയ്ക്ക് പുറത്തിറങ്ങി.
'ഗോപൂ ഇവർ നിന്റെ മക്കളാണ്' എന്ന് പറയാമായിരുന്നു. പക്ഷേ..ഡോക്ടർ പറഞ്ഞത്..വേണ്ട, കുറച്ച് കഴിഞ്ഞു പറയാം.
ഡോക്ടർ പറഞ്ഞതനുസരിച്ച് ഗോപികയുടെ ഭർത്താവും അമ്മയും മുറിയിലേയ്ക്ക് കയറി വന്നു. രണ്ടാളെയുമവൾ മാറി മാറി നോക്കി.
ഇതാരെന്ന മട്ടിലവൾ ശ്രീയെ നോക്കി.
"മോളേ ഗോപികേ..."
ഗോപികയുടെ അമ്മ അവളെ നോക്കി സ്നേഹത്തോടെ വിളിച്ചു.
"ആരാ ശ്രീ ഇത് . നിന്റെ അമ്മയാണോ?"
സ്വന്തം അമ്മയെപ്പോലും മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഗോപിക. ഓർമ്മയിൽ കൂട്ടുകാരി ശ്രീലക്ഷ്മി മാത്രം. ബാക്കി എല്ലാവരും വിസ്മൃതിയിൽ ആണ്ടു പോയി.
'വിസ്മൃതി' - മസ്തിഷ്കത്തിന്റെ ഒരു പ്രത്യേക സ്വഭാവം. അപകടം വഴി നാഡീവ്യൂഹത്തിനുണ്ടായ തകരാറുകൾ മറവിക്കു കാരണമായേക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. പഴയകാര്യങ്ങൾ വ്യക്തമായി ഓർക്കുകയും സമീപകാലസംഭവങ്ങൾ വിസ്മരിക്കുകയും ചെയ്യുന്ന പ്രത്യേകതരം മറവിയാണ് ഗോപികയ്ക്ക് സംഭവിച്ചിരിക്കുന്നത്. പക്ഷേ ഒരാളൊഴിച്ച് മറ്റാരും അവളുടെ ഓർമ്മയിലില്ല. അതും വളരെ അപൂർവ്വമായി സംഭവിക്കുന്നത്.
ഗോപിക സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്തെ അവളുടെ ചില കൂട്ടുകാരുടെ പേരുകൾ ശ്രീ അവളോട് പറഞ്ഞു. ചിലർ മാത്രം അവളുടെ ഓർമ്മയിൽ ഉണ്ട്. ചുരുക്കം ചില ടീച്ചേഴ്സും. ഗോപികയുമായി സംസാരിച്ചപ്പോൾ ശ്രീയ്ക്ക് മനസിലായി. അവൾ ഇന്നും ഒരു സ്കൂൾ കുട്ടിയാണെന്ന ധാരണയിലാണ് സംസാരിക്കുന്നത്.
ഓർമ്മകളിൽ അവൾ ഒരു കൊച്ചു കുട്ടിയാണ്. കളിയും ചിരിയും കുട്ടിക്കുറുുുമ്പുകളും നിറഞ്ഞ കൗമാരക്കാരി.പതിനഞ്ച് വയസ്സുള്ള ഒരു പാവാടക്കാരി. ശ്രീലക്ഷ്മിയുമായുള്ള സൗഹൃദം ഹരിതാഭമായി അവളുടെ ഓർമയിൽ ഉണ്ട്.
അവളുടെ ഓർമ്മകളിലേയ്ക്ക് വെളിച്ചംവീശുന്ന ആനുകാലിക സംഭവങ്ങൾ ശ്രീലക്ഷ്മി പറഞ്ഞുവെങ്കിലും ഒന്നും ഓർത്തെടുക്കാൻ ഗോപികയ്ക്ക് കഴിയുന്നില്ല.
സ്വന്തം അച്ഛന്റയോ, അമ്മയുടെയോ, സഹോദരൻറയോ പേര് പോലും അവർക്കറിയില്ല. അവളെ ഓർമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷയൊന്നും ശ്രീലക്ഷ്മിക്ക് ഇല്ല. അടുത്ത ദിവസം രാവിലെ തന്നെ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ശ്രീലക്ഷ്മിയും ഭർത്താവും.
അവളിൽ ഓർമ്മകൾ ഉണർത്താതെ അവളെ ഉപേക്ഷിച്ച് പോകരുത് എന്ന് അവളുടെ അമ്മ കേണപേക്ഷിച്ചു. അതു കൊണ്ട് രണ്ട് ദിവസം കൂടെ ഹോസ്പിറ്റലിൽ നിൽക്കാമെന്ന് ശ്രീലക്ഷ്മി സമ്മതിച്ചു.
തുടരും
ഭാഗം 3
അവളുടെ ഉള്ളിലെ നഷ്ടപ്പെട്ട ഇന്നലെകളെ വീണ്ടെടുക്കാൻ ഇനി എന്തൊക്കെ ചെയ്യണം ആവോ? വല്ലാത്തൊരു കുരുക്കിലാണ് താൻ വന്നു പെട്ടെത് എന്ന് ശ്രീലക്ഷ്മിക്ക് തോന്നി. ക്ലാസ്സിൽ നടന്ന ചില കൊച്ചുകൊച്ചു സംഭവങ്ങൾ ശ്രീലക്ഷ്മി അവളുമായി പങ്കുവെച്ചു. അതൊന്നും ഓർത്തെടുക്കാൻ അവൾക്കു കഴിഞ്ഞില്ല.
