ടാസ്‌കുകള്‍ തുടങ്ങുന്നു
രാത്രി ഒരു മണിക്ക് എഴുന്നേല്‍ക്കാനായി മൊബൈലില്‍ അലാറം വച്ചിട്ടാണ് അക്രം അന്ന് ഉറങ്ങാന്‍ കിടന്നത്. മണി ഒന്നും രണ്ടുമൊക്കെ കഴിഞ്ഞെങ്കിലും അലാറം കേള്‍ക്കുകയോ അക്രം എഴുന്നേല്‍ക്കുകയോ ഉണ്ടായില്ല. രാവിലെ 8 മണിക്ക് വിക്രം വന്നു വിളിച്ചപ്പോഴാണ് അയാള്‍ കണ്ണു തുറന്നത്.
'ങേ! നേരം വെളുത്തോ? അപ്പോഴെന്റെ ടാസ്‌ക്' -അക്രം.
'ടാസ്‌കോ?എന്തു ടാസ്‌ക്?' -വിക്രം
അപ്പോഴാണ് അക്രം വിഷയത്തിന്റെ രഹസ്യസ്വഭാവം ഓര്‍ത്തത്. 'ഏയ് ഒന്നുമില്ല. ഞാന്‍ ഉറക്കപ്പിച്ചില്‍ എന്തോ പറഞ്ഞതാണ്.'
'അല്ല രണ്ടുമൂന്നു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു. നിനക്ക് എന്തോ മാറ്റങ്ങളൊക്കെയുണ്ട്.'-വിക്രം.
'അത് എന്റെ സ്വന്തം കാര്യം.'-അക്രം.
'നമ്മള്‍ രണ്ടുപേരും ഒരുമിച്ച് കുറ്റാന്വേഷണം നടത്തുന്നവരാണ്. ഓരോരുത്തരും പ്രത്യേകം പ്രത്യേകം രഹസ്യം സൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകാനാവില്ല.' -വിക്രം.
'നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്നല്ലേ നിന്റെ ഭാവം?'-അക്രം.
'നീ മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ ഞാനതു പറയും അത്രേയുള്ളൂ.'-വിക്രം.
'എന്നാല്‍ എന്റെ കഴിവുകള്‍ നീ കാണാന്‍ പോകുന്നതേയുള്ളൂ. അതിനായുള്ള ടാസ്‌കുകളിലാണു ഞാന്‍' -അക്രം.
'നീ കഴിവു കാണിക്ക്. ഞാന്‍ കാണാം. നീ ടാസ്‌ക് ടാസ്‌ക് എന്നു പറയുന്നതല്ലാതെ എന്താണെന്നു പറയുന്നില്ലല്ലോ.' -വിക്രം.
'അതു രഹസ്യമാണ്.'-അക്രം.
'നമുക്കിടയില്‍ രഹസ്യമൊന്നും വേണ്ട. നിന്റെ ടാസ്‌കില്‍ ഞാന്‍ നിന്നെ സഹായിക്കാം.'-വിക്രം.
'ഒറ്റയ്ക്കു ചെയ്യേണ്ട ടാസ്‌കാണ്.'-അക്രം.
'ഞാന്‍ സഹായിക്കുന്ന കാര്യം മറ്റാരും അറിയാതിരുന്നാല്‍പോരേ?'-വിക്രം.
'പക്ഷേ ആ ഊളന്‍ അറിഞ്ഞാലോ?'-അക്രം.
'ആരാ ഈ ഊളന്‍?'-വിക്രം.
'ഫോക്‌സര്‍. അയാളാണ് ടാസ്‌ക് തരുന്ന ബോസ്' -അക്രം.
'അയാള്‍ അറിയാതെ ഞാന്‍ നിന്നെ സഹായിക്കാം എന്താ പോരേ?'-അക്രം.
'എന്നാല്‍ ഓക്കെ.'-അക്രം.
രണ്ടാം നാളാണ്. തന്റെ കള്ളി വെളിച്ചത്താവുമോ എന്ന ഭയത്തോടെയാണ് അക്രം അന്ന് 'യെല്ലോ ഫിഷ്' എന്ന ഗ്രൂപ്പില്‍ പ്രവേശിച്ചത്. ഫോക്‌സര്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെട്ടു.
'ഗുഡ് മോണിംഗ് മൈ ഡിയര്‍ അക്രം.' -ഫോക്‌സര്‍
'ഗുഡ് മോണിംഗ് ബോസ്.'-അക്രം.
'ഒന്നാം ടാസ്‌ക് താങ്കള്‍ പൂര്‍ത്തിയാക്കി എന്നു കരുതട്ടെ.' -ഫോകസര്‍
'യെസ് ബോസ്. രാത്രി സഞ്ചാരത്തിന്റെ ചില ഫോട്ടോകള്‍ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.'-അക്രം.
സത്യത്തില്‍ അക്രം ഇന്നലെ രാത്രി ഉണരുകയോ റോഡില്‍ നടക്കുകയോ ചെയ്തിട്ടില്ലല്ലോ. എന്നാല്‍ വിക്രമിന്റെ സഹായത്തോടെ റോഡിലെ ചില രാത്രി ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഫോക്‌സര്‍ ഫോട്ടോകള്‍ പരിശോധിച്ചു. 'കൊള്ളാം. പക്ഷേ ഒരു ഫോട്ടോയിലും താങ്കളെ കാണുന്നില്ലല്ലോ. സെല്‍ഫി എടുക്കുന്നതാവും നല്ലത്.' -ഫോക്‌സര്‍
'ഇനി അങ്ങനെ ചെയ്യാം ബോസ്.'-അക്രം.
'ഓക്കെ കണ്‍ഗ്രാജുലേഷന്‍സ്. ഒന്നാം ടാസ്‌കില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. ഇപ്പോള്‍ താങ്കള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചതായി തോന്നുന്നില്ലേ?' -ഫോക്‌സര്‍
'തീര്‍ച്ചയായും.'-അക്രം.
'എന്നാല്‍ രണ്ടാം ടാസ്‌ക് തരാം. ഇന്നു രാത്രി രണ്ടു മണിക്ക് എണീറ്റ് ഒറ്റയ്ക്ക് ഒരു ഹൊറര്‍ സിനിമ അല്ലെങ്കില്‍ പ്രേതസിനിമ കാണുക.' -ഫോക്‌സര്‍
ഇയാള്‍ക്ക് ഉറക്കം കളയുന്ന ടാസ്‌കുകളേയുള്ളോ എന്നാണ് അക്രം ആലോചിച്ചത്. 'എന്താ അക്രം. ഒറ്റയ്ക്ക് പ്രേത സിനിമ കാണാന്‍ പേടിയുണ്ടോ?'-ഫോക്‌സര്‍
'ഇല്ല ഒറ്റയ്ക്കല്ലല്ലോ. പ്രേതം കൂട്ടിനുണ്ടല്ലോ.' -അക്രം.
'യെസ്- അങ്ങനെ പോസിറ്റീവായി ചിന്തിക്ക്. പ്രേതവും പിശാചും ഒക്കെ നമ്മുടെ കൂട്ടുകാരാണ്.' -ഫോക്‌സര്‍
വീണ്ടും ഒരു മണിക്കൂര്‍ കൂടി അവര്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്നു. അതിനിടയില്‍ അക്രമിന്റെ പല വ്യക്തിഗത വിവരങ്ങളും ഫോക്‌സര്‍ മനസ്സിലാക്കുകയും ചെയ്തു.