അയാൾ ജനാലകളുടെ കർട്ടൻ വകുത്ത് മാറ്റി ചില്ലു ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....ആർത്തു പെയ്തിറങ്ങിയ മഴ മടുത്തിട്ടെന്നോണം, നേർത്ത കിതപ്പുകൾ മാത്രം ബാക്കിയാക്കി ശമനം അറിയിച്ചിട്ടുണ്ടായിരുന്നു..
സമയം രാത്രി മൂന്നു മണി. പതിവുപോലെ അയാൾ തന്റെ വാച്ചിലേക്ക് നോക്കി.
എന്നും ഈ സമയത്ത് ഉണർന്നു, ജാലകത്തിലൂടെ തന്റെ വീടിന്റെ എതിർവശത്തു സ്ഥിതിചെയ്യുന്ന നിലാവിനാൽ ചുംബിച്ചു തളരിതയായ ഇരുനിലയിൽ പണിത മനോഹരമായ വീടിനെ നോക്കി മനസ്സിന്റെ ഉള്ളറയിലുള്ള, മധുര നോവിനെ, അല്പം നിരാശയോടെ നീല ഇരുട്ടിലേക്ക് പറത്തി വിടും.... എന്നിട്ട്....
എന്നിട്ടയാൾ അല്പം കുറ്റബോധത്തോടെ നീലാവെളിച്ചത്തിൽ കുളിച്ചുകൊണ്ട് ഒരു ശിശുവിന്റെ നിശ്കളങ്ക ഭാവത്തിൽ ചെരിഞ്ഞുകിടന്ന് ഉറങ്ങുന്ന തന്റെ ഭാര്യയെ നോക്കിയിട്ട് മനസ്സിനെ പറഞ്ഞു പുലമ്പിക്കും....
എന്റെ പ്രിയപ്പെട്ട വരദേ..... ഒന്നും ഇല്ലാട്ടോ.... ഈ വിനയേട്ടന്റെ മനസാക്ഷി എന്നും എപ്പോളും... ക്ലിയർ ആണ് ട്ടൊ.... എന്നാലും എന്റെ ഉള്ളിൽ ഒരു നേരിയ വേദനയോടെ ഒരു മുറിപ്പാട് ഉണ്ടായിരുന്നു.നിന്നെ താലി കെട്ടുന്നതിനു മുമ്പ്, ഒരു പൊട്ടിന്റെ അത്ര വലുപ്പത്തിൽ,അത് അവിടെ ഒട്ടിച്ചു വെച്ചെങ്കിലും ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.
ജീവിതം ഒഴുകുന്നത് തന്നെ വരദയുടെയും,മക്കളുടെയും, കൂടെ ഒന്നിച്ചു തുഴഞ്ഞുകൊണ്ടായിരുന്നു... വളർന്നു വരുന്ന വിവാഹ പ്രായമെത്താൻ മത്സരിക്കുന്ന രണ്ടു പെൺകുട്ടികൾ...21 വയസ്സുള്ള മൂത്ത മകൻ വിഷ്ണു,ഡിഗ്രി കംപ്ലീറ്റ് ചെയ്ത് ഇരിക്കുന്നു... പ്രണയം ഇടിച്ചു കയറാനൊന്നും തന്റെ മനസ്സിന് ഒട്ടും കെൽപ്പില്ല... കാരണം ഇതൊരു പവിത്രത വേണ്ടുവോളം കാത്തു സൂക്ഷിക്കുന്ന മനസ്സാണെടോ...
ആണോ... അയാൾ... അയാളോട് തന്നെ ചോദിച്ചു, എന്നിട്ടുമെന്തെ... രാത്രി മൂന്നു മണിക്ക് വല്ലാത്തൊരു പര വശത്തോടെ എണീറ്റ് ജനൽ വഴി ഉറ്റുനോക്കുന്നത്,! അവിടെ ആവീട്ടിൽ ഒരാൾ ചിന്താഭാരത്തിന്റെ തകർച്ചയിൽ, നിരാശ പേറി കിടന്നുറങ്ങുന്നുണ്ട്....അത് അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. ആരോടും പങ്ക് വെക്കാൻ കഴിയാതെ ആ നീറ്റൽ അയാൾ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആവാറായിരിക്കുന്നു.
"എപ്പോഴും ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കുന്ന ഭൂമി....അതിൽ വസിക്കുന്നവർക്ക് വിഷവിത്തുകൾ വിതരണം ചെയ്യാൻ വേണ്ടി,കുറുക്കന്റെ തലച്ചോറിനാൽ സൃഷ്ടിക്കപ്പെട്ട ഒരുപാട് നിർഭാഗ്യവന്മാരുണ്ട്.ഈ മനോഹരമായ ഭൂമിയിൽ ജനിച്ച് ജീവിതം ആസ്വദിക്കാൻ കഴിയാതെ സമാധാനത്തോടെ മരിച്ചു വീഴാൻ കഴിയാത്തവർ.തൊട്ടടുത്ത അയൽക്കാരനെ എങ്ങിനെ നശിപ്പിക്കാം, അടുത്ത ജില്ലയെ, അടുത്ത സംസ്ഥാനത്തെ, അടുത്ത രാജ്യത്തെ, അവസാനം കുറെ ജീവനുകൾ ഈ ഭൂമിയെ ശപിച്ച്..കടപ്പാടും, കടമയും,വാത്സല്യവും, അലിവും, സ്നേഹവും എല്ലാം കടമാക്കി കൊണ്ട്പ്രേതാത്മക്കൾ ആയി മാറി അലയുന്നു.യുദ്ധം അത് മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു.വരദ രാവിലെ ന്യൂസ് പേപ്പർ നോക്കി കൊണ്ട് വേവലാതിയോടെ ഓരോന്ന് പറഞ്ഞു."
വരദേ... നീ... വല്ലാതെ ടെൻഷിട് ആണല്ലോ? വിനയൻ ന്യൂസ് പേപ്പർ അവളുടെ കയ്യിൽ നിന്ന് വാങ്ങി കൊണ്ട് ചോദിച്ചു.
വിനയേട്ടാ.... മനസ്സിൽ നന്മയുള്ളവർ ഒരുപാട്, ഒരുപാട് ഉണ്ട്... ഓരോ ജീവന്റെയും വില വിലപ്പെട്ടതാണെന്ന്, ഓരോ പ്രതിസന്ധിഘട്ടത്തിലും നമ്മളെ മനസ്സിലാക്കി തന്ന ഭരണകർത്താക്കൾ ഉണ്ട്, സാമൂഹ്യ , ആരോഗ്യ പ്രവർത്തകർ, സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് വില കൽപ്പിക്കുന്നവർ... മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചപ്പോളും, കൊറോണ കാലത്തും, പ്രളയസമയത്തും നമ്മൾ അത് കണ്ടതല്ലേ...
നീ ഒന്ന് ശ്വാസം അഴിച്ചു വിടൂ വരദേ.... എനിക്കിപ്പോ എല്ലാം ഒരു കോമഡിയായി ചിന്തിക്കാനാണ് ഇഷ്‌ടം. നമ്മളുടെ സ്വാതന്ത്ര്യം ലിപികളിൽ മാത്രമേ ഉള്ളൂ.... പ്രവർത്തികളിൽ നീചത്വത്തിനും, സ്വാർത്ഥതക്കുമാണ് മുൻ തൂക്കം..
"എന്നാലും എന്റെ വിനയേട്ടാ.. ഞാൻ ചിന്തിക്കുന്നത് നമ്മൾ കാരണം ആരും ആരുടെയും കൊലയാളിയാവരുത് എന്നാണ്. ഇവിടെ ഉള്ളവരെ ശപിച്ച് മരിക്കരുത് എന്നുമാണ്....വാക്കാൽ പോലും ആർക്കും നോവരുത്.നിൽക്കുന്ന കാൽച്ചുവട്ടിൽ പറ്റികിടക്കുന്ന മണ്തരികൾക്ക് പോലും അവകാശം ഉന്നയിക്കുന്ന വിഡ്ഢികളെ വിചാരം അവര് എന്നും ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കും എന്നാണ്.ഒന്ന് തല കറങ്ങിയാൽ പോരെ,അധികാരങ്ങൾ അവതാളത്തിലാവാൻ.
വിനയന് വരദയുടെ ഓരോ വാക്കും തന്റെ നെഞ്ചിൽ തുളച്ചു കയറിയത് പോലെ തോന്നി.
