mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
       
കണ്ണിൽ കാന്തവുമായി
 
ഏകദേശം എന്റെ പ്രായംതന്നെ  തോന്നിക്കുന്ന ഒരു ചെക്കനാണ് മുന്നിൽ. ഒരു മഞ്ഞ മുണ്ടാണ്  അവന്റെ വേഷം. അതിന് മേലെ കയറ് പിരിച്ചത് പോലെയുള്ള ചുവന്ന തുണി കച്ചകെട്ടി വച്ചിരിക്കുന്നു.
അല്പം മങ്ങിയ നിറം. ഒറ്റ രോമം പോലുമില്ലാത്ത ഒതുങ്ങിയ ശരീരം. ആരെയും ആകർഷിക്കുന്ന നല്ല ഭംഗിയുള്ള മുഖം. ആ വിടർന്ന വലിയ കണ്ണുകൾക്ക് വല്ലാത്തൊരു കാന്ത ശക്തി ഉണ്ടെന്നു എനിക്ക് തോന്നി.
ചുരുളൻ മുടിക്ക് കുറുകെ തലയിൽ ഒരു വർണ്ണ തുണി ചുറ്റി കെട്ടിയിട്ടുണ്ട്. അതവന് നന്നായി ചേരുന്നുണ്ട്.
 