"ഗോപു നീ ചന്ദ്രിക എന്ന കുട്ടിയെ അറിയുമോ ?"
"ചന്ദ്രിക ..ചന്ദ്രിക .. " വിസ്മൃതിലായ മനസ്സുമായവൾ അലഞ്ഞു.
ചന്ദ്രികയെ കുറിച്ച് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു. ''സുന്ദരിയായ അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതിലുപരി അവളുടെ നിഷ്കളങ്ക സ്വഭാവം. നമ്മുടെ ക്ലാസിലെ ഏറ്റവും പാവം കുട്ടി.
"ഗോപൂ.. ഒരു ഓണാവധിക്ക് നമ്മൾ രണ്ടാളും കൂടെ ചന്ദ്രികയുടെ വീട്ടിൽ പോയതു നീ ഓർക്കുന്നുണ്ടോ? "
ആലോചനയോടെ ഗോപികയുടെ മിഴികൾ ഭിത്തിയിലുള്ള ഏതോ ബിന്ദുവിലുറച്ചു. മനസ് ദൂരെയെങ്ങോ അലയും പോലെ തോന്നി. ശ്രീലക്ഷ്മി അവളോട് ആ യാത്രയെക്കുറിച്ച് പറഞ്ഞു.
"ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴി ശരിക്കും അറിഞ്ഞു കൂടാരുന്നു.പാലൂർ മലയിലാണ് അവളുടെ വീട് . നമ്മളെ കൂട്ടിക്കൊണ്ടുപോകാൻ അവൾ സഹോദരനെ പറഞ്ഞു വിടും എന്ന് പറഞ്ഞിരുന്നു. പക്ഷേ ഏറെ നേരം കാത്തു നിന്നിട്ടും സഹോദരൻ വന്നില്ല.അതുകൊണ്ട് നമ്മൾ രണ്ടാളും മെല്ലെ നടക്കാൻ തീരുമാനിച്ചു. ആദിവാസികൾ താമസിക്കുന്ന ഒരു കോളനി പിന്നിട്ട് മലകയറി വേണം പോകാൻ എന്ന് അവൾ പറഞ്ഞിട്ടുണ്ടായിരുന്നു.
വെളിച്ചം കടന്നു ചെല്ലാത്ത വൻമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ചെറിയ കാനനപാതയിലൂടെയാണ് നമ്മൾ ചന്ദ്രികയുടെ വീട്ടിലേയ്ക്ക് പോയത്.
കുറെ നടന്നു കഴിഞ്ഞപ്പോൾ വീടുകൾ ഒന്നുമില്ല. കുത്തനെയുള്ള മലകയറ്റം. നമ്മൾ ദാഹിച്ചുവലഞ്ഞു. ഒരു ചെറിയ കാട്ടുചോലയിൽനിന്നും നല്ല തെളിനീർ കൈക്കുമ്പിളിൽ കോരിയെടുത്ത് വയറു നിറയെ കുടിച്ചു.
വനത്തിനുള്ളിൽ നിന്നും പക്ഷികളുടെയും കാട്ടു മൃഗങ്ങളുടെയും ശബ്ദം കേട്ടപ്പോൾ തന്നെ പേടിയായി. നമ്മൾ പേടിച്ചു വിറച്ചാണ് മുൻപോട്ടു പോയത്.ഒരു മലയണ്ണാൻ
മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ചാടിയതും ഗോപൂ നീ പേടിച്ചു കരഞ്ഞു. ഉള്ളിൽ പേടിയുണ്ടെങ്കിലും ഞാൻ ധൈര്യം അഭിനയിച്ച് നിന്നെ ആശ്വസിപ്പിച്ചു.വീണ്ടും മുന്നോട്ടു പോകുമ്പോൾ എന്തൊക്കെയോ ഭീതിപ്പെടുത്തുന്ന ശബ്ദങ്ങൾ! തിരിച്ചു പോയാലോ എന്ന് നമ്മൾ ആലോചിച്ചു. ഒരു പുഴു നിന്റെ കാലിൽ കടിച്ചു തൂങ്ങിക്കിടന്നു. പുഴു കാലിൽ നിന്നും വിട്ടു പോരാത്തതിനാൽ നീ ഉറക്കെ കരഞ്ഞു. നിന്റെ കരച്ചിൽ കേട്ട് ആ വഴി വന്ന ഒരു വൃദ്ധൻ 'അട്ടയാണ് ' എന്നു പറഞ്ഞ് എന്തോ ഇലകൾ പറിച്ച് അത് കൈയ്യിലിട്ടു ഞരടി അതിന്റെ നീരെടുത്ത് നിന്റെ കാലിൽ ഒഴിച്ചപ്പോൾ അട്ട കാലിൽ നിന്ന് താഴെ വീണു. അദ്ദേഹം ഒരു കുറുക്കു വഴിയിലൂടെ നമ്മളെ ചന്ദ്രികയുടെ വീട്ടിലെത്തിച്ചു.
