മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

V Suresan

കുശാഗ്ര ബുദ്ധികളായ രണ്ടു സി ഐ ഡി കൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഉദ്വേഗജനകമായ സംഭവ പരമ്പരകൾ അനാവരണം ചെയ്യപ്പെടുന്നു. ആരും ഞെട്ടരുത്... പ്ളീസ്. 


ഒരു പുതിയ സുഹൃത്ത്

അക്രമിന് ആകെ ഒരു മാറ്റം.  കുറ്റാന്വേഷണത്തിന് മുമ്പുണ്ടായിരുന്ന താല്പര്യം ഇപ്പോഴില്ല.  കൂടുതല്‍ നേരവും കമ്പ്യൂട്ടറിനു മുന്നില്‍, അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍.  എന്താ ഇതിനു കാരണം? അക്രമിനു സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ഉണ്ട്.  സി.ഐ.ഡി അക്രം.  പണ്ടേ എടുത്തതാണ്. 

അക്കൗണ്ട് തുടങ്ങി എന്നല്ലാതെ ഇതുവരെ അയാള്‍ മീഡിയയില്‍ ആക്ടീവ് അല്ലായിരുന്നു.  എന്നാല്‍ ഈ അടുത്ത കാലത്ത് തന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ അതിലേയ്ക്ക് നാലഞ്ചു ഫ്രെന്‍ഡ് റിക്വസ്റ്റ് വന്നു കിടക്കുന്നു.  അക്കൂട്ടത്തില്‍ പരിചയമുള്ളവരും പരിചയമില്ലാത്തവരുമുണ്ട്.  പക്ഷേ കൗതുകമുണര്‍ത്തിയത് 'ഫോക്‌സര്‍' എന്നൊരാളാണ്.  ഫോക്‌സും മനുഷ്യനും ചേര്‍ന്ന മുഖമാണ് അയാള്‍ക്ക്.  അക്രം എല്ലാ റിക്വസ്റ്റും അക്‌സെപ്റ്റ് ചെയ്തു.

അതിനു ശേഷം ഫോക്‌സര്‍ തുടര്‍ച്ചയായി മെസേജ് അയയ്ക്കാന്‍ തുടങ്ങി.  ഒരു നല്ല സുഹൃത്തിനെപ്പോലെ അയാളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും അക്രമിന്റെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തുകൊണ്ടിരുന്നു.

            'എന്താണ് ജോലി?'

            'എന്തൊക്കെയാണ് ഹോബികള്‍'

            'വീട്ടില്‍ ആരൊക്കെയുണ്ട്?'

            അക്രം ഈ വിവരങ്ങളൊക്കെ പങ്കുവച്ചു കഴിഞ്ഞപ്പോള്‍ ഫോക്‌സര്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങി.

            'താങ്കളുടെ തൊഴില്‍ മേഖലയില്‍ വജയം കൈവരിക്കാനാവുന്നുണ്ടോ?'

            'ഇല്ല എന്നു ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ?'

            'താങ്കളുടെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്നതു സത്യമല്ലേ?'

            'താങ്കള്‍ ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന നിലയില്‍ മറ്റുള്ളവര്‍ താങ്കളെ കളിയാക്കാറില്ലേ?'

            ഇത്തരം ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് അക്രമിന്റെ മനസ്സ് അയാള്‍ വായിച്ചെടുക്കാന്‍ തുടങ്ങി.  ഒടുവില്‍ ഫോക്‌സര്‍ പ്രധാന പോയിന്റിലേയ്ക്ക് വന്നു.

            'ഞാന്‍ പറയുന്നു, താങ്കള്‍ വളരെയേറെ കഴിവുകളുള്ള വ്യക്തിയാണെന്ന്.  ആ കഴിവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ പ്രകടമാക്കി താങ്കള്‍ക്ക് തലയുയര്‍ത്തി നില്‍ക്കേണ്ടേ? താനാരാണെന്ന് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കേണ്ടേ? ജീവിതത്തില്‍ താങ്കള്‍ക്കും വിജയം കൈവരിക്കേണ്ടേ?'

            അക്രം ആവേശഭരിതനായി മറുപടി അയച്ചു. 'വേണം, വേണം.'

            'ഓക്കെ ഞാന്‍ താങ്കളെ സഹായിക്കാം.  താങ്കളെപ്പോലെ അപകര്‍ഷബോധം - അതായത് മോശക്കാരനാണെന്നുള്ള തോന്നല്‍ ഉള്ളവര്‍ക്കുവേണ്ടി ഞങ്ങള്‍ ഒരു ഗ്രൂപ്പു തുടങ്ങിയിട്ടുണ്ട്.  യെല്ലോഫിഷ്  എന്നാണതിന്റെ പേര്.  അതൊരു സീക്രട്ട് ഗ്രൂപ്പാണ്.  ഗ്രൂപ്പിന്റെ വിവരം പരസ്യമായാല്‍ എല്ലാവരും അതില്‍ അംഗമാകാന്‍ വരും.  അതുകൊണ്ടാണ് രഹസ്യമാക്കിവച്ചിരിക്കുന്നത്.  നമ്മള്‍ ഇത്രയും അടുത്ത സുഹൃത്തുക്കളായ സ്ഥിതിക്ക് ഞാന്‍ താങ്കളെ 'യെല്ലോഫിഷില്‍' അംഗമായി ചേര്‍ക്കുകയാണ്.  ഞാന്‍ ഗ്രൂപ്പിന്റെ ലിങ്ക് അയച്ചുതരാം.  ആ ലിങ്കിലൂടെ താങ്കള്‍ക്ക് ഗ്രൂപ്പില്‍ പ്രവേശിക്കാം.  ഞാന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.  താങ്കളുടെ ജീവിത വിജയത്തിനായുള്ള ഗ്രൂപ്പാണ്.  അതുകൊണ്ട് അതിന്റെ വിവരങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കണം.'-ഫോക്‌സര്‍ കാര്യങ്ങള്‍ വിശദമാക്കി.

 


യെല്ലോ ഫിഷ്

യെല്ലോ ഫിഷ് എന്ന ഗ്രൂപ്പിലേക്കു പ്രവേശിച്ചപ്പോള്‍ അക്രമിനെ വരവേറ്റത് കുറേ ചിത്രങ്ങളും വാചകങ്ങളുമാണ്.  മീനും എലിയും പൂച്ചയും പുലിയും സിംഹവും പാമ്പുമെല്ലാം അക്കൂട്ടത്തിലുണ്ട്.  'വെറും മുപ്പത് ദിവസം കൊണ്ട് നിങ്ങള്‍ക്ക് ഒരു ജേതാവാകാം' എന്ന വാചകവും.

 


ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഫോക്‌സര്‍ തന്നെയായിരുന്നു. ഊളന്റെ തല കാണുമ്പോള്‍ത്തന്നെ അയാളെ വേഗം തിരിച്ചറിയാം.  അയാള്‍ അക്രമിനെ സ്വാഗതം ചെയ്തു.  'മുപ്പതു ദിവസത്തെ ഈ ടാസ്‌കുകളിലൂടെ താങ്കള്‍ ഈ ലോകം കീഴടക്കട്ടെ. അത്തരത്തില്‍ വിജയിച്ചവരുടെ ചിത്രങ്ങളാണ് വലതുവശത്തു കൊടുത്തിരിക്കുന്നത്.  നാളെ താങ്കള്‍ക്കും അവരിലൊരാളാകാം.'

            വലതു വശത്തു കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ തനിക്കറിയാവുന്ന ആരെങ്കിലുമുണ്ടോയെന്ന് അക്രം സൂക്ഷിച്ചുനോക്കി.  ഇല്ല.  കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ അക്കൂട്ടത്തിലുണ്ടെങ്കിലും ആരെയും പരിചയം തോന്നിയില്ല.

