ക്രൈം ടാസ്‌ക്
അന്നു വളരെ ഗൗരവത്തോടെയാണ് ഫോക്‌സര്‍ ചാറ്റിങ് തുടങ്ങിയത്. 'ഡിയര്‍ അക്രം, ഇനി വളരെ പ്രധാനപ്പെട്ട ഒരു ടാസ്‌ക്കാണ് ഞാന്‍ താങ്കളെ ഏല്‍പ്പിക്കുന്നത്. റെഡിയാണോ?'
'റെഡി' -അക്രം
'വളരെ വളരെ സീക്രട്ട് ആയ ഒരു ടാസ്‌ക് ആണ്. നമ്മള്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാള്‍ ഈ വിവരം അറിയരുത്.' -ഫോക്‌സര്‍
'ഇല്ല. ഒരിക്കലും അറിയില്ല.' -അക്രം
'എന്നാല്‍ പറയാം. താങ്കള്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡോങ്കിസിറ്റിയിലെ സെന്‍ട്രല്‍ സ്റ്റേഷനു മുമ്പില്‍ പോവുക. അവിടെ DS-05-1520 എന്ന നമ്പറുള്ള ഒരു ടാക്‌സികാര്‍ കിടക്കുന്നുണ്ടാകും. അതിന്റെ പിന്‍സീറ്റില്‍ കയറുക. ഡ്രൈവര്‍ താങ്കളെ ടാക്‌സിയില്‍ പൊട്ടാമസ് സെന്റെര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു ചെന്നാക്കും. താങ്കള്‍ അവിടെ ഇറങ്ങുക. ഇറങ്ങുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന ഹാന്‍ഡ് ബാഗ് കൂടെ എടുക്കുക. അതിനുള്ളില്‍ ഒരു ട്രെയിന്‍ ടിക്കറ്റും ഒരു കൈത്തോക്കുമുണ്ടാകും. ടിക്കറ്റ് താങ്കള്‍ക്ക് പൊട്ടാമസ് സെന്റെറില്‍ നിന്ന് ഡോങ്കിസിറ്റിവരെ യാത്രചെയ്യാനുള്ളതാണ്. ബഫല്ലോഎക്‌സ്പ്രസ്സില്‍ ഫസ്റ്റ് ക്ലാസിലെ 25-ാം നമ്പര്‍ ടിക്കറ്റാണത്. 24-ാം നമ്പര്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് താങ്കളുടെ ടാര്‍ഗറ്റ്. ബഫല്ലോ എക്‌സ്പ്രസ്സ് ഡോങ്കിസിറ്റിയില്‍ എത്തുന്നതിനു മുമ്പ് തോക്കു ചൂണ്ടി അയാളുടെ പക്കലുള്ള സ്യൂട്ട്‌കേസ് കൈക്കലാക്കണം. അയാള്‍ എതിര്‍ക്കുകയാണെങ്കില്‍ കാല്‍മുട്ടിനു താഴെ വെടിയുതിര്‍ക്കാം. ടാക്‌സികാര്‍ നേരത്തെ കിടന്നതുപോലെ സെന്‍ട്രല്‍ സ്റ്റേഷനു മുമ്പില്‍ തന്നെയുണ്ടാകും. സ്യൂട്ട്‌കേസും ഹാന്‍ഡ് ബാഗും കാറിന്റെ പിന്‍സീറ്റില്‍ വച്ച ശേഷം താങ്കള്‍ക്കുപോകാം.'
ആ ടാസ്‌കിന്റെ വിശദവിവരം അക്രം പേടിയോടെ രണ്ടു തവണ വായിച്ചു. ഇതുവരെ തന്നതില്‍ ഏറ്റവും അപകടം പിടിച്ചതും കുറ്റകരവുമായ ടാസ്‌ക്.
'എന്തെങ്കിലും സംശയമുണ്ടോ?'-ഫോക്‌സര്‍ ചോദിച്ചു.
'ഇല്ല ബോസ്' -അക്രം
'എന്നാല്‍ വിജയാശംസകള്‍ നേരുന്നു. പോയ് വരൂ-' -ഫോക്‌സര്‍
അക്രം ടാസ്‌ക് ആരംഭിച്ചു കഴിഞ്ഞു. ഒരു മണിക്കു തന്നെ സെന്‍ട്രല്‍ സ്റ്റേഷനു മുന്നില്‍ നിന്ന് DS-05-1520 എന്ന ടാക്‌സികാറില്‍ കയറി. അക്രമും ഡ്രൈവറും തമ്മില്‍ സംസാരിച്ചതേയില്ല. കാര്‍ നേരെ പൊട്ടാമസ് സെന്റെറിലേയ്ക്കു പോയി. അക്രം ഹാന്‍ഡ് ബാഗുമെടുത്ത് അവിടെ ഇറങ്ങി. അയാള്‍ നേരെ റയില്‍വേ സ്റ്റേഷനിലേയ്ക്കു കയറിയെങ്കിലും ബഫല്ലോ എക്‌സ്പ്രസ്സില്‍ കയറിയില്ല. പകരം സ്റ്റേഷന്റെ പിന്‍ഭാഗത്തെ ഗേറ്റിലൂടെ പുറത്തിറങ്ങുകയാണ് ചെയ്തത്. അവിടെ കാറുമായി വിക്രം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കാറില്‍ കയറിയ അവര്‍ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കാര്‍ മാറ്റിയിട്ടു. അതിനുശേഷം കാറില്‍ കരുതിയിരുന്ന വേഷവിധാനങ്ങളണിഞ്ഞ് അവര്‍ വേഷപ്രച്ഛന്നരായി.