ജീവിതം കാറും, കോളുമില്ലാതെ മുന്നോട്ടാനയിക്കണമെങ്കിൽ... നൂൽപാലത്തിനുമീതെ കൂടൊരുക്കണം.പൊട്ടി പോവാതെ അത്ര സൂക്ഷ്മതയോടെ ജീവിതം നയിക്കുന്നവർ ഭാഗ്യവാൻമാർ.... ചില ആളുകൾ അധികാരം മോഹിച്ചു, സ്വയം സുരക്ഷ ഒരുക്കി അജ്ഞാപിച്ചു കൊണ്ട് പാവങ്ങളെ കൊലക്ക് കൊടുക്കും.
വിനയൻ വല്ലാത്തൊരു ചിന്താഭാരത്തോടെ തന്റെ ഉള്ളിലേക്ക് ചൂഴ്ന്ന് നോക്കി.അവിടെ ഒരിക്കലും, പുഷ്പിക്കാൻ കഴിയാത്തഏതോ മുൾ ചെടികൾ കോറുന്നുണ്ടായിരുന്നു.കോറിയിടാൻ കാരണം തന്റെ പ്രിയപ്പെട്ട ഭാര്യ വരദ തന്നയായിരുന്നു.
എത്ര ഗവേഷണം നടത്തിയാലും മനുഷ്യ മനസ്സിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല.അത് വല്ലാത്തൊരു മാന്ത്രിക കുരുക്കിന്റെ മായവലയത്തിൽ പെട്ട് ഉഴറുകയാണ്. നീരാളിപ്പിടുത്തം പോലെ ഒരു അള്ളി പിടിക്കൽ ഉണ്ട് ഉച്ചിയിൽ നിന്ന് തുടങ്ങി കാൽപാദം വരെ മധുരവും, വിരഹവും കൊണ്ട് വല്ലാത്തൊരു നീറ്റൽ ആണി തിന്.
പ്രണയം അതിന്റെ ഡ്രിഗ്രി കൂടിയ ചൂടിൽ വെന്തുരുകുകയും, സീറോ ഡിഗ്രി തണുപ്പിൽ തണുത്തുറക്കുകയും ചെയ്ത ആ കാലഘട്ടം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു....തൊട്ടടുത്ത ക്ലാസ്സിൽ പഠിക്കുന്ന നുണക്കുഴിയുടെ ചിരിയോടെ, വിടർന്ന കണ്ണുകളും, ഇടതൂർന്ന പുരികവുമുള്ള ശ്രീജയെന്ന പെൺകുട്ടിയോടുള്ള ഇഷ്‌ടം ആരോടും പറയാതെ മനസ്സിൽ ഒളിപ്പിച്ചു.. എന്നാൽ രണ്ട് വർഷത്തോടെ താൻ അവളറിയാതെ അവളോടൊപ്പം ആയിരുന്നു. എന്നും കുളിച്ചു, വിടർത്തിയിട്ട മുടിയുടെ മദ്ധ്യത്തിൽ സ്ഥിരമായി ചെമ്പകപ്പൂ ചൂടാറുള്ള അവൾ എത്ര ദൂരെ ആണെങ്കിലും, അവളുടെ ചെമ്പകമണം തന്റെ നാസദ്വാരത്തിലൂടെ കയറി ചെന്ന് പ്രണയത്തിന്റെ മണിമാളികയിൽ ഇരുത്തി അവളോടത്ത് ആടിയും, പാടിയും, പ്രണയം പങ്ക് വെച്ചു. അവൾ എന്നെ ശ്രദ്ധിച്ചതേ ഇല്ല... ഒരിക്കലും മുഖമോ, കണ്ണുകളോ തമ്മിൽ കൂട്ടി മുട്ടിയില്ല. എന്നിട്ടും താൻ ഓരോ, ദിനവും, രാത്രിയും അവളുടെ ഓർമയിൽ ലയിച്ചങ്ങിനെ ഇരിക്കും. പ്രീഡിഗ്രിയുടെ അവസാനത്തിൽ ചിക്കൻപോക്സ് ബാധിച്ചു കിടപ്പായതിനാൽ, എക്സാം എഴുതാനോ അവളെ അവസാന നിമിഷത്തിൽ ഒരു നോക്ക് കാണാനോ പറ്റിയില്ല. അവളുടെ ഓർമയിൽ കുറെ വർഷങ്ങൾ, അവളെ തെരഞ്ഞുള്ള അലച്ചിൽ, അവളെ മാത്രം ഓർത്തുള്ള വിരഹ വേദന,തന്റെ ഉള്ളം വല്ലാതെ കേഴുന്നുണ്ടായിരുന്നു. വരദ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിയെങ്കിൽ തന്റെ ജീവിതം വരണ്ടു പോയേനെ.
പെണ്ണുകാണലിനു ശേഷം അയാൾ വരദയോട് എല്ലാം തുറന്നു പറഞ്ഞു... പ്രീഡിഗ്രി കഴിഞ്ഞു ഏഴു വർഷം ആയിരിക്കുന്നു. എന്നിട്ടും ഞാനൊരു അലയുന്ന കാമുകൻ ആണ്.എന്നെ അസെപ്റ്റ് ചെയ്യാൻ വരദക്ക് കഴിയുമോ എന്നറിയില്ല.
വരദയുടെ മറുപടി പുഞ്ചിരിയായിരുന്നു.എന്നിട്ട്ന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു... ഇത്രയും സ്നേഹിക്കാൻ കഴിവുള്ള ആൾ ആകുട്ടിക്ക് പകരം എന്നെ സ്നേഹിച്ചോളൂ,നല്ലോണം ആലോചിച്ചു തീരുമാനമെടുത്താൽ മതി.
താലി കെട്ടി വരദയെ തന്റെ പ്രാണസഖിയാക്കി കൂടെ കൂട്ടി,അന്ന് മുതൽ ഇന്ന് വരെ കുടുംബ ബന്ധത്തിന് വളരെ ഏറെ മൂല്യം കല്പ്പിച്ചു.അങ്ങനെ ജീവിതം സുഗമമായി ആസ്വദിച്ചു ജീവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, തൊട്ട് മുൻവശത്തു ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിലേക്ക് ഒരു ഫാമിലി താമസത്തിനു വന്നത്.വന്നു രണ്ടാഴ്ചക്ക് ശേഷമാണ് വരദ തന്നോട് വ്യസനത്തോടെ പറഞ്ഞത്...
"വിനയേട്ടാ.... നമ്മുടെ അയൽവക്കത്ത് താമസിക്കാൻ വന്ന അവരുടെ ഹസ്ബൻഡ് വിദേശത്തു നിന്ന് ആക്‌സിഡന്റിൽ മരിച്ചതാ... പാവം ഒരു സ്ത്രീ.എന്നാലും നല്ല ഫ്രണ്ട്‌ലി ആൺട്ടോ.നമുക്ക് അവിടെ വരെ ഒന്നു പോയാലോ... ഇന്ന് സൺഡേ അല്ലെ".
"അവർക്ക് വേറെ ബന്ധുക്കൾ ഇല്ലേ.... കുട്ടികളോ."
"പത്തിലും, എട്ടിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് അവർക്കുള്ളത്... പിന്നെ ബന്ധുക്കൾ, അയാൾ മരിച്ചപ്പോ അവർക്കൊരു വീട് വാങ്ങി കൊടുത്തു തന്ത്രപൂർവ്വം ഒഴിവാക്കി.'
"കഴിഞ്ഞു കൂടാൻ എന്തെങ്കിലും വകയുണ്ടോ?."
"കുറച്ചു ബാങ്ക് ബാലൻസ് എന്തോ ഉണ്ട്.പിന്നെ അവരൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്.നമുക്കൊന്ന് അവിടെ വരെ പോവാം."
"ശരി പോവാം.... ഒരു കണ്ടിഷൻ ഉണ്ട് ട്ടൊ."
"എന്താ...."
"നമുക്ക് ചുറ്റുപാടുള്ളവരുടെ ലൈഫ് ഒക്കെ പലവിധ മാണ്... വിഷമവും, ബുദ്ധിമുട്ടുമില്ലാത്ത മനുഷ്യർ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.... നീ ഓരോന്നു എടുത്തു തലയിൽ വെക്കേണ്ട."
"നമ്മുടെ അയൽക്കാര് അല്ലെ....നമുക്കുമില്ലേ ചെറിയ ഉത്തരവാദിത്വം."