ചന്ദ്രികയുടെ വീട്ടിൽ നിന്ന് ഉപ്പും മുളകും മഞ്ഞളും ചേർത്ത് ഒരു പ്രത്യേക രീതിയിൽ പുഴുങ്ങിയെടുത്ത ചേമ്പുപുഴുക്ക് ഇലക്കീറിൽ അവളുടെ അമ്മ വിളമ്പിത്തന്നു."
ഓർമ്മകളുടെ വേലിയേറ്റത്തിൽ ഗോപികയുടെ മുഖം തെളിഞ്ഞു വരുന്നതു പോലെ തോന്നി.
"ശ്രീ.. ഊണിനു ശേഷം ഉള്ളിൽ മധുരം വെച്ച ഇലയടയും പായസവും ഉണ്ടായിരുന്നു. ഞാനോർക്കുന്നു." ഗോപിക സന്തോഷത്തോടെ പറഞ്ഞു.
കുറേ പറഞ്ഞു കഴിയുമ്പോൾ ചില ഓർമ്മകൾ പച്ച പിടിച്ചു വരുന്നുണ്ട്. ശ്രീലക്ഷ്മിക്ക് ആശ്വാസം തോന്നി. തന്റെ പ്രയത്നം പാഴായില്ല.
"ഗോപൂ.. നീ കുറച്ച് വിശ്രമിക്ക്. ഞാൻ ദേവേട്ടനെ കണ്ടിട്ടു വരാം."
"ദേവേട്ടനോ.. അതാരാ?"ഗോപിക ചോദിച്ചു.
"എടീ എന്റെ ഭർത്താവ് ."
"ഭർത്താവോ ? നിന്റെ കല്യാണം കഴിഞ്ഞോ ?"
അതിശയത്തോടെ അവൾ ചോദിച്ചു.
"എപ്പഴേ കഴിഞ്ഞു.20 വർഷം മുൻപ്. "
"ഇരുപത് വർഷം.. " അവൾ പിറുപിറുത്തു.
"എന്റെ ഗോപൂ ,എനിക്ക് വയസ് നാൽപ്പതായി. " ശ്രീലക്ഷ്മി പറഞ്ഞു.
"നാൽപ്പതോ ..നിനക്കോ .. നിനക്കെന്താ ശ്രീ വട്ടായോ ?" അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
"എനിക്കു മാത്രമല്ല ഗോപൂ .. നിനക്കും വയസ് നാൽപതായി. "
തലയിലാരോ കൂടം വെച്ച് അടിക്കും പോലെ അവൾക്കു തോന്നി. ദേഷ്യത്തോടെ അവൾ ചോദിച്ചു.
"ശ്രീ.. നീയെന്താ പറഞ്ഞേ. പത്താം ക്ലാസിൽ പഠിക്കുന്ന നമുക്ക് നാൽപ്പതു വയസ്സോ ? "
'ഈശ്വരാ കാര്യങ്ങൾ വീണ്ടും കൈവിട്ടു പോകുകയാണോ?'
ഒരു തീരം തേടി പ്രതീക്ഷയോടെ തുഴഞ്ഞ് പോകുമ്പോൾ ചുഴിയിൽപ്പെട്ട അവസ്ഥയാണല്ലോ. ശ്രീലക്ഷ്മി നിസ്സഹായയായ് നിന്നു പോയി.
തുടരും.
ഭാഗം 4
'നാൽപ്പതു വയസ് ' എന്നു കേട്ടതിന്റെ പരിഭവത്താൽ തുടുത്ത മുഖവുമായി ഇരിക്കുന്ന ഗോപികയുടെ അടുത്തേക്ക് ഒരു കണ്ണാടിയുമായി ശ്രീലക്ഷ്മി കടന്നുചെന്നു .
"ഗോപൂ നീ ഈ കണ്ണാടിയിൽ ഒന്നു നോക്കൂ."
ഗോപിക കണ്ണാടി വാങ്ങി മുഖം നോക്കി. ഒരു നിമിഷം ! അവൾ ഞെട്ടിപ്പോയി.
വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും നോക്കി. മുടിയിഴകളിലും മുഖത്തും അവൾ തന്നെ തൊട്ടു നോക്കി. പ്ലാസ്റ്ററിട്ട ഇടതു കൈ കൊണ്ട്.
'ഈശ്വരാ ഞാൻ തന്നെയോ ഇത് .ഒരു ഭംഗിയുമില്ല. ഒത്തിരി പ്രായം ചെന്നതു പോലെ. '
അവൾ ആത്മഗതം ചെയ്തു.
കണ്ണാടി തിരിച്ചും, മറിച്ചും മുഖത്തിനു നേരേ പിടിച്ചു നോക്കി. ഇതു താൻ തന്നെയാണ് എന്ന് സ്വയം വിശ്വസിക്കുവാൻ ശ്രമിച്ചു.
" അയ്യോ ! ശ്രീ ഇത് ഞാനല്ല.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക് എന്താണ് സംഭവിച്ചത് ?"
