mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 
മഴവില്ലുപോലെ
 
മുങ്ങൽ വിദഗ്ദ്ധരും പോലീസും എന്റെ നാട്ടിലെ കുറച്ചു പേരുമായിരുന്നു മൂന്ന് ബോട്ടുകളിലായി എത്തിയത്. ബോട്ട് തകർന്നതും ഞങ്ങളെ കാണാതായതും മറ്റും നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു എന്ന് അവർ പറഞ്ഞാണ് അറിഞ്ഞത്. രണ്ടു ദിവസമായി അവർ ഈ ചുറ്റുവട്ടത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്നും പുകച്ചുരുൾ ഉയരുന്നതു ശ്രദ്ധയിൽ പെട്ട്  ആരെങ്കിലും അകപ്പെട്ടിരിക്കാം എന്ന് ഊഹിച്ചു എത്തിയതാണ്. 
'കൂടെ വേറെ ആരെങ്കിലും ഉണ്ടോ' എന്ന ചോദ്യത്തിന് ഒരാൾ കൂടി ഉണ്ടെന്നും  വനത്തിനുള്ളിൽ ആണെന്നും ഞാൻ മറുപടി പറഞ്ഞു. എന്റെ പിന്നാലെ അവരും ഉള്ളിലേക്ക് നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴി തെറ്റിയെന്ന് എനിക്കു മനസിലായി. ഞാൻ ചുറ്റിനും നോക്കി "ഋഷി.... " എന്ന് ഉച്ചത്തിൽ വിളിച്ചു. എന്റെ ഒച്ച കാടിനുള്ളിൽ വട്ടം ചുറ്റി തിരിച്ചു വന്നു. ഒടുവിൽ രണ്ടു വിഭാഗമായി പിരിഞ്ഞു ഞങ്ങൾ ഋഷിയെ തിരയാൻ തീരുമാനിച്ചു. ഇരുൾ വീഴുന്നത് വരെ തിരച്ചിൽ തുടർന്നു. എത്ര തേടി അലഞ്ഞിട്ടും ആ കുളവും ഏറുമാടവുമുള്ള സ്ഥലം കണ്ടു പിടിക്കാൻ എനിക്കു കഴിഞ്ഞില്ല. ഒടുവിൽ ഞാൻ നിലത്തേക്കിരുന്നു വിങ്ങി കരഞ്ഞു. കൂടെ ഉള്ളവർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. രാത്രിയിൽ രണ്ടു ഭാഗത്തായി ഞങ്ങൾ തങ്ങി. പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഇടക്ക് എന്നോട് സംശയംങ്ങൾ ചോദിച്ചു. എനിക്കു അറിയുന്ന കാര്യങ്ങൾ വിശദമായി ഞാൻ പറഞ്ഞു കൊടുത്തു. 
 