            'ഈ ഗ്രൂപ്പില്‍ പ്രവേശിച്ചപ്പോള്‍ താങ്കളെ ആദ്യം ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?'-ഫോക്‌സര്‍ ചോദിച്ചു.

            അക്രം ഗ്രൂപ്പിലെ ചിത്രങ്ങള്‍ നോക്കി ഉത്തരം നല്‍കി - 'മീന്‍, എലി, പൂച്ച, പുലി, സിംഹം, പാമ്പ്'

            'അവയോരോന്നും താങ്കളോട് എന്തോ പറയുന്നുണ്ട്.  അത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ?' -ഫോക്‌സര്‍

            അക്രമിന് ആദ്യം അങ്ങനെയൊന്നും തോന്നിയില്ല.  പിന്നെ കണ്ണെടുക്കാതെ ഓരോ ചിത്രങ്ങളിലായി നോക്കിയിരുന്നു.  അപ്പോള്‍ അവ സംസാരിക്കുന്നതായി തോന്നിത്തുടങ്ങി.  മീന്‍ പറയുകയാണ് - 'എന്റെ ജീവിതം വലിയ ജീവികള്‍ക്കു വേണ്ടിയുള്ളതാണ്.  അല്ലാതെ എനിക്കു വേണ്ടിയൊരു ജീവിതം എനിക്കില്ല.  മനുഷ്യര്‍ പറയുന്നത് കേട്ടിട്ടില്ലേ? മീന്‍ ചാടിയാല്‍ മുട്ടോളം.  പിന്നെയും ചാടിയാല്‍ ചട്ടിയോളം.  അതാണ് എന്റെ അവസ്ഥ.'

            ഇനി എലി പറയുന്നതോ - 'പണ്ടത്തെപ്പോലെ പത്തായവുമില്ല, നെല്ലുമില്ല, മിക്ക ദിവസവും പട്ടിണിയാണ്.  കിഴങ്ങു വര്‍ഗ്ഗങ്ങളിലാണെങ്കില്‍ അങ്ങേയറ്റത്തെ വിഷപ്രയോഗമാണ്.  പിന്നെ ഫുഡ് പാക്കറ്റുകള്‍ മാത്രമാണ് ഞങ്ങളുടെ ആകെയുള്ള പ്രതീക്ഷ.  പക്ഷേ അവിടേയും ഞങ്ങള്‍ക്ക് ഭീഷണിയുണ്ട്.  എന്‍ജിനീയറിംഗ് പാസായ പിള്ളേര്‍ വേറെ ജോലിയൊന്നുമില്ലാതെ എലിക്കെണിയുണ്ടാക്കിപ്പഠിക്കുകയല്ലേ? എല്ലാം മാറിയെങ്കിലും എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന വിവരദോഷികള്‍ ഇന്നും ചിലയിടങ്ങളിലുണ്ട്.'

            പൂച്ചയുടെ സംസാരം ഈ രീതിയിലല്ല. 'എന്റെ വലതുവശത്തിരിക്കുന്ന മീനിലും എലിയിലുമാണ് എന്റെ പ്രതീക്ഷ.  അവരുണ്ടെങ്കില്‍ എനിക്ക് പട്ടിണി കിടക്കേണ്ടിവരില്ല.  പിന്നെ വീട്ടിലെ പട്ടി ഇപ്പോള്‍ ഞങ്ങളെ ഉപദ്രവിക്കാന്‍ വരാറില്ല.  ഞങ്ങള്‍ ചങ്ങാതിമാരായിക്കഴിഞ്ഞു.  പക്ഷേ വീട്ടില്‍ നിന്നു പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സൂക്ഷിക്കണം.  കൊള്ളലാഭക്കാരായ ചില ഹോട്ടലുകാരുണ്ട്.  അവര്‍ ഞങ്ങളെ രഹസ്യമായി ഇറച്ചിയാക്കിക്കളയും.  അവരുടെ കണ്ണില്‍പ്പെടാതെ ശ്രദ്ധിച്ചാല്‍ മതി.  പണ്ടത്തെപ്പോലെ മുക്കിനു മുക്കിനു സ്വര്‍ണ്ണപ്പണിക്കാരില്ലാത്തതിനാല്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യമെന്ന് ആരും ചോദിക്കില്ല.  പൂച്ച പുറത്തു ചാടിയല്ലോ എന്നു പറയുന്നതും ഞങ്ങളെ ഉദ്ദേശിച്ചല്ല.  അതു ചില കള്ളന്മാരുടെ ഉള്ളിലിരുപ്പ് പുറത്തുവരുന്നതാണ്.'

            പുലിയും സിംഹവും ഏതാണ്ട് സമാന രീതിയിലാണ് സംസാരിച്ചത്.  'മൃഗങ്ങളുടെ സാമ്രാജ്യമാണ് കാട് എന്ന അവസ്ഥയൊക്കെ പോയില്ലേ.  കാടു വെട്ടിത്തെളിച്ചതിനാല്‍ ഞങ്ങള്‍ക്കിന്ന് സാമ്രാജ്യമില്ല.  ഒരു തുണ്ട് കാനനം മാത്രം.  സിംഹം രാജാവായും പുലി മന്ത്രിയായും വാണിരുന്ന ആ പ്രതാപകാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പേടിച്ചു കഴിയുകയാണ് ഞങ്ങള്‍. എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ കുടിയിറക്കപ്പെടാം.  അല്ലെങ്കില്‍ കാഴ്ചബംഗ്ലാവില്‍ അടയ്ക്കപ്പെടാം.  പിന്നെ നാട്ടിലെ സിനിമകളിലൂടെ ജനങ്ങള്‍ ഞങ്ങളെ ഓര്‍ക്കുന്നുണ്ട് എന്നതു മാത്രമാണ് ഏക ആശ്വാസം.  സ്‌നേഹമുള്ള സിംഹം, സിംഹക്കുട്ടി, പുലിമുരുകന്‍, എവനാളു പുലിയാണ് കേട്ടാ - എന്നിങ്ങനെ.'

            പാമ്പിനും പറയാന്‍ പരാതികളായിരുന്നു ഏറെയും.  'കാവുകളിലും, പുരയിടങ്ങളിലുമെല്ലാം കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയല്ലേ?പിന്നെ ഞങ്ങള്‍ എങ്ങോട്ടുപോകും.  അതുകൊണ്ട് ഏതു പൊത്തിലും ഞങ്ങള്‍ കയറി ഒളിക്കും.  സ്‌കൂളായാലും, ഓഫീസായാലും ഞങ്ങളു കയറും.  വേറെ നിവൃത്തിയില്ല.  ഞങ്ങള്‍ക്കും ജീവിക്കണ്ടേ?  ഞങ്ങളാരെയും മനപ്പൂര്‍വ്വം ഉപദ്രവിക്കാറില്ല.  ഞങ്ങളെ ഉപദ്രവിക്കുമ്പോഴാണ് ഞങ്ങള്‍ കടിക്കുന്നത്.  സംശയമുണ്ടെങ്കില്‍ പാമ്പു പിടിത്തക്കാരനായ വാവാ സുരേഷിനോട് ചോദിച്ചു നോക്ക്.  വിഷപ്പാമ്പിന് വിളക്കുവയ്ക്കരുത്.  പാലു കൊടുത്ത കൈയ്ക്ക് കടിക്കും. എന്നൊക്കെ ചില ചൊല്ലുകള്‍ ഞങ്ങളെപ്പറ്റി പറഞ്ഞു നടക്കുന്നുണ്ടല്ലോ.  ആരും വിളക്കും വയ്‌ക്കേണ്ട പാലും തരേണ്ട.  ഞങ്ങളെ വെറുതെ വിട്ടാല്‍ മതി.  ഇതൊക്കെ പോരാഞ്ഞിട്ട് മദ്യപിച്ച് തലയ്ക്കുവെളിവില്ലാതെ നടക്കുന്നവനെ വിളിക്കുന്നതും ഞങ്ങളുടെ പേരു ചൊല്ലിയാണ് - പാമ്പ്.'