ഒരു തേങ്ങലോടെ അവൾ കണ്ണാടി
ബെഡ്ഡിലേയ്ക്ക് ഇട്ടു.
വലതു കൈ കൊണ്ടവൾ
മുഖം പൊത്തി തേങ്ങിക്കരഞ്ഞു.
ഇടയ്ക്കവൾ മുഖമുയർത്തി ശ്രീലക്ഷ്മിയെ നോക്കി തലയാട്ടി .ഇതു ഞാനല്ലെന്ന് പറയും പോലെ.
അവളുടെ മുഖത്ത്
ദു:ഖം തളം കെട്ടി. കണ്ണുകൾ ചുവന്നു കലങ്ങി. വിതുമ്പുന്ന അധരങ്ങൾ. മിഴിനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
വർത്തമാനകാലമോ, പ്രായമോ മനസിലാക്കാൻ പറ്റാത്ത മനസുമായവൾ ഉഴറി.
ഗോപികയുടെ അമ്മ ഫ്ലാസ്ക്കിൽ ചായയുമായി വന്നു. രണ്ടു ഗ്ലാസുകളിൽ പകർന്ന് അവർക്കു നൽകി. ഗോപിക എണീറ്റിരുന്നു. ചായ വാങ്ങി ഒരു കവിൾ കുടിച്ചു.
"ഇതിനു മധുരം തീരെയില്ല." അവൾ ചായ അമ്മയ്ക്കു നേരേ നീട്ടി.
"മോൾക്കു മധുരം ഇഷ്ടമല്ലല്ലോ. അതാ മധുരം കുറച്ചത്."
അമ്മ പറഞ്ഞു.
"എനിക്കോ .. എനിക്ക് മധുരം വല്യ ഇഷ്ടമാ ."ഗോപിക അമ്മയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ചോദിച്ചു.
"ഇതാരാ?"
"ഗോപൂ.. സൂക്ഷിച്ചു നോക്കൂ .ഈ മുഖം എവിടേലും കണ്ടിട്ടുണ്ടോന്ന് ?"
ശ്രീലക്ഷ്മി പറഞ്ഞു.
ഗോപിക അമ്മയെ അടിമുടി നോക്കി. മറഞ്ഞു പോയ ഓർമ്മകളിൽ അവൾ പരതാൻ തുടങ്ങി.
"എനിക്കറിയില്ല ശ്രീ.."
"സാരമില്ല ഗോപൂ. ഞാൻ പിന്നീട് പരിചയപ്പെടുത്താം ."
"എനിക്ക് ചായയ്ക്ക് കുറച്ച് മധുരം കൂടി വേണം." ഗോപിക പറഞ്ഞപ്പോൾ
അമ്മ സ്പൂണിൽ കുറച്ച് പഞ്ചസാര എടുത്ത് അവളുടെ ചായയിൽ ഇട്ട് ഇളക്കി കൊടുത്തു.
"ഞാൻ ഇളക്കിക്കോളാം."
ഗോപിക ചായ ഇളക്കിയ ശേഷം ആ സ്പൂൺ കൊണ്ട് ചായ കോരിക്കുടിക്കുവാൻ തുടങ്ങി.
കുട്ടിക്കാലത്ത് അവളുടെ സ്ഥിരം പരിപാടിയാണ്. ചായയോ, കാപ്പിയോ കിട്ടിയാൽ സ്പൂൺ കൊണ്ട് കോരിക്കുടിക്കുമായിരുന്നു.പ്രീ ഡിഗ്രിയ്ക്ക് കോളേജിൽ ചേർന്ന ശേഷമാണ് ആ ശീലം നിർത്തിയത്.
കുട്ടിക്കാലത്ത് മധുരം ഏറെയിഷ്ടമായിരുന്നു. തടി കൂടുന്നു എന്ന കാരണത്താൽ വിവാഹശേഷം അവൾ തന്നെ മധുരം കഴിക്കുന്നതു കുറച്ചു.
കൗമാരകാലത്തിലേയ്ക്ക് പോയ മകളുടെ ചെയ്തികൾ കണ്ട് അമ്മയുടെ മിഴികൾ നിറഞ്ഞു. പുറംകൈ കൊണ്ട് കണ്ണുകൾ തുടച്ച് അവർ മുറി വിട്ടു പോയി.
"ഗോപൂ ..നിന്റെ അച്ഛനും അമ്മയും എവിടെയാണ്?"
ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ ഗോപിക പതിയെ പറഞ്ഞു.
"അച്ഛൻ ..അമ്മ..
അച്ഛൻ ... അമ്മ .."
അവൾ ആ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു.
അവളുടെ ഓർമ്മകളിൽ നിന്നും അവർ എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളെ ഉണർത്താൻ കഴിയുമോ?
അതോ, എന്നും അവളീ ആവൃതിയ്ക്കുള്ളിൽ കഴിയേണ്ടി വരുമോ ?
ആ മനസിന്റെ കോണിലെവിടെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മുളയ്ക്കുമോ?
വർത്തമാനകാലത്തിലേയ്ക്ക് ഒരു മടക്കയാത്ര ഉണ്ടാവുമോ?