മുമ്പേ താമസിച്ചവരുമായി പുറത്ത് കാണുമ്പോഴുള്ള ഒരു പുഞ്ചിരി ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു....അവര് വിറ്റു പോയപ്പോ പുതുതായി വന്ന താമസക്കാർ ആരാണെന്ന് പോലും അന്വേഷിക്കാൻ പോയിട്ടില്ല.ഗേറ്റ് തുറന്ന് വീടിനു നേരെ നടക്കുമ്പോൾ, വരദയെ ഇതൊക്കെ വേണോ എന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി.അവൾ തന്റെ ജാള്യത അറിഞ്ഞമട്ടിൽ, കൈകൊണ്ട് പ്ലീസ് എന്ന് ആംഗ്യം കാണിച്ചു.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതിലാവണം,വിനയനും, വരദയും വരാന്തയിലേക്ക് കയറിയതും, അടഞ്ഞു കിടന്നിരുന്ന ഉമ്മറവാതിൽ തുറക്കപ്പെട്ടു.
പുഞ്ചിരിയോടെ അവൾ, ശ്രീജ... അവളെ കണ്ടതും വിനയൻ ഞെട്ടിപ്പോയി....
തുടരും...
ഭാഗം 2
വിനയനെ കണ്ട മാത്രയിൽ ശ്രീജയും ഞെട്ടി പോയി. ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് ശ്രീജ പെട്ടെന്ന് സമചിത്തം വീണ്ടെടുത്തു.
"വരൂ".... ശ്രീജ അവരെ അകത്തേക്ക് ക്ഷണിച്ചു.
"ഇരിക്കൂ".... സ്വീകരണമുറിയിലെ പതുപതുത്ത, സോഫാസെറ്റിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.
വിനയൻ അന്തംവിട്ട് നിൽക്കുകയായിരുന്നു.
ശ്രീജ ചായ എടുക്കാനെന്ന വണ്ണം അകത്തേക്ക് വലിയാൻ നോക്കി.
"ചായ എടുക്കാനാണെങ്കിൽ വേണ്ടാ, ഞങ്ങൾ ഇപ്പൊ കുടിച്ചു ഇറങ്ങിയിട്ടേ ഉള്ളൂ."
അര ഗ്ലാസ് മാത്രം, വിനയന്റെ നേരെ നോക്കി, ആദ്യമായി വന്നതല്ലേ.
"ശ്രീജ ഇപ്പൊ ഇരിക്ക്," വരദ പറഞ്ഞു.
ഇതാണ് എന്റെ ആൾ, പേര് വിനയൻ, എഞ്ചിനീയർ കോളേജിൽ പ്രൊഫസർ
ആണ്.
"എവിടെ ആണ് "
"കൊല്ലം."
അപ്പോഴതാ, രണ്ട് പെൺകുട്ടികൾ ചായയും, പലഹാരവുമായി വരുന്നു. അവരെ കണ്ടു വിനയന്റെ കണ്ണുകൾ വിടർന്നു.
കുട്ടികാലത്തെ ശ്രീജ തന്നെയായിരുന്നു അവര്.
"കുട്ടികൾ എവിടെയാണ് പഠിക്കുന്നത്."വിനയൻ ചോദിച്ചു.
ഇപ്പോ ഇങ്ങോട്ട് മാറ്റി. സിബി എസ് ൽ നിന്ന് മലയാള മീഡിയത്തിലേക്ക് മാറ്റിയാലോ, രണ്ടാളും പെട്ടിരിക്കയാണ്. എന്താ പേര്, വിനയൻ ചോദിച്ചു, ഞാൻ ആവണി, ഇവൾ വീണ, ആവണി പറഞ്ഞു.
ചായ കുടിച്ചു കഴിഞ്ഞ് വിനയൻ പതുക്കെ എണീറ്റു.
സ്വീകരണ മുറിയിൽ ഇരുന്നാൽ അപ്പുറത്തെ മുറിയിൽ കണ്ണാടിചില്ലുനുള്ളിൽ മനോഹരമായി ഒതുക്കി വെച്ചിരിക്കുന്ന ബുക്ക്സെൽഫ് കാണാം. അതിന്റെ അടുത്തേക്ക് നീങ്ങി.
"ഈ കളക്ഷൻ ഒക്കെ ആരുടെതാണ്. വിനയൻ ചോദിച്ചു."
ആവണി അപ്പോൾ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു.
അമ്മേടെ, അമ്മക്ക് ആകെയുള്ള കൂട്ട് ഈ ബുക്കുകളാ,
വിനയൻ പുസ്തകങ്ങൾ ഓരോന്നു പരതി. അവസാനം ബെന്യാമിൻന്റെ 'മഞ്ഞ വെയിൽ മരണങ്ങൾ'കയ്യിൽ കിട്ടി. അത് എടുത്തു കൊണ്ട് സ്വീകരണ മുറിയിൽ എത്തി. എന്നിട്ട് പറഞ്ഞു.
"ഞാനിത് വായിച്ചിട്ട് തരാം വായിച്ചതാണ് എന്നാലും മടുക്കൂല."
"നല്ലതാണ്"... ശ്രീജ പറഞ്ഞു.
എന്നാ നിങ്ങൾ ഡാംസാരിച്ചിരിക്ക് ഞാൻ പോവാണ്.
പിന്നെ ശ്രീജക്ക് വേണമെങ്കിൽ എന്റെ കയ്യിലുമുണ്ട്, കുറെ ബുക്സ്, എടുത്ത് വായിക്കാം.
പറഞ്ഞത്തിനു ശേഷമാണ് തന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന എന്തോ ഒന്ന് പുറത്ത് ചാടിയല്ലോ എന്ന് വിനയൻ ഓർത്തത്.
വരദയും അമ്പരപ്പോടെ വിനയനെ നോക്കി. പരിചയ ആൾക്കാരെ പോലും പേരെടുത്തു സംസാരിക്കാത്ത ആളാണ്. അവൾ മനസ്സിൽ ചിന്തിച്ചു.
വിനയൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി, അയാളുടെ ഗേറ്റ് തള്ളി തുറന്നു, പ്രധാന വാതിൽ കടന്ന് അവിടെ കണ്ട ചാരു കസേരയിൽ കണ്ണടച്ച് കിടന്നു. അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അയാളുടെ മനസ്സ് ഒന്ന് പതറി. അയാൾ ഒരു കാലത്ത് ഒരുപാട് സ്നേഹിക്കുകയും, തന്റെ ഇഷ്‌ടം അവസാന നിമിഷമെങ്കിലും അറിയിക്കാനായി, പ്രേമ വചനങ്ങൾ എഴുതി കൂട്ടി അവസാനം അത് കൊടുക്കാനോ ഒരു നോക്കൂ കാണുവാനോ കഴിയാതെ, ഏഴു വർഷത്തോളം അവളെ തിരഞ്ഞു നടന്നു.വേണ്ടാ.... ഒന്നും ഓർക്കേണ്ട, അയാൾക്ക് വല്ലാത്തൊരു കുറ്റ ബോധം തോന്നി. ഇനി ഒരിക്കലും ശ്രീജയെ കാണില്ലാ, മിണ്ടൂല എന്ന് ശപഥം ചെയ്തു. കാരണം, അയാൾക്ക് അയാളുടെ ഭാര്യയും, മക്കളും, അത്രഏറെ പ്രിയപ്പെട്ടവർ ആയിരുന്നു.
ഇതേ സമയം വരദ അങ്ങോട്ട് വന്നു എന്നിട്ട് ചോദിച്ചു.
"എന്ത് പറ്റി, എന്താ ഇങ്ങനെ കിടക്കുന്നത്."
ഒന്നുമില്ല, നീ പോയിട്ട് നല്ല കടുപ്പത്തിൽ ഒരു ചായ ഇട്ടു വരൂ, നല്ല തലവേദന.
"ഓക്കേ", അവൾ പറഞ്ഞു.
ചായക്ക് വെള്ളം തിളപ്പിക്കാൻ വെച്ചുകൊണ്ട് അവൾ വീണ്ടും അയാളുടെ അടുത്തു വന്നിരുന്നു.
"വിനയേട്ടാ... നോക്കൂ...., ശ്രീജ എം ടെക് കഴിഞ്ഞതാ, തിരുവനന്തപുരം ജോലിക്ക് പൊയ്കൊണ്ടിരുന്നതാ. വിനയേട്ടൻ അവൾക്കൊരു ജോലി നോക്കുമോ."
"എന്തിനാ മോളെ ഓരോന്നു എടുത്തു തലയിൽ വെക്കുന്നത് നിനക്ക് ഒന്നും അറിയാഞ്ഞിട്ടാ."
"അല്പം മനുഷ്വത്വം കാണിക്കെന്റെ വിനയേട്ടാ.... നമ്മൾക്കാണെങ്കിലോ ഈ ഗതി വന്നത്."
"നിന്നോട് എന്ത് പറഞ്ഞാണ് ഞാൻ മനസ്സിലാക്കി തരണ്ടേ."