            'എന്താ - ആ ജീവികള്‍ താങ്കളോട് സംസാരിച്ചോ?'-വീണ്ടും ഫോക്‌സറുടെ ചോദ്യം.

            'സംസാരിച്ചു' -അക്രം

            'എന്താ പറഞ്ഞത്?' -ഫോക്‌സര്‍

            മീന്‍ മുതല്‍ പാമ്പുവരെയുള്ള ജീവികള്‍ അക്രമിനോട് പറഞ്ഞത് അയാള്‍ ഫോക്‌സറെ ധരിപ്പിച്ചു.

            'വെരി ഗുഡ്.  താങ്കള്‍ ചിത്രങ്ങളോട്, അവ പ്രതിനിധാനം ചെയ്യുന്ന ജീവികളോട് സംവദിക്കാന്‍ പഠിച്ചിരിക്കുന്നു. വളരെ നല്ല തുടക്കമാണ്' -ഫോക്‌സര്‍

            'താങ്ക്യൂ' -അക്രം

            'ആ ജീവികളില്‍ ഏറെയും പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.  ആ ജിവികളുടെ രീതികളും അവയുടെ അക്രമവാസനപോലും താങ്കള്‍ക്ക് മാതൃകയാക്കാവുന്നതാണ്.  സ്വന്തം വിജയവും നിലനില്‍പ്പുമാണ് പ്രധാനം.' -ഫോക്‌സര്‍.

            'മനസ്സിലായി' -അക്രം

            'താങ്കളുടെ കഴിവില്‍ എനിക്കിപ്പോള്‍ പൂര്‍ണ്ണവിശ്വസമായി.  താങ്കള്‍ വളരെവേഗം കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ട്.' -ഫോക്‌സര്‍.

            അക്രമിന് തന്നെക്കുറിച്ച് അഭിമാനം തോന്നിത്തുടങ്ങി.

            'ഓക്കെ.  ഇപ്പോള്‍ താങ്കള്‍ ടാസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു.  ഞാന്‍ ഏതു ടാസ്‌കും ഏറ്റെടുക്കാന്‍ പ്രാപ്തനാണ് എന്ന് മൂന്നു തവണ സ്വയം പറഞ്ഞ് മനസ്സില്‍ ഉറപ്പിക്കൂ.' -ഫോക്‌സര്‍.

             അക്രം അപ്രകാരം ചെയ്തപ്പോള്‍ തന്റെ ബുദ്ധിയും ശക്തിയും പെട്ടെന്നു കൂടിയതുപോലെയാണ്  അയാള്‍ക്കു തോന്നിയത്.

            'താങ്കള്‍ ഒന്നാം ദിവസത്തെ ടാസ്‌കിനു റെഡിയാണോ?'-ഫോക്‌സര്‍.

            'റെഡി' -അക്രം

            'ഇന്നു രാത്രി ഒരു മണിക്ക് താങ്കള്‍ ഉറക്കമുണരണം.'-ഫോക്‌സര്‍.

            'ഓ-ഇത്രേയുള്ളോ?അത് -മിക്കവാറും ഞാന്‍ ഉണരാറുണ്ട്.' -അക്രം

            'വെരിഗുഡ്.  എന്നിട്ട് എന്തു ചെയ്യും?' -ഫോക്‌സര്‍.

            'മൂത്രമൊഴിക്കാന്‍ പോയിട്ട് വീണ്ടും വന്നു കിടന്ന് ഉറങ്ങും.' -അക്രം

            'അങ്ങനെയല്ല.  ഉണര്‍ന്ന് ഒറ്റയ്ക്ക് റോഡിലിറങ്ങി ഒരു കിലോമീറ്റര്‍ നടക്കണം.' -ഫോക്‌സര്‍.

            'രാവിലെ നടക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്?' -അക്രം

            'ഇത് ധൈര്യം കൂടുന്നതിനാണ്.  നടന്നാല്‍ മാത്രം പോരാ, നടക്കുന്നതിനിടയില്‍ കാണുന്ന രണ്ടു മൂന്നു ദൃശ്യങ്ങളുടെ ഫോട്ടോകളെടുക്കണം.  അവ എനിക്ക് അയച്ചു തരുകയും വേണം.' -ഫോക്‌സര്‍.

            'ശരിയണ്ണാ' -അക്രം

            'നോ അണ്ണന്‍.  കാള്‍ മീ ബോസ്. ഇനിമുതല്‍ ഞാന്‍ താങ്കളുടെ ബോസ് ആണ്'-ഫോക്‌സര്‍. 

            'ശരി ബോസ്.  അങ്ങനെ ചെയ്യാം.'-അക്രം.

            ബോസ് ഗുഡ് ബൈ പറഞ്ഞപ്പോള്‍ ഹോം വര്‍ക്കു കിട്ടിയ കുട്ടിയെപ്പോലെ മനസ്സിനു ഭാരവുമായി അക്രം കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു.

 


ടാസ്‌കുകള്‍ തുടങ്ങുന്നു

രാത്രി ഒരു മണിക്ക് എഴുന്നേല്‍ക്കാനായി മൊബൈലില്‍ അലാറം വച്ചിട്ടാണ് അക്രം അന്ന് ഉറങ്ങാന്‍ കിടന്നത്.  മണി ഒന്നും രണ്ടുമൊക്കെ കഴിഞ്ഞെങ്കിലും അലാറം കേള്‍ക്കുകയോ അക്രം എഴുന്നേല്‍ക്കുകയോ ഉണ്ടായില്ല.  രാവിലെ 8 മണിക്ക് വിക്രം വന്നു വിളിച്ചപ്പോഴാണ് അയാള്‍ കണ്ണു തുറന്നത്.


            'ങേ! നേരം വെളുത്തോ? അപ്പോഴെന്റെ ടാസ്‌ക്' -അക്രം.

            'ടാസ്‌കോ?എന്തു ടാസ്‌ക്?' -വിക്രം

            അപ്പോഴാണ് അക്രം വിഷയത്തിന്റെ രഹസ്യസ്വഭാവം ഓര്‍ത്തത്.  'ഏയ് ഒന്നുമില്ല.  ഞാന്‍ ഉറക്കപ്പിച്ചില്‍ എന്തോ പറഞ്ഞതാണ്.'

            'അല്ല രണ്ടുമൂന്നു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.  നിനക്ക് എന്തോ മാറ്റങ്ങളൊക്കെയുണ്ട്.'-വിക്രം.

            'അത് എന്റെ സ്വന്തം കാര്യം.'-അക്രം.

            'നമ്മള്‍ രണ്ടുപേരും ഒരുമിച്ച് കുറ്റാന്വേഷണം നടത്തുന്നവരാണ്.  ഓരോരുത്തരും പ്രത്യേകം പ്രത്യേകം രഹസ്യം സൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകാനാവില്ല.' -വിക്രം.

            'നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്നല്ലേ നിന്റെ ഭാവം?'-അക്രം.

            'നീ മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ ഞാനതു പറയും അത്രേയുള്ളൂ.'-വിക്രം.

            'എന്നാല്‍ എന്റെ കഴിവുകള്‍ നീ കാണാന്‍ പോകുന്നതേയുള്ളൂ.  അതിനായുള്ള ടാസ്‌കുകളിലാണു ഞാന്‍' -അക്രം.

            'നീ കഴിവു കാണിക്ക്.  ഞാന്‍ കാണാം.  നീ ടാസ്‌ക് ടാസ്‌ക് എന്നു പറയുന്നതല്ലാതെ എന്താണെന്നു പറയുന്നില്ലല്ലോ.' -വിക്രം.

            'അതു രഹസ്യമാണ്.'-അക്രം.

            'നമുക്കിടയില്‍ രഹസ്യമൊന്നും വേണ്ട.  നിന്റെ ടാസ്‌കില്‍ ഞാന്‍ നിന്നെ സഹായിക്കാം.'-വിക്രം.

