ഭാഗം 3
അവളുടെ ഉള്ളിലെ നഷ്ടപ്പെട്ട ഇന്നലെകളെ വീണ്ടെടുക്കാൻ ഇനി എന്തൊക്കെ ചെയ്യണം ആവോ? വല്ലാത്തൊരു കുരുക്കിലാണ് താൻ വന്നു പെട്ടെത് എന്ന് ശ്രീലക്ഷ്മിക്ക് തോന്നി. ക്ലാസ്സിൽ നടന്ന ചില കൊച്ചുകൊച്ചു സംഭവങ്ങൾ ശ്രീലക്ഷ്മി അവളുമായി പങ്കുവെച്ചു. അതൊന്നും ഓർത്തെടുക്കാൻ അവൾക്കു കഴിഞ്ഞില്ല.
"ഗോപു നീ ചന്ദ്രിക എന്ന കുട്ടിയെ അറിയുമോ ?"
"ചന്ദ്രിക ..ചന്ദ്രിക .. " വിസ്മൃതിലായ മനസ്സുമായവൾ അലഞ്ഞു.
ചന്ദ്രികയെ കുറിച്ച് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു. ''സുന്ദരിയായ അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതിലുപരി അവളുടെ നിഷ്കളങ്ക സ്വഭാവം. നമ്മുടെ ക്ലാസിലെ ഏറ്റവും പാവം കുട്ടി.
"ഗോപൂ.. ഒരു ഓണാവധിക്ക് നമ്മൾ രണ്ടാളും കൂടെ ചന്ദ്രികയുടെ വീട്ടിൽ പോയതു നീ ഓർക്കുന്നുണ്ടോ? "
ആലോചനയോടെ ഗോപികയുടെ മിഴികൾ ഭിത്തിയിലുള്ള ഏതോ ബിന്ദുവിലുറച്ചു. മനസ് ദൂരെയെങ്ങോ അലയും പോലെ തോന്നി. ശ്രീലക്ഷ്മി അവളോട് ആ യാത്രയെക്കുറിച്ച് പറഞ്ഞു.
"ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴി ശരിക്കും അറിഞ്ഞു കൂടാരുന്നു.പാലൂർ മലയിലാണ് അവളുടെ വീട് . നമ്മളെ കൂട്ടിക്കൊണ്ടുപോകാൻ അവൾ സഹോദരനെ പറഞ്ഞു വിടും എന്ന് പറഞ്ഞിരുന്നു. പക്ഷേ ഏറെ നേരം കാത്തു നിന്നിട്ടും സഹോദരൻ വന്നില്ല.അതുകൊണ്ട് നമ്മൾ രണ്ടാളും മെല്ലെ നടക്കാൻ തീരുമാനിച്ചു. ആദിവാസികൾ താമസിക്കുന്ന ഒരു കോളനി പിന്നിട്ട് മലകയറി വേണം പോകാൻ എന്ന് അവൾ പറഞ്ഞിട്ടുണ്ടായിരുന്നു.
വെളിച്ചം കടന്നു ചെല്ലാത്ത വൻമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ചെറിയ കാനനപാതയിലൂടെയാണ് നമ്മൾ ചന്ദ്രികയുടെ വീട്ടിലേയ്ക്ക് പോയത്.
കുറെ നടന്നു കഴിഞ്ഞപ്പോൾ വീടുകൾ ഒന്നുമില്ല. കുത്തനെയുള്ള മലകയറ്റം. നമ്മൾ ദാഹിച്ചുവലഞ്ഞു. ഒരു ചെറിയ കാട്ടുചോലയിൽനിന്നും നല്ല തെളിനീർ കൈക്കുമ്പിളിൽ കോരിയെടുത്ത് വയറു നിറയെ കുടിച്ചു.
