mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 
തുരുത്തിൽ
 
കണ്ണുകൾ തുറക്കുമ്പോൾ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപിന്റെ കരയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ. ശരീരം മൊത്തം ഇടിച്ചു നുറുങ്ങുന്നത് പോലെ നോവുന്നുണ്ടായിരുന്നു. നനഞ്ഞ മണലിൽ നിന്നും പതിയെ കൈകുത്തി ഞാൻ എണീറ്റു. തല ചുറ്റുന്നത് പോലെ എനിക്കു തോന്നി. ശരീരത്ത്  ആകെ അവശേഷിക്കുന്നത് ഒരു കറുത്ത ഷോർട്സ് മാത്രം. കരയോട് ചേർന്നു ഒരു മരത്തിന്റെ തണലിലേക്ക് ഞാൻ കുഴഞ്ഞിരുന്നു. എന്തു ചെയ്യണം എന്നറിയില്ല. എവിടെയാണ് ഈ സ്ഥലമെന്ന് നിശ്ചയമില്ല. മുന്നിൽ നോക്കെത്താദൂരത്തോളം നീണ്ടു പരന്നു കിടക്കുന്ന നീലകടൽ. എന്റെ പടച്ച തമ്പുരാനെ ഇവിടുന്നെങ്ങനെ രക്ഷപെടും?  ഇതിലും ഭേദം ഇന്നലെ രാത്രിയിൽ തന്നെ മരിക്കുന്നതായിരുന്നു.
 
എനിക്ക് വേണ്ടി കരയാനും സ്വലത്ത് ചൊല്ലി കാത്തിരിക്കാനുമൊന്നും  ആരുമില്ല. കാസറഗോടെ നെല്ലിക്കുന്ന് കടലോര പ്രദേശത്താണ് ജനിച്ചത്. എന്നെ പെറ്റിട്ടപ്പോൾ തന്നെ ഉമ്മ മയ്യത്തായി. പത്തിൽ പഠിക്കുമ്പോഴാണ്  ബാപ്പച്ചിയെ  കടലമ്മ കൊണ്ട് പോകുന്നത്. തുടർന്ന് ജീവിതം പട്ടിണിയിലേക്കും വറുതിയിലേക്കും കൂപ്പ് കുത്തിയപ്പോൾ  പഠനം ഉപേക്ഷിച്ചു  ബാപ്പയുടെ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയി തുടങ്ങി. ഈ ഇരുപത് വയസ് വരെയും അത് മാത്രമായിരുന്നു  ഉപജീവനമാർഗം. ആദ്യമാണ്  ഇങ്ങനെ ഒരു അപകടത്തിൽ പെടുന്നത്. വീട്ടിൽ കാത്തിരിക്കാൻ ആരുമില്ലാത്തത് കൊണ്ട് എന്നെ  തിരഞ്ഞു ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷ ഒന്നുമില്ല. 

വിശപ്പ് സിരകളെ കാർന്നു തിന്നാൻ തുടങ്ങി. നല്ല ദാഹവും. കണ്ണെത്താദൂരത്തോളം വെള്ളമാണ് പക്ഷെ എന്ത് ചെയ്യാൻ ഉപ്പു വെള്ളം  കുടിക്കാൻ പറ്റില്ലല്ലോ. പടച്ചോൻ  ജീവൻ തിരിച്ചു തന്നു ഇനി അത് നിലനിർത്തണം. ശരീരം തളർന്നു പോകുന്നെങ്കിലും മനസിൽ അല്ലാഹുനെ മാത്രം സ്മരിച്ചു  കൊണ്ട് ഞാൻ പതിയെ എണീറ്റു.  മുന്നിൽ മണൽതിട്ടക്ക് അപ്പുറം പേരറിയാത്ത മരങ്ങളും വള്ളിപടർപ്പുകളും നിറഞ്ഞ ഒരു വനം. ഇതിനുള്ളിൽ തനിക്കു കഴിക്കാൻ എന്തെങ്കിലും പടച്ച തമ്പുരാൻ കരുതി വച്ചിട്ടുണ്ടാവുമെന്ന് എനിക്കു തോന്നി.