            'ഒറ്റയ്ക്കു ചെയ്യേണ്ട ടാസ്‌കാണ്.'-അക്രം.

            'ഞാന്‍ സഹായിക്കുന്ന കാര്യം മറ്റാരും അറിയാതിരുന്നാല്‍പോരേ?'-വിക്രം.

            'പക്ഷേ ആ ഊളന്‍ അറിഞ്ഞാലോ?'-അക്രം.

            'ആരാ ഈ ഊളന്‍?'-വിക്രം.

            'ഫോക്‌സര്‍.  അയാളാണ് ടാസ്‌ക് തരുന്ന ബോസ്' -അക്രം.

            'അയാള്‍ അറിയാതെ ഞാന്‍ നിന്നെ സഹായിക്കാം എന്താ പോരേ?'-അക്രം.

            'എന്നാല്‍ ഓക്കെ.'-അക്രം.

            രണ്ടാം നാളാണ്.  തന്റെ കള്ളി വെളിച്ചത്താവുമോ എന്ന ഭയത്തോടെയാണ് അക്രം അന്ന് 'യെല്ലോ ഫിഷ്' എന്ന ഗ്രൂപ്പില്‍ പ്രവേശിച്ചത്.  ഫോക്‌സര്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെട്ടു.

            'ഗുഡ് മോണിംഗ് മൈ ഡിയര്‍ അക്രം.' -ഫോക്‌സര്‍

            'ഗുഡ് മോണിംഗ് ബോസ്.'-അക്രം.

            'ഒന്നാം ടാസ്‌ക് താങ്കള്‍ പൂര്‍ത്തിയാക്കി എന്നു കരുതട്ടെ.' -ഫോകസര്‍

            'യെസ് ബോസ്.  രാത്രി സഞ്ചാരത്തിന്റെ ചില ഫോട്ടോകള്‍ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.'-അക്രം.

            സത്യത്തില്‍ അക്രം ഇന്നലെ രാത്രി ഉണരുകയോ റോഡില്‍ നടക്കുകയോ ചെയ്തിട്ടില്ലല്ലോ.  എന്നാല്‍ വിക്രമിന്റെ സഹായത്തോടെ റോഡിലെ ചില രാത്രി ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.  ഫോക്‌സര്‍ ഫോട്ടോകള്‍ പരിശോധിച്ചു.  'കൊള്ളാം. പക്ഷേ ഒരു ഫോട്ടോയിലും താങ്കളെ കാണുന്നില്ലല്ലോ.  സെല്‍ഫി എടുക്കുന്നതാവും നല്ലത്.' -ഫോക്‌സര്‍

            'ഇനി അങ്ങനെ ചെയ്യാം ബോസ്.'-അക്രം.

            'ഓക്കെ കണ്‍ഗ്രാജുലേഷന്‍സ്.  ഒന്നാം ടാസ്‌കില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.  ഇപ്പോള്‍ താങ്കള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചതായി തോന്നുന്നില്ലേ?' -ഫോക്‌സര്‍

            'തീര്‍ച്ചയായും.'-അക്രം.

            'എന്നാല്‍ രണ്ടാം ടാസ്‌ക് തരാം.  ഇന്നു രാത്രി രണ്ടു മണിക്ക് എണീറ്റ് ഒറ്റയ്ക്ക് ഒരു ഹൊറര്‍ സിനിമ അല്ലെങ്കില്‍ പ്രേതസിനിമ കാണുക.' -ഫോക്‌സര്‍

            ഇയാള്‍ക്ക് ഉറക്കം കളയുന്ന ടാസ്‌കുകളേയുള്ളോ എന്നാണ് അക്രം ആലോചിച്ചത്.  'എന്താ അക്രം.  ഒറ്റയ്ക്ക് പ്രേത സിനിമ കാണാന്‍ പേടിയുണ്ടോ?'-ഫോക്‌സര്‍

            'ഇല്ല ഒറ്റയ്ക്കല്ലല്ലോ.  പ്രേതം കൂട്ടിനുണ്ടല്ലോ.' -അക്രം.

            'യെസ്- അങ്ങനെ പോസിറ്റീവായി ചിന്തിക്ക്. പ്രേതവും പിശാചും ഒക്കെ നമ്മുടെ കൂട്ടുകാരാണ്.' -ഫോക്‌സര്‍

            വീണ്ടും ഒരു മണിക്കൂര്‍ കൂടി അവര്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്നു.  അതിനിടയില്‍ അക്രമിന്റെ പല വ്യക്തിഗത വിവരങ്ങളും ഫോക്‌സര്‍ മനസ്സിലാക്കുകയും ചെയ്തു.


ദുരൂഹ മരണം

അന്നു രാത്രി പ്രേത സിനിമ കാണാനായി വിക്രം അക്രമിനെ സഹായിക്കുകയാണ്.  ആകാശഗംഗ, പ്രേതം, പ്രേതങ്ങളുടെ താഴ്‌വര, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകള്‍ യൂട്യൂബില്‍ പരതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂസ് ചാനലിലെ ആ വാര്‍ത്ത വിക്രമിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

 


'ആദിത്യന്റേയും റോബിന്റേയും മരണം- ദുരൂഹതയേറുന്നു.  കാണാതായ കോളേജ് വിദ്യാര്‍ത്ഥികളായ ആദിത്യന്റേയും റോബിന്റേയും ശവശരീരങ്ങള്‍ കണ്ടു കിട്ടി.  അവര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ആദിത്യനെ ഒരു മാസം മുമ്പും റോബിനെ ഒരാഴ്ച മുമ്പുമാണ് കാണാതാകുന്നത്.  രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ മയക്കുമരുന്നു പായ്ക്കറ്റുമായി നില്‍ക്കുകയായിരുന്ന ഇവര്‍ ഓരോരുത്തരേയും പോലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഓടി രക്ഷപ്പെട്ടത്.  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ചില രഹസ്യ ഗ്രൂപ്പുകളുമായി ഈ കേസുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.  അത്തരം ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കു നല്‍കുന്ന അപകടം പിടിച്ച ടാസ്‌ക്കുകളാകാം ഈ മരണങ്ങള്‍ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു.'

            വിക്രം ഈ വാര്‍ത്ത അക്രമിനെ കാണിച്ചു. 

            'യെല്ലോഫിഷും' ഇതു പോലുള്ള ഗ്രൂപ്പാണോ?- അക്രം.

            'ആണെന്നാണ് എനിക്കു തോന്നുന്നത്.'-വിക്രം.

            'എന്നാല്‍ ഞാന്‍ അതില്‍ നിന്നു പിന്മാറാം' -അക്രം.

            'വേണ്ട.  ഇത് നമുക്കു കിട്ടിയ ഒരു അവസരമാണ്.  നീ ഒന്നുമറിയാത്തപോലെ മുന്നോട്ടു പോയാമതി.  ഇനി നിന്റെയാ ഊളനാണ് കുറ്റവാളിയെങ്കില്‍ തക്ക അവസരം വരുമ്പോള്‍ നമുക്കയാളെ പിടികൂടുകയും ചെയ്യാം.' -വിക്രം. 

            'അതു ശരിയാണ്' -അക്രം.

            പ്രേതസിനിമയുടെ ടാസ്‌കിനായി വിക്രം കമ്പ്യൂട്ടറില്‍ രാത്രി 2 മണി കഴിഞ്ഞുള്ള സമയം സെറ്റ് ചെയ്തു.  അക്രം സ്‌ക്രീനിനു മുമ്പില്‍ നിന്ന് സിനിമയും താനും ചേര്‍ന്നുള്ള സെല്‍ഫി എടുക്കുകയും ചെയ്തു.

