ഭാഗം 2
ഡോക്ടറെ കണ്ട് അവർ പുറത്തെത്തിയപ്പോഴേയ്ക്കും ഗോപികയെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. ശ്രീലക്ഷ്മിയും ഭർത്താവും Dr. നടരാജനോടൊപ്പമാണ് ഗോപികയുടെ മുറിയിലേയ്ക്ക് കയറിയത്. മുറിയിലേയ്ക്ക് കടന്നു വരുന്നവരെ വിടർന്ന മിഴികളോടെ നോക്കിക്കിടന്നു ഗോപിക. ഗോപികയുടെ ഇടതു കൈയ്യിൽ ബാൻഡേജ്. ഡോക്ടറെ നോക്കിയ ശേഷം ഗോപിക ശ്രീലക്ഷ്മിയുടെ ഭർത്താവിനെ നോക്കി. മുഖത്ത് അപരിചിതത്വം. ഏറ്റവും പിന്നിലായിരുന്നു ശ്രീലക്ഷ്മി.
ശ്രീലക്ഷ്മി മെല്ലെ മുറിയിലേയ്ക്ക് കയറി അവളുടെ ബെഡിനടുത്തേയ്ക്ക് നടക്കവേ,
"ശ്രീലക്ഷ്മി.. മോളേ ശ്രീ !"
അവൾ ശ്രീലക്ഷ്മിയെ തിരിച്ചറിഞ്ഞു.
"ശ്രീ, നീയാകെ മാറിപ്പോയല്ലോ മോളേ. നിനക്ക് പ്രായം ചെന്ന പോലെ. എന്തു പറ്റി നിനക്ക്", ഗോപിക വാചാലയായി.
അതു കേട്ട ഡോക്ടർക്ക് ആശ്വാസം, "നിങ്ങൾ സംസാരിക്കൂ."
ഡോക്ടർ ശ്രീലക്ഷ്മിയുടെ ഭർത്താവുമായി മുറിക്കു പുറത്തിറങ്ങി.
"ഗോപൂ നിനക്ക് എന്തു പറ്റിയെടീ ?" ശ്രീ അവളുടെ ബെഡിനടുത്ത് ഇരുന്നു. പ്ലാസ്റ്ററിട്ട കൈ അവൾ ശ്രീലക്ഷ്മിക്കു കാട്ടിക്കൊടുത്തു.
"ഇത് എങ്ങനെ സംഭവിച്ചു? " ശ്രീയുടെ ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു.
ഇതിനിടെ അവളുടെ മക്കൾ രണ്ടാളും ഗോപികയുടെ അടുത്തെത്തി. ഗോപികയെപ്പോലെ തന്നെ രണ്ടു സുന്ദരിക്കുട്ടികൾ. 16 ഉം 18 ഉം പ്രായം.
"ഗോപൂ ,ഇതാരാണ്ന്ന് അറിയുമോ ?"
കുട്ടികളെ നോക്കി ശ്രീലക്ഷ്മി അവളോട് ചോദിച്ചു. അവർ തമ്മിൽ ഗോപു എന്നും ശ്രീയെന്നുമാണ് പണ്ട് വിളിച്ചിരുന്നത്.
"ഇവർ നമ്മുടെ കൂടെ പഠിക്കുന്നവരാണോ ശ്രീ?"
അമ്മയുടെ മറുപടി കേട്ട് കുട്ടികളുടെ മുഖത്ത് സങ്കടം. നിറഞ്ഞ മിഴികളോടെ, ഒന്നും പറയാതെ അവർ മുറിയ്ക്ക് പുറത്തിറങ്ങി.
'ഗോപൂ ഇവർ നിന്റെ മക്കളാണ്' എന്ന് പറയാമായിരുന്നു. പക്ഷേ..ഡോക്ടർ പറഞ്ഞത്..വേണ്ട, കുറച്ച് കഴിഞ്ഞു പറയാം.
ഡോക്ടർ പറഞ്ഞതനുസരിച്ച് ഗോപികയുടെ ഭർത്താവും അമ്മയും മുറിയിലേയ്ക്ക് കയറി വന്നു. രണ്ടാളെയുമവൾ മാറി മാറി നോക്കി.