തുടരും
ഭാഗം 5
"ഗോപൂ .. ഞാനിന്ന് നിന്നോട് ഒരു കഥ പറയാൻ പോവുകയാണ് .കഥ പറയുമ്പോൾ ചോദ്യം പാടില്ല. ഞാൻ കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ട് നീ ചോദ്യങ്ങൾ ചോദിച്ചോളൂ. കുറച്ച് നീണ്ട ഒരു കഥയാണ്. എങ്കിലുംകഴിയുന്നത്ര ചുരുക്കി പറയാം.
ശ്രദ്ധിച്ചു കേൾക്കണം.", ഗോപിക കഥ കേൾക്കാൻ കൊച്ചു കുട്ടിയുടെ ഉൽസാഹത്തോടെ ശ്രീലക്ഷ്മിയുടെ മുഖത്ത് നോക്കിയിരുന്നു.
നീളൻമുടി പിന്നിയിട്ട് ,വാലിട്ട് കണ്ണെഴുതി നെറ്റിയിൽ ചന്ദനക്കുറിയും പൊട്ടും അണിഞ്ഞു നീല ദാവണി ചുറ്റിയ ഉണ്ണിമായ പാടവരമ്പിലൂടെ സുരേഷിന്റെ കാൽപ്പാടുകളിൽ കാൽ പതിച്ചു നടന്നു.
"ഒന്നു പതുക്കെ പോ സുരേട്ടാ എന്റെ കാൽ എത്തുന്നില്ല." കൊഞ്ചലോടെ ഉണ്ണിമായ പറഞ്ഞു.
"എന്റെ പെണ്ണേ നിനക്ക് വേറെ പണിയൊന്നുമില്ലേ, നീ എന്റെ കാൽപ്പാടുകളിൽ ചവിട്ടാതെ വന്നാൽ മതി. " സുരേഷ് തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഉണ്ണിമായയുടെ കുട്ടിക്കാലം മുതലുള്ള ശീലമാണ് മുൻപിൽ പോകുന്ന ആളുടെ കാലടിപ്പാടുകൾ പിന്തുടരുക എന്നത്. കുട്ടിക്കാലത്ത് അച്ഛന്റെ കാൽപ്പാടുകളിൽ കാൽ വെച്ച് നടന്നു തുടങ്ങി. അവളുടെ കുഞ്ഞിക്കാലുകൾക്ക് അനുയോജ്യമായ വിധത്തിൽ അച്ഛൻ അവൾക്കു വേണ്ടി മുറ്റത്തെ ചരലിൽ കാലടിപ്പാടുകൾ വീഴ്ത്തി നടന്നു. സ്ക്കൂളിൽ പോകുമ്പോൾ ജേഷ്ഠൻ നന്ദഗോപന്റെ കാലടിപ്പാടുകൾ അവൾ പിൻതുടർന്നു. ഇപ്പോഴിതാ സുരേഷിന്റെയും. ഉണ്ണിമായയുടെ അപ്പച്ചിയുടെ മകനാണ് ആണ് സുരേഷ്. കോളേജിൽ പോകുന്നതും വരുന്നതും അവർ ഒരുമിച്ചാണ്. പാടത്തിനക്കരെ ഉള്ള വീട്ടിൽ ഉണ്ണിമായയെ എത്തിച്ചശേഷമേ സുരേഷ് വീട്ടിലേക്ക് മടങ്ങി പോകാറുള്ളൂ, ഇതാണ് പതിവ്.
പോസ്റ്റുമാസ്റ്റർ ഗോപാലൻ നായരുടെയും മാലതിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് ഉണ്ണിമായ. നന്ദഗോപൻ വിദേശത്താണ്. ഗോപാലൻ നായരുടെ സഹോദരിയുടെ വീട് പാടത്തിനക്കരെയാണ്. സഹോദരിയുടെ മകൻ
'സുരേഷ് ഉണ്ണിമായയുടെ മുറച്ചെറുക്കനാണ്.' ഓർമ്മ വെച്ചനാൾ മുതൽ കേൾക്കുന്ന പല്ലവിയാണത്. ഇരുവീട്ടുകാരുടേയും അംഗീകാരമുള്ള അവർ തമ്മിൽ പ്രണയത്തിലാണ്. കാലത്ത് തറവാട്ടിൽ പോയി ഉണ്ണിമായ യേയും കൂട്ടിയാണ് സുരേഷ് കോളേജിൽ പോവുക. കോളേജുവിട്ടു വന്നാലും ഉണ്ണിമായയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടേ സുരേഷ് മടങ്ങിപ്പോകൂ. അവളുടെ എല്ലാ കാര്യത്തിലും കരുതലും ശ്രദ്ധയും കൂടുതലാണ് സുരേഷിന്.
"സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ...
ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ... "
കോളേജ് വിട്ടു വരും വഴി പാടത്തിനു നടുവിൽ വെച്ച് സുരേഷ് പാടി. ഇടയ്ക്ക് തിരിഞ്ഞു നിന്ന് അവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു. ഉണ്ണിമായ കള്ള പരിഭവത്തോടെ അവനെ പിടിച്ച് ഒന്നു തളളി. വരമ്പത്തു നിന്ന് കാലു തെറ്റി സുരേഷ് ചെളിയിൽ വീണു. ആദ്യം ഒന്നു പൊട്ടിച്ചിരിച്ചുവെങ്കിലും ഇളിഭ്യനായി ചെളിയിൽ നിന്ന് എണീറ്റു വരുന്ന സുരേഷിനെ കണ്ടപ്പോൾ അവൾക്കാകെ സങ്കടമായി .