            വിക്രമിന്റേയും അക്രമിന്റേയും കള്ളക്കളികള്‍ ഫോക്‌സര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല.  അയാള്‍ ഓരോ ദിവസവും പുതിയ പുതിയ ടാസ്‌കുകള്‍ കൊടുത്തു കൊണ്ടിരുന്നു.  ഏറെയും അപകട സാദ്ധ്യതയുള്ളവ തന്നെ.  എന്നാല്‍ വിക്രമിന്റെ സഹായമുള്ളതിനാല്‍ അക്രം ഓരോന്നും ഒരു വിധം ഒപ്പിച്ച് മുന്നോട്ടുപോയി.

            ടാസ്‌കുകളില്‍ ചിലത് ഇവയായിരുന്നു.  'ഒരു വീട്ടിലെ ജന്നല്‍ ചില്ലിനെ കല്ലെറിഞ്ഞു പൊട്ടിക്കുക.' ഇതു ടാസ്‌ക് അല്ലല്ലോ തല്ലുകൊള്ളിത്തരമല്ലേ എന്നാണ് അക്രമിനു തോന്നിയത്.  ഈ ടാസ്‌കിന്റെ കാര്യം വിക്രമിനോടു പറഞ്ഞപ്പോള്‍ - നീ ആവശ്യമില്ലാത്ത പണിക്കു പോകരുത്.  ആ വീട്ടുകാര്‍ കല്ലെടുത്ത് തിരിച്ചെറിഞ്ഞ് നിന്റെ തലമണ്ട പൊട്ടിക്കും- എന്നാണ് ഉപദേശിച്ചത്.  പിന്നെ വിക്രം തന്നെ പ്രശ്‌നം പരിഹരിച്ചു.  പിള്ളേര് ക്രിക്കറ്റ് കളിക്കുന്ന ഗ്രൗണ്ടിനടുത്തുള്ള വീട്ടിലെ ചില്ല് നേരത്തെ തന്നെ പൊട്ടിയിട്ടുണ്ടായിരുന്നു.  അതിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത് ഫോക്‌സര്‍ക്ക് അയച്ചുകൊടുത്ത് തടി തപ്പി.

            'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡുള്ള വീടിന്റെ മതിലു കയറിച്ചാടുക എന്നതായിരുന്നു അടുത്ത ടാസ്‌ക്.  ഭാഗ്യത്തിന്, പട്ടി ചത്ത ശേഷം ആ ബോര്‍ഡുമാറ്റാത്ത ഒരു വീടുണ്ടായിരുന്നു.  അതിനാല്‍ പട്ടിയുടെ കടി കൊള്ളാതെ രക്ഷപ്പെട്ടു. 

            'വളരെ ഉയരമുള്ള ഒരു മരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പില്‍ കയറുക' എന്ന ടാസ്‌ക് കേട്ടപ്പോള്‍ അക്രം പറഞ്ഞു.

            'അടുത്ത്, വളരെ ഉയരമുള്ള ഒരു മരമേ ഉണ്ടായിരുന്നുള്ളൂ.  ഇപ്പോള്‍ ആ മരം മുറിച്ചിട്ടിരിക്കയാണ്.  അതിന്റെ മോളില്‍ കേറിയാ മതിയോ?'

            പോരാ- ഉയരമുള്ള വേറൊരു മരം കണ്ടുപിടിക്കണമെന്നായി ഫോക്‌സര്‍.  ഒടുവില്‍ ഏണിവച്ച് ഒരു മരത്തിന്റെ താഴത്തെ കൊമ്പില്‍ കയറി കൊമ്പിലിരിക്കുന്ന ക്ലോസ് അപ്പ് ഷോട്ട് അയച്ചുകൊടുത്തു.  അതിനാല്‍ ഉയരം അറിയാനായില്ല.  അത് ഫോക്‌സര്‍ക്ക് തൃപ്തിയായില്ലെങ്കിലും എതിര്‍ത്തൊന്നും പറഞ്ഞില്ല.'

            'ആഴമുള്ള ഒരു കിണറിന്റെ താഴെയറ്റത്തേക്ക് ഇറങ്ങുക.' എന്നു കേട്ടപ്പോള്‍ അക്രമിനു സംശയം.'ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ പരിശ്രമിക്കണം എന്നു പറഞ്ഞിട്ട് ഇപ്പോള്‍ താഴേക്കു പോകാന്‍ പറയുന്നോ?''കിണറ് താഴെ നിന്ന് മുകളിലേക്കു വെട്ടാന്‍ പറ്റില്ലല്ലോ.  അതുപോലെ തന്നെ' എന്ന് ഫോക്‌സറുടെ മറുപടി.

            എന്താ മാര്‍ഗ്ഗം എന്ന് വിക്രമിനോട് ആരാഞ്ഞപ്പോള്‍ അക്രമിനെ കുട്ടയില്‍ ഇരുത്തി താഴെയിറക്കാമെന്നായി വിക്രം.  പക്ഷേ അങ്ങനെ കുട്ടയില്‍ ഇരിക്കാന്‍ അക്രമിനു പേടി.  ഒടുവില്‍ കുട്ടയില്‍ ക്യാമെറ സെറ്റ് ചെയ്ത് താഴേയ്ക്കിറക്കി വീഡിയോ എടുത്തു.  അക്രം ഇറങ്ങിയപ്പോള്‍ എടുത്ത വീഡിയോ എന്ന മട്ടില്‍ അതിനെ ഫോക്‌സര്‍ക്ക് അയച്ചുകൊടുത്തു. അത് ഫോക്‌സര്‍ക്ക് വിശ്വാസമായില്ല.  ഇനിയുള്ള ടാസ്‌കുകളില്‍ കുറേക്കൂടി വ്യക്തമായ തെളിവുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

            'ഉയരമുള്ള കെട്ടിടത്തിന്റെ കൈവരിയില്‍ കയറി നില്‍ക്കുക.' എന്ന ടാസ്‌ക് വന്നപ്പോള്‍ വിക്രം വളരെ വേഗം പ്രശ്‌നം പരിഹരിച്ചു.  താഴെയറ്റത്തെ സിറ്റൗട്ടിന്റെ കൈവരിയില്‍ അക്രമിനെ കയറ്റി നിര്‍ത്തി അതിന്റെ സെല്‍ഫിയെടുത്തു.  അതിനുശേഷം ആ ഫോട്ടോയെ ഫോട്ടോഷോപ്പിലിട്ട് ഉയര്‍ന്ന ഒരു കെട്ടിടത്തിന്റെ മണ്ടയില്‍ പോസ്റ്റ് ചെയ്തു.  ആ ടെക്‌നിക് ഫോക്‌സര്‍ക്ക് കണ്ടുപിടിക്കാനായില്ല. 

            'കൈയില്‍ ഫിഷിന്റെ ചിത്രം കുത്തിവരയ്ക്കണം.' എന്നു ഫോക്‌സര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ - ഞാന്‍ ഡ്രോയിംഗിന് വളരെ മോശമാണ് എന്ന് അക്രം പറഞ്ഞു നോക്കി.

            'സാരമില്ല.  പറ്റുന്ന രീതിയില്‍ വരച്ചാമതി.  കുത്തിവരയ്ക്കണമെന്നേയുള്ളൂ.' എന്നു ഫോക്‌സര്‍ നിര്‍ബന്ധം പിടിച്ചു. 

            വിക്രം, സി.ഐ.ഡി മാര്‍ വേഷപ്രച്ഛന്നരാകാന്‍ ഉപയോഗിക്കുന്ന മേക്കപ്പ് ബോക്‌സ് തുറന്നു.  അതില്‍ നിന്ന് ചുവന്ന ചായമെടുത്തു.  അതുപയോഗിച്ച് അക്രമിന്റെ കൈയില്‍ ഫിഷിനെ വരച്ചുകൊടുത്തു.  കുത്തി വരച്ചതുപോലെയുള്ള ഒറിജിനാലിറ്റി.  ചോരയൊലിക്കുന്നുമുണ്ട്.  ആ ഫോട്ടോ കണ്ട് ഫോക്‌സര്‍ അന്തം വിട്ടിരുന്നു.