ചായ തിളച്ചിട്ടുണ്ടാകും, ചെല്ല്.
അവൾ പോകാൻ കൂട്ടാക്കിയില്ല,
മോളെ, നീതൂ, ആവൾ അവിടെ നിന്ന് തന്നെ വിളിച്ചു പറഞ്ഞു. തേയില ഇട്ട് സ്റ്റോവിലുള്ള ചായ ഇങ്ങു എടുക്കൂ.
നീതു എല്ലാവർക്കും ചായയുമായി വന്നു. എല്ലാവരും കൂടെ കളിയും, ചിരിയും, തമാശയൊക്കെയായി ചായ കുടിച്ചു. വിനയന് തന്റെ കുടുംബത്തെ കുറിച്ച് അഭിമാനം തോന്നി.
ഇപ്പൊ വിഷ്ണുവിനെ മിസ്സ് ചെയ്യുന്നു, അവനുണ്ടെങ്കിൽ ഈ പലഹാരം മുഴുവൻ ഒറ്റക്ക് അടിച്ചു മാറ്റിയേനെ, വിതു പറഞ്ഞു. അവന് ബാംഗ്ലൂരിലേക്ക് പി ജി ചെയ്യാൻ വേണ്ടി പോയിരുന്നു.
വരദ കാൽ വലിച്ചു കൊണ്ട് കുറച്ചും കൂടെ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.
അമ്മേടേ നടുവേദന മാറിയില്ലേ....എനി ഏത് ഡോക്ടരെ കൊണ്ട് കാണിക്കും, അച്ഛൻ മക്കളോട് പറഞ്ഞു.
"അമ്മയുടെ അടവാണ് അച്ഛാ, ഇപ്പൊ ജോലി മുഴുവൻ ചെയ്യുന്നത് ഞങ്ങൾ ആണ്."
അവൾ കേൾക്കേണ്ട....നിങ്ങൾ അടിവാങ്ങിക്കും.
വരദ ചായയുമായി വന്നു,
ഡോക്ടറെ മാറ്റി കാണിക്കണോ വരദേ, നീ നിന്റെ ബ്രദറിന്റെ ഹോസ്പിറ്റൽ ഒന്ന് മാറ്റി പിടി.
മിസ്റ്റർ ശ്രീവത്സൻ, അതായത് എന്റെ കൂടപ്പിറപ്പ്, ഈ കേരളത്തിലൊന്നും അവനെ വെല്ലുന്ന ഒരാളും ഇല്ല. വരദ ചായ കുടിച്ചു കൊണ്ട് പറഞ്ഞു.
ശ്രീജ അടുത്തു താമസം തുടങ്ങി ആദ്യമായി കണ്ടത് മുതൽ പിന്നെ ഒരിക്കലും, ഏകദേശം ഒരു വർഷത്തോളം വിനയൻ അവളെ കണ്ടതേയില്ല, വരദയും, കുട്ടികളും, അങ്ങോട്ടും, ഇങ്ങോട്ടും, പോയി വന്നു, ഒരു കുടുംബപോലെയായിരുന്നു ഇതിനകം. വിനയൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിയും.
ശ്രീജയെ നേരിട്ട് കാണുന്നതിനേക്കാൾ,എത്രയോ ഇരട്ടി അളവിൽ കാണാതിരിക്കുമ്പോൾ, ഉൾത്തടം, ചുട്ടുപൊള്ളുന്നതായി വിനയന്, തോന്നി തുടങ്ങി, അത്കൊണ്ടാണ് രാത്രി ഒരുറക്കം കഴിയുമ്പോൾ ഞെട്ടി ഉണരും. പിന്നെ ശ്രീജയുടെ വീടിനെ നോക്കി ചിന്തകൾക്ക് കാട് പിടിച്ചു ഒരേ നിൽപ്പാണ്. ഇടക്കിട്ടെ വരദയെ സഹതാപത്തോടെ നോക്കുകയും ചെയ്യും.
ഇങ്ങനെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ആണ് ഒരു ദിവസം,വിനയൻ ജോലിക്ക് പോകാൻ വേണ്ടി കാർ ഇറക്കാൻ നോക്കിയപ്പോ,
പോവല്ലേ, വിനയേട്ടാ, ഒറ്റ മിനിറ്റ് എന്ന് പറഞ്ഞു ശ്രീജയുടെവീട് ലക്ഷ്യമായി ഓടിയത്. തിരിച്ചു വരുമ്പോൾ കൂടെ ശ്രീജയും ഉണ്ടായിരുന്നു. ശ്രീജ നന്നായി ഒരുങ്ങിയിട്ടിട്ടുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു ബാഗും, കുടയും.
വിനയേട്ടാ.... വരദ വിളിച്ചു, ഒരു സർപ്രൈസ് ഉണ്ട്ട്ടൊ, വിനയേട്ടന്റെ കോളേജിൽ ശ്രീജയും ജോലിക്ക് കയറി, ഇന്നലെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയതേ ഉള്ളൂ, അതും പറഞ്ഞു വരദ കാറിന്റെ മുൻ ഡോർ തുറന്നു ശ്രീജയെ അകത്തു കയറ്റി. എന്നിട്ട് വിനയനോട് വിളിച്ചു പറഞ്ഞു.
വിനയേട്ടാ.... തിരിച്ചു വരുമ്പോൾ ശ്രീജയെയും കൂട്ടണേ എന്നും, വിനയന്, നന്നായി ദേഷ്യം വന്നു, എന്നാൽ ശ്രീജയുടെ മുഖത്തേക്ക് നോക്കിയപ്പോ ദേഷ്യം മഞ്ഞു കട്ടയെ പോലെ ഉരുകി പോയി.
തുടരും...
ഭാഗം 3
ആകെ വിഷയ ദാരിദ്ര്യം, എന്ത് ചോദിക്കണമെന്നോ, പറയണമെന്നോ, അറിയാതെ കുറച്ചു നേരം വിനയന്റെ വാക്കുകൾ ഇടറി നിന്നു.അവസാനം വിനയൻ തന്നെ ആദ്യം എടിത്തിട്ടു.
"ശ്രീജ ജോലിക്ക് പോയിരുന്നു അല്ലെ. പിന്നെഎന്താ പോവാതിരുന്നത്." കുറച്ചൊക്കെ വരദ പറഞ്ഞു അറിയാമെങ്കിലും വെറുതെ ചോദിച്ചു.
"പ്രീഡിഗ്രീ കഴിഞ്ഞു, ട്രിവാൻഡ്രത്തേക്ക് പോയി,അവിടെയാണ് അച്ഛൻ വീട്. പിന്നെ പഠിത്തവും, കല്യാണവും, അവിടെ വെച്ചു. ഗൾഫ് കാരൻ എന്നൊക്കെ പറഞ്ഞു കല്യാണം കഴിച്ചു. എന്നാൽ നാട്ടിൽ വന്നിട്ട് പിന്നെ ഗൾഫിൽ പോയില്ല, കുടിയും, ബഹളവും, എന്നെ നന്നായി ഉപദ്രവിക്കുമായിരുന്നു. വിധിയുടെ കൈകളാൽ നിശബ്‌ദ വേദനയോടെ എല്ലാം സഹിച്ചു. അങ്ങിനെ വീണ്ടും ഗൾഫിലേക്ക് പോയി, അവിടെ വെച്ചാണ് ആക്‌സിഡന്റിൽ മരിക്കുന്നത്. ട്രിവാൻട്രം, വെറുത്തു പോയി. അവളുടെ മിഴികൾ നനഞ്ഞിരുന്നു.
"സോറി,"അയാൾ ക്ഷമാപണം നടത്തി.
ആരുമില്ലെന്ന് വിചാരിക്കേണ്ട, ഞങ്ങൾ ഒക്കെ ഇല്ലേ." അയാളുടെ ഉള്ളിൽ നിന്ന് ഉറങ്ങികിടക്കുന്ന ദുഃഖത്തിന്റെ നെടുവീർപ്പുകൾ അയാളെ അങ്ങിനെ പറയിപ്പിച്ചു. ഇവൾക് വേണ്ടിയാണു ഞാൻ കരഞ്ഞിട്ടുള്ളത്.ഏഴു വർഷകാലം ഇവളെ തേടിയാണ് ഞാൻ അലഞ്ഞിട്ടുള്ളത്. അവസാനം രക്തത്തിൽ അലിഞ്ഞു ചേർന്ന വേർപ്പാട് സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ വരെ തുണിഞ്ഞ നാളുകൾ.
വിനയാ.... ശ്രീജ സ്നേഹാർദ്രമായ് വിളിച്ചു.