അവൾ സോറി പറഞ്ഞുവെങ്കിലും സുരേഷ് ദേഷ്യത്തിലായിരുന്നു. മുത്തശ്ശിയുടെ അടുത്തു നിന്നും അവൾക്ക് കുറേ വഴക്കു കിട്ടി. ഏതായാലും ഉണ്ണിമായയുടെ വീട്ടിൽ നിന്നും കുളിച്ച് ഡ്രസ് മാറി പോകും മുൻപ് ഉണ്ണിമായ അവന്റെ പിണക്കം മാറ്റാൻ അവനൊരു സമ്മാനം നൽകി. ഒരു സ്നേഹചുംബനം.
ഉണ്ണിമായയുടെ കോളേജ് പഠനം പൂർത്തിയാവും മുൻപ് രോഗിയായ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അവരുടെ വിവാഹം നടന്നു.
സുരേഷിന്റെ ജീവിതത്തിന്റെ താളമായ്, അവനു താങ്ങും തണലുമായി ഉണ്ണിമായ അവന്റെ നല്ല പാതിയായി. സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷമായി. സ്നേഹനിധികളായ അവരുടെ ജീവിതത്തിലേയ്ക്ക്
രണ്ടു പൊന്നോമന മക്കൾ കൂടി വന്നതോടെ അവരുടെ ജീവിതം സ്വർഗ്ഗതുല്യമായ് തീർന്നു. സുരേഷിന് ടൗണിൽ ഒരു കമ്പ്യൂട്ടർ സെന്റർ ഉണ്ട്. ഉച്ചയ്ക്ക് സുരേഷിനുള്ള ഊണുമായി പോയ ഉണ്ണിമായയുടെ സ്ക്കൂട്ടിയിൽ ഒരു ടിപ്പർ വന്നിടിച്ചു.
ശ്രീലക്ഷ്മി കഥ നിർത്തി ഗോപികയെ നോക്കി. അവൾ ആകാംക്ഷയോടെ ബാക്കി കേൾക്കാനായ് ഗോപികയുടെ മുഖത്ത് നോക്കിയിരിക്കുകയാണ്.
"ശ്രീ കഥയുടെ ബാക്കി കൂടി പറയൂ. ഉണ്ണിമായയ്ക്ക് എന്തെങ്കിലും പറ്റിയോ ?" ഗോപിക ചോദിച്ചു.
"ബാക്കി കഥ നാളെ." ശ്രീലക്ഷ്മി പറഞ്ഞു നിർത്തി. "ശ്രീ.. ഉണ്ണിമായയ്ക്ക് എന്തു പറ്റി എന്നെങ്കിലും പറയൂ?"
ഗോപിക ജിജ്ഞാസയോടെ ചോദിച്ചു വെങ്കിലും ഒന്നും പറയാതെ ശ്രീലക്ഷ്മിമുറി വിട്ട് പുറത്ത് പോയി.
തുടരും
ഭാഗം 6
'ഉണ്ണിമായ'
ഉണ്ണിമായയ്ക്ക് എന്ത് സംഭവിച്ചു കാണുമാവോ?
മനസിൽ ഒരു കനലിട്ടിട്ടാണ് ശ്രീലക്ഷ്മി പോയതെന്ന് ഗോപികയ്ക്കു തോന്നി.
കണ്ടിട്ടില്ലാത്ത ഉണ്ണിമായ ഒരു പ്രഹേളികയായ് മനസിൽ ചുറ്റിക്കറങ്ങുന്നു.
നിമിഷങ്ങൾക്ക് നീളം കൂടുന്നതു പോലെയും, കത്തിയെരിയുന്ന സൂര്യനെപ്പോലെ തന്റെ മനസ് ജ്വലിക്കുന്നതായും അവൾ തോന്നി.
ശ്രീ ഒന്നു വേഗം വന്നിരുന്നെങ്കിൽ.
കാത്തിരിപ്പിനൊടുവിൽ അവളുടെ മിഴികൾ അടഞ്ഞുതുടങ്ങി. നിദ്രയുടെ കയങ്ങളിലവൾ മുങ്ങി താണു. അവിടേയും ഒരു സ്വപ്നമായ് ഉണ്ണിമായ നിറഞ്ഞുനിന്നു.
"ഉണ്ണിമായേ.. "
ദൂരെ നിന്നും ആരോ വിളിയ്ക്കും പോലെ അവൾക്കു തോന്നി.
അതിന്റെ അലയൊലികൾ കാതിൽ മുഴങ്ങുന്നു.
കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കമുണർന്നത്. ഉണർന്നപ്പോൾ കണ്ടതു ശ്രീലക്ഷ്മിയെ മാത്രമല്ല. മറ്റു കുറച്ചാളുകൾ കൂടി മുറിയിലുണ്ട്. അവൾ ഉദ്വേഗഭരിതയായി ശ്രീലക്ഷ്മിയെ നോക്കി.