 


ഊളന്‍ ബെന്നി

കോളേജ് വിദ്യാര്‍ത്ഥികളായ ആദിത്യന്റേയും റോബിന്റേയും മരണമാണ് ഇപ്പോള്‍ ഡോങ്കിസിററിയിലെ സംസാര വിഷയം.  വാര്‍ത്തയറിഞ്ഞ് സി.ഐ.ഡി മോങ്കിയും ആ മരണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.  പക്ഷേ ഇതുവരെ ഒരു തുമ്പും കിട്ടിയില്ല.


            ഇപ്പോള്‍ മോങ്കി ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുകയാണ്.  ഇവിടെ നിന്നാണ് ആദിത്യന്‍ പോലീസിനെ കണ്ട് ഓടിയത്.  അതിനാല്‍ ഇവിടെ ഒന്നു കറങ്ങി നോക്കാം.  സംശയാസ്പദമായ എന്തെങ്കിലും തടഞ്ഞാലോ?

            ങാ - വന്നതു വെറുതേയായില്ല.  അതാ സിമന്റു ബഞ്ചില്‍ വിക്രമും അക്രമും ഇരിക്കുന്നു.  അവരും ഈ മരണങ്ങളുടെ അന്വേഷണത്തില്‍ തന്നെയായിരിക്കും.  അവരെന്താ പറയുന്നതെന്ന് കേട്ടുനോക്കാം.  മോങ്കി അവര്‍ കാണാതെ അവര്‍ക്കുസമീപമുള്ള തൂണിന്റെ മറവില്‍ നിന്നു.  അവര്‍ എന്തോ ചര്‍ച്ച ചെയ്യുകയാണ്. 

            'കോളേജ് കുമാരന്മാരുടെ മരണങ്ങളെക്കുറിച്ച് എനിക്ക് ചില സംശയങ്ങളൊക്കെയുണ്ട്.'-വിക്രം.

            'എന്തു സംശയം?'-അക്രം.

            'അതിനു പിന്നില്‍ മിക്കവാറും ആ ഊളന്‍ തന്നെയായിരിക്കും' -വിക്രം.

            'പക്ഷേ അവനെ എങ്ങനെ കണ്ടെത്തും.'-അക്രം.

            'ശ്രമിച്ചാല്‍ നടക്കാത്ത കാര്യമൊന്നുമില്ല.  ഇന്നു മുതല്‍ ഊളനെ കണ്ടെത്തുക എന്നതാണ് നമ്മുടെ മിഷന്‍' -വിക്രം.

            വിക്രമും അക്രമും ബഞ്ചില്‍ നിന്ന് എഴുന്നേല്‍ക്കുന്നതുകണ്ട് മോങ്കി വേഗം തൂണിന്റെ മറവില്‍ നിന്നു മാറി.  അവരുടെ സംഭാഷണത്തില്‍ നിന്നും ഈ മരണങ്ങള്‍ക്കു പിന്നില്‍ ഊളന്‍ എന്നറിയപ്പെടുന്ന ഒരു കുറ്റവാളിയാണെന്ന് മനസ്സിലായി.  അവര്‍ ഊളനെ കണ്ടെത്തുന്നതിനു മുമ്പ് തനിക്കവനെ പിടിക്കണം.

            ഊളന്‍ എന്നൊരു കുറ്റവാളിയെക്കുറിച്ച് അറിയാമോ എന്ന് മോങ്കി പലരോടും ചോദിച്ചു.  'അറിയാം.  ഊളന്‍ ബെന്നി എന്നാണവന്റെ പേര്.  വളര്‍ത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന കള്ളനാണ്' -ചിലര്‍ പറഞ്ഞുകൊടുത്തു.  അങ്ങനെയിരിക്കെ ഒരു രാത്രി റോഡില്‍ നില്‍ക്കുകയായിരുന്ന മോങ്കിയോട് ഒരു പരിചയക്കാരന്‍ രഹസ്യം പറഞ്ഞു.  'അതാ ആ സൈക്കിളില്‍ പോകുന്നവനാണ് ഊളന്‍ ബെന്നി.'

പിന്നെ താമസിച്ചില്ല.  പതുങ്ങി പതുങ്ങി മോങ്കി ഊളനെ പിന്‍തുടര്‍ന്നു.  നടന്നും ഓടിയുമൊക്കെ അവന്റെ പിന്നാലെ പാഞ്ഞു.

            അതാ അവന്‍ സൈക്കിള്‍ സ്റ്റാന്റിട്ട ശേഷം ഒരു വീട്ടിലേയ്ക്കു തിരിയുന്നു.  മോങ്കിയും ഇരുട്ടില്‍ അങ്ങോട്ടു തിരിഞ്ഞു. വീടിനു പിന്നിലെ കോഴിപ്പുരയിലെത്തിയ ഊളന്‍ പുര തുറന്ന് അകത്തു കയറി.  ഇതു തന്നെയാണ് അവനെ പിടിക്കാന്‍ പറ്റിയ അവസരം എന്നു കരുതി മോങ്കിയും പിന്നാലെ കോഴിപ്പുരയ്ക്കുള്ളില്‍ കടന്നു. അപകടം മണത്ത ഊളന്‍ മോങ്കിയെ തള്ളിമാറ്റിയ ശേഷം പുറത്തിറങ്ങി, പുരയുടെ വാതില്‍ പുറത്തുനിന്നു കുറ്റിയിട്ടു.  ഈ ബഹളത്തില്‍ കോഴികള്‍ ഉച്ചത്തില്‍ കരഞ്ഞതിനാല്‍ വീട്ടുകാര്‍ ലൈറ്റ് തെളിച്ചു.  ഊളന്‍ പിന്നെ നിന്നില്ല.  തന്റെ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.

            വീട്ടുകാര്‍ കോഴിപ്പുരയില്‍ വന്നു നോക്കുമ്പോള്‍ കാണുന്നത് അതിനകത്ത് കോഴികളോടൊപ്പം ഒരാള്‍ നില്‍ക്കുന്നതാണ്.

            'ആരാടാ നീ?'-വീട്ടുകാര്‍ വിളിച്ചു ചോദിച്ചു.

            'സി.ഐ.ഡി മോങ്കി.'

            'സി.ഐ.ഡി മോങ്ങിയോ?എന്തിനാ മോങ്ങിയത്?'

            മോങ്കി നടന്ന കാര്യങ്ങള്‍ വിശദമായി അവരെ ധരിപ്പിച്ചു.  മോങ്കി കള്ളനല്ലെന്നു ബോദ്ധ്യമായ വീട്ടുകാര്‍ അയാളെ തുറന്നുവിട്ടു.

 


ക്രൈം ടാസ്‌ക്

അന്നു വളരെ ഗൗരവത്തോടെയാണ് ഫോക്‌സര്‍ ചാറ്റിങ് തുടങ്ങിയത്.  'ഡിയര്‍ അക്രം, ഇനി വളരെ പ്രധാനപ്പെട്ട ഒരു ടാസ്‌ക്കാണ് ഞാന്‍ താങ്കളെ ഏല്‍പ്പിക്കുന്നത്.  റെഡിയാണോ?'