ഇതാരെന്ന മട്ടിലവൾ ശ്രീയെ നോക്കി.
"മോളേ ഗോപികേ..."
ഗോപികയുടെ അമ്മ അവളെ നോക്കി സ്നേഹത്തോടെ വിളിച്ചു.
"ആരാ ശ്രീ ഇത് . നിന്റെ അമ്മയാണോ?"
സ്വന്തം അമ്മയെപ്പോലും മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഗോപിക. ഓർമ്മയിൽ കൂട്ടുകാരി ശ്രീലക്ഷ്മി മാത്രം. ബാക്കി എല്ലാവരും വിസ്മൃതിയിൽ ആണ്ടു പോയി.
'വിസ്മൃതി' - മസ്തിഷ്കത്തിന്റെ ഒരു പ്രത്യേക സ്വഭാവം. അപകടം വഴി നാഡീവ്യൂഹത്തിനുണ്ടായ തകരാറുകൾ മറവിക്കു കാരണമായേക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്. പഴയകാര്യങ്ങൾ വ്യക്തമായി ഓർക്കുകയും സമീപകാലസംഭവങ്ങൾ വിസ്മരിക്കുകയും ചെയ്യുന്ന പ്രത്യേകതരം മറവിയാണ് ഗോപികയ്ക്ക് സംഭവിച്ചിരിക്കുന്നത്. പക്ഷേ ഒരാളൊഴിച്ച് മറ്റാരും അവളുടെ ഓർമ്മയിലില്ല. അതും വളരെ അപൂർവ്വമായി സംഭവിക്കുന്നത്.
ഗോപിക സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്തെ അവളുടെ ചില കൂട്ടുകാരുടെ പേരുകൾ ശ്രീ അവളോട് പറഞ്ഞു. ചിലർ മാത്രം അവളുടെ ഓർമ്മയിൽ ഉണ്ട്. ചുരുക്കം ചില ടീച്ചേഴ്സും. ഗോപികയുമായി സംസാരിച്ചപ്പോൾ ശ്രീയ്ക്ക് മനസിലായി. അവൾ ഇന്നും ഒരു സ്കൂൾ കുട്ടിയാണെന്ന ധാരണയിലാണ് സംസാരിക്കുന്നത്.
ഓർമ്മകളിൽ അവൾ ഒരു കൊച്ചു കുട്ടിയാണ്. കളിയും ചിരിയും കുട്ടിക്കുറുുുമ്പുകളും നിറഞ്ഞ കൗമാരക്കാരി.പതിനഞ്ച് വയസ്സുള്ള ഒരു പാവാടക്കാരി. ശ്രീലക്ഷ്മിയുമായുള്ള സൗഹൃദം ഹരിതാഭമായി അവളുടെ ഓർമയിൽ ഉണ്ട്.
അവളുടെ ഓർമ്മകളിലേയ്ക്ക് വെളിച്ചംവീശുന്ന ആനുകാലിക സംഭവങ്ങൾ ശ്രീലക്ഷ്മി പറഞ്ഞുവെങ്കിലും ഒന്നും ഓർത്തെടുക്കാൻ ഗോപികയ്ക്ക് കഴിയുന്നില്ല.
സ്വന്തം അച്ഛന്റയോ, അമ്മയുടെയോ, സഹോദരൻറയോ പേര് പോലും അവർക്കറിയില്ല. അവളെ ഓർമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷയൊന്നും ശ്രീലക്ഷ്മിക്ക് ഇല്ല. അടുത്ത ദിവസം രാവിലെ തന്നെ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ശ്രീലക്ഷ്മിയും ഭർത്താവും.
അവളിൽ ഓർമ്മകൾ ഉണർത്താതെ അവളെ ഉപേക്ഷിച്ച് പോകരുത് എന്ന് അവളുടെ അമ്മ കേണപേക്ഷിച്ചു. അതു കൊണ്ട് രണ്ട് ദിവസം കൂടെ ഹോസ്പിറ്റലിൽ നിൽക്കാമെന്ന് ശ്രീലക്ഷ്മി സമ്മതിച്ചു.
തുടരും