"ഒരു സ്കൂട്ടി അറേഞ്ച് ചെയ്യണം, ഇന്നും ഇങ്ങനെ ഒരു യാത്ര അത് ബുദ്ധിമുട്ടുള്ള കാര്യമാണ്."
ആർക്ക് ബുദ്ധിമുട്ട്, എന്നും ഞാൻ തനിയെയാണ് വരാറും, പോവാറും, എനിക്കൊരു കൂട്ടായല്ലോ. വിനയൻ പറഞ്ഞു, വിനയന് അതിശയമായി തന്നെകൊണ്ട് ആരാ ഇങ്ങിനെയൊക്കെ പറയിപ്പിക്കുന്നത്, ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച കടലാഴങ്ങളിലേക്ക്, വീണ്ടും, വീണ്ടും, മുങ്ങി തപ്പുന്നത് ആരാണ്. അയാൾ എ സി യുടെ തണുപ്പിലും വിയർത്തു കുളിച്ചു. കാരണം അയാൾ ഫാമിലിയോട് നല്ല കൂറുള്ള ആളായതിനാൽ നല്ല കുറ്റബോധവും അയാൾക്കുണ്ടായിരുന്നു.
വീട്ടിലെത്തി, വിനയൻ വരദയോട്, പൊട്ടിത്തെറിച്ചു., "നിനക്ക് നല്ലസുഖമില്ലേ. ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. അവസാനം അയാൾ കൈകൾ കൂപ്പി കൊണ്ട് ചോദിച്ചു, എന്റെ മോളെ. ഇതിനെ പറ്റിയൊക്കെ എന്തെങ്കിലും അറിയോ നിനക്ക്, നീ ജീവിതം കൊണ്ടാണ് കളിക്കുന്നത്."അവളുടെ കണ്ണുകൾ ഈറനായിരുന്നു, ഇപ്പൊ പൊട്ടുമെന്ന ഭാവത്തിൽ അവൾ വിതുമ്പി നിന്നു.
"നീ എന്തിനായിരുന്നു ജോലി രാജി വെച്ചത്". അവൾ ഒന്നും മിണ്ടിയില്ല.
വിനയന്റെ കോളേജിൽ തന്നെ ശ്രീജക്ക് ജോലി കിട്ടിയപ്പോ, എല്ലാവരും, നല്ല ഭാഗ്യമുള്ള ഫാമിലി. നല്ല ശമ്പളം, ഒന്നിച്ചു പോവുകയും, വരികയും, ചെയ്യാം, എന്നാൽ ഒരു മാസം തികയുന്ന അന്ന് വരദ ജോലിയിൽ നിന്ന് രാജി വെച്ചു. കാര്യം ചോദിച്ചപ്പോ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.
വിനയേട്ടാ, അത്, അവൾ പറയാൻ മടിച്ചു. പിന്നെ പതുക്കെ പറഞ്ഞു.കോളേജിൽ ലേഡീസ് സ്റ്റാഫുകൾ കുറെ ഇല്ലേ, അവരോട് വിനയേട്ടൻ മിണ്ടുന്നതൊന്നും എനിക്ക് സഹിക്കാൻ പറ്റുന്നില്ല.
വിനയന് അത്ഭുതം തോന്നി. അയാൾ പറഞ്ഞു, മോളെ നീ എന്റെ കാര്യത്തിൽ ഇത്ര മാത്രം പൊസ്സസ്സ്സീവ്നെസ്സ് ആയിരുന്നു,അല്ലേ, അയാൾ അവളെ ചേർത്ത് കൊണ്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഇങ്ങനെ പെരുമാറുന്ന അവളാണ്, ഇപ്പോൾ ഇങ്ങിനെ, അയാൾ ആകെ ആശയകുഴപ്പത്തിൽ ആയി.
ഒരു ഞാറാഴ്ച്ച ദിവസം, വിനയൻ വായിക്കാൻ എന്തേലും ബുക്സ് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി, ശ്രീജയുടെ വീട്ടിൽ എത്തി.
ശ്രീജ സ്വീകരണ മുറിയിൽ ഇരുന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു. വിനയനെ കണ്ടതും അവിടെനിന്ന് എണീറ്റു.
ഞാനൊന്ന് ബുക്ക് നോക്കട്ടെ. കെ ആർ മീരയുടെ ആരാച്ചാർ അന്ന് കണ്ടിരുന്നു.
"ഉണ്ട്."എടുത്തോളൂ, അവൾ പറഞ്ഞു.
വിനയൻ ബുക്സ് അലമാരയുടെ മുന്നിൽ എത്തി. ആരാച്ചാർ മാറ്റി വെച്ച് കൊണ്ട് വെറുതെ പുസ്തകം പരതി. അവിടെ ഒരു ഭാഗത്തു ശ്രീജയുടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന ബുക്സ് അടുക്കി വെച്ചിരുന്നു. അയാൾ അത് മണത്തു നോക്കി, അതിൽ നിന്ന് സ്ഫുരിക്കുന്ന ചെമ്പക പൂവിന്റെ മണം മൂക്കിന്റെ തുമ്പത്ത് മുറ്റി നിന്നു. തോന്നലാണോ? അറിയില്ല, അയാൾ പെട്ടെന്ന് ശ്രീജയെ തിരിഞ്ഞു നോക്കി, അവിടെ മൊത്തത്തിൽ ചെമ്പകമരം പൂത്തു നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. പെട്ടെന്ന് അയാളുടെ കണ്ണുകൾ അക്കൗണ്ടൻസി ടെക്സ്റ്റ് ബുക്കിൽ ഉടക്കി നിന്നു. തന്റെ കൂട്ടുകാരെ ഏറെ വട്ടം കറക്കുകയും, തനിക്ക് ഏറ്റവും ഇഷ്ടവുമായ ബുക്ക്, അയാൾ അത് കയ്യിൽ എടുത്തു. പേജുകൾ ഓരോന്നായി മറിക്കുന്നതിനിടയിൽ, അയാളുടെ കണ്ണുകൾ ഒരു റോസ് ഗ്രീറ്റിങ്സ് കാർഡിൽ ഉടക്കി. അയാൾ അത് തുറന്നു.ആ കാർഡിനുള്ളിൽ വടിവൊത്ത അക്ഷരത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട വിനയാ, ഇന്നെങ്കിലും ഇത് നിന്റെ കയ്യിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനി ഒരിക്കലും സാധിച്ചെന്ന് വരില്ല. എന്റെ സ്നേഹം നിന്നെ അറിയിക്കാൻ ഞാൻ ഒരുപാട്, ഒരുപാട് കാത്തിരുന്നു തോറ്റു പോയി. ഐ ലൗ യു. ബാക്കി വായിക്കാൻ സാധിച്ചില്ല, അപ്പോഴേക്കും പുറകിൽ നിന്ന് കാൽപെരുമാറ്റം കേട്ട് തിടുക്കത്തിൽ ബുക്ക് മടക്കി സെൽഫിൽ വെച്ചു.
അയാളുടെ ഉള്ളം ആകെ വെന്തുരുകി. ആ വേവിന്റെ അല അയാളുടെ മുഖത്തും പ്രതിഫലിച്ചു. അയാളുടെ മുഖഭാവം കണ്ടിട്ട് ശ്രീജ ചോദിച്ചു.
"എന്ത് പറ്റി വിനയാ ആകെ വിയർക്കുന്നുണ്ടല്ലോ, സുഖമില്ലേ."
ഒന്നുമില്ല....അയാൾ പിറുപിറുത്തു.ഒരു തലവേദന ഒന്ന് കിടക്കണം.അവളുടെ മുഖത്തു നോക്കാൻ ശക്തിയില്ലാതെ അയാൾ ആടി ആടി സ്വന്തം വീട്ടിലേക്ക് നടന്നു.
തുടരും...
ഭാഗം 4
ചാരു കസേരയിൽ എത്ര നേരം കിടന്നു എന്ന് അയാൾക്ക് തന്നെ അറിയില്ല, വരദ ഉച്ച ഉറക്കത്തിൽ ആയിരുന്നു. ചിന്തകൾ അയാളുടെ തലച്ചോറിനുള്ളിൽ, കൂട്ടിയും, കിഴിച്ചും, നനഞ്ഞും, ഉണങ്ങിയും, ഒരു വടംവലി തന്നെ നടത്തി.അപ്പോൾ അയാളുടെ ഉള്ളിൽ ഒരു മുഖം മാത്രം തെളിഞ്ഞു വന്നു, നിഷ്കളങ്കമായ വരദയുടെ മുഖമായിരുന്നു അത്.