വന്യമൃഗങ്ങൾ ഒന്നും കാണരുതെന്ന് പ്രാർത്ഥിച്ചു ഉള്ളിലേക്ക് കയറി. കിളികളുടെ ചിറകടി ഒച്ചയും കൂവലും കേൾക്കുന്നുണ്ടായിരുന്നു. രണ്ടു കുരങ്ങുകൾ ചിലച്ചു കൊണ്ട് എന്റെ മുന്നിലൂടെ വള്ളിയിൽ തൂങ്ങിയാടി പോകുന്നത് കണ്ടു. ചെടികളും വള്ളികളും വകഞ്ഞു മാറ്റി കുറച്ചു ദൂരം നടന്നപ്പോൾ മുന്നിൽ വലിയ കറുത്ത പാറക്കെട്ട്. അതിനോട് ചേർന്നു മറുവശം നിറയെ കുലച്ചു  കിടക്കുന്ന തെങ്ങിന്റെ തലപ്പ് താഴെ നിന്ന് ഞാൻ കണ്ടു. പാറയിലേക്കു  വലിഞ്ഞു കയറി തെങ്ങിന്റെ സമീപം എത്തി. കയ്യെത്തിച്ചു അടർത്തി എടുക്കാൻ പറ്റുന്നതിലും കുറച്ചു കൂടി  ഉയരം. തെങ്ങിൽ കയറാനുള്ള ശക്തി ശരീരത്തിനല്ല. എന്തുചെയ്യണം എന്നാലോചിച്ചു ചുറ്റിനും നോക്കി. പാറക്കെട്ടിൽ നിന്നും താഴേക്കു നിരങ്ങി ഇറങ്ങി. വലിയ ഒരു മരത്തിനു താഴെയുള്ള നീളമുള്ള ഒരു കമ്പ്  കഷ്ടപ്പെട്ട് വലിച്ചോടിച്ചു എടുത്തു.
അതിന്റെ ഇലയുടെ ഭാഗം ഓടിച്ചു കളഞ്ഞു കൊണ്ടു വീണ്ടും പാറയിലേക്ക് അള്ളിപ്പിടിച്ചു കയറി. കമ്പിന്റെ കട്ടിയുള്ള ചുവടു തിരിച്ചു പിടിച്ചു ഉയർത്തി തേങ്ങകുലയുടെ ചുവട്ടിലേക്ക് ശക്തിയായി കുത്തി.
ഒരു രക്ഷയുമില്ല. തളർച്ചയിൽ കുറച്ചു നേരം അവിടേയ്ക്ക് തന്നെ നോക്കി ഇരുന്നു. വീണ്ടും എണീറ്റ് ഒരിക്കൽ കൂടി ശ്രമിച്ചു. ഒടുവിൽ  രണ്ടെണ്ണം പാറയുടെ മേലേക്കും ഒരെണ്ണം താഴേക്കും അടർന്നു വീണു.
തേങ്ങയുടെ മൂട് ഭാഗം പാറയുടെ മുകളിൽ ശക്തിയായി പലകുറി ഇടിച്ചപ്പോൾ തൊണ്ടു പൊളിഞ്ഞു വന്നു. ചകിരി വലിച്ചു പറിച്ചു കളഞ്ഞിട്ടു തേങ്ങ ചെറുതായി പാറയിൽ ഇടിച്ചു പൊട്ടിച്ചു. പൊട്ടിയ ഭാഗത്തൂടെ ഒഴുകി വരുന്ന വെള്ളം ഞാൻ ആവേശത്തോടെ കുടിച്ചു. അധികം വിളയാത്ത കാമ്പ് കാന്തി കഴിച്ചു. ഒറ്റ ഇരിപ്പിനിരുന്നു  രണ്ടും അകത്താക്കി. ഒരു വിധം ആശ്വാസം തോന്നി. പിന്നെ പാറക്കെട്ടിന്റെ ഒരു സൈഡിലെ മരത്തണലിൽ ചെന്നു കുറച്ചു നേരം കിടന്നു. 
 
എങ്ങനെ ഇവിടുന്നു രക്ഷപെടുമെന്നാണ് ഞാൻ ചിന്തിച്ചത്. ജീവിതം ഈ ദ്വീപിൽ അവസാനിച്ചതായി എനിക്കു തോന്നി. രക്ഷിക്കണേ തമ്പുരാനേയെന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി. എന്തോ ഒച്ച കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. നോക്കുമ്പോൾ മുന്നിൽ ഒരു ആൾ രൂപം! ഞെട്ടിപിടഞ്ഞു ഞാൻ എണീറ്റു.
 
(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