ഭാഗം 4
'നാൽപ്പതു വയസ് ' എന്നു കേട്ടതിന്റെ പരിഭവത്താൽ തുടുത്ത മുഖവുമായി ഇരിക്കുന്ന ഗോപികയുടെ അടുത്തേക്ക് ഒരു കണ്ണാടിയുമായി ശ്രീലക്ഷ്മി കടന്നുചെന്നു .
"ഗോപൂ നീ ഈ കണ്ണാടിയിൽ ഒന്നു നോക്കൂ."
ഗോപിക കണ്ണാടി വാങ്ങി മുഖം നോക്കി. ഒരു നിമിഷം ! അവൾ ഞെട്ടിപ്പോയി.
വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും നോക്കി. മുടിയിഴകളിലും മുഖത്തും അവൾ തന്നെ തൊട്ടു നോക്കി. പ്ലാസ്റ്ററിട്ട ഇടതു കൈ കൊണ്ട്.
'ഈശ്വരാ ഞാൻ തന്നെയോ ഇത് .ഒരു ഭംഗിയുമില്ല. ഒത്തിരി പ്രായം ചെന്നതു പോലെ. '
അവൾ ആത്മഗതം ചെയ്തു.
കണ്ണാടി തിരിച്ചും, മറിച്ചും മുഖത്തിനു നേരേ പിടിച്ചു നോക്കി. ഇതു താൻ തന്നെയാണ് എന്ന് സ്വയം വിശ്വസിക്കുവാൻ ശ്രമിച്ചു.
" അയ്യോ ! ശ്രീ ഇത് ഞാനല്ല.
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക് എന്താണ് സംഭവിച്ചത് ?"
ഒരു തേങ്ങലോടെ അവൾ കണ്ണാടി
ബെഡ്ഡിലേയ്ക്ക് ഇട്ടു.
വലതു കൈ കൊണ്ടവൾ
മുഖം പൊത്തി തേങ്ങിക്കരഞ്ഞു.
ഇടയ്ക്കവൾ മുഖമുയർത്തി ശ്രീലക്ഷ്മിയെ നോക്കി തലയാട്ടി .ഇതു ഞാനല്ലെന്ന് പറയും പോലെ.
അവളുടെ മുഖത്ത്
ദു:ഖം തളം കെട്ടി. കണ്ണുകൾ ചുവന്നു കലങ്ങി. വിതുമ്പുന്ന അധരങ്ങൾ. മിഴിനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
വർത്തമാനകാലമോ, പ്രായമോ മനസിലാക്കാൻ പറ്റാത്ത മനസുമായവൾ ഉഴറി.
ഗോപികയുടെ അമ്മ ഫ്ലാസ്ക്കിൽ ചായയുമായി വന്നു. രണ്ടു ഗ്ലാസുകളിൽ പകർന്ന് അവർക്കു നൽകി. ഗോപിക എണീറ്റിരുന്നു. ചായ വാങ്ങി ഒരു കവിൾ കുടിച്ചു.
"ഇതിനു മധുരം തീരെയില്ല." അവൾ ചായ അമ്മയ്ക്കു നേരേ നീട്ടി.
"മോൾക്കു മധുരം ഇഷ്ടമല്ലല്ലോ. അതാ മധുരം കുറച്ചത്."
അമ്മ പറഞ്ഞു.
"എനിക്കോ .. എനിക്ക് മധുരം വല്യ ഇഷ്ടമാ ."ഗോപിക അമ്മയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ചോദിച്ചു.
"ഇതാരാ?"
"ഗോപൂ.. സൂക്ഷിച്ചു നോക്കൂ .ഈ മുഖം എവിടേലും കണ്ടിട്ടുണ്ടോന്ന് ?"
ശ്രീലക്ഷ്മി പറഞ്ഞു.
ഗോപിക അമ്മയെ അടിമുടി നോക്കി. മറഞ്ഞു പോയ ഓർമ്മകളിൽ അവൾ പരതാൻ തുടങ്ങി.
"എനിക്കറിയില്ല ശ്രീ.."
"സാരമില്ല ഗോപൂ. ഞാൻ പിന്നീട് പരിചയപ്പെടുത്താം ."
"എനിക്ക് ചായയ്ക്ക് കുറച്ച് മധുരം കൂടി വേണം." ഗോപിക പറഞ്ഞപ്പോൾ
അമ്മ സ്പൂണിൽ കുറച്ച് പഞ്ചസാര എടുത്ത് അവളുടെ ചായയിൽ ഇട്ട് ഇളക്കി കൊടുത്തു.
"ഞാൻ ഇളക്കിക്കോളാം."
ഗോപിക ചായ ഇളക്കിയ ശേഷം ആ സ്പൂൺ കൊണ്ട് ചായ കോരിക്കുടിക്കുവാൻ തുടങ്ങി.
കുട്ടിക്കാലത്ത് അവളുടെ സ്ഥിരം പരിപാടിയാണ്. ചായയോ, കാപ്പിയോ കിട്ടിയാൽ സ്പൂൺ കൊണ്ട് കോരിക്കുടിക്കുമായിരുന്നു.പ്രീ ഡിഗ്രിയ്ക്ക് കോളേജിൽ ചേർന്ന ശേഷമാണ് ആ ശീലം നിർത്തിയത്.
കുട്ടിക്കാലത്ത് മധുരം ഏറെയിഷ്ടമായിരുന്നു. തടി കൂടുന്നു എന്ന കാരണത്താൽ വിവാഹശേഷം അവൾ തന്നെ മധുരം കഴിക്കുന്നതു കുറച്ചു.
കൗമാരകാലത്തിലേയ്ക്ക് പോയ മകളുടെ ചെയ്തികൾ കണ്ട് അമ്മയുടെ മിഴികൾ നിറഞ്ഞു. പുറംകൈ കൊണ്ട് കണ്ണുകൾ തുടച്ച് അവർ മുറി വിട്ടു പോയി.
"ഗോപൂ ..നിന്റെ അച്ഛനും അമ്മയും എവിടെയാണ്?"
ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ ഗോപിക പതിയെ പറഞ്ഞു.
"അച്ഛൻ ..അമ്മ..
അച്ഛൻ ... അമ്മ .."
അവൾ ആ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു.
അവളുടെ ഓർമ്മകളിൽ നിന്നും അവർ എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളെ ഉണർത്താൻ കഴിയുമോ?
അതോ, എന്നും അവളീ ആവൃതിയ്ക്കുള്ളിൽ കഴിയേണ്ടി വരുമോ ?
ആ മനസിന്റെ കോണിലെവിടെങ്കിലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ മുളയ്ക്കുമോ?
വർത്തമാനകാലത്തിലേയ്ക്ക് ഒരു മടക്കയാത്ര ഉണ്ടാവുമോ?
തുടരും