തന്നെ മാത്രം സ്നേഹിച്ചും, വിശ്വസിച്ചും, കഴിയുന്ന അവളോട് അയാൾക്ക് വല്ലാത്തൊരു അലിവ് തോന്നി. അയാൾ വരദാ കിടക്കുന്നിടത്തെത്തി, കാൽപെരുമാറ്റം, കേട്ടതിനാൽ അവൾ കണ്ണ് തുറന്നു.
"എന്ത് പറ്റി, മുഖം വല്ലാതെ,"വരദ ചോദിച്ചു.
ഒരു ചെറിയ തലവേദന, നീ എണീക്കുന്നുണ്ടെങ്കിൽ കാപ്പി ഉണ്ടാക്കൂ.
അയാൾ കട്ടിൽ നിന്ന് എണീക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അയാൾ ചോദിച്ചു.
നിനക്ക് തീരെയും വയ്യ അല്ലെ. ഞാൻ സീരിയസ് ആയി പറയുകയാണ്. നമുക്ക് ഏതെങ്കിലും നല്ല ഒരു ഡോക്ടരെ കാണിക്കാം.
ആരെയും കാണിച്ചിട്ട് കാര്യമില്ല, വിനയേട്ടാ, അനുഭവിക്കേണ്ടത് ഞാൻ തന്നെ അനുഭവിക്കേണ്ടേ,
ഇപ്പോ തന്നെ നിനക്ക് തനിയെ എണീക്കാൻ പറ്റൂല, ആരെങ്കിലും സഹായം വേണം.
ഒന്ന് നടന്നാൽ നേരെയാവും.
ഞാൻ നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വന്നതാ. നമുക്ക് ഒരു യാത്ര പോവാം, കുറച്ചു ദിവസം ഞാൻ ലീവെടുക്കാം, ഈയിടെയായി നിന്നെ എനിക്ക് പൂർണമായി കിട്ടുന്നില്ല എ ന്നൊരു തോന്നൽ,
"പോവാം, ഞാനും അത് ആലോചിക്കാതിരുന്നില്ല. ഒരു മാറ്റം വേണം.നമുക്ക് ശ്രീജയെയും, കുട്ടികളെയും വിളിക്കാം, ആകുട്ടികൾ ഇവിടെയാണ് വളരുന്നത്.അവൾ പറഞ്ഞു.
,"വരദേ... അയാൾ ഉച്ചത്തിൽ വിളിച്ചു. ജീവിതം കൊണ്ടാണ് നീ കളിക്കുന്നത്. നിനക്കെന്താ ഒന്നും മനസിലാവാത്തെ.
എനിക്കിപ്പോ ഒന്നും മനസ്സിലാവുന്നില്ല, അതും പറഞ്ഞു അവൾ, കാലുകൾ വലിച്ചു, വലിച്ചു അടുക്കളയിലേക്ക് പോയി.
പിറ്റേന്ന് വരദക്ക്, കട്ടിൽ നിന്ന് എണീക്കാൻ കഴിഞ്ഞില്ല. അളിയൻ ഡോക്ടർ ശ്രീവത്സനോട് വേറെആരെങ്കിലും കാണിക്കേണ്ടി വരുമോ എന്ന് വിനയൻ വിളിച്ചു ചോദിച്ചു.
വേണ്ടാ, ഞാൻ വന്നു നോക്കാം എന്നായിരുന്നു അയാളുടെ മറുപടി.
അടുക്കള സഹായത്തിനായി ശ്രീജ വന്നു. എല്ലാവർക്കും ഒന്നിച്ചായിരുന്നു ഭക്ഷണം വെച്ചത്. അതിനു ശേഷം തിടുക്കത്തിൽ കോളേജിൽ പോവാൻ വേണ്ടി റെഡിയായി.
വിതുവും, നീതുവും, ഒന്ന് കരഞ്ഞോ, വിനയൻ അവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. വിഷ്ണുവും, വന്നിട്ടുണ്ടായിരുന്നു. അവന്റെ കണ്ണിലും ഈറൻ പൊടിയുന്നുണ്ടോ, അയാൾ സംശയിച്ചു.
"വിഷ്ണുവിനോടായി വിനയൻ പറഞ്ഞു. അച്ഛൻ പോവാൻ പുറപ്പെടുകയാണ്, മാമൻ വരും, എല്ലാം ചോദിച്ചു മനസ്സിലാക്കണം, വേണമെങ്കിൽ ഹോസ്പിറ്റലിലേക്ക് മാറ്റാം".
ശരി, അച്ഛാ...
വിതുവുമായും, നീതുവുമായും, അടി കൂടി അമ്മയെ വിഷമിക്കരുത്.
"ഇല്ലച്ചാ...അച്ഛൻ ധൈര്യമായിട്ട് പൊയ്ക്കോളൂ.
ശ്രീജ പോകാൻ റെഡിയായി വന്നു. കേരളപിറവി ആയതിനാൽ, ശ്രീജ നേരിയ ഗോൾഡൻ കളർ ബോർഡർ ഉള്ള സെറ്റ് സാരിയും, കടും പച്ച നിറത്തിലുള്ള ബ്ലൗസ് ആയിരുന്നു ധരിച്ചത്. ചെമ്പക പൂവ് തലയിൽ ചൂടിയിട്ടുണ്ടായിരുന്നു. വിനയൻ സിൽവർ കളർ, കരയുള്ള മുണ്ടും,ക്രീം കളർ ഷേർട്ടും. പോവാൻ നേരം രണ്ട് പേരും, യാത്ര പറയാൻ വരദയുടെ അടുത്തെത്തി.
വരദ അവരെ കണ്ടതും നിറഞ്ഞ ചിരി ചിരിച്ചു.
അളിയൻ വരുമ്പോൾ എല്ലാ കാര്യങ്ങളും പറയണം. വിഷ്ണു ഉണ്ടല്ലോ ഇവിടെ. എന്നാൽ ഞങ്ങൾ ഇറങ്ങാണ്. അവര് രണ്ട് പേരും യാത്ര പറഞ്ഞു ഇറങ്ങി.
വിതുവിനും, നീതുവിനും, നന്നായി ദേഷ്യം വന്നിട്ടുണ്ടായിരുന്നു, അവര് വിഷ്ണുവിനോട് പറഞ്ഞു. ഇനി അമ്മയുടെ ഈ കളിക്ക് ഞങ്ങൾ കൂട്ട് നിൽക്കില്ല, അച്ഛനോട് ഞങ്ങൾ എല്ലാം തുറന്നു പറയും,
വരദ പറഞ്ഞു, വേണ്ടാ, അമ്മക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞാൽ അച്ഛന് ഒരിക്കലും താങ്ങാൻ കഴിയൂല. ഞാൻ ഇല്ലന്ന് അറിയുമ്പോൾ നിങ്ങൾക്ക് പിന്നെ അച്ഛനും ഉണ്ടാവില്ല.
"ഞങ്ങളെ മൂന്നു പേരെയും അമ്മ അമ്മയുടെ ഇഷ്‌ടത്തിന് മാറ്റിയെടുത്തു, ഞങ്ങൾക്ക് ധൈര്യം തന്നു. മുന്നോട്ടുള്ള ജീവിതയാത്രയെ കുറിച്ച് പഠിപ്പിച്ചു. പക്ഷെ അച്ഛനെ മാത്രം ഒന്നും അറിയിച്ചില്ല. അമ്മയെ പരിചരിക്കാൻ കഴിയാതെ ഇനി അച്ഛൻ അറിയുമ്പോൾ ആയിരിക്കും തളർന്നു പോവുക."നീതു പറഞ്ഞു.
വിതു അച്ഛനെ ഇപ്പോൾ തന്നെ അറിയിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചു... ഫോൺ എടുത്തു അച്ഛനെ വിളിച്ചു. അച്ഛൻ ഡ്രൈവ് ചെയ്യുന്ന കാരണം ശ്രീജയായിരുന്നു ഫോൺ എടുത്തത്.
"എന്താ മോളെ", ശ്രീജ ചോദിച്ചു.
ഒന്നുമില്ല ആന്റി, അച്ഛനോട് ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞാൽ മതി.
മോളെ, ആവണിയും, വീണയും വരുമ്പോൾ അവിടെ നിർത്തിയാൽ മതി.,
ശരി ആന്റി...
വരദക്ക് സുഖമില്ലാത്തത് കൊണ്ട് ആർക്കും ഒരു സമാധാനവും ഇല്ല, ഇന്ന് അളിയനെ ഒന്ന് പോയി കാണണം.അല്ലെങ്കിൽ വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണം. വി
നയൻ പറഞ്ഞു.