"ഗോപൂ, ഇവർ ഉണ്ണിമായയുടെ ബന്ധുക്കളാണ്."
ഗോപിക എല്ലാവരേയും സൂക്ഷിച്ചു നോക്കി. അപരിചിത മുഖങ്ങൾ.
"ഉണ്ണിമായ ..?"
ചോദ്യഭാവത്തിൽ അവൾ ശ്രീലക്ഷ്മിയുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കി.
"ആ അപകടത്തിൽ ഉണ്ണിമായയ്ക്ക് ചെറിയ പരിക്കുകളേ പറ്റിയുള്ളൂ. പക്ഷേ .. "
ശ്രീലക്ഷ്മി അർദ്ധോക്തിയിൽ നിർത്തി.
"തലയ്ക്ക് ഏറ്റ ക്ഷതം മൂലം അവളുടെ 25 വർഷത്തെ ഓർമ്മകൾ എല്ലാം നഷ്ടമായി. പ്രിയപ്പെട്ടവരെ ആരേയും അവൾക്ക് ഓർമ്മയില്ല."
ഒരു ഞെട്ടലോടെയാണവൾ ആ വാർത്ത കേട്ടത്.
മനസിന്റ മണിച്ചെപ്പിൽ കേട്ടു പതിഞ്ഞ കഥയിലെ നായിക.
ശ്രീലക്ഷ്മി
ഒരു ഫോട്ടോ ആൽബവുമായി ഗോപികയ്ക്കടുത്തെത്തി.
"ഗോപൂ ഇത് ഉണ്ണിമായയുടെ ആൽബം ആണ്. "
ആൽബം അവൾ ഗോപികയുടെ കയ്യിൽ കൊടുത്തു .
ഗോപിക പേജുകൾ മറിച്ചു.
കുട്ടിയുടുപ്പിട്ട ഒരു പെൺകുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. കാലപ്പഴക്കത്തിൽ കുറച്ച് മങ്ങലുകൾ വീണിട്ടുണ്ട്.
അവൾ ശ്രീലക്ഷ്മിക്ക് ആ ചിത്രം കാണിച്ചു കൊടുത്തു.
"ശ്രീ ഇത് ഞാനാണല്ലോ!"
അവൾ അത്ഭുതത്തോടെ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം അവൾ നിൽക്കുന്ന ചിത്രം.
'തന്റെ അച്ഛനുമമ്മയും ആണോ ഇത്. അവർ എവിടെ ?'
അടുത്ത പേജിൽ
സ്ക്കൂൾ യൂണിഫോമിൽ ഉള്ള ചിത്രം.
" ശ്രീ ..ഇത് നമ്മൾപത്താംക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ഫോട്ടോ ആണ്. " ഗോപിക ആഹ്ളാദത്തോടെ പറഞ്ഞു.
അടുത്ത പേജിൽ കണ്ട ദാവണിക്കാരിയുടെ ഫോട്ടോയിൽ നോക്കി,
ചൂണ്ടുവിരൽ കവിളത്ത് ചേർത്ത് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ ആലോചനയിൽ മുഴുകി.
"അയ്യോ ഇത് ഞാനാണല്ലോ, ഞാനെന്നാ ഹാഫ് സാരിയുടുത്തത്, എനിക്ക് ഹാഫ് സാരിയുണ്ടോ ?"
അവൾ പിറുപിറുത്തു.
അടുത്ത പേജിൽ അവൾ സാരിയുടുത്ത് നിൽക്കുന്ന ഫോട്ടോയാണ്. അതിൽ തന്നെ കുറേ നേരം സൂക്ഷിച്ചുനോക്കി.
"ഇത് ഞാനല്ലേ ശ്രീ, ഈ സാരി ഉടുത്തത്." അവളുടെ മുഖം സന്തോഷത്താൽ വിടർന്നു.
അടുത്ത പേജിൽ ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ഫോട്ടോ .
തുടർന്ന് കല്യാണ വേഷത്തിൽ ഉള്ള പല പോസിലുള്ള ചിത്രങ്ങൾ. താലികെട്ടുന്നതും, കൈപിടിച്ച് കൊടുക്കുന്നതും, മണ്ഡപത്തിനു ചുറ്റും വലം വയ്ക്കുന്നതുമായ ചിത്രങ്ങൾ.
'ഈശ്വരാ ഇത് ഞാൻ തന്നെയോ ?' അവൾ ആത്മഗതം ചെയ്തു.
ഭർത്താവിന്റെ ഫോട്ടോയിൽ അവൾ തൊട്ടു നോക്കി.
തുടർന്ന് വന്ന ചിത്രങ്ങളിലെല്ലാം അവരുടെ പ്രണയം തുളുമ്പുന്ന ഭാവങ്ങൾ.
തന്റെ കഴുത്തിൽ താലി കെട്ടിയ ആൾ എവിടെ ?
മുഖമുയർത്തി അവൾ ആ ആൾക്കൂട്ടത്തിൽ തിരഞ്ഞു.
നിറവയറോടെയുള്ള ഗോപികയുടെ ചിത്രങ്ങൾ.
തുടർന്ന് ഒരു കുഞ്ഞിന്റെ ചിത്രം.