"ആരി?" ഞാൻ പതിഞ്ഞ ഒച്ചയിൽ ചോദിച്ചു. 
മനോഹരമായി അവൻ ചിരിക്കുന്നു. 
"കൊള്ളാം. എന്റെ സ്ഥലത്തു വന്നിട്ട് ഞാൻ ആരാന്ന് ചോദിക്കുന്നോ?" ആ മറു ചോദ്യം കേട്ട് ഞാൻ തിടുക്കത്തിൽ എണീറ്റു. തുടർന്നു  സങ്കടത്തോടെ എന്റെ അവസ്ഥ വിശദീകരിച്ചു.
"ഇന്നല വന്ന മഴക്ക് ഞങ്ങളെ ബോട്ട് പൊളിഞ്ഞോയി. എന്റക്ക ഇണ്ടായപ്യനെല്ലം കാണാതായി. ബോധം വന്നപ്പോ ഞാൻ ഈs ഇണ്ട്. എങ്ങനെങ്കിലും എന്റെ നാട്ട് ലേക്ക് പോആൻ ഒരിക്ക സഹായിക്കൊ? "
പെട്ടന്ന് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു കഴിഞ്ഞു. ഒന്ന് സംശയിച്ചു നോക്കി നിന്നിട്ട് ഞാൻ പിന്നാലെ ചെന്നു.
"എന്തിന് നിങ്ങൊ ഇങ്ങനെ ചിരിക്ക്ന്നെ?" എനിക്ക് അവന്റെ ചിരി കേട്ടിട്ട് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. ഇവിടെ മനുഷ്യന്റെ ചങ്ക് പിടയുകയാണ്. അപ്പോഴാണ് അവന്റൊരു  ഹലാക്കിലെ   ചിരി.
ആരാണിവൻ? ഇത് അവന്റെ സ്ഥലമെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ തന്നെ ആപത്തിൽ പെട്ടു പോയ ഒരാളെ നോക്കി ഇങ്ങനെ കളിയാക്കി ചിരിക്കാൻ പാടുണ്ടോ?
"ഒരിക്ക മതിയാക്കറോ....! " ഞാൻ ഒച്ചവച്ചു.
അവൻ തിരിഞ്ഞു നിന്നു. 
എന്നെ ആകെയൊന്ന് നോക്കി.
"എന്റെ പൊന്ന് ചങ്ങാതി... തനിക്കറിയോ ഞാനിവിടെ വന്നു പെട്ടിട്ട് മൂന്നു മാസത്തിൽ കൂടുതൽ ആയിട്ടുണ്ട്. ഇവിടുന്നു ഒന്ന് രക്ഷപെടാനാണ് ഞാനീ ചുറ്റി കറങ്ങുന്നതൊക്കെ. ഒരു രക്ഷയുമില്ല മോനേ. ഞാൻ... അല്ല നമ്മൾ ശരിക്കും പെട്ടിരിക്യാ... "
അതുകേട്ടതോടെ ഞാൻ ശരിക്കും തളർന്നു. പടച്ചോനെ മൂന്ന് മാസമായി ഇവൻ ഇവിടെ.  അതും തനിച്ചു? പക്ഷെ മൂന്ന് മാസം പട്ടിണി കിടന്നവന്റെ ദേഹപ്രകൃതിയൊന്നുമല്ല ഇവന്റെത്. മുഖത്ത് യാതൊരു  ക്ഷീണവും തോന്നുന്നില്ല. എനിക്കതൊട്ടും വിശ്വാസം തോന്നിയില്ല. പെട്ടന്ന് അവൻ തിരിഞ്ഞു എന്റെ നേരെ വലതു കൈ നീട്ടി. 
"ഞാൻ ഋഷി  ! തന്റെ പേരെന്താ?"
ഞാൻ  സംശയിച്ചു കൈ നീട്ടിയപ്പോൾ അവൻ എന്റെ കൈപ്പത്തി ബലമായി പിടിച്ചൊന്ന് കുലുക്കി വിട്ടു.
"അഹമ്മദ്" ഞാൻ എന്റെ പേര് പറഞ്ഞു. 
"ആഹാ കൊള്ളാലോ... നല്ല പേരാണല്ലോ."
"എന്ക്ക് കുടിക്കാൻ കൊറച്ച് വെള്ളം തരുവൊ.. എന്റെ തൊണ്ടേല്ലം വരണ്ടൊണങ്ങി."
ഋഷി എന്നെ നോക്കി മന്ദഹസിച്ചു.
"എന്റെ കൂടെ വാ..."
അവൻ ഒരു അഭ്യാസിയെ പോലെ പാറക്കെട്ടുകൾ ചാടിയിറങ്ങി താഴേക്കു പോയി. ഞാൻ പതിയെ പൊത്തി പിടിച്ചിറങ്ങുന്നത് അവൻ ചിരിയോടെ താഴെ നോക്കി നിന്നു. ഞാൻ താഴെ എത്തിയപ്പോൾ ഒരു കമ്പ് കയ്യിലിട്ട് കറക്കി കൊണ്ട് ഋഷി  മുന്നേ നടന്നു. 
"നിങ്ങളെ നാട് ഏട?"
ഞാൻ ചോദിച്ചു. 
"ഈ ലോകം മൊത്തം എന്റെ നാടാണ്."
പറഞ്ഞിട്ട് ചെക്കൻ മണികൾ കിലുങ്ങുമ്പോലെ ചിരിച്ചു.
"നിന്ക്ക് ഈട വന്ന് കെണിഞ്ഞിറ്റും ഒരു ബെജാറും തോന്ന്ന്നില്ലെ? എത്ര സന്തോഷത്തില് നീ നടക്ക് ന്നെ? കൊറച്ച് സമയം ആയപ്പൊ ന്നെ എന്ക്ക് ശീണായി..."
"നീ വന്നപ്പോൾ കൂട്ടിന് ഞാനിവിടെ ഉണ്ട്. പക്ഷെ ഞാൻ വരുമ്പോൾ ആരും ഉണ്ടായിരുന്നില്ല. അപ്പോഴുള്ള എന്റെ അവസ്ഥ നീയൊന്ന് ആലോചിച്ചു നോക്ക്.  എന്റെ ആദ്യത്തെ സങ്കടമൊക്കെ മാറി. രക്ഷപെടാൻ കഴിയില്ലെന്ന് ഉറപ്പായി കഴിഞ്ഞാൽ പിന്നെ സാഹചര്യവുമായി ഇണങ്ങി ജീവിക്കാൻ പഠിക്കണം.  അത് നിന്നെ പഠിപ്പിക്കേണ്ട കാര്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനെന്തായാലും ഇവിടവുമായി  പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോ തിരിച്ചു പോയില്ലെങ്കിലും എനിക്കു യാതൊരു കുഴപ്പവുമില്ല."
"അള്ളാ. എന്ക്ക് എന്തായാലും മടങ്ങി പോയാലെ കയ്യൂ..." ഞാൻ ആന്തലോടെ പറഞ്ഞു.
അപ്പോൾ ഋഷി തിരിഞ്ഞു നിന്നു :
"എന്താ നാട്ടിൽ ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ ?"
ഞാൻ അവനെ ഒന്ന് നോക്കിയിട്ട് ഇല്ലെന്ന് പതിയെ തലയാട്ടി.
ഋഷി വീണ്ടും നടന്നു.
"പിന്നെന്തിനാടോ താനിങ്ങനെ ആധി പിടിക്കുന്നെ.  എനിക്ക് വേണ്ടി കാത്തിരിക്കാൻ നാട്ടിൽ ഒരുപാട് പേരുണ്ട്.  എന്നിട്ടും ഞാനിവിടെ  സന്തോഷത്തോടെ നടക്കുന്ന കണ്ടില്ലേ."
തമാശ പറയുമ്പോലെ ഋഷി ചിരിച്ചു. ഞാൻ പിന്നാലെ ചെന്നു.
"നിങ്ങ ഏട്ത്തെക്കീ പോന്നെ?"
"വാടോ. തനിക്കെന്താ പേടി ആവുന്നോ?"
"പേടി ഇണ്ടായിന്. പക്ഷേ ഇപ്പൊ ഇല്ല. നീ ഇല്ലെങ്കില് ഞാൻ ഈട ഒറ്റക്ക് എന്താക്കട്ടീ? ശ്വാസം മുട്ടി... പ്രാന്ത് പിടിക്കട്ടീ...  ഓ അത് ഓർക്കാൻ കയ്യ."
"അതറിയാവുന്നത് കൊണ്ടല്ലേ ഞാൻ തന്റെ അടുത്ത് വന്നെ."
അവൻ വീണ്ടും ചിരിക്കുന്നു.
"ദാ അവിടെ നിന്ന് ഇഷ്ടം പോലെ വെള്ളം കുടിച്ചോ... "
ഋഷി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ നോക്കി. രണ്ടു പാറകെട്ടുകൾക്ക് ഇടയിൽ ഒരു മുളങ്കുഴൽ ചെത്തിയൊരുക്കി കയറ്റി വച്ചിരിക്കുന്നു. അതിൽ നിന്നും വെള്ളിനൂലുകൾ  പോലെ വെള്ളം ഒഴുകി  വരുന്നു. ആഹ്ലാദത്തോടെ ഞാൻ അവിടേക്ക് ഓടി.
 
(തുടരും...)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