ശരിയാ... വരദക്ക് തീരെ വയ്യാന്നു തോന്നുന്നു.
"ഈ ചെമ്പക മണം വല്ലാതെ മത്ത് പിടിപ്പിക്കുന്നു. എന്റെ കുട്ടികാലം ഓർമ വരുന്നു."വിനയൻ തല ചെരിച്ചു കൊണ്ടവളെ നോക്കി.
എന്താ... നൊസ്റ്റ് അടിക്കുന്നുണ്ടല്ലോ,?.
"നീ ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു."
താങ്ക്സ്, ശ്രീജ വിയനയനു നേരെ നോക്കി ചിരിച്ചു.
"ശ്രീജെ നീ എന്നെ വിഡ്ഢിയാക്കുകയാണ് അല്ലെ,"
എന്താ വിനയാ....
വിനയൻ ശ്രീജയെ വീണ്ടും ഒന്ന് നോക്കി.
ഇന്നിതാ ഇവൾ തന്റെതൊട്ടടുത്ത്, ഇവളെയാണ് വർഷങ്ങളായി താൻ തേടി നടന്നത്, ഇവൾ കാരണമാണ്, കടലാഴങ്ങളിൽ പോയി, ശ്വാസം എടുക്കാനാവാതെ തേങ്ങിയത്.ഇവളെ കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിൽ തന്നോടപ്പം ഈ ലോകവും തന്നെ നിശ്ചലാമാവുമെന്ന് തോന്നിയ നാളുകൾ. അയാൾ ഓരോന്നു ചിന്തിച്ചു.
"എന്താ വിനയാ ഒന്നും മിണ്ടാത്തെ.
എന്ത് പറയാനാണ്. എല്ലാം ദൈവനിശ്ചയം. നമ്മളെ തമ്മിൽ കൂട്ടിമുട്ടിക്കാത്തതും, ഇപ്പോൾ കൂട്ടി മുട്ടിച്ചതും,
"നീ ഒരിക്കലും ഇതൊന്നും അറിയരുത് എന്ന് ഞാൻ വിചാരിച്ചു. അക്കൗണ്ടൻസി ബുക്കിൽ നിന്ന് ആ ലെറ്റർ എടുത്ത് വായിക്കുന്നത് ഞാൻ കണ്ടിരുന്നു. അന്ന് മുതൽ ഞാൻ നനഞ്ഞൊഴുകുകയാണ്."
വല്ലാത്തൊരു മിറക്കബിൾ 'അത്' നമ്മുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നു.
"നിന്നെ കണ്ടു മുട്ടിയത് മുതൽ നീയായിരുന്നു എന്റെ മനസ്സിൽ, ഒരു ദിവസം, നിന്റെ ബെസ്റ്റ് ഫ്രണ്ട് അനിലൻ ഇല്ലേ, അവൻ എന്നെ കാണാൻ വന്നിരുന്നു, എന്നെ നിനക്ക് അത്രക്കുമിഷ്ടമാണെന്ന് അവന് പറഞ്ഞു.പക്ഷെ നിനക്ക് എഴുതുന്ന എഴുത്തുകൾ ഒന്നും നിന്റെ അടുത്ത് തരാൻ കഴിഞ്ഞില്ല. ഫൈനൽ എക്സാമിന് നിന്നെ കാണാതെ, കണ്ണീർ പുരണ്ട എഴുത്തുമായി ഞാൻ കുറെ അലഞ്ഞു. സത്യം പറഞ്ഞാൽ ഈ അടുത്ത കാലം വരെ നിന്നെ ഒന്ന് കാണാൻ കൊതിച്ചിട്ടുണ്ട്."
"രണ്ട് ആത്മക്കൾ തമ്മിലുള്ള യുഗം യുഗങ്ങളയുള്ള തിരച്ചിലിനൊടുവിൽ കണ്ടു മുട്ടി, എന്നിട്ടും കാലം,ഒന്ന് ആശ്ലേഷിക്കുവാനോ, ഒന്ന് തൊടാനോ കഴിയാത്രത്ത, ഉപാധികൾ ഒരുക്കിയിട്ടുണ്ടായിരുന്നു. വിനയന്റെ ശബ്‌ദം നേർത്തു".അയാൾക്ക് ഒന്ന് തല തല്ലി കരയണമെന്ന് തോന്നി.
തുടരും.
ഭാഗം 5
"വരദ അവളെന്റെ ജീവാനാണ്, എനിക്ക് നിന്നിൽ നിന്ന് ഒരു പരിപൂർണമായ മോചനം വേണം,അടുത്ത ജന്മമെങ്കിലും നിന്നെ എനിക്ക് വേണമെന്ന് പോലും ഞാൻ പറയാൻ പോലും ആശക്തനാണ്.അവിടെയും വരദയാണെന്റെ പ്രാണൻ, അത് കൊണ്ട് നമുക്കായി ഒരു ദിവസം ഇന്ന്, നമുക്കൊരു യാത്ര പോവാം."അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ശ്രീജയോട് പറഞ്ഞു.
"എന്നാൽ കൊച്ചിയിൽ പോവാം."വരദയും ഉത്സാഹത്തിലായിരുന്നു.
കൊച്ചിയിലെ കാറ്റിനോട് അവർ കിന്നാരം പറഞ്ഞു. അവർ ഒരു ദിവസത്തേക്ക് ഒന്നായ കഥ,
, നഗ്ന പാദയായി, മണ്തരികളെ നോവിക്കാതെ അവർ കൈകൾ കോർത്തു പിടിച്ചു കൊണ്ട്, വിധിയുടെ കളിപ്പാട്ടത്തെ തച്ചുടച്ചു കൊണ്ട് അവർ ജൈത്രയാത്ര നടത്തി.വെന്തു കൊണ്ടിരിക്കുന്ന നെഞ്ചിലെ നേരിപോ ടിലേക്ക് അവർ,അശ്രുക്കളുടെ ഒഴുക്കുകൾ, തുറന്നു വിട്ടു.ഒരൊറ്റ ആലിംഗനത്തിൻന്റെ, ചൂട് കൊണ്ട്,പ്രപഞ്ചം ഒന്ന് കണ്ണ് ചിമ്മി. ഒരു ദിവസം,ജീവിതാവസാനം വരെയുള്ള ഓർമ്മയുടെ വാതയാനം, തുറക്കുകയും, ഹൃദയലിപികളിൽ കോറി ഇടുകയും ചെയ്തു, പ്രണയിച്ചു, പ്രണയിച്ചു, നേർത്ത കിതപ്പുകളെ, അണച്ചു പിടിച്ചു കൊണ്ട്, അവർ, പറഞ്ഞു. ഗുഡ് ബൈ.
തിരിച്ചു പോരുമ്പോൾ ശ്രീജയും, വിനയനും രണ്ട് അപരിചിതർ ആയിരുന്നു.
"ഞാൻ കോളേജിന്റെ അടുത്തു വീട് നോക്കി അങ്ങോട്ട് മാറാം."
ഗുഡ്,ഞാനും അത് പറയാനിരിക്കുകയായിരുന്നു.വിനയൻ ആശ്വാസത്തോടെ പറഞ്ഞു.
നമുക്ക് ശ്രീ വത്സന്റെ ഹോസ്പിറ്റലിൽ ഒന്ന് കയറാം. ഈയിടെയായി വരദക്ക് തീരെ വയ്യാട്ടോ. അയാൾ എന്താ പറയുന്നു എന്ന് നോക്കാലോ. ശ്രീജ വിനയനോട് പറഞ്ഞു.
ഓക്കേ ഞാനും അത് ആലോചിച്ചിരുന്നതാണ്. പോവാം.
ഹോസ്‌പിറ്റലിൽ എത്തിയപ്പോ ശ്രീവത്സൻ ഡ്യൂട്ടിയിൽ ആയിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വന്നു.
വിനയനും, ശ്രീജയും, ഇരിക്കുന്ന വിസിറ്റിംഗ് റൂമിലേക്ക്, ശ്രീവത്സൻ തളർച്ച തോന്നുന്ന മുഖഭാവത്തോടെ കടന്നു വന്നു. സാനിടൈസർ ഉപയോഗിച്ച് കയ്യും മുഖവും, കഴുകി തുടച്ചു കൊണ്ട് ആയാൾ, യാതൊരു തിരക്കുമില്ലാതെ അവരുടെ അടുത്തെത്തി.എ സി ഒന്നും കൂടെ കൂട്ടി വെച്ചു കൊണ്ട് അയാൾ ഇരുന്നു. എന്നിട്ട് പറഞ്ഞു.