കുഞ്ഞിന്റെ നൂലുകെട്ടിന്റെയും, ചോറൂണിന്റെയും ,കുഞ്ഞ് പിച്ചവെച്ചു നടക്കുന്നതു മായ വർണ്ണചിത്രങ്ങൾ. അടുത്ത പേജുകളിൽ
മറ്റൊരു കുഞ്ഞും കൂടി ..
അംബ്രല്ലാഫ്രോക്കിട്ട്, പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന രണ്ടു സുന്ദരിക്കുട്ടികൾ.
തന്റെ മക്കളാണോ ഇവർ.എങ്കിൽ അവർ എവിടെ ?
അവളുടെ മിഴികൾ അവിടെ കൂടി നിൽക്കുന്നവരുടെ ഇടയിൽ തിരഞ്ഞു, മാലാഖ കുട്ടികളെപ്പോലുള്ള തന്റെ മക്കളെ തേടി.
പേജുകൾ മറിക്കും തോറും തനിക്കു പ്രായം കൂടി വരുന്നതും,തന്റെ മക്കളുടെ വളർച്ചയും അവളുടെ കൺമുന്നിൽ തെളിഞ്ഞു. മക്കൾ വളർന്ന് സുന്ദരിമാരായി നിൽക്കുന്ന പല പോസിലുള്ള ചിത്രങ്ങൾ. തന്റെ മുഖത്തും, മുടിയിഴകളിലും കാലം ചാർത്തിയ അടയാളങ്ങൾ.
അവൾക്ക് എല്ലാം മനസിലായി തുടങ്ങി. ഈ ഫോട്ടോയിൽ ഉള്ളത് താൻ തന്നെ. തന്റെ ഫോട്ടോ ഉണ്ണിമായയുടെ ആൽബത്തിൽ എങ്ങിനെ വന്നു.
മൗനം വാചാലമായ നിമിഷങ്ങൾ .
"ഉണ്ണിമായേ... " ഒരു വൃദ്ധനായആൾ അവളുടെ അടുത്തെത്തി.അവളുടെ കൈകയിൽ പിടിച്ചു.
"മോളെന്റെ മുഖത്തേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്ക്. എന്നെ ഓർമ്മയുണ്ടോ?"
കുറച്ചു മുൻപു ഫോട്ടോയിൽ കണ്ട ആൾ. ഇതാണ് തന്റെ അച്ഛൻ.
"അച്ഛാ.. എന്റെ അച്ഛനല്ലേ, എനിക്കൊന്നും ഓർമ്മയില്ല." അവൾ ഒരു പൊട്ടിക്കരച്ചിലോടെ ആ വൃദ്ധന്റെ മാറിലേയ്ക്ക് ചാഞ്ഞു.
"അപകടത്തിൽ എന്റെ മോൾടെ ഓർമ്മ നഷ്ടപ്പെട്ടു. സാരമില്ല, ഇപ്പോൾ എല്ലാം തിരിച്ചു കിട്ടിയല്ലോ. അച്ഛന് സമാധാനമായി. "
അവളുടെ പുറത്തും തലയിലും തലോടി അയാൾ ആശ്വാസത്തോടെ പറഞ്ഞു. കുട്ടിക്കാലത്ത് അവളെ വിളിച്ചിരുന്ന പേരാണ് ഉണ്ണിമായ. ഇന്നും ആ വിളി തുടരുന്നത് അച്ഛനും ഭർത്താവ് സുരേഷുമാണ്.
" അച്ചാ.. എന്റെ അമ്മയും മക്കളും എവിടെ ?"
അമ്മയും മക്കളും അവളെ പൊതിഞ്ഞു. കടന്നു വന്നത് അമ്മയും മക്കളുമെന്ന് അവൾ മനസിലാക്കി. അവരുടെ കരച്ചിലുകൾക്കും പരിഭവത്തിനും നടുവിൽ ആനന്ദാശ്രുക്കളോടെ ശ്രീലക്ഷ്മി നിന്നു.
എല്ലാവരോടും യാത്ര പറഞ്ഞ് പോകും മുൻപ് ഒരിക്കൽ കൂടി അവൾ ഗോപികയുടെ മുറിയിലേയ്ക്ക് കയറി ചെന്നു.
സുരേട്ടന്റെ നെഞ്ചിൽ ചാരിയിരുന്ന് അയാൾ പൊളിച്ചു നൽകിയ ഓറഞ്ചല്ലികൾ തിന്നുന്ന ഗോപികയും, അവളെ സ്നേഹത്താൽ പൊതിയുന്ന ഭർത്താവും മക്കളും.
വിസ്മൃതിയിൽ വീണു പോയ
സഹപാഠിക്കു വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ച് ഓർമ്മകളിലേയ്ക്ക് തിരിച്ചു നടക്കാൻ സഹായഹസ്തവുമായി വന്ന ശ്രീലക്ഷ്മിയ്ക്ക് മടക്കയാത്രയിൽ മനസു നിറയെ ആത്മ നിർവൃതിയായിരുന്നു.
ഓർമ്മകളിൽ നീ മാത്രം.
Last 6
'ഉണ്ണിമായ '

അവസാനിച്ചു.