            'റെഡി' -അക്രം

            'വളരെ വളരെ സീക്രട്ട് ആയ ഒരു ടാസ്‌ക് ആണ്.  നമ്മള്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാള്‍ ഈ വിവരം അറിയരുത്.' -ഫോക്‌സര്‍

            'ഇല്ല.  ഒരിക്കലും അറിയില്ല.' -അക്രം

            'എന്നാല്‍ പറയാം.  താങ്കള്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡോങ്കിസിറ്റിയിലെ സെന്‍ട്രല്‍ സ്റ്റേഷനു മുമ്പില്‍ പോവുക.  അവിടെ DS-05-1520 എന്ന നമ്പറുള്ള ഒരു ടാക്‌സികാര്‍ കിടക്കുന്നുണ്ടാകും.  അതിന്റെ പിന്‍സീറ്റില്‍ കയറുക. ഡ്രൈവര്‍ താങ്കളെ ടാക്‌സിയില്‍ പൊട്ടാമസ് സെന്റെര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു ചെന്നാക്കും.  താങ്കള്‍ അവിടെ ഇറങ്ങുക.  ഇറങ്ങുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്ന ഹാന്‍ഡ് ബാഗ് കൂടെ എടുക്കുക.  അതിനുള്ളില്‍ ഒരു ട്രെയിന്‍ ടിക്കറ്റും ഒരു കൈത്തോക്കുമുണ്ടാകും. ടിക്കറ്റ് താങ്കള്‍ക്ക് പൊട്ടാമസ് സെന്റെറില്‍ നിന്ന് ഡോങ്കിസിറ്റിവരെ യാത്രചെയ്യാനുള്ളതാണ്.  ബഫല്ലോഎക്‌സ്പ്രസ്സില്‍ ഫസ്റ്റ് ക്ലാസിലെ 25-ാം നമ്പര്‍ ടിക്കറ്റാണത്.  24-ാം നമ്പര്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ് താങ്കളുടെ ടാര്‍ഗറ്റ്.  ബഫല്ലോ എക്‌സ്പ്രസ്സ് ഡോങ്കിസിറ്റിയില്‍ എത്തുന്നതിനു മുമ്പ് തോക്കു ചൂണ്ടി അയാളുടെ പക്കലുള്ള സ്യൂട്ട്‌കേസ് കൈക്കലാക്കണം.  അയാള്‍ എതിര്‍ക്കുകയാണെങ്കില്‍ കാല്‍മുട്ടിനു താഴെ വെടിയുതിര്‍ക്കാം.  ടാക്‌സികാര്‍ നേരത്തെ കിടന്നതുപോലെ സെന്‍ട്രല്‍ സ്റ്റേഷനു മുമ്പില്‍ തന്നെയുണ്ടാകും.  സ്യൂട്ട്‌കേസും ഹാന്‍ഡ് ബാഗും കാറിന്റെ പിന്‍സീറ്റില്‍ വച്ച ശേഷം താങ്കള്‍ക്കുപോകാം.'

            ആ ടാസ്‌കിന്റെ വിശദവിവരം അക്രം പേടിയോടെ രണ്ടു തവണ വായിച്ചു.  ഇതുവരെ തന്നതില്‍ ഏറ്റവും അപകടം പിടിച്ചതും കുറ്റകരവുമായ ടാസ്‌ക്.

            'എന്തെങ്കിലും സംശയമുണ്ടോ?'-ഫോക്‌സര്‍ ചോദിച്ചു.

            'ഇല്ല ബോസ്' -അക്രം

            'എന്നാല്‍ വിജയാശംസകള്‍ നേരുന്നു.  പോയ് വരൂ-' -ഫോക്‌സര്‍

            അക്രം ടാസ്‌ക് ആരംഭിച്ചു കഴിഞ്ഞു.  ഒരു മണിക്കു തന്നെ സെന്‍ട്രല്‍ സ്റ്റേഷനു മുന്നില്‍ നിന്ന് DS-05-1520 എന്ന ടാക്‌സികാറില്‍ കയറി.  അക്രമും ഡ്രൈവറും തമ്മില്‍ സംസാരിച്ചതേയില്ല.  കാര്‍ നേരെ പൊട്ടാമസ് സെന്റെറിലേയ്ക്കു പോയി.  അക്രം ഹാന്‍ഡ് ബാഗുമെടുത്ത് അവിടെ ഇറങ്ങി.  അയാള്‍ നേരെ റയില്‍വേ സ്റ്റേഷനിലേയ്ക്കു കയറിയെങ്കിലും ബഫല്ലോ എക്‌സ്പ്രസ്സില്‍ കയറിയില്ല.  പകരം സ്റ്റേഷന്റെ പിന്‍ഭാഗത്തെ ഗേറ്റിലൂടെ പുറത്തിറങ്ങുകയാണ് ചെയ്തത്.  അവിടെ കാറുമായി വിക്രം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.  കാറില്‍ കയറിയ അവര്‍ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കാര്‍ മാറ്റിയിട്ടു.  അതിനുശേഷം കാറില്‍ കരുതിയിരുന്ന വേഷവിധാനങ്ങളണിഞ്ഞ് അവര്‍ വേഷപ്രച്ഛന്നരായി.

 


ഊളന്‍ കസ്റ്റഡിയില്‍

അന്ന് ഫോക്‌സര്‍ രോഷാകുലനായിരുന്നു.  അക്രം ടിക്കറ്റും കൈത്തോക്കുമായി പോയതല്ലാതെ താന്‍ കൊടുത്ത ടാസ്‌ക് പൂര്‍ത്തിയാക്കിയിട്ടില്ല.  അയാള്‍ പതിവുപോലെ രാവിലെ ഗ്രൂപ്പില്‍ വരുമെന്നാണ് ഫോക്‌സര്‍ കരുതിയത്.  പക്ഷേ കാണുന്നില്ല.  ഉച്ച കഴിഞ്ഞപ്പോള്‍ ക്ഷമ കെട്ട് ഫോക്‌സര്‍ അക്രമിന്റെ ഫോണിലേയ്ക്കു വിളിച്ചു.  അക്രം ഫോണെടുത്തു.


            'ഹലോ- മിസ്റ്റര്‍ അക്രമല്ലേ?' -ഫോക്‌സര്‍

            'അതെ.' -അക്രം

            'ഇത് ബോസാണ്.' -ഫോക്‌സര്‍

            'ങാ-ബോസ്, ഇന്നലെ എനിക്കു ബഫല്ലോ എക്‌സ്പ്രസില്‍ കയറാന്‍ പറ്റിയില്ല.  അവിടെയെല്ലാം പോലീസായിരുന്നു.  ഞാന്‍ പേടിച്ചു പോയി.' -അക്രം

            'എന്തിന്?' -ഫോക്‌സര്‍

            'എന്റെ പക്കലുള്ള തോക്ക് അവര്‍ കണ്ടാലോ?' -അക്രം

            'അത് ഹാന്‍ഡ് ബാഗിലല്ലേ?മാത്രമല്ല ഞാന്‍ പറഞ്ഞില്ലേ? ഭയത്തെ കീഴ്‌പ്പെടുത്താനുള്ള ടാസ്‌കാണ് ഇത്.' -ഫോക്‌സര്‍

            'ഭയത്തെ അല്ലല്ലോ, ഒരാളിനെയല്ലേ കീഴ്‌പ്പെടുത്തേണ്ടത്?' -അക്രം

            'അതിനല്ലേ തോക്കു തന്നത്?' -ഫോക്‌സര്‍

            'എന്നാലും ഇതൊരു കുറ്റകൃത്യമല്ലേ?' -അക്രം

            'ഇതൊരു ചെറിയ കുറ്റം.  പക്ഷേ വലിയ വലിയ കുറ്റങ്ങള്‍ താങ്കളുടെ മേല്‍ ചാര്‍ത്താന്‍ എനിക്കു കഴിയും എന്ന കാര്യം മറക്കരുത്.  താങ്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഐ.ഡി കാര്‍ഡുകളുടെ വിവരങ്ങളും എല്ലാം എന്റെ പക്കലുണ്ട്.  ആ അക്കൗണ്ടുകളില്‍ എങ്ങനെവേണമെങ്കിലും ട്രാന്‍സാക്ഷന്‍ നടത്താന്‍ എനിക്കു കഴിയും.' -ഫോക്‌സര്‍

            'അയ്യോ എന്നെ ഉപദ്രവിക്കരുത്' -അക്രം.