വനത്തിനുള്ളിൽ നിന്നും പക്ഷികളുടെയും കാട്ടു മൃഗങ്ങളുടെയും ശബ്ദം കേട്ടപ്പോൾ തന്നെ പേടിയായി. നമ്മൾ പേടിച്ചു വിറച്ചാണ് മുൻപോട്ടു പോയത്.ഒരു മലയണ്ണാൻ
മരത്തിൽ നിന്നും അടുത്ത മരത്തിലേക്ക് ചാടിയതും ഗോപൂ നീ പേടിച്ചു കരഞ്ഞു. ഉള്ളിൽ പേടിയുണ്ടെങ്കിലും ഞാൻ ധൈര്യം അഭിനയിച്ച് നിന്നെ ആശ്വസിപ്പിച്ചു.വീണ്ടും മുന്നോട്ടു പോകുമ്പോൾ എന്തൊക്കെയോ ഭീതിപ്പെടുത്തുന്ന ശബ്ദങ്ങൾ! തിരിച്ചു പോയാലോ എന്ന് നമ്മൾ ആലോചിച്ചു. ഒരു പുഴു നിന്റെ കാലിൽ കടിച്ചു തൂങ്ങിക്കിടന്നു. പുഴു കാലിൽ നിന്നും വിട്ടു പോരാത്തതിനാൽ നീ ഉറക്കെ കരഞ്ഞു. നിന്റെ കരച്ചിൽ കേട്ട് ആ വഴി വന്ന ഒരു വൃദ്ധൻ 'അട്ടയാണ് ' എന്നു പറഞ്ഞ് എന്തോ ഇലകൾ പറിച്ച് അത് കൈയ്യിലിട്ടു ഞരടി അതിന്റെ നീരെടുത്ത് നിന്റെ കാലിൽ ഒഴിച്ചപ്പോൾ അട്ട കാലിൽ നിന്ന് താഴെ വീണു. അദ്ദേഹം ഒരു കുറുക്കു വഴിയിലൂടെ നമ്മളെ ചന്ദ്രികയുടെ വീട്ടിലെത്തിച്ചു.
ചന്ദ്രികയുടെ വീട്ടിൽ നിന്ന് ഉപ്പും മുളകും മഞ്ഞളും ചേർത്ത് ഒരു പ്രത്യേക രീതിയിൽ പുഴുങ്ങിയെടുത്ത ചേമ്പുപുഴുക്ക് ഇലക്കീറിൽ അവളുടെ അമ്മ വിളമ്പിത്തന്നു."
ഓർമ്മകളുടെ വേലിയേറ്റത്തിൽ ഗോപികയുടെ മുഖം തെളിഞ്ഞു വരുന്നതു പോലെ തോന്നി.
"ശ്രീ.. ഊണിനു ശേഷം ഉള്ളിൽ മധുരം വെച്ച ഇലയടയും പായസവും ഉണ്ടായിരുന്നു. ഞാനോർക്കുന്നു." ഗോപിക സന്തോഷത്തോടെ പറഞ്ഞു.
കുറേ പറഞ്ഞു കഴിയുമ്പോൾ ചില ഓർമ്മകൾ പച്ച പിടിച്ചു വരുന്നുണ്ട്. ശ്രീലക്ഷ്മിക്ക് ആശ്വാസം തോന്നി. തന്റെ പ്രയത്നം പാഴായില്ല.
"ഗോപൂ.. നീ കുറച്ച് വിശ്രമിക്ക്. ഞാൻ ദേവേട്ടനെ കണ്ടിട്ടു വരാം."
"ദേവേട്ടനോ.. അതാരാ?"ഗോപിക ചോദിച്ചു.
"എടീ എന്റെ ഭർത്താവ് ."
"ഭർത്താവോ ? നിന്റെ കല്യാണം കഴിഞ്ഞോ ?"
അതിശയത്തോടെ അവൾ ചോദിച്ചു.
"എപ്പഴേ കഴിഞ്ഞു.20 വർഷം മുൻപ്. "
"ഇരുപത് വർഷം.. " അവൾ പിറുപിറുത്തു.
"എന്റെ ഗോപൂ ,എനിക്ക് വയസ് നാൽപ്പതായി. " ശ്രീലക്ഷ്മി പറഞ്ഞു.
"നാൽപ്പതോ ..നിനക്കോ .. നിനക്കെന്താ ശ്രീ വട്ടായോ ?" അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
"എനിക്കു മാത്രമല്ല ഗോപൂ .. നിനക്കും വയസ് നാൽപതായി. "
തലയിലാരോ കൂടം വെച്ച് അടിക്കും പോലെ അവൾക്കു തോന്നി. ദേഷ്യത്തോടെ അവൾ ചോദിച്ചു.
"ശ്രീ.. നീയെന്താ പറഞ്ഞേ. പത്താം ക്ലാസിൽ പഠിക്കുന്ന നമുക്ക് നാൽപ്പതു വയസ്സോ ? "
'ഈശ്വരാ കാര്യങ്ങൾ വീണ്ടും കൈവിട്ടു പോകുകയാണോ?'
ഒരു തീരം തേടി പ്രതീക്ഷയോടെ തുഴഞ്ഞ് പോകുമ്പോൾ ചുഴിയിൽപ്പെട്ട അവസ്ഥയാണല്ലോ. ശ്രീലക്ഷ്മി നിസ്സഹായയായ് നിന്നു പോയി.
തുടരും.