രാത്രിയിൽ ഒരു മരച്ചുവട്ടിൽ ഞാൻ തനിച്ചു പോയിരുന്നു. എത്ര നിയന്ത്രിച്ചിട്ടും ഋഷിയുടെ മുഖം ഓർമിച്ചപ്പോൾ എനിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഇനി അവനെന്തെങ്കിലും ആപത്തിൽ പെട്ടിട്ടാണ്ടാവുമോ  എന്ന് ഞാൻ ഭയന്നു. അവനെ തിരിച്ചു കിട്ടാൻ ഞാൻ പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. രാത്രിയിൽ എപ്പോഴെങ്കിലും അവൻ എന്റെ അടുത്ത് എത്തുമെന്ന് തന്നെ ഞാൻ വിചാരിച്ചു. ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു എനിക്ക്. അവന് ഒന്നും സംഭവിച്ചിട്ടില്ലെന്ന്  അറിയണം. ഇരുട്ടിലേക്ക് പോയി ഞാൻ അവനെ ഉറക്കെ വിളിച്ചു. എന്റെ ഒച്ച കേട്ടു എവിടെ നിന്നെങ്കിലും ആ വേണു നാദം ഉയരുന്നുണ്ടോ എന്ന് ഞാൻ കാതോർത്തു. ഒന്നും ഉണ്ടായില്ല.  ഉറക്കം വരാതെ കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചു.  രാവിലെ വീണ്ടും തിരച്ചിൽ തുടർന്നു. ഉച്ചയോടെ  രണ്ടു ദിക്കിലായി പോയ ഞങ്ങൾ ഒരു സ്ഥലത്തു ഒന്നിച്ചു. ഞാൻ പറഞ്ഞത് പോലെയുള്ള ഒരു സ്ഥലം അവരും കണ്ടില്ല. ഒരു മനുഷ്യജീവിയെ പോലും വരുന്നവഴിക്കെങ്ങും കണ്ടില്ലെന്നും അവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ മാറി നിന്ന് ചർച്ച ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവർ വീണ്ടും എന്നോട് ഋഷിയെ കുറിച്ച് ഓരോന്ന് ചോദിച്ചു. ഒടുവിൽ തിരിച്ചു പോകാൻ തീരുമാനം ആയി. ഇനിയും ഇവിടെ തങ്ങുന്നതിൽ അർത്ഥമില്ലെന്നും ജീവനോടെ ഒരാൾ ഇതിനുള്ളിൽ ഉണ്ടെങ്കിൽ ഇതിനകം കണ്ടെത്തേണ്ടതായിരുന്നുവെന്നും അവർ പറയുന്നത് കേട്ടു എന്റെ നിയന്ത്രണം വിട്ടു. ഋഷിയെ കൂടാതെ എങ്ങോട്ടുമില്ലെന്ന് ഞാൻ അറിയിച്ചു.
എല്ലാവരും കൂട്ടത്തോടെ എന്നെ ശകാരിക്കാൻ തുടങ്ങി. തനിച്ചു ഇവിടെ വിട്ടിട്ടു പോകാൻ പറ്റില്ലെന്ന് അവർ തീർത്തു പറഞ്ഞു. ഞാൻ വിശദീകരിച്ച കുളവും ഏറുമാടവും പോലും കണ്ടെത്താൻ കഴിയാത്തതു കൊണ്ട് അതെല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തനിച്ചായപ്പോൾ തോന്നിയ മാനസിക വിഭ്രാന്തി! 
 
അത് കേട്ടതോടെ ഞാൻ കാട്ടിലേക്ക് തിരിഞ്ഞു നടന്നു. എനിക്കു ഋഷിയെ വേണം. അവനില്ലെങ്കിൽ ശ്വാസംമുട്ടി മരിക്കുമെന്ന് പോലും എനിക്ക് തോന്നി. പിന്നാലെ വന്നു അവരെന്നെ തൂക്കിഎടുത്തു കൊണ്ട് പോയി. ഭ്രാന്ത് പിടിച്ചവനെ പോലെ ഞാൻ അലറി. കുതറി പിടഞ്ഞു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേര് വിളിച്ചു ഞാൻ കരഞ്ഞു കൊണ്ടിരുന്നു. ബോട്ടിൽ എത്തിച്ചിട്ടും എന്റെ മേലുള്ള പിടി വിടാതെ അടക്കി പിടിച്ചു അവർ എന്റെ ചുറ്റും ഇരുന്നു. ഇവരുടെ കൈയിൽ നിന്നും രക്ഷപെട്ടു ഋഷിയുടെ  അടുത്തേക്ക് പോകാൻ കഴിയില്ലെന്ന് എനിക്കു ഉറപ്പായി. ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ ഞാൻ ആ ദ്വീപിലേക്ക് തല തിരിച്ചു നോക്കി. അവിടെ എവിടെയെങ്കിലും നിന്ന് എന്റെ ഋഷി എന്നെ തേടി ഓടി വരുന്നുണ്ടോ എന്ന് എന്റെ കണ്ണുകൾ തിരിഞ്ഞു. അവനെ മാത്രം കണ്ടില്ല. ഒടുവിൽ ഋഷിയെ പോലെ തന്നെ ആ ചെറിയ ദ്വീപും എന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞു.

More Links

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