"വിനയാ, എനിക്ക് നിന്നോട് എങ്ങനെ പറയണമെന്ന് അറിയൂല,
കുറെ മുമ്പ് അവളുടെ ബ്രെസ്റ്റിൽ മുഴ കണ്ടു എന്റെ അടുത്ത് പറഞ്ഞയച്ചത് ഓർമയുണ്ടോ, അത് ബയോപ്സി ചെയ്തപ്പോളാണ് ക്യാൻസർ ആണെന്ന് അറിഞ്ഞത്. അപ്പോഴേക്കും ക്യാൻസറിന്റെ അവസാനഘട്ടവും, കടന്നു പോയിരുന്നു.
വിനയനും, ശ്രീജയും ഞെട്ടിപോയി, പിന്നെ അലമുറയിട്ടുകൊണ്ട്അവന്റെ ഷേർട്ടിൽ പിടിച്ചു അങ്ങോട്ടും, ഇങ്ങോട്ടും, ഉലച്ചു.
നീ അവളെ കൊലക്ക് കൊടുത്തു അല്ലെ, ചികിൽസിക്കാതെ, അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
വിനയാ.... നീ ശാന്തമായി ഇരുന്നു കേൾക്കണം, അവളെ നന്നായി തന്നെ ട്രീറ്റ്മെന്റ് ചെയ്തു. ഓപ്പറേഷൻ ആയിരുന്നു ആകെ പോംവഴി, അപ്പോഴേക്കും നട്ടെല്ലിലേക്ക് പടർന്നിരുന്നു. ഇനി ഒന്നും ചെയ്യാൻ കഴിയൂല. അറിഞ്ഞപ്പോ തന്നെ വളരെ വൈകിയിരുന്നു.
"എന്നോട് എന്തെ പറഞ്ഞില്ല. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എവിടെലും കൊണ്ടുപോയി ഞാൻ ചികിൽസിക്കുമായിരുന്നല്ലോ,"വിനയൻ കരച്ചിൽ തന്നെ
"നീ അറിയത്, നിനക്കത് താങ്ങൂല എന്ന് പറഞ്ഞു വരദ ആകെ ബഹളമായിരുന്നു."
"എന്റെ ദൈവമേ ഞാനിങ്ങനെ ഇത് സഹിക്കും. എന്തിനീ പരീക്ഷണം. അയാൾ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.'
വിനയാ ഇനി വേണ്ടത് അവളെ മനസമാധാനത്തോടെ മരിക്കാൻ അനുവദിക്കുക എന്നാണ്, നീ വേണം അവളെ പരിചരിക്കാൻ.
തിരിച്ചു വീട്ടിലേക്ക് എങ്ങിനെ എത്തുമെന്ന് വിനയന് അറിയില്ലായിരുന്നു.ശ്രീജയോട് ഓരോന്നു പറഞ്ഞു കരഞ്ഞു അവൾക്ക് എങ്ങിനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.
'ശ്രീവത്സൻ വരദയോട്, വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.'
വീട്ടിൽ എത്തിയപ്പോ വരദകിടക്കുകയായിരുന്നു. വിനയനെ കണ്ടപ്പോ നിറഞ്ഞ ചിരി ചിരിച്ചു. പെട്ടെന്ന് വിനയൻ പൊട്ടി കരഞ്ഞു. കൂടെ വരദയും ഇത് വരെ അടക്കി പിടിച്ചു ഒറ്റക്ക് അനുഭവിച്ച സങ്കടങ്ങൾ ഒക്കെയും ഒഴുകി ഇറങ്ങി,
വിനയൻ കോളേജിൽ നിന്ന് ഒരു ലോങ്ങ് ലീവ് എടുത്തു.
ശ്രീജയുടെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. അവൾ ആകെ പെട്ടു പോയി. വരദക്ക് സുഖമില്ലാത്ത സ്ഥിതിക്ക് എങ്ങനെ വീട് മാറും, ഒരു സഹായമായി നിൽക്കേണ്ടതല്ലേ, അവൾ ആകെ ആശയകുഴപ്പത്തിൽ ആയി.
വരദ ഹോസ്പിറ്റലിലും, വീട്മായിട്ട് അങ്ങിനെ കഴിഞ്ഞു.
ഒരു ദിവസം വിനയനോട് വരദ ശ്രീജയെയും, കുട്ടികളെയും, വിളിക്കാൻ പറഞ്ഞു. അത് പോലെ വിഷ്ണുവിനെയും, വിതുവിനെയുംനീതുവിനെയും, വിളിച്ചു.
അവൾ കിടക്കുകയായിരുന്നു. അവളെ ഒന്ന് താങ്ങി ഇരുത്താൻ പറഞ്ഞു. ശ്രീജ അവളെ താങ്ങി, ശ്രീജയുടെ ദേഹത്തേക്ക് ചാരി ഇരുത്തി.
വല്ലാത്തൊരു സങ്കടപ്പെടുത്തുന്ന നിമിഷങ്ങൾ ആയിരുന്നു അത്. ഇപ്പോൾ വിഷ്ണു അടക്കം കുട്ടികൾക്ക് ഏത് സമയവും, അമ്മയെ കുറിച്ചോർത്തിട്ട് കരച്ചിൽ ആണ് പണി,
വിനയേട്ടാ....വരദ ആയാസ പ്പെട്ട് വിനയനെ വിളിച്ചു.
"എനിക്ക് വേദന സഹിക്കുന്നില്ല, അവനെ വിളിച്ചിട്ട് ഉറങ്ങാനുള്ള മരുന്ന് എന്തേലും തരാൻ പറയ്".
പറയാം, അമ്മേ വിഷ്ണു പറഞ്ഞു.
ഞാൻ ഏതായാലുമങ്ങ് പോവും. അവസാനമായി എനിക്കൊരാഗ്രഹം ബാക്കി ഉണ്ട്. എല്ലാരും കേൾക്കണം. അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.
എല്ലാവരും അവളുടെ അടുത്തേക്ക് വന്നു.
മോനെ, വിഷ്ണു, നീതു, വിതു, വരദ എല്ലാവരെയും വിളിച്ചു, എന്നിട്ട്
ശ്രീജയുടെ അടുത്തേക്ക് ഒന്നും കൂടെ ചാഞ്ഞു. എന്നിട്ട് ശ്രീജയുടെ കൈ കയ്യിലെടുത്തു.
"ഈ ഇരിക്കുന്നത് ആരാണെന്ന് നിങ്ങൾക്കറിയുമോ.അച്ഛന് ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഒരു കൂട്ടുകാരിയെ കുറിച്ച് അമ്മ പറയാറില്ലേ. ആ കൂട്ടുകാരിയാണിത്. എല്ലാവരും അത്ഭുതത്തോടെ അവൾ പറയുന്നത് ശ്രദ്ധിച്ചു.
"വിനയേട്ടാ വരദ ആർദ്രതയോടെ വിളിച്ചു. എന്നിട്ട് വിനയന്റെ കൈ എടുത്തു ശ്രീജക്ക് കൊടുത്തു, എന്നിട്ട് പറഞ്ഞു. വിനയനെ നിന്നെ ഏൽപ്പിക്കുകയാണ്,ശ്രീജയുടെ കഴുത്തിൽ വിനയേട്ടൻ താലി കെട്ടണം. സങ്കടപ്പെടുത്തരുത്ട്ടൊ ശ്രീജെ, അടുത്ത ജന്മത്തിൽ എനിക്ക് തിരിച്ചു തരണം. ആവണീ, വീണേ നിങ്ങളെ അച്ഛൻ ആണിത്, നോക്കിക്കോണം." അവിടെ ഒരു കൂട്ട കരച്ചിൽ ഉണർന്നു.
ശ്രീജ പതുക്കെ വരദയെ കിടത്തി.എന്നിട്ട് പുതപ്പിച്ചു. ആ നെറ്റിയിൽ ഒരു മുത്തം കൊടുക്കുമ്പോൾ, കണ്ണീരു വന്നു മൂടിയതിനാൽ, അവൾക്ക് എല്ലാം അവ്യക്തമായിരുന്നു.വിനയൻ ആശക്തനായി കണ്ണടച്ച് കണ്ണും നെറ്റിയും തടവി കൊണ്ട് വരദയുടെ അടുത്ത് കട്ടിലിൽ ഇരുന്നു. അപ്പോഴും അവിടന്നും, ഇവിടുന്നുമായി, കരച്ചിലിന്റെ തേങ്ങലുകലുകൾ മാത്രം ബാക്കിയായി മുറിയിൽ തങ്ങി നിന്നു.
അവസാനിച്ചു.