            'ഇല്ല.  ഞാന്‍ പറയുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ നമുക്ക് നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം.  അല്ലാതെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ -' -ഫോക്‌സര്‍

            'ഇല്ല.  അങ്ങനെ ഒരു ഉദ്ദേശവും എനിക്കില്ല.  ടാസ്‌ക് ഞാന്‍ പൂര്‍ത്തിയാക്കാം.' -അക്രം

            'ഓക്കെ. വെരിഗുഡ്.  നാളെ താങ്കളുടെ ടാര്‍ഗറ്റ് ബഫല്ലോ എക്‌സ്പ്രസ്സില്‍ വീണ്ടും സ്യൂട്ട്‌കേസുമായി വരുന്നുണ്ട്.  നാളത്തെ അവസരം പാഴാക്കരുത്.' -ഫോക്‌സര്‍

            'ഓക്കെ ബോസ്.  ഞാനേറ്റു.'-അക്രം

            'എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നാളെ ഗ്രൂപ്പില്‍ വന്നാല്‍ മതി.  പിന്നെ, കാര്യങ്ങള്‍-' -ഫോക്‌സര്‍

            'ഹലോ.. ഹലോ-' -അക്രം

            ഫോണ്‍ കട്ടായി. സംഭാഷണം കേട്ടുനിന്ന വിക്രം ചോദിച്ചു.  'എന്താ അവസാനം പറഞ്ഞത്?'

            'കേള്‍ക്കാന്‍ പറ്റിയില്ല.  ഒരു ബാങ്കുവിളി ശബ്ദം ഉച്ചത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു.'-അക്രം

            'ബാങ്കു വിളിയോ?എന്നാല്‍ അവന്റെ താവളം മുസ്ലീംപള്ളിയുടെ സമീപത്തായിരിക്കുമല്ലോ.' -വിക്രം

            'ശരിയാണ്, നമുക്കൊന്ന് അന്വേഷിച്ചാലോ.'-അക്രം

            'ഓക്കെ, കമോണ്‍.' -വിക്രം

            ഫോക്‌സര്‍ കമ്പ്യൂട്ടറിലെ കളികളില്‍ വിദഗ്ധനായതിനാല്‍ അവരുടെ അന്വേഷണം കമ്പ്യൂട്ടര്‍ സെന്റെറുകള്‍ കേന്ദ്രീകരിച്ചായിരുന്നു.  മുസ്ലീം പള്ളിക്കു സമീപം ഒരു കമ്പ്യൂട്ടര്‍ സെന്റെറും ഒരു കമ്പ്യൂട്ടര്‍ ആക്‌സസറീസും കണ്ടെത്തി.  കമ്പ്യൂട്ടര്‍ സെന്റെര്‍ ഒരു സ്ത്രീയാണ് നടത്തുന്നത് എന്നു മനസ്സിലായി.  അതിനാല്‍ ആദ്യം കമ്പ്യൂട്ടര്‍ ആക്‌സസറീസിലേക്കു പോകാമെന്നു തീരുമാനിച്ചു.

            വിക്രമും അക്രമും വേഷപ്രച്ഛന്നരായാണ് കമ്പ്യൂട്ടര്‍ ആക്‌സസറീസിലേക്കു പോയത്.  അവിടെ അതിന്റെ ഉടമയെന്നു തോന്നിക്കുന്ന ഒരു താടിക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അയാളുടെ വേഷവും സംസാരവും അയാള്‍ ഈ നാട്ടുകാരനല്ലായെന്നു തോന്നിപ്പിക്കുന്നതായിരുന്നു.  തങ്ങള്‍ക്ക് പുതിയൊരു കമ്പ്യൂട്ടര്‍ അസെമ്പിള്‍ ചെയ്തു തരാന്‍ കഴിയുമോ എന്ന് വിക്രം ചോദിച്ചു.  അയാള്‍ ബ്രോഷറിന്റെ സഹായത്തോടെ അതിന്റെ വിശദവിവരങ്ങള്‍ കാട്ടിക്കൊടുത്തു.

            ഈ സമയം അക്രം പുറത്തിറങ്ങി ഫോക്‌സറുടെ ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തു. ഒരു നിമിഷം! അകത്ത് ആ താടിക്കാരന്റെ ഫോണ്‍ ശബ്ദിക്കുന്നു.  ഇയാള്‍ തന്നെയാണ് ഫോക്‌സര്‍ എന്നുറപ്പായ അക്രം വേഗം അകത്തു കടന്ന് പോക്കറ്റില്‍ നിന്ന് തോക്കെടുത്തു ചൂണ്ടി.

            'അനങ്ങരുത്'

            വിക്രം അവിടെ നിന്നു തന്നെ ഒരു പ്ലാസ്റ്റിക് ചരടെടുത്ത് അയാളെ ബന്ധനസ്ഥനാക്കാനായി അടുത്തു.  പെട്ടെന്ന് അയാള്‍ വിക്രമിനെ തള്ളിമാറ്റി.  പിന്നെ താമസിച്ചില്ല അക്രം അയാളുടെ കാല്‍മുട്ടിനു താഴേയ്ക്കു നിറയൊഴിച്ചു.

            'അയ്യോ....' എന്ന നിലവിളിയോടെ അയാള്‍ തറയിലിരുന്നു.  ഉടന്‍ തന്നെ വിക്രം അയാളെ ബന്ധനസ്ഥനാക്കി.  പ്രച്ഛന്ന വേഷത്തില്‍ നിന്ന അക്രം, തന്നെ ഫോക്‌സര്‍ക്കു പരിചയപ്പെടുത്തി. 

            'എടോ - ഊളന്‍ ബോസേ, നമസ്‌കാരം.  എന്നെ മനസ്സിലായോ ? ഞാന്‍ അക്രമാണ്.  സി.ഐ.ഡി അക്രം.  ഇതു വിക്രം. ബോസ് തന്ന ടാസ്‌ക് ഇങ്ങനെ പൂര്‍ത്തിയാക്കാനേ എനിക്കു പറ്റിയുള്ളൂ.  ഞങ്ങള്‍ സി.ഐ.ഡിമാരായതുകൊണ്ട് ടാര്‍ഗറ്റ് ഒന്നു മാറ്റിപ്പിടിച്ചതാ. ക്ഷമിക്കണേ-'

            തുടര്‍ന്ന് അവര്‍ അറിയിച്ചതനുസരിച്ച് സൈബര്‍ പോലീസ് സ്ഥലത്തെത്തി ഫോക്‌സറേയും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളേയും കസ്റ്റഡിയിലെടുത്തു.  സ്ഥാപനം പൂട്ടി സീലു വയ്ക്കുകയും ചെയ്തു.  ഒരാഴ്ചയ്ക്കകം ഫോക്‌സറുടെ മൂന്നു കൂട്ടാളികളും കസ്റ്റഡിയിലായി.

            ഫോക്‌സറെ ചോദ്യം ചെയ്തപ്പോള്‍ ആദിത്യന്റേയും റോബിന്റേയും ദുരൂഹമരണത്തിന് കാരണക്കാരന്‍ അയാള്‍ തന്നെയാണെന്ന് മനസ്സിലായി.  അയാള്‍ ആ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന്റെ കാരിയര്‍ ആക്കുകയും അവര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അവര്‍ക്ക് ആത്മഹത്യചെയ്യാനുള്ള ടാസ്‌ക് നല്‍കുകയുമായിരുന്നു.

            അങ്ങനെ വിക്രമാക്രമന്മാരുടെ അന്വേഷണ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടാന്‍ ഈ സൈബര്‍ കുറ്റവാളിയുടെ അറസ്റ്റ് കാരണമായി.  സോഷ്യല്‍മീഡിയ കൂട്ടായ്മ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ വിക്രം പറഞ്ഞു - 'ഈ സൈബര്‍ യുഗത്തില്‍ കോഴികളെയല്ല, മനുഷ്യരെ പിടിക്കുന്ന ഊളന്മാര്‍ ഇറങ്ങിയിട്ടുണ്ട്.  ജാഗ്രത പാലിക്കുക